എഴുത്ത്: സന
================
തൻ്റെ വാശി കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത്…..
ഒരിക്കലും ഞാൻ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് അച്ഛനും അമ്മയും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…..
അയാളെ കുറിച്ച് ഇനി ആരും ഒന്നും അന്വേഷിക്കേണ്ട എന്ന് പറഞ്ഞതും ഞാൻ തന്നെ….
മക്കൾ പറയുന്ന ചില വാശികൾ എത്രത്തോളം അവരെ വേദനിപ്പിക്കുന്നത് ആണ് എന്ന് പോലും ചിന്തിക്കാതെ ഞാൻ എൻ്റെ ഇഷ്ടതിൽ ഉറച്ചു നിന്നു
നിൻ്റെ ഇഷ്ടം അത് ഇങ്ങനെ ഒന്നാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല…..അച്ഛൻ എന്നെ നോക്കി പറയുന്നത് ഞാൻ കേൾക്കാത്ത മട്ടിൽ ഇരുന്നു……
മോളെ….അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു….
ഈ വേദന നി നാളെ ഞങളുടെ പോലെ ആകുമ്പോൾ മാത്രമേ നിനക്ക് അറിയൂ…..
ഞാൻ ഒരിക്കലും ഇത് പോലെ ആവില്ല..എൻ്റെ മക്കൾ പറയുന്നത് പോലെ പോകുന്ന ഒരു അമ്മയകും….
അച്ഛൻ അമ്മയെ ഒന്ന് നോക്കി…..ഒന്നും ഇനി പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാകും അച്ഛൻ അകത്തേക്ക് പോയത്….
************”””””
രാത്രി ഒരു പോള കണ്ണ് അടച്ചില്ല….
ഉറക്കം വരുന്നുണ്ട് പക്ഷേ അവള് വീട്ടിൽ നിന്ന് ഇറങ്ങും എന്ന് പറഞ്ഞത് കൊണ്ടുള്ള പേടി തനിക്ക് ഉറങ്ങാൻ പോലും പറ്റാതെ ആയി ….പാതി ചാരിയ അ വാതിലിൽ കൂടി ഒന്ന് നോക്കി…
അവള് ഉറങ്ങുന്നു…നല്ല ഉറക്കം…എന്ത് ചെയ്യണം എന്ന് പോലും അറിയാതെ കുറച്ച് നേരം അവളെ നോക്കി….അവളെ കൊ* ന്നു കളഞ്ഞാൽ എന്ന് വരെ തോന്നിയ നിമിഷം
തൻ്റെ മോൾ….ഒരുപാട് വലുതായി…ഒരുപാട് സംസാരിക്കാനും തുടങ്ങി…അവളുടെ ഓരോ വാക്കുകൾ നെഞ്ചില് കൊള്ളുമ്പോൾ ഉണ്ടാകുന്ന വേദന…..
20 വർഷങ്ങൾ പുറകിലേക്ക് താൻ പോയത് പോലെ….
ഇത് പോലെ ഞാനും എൻ്റെ അമ്മയോടും അച്ഛനോടും വാശി പിടിച്ച ആ നശിച്ച ദിവസം എന്നെ നോക്കി കൊഞ്ഞനം കുത്തി കൊണ്ടിരുന്നു
അവരും ഇത് പോലെ വേദനിച്ചിരുന്നില്ലെ..അവരും എന്നോട് കെഞ്ചി യില്ലെ….കരച്ചിൽ അടക്കാൻ പാട് പെടുന്ന തനിക്ക് മുന്നിൽ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയുന്നില്ല….
അന്ന് അവനെയും കൂട്ടി ആ വീട് വിട്ടത് ആണ്….ആ മധുവിധു വെറും ഒരു മാസത്തെ ആയുസ്സ് മാത്രമായിരുന്നു…..
അയാളുടെ കാ* മ കണ്ണിൽ പലരുടെയും മുന്നിൽ എന്നെ വേഷം കെട്ടാൻ നിർത്തുമോ എന്ന ഭയം വല്ലാതെ അലട്ടി…എല്ലാം തിരിച്ചു അറിയുമ്പോലേക്കും ഒരുപാട് വൈകി…ഒരു കുരുന്നു തൻ്റെ ഉദരത്തിൽ ഉണ്ട് എന്ന സത്യം ഞാൻ മനസ്സിലാക്കിയ നിമിഷം അവിടെന്ന് ഇറങ്ങിയതാണ്….
തിരിച്ചു പോകാൻ ഇടം ഇല്ലാതെ താൻ നിന്നു പോയ അ നിമിഷം ഒരിക്കലും മറക്കാൻ പോലും പറ്റാത്തത് ആയിരുന്നു…
പേടി കൊണ്ട് വീട്ടിലേക്ക് പോകാൻ പോലും തോന്നിയില്ല…കുറ്റബോധം കൊണ്ട് അവരെ ഒന്ന് ചേർത്ത് പൊട്ടി കരയണം എന്ന് ഒക്കെ ഉണ്ട്….പക്ഷേ അവരുടെ മുന്നിൽ താൻ ഒരു പാപി ആയില്ലേ…പക്ഷേ ഇനി എനിക് അതിനു പറ്റുമോ….
എൻ്റെ മോൾ ഇപ്പൊ എനിക് തിരിച്ചു തന്നത് ഞാൻ ചെയ്തതിനു എനിക്ക് പലിശ സഹിതം കിട്ടി…
എല്ലാം എൻ്റെ തെറ്റ്….ഇത്രെയും കാലം ജീവിച്ചത് തൻ്റെ മകൾക്ക് വേണ്ടി ആയിരുന്നു എന്ന് പോലും ചിന്തിക്കാതെ അവള് തനിക്ക് നേരെ വിരൽ ചൂണ്ടി ഓരോ വാക്കുകൾ അസ്ത്രം പോലെ എറിയുമ്പോൾ ഞാൻ എൻ്റെ അമ്മയെ വേദനിപ്പിച്ചത് എത്ര മാത്രം ആയിരുന്നു എന്ന് സ്വയം ബോധ്യം വന്നു…
ഞാൻ പോകാൻ തയ്യാറായി എൻ്റെ അമ്മയെ കാണാൻ…
എന്നെ കാത്തിരിക്കുന്നു എന്ന് ആരോ മന്ത്രിക്കും പോലെ…..അച്ഛൻ ഉമ്മറത്ത് തന്നെ ഉണ്ടാകും…സ്വന്തം മകളെ ചേർത്ത് പിടിക്കാൻ….
ഒട്ടും വൈകാതെ തന്നെ മകളോട് പോലും പറയാതെ ഞാൻ യാത്ര തിരിച്ചു….അടുത്ത വീട്ടിലെ ചേച്ചിയോട് പറഞ്ഞു വൈകീട്ട് ആകുമ്പോലേക്കും വരാം എന്നും മോളെ ഒന്ന് ശ്രദിക്കുവാനും പറഞ്ഞു ഞാൻ അവിടെന്നു ഇറങ്ങി….
ആ ചേച്ചിയോട് പറഞ്ഞു പോകുമ്പോൾ തിരിച്ചു എന്നോട് എന്തേക്കെയോ ചോദിക്കുന്നു….ഞാൻ അതിന് മറുപടി പോലും പറയാൻ നിന്നില്ല…
എൻ്റെ മകളെ വിട്ടു ഇതുവരെ ഞാൻ ഒരു നിമിഷം പോലും മാറി നൽകാത്തത് കൊണ്ടാകാം…ഓരോ വീട്ടിലും പണിക്ക് പോകുമ്പോൾ അവളെ ചേർത്ത് ആയിരുന്നു ഞാൻ പോയത്..പക്ഷേ ഇന്ന് ഞാൻ ജീവിതത്തിൽ തോറ്റ് പോയ നിമിഷം…
ബസ്സിൽ സൈഡിൽ സീറ്റിൽ ഇരിക്കുമ്പോൾ അന്ന് ഒരിക്കൽ എൻ്റെ മകൾ സ്നേഹിക്കുന്ന പയ്യനെ കാണിച്ചു എൻ്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പോലും ഞെട്ടിയ നിമിഷം ആയിരുന്നു….
ആ നാട്ടിൽ അവനെ പോലെ മോശ പെട്ട ഒരു ആള് വേറെ ഇല്ല….അമ്മ എന്നോ പെങ്ങൾ എന്നോ തിരിച്ചറിയാൻ പറ്റാത്ത ഒരു മോശം പയ്യൻ…എങ്ങനെ അവൾക്ക് അവനോട്….
അവൻ്റെ നോട്ടവും വലിഞ്ഞ ചിരിയും ഇപ്പോളും തൻ്റെ കണ്ണിൽ തെളിയുന്നു….
തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി….കണ്ടക്ടർ ഉറക്കെ വിളിക്കുന്നു…യാന്ത്രികമായി ഇറങ്ങി…തൻ്റെ നാട് ഒത്തിരി മാറി…ഒരു അപരിചിതയെ പോലെ അവിടെ നിന്ന് നടന്നു….മനസ്സിൽ ഒത്തിരി വേദനയോടെ നടക്കുമ്പോൾ കാലിന് വല്ലാത്ത ഭാരം…ഒരടി പോലും നടക്കാൻ പറ്റാത്ത പോലെ..സർവ ശക്തിയും വെച്ച് നടന്നിട്ടും പറ്റുന്നില്ല..മനസ്സിൻ്റെ ഭാരം ശരീരം മൊത്തം പടർന്ന് ഇരിക്കുന്നു…
വേച്ച് വേച്ച് നടക്കുമ്പോൾ അമ്മയെയും അച്ഛനെയും കെട്ടി പിടിച്ച് ആ കാലിൽ വീണു മാപ്പ് പറയണം…ചെയ്തു പോയ മഹാപാപത്തിൽ ഞാൻ മുങ്ങി പൊന്തുകയാണ്….അവർക്ക് മാത്രമേ ഇനി തന്നെ കരക്ക് കയറ്റാൻ സാധിക്കുകയുള്ളൂ..
ഓരോന്ന് ഓർത്തു വീടിൻ്റെ മുന്നിൽ എത്തിയപ്പോൾ ആകെ കാട് പിടിച്ച വഴി…ഓട് ഇട്ട വീട് ആണ് എന്ന് പോലും പറയില്ല…പുല്ലും മരവും കാട് പോലെ ആ വീടിനെ പൊതിഞ്ഞു വെച്ചത് പോലെ….
തനിക്ക് തെറ്റി പോയതാണോ…അതോ ഇത് തന്നെ ആണോ തൻ്റെ വീട്…താൻ ഓടി നടന്ന മുറ്റം തന്നെ…മുന്നിൽ വളർന്നു നിൽകുന്ന ചെമ്പക മരം…അത് തന്നെ എൻ്റെ വീട് തന്നെ…ഞാൻ ഓടി ചെന്നതും പിന്നിൽ നിന്നും ആരോ വിളിക്കുന്ന പോലെ…
ആരാണ്….?എന്താ വേണ്ടത്…അവിടെ ആരും ഇല്ല..
കുറച്ച് പ്രായം ചെന്ന ഒരു മനുഷ്യൻ എൻ്റെ അടുത്തേക്ക് വന്നു…
ആരും ഇല്ല എന്നോ…?? അപ്പോ ഇവിടെ ഉള്ളവരോ…..?
ഗോപാലൻ ചേട്ടനും ജാനകി ചേച്ചിയും ഒക്കെ മരിച്ചു പോയില്ലേ…ആ മനുഷ്യൻ എന്നെ നോക്കി സങ്കടത്തോടെ പറഞ്ഞു….
കുട്ടി ആരാ…??
എന്ത് നിങൾ പറഞ്ഞത്…പറ എൻ്റെ അമ്മയും അച്ഛനും മരിച്ചു എന്നോ…ഒരു പൊട്ടി കരച്ചിൽലോടെ ഞാൻ നിലത്ത് ഇരുന്നു..
മോളെ…. ദേവു മോളെ നി ആയിരുന്നോ ഇത്…നി പടി ഇറങ്ങിയത് മുതൽ അവർ ജീവിച്ചത് എങ്ങനെ ആയിരുന്നു എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു…എന്നാലും മോളെ നി എന്തിനായിരുന്നു അവരെ…..
ഞാൻ…..എനിക്ക് തെറ്റ് പറ്റിപ്പോയി…അവള് തേങ്ങി കൊണ്ട് പറഞ്ഞു..
മോളേ….ആ തെറ്റിന് വലിയ വില കൊടുക്കേണ്ടി വന്നല്ലോ…
നിന്നെ ഓർത്തു നീറി കഴിയുക ആയിരുന്നു അവർ….ഈ നാട്ടിൽ ഉള്ളവർ ഒക്കെ നിന്നെ എന്ത് മാത്രം ശപിച്ചിട്ടുണ്ട് എന്ന് അറിയോ….ഞാൻ പോലും നിന്നെ…..
അതും പറഞ്ഞു അയാള് നടക്കാൻ തുടങ്ങി….
കരഞ്ഞു കലങ്ങിയ കണ്ണുമായി അവള് അവിടെ തന്നെ നിന്നു..തോരാതെ പെയ്യുന്ന മഴ പോലെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടെ ഇരുന്നു…
വൈകി പോയ ചില തിരിച്ചറിവ് പലതും കൊണ്ട് എത്തിക്കുന്നത് നമുക്ക് പ്രിയപെട്ട നഷ്ടങ്ങളിലേക്ക് ആയിരിക്കും….ഒരിക്കലും തിരിച്ചു കിട്ടാത്ത വലിയ നഷ്ട്ടങ്ങളിലേക്ക്….
ചില തെറ്റുകൾ അങ്ങനെയാണ് നമ്മൾ തിരിച്ചു അറിയാൻ തുടങ്ങുമ്പോൾ തന്നെ അത് ഒത്തിരി വൈകി പോയിട്ടുണ്ടാകും…
~സന