രാത്രികളിൽ പെട്രോൾ പമ്പിൽ ആക്രമണവും മോഷണശ്രമവും ഇപ്പോൾ നിരന്തരമായുണ്ട്. അതു കൊണ്ട് നൈറ്റ് ഡ്യൂട്ടിക്കാർ കുറച്ച്…

നടൻ

എഴുത്ത്: ശ്രീജിത്ത് പന്തല്ലൂർ

=====================

” സ്റ്റാർട്ട് ക്യാമറ, ആക്ഷൻ…”.

സംവിധായകൻ്റെ ശബ്ദം കേട്ടതും സന്ദീപ് പൂർണ്ണമായും കഥാപാത്രമായി മാറി. അടുത്തു കിടന്നിരുന്ന പ്ലാസ്റ്റിക് കസേര അനായാസം എടുത്തുയർത്തി വീടിൻ്റെ തിണ്ണയിൽ ആഞ്ഞടിച്ചു.

കസേര പല കഷണങ്ങളായി ചിതറണമെന്നാണ് സംവിധായകൻ നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ കസേര ഒന്നു പിളർന്നതേയുള്ളു. റീ ടേക്ക് എടുക്കേണ്ടി വരുമോ… സന്ദീപ് ഒരു നിമിഷം അമാന്തിച്ചു. സംവിധായകൻ കട്ട് പറയുന്നില്ല… സന്ദീപ് കഥാപാത്രമായി തുടർന്നു. ചുറ്റും കൂടിയവരെല്ലാം തൻ്റെ അഭിനയം കണ്ട് അന്തം വിട്ട് നിൽക്കുന്നതു കണ്ട് ഉള്ളിൽ ചിരി വന്നെങ്കിലും മുഖഭാവത്തിൽ അത് തെല്ലു പോലും വരുത്താതെ ഒരു ഭ്രാന്തൻ്റെ ചേഷ്ടകൾ അപ്പാടെ ആവിഷ്കരിച്ചു…

അല്പ നേരത്തെ പ്രകടനങ്ങൾക്കു ശേഷം ശാന്തനായി കിടന്നു കൊണ്ട് ഏതെങ്കിലും പാട്ടു പാടണമെന്നാണ് സംവിധായകൻ പറഞ്ഞിട്ടുള്ളത്. അങ്ങനെ പാടാൻ ഇഷ്ടമുള്ള പാട്ട് വൈശാലി സിനിമയിലെ ആ പാട്ടാണ്. ഉമ്മറത്തെ തറയിൽ മലർന്നു കിടന്നു കൊണ്ട് കണ്ണടച്ചുപിടിച്ച് അവൻ പാടി.

” ദും ദും ദും ദുന്ദുഭിനാദം നാദം നാദം…”.

” കട്ട്… ടേക്ക് ഓക്കെ…”.

സംവിധായകൻ്റെ ശബ്ദം കേട്ടതും സന്ദീപ് അങ്ങനെ തന്നെ കണ്ണടച്ച് അല്പനേരം നിർവൃതിയോടെ കിടന്നു. ഈ സംവിധായകൻ്റെ തന്നെ എത്രയോ ടേക്കുകൾ മുൻപും എടുത്തിട്ടുണ്ട്. ഒന്നു പോലും രണ്ടാമത് എടുക്കേണ്ടാത്തത്ര കൃത്യതയോടെയാണ് താൻ ചെയ്തിട്ടുള്ളത്. ആ കാര്യങ്ങളോർത്തപ്പോൾ സന്ദീപിന് സ്വയം അഭിമാനം തോന്നി.

” മോനേ…”.

അമ്മയുടെ ശബ്ദം കേട്ട് സന്ദീപ് കണ്ണു തുറന്നു. തൻ്റെ അഭിനയം എങ്ങനെയുണ്ടായിരുന്നുവെന്ന് അമ്മയോടു ചോദിക്കാം… അവൻ സന്തോഷത്തോടെ എഴുന്നേറ്റിരുന്നു.

ങേ, സംവിധായകനും ഷൂട്ടിംഗ് സെറ്റിലെ മറ്റുള്ളവരുമെവിടെപ്പോയി. മുറ്റത്ത് കണ്ണീരുണങ്ങിയ മുഖവുമായി അമ്മ മാത്രം. നേരത്തേ തല്ലിത്തകർത്ത പ്ലാസ്റ്റിക് കസേര തകർന്ന നിലയിൽത്തന്നെ മുറ്റത്തു കിടക്കുന്നുണ്ട്. സന്ദീപ് കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. ശരിയാണ് ഷൂട്ടിങ്ങൊന്നും നടന്നിട്ടില്ല. എല്ലാം തൻ്റെ തോന്നൽ മാത്രമായിരുന്നു. ഞെട്ടലോടെ അവൻ തിരിച്ചറിവിലേക്കു തിരികെ വന്നു.

അതെ തൻ്റെ മാനസികനില തകരാറിലാണ്. എന്നു വച്ചാൽ തനിക്കു ഭ്രാന്താണ്, താൻ ഭ്രാന്തനാണ്…

അവൻ ദയനീയമായി അമ്മയെ നോക്കി. സന്ദീപ് സമനിലയിലായി എന്നു ബോദ്ധ്യപ്പെട്ട ധൈര്യത്തോടെ അമ്മ അവൻ്റെ അരികിലേക്കു വന്നു.

” എവിടന്നു കടം വാങ്ങിയിട്ടാണെങ്കിലും ഇന്നു മോൻ്റെ മരുന്ന് അമ്മ വാങ്ങിത്തരാംട്ടാ…”. അവൻ്റെ നെറുകയിൽ തലോടിക്കൊണ്ട് അമ്മ ആശ്വസിപ്പിച്ചു.

തലച്ചോറിലെ പുകച്ചിലിന് അല്പം ആശ്വാസം ലഭിച്ചതു പോലെ അവനു തോന്നി. അല്ലെങ്കിലും അമ്മയുടെ സാന്ത്വനത്തിൽ ശമനം ലഭിക്കാത്ത ഏതു വേദനയാണുള്ളത്.

ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ട് സന്ദീപ് തല തിരിച്ചു നോക്കി… അച്ഛനാണ്, ചുണ്ടിലെ ബീഡിക്ക് തീ കൊളുത്താനുള്ള ശ്രമത്തിലാണ്. നിർവ്വികാരഭാവത്തിൽ മകനെയൊന്ന് നോക്കിക്കൊണ്ട് അച്ഛൻ പടിക്കലേക്കു നടന്നു. ചുമലിൽ ചൂടിക്കയർ പിരിച്ചുണ്ടാക്കിയ തളപ്പുണ്ട്. ഇന്നെവിടെയെങ്കിലും അടയ്ക്കാ പറിയ്ക്കാനുണ്ടാവും… അച്ഛൻ്റെ മുഖത്തെ വികാരഭാവങ്ങളെല്ലാം മാഞ്ഞിട്ട് കാലം കുറച്ചായി. അത്താണിയാവേണ്ട ഏകമകൻ ഈ വയസ്സാംകാലത്ത് തനിക്കൊരു ഭാരമായി മാറിയെന്നു മനസ്സിലായ അന്നു മുതലാണ് അച്ഛൻ്റെ ചിരി മാഞ്ഞതെന്ന് സന്ദീപ് ഓർത്തെടുത്തു.

അവൻ സ്വന്തം ശരീരത്തിലേക്കു നോക്കി. ഒരു നൂറു കിലോയെങ്കിലും കാണും തൻ്റെ ശരീരത്തിന്. കഴിഞ്ഞ തവണ ആശുപത്രിയിൽ തൂക്കം നോക്കിയപ്പോൾ തൊണ്ണൂറ്റിയാറു കിലോയുണ്ടായിരുന്നു. ഇപ്പോൾ അതിലും കൂടിക്കാണുമെന്നുറപ്പാണ്. അക്ഷരാർത്ഥത്തിൽ കുടുംബത്തിനു ഭാരം തന്നെയാണു താൻ…

ഒരു കുഞ്ഞു ജനിക്കുമ്പോൾ അച്ഛനുമമ്മയ്ക്കും ഒരു പാട് സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ. പ്രത്യേകിച്ചും ഒരു മകൻ ജനിക്കുമ്പോൾ… താൻ ജനിച്ചപ്പോൾ അച്ഛൻ കള്ളുഷാപ്പിലെ കൂട്ടുകാരോടൊക്കെ പറഞ്ഞത്രേ പഠിപ്പിച്ച് പഠിപ്പിച്ച് തന്നെയൊരു ഡോക്ടറാക്കണമെന്ന്… അന്നു മുതൽ ഡോക്ടർ ഡോക്ടറെന്നാണ് നാട്ടുകാർ കളിയാക്കി വിളിച്ചിരുന്നത്. അല്ലെങ്കിലും ഇരട്ടപ്പേരുകൾക്ക് തനിക്കൊരു പഞ്ഞവുമുണ്ടായിരുന്നില്ലല്ലോ. ചെറുപ്പത്തിലേ നല്ല വട്ടമുഖവും തുടുത്ത കവിളും കണ്ട് ‘കഥകളി’ എന്നു വിളിച്ചു. നല്ല കറുത്ത നിറമായിരുന്നതിനാൽ ‘കരിന്തിരി’ എന്നും ചിലർ വിളിച്ചു.

” ഉദ്ദണ്ഡൻ ” എന്ന പേരു വിളിച്ചത് പെട്രോൾ പമ്പിലെ മാനേജരാണ്. ആ പെട്രോൾ പമ്പും അവിടത്തെ ജോലിയുമാണ് തൻ്റെ ജീവിതം മാറ്റിമറിച്ചത്…

ദിനംപ്രതി തടിയും തൂക്കവും വർദ്ധിക്കുന്ന അസുഖത്തിന് വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും കണ്ടെത്തിയ പേര് വിശപ്പിൻ്റെ അസുഖമെന്നായിരുന്നു. ആ അസുഖത്തിനുള്ള മരുന്ന് കഴിക്കുംതോറും അച്ഛനുമമ്മയും ചെറുതായി പട്ടിണി മണക്കാൻ തുടങ്ങിയിരുന്നു. സ്കൂളിലെ പ്രോഗ്രസ് കാർഡിലെ അക്കങ്ങൾ കണ്ട അച്ഛൻ മകനെ ഒരു ഡോക്ടറാക്കേണമെന്ന മോഹം മുളയിലേ നുള്ളിക്കരിച്ചു കളഞ്ഞിരുന്നു. പത്താം ക്ലാസ്സിൽ തോറ്റപ്പോൾ വീണ്ടും എഴുതി സമയം കളയാതെ കൂലിപ്പണിക്ക് ഇറങ്ങിയത് കുടുംബത്തിന് താൻ ഭാരമാവാതിരിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ ശരീരഭാരം താങ്ങാനാവാതെ കാലുകൾ ഇടയ്ക്കിടെ കുഴ തെറ്റാനും മറ്റും തുടങ്ങിയതോടെ ആയാസമുള്ള ജോലിയും കൈയെത്താ ദൂരത്തായി.

അങ്ങനെയാണ് പെട്രോൾ പമ്പിലെ ജോലി ചെയ്യാനെത്തിയത്. ഭാരപ്പെട്ട പണിയൊന്നുമില്ല. വരുന്ന വണ്ടികൾക്ക് പെട്രോളും ഡീസലുമെല്ലാം നിറച്ചു കൊടുക്കുക അത്ര മാത്രം. ശമ്പളം കുറവാണെങ്കിലും അത്രത്തോളം വീട്ടുകാർക്കൊരു ആശ്വാസമാകുമല്ലോ എന്നു കരുതി…

ഒരു ദിവസം രാവിലെ പെട്രോൾ പമ്പിലെ മാനേജർ എല്ലാ ജീവനക്കാരേയും ഓഫീസിലേക്കു വിളിപ്പിച്ചു.

” നിങ്ങൾ പത്രത്തിലൊക്കെ വായിച്ചറിഞ്ഞതായിരിക്കുമല്ലോ… രാത്രികളിൽ പെട്രോൾ പമ്പിൽ ആക്രമണവും മോഷണശ്രമവും ഇപ്പോൾ നിരന്തരമായുണ്ട്. അതു കൊണ്ട് നൈറ്റ് ഡ്യൂട്ടിക്കാർ കുറച്ച് ജാഗരൂകരായി നിൽക്കേണ്ടതാണ്. നമ്മുടെ പമ്പ് ഹൈവേയിലായതിനാൽ ഇരുപത്തിനാലു മണിക്കൂർ വർക്കിങ്ങ് നമുക്ക് തുടരേണ്ടതാണ്. അത്യാവശ്യം ആരോഗ്യവും ധൈര്യവുമുള്ളവർ നൈറ്റ് ഡ്യൂട്ടിക്ക് നിൽക്കേണ്ടതുണ്ട്. നമ്മൾ സെറ്റപ്പാണെന്ന് തോന്നിയാൽ നമ്മൾക്കെതിരെ മോഷണശ്രമമൊന്നും ഉണ്ടാവില്ല…”. മാനേജർ ഒന്നു നിർത്തിയതിനു ശേഷം എല്ലാവരേയും നോക്കി തുടർന്നു…

”എന്തായാലും എൻ്റെ അഭിപ്രായത്തിൽ സന്ദീപ് എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടിക്ക് നിൽക്കട്ടെ. അവനെപ്പോലൊരു ഉദ്ദണ്ഡൻ ഡ്യൂട്ടിക്കുണ്ടെങ്കിൽ കള്ളൻമാരൊന്ന് പേടിക്കും…”.

ജോലിക്കാരെല്ലാം പൊട്ടിച്ചിരിച്ചു. സന്ദീപും കൂടെ ചിരിച്ചു. അങ്ങനെ തനിക്ക് ഒരു ഇരട്ടപ്പേരു കൂടിയായി. ‘ഉദ്ദണ്ഡൻ’… അർത്ഥമറിയില്ലെങ്കിലും തൻ്റെ ശരീരം കണ്ടിട്ടാണ് മാനേജർ അങ്ങനെ വിളിച്ചതെന്ന് സന്ദീപിന് മനസ്സിലായി… രാത്രി ഡ്യൂട്ടിക്ക് നിന്നാൽ പണി കുറവായിരിക്കും എന്നാൽ ശമ്പളം കൂടും, സന്ദീപ് അതു മാത്രമേ ചിന്തിച്ചുള്ളൂ…

കുറച്ചു നാൾ കഴിഞ്ഞു. പെട്രോൾ പമ്പിൽ കള്ളൻമാരുടെ ശല്യമൊന്നും ഉണ്ടായില്ലെങ്കിലും അതിലും വലിയൊരു അപകടമായിരുന്നു സന്ദീപിനെ കാത്തിരുന്നത്.

ഒരു ദിവസം രാത്രി ഏകദേശം പുലരാറായിക്കാണണം. ഒന്നു മയങ്ങിപ്പോയ സന്ദീപ് പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഏതോ കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയ പോലൊരു ശബ്ദമാണ് കേട്ടത്. സന്ദീപ് കണ്ണു തിരുമ്മി നോക്കി. ഹൈവേയിൽ ഒരു കാർ നിർത്തിയിട്ടുണ്ട്. എന്തോ അപകടം പറ്റിക്കാണണം. പെട്രോൾ പമ്പിനു മുൻപിൽത്തന്നെ വലിയൊരു കുഴിയുണ്ടായിരുന്നു മുൻപ്. അതിൽ വീണ് അപകടങ്ങൾ തുടർന്നപ്പോൾ നാട്ടുകാർ ഇടപ്പെട്ടാണ് ആ കുഴി മൂടിയത്. അപകടം പറ്റിയ കാറിനു നേർക്ക് ഓടുന്നതിനിടയിൽ സന്ദീപ് ചിന്തിച്ചു.

പെട്ടെന്ന് എന്തിലോ കാൽ തടഞ്ഞ് സന്ദീപ് വീണു പോയി. വീണിടത്തു നിന്ന് തല പൊക്കി നോക്കിയ അവൻ ഞെട്ടി വിയർത്തു പോയി. ആരുടെയോ ശരീരത്തിൽ തട്ടിയായിരുന്നു അവൻ വീണത്. ആ ശരീരത്തിൽ തല പകുതിയോളമേ ഉണ്ടായിരുന്നുള്ളൂ… ബാക്കി ഭാഗങ്ങൾ തലച്ചോറിനൊപ്പം റോഡിൽ ചിതറിക്കിടക്കുന്നു… സന്ദീപിന് ഛർദ്ദിക്കാൻ തോന്നി. മനംപിരട്ടലോടെ അവൻ പതിയെ എഴുന്നേറ്റു നിന്നു. അവനെ കണ്ടിട്ടാകണം കാർ പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പാഞ്ഞു പോയി…

ഓഹോ… അപ്പോൾ ആരെയോ ഇടിച്ചിട്ട കാറാണ്…

അപ്പോഴേക്കും പെട്രോൾ പമ്പിലെ മറ്റു ജോലിക്കാരും ഓടിയെത്തി. ഹൈവേയിലൂടെ പോയിരുന്ന ചില വാഹനങ്ങൾ കൂടി നിർത്തിയതോടെ ആൾക്കൂട്ടമായി റോഡ് ബ്ലോക്കായി…

” മോനേ, ഈ മരിച്ചയാളുടെ പേരോ അഡ്രസ്സോ അറിയാമോ…?”. ആൾക്കൂട്ടത്തിൽ ആരോ ചോദിച്ചു.

” അറിയില്ല ചേട്ടാ, ഞാനാ പമ്പിലെ ജോലിക്കാരനാണ്. ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ കണ്ടത് ഇതാണ്. ഇടിച്ച കാറാണെങ്കിൽ നിർത്താതെ പോയി…”. സന്ദീപ് ഒരു വിധം പറഞ്ഞൊപ്പിച്ചു.

അല്പം കഴിഞ്ഞപ്പോഴേക്കും പോലീസെത്തി. സന്ദീപിൻ്റേയും മറ്റു ചിലരുടേയും മൊഴിയെടുത്തു. പോലീസിൻ്റെ തെരച്ചിലിൽ കാറിൽ നിന്നും ഇളകി വീണ നമ്പർ പ്ലേറ്റ് റോഡ് സൈഡിൽ നിന്നും കണ്ടെടുത്തു. അതു തന്നെയാണ് കാറിൻ്റെ നമ്പറെന്ന് സന്ദീപ് സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്ത ദിവസം വീണ്ടും പോലീസെത്തി. പോലീസിൻ്റെ ചോദ്യങ്ങൾക്കെല്ലാം തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അവൻ മൊഴി കൊടുത്തു. പ്രധാനസാക്ഷിയായി സന്ദീപിൻ്റെ പേരെഴുതിയെടുക്കുകയും ചെയ്തു.

ഒരു പയ്യൻ സന്ദീപിൻ്റെ അടുത്തു വന്നു. ”ചേട്ടാ, അന്ന് മരിച്ചത് എൻ്റെ അച്ഛനാണ്. എറണാകുളത്തെ ജോലി കഴിഞ്ഞ് അന്ന് വരുന്ന വഴിയായിരുന്നു. എന്തായാലും കൃത്യസമയത്ത് ചേട്ടനിവിടെ ഉണ്ടായിരുന്നതു കൊണ്ട് ഇടിച്ച വണ്ടിയേതെന്ന് മനസ്സിലായി. ഇനി കേസിനും ഇൻഷുറൻസിനുമൊക്കെ ഒരു ബലം കിട്ടും…”.

മരിച്ചയാളുടെ ബന്ധുക്കളുടെ മുഖത്തെ നന്ദിഭാവം കണ്ടപ്പോൾ സന്ദീപിന് ചാരിതാർത്ഥ്യം തോന്നി. തന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടായല്ലോ, ഇനി ചത്താലും വേണ്ടില്ല…

കോടതിയിലെ വിസ്താരത്തിൻ്റെ രണ്ടു ദിവസം മുൻപ് രാത്രി പെട്രോൾ പമ്പിലേക്ക് ഒരു വെളുത്ത ടാറ്റാ സുമോ വന്നു. ടയറിൽ കാറ്റടിക്കുന്ന മെഷീനടുത്താണ് വണ്ടി നിർത്തിയത്.

അതിൽ നിന്നും ഒരാൾ ഇറങ്ങി വന്ന് സന്ദീപിനോടു ചോദിച്ചു.. ” മോനേ, ഈ കാറ്റടിക്കുന്നതെങ്ങനെയാ…?”.

സന്ദീപ് വേഗം കൂടെച്ചെന്നു. കാറ്റടിക്കുന്ന ട്യൂബെടുത്ത് സന്തോഷത്തോടെ പറഞ്ഞു കൊടുക്കാനായി തുനിഞ്ഞതായിരുന്നു. പെട്ടെന്ന് പുറകിൽ നിന്നും ആരൊക്കെയോ അവൻ്റെ കൈകൾ പിന്നോട്ടാക്കിപ്പിടിച്ചു. മറ്റൊരാൾ ഒരു നീണ്ട കത്തിയെടുത്ത് അവൻ്റെ നെഞ്ചിൽ മുട്ടിച്ചു പിടിച്ചു.

” പു* ല* യാടിമോനേ… ആവശ്യമില്ലാത്ത കാര്യത്തിലിടപെട്ടാൽ നെഞ്ചിലോട്ട വീഴും ട്ടാ…”.

ഒറ്റനിമിഷം കൊണ്ട് സന്ദീപ് വിയർത്തു പോയി.

” ചേട്ടാ നിങ്ങൾക്ക് ആളുമാറിയതാവും…”. പരിഭ്രമത്തിനിടയിൽ എങ്ങനെയോ സന്ദീപ് പറഞ്ഞൊപ്പിച്ചു.

” ഞാൻ പറയണത് കേട്ടാ മതി, കൂടുതലൊന്നും ഇങ്ങോട്ടുണ്ടാക്കണ്ട. അന്ന് അയാളെ ഇടിച്ച വണ്ടി നീ കണ്ടിട്ടുമില്ല, അതേപ്പറ്റി ഒന്നും അറിയേമില്ല. മനസ്സിലായോടാ… ഇനി ആരു ചോദിച്ചാലും അറിയില്ല, കണ്ടിട്ടില്ല എന്നൊക്കെയേ പറയാവൂ കേട്ടോടാ…”.

സന്ദീപ് കിടുകിടാ വിറയ്ക്കാൻ തുടങ്ങി. പിറകിൽ നിന്നും പിടിച്ചിരുന്നയാൾ അവനെ സ്വതന്ത്രനാക്കി.

” അപ്പോൾ പറഞ്ഞത് മനസ്സിലായല്ലോ. ഇനി നാളെ കോടതിയിലെങ്ങാൻ മൊഴി കൊടുത്തൂന്നറിഞ്ഞാൽ അയാളെപ്പോലെ നിൻ്റെ ശ വവും നടുറോഡിൽ തലയില്ലാതെ കിടക്കും…”.

അടിവസ്ത്രം നനയുന്നതു പോലെ സന്ദീപിനു തോന്നി. ടാറ്റാ സുമോ പോയിട്ടും കുറേ കഴിഞ്ഞാണ് സന്ദീപിന് ചലിക്കാൻ കഴിഞ്ഞത്. രാത്രിയിലെ തണുത്ത കാറ്റടിച്ചിട്ടും അവൻ്റെ വിയർപ്പാറിയില്ല. വയറ്റിനുള്ളിലെന്തോ തിളച്ചു മറിയുന്നതു പോലെ… കക്കൂസിൽ പോയി ഇരുന്നിട്ടും ഒരു ആശ്വാസവും തോന്നുന്നില്ല…

ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയിട്ടും തലേ രാത്രിയിലെ സംഭവത്തിൻ്റെ ഞെട്ടൽ സന്ദീപിൽ നിന്നും വിട്ടൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല… മുറ്റത്ത് ഒരു ഹോൺ ശബ്ദം കേട്ട് അവൻ മുഖമുയർത്തി നോക്കി. അന്നത്തെ അപകടത്തിൽ മരിച്ചയാളുടെ മകനാണ്…

” ചേട്ടാ, റെഡിയായില്ലേ… പോണ്ടേ നമുക്ക്…?”.

സന്ദീപ് ഒന്നും മിണ്ടാതെ അയാളുടെ ബൈക്കിനു പിറകിൽ കയറി. കോടതിയിലെത്തിയ പാടെ വക്കീൽ അടുത്തേക്കു വന്നു.

” ടെൻഷനൊന്നുമടിക്കേണ്ട. അന്നു രാത്രി നടന്ന കാര്യങ്ങൾ കോടതിയിൽ വായിക്കും. അത് സത്യമാണോ, നിങ്ങൾ നേരിട്ട് കണ്ടതാണോ എന്ന് മജിസ്ട്രേറ്റ് ചോദിക്കും. അതിന് അതെ എന്നു മാത്രം നിങ്ങൾ ഉത്തരം പറഞ്ഞാൽ മതി, വേറെ നൂലാമാലകളൊന്നുമില്ല…”.

വക്കീലിന്റെ വാക്കുകൾക്കു മുൻപിൽ തലയാട്ടി സമ്മതമറിയിച്ചെങ്കിലും സന്ദീപിൻ്റെ മനസ്സിൽ പ്രക്ഷുബ്ധമായ കടലിരമ്പുകയായിരുന്നു. കോടതിമുറിയിലെ സാക്ഷിക്കൂടിൽ നിൽക്കുമ്പോൾ അന്നു രാത്രി നടന്ന സംഭവങ്ങൾ കൃത്യമായി ആരോ ഉറക്കെ വായിക്കുന്നത് സ്വപ്നത്തിലെന്ന പോലെ അവൻ കേട്ടു…

” ഈ പറഞ്ഞ കാര്യങ്ങളൊക്കെ നടന്നതാണോ…?”. മജിസ്ട്രേറ്റിന്റെ ശബ്ദം സന്ദീപിൻ്റെ കാതിൽ വീണു.

ഹൈവേയിലെ ഇരുട്ടിൽ തൻ്റെ സ്വന്തം ശരീരം തലയില്ലാതെ ഉരുളുന്നതായി സന്ദീപിനു തോന്നി. അവൻ കണ്ണുകൾ ഇറുക്കെയടച്ചു.

” ഈ പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങൾ കണ്ടതാണോ എന്ന്…?”. മജിസ്ട്രേറ്റിൻ്റെ ശബ്ദം വീണ്ടും കേട്ടു.

” ഇല്ല, ഞാനൊന്നും കണ്ടിട്ടില്ല… എനിക്കൊന്നും അറിയില്ല…”. കോടതി മുറിയിലെ നിശ്ശബ്ദതയെ ഭംഗിച്ചു കൊണ്ട് സന്ദീപിൻ്റെ ശബ്ദം അല്പം ഉയർന്നു പോയി.

തൻ്റെ നേർക്കു നീണ്ട രൂക്ഷനോട്ടങ്ങൾക്കു മുൻപിൽ തല കുനിച്ചു കൊണ്ട് സന്ദീപ് കോടതിമുറിയിൽ നിന്നും പുറത്തേക്കിറങ്ങി. മരിച്ചയാളിൻ്റെ മകനും വക്കീലും പോലീസുകാരുമെല്ലാം തന്നെ ദേഷ്യത്തോടെയാണു നോക്കുന്നതെന്നു മനസ്സിലായ സന്ദീപ് അവർക്കരികിലേക്കു ചെന്നു.

” ടാ മോനേ, സോറിടാ… പേടിച്ചിട്ടാ ഞാനങ്ങനെയൊക്കെപ്പറഞ്ഞത്…”.

” തനിക്കൊള്ള പണി ഞാൻ തരാംട്ടാ… ഈ കോടതി വളപ്പീന്നൊന്ന് പൊറത്തെറങ്ങിക്കോട്ടെ…”. മരിച്ചയാളിൻ്റെ മകൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

”നീ പ്രശ്നമൊന്നും കാണിക്കല്ലേ… കുറച്ചു ദിവസത്തേക്ക് ഒന്ന് അടങ്ങി നിൽക്ക്. ഇതിൻ്റെ ചൂടാറുമ്പോ നിൻ്റച്ഛന് കിട്ടിയ പോലെത്തന്നെ ഒരു പണി ഇവനും കൊടുക്കാം, ആർക്കും സംശയം തോന്നാത്ത രീതിയിൽ തന്നെ…”. ഒരു പോലീസുകാരൻ അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

വയറ്റിനകത്തെന്തോ തിളച്ചു മറിയുന്നതായി സന്ദീപിന് തോന്നി. അവൻ പതിയെ നടന്നു. ഗേറ്റിനടുത്തെത്തിയപ്പോൾ ഒരു നിമിഷം തിരിഞ്ഞു നോക്കി. മരിച്ചയാളുടെ മകൻ രൂക്ഷമായിത്തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നുണ്ട്. ഈ നിമിഷം മുതൽ അയാൾക്കും താൻ ശത്രുവായല്ലോ… തിരക്കിനിടയിൽ കൈയിൽ കിട്ടിയ ഷർട്ടെടുത്തിട്ട് വന്നതാണ്. മുൻപരിചയമില്ലാത്ത ആരോടും ഇരക്കാൻ വയ്യ, ഏതെങ്കിലും പരിചയക്കാരെ കണ്ടിരുന്നെങ്കിൽ ഒരു പത്തു രൂപയെങ്കിലും കടം വാങ്ങാമായിരുന്നു… കോടതിയിൽ നിന്നും വീട്ടിലേക്ക് പത്തു പന്ത്രണ്ടു കിലോമീറ്റർ ദൂരം കാണണം. തൻ്റെ ശരീരഭാരം താങ്ങാൻ അധികനേരം കാലുകൾക്ക് കഴിയുമെന്ന് തോന്നുന്നില്ല, എന്തായാലും ഇനിയിപ്പോ നടക്കുക തന്നെ… ഷർട്ടിൻ്റെ കീശ വെറുതെ തപ്പിക്കൊണ്ട് സന്ദീപ് നെടുവീർപ്പിട്ടു…

കുറച്ചു ദൂരം നടന്നപ്പോഴേക്കും ഒരടി പോലും മുൻപോട്ടു വയ്ക്കാൻ കഴിയാതെ സന്ദീപ് നിന്നു കിതച്ചു. റോഡരികിൽ കണ്ട പാലത്തിൻ്റെ തിണ്ടിലിരുന്ന് കിതപ്പാറ്റാൻ ശ്രമിച്ചപ്പോഴാണ് മുൻപിൽ ഒരു ബൈക്ക് വന്നു നിന്നത്. സന്ദീപ് തലയുയർത്തി നോക്കി. തന്നെ കൊണ്ടു വന്നു വിട്ടയാളാണ്, അന്ന് മരിച്ചയാളുടെ മകൻ. സന്ദീപ് വേഗം തല താഴ്ത്തി…

” വാ, വന്ന് വണ്ടീൽ കേറ്. തിരിച്ചു കൊണ്ടാക്കേണ്ട കടമ എനിക്കുണ്ടല്ലോ…”. അയാൾ പറഞ്ഞു.

സന്ദീപ് തല താഴ്ത്തിക്കൊണ്ടു തന്നെ ബൈക്കിൻ്റെ പിന്നിൽ കയറി. യാത്രയ്ക്കിടയിൽ ഇരുവരും ഒന്നും സംസാരിച്ചില്ല. വീടിനു മുൻപിൽ ബൈക്കിൽ നിന്നും ഇറങ്ങിയതിനു ശേഷം സന്ദീപ് പറഞ്ഞു. ” മോനേ, സോറിടാ… ഞാൻ പേടിച്ചിട്ടാ കോടതിയിൽ അങ്ങനെയൊക്കെ പറഞ്ഞത്…”.

” അതേയ്… കൂടുതല് ലോഹ്യമൊന്നും വേണ്ട. എന്നും നൈറ്റ് ഡ്യൂട്ടിയാന്നല്ലേ പറഞ്ഞേ… മ്മക്ക് കാണാം ട്ടാ…”. ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു കൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്ക് മുൻപോട്ടെടുത്തു.

ഉമ്മറത്തെ തറയിൽത്തന്നെ സന്ദീപ് മലർന്നു കിടന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഇങ്ങനെ കിടന്നൊരു ഉറക്കം പതിവുള്ളതാണ്. ഇന്നിനി ഉറങ്ങാൻ കഴിയുമോ എന്ന് തോന്നുന്നില്ല, എന്നാലും ഒന്നു ശ്രമിച്ചു നോക്കാം…

നേരം കുറേ ഇരുട്ടി. പെട്രോൾ പമ്പിൽ വലിയ തിരക്കൊന്നുമില്ല, അല്ലെങ്കിലും രാത്രി ഒരു പന്ത്രണ്ടു മണിയൊക്കെ കഴിഞ്ഞാൽ പിന്നെ വല്ല ലോറിക്കാരോ മറ്റോ വന്നാലായി. ഒന്നു പതിയെ കണ്ണടച്ചു പോയതായിരുന്നു സന്ദീപ്. പെട്ടെന്ന് എന്തോ അനക്കം കേട്ട് അവൻ ഞെട്ടിയുണർന്നു…

മുഖംമൂടി ധരിച്ച കുറേ ആയുധധാരികൾ തൻ്റെ നേർക്കു നടന്നു വരുന്നു. കള്ളൻമാർ…

കൂടെ ജോലി ചെയ്യുന്നവരെ ഉച്ചത്തിൽ വിളിക്കാൻ അവൻ ശ്രമിച്ചു. ശബ്ദം പുറത്തേക്കു വരുന്നില്ല, തൊണ്ടയ്ക്കുള്ളിൽ കുരുങ്ങിയതു പോലെ… അനങ്ങാനും കഴിയുന്നില്ല, കസേരയിൽ പിടിച്ചുകെട്ടിയിട്ടതു പോലെ…

മുഖംമൂടിധാരികൾ അവൻ്റെചുറ്റും കൂടി നിന്ന് മുഖംമൂടി അഴിച്ചുമാറ്റി. സന്ദീപ് ഞെട്ടിത്തരിച്ചു പോയി. ആർക്കും മുഖമില്ല, തലയില്ല… സ്തംഭിച്ചു പോയ സന്ദീപിനെ നോക്കി അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഏതോ ഗുഹയ്ക്കുള്ളിൽ നിന്നു മുഴങ്ങുന്ന പോലുള്ള പൊട്ടിച്ചിരി… തൻ്റെ നേർക്ക് അവർ ഒരുമിച്ച് ആയുധമോങ്ങിയപ്പോൾ അവൻ ഇറുകെ കണ്ണടച്ചുകൊണ്ട് തടുക്കാൻ ശ്രമിച്ചു…

ആരുടേയും വെട്ട് തൻ്റെ ശരീരത്തിലേൽക്കുന്നില്ല, പക്ഷേ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നുണ്ട്…

സന്ദീപ് പതിയെ കണ്ണു തുറന്നു നോക്കി. താനിപ്പോൾ വീടിന്റെ ഉമ്മറത്തു കിടക്കുകയാണ്… എല്ലാം തൻ്റെ തോന്നലായിരുന്നോ…

മുറ്റത്തെന്തോ അനക്കം കേട്ട് അവൻ തല ചെരിച്ചു നോക്കി. കുറേ പേർ തൻ്റെ മുറ്റത്തേക്കു കടന്നു വരുന്നു. ആരുടേയും മുഖം പരിചയമില്ല. അവർ വട്ടം കൂടി അവനെ കടന്നുപിടിക്കാനാഞ്ഞു. സന്ദീപ് പെട്ടെന്ന് ചാടിയെണീക്കാൻ ശ്രമിച്ചു. സ്വന്തം ശരീരഭാരം പ്രതിരോധിച്ചെങ്കിലും അതിനെ തൃണവത്ഗണിച്ചു കൊണ്ട് അവനെഴുന്നേറ്റ് അകത്തേക്കോടി…

” അമ്മേ… അമ്മേ…”. അവൻ ഉറക്കെ വിളിച്ചു.

അടുക്കളയിൽ നിന്നും അമ്മ പരിഭ്രമത്തോടെ ഓടി വന്നു. സന്ദീപ് മുറ്റത്തേക്ക് ചൂണ്ടിക്കാണിച്ച് നിന്ന് കിതച്ചു. അമ്മ ഉമ്മറത്തേക്ക് ചെന്നു.

” അമ്പലത്തിലേക്ക് ഓഹരി കൊടുക്കാനിപ്പോ കാശില്ലെങ്കിൽ പറഞ്ഞാൽ പോരേ… അതിനവനെന്തിനാ ഓടിയൊളിക്കുന്നേ…”.

മുറ്റത്തു നിന്നും ശബ്ദം കേട്ട് സന്ദീപ് പതിയെ എത്തിനോക്കി. ശരിയാണ്. വന്നവരെല്ലാം നാട്ടുകാരാണ് എല്ലാവരും അടുത്തറിയാവുന്നവർ. തൊട്ടടുത്തുള്ള അമ്പലത്തിന്റെ പിരിവിനായി വന്നതാണ്. പക്ഷേ, ആദ്യമെന്തേ തനിക്കവരെ മനസ്സിലായില്ല…

സന്ദീപിൻ്റെ തലച്ചോറ് പുകയാൻ തുടങ്ങി. തന്നെ ആരൊക്കെയോ ആക്രമിക്കാൻ വരുന്നുവെന്ന് പേടിച്ചിട്ടാണ് അങ്ങനെയൊക്കെ തോന്നുന്നത്. പേടി മാറണം, ഈ ചിന്തകൾ മാറണം. സന്ദീപ് വേഗം വീട്ടിലെ ടി വി ഓണാക്കി.

ടി വി യിൽ ഏതോ ഇടിപ്പടമാണ് കളിക്കുന്നത്… ശക്തനായ നായകൻ എതിരാളികളെയെല്ലാം ഒറ്റയ്ക്ക് നേരിട്ട് നിലംപരിശാക്കുന്നു. സിനിമകളിലെ നായകനു മാത്രം കഴിയുന്ന കാര്യം… ഏതെങ്കിലും സിനിമയിലെ നായകനായിരുന്നെങ്കിൽ ആരെയും പേടിക്കാതെ എല്ലായിടത്തും വിജയം മാത്രം കൈ വരിക്കാമായിരുന്നു… സിനിമയിലെ അമാനുഷികനായ നായകൻ സന്ദീപിൻ്റെ ഉള്ളിലേക്ക് സന്നിവേശം നടത്തി… തനിക്കിനി ആരെയും പേടിക്കേണ്ട, അവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു…

********************

അതായിരുന്നു തൻ്റെ രോഗത്തിൻ്റെ തുടക്കം… പലപ്പോഴൊക്കെ ഏതൊക്കെയോ സിനിമകളിലെ നടനായി താൻ സ്വയം മാറുകയായിരുന്നു. ശരിക്കും ഭ്രാന്തുള്ളവർ ഓരോ ചേഷ്ടകൾ കാണിക്കുന്നത് ഇങ്ങനെ സിനിമയിൽ അഭിനയിക്കുന്നതാണെന്ന് വിചാരിച്ചാണോ… മുറ്റത്തെ തകർന്ന കസേരയിലേക്ക് നോക്കി സന്ദീപ് നെടുവീർപ്പിട്ടു. തൻ്റെ ഭാവിയും ജീവിതവും തകർന്നിരിക്കുന്നു, ഒരിക്കലും ശരിയാക്കിയെടുക്കാനാവാത്ത വിധത്തിൽ…

ഏതോ ആശുപത്രിയിൽ പോയി ഏതോ ഡോക്ടറെ കണ്ടു. അയാളെഴുതിത്തന്ന മരുന്ന് കഴിക്കുമ്പോൾ മാത്രം എല്ലാം മറക്കാൻ കഴിയുന്നു, നന്നായി ഉറങ്ങാൻ കഴിയുന്നു. മരുന്നു മുടങ്ങുമ്പോൾ പലതും ഓർമ്മ വരുന്നു, പേടി വരുന്നു, പേടി മാറ്റാൻ സിനിമയിലെ നായകൻ സന്നിവേശിക്കുന്നു…

മാനസികനില തകരാറിലായതിനാൽ ഉണ്ടായിരുന്ന ജോലി പോയി. കൂട്ടുകാർ പലരും അകന്നു. ആരെയും തിരിച്ചറിയാതെയായി. എപ്പോൾ എങ്ങിനെ പെരുമാറുമെന്ന് ബോധ്യമില്ലാത്തതിനാൽ സ്വന്തം അമ്മയ്ക്കു പോലും തന്നെ പേടിയായി. അച്ഛനുമമ്മയ്ക്കും ഭാരം മാത്രമായി താനിപ്പോഴും വെറുതേയിങ്ങനെ ജീവിക്കുന്നു. ഇനി ഇതിനെല്ലാം ഒരു അറുതി വരുത്തേണ്ടിയിരിക്കുന്നു. കഷ്ടപ്പാടുകൾക്കിടയിൽ നിന്നും തൻ്റെ മരുന്നിൻ്റെ ചിലവെങ്കിലും കുറച്ച് അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കണം… സന്ദീപ് തീരുമാനമെടുത്തു…

ഇനി സിനിമയുടെ ക്ലൈമാക്സാണ്. അമാനുഷികനായ നായകൻ സ്വയം ദു:ഖങ്ങളിൽ നിന്നും മുക്തനാവുന്നതോടെ സ്വന്തം അച്ഛനമ്മമാരെയും ദുരിതക്കയത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന അവിസ്മരണീയമായ ക്ലൈമാക്സ്…

മുകളിൽ നല്ല ബലമുള്ള കഴുക്കോലിൽ തയ്യാറാക്കിയ കുരുക്കിനു മുൻപിൽ പുഞ്ചിരിയോടെ അവൻ നിന്നു…

” സ്റ്റാർട്ട് ക്യാമറ… ആക്ഷൻ…”.

സംവിധായകൻ്റെ ശബ്ദം കേട്ടതും സന്ദീപ് പൂർണ്ണമായും കഥാപാത്രമായി മാറി…

~ശ്രീജിത്ത് പന്തല്ലൂർ