ഇല്ല, എന്റെ പ്രണയം എതിരെ നിൽക്കുന്നവർ അറിഞ്ഞിരുന്നില്ല…അഖിലേഷ് പറഞ്ഞത് കേട്ട് പല്ലവിയുടെ നെറ്റി ചുളിഞ്ഞു..

നിൻ വഴിയിൽ…

Story written by Unni K Parthan

==================

“ചോദിച്ചത് കേട്ടില്ലേ..ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്..” പല്ലവിയുടെ ചോദ്യം കേട്ട് അഖിലേഷ് ഒന്ന് ഞെട്ടി…

“പ്രണയിക്കാത്തവർ ആരാണ് ഉള്ളത്..ഞാനും പ്രണയിച്ചിട്ടുണ്ട്..” അഖിലേഷ് ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..

“ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ..പ്രണയം കൊണ്ട്…”

“ഞാൻ ആരെയും തേച്ചിട്ടില്ലാ..പക്ഷെ എനിക്ക് പ്രണയിക്കാൻ ഇഷ്ടാണ്..”

“ആഹാ…അപ്പൊ ഇതിൽ മാസ്റ്റർ ഡിഗ്രി ഉണ്ട് അല്ലേ..” പല്ലവി ചോദിച്ചു..

“ഇല്ല…എന്റെ പ്രണയം എതിരെ നിൽക്കുന്നവർ അറിഞ്ഞിരുന്നില്ല…” അഖിലേഷ് പറഞ്ഞത് കേട്ട് പല്ലവിയുടെ നെറ്റി ചുളിഞ്ഞു..

“പ്രണയം..അത് പെണ്ണിനോട് മാത്രം ആവണമെന്ന് എവിടെയും എഴുതി വെച്ചിട്ടില്ലലോ..”

“മനസിലായില്ല…”

“ആദ്യത്തെ പ്രണയം…ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൈക്കിൾ ഓടിക്കാൻ ആയിരുന്നു..

പിന്നത്തെ പ്രണയം പ്രീഡഗ്രിക്ക് പഠിക്കുമ്പോൾ ബൈക്ക് ഓടിക്കാൻ…

പിന്നീട് കാലം മുന്നോട്ട് പോയപ്പോൾ..എന്റെ പ്രണയം യാത്രകളോട് ആയിരുന്നു…ഇപ്പൊ എന്നും പ്രണയം യാത്രകളോട് മാത്രം..

കാടും മേടും മൊട്ടാക്കുന്നുകളും താണ്ടി..വഴിയറിയാത്ത ദിക്കിലൂടെ..ഇരുളും വെളിച്ചവും കാത്തു നിൽക്കാതെയുള്ള യാത്ര..മുൻ വിധികൾ ഇല്ലാത്ത ഒരു യാത്ര..യാത്ര തരുന്ന ഫീൽ..ആ ഫീലിനെ പ്രണയിക്കാൻ ഏറെയിഷ്ടം..”

“വെറുതെയല്ല ല്ലേ ഈ പാതിരാത്രി…ഇങ്ങനെ..ആളും ആരാവുമില്ലാത്ത ഞങ്ങളുടെ കുഗ്രാമത്തിൽ വന്നുപെട്ടത്..” പല്ലവി ചിരിച്ചു കൊണ്ട് ചോദിച്ചു..

“ഇന്ന് യാത്ര ചെയ്ത വഴി തെറ്റി അറിയാതെ എങ്ങനെയോ ഇവിടെ വന്നുപെട്ടു..ഇനി നാളേ രാവിലെയാവാം യാത്ര എന്ന് കരുതി…ഇവിടെ റൂം എടുത്തു…” അഖിലേഷ് പല്ലവിയേ നോക്കി പറഞ്ഞു..

“ഇത് ഹോട്ടൽ ഒന്നുമല്ലട്ടോ….റൂം എന്ന് പറയാൻ…രാത്രി വൈകി വഴിയറിയാതെ നിന്ന തന്റെ അവസ്ഥ കണ്ട് അച്ഛനാണ് ഇങ്ങോട്ട് കൊണ്ട് വന്നത്..വീടാണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ താൻ സമ്മതിച്ചില്ലയെങ്കിലോ എന്ന് കരുതി…അതോണ്ട് അച്ഛൻ ചുമ്മാ ഒരു നുണ പറഞ്ഞതാ…അടുത്ത് റൂം ഉണ്ട്..ഹോം സ്റ്റേ പോലേയെന്ന്….”

“ആഹാ..അങ്ങനെ ആയിരുന്നോ..ഞാൻ കരുതി…ശരിക്കും ഹോം സ്റ്റേ ആവുമെന്ന്..അച്ഛൻ എന്റെ മനസ് വായിച്ചു എന്നുള്ളതാണ് സത്യം..ചിലപ്പോൾ വീടാണ് എന്ന് പറഞ്ഞാൽ ഞാനും സമ്മതിക്കില്ലായിരുന്നു…”

“മ്മ്..തോന്നി..

അച്ഛൻ പറഞ്ഞത് കേട്ട് ഇപ്പൊ എനിക്കു ചിരി വരുന്നു..” പല്ലവി പറഞ്ഞു…

“ന്താ പറഞ്ഞത്..അച്ഛൻ..”

“ഇയ്യാള് നാട് വിട്ട് പോന്നതാണ് ന്ന്…”

“ഹ.. ഹ…അങ്ങനെ തോന്നിയോ ആൾക്ക്..”

“മ്മ്..അല്ലാതെ ഈ ഗ്രാമത്തിൽ ആരും വരാൻ ഇല്ലെന്നാണ് അച്ഛന്റെ ഒരു..” പാതിയിൽ നിർത്തി പല്ലവി..

“ഞാൻ പറഞ്ഞില്ലേ..എനിക്ക് യാത്രയോട് പ്രണയമാണ്ന്ന്..”

“മ്മ്..”

“എന്തിനോടും പ്രണയം തോന്നാൻ നമുക്ക് ഒരു കാരണം വേണ്ടേ..” അഖിലേഷ് പല്ലവിയേ നോക്കി ചോദിച്ചു..

“മ്മ്… വേണം..”

“യാത്രയോട് എനിക്കു പ്രണയം തോന്നാനും ഒരു കാരണമുണ്ടായിരുന്നു..”

“അതെന്താ..”

“ചെണ്ടപുറത്തു കോല് വീഴുന്ന ഏത് നാട്ടിലേയും ഉത്സവപറമ്പിലേ നിറ സാനിധ്യമാണ് ഞാൻ..അങ്ങനെ ഒരു ഉത്സവപറമ്പിൽ കണ്ട ഒരു കാഴ്ച..അത് വല്ലാതെ മനസിനെ പിടിച്ചുലച്ചു..ഉള്ളിൽ ഒരു കുളിർ മഴ പോലേയുള്ള ആ കാഴ്ചയുടെ കൂടെ  അന്ന് മുഴുവനും അലഞ്ഞു നടന്നു..പിന്നെ..ആൾക്കൂത്തിനുള്ളിൽ എപ്പോളോ ആ കാഴ്ച മാഞ്ഞു പോയി..

അതൊരു പെൺകുട്ടിയുടെ സുന്ദരമായ മുഖമായിരുന്നു..ആ മുഖം താൻ ആയിരുന്നു…” അഖിലേഷ് പറഞ്ഞത് കേട്ട് പല്ലവിയുടെ ഉള്ളൊന്ന് പിടഞ്ഞു..

“ചുമ്മാ ഭ്രാന്ത് പറയല്ലേ…” പല്ലവിയുടെ ശബ്ദം നേർത്തു..

“ഏഴ് വർഷം മുന്നേ..മേടത്തിലേ സൂര്യപുരത്തെ പൂരം..”

സ്ഥലപേര് കേട്ടതും പല്ലവിയുടെ ശരീരത്തിലൂടെ ഒരു വിറയൽ…

“ഇളം മഞ്ഞ നിറമുള്ള പട്ടു പാവാടയും..ഇരു വശത്തേക്ക് മെടഞ്ഞു കെട്ടിയ മുടിയിൽ മഞ്ഞ റിബൺ കെട്ടിയിരുന്നു..ആൾക്കൂട്ടത്തിന് ഇടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ എപ്പോളോ തട്ടി തടഞ്ഞു താഴെ വീണപ്പോൾ ആരേലും കണ്ടോ എന്ന ഭാവത്തിൽ മൂടും തട്ടി എഴുന്നേറ്റു ചുറ്റിനും നോക്കി വീണ്ടും മുന്നോട്ട് ഓടിയ പാവാടക്കാരിക്ക് നിന്റെ മുഖമായിരുന്നു…

എനിക്ക് ഉറപ്പായിരുന്നു…എന്റെ പ്രണയം സത്യമാണെങ്കിൽ..എന്റെ യാത്രയിലെ ഏതെങ്കിലും ഒരു കോണിൽ നീ എനിക്കു മുന്നിൽ വന്നു നിൽക്കുക തന്നേ ചെയ്യുമെന്ന്…

ഓർമ്മകളേക്കാൾ മുന്നേ പായുന്ന മനസിന്‌..നമ്മേ തടഞ്ഞു നിർത്താൻ കഴിയാതെ പോകുന്നതും…ഇങ്ങനെ ഭ്രാന്തമായി..അറിയാതെ കൂടുന്ന പ്രണയത്തിന്റെ..സുഖമുള്ള നോവ് തരുന്ന..നിമിഷങ്ങൾ നൽകുന്ന യാത്രകൾ….ആ യാത്രയിൽ…ഓടുവിലൊരുന്നാൾ..മിഴികളിൽ..തിളങ്ങുന്ന ചെറു പുഞ്ചിരിയുമായി..ദാ..ഇങ്ങനെ വന്നു നിൽക്കുന്ന നിമിഷമാണ്…യാത്രകൾ എന്നും പ്രിയപ്പെട്ടതാക്കുന്നത്…” അഖിലേഷ് പറഞ്ഞു നിർത്തുമ്പോൾ പല്ലവി അത്ഭുതത്തോടെ അഖിലേഷിനെ നോക്കി നിന്നു..

“ഇയ്യാൾക്ക് വട്ടാണ്..മുഴുത്ത വട്ട്..” പല്ലവി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ആണെന്ന് ഞാൻ മുന്നേ പറഞ്ഞുവല്ലോ..യാത്രകളോടുള്ള ഭ്രാന്ത്..ആ ഭ്രാന്തിനൊപ്പം കൂടെ എന്നോ നെഞ്ചിൽ പിടച്ചിൽ നൽകി അകലേക്ക്‌ പോയ്‌ മറഞ്ഞു പോയ പെൺകുട്ടിയുടെ മുഖവും തേടി..അലഞ്ഞു നടന്ന എനിക്കു മുഴുത്ത വട്ടാണ്..”

“ഞാൻ ആണ് ആ പെൺകുട്ടി എന്ന് എന്താണ് ഉറപ്പ്..” കൌതുകം നിറഞ്ഞിരുന്നു പല്ലവിയുടെ ശബ്ദത്തിൽ…

“വെള്ളാരം കണ്ണുള്ള അവളേ ഞാൻ എന്നും ആൾക്കൂട്ടങ്ങളിൽ തിരയുമായിരുന്നു…നിറമുള്ള സ്വപ്‌നങ്ങളേക്കാൾ..ഇന്നലെകളിലെ പാവാടകാരിക്ക് കാലം കടന്ന് പോകുന്തോറും മാറ്റങ്ങൾ വന്നിട്ടുണ്ടാവാമെന്ന്..എനിക്കറിയാമായിരുന്നു…

അത്കൊണ്ട് തന്നേ..അവളുടെ ഓരോ മാറ്റവും..ഓരോ രൂപവും..ഞാൻ എന്റെ മനസ്സിൽ കോറിയിടാൻ തുടങ്ങിയിരുന്നു..ഇടയ്ക്കെപ്പോളോ..വർണ കടലാസുകളിൽ ഞാൻ അവളേ പകർത്തുമായിരുന്നു..അവൾക്കു ഒരുപാട് നിറങ്ങൾ നൽകുമായിരുന്നു..

അങ്ങനെ ഞാൻ നൽകിയ വർണങ്ങൾ ചലിച്ചെടുത്ത ഒരു രൂപമാണ് ഇങ്ങനെ എന്റെ മുന്നിൽ ഇപ്പൊ വന്നു നിൽക്കുന്നത്..” പറഞ്ഞു തീരുന്നതിനോടൊപ്പം..തോളിൽ കിടന്ന ബാഗിൽ നിന്നും നിരവധി വർണ കടലാസുകൾ പുറത്തെടുത്തു..

ആ കടലാസുകളിൽ വരച്ചിരുന്ന മുഖം കണ്ട് പല്ലവിയുടെ അടിവയറിൽ ഒരു പിടച്ചിൽ…ആ പിടച്ചിൽ പതിയേ പതിയേ ശരീരത്തിലേക്ക് പടർന്നു കയറുന്നത് പല്ലവി അനുഭവിച്ചറിയുകയായിരുന്നു..ആ ചിത്രങ്ങൾ എല്ലാം അവളുടെ രൂപമായിരുന്നു..

ആൾക്കൂട്ടത്തിൽ ഓടുന്നത്..ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിടുന്നത്..ഓരോ കാലങ്ങളിലും താൻ മുന്നെന്നോ ചെയ്തു പോയതെല്ലാം വീണ്ടും പല്ലവിയുടെ ഓർമ്മകളിലേക്ക് ഓടിയെത്തി..

ആവേശത്തോടെ ഓരോ ചിത്രങ്ങളും അവൾ മനസിലേക്ക് പകർത്തി..

“ഇത് എങ്ങനെ..എന്നേ കണ്ടിട്ടുണ്ടോ..ഞാൻ അറിയാതെ എന്നേ പിന്തുടർന്നിരുന്നോ..” സന്തോഷവും അത്ഭുതവും നിറഞ്ഞ ശബ്ദത്തിൽ പല്ലവി ചോദിച്ചു..

“ഇല്ല..എന്റെ മനസിലുള്ള മുഖം…
അറിയാതെ ഞാൻ പകർത്തുകയായിരുന്നു..എന്റെ മനസ്സിൽ തെളിയുന്ന നേരം…കാലം കാത്തുവെച്ചന്ന പോലേ..ഒടുവിലൊരുന്നാൾ ഞാൻ കണ്ടെത്തുക തന്നേ ചെയ്തു..ഇനിയുള്ള തീരുമാനം തന്റെയാണ്..

സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല ഞാൻ..കാരണം അന്നേ ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു..ചിലപ്പോൾ എന്നെങ്കിലും എന്റെ മുന്നിൽ കാലം കൊണ്ട് വന്നു നിർത്തിയാൽ..അന്ന് അവൾ മറ്റൊരാളുടെ ഭാര്യയാവാം..അമ്മയാവാം..കാലം ഒരുപാട് വൈകി കാണുന്ന നേരം അവൾ മുത്തശ്ശിയാവാം..അങ്ങനെ അങ്ങനെ ഞാൻ എന്നേ സ്വയമേ എന്നേ ബോധ്യപെടുത്തിയെന്നോ..” പാതിയിൽ നിർത്തി ചുണ്ടിൽ നേർത്ത പുഞ്ചിരിയുമായി അഖിലേഷ് മുഖം  തിരിച്ചു പല്ലവിയേ നോക്കി..

“വിശ്വസിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് സത്യം..ആൾക്കൂട്ടങ്ങൾക്ക് നടുവിലേ മുഖങ്ങൾക്കിടയിൽ എന്നേ മാത്രം തേടിയലഞ്ഞ..ഭ്രാന്തമായാതന്റെ മനസിനോട് എന്തോ എനിക്കു പൊരുത്തപെടാൻ..കഴിയുന്നില്ല ലോ..

താൻ വരച്ച ഈ ചിത്രങ്ങളിൽ എല്ലാം..ഞാൻ എന്റെ ജീവിതവുമായി ചെയ്തു പോയ കാര്യങ്ങൾ തന്നെയാണ്..എന്നേ ഒരിക്കൽ പോലും കാണാതെ..എന്നേ ഇങ്ങനെ അറിയാൻ കഴിയുക എന്ന് പറയുമ്പോൾ..അറിയില്ല…എന്നേ താൻ കളിപ്പിക്കുയാണോ എന്ന്..”

“മ്മ്..വിശ്വസിപ്പിക്കാൻ എന്നിൽ തെളിവായി ഈ ചിത്രങ്ങൾ മാത്രമേ ഉള്ളൂ..കൂടുതലായി തന്നേ എനിക്ക് അറിയുക പോലുമില്ല..പക്ഷെ…ഇഷ്ടമായിരുന്നു..ഓരോ ചിത്രങ്ങൾ പൂർണമാവുമ്പോഴും എന്നിലേക്ക് താൻ പടർന്നു കയറുകയായിരുന്നു…പേരറിയാൻ കഴിയാത്തൊരിഷ്ടം എന്നേ കീഴടക്കുകയായിരുന്നു..

ഇന്ന് ഈ നിമിഷം ഞാൻ ഒരുപാട് സന്തോഷവാനാണ്..എന്റെ ഇഷ്ടം..അല്ലേൽ എന്റെ പ്രണയം ഞാൻ തന്നോട് തുറന്നു പറഞ്ഞുവല്ലോ..”

പല്ലവിയുടെ കാലിന്റെ പെരുവിരലിൽ ഒരു വിറയൽ..

“ഒന്നു ചോദിക്കട്ടേ…” അഖിലേഷിന്റെ ചോദ്യം കേട്ട് പല്ലവി മുഖമുയർത്തി നോക്കി..

“മ്മ്..”

“കൂട്ടിന് ആരേലും കൂടെയുണ്ടോ..” അഖിലേഷ് ചോദിച്ചു…

കുറച്ചു നേരത്തെ മൗനം…മൗനത്തിന് ഒരായുസിന്റെ നീളമുണ്ടെന്നു അഖിലേഷിനു തോന്നി പോയ നിമിഷങ്ങൾ..

“അച്ഛൻ എനിക്ക് വേണ്ടി ഒരു കൂട്ട് തേടുന്നു..ഇനിയുള്ള കാലം എനിക്കു മാത്രമായ് കൂടെയുണ്ടാവാൻ..”

പല്ലവിയുടെ മറുപടി അഖിലേഷിനെ ഒന്ന് ഉലച്ചു…

“എന്നിട്ട്…” ആകാംഷയോടെ അഖിലേഷ് ചോദിച്ചു..

“ഇത് വരേയും അച്ഛന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല…എനിക്കും…” പല്ലവിയുടെ ശബ്ദം കാതുകളിൽ നിന്നും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന സുഖമുള്ള നീറ്റൽ അഖിലേഷ് അറിയുകയായിരുന്നു..

“കൂടെ കൂട്ടട്ടെ ഞാൻ…പോരുന്നോ…ഇനിയുള്ള കാലം എനിക്കു കൂട്ടായ്..” മറ്റൊന്നും ആലോചിക്കാതെ അഖിലേഷ് ചോദിച്ചത് കേട്ട് പല്ലവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

“എന്താ തന്റെ പേര്…” പല്ലവി ചോദിച്ചു..

“അഖിലേഷ്…”

“ഞാൻ പല്ലവി…എനിക്കു തന്നേ അറിയാൻ കഴിയുന്നു..ഇട നെഞ്ചിലേ പിടച്ചിൽ..കാലിന്റെ പെരുവിരലിലേക്ക് പടർന്നിറങ്ങിയ നിമിഷം..ഞാനും അറിയുന്നുണ്ടായിരുന്നു..ജന്മാന്തരങ്ങൾക്ക് അപ്പുറമെന്നോ..പാതിയിൽ നിലച്ചു..പറന്നകന്നു പോയ മോഹങ്ങളേ..

തീരുമാനം എടുക്കാൻ എനിക്കു സമയം വേണം..ഈ രാത്രി ഇരുട്ടി വെളുക്കും മുന്നേ..ഞാൻ മറുപടി നൽകാം…പോരേ..” പല്ലവി ചോദിച്ചു..

“മ്മ്..മതി…” അതും പറഞ്ഞു അഖിലേഷ് തിരിഞ്ഞു നടന്നു..

“അതേ..” പല്ലവിയുടെ പിൻ വിളി കേട്ട് അഖിലേഷ് തിരിഞ്ഞു നോക്കി..

“ഇന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഉത്സവമാണ്..എന്നോ ഒരു ഉത്സവപറമ്പിൽ എന്നേ കണ്ട ആൾക്ക്…ഇന്ന് ഞങ്ങളുടെ ഉത്സവം കൂടാൻ ആഗ്രഹമുണ്ടോ..”

“ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട്..”

“എങ്കിൽ പുലരാൻ കാത്തു നിൽക്കേണ്ട എന്റെ തീരുമാനം..വാ..നമുക്ക് പോകാം..” പല്ലവി മുന്നോട്ട് നടന്നു..

“നമ്മൾ ഒറ്റക്കോ..അച്ഛൻ…”

“അച്ഛൻ എപ്പോളേ പോയി…ഇയ്യാള് വായോ..” പല്ലവി മുന്നോട്ട് നടന്നു…. അഖിലേഷ് പല്ലവിയേ പിന്തുടർന്നു..

“ദാ..ആ കാണുന്നതാണ് അമ്പലം..” മലമുകളിലേക്ക് ചൂണ്ടി പല്ലവി പറഞ്ഞത് കേട്ട് അഖിലേഷ് അങ്ങോട്ട്‌ നോക്കി..

“മാന്നാടിയാർ….ആളോട് ഞാൻ ഈ കുന്നിൻ ചെരുവിലെ ഞങ്ങളുടെ കുഞ്ഞു ഗ്രാമത്തിലേ മണ്ണിൽ നിന്നു പറയുവാ..

മാന്നാടിയരേ..ദാ….പല്ലവി വരുവാണ് ട്ടോ…പല്ലവി തേടിനടന്ന പ്രിയപ്പെട്ടവനുമായി..” കുന്നിൻ മുകളിലേക്ക് നോക്കി പല്ലവി പറഞ്ഞത് കേട്ട് അഖിലേഷ് മുഖം ചെരിച്ചു പല്ലവിയേ നോക്കി..

പതിയേ തന്റെ വലതു കൈ പല്ലവിയുടെ നേർക്ക് നീട്ടി..പല്ലവി തന്റെ കൈതലം അഖിലേഷിന്റെ കൈയ്യിലേക്ക് ചേർത്ത് പിടിച്ചു..ഈ നിമിഷം മാന്നാടിയാർ കുന്നിറങ്ങി  വന്ന തെന്നൽ അവരേ മെല്ലേ തഴുകി കടന്നു പോയി..

പല്ലവി അഖിലേഷിനോടൊപ്പം മാന്നാടിയാർ കുന്നിൻ മുകളിലേക്ക്…

ശുഭം..

Unni K Parthan