മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ജാനകിയപ്പ വന്നപാടെ വിശേഷങ്ങൾ ചോദിച്ചറിയാനായി അകത്തേക്ക് കൊണ്ടുപോയിരുന്നു …!!
ഭക്ഷണം കഴിഞ്ഞു രാത്രി ഏറെ വൈകി മുറിയിലേക്ക് വരുമ്പോഴേക്കും ചാരു കണ്ടു സിദ്ധാർഥ് തന്റെ ഉടുപ്പുകൾ കൂടി ബാഗിനുള്ളിലേക്കടുക്കുന്നത് …
ചാരുലതക്ക് അടിമുടി ദേഷ്യം പെരുത്തു …
ആരോട് ചോദിച്ചിട്ടാണ് എന്റെ വസ്ത്രങ്ങളൊക്കെ അടുക്കുന്നത് …??
മനസ്സിൽ തികട്ടിവന്ന ചോദ്യത്തിനെ നാവിലേക്കെത്തിച്ചില്ല അവൾ …
ഇതാണ് അയാളോടുള്ള പ്രതികാരം….!!
തന്റെ സ്വാതിയേച്ചിക്ക് എന്തുസംഭവിച്ചെന്ന് തന്റെ മൗനം അയാളെ പൊറുതിമുട്ടിക്കുമ്പോൾ അയാളുടെ വായിൽ നിന്നു തന്നെ അതുപുറത്തേക്ക് വരും …!!
“നാളെ താൻ വരില്ലേ ചാരു ….??
വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം …!!”
സിദ്ധാർത്ഥിന്റെ വാക്കുകൾ അവളിൽ പരിഹാസം വിതറി …
ഒരു വാക്കുപോലും ചോദിക്കാതെ എല്ലാം ഒരുക്കിയിരിക്കുന്നു …
എന്നിട്ട് പേരിനു വേണ്ടിയൊരു ചോദ്യം …!!
അഭിനയിക്കാൻ നിങ്ങളെ കഴിഞ്ഞല്ലേ ആരുമുള്ളൂ …!!
വാക്കുകളെ തീക്ഷ്ണതയിൽ ചാലിച്ച് കണ്ണുകളിലൂടെ അയാൾക്ക് നേരെ നോട്ടം തൊടുത്തുവിടുമ്പോഴും അവൾ നിശ്ശബ്ദയായിരുന്നു ….
“നിനക്കിഷ്ടമല്ലെങ്കിൽ ….!!”
അയാളുടെ വാക്കുകളെ പൂർത്തിയാക്കാതിരിക്കാൻ ടേബിളിനു മുകളിലിരുന്ന ഫ്ലവർ വെസ് താഴേക്കിട്ടു ഉടക്കുമ്പോഴും സിദ്ധാർഥ് അനങ്ങിയില്ല …
ആയിക്കോട്ടെ …!!
അങ്ങനെയെങ്കിലും അവളുടെ ദേഷ്യമെങ്കിലും ഒന്ന് കാട്ടിയല്ലോ ….!!
പകുതി തണുത്ത മനസ്സോടെ സിദ്ധാർഥ് മെല്ലെ പുഞ്ചിരിച്ചു …
വെട്ടിത്തിരിഞ്ഞു കൊണ്ട് കിടക്കയിൽ നിന്നും ഷീറ്റെടുക്കാൻ തിരിഞ്ഞപ്പോഴായിരുന്നുകാലിൽ എന്തോ തുളഞ്ഞു കയറിയതുപോലെ തോന്നിയത് …
അസഹ്യമായ വേദനയിൽ തറയിലേക്ക് ചരിഞ്ഞുവീഴാനാഞ്ഞ ചാരുലതയെ സിദ്ധാർഥ് കൈകളിൽ താങ്ങി ….!!
ഉടഞ്ഞ കുപ്പിച്ചില്ലിനെ കാൽവെള്ളയിൽ നിന്ന് വലിച്ചെടുക്കുമ്പോഴും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ അയാൾ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തു ….
വെറുപ്പോടെ അവൾ മുഖം തിരിച്ചു …
അയാളുടെ ശ്വാസം തട്ടുന്ന ദേഹഭാഗങ്ങളെല്ലാം വെന്തുവെണ്ണീറ)യിരുന്നെങ്കിലെന്നവൾ ആശിച്ചു ….!!
“ഇത്രയ്ക്കും വെറുപ്പെന്നോട് വേണോ ചാരുവേ …??”
പതിയെ അവളുടെ കാതുകളിൽ സിദ്ധാർത്ഥിന്റെ നനുത്ത ശബ്ദം അരിച്ചിറങ്ങി …
അയാളുടെ കൈകളെ തട്ടിയെറിഞ്ഞ് വീണ്ടും നിലത്തേക്ക് കിടക്കവിരി വിരിക്കുമ്പോഴേക്കും സിദ്ധാർഥ് അതിൽ കയറിക്കിടന്നിരുന്നു ….!!
സംശയത്തോടെ ചാരുലത അയാളെ നോക്കി ….
“നോക്കി ദഹിപ്പിക്കണ്ട …!!
നിനക്ക് വേണ്ടിയാണ് ആ കിടക്കയൊഴിഞ്ഞു കിടക്കുന്നത് ….
അവിടെ കിടക്കേണ്ടെന്ന വാശിയാണെങ്കിൽ നമുക്ക് രണ്ടാൾക്കും ഇന്നിവിടെ കൂടാം ….”
അരിശത്തോടെ അവൾ പിന്തിരിഞ്ഞുകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും സിദ്ധു മധുരമായി ആശ്വസിക്കുന്നുണ്ടായിരുന്നു ….
വെറുപ്പിന്റെ അങ്ങേയറ്റം ഒരിറ്റു സ്നേഹം അവൾ തനിക്കായി മാറ്റി വയ്ക്കും …!!
“““““““““““““““““““““““““““““““““`
“ആദ്യം ചിക്കമംഗ്ലൂരിലേക്ക്…
അവിടെ ട്രക്കിംഗ് പിന്നെ ടെമ്പിൾ വിസിറ്റൊക്കെ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് തിരിച്ചാൽ മതി …!!”
കാറിലിരുന്ന് അർജുൻ സിദ്ധാർഥിനോട് നിർദ്ദേശിച്ചു …
“നല്ല തണുപ്പാണെന്നാണ് അറിവ് …
പുതയ്ക്കാനുള്ള കമ്പിളിയും മറ്റുമൊക്കെ കരുതിയേക്കണം …”
“അതൊക്കെ കയ്യിലുണ്ട് …”
“പിന്നെ ചാരുവിനെയും കൂട്ടി റിവർ റാഫ്റ്റിംഗിനും കൂടി പോയേക്ക് …!!
ബോട്ടിങ്ങും മറ്റും എവിടെയൊക്കെയാണെന്ന് ഞാൻ നിനക്ക് വാട്സാപ്പ് ചെയ്യാം …!!”
“അതൊക്കെ അവിടെ ചെന്നിട്ട് നോക്കാം അർജൂ …!!”
“ഞാൻ പറഞ്ഞെന്നേയുള്ളൂ …
ധൻദേലി കൂടി ലിസ്റ്റിലിട്ടതാണ് ….
പക്ഷെ ഒരു ഹണിമൂൺ അറ്റമോസ്ഫെറിനു അത് പോരാ ……!!
ബാംഗ്ലൂരിൽ നിനക്ക് പിന്നെ പറഞ്ഞുതരേണ്ട ക)ര്യമില്ലലോ ….!!
ഷോപ്പിങ്ങും സ്നോസിറ്റിയുമാണ് അവിടെ ഹൈലൈറ്റ് ആയി ഇട്ടിരിക്കണേ …!!
പിന്നെയുള്ളതൊക്കെ നിനക്ക് തന്നെ പരിചിതമാണല്ലോ ….!!
പിന്നീടുള്ള സ്പോട്ടൊക്കെ നമ്മുടെ ഷെഡ്യൂൾ പ്രകാരം തന്നെയായിക്കോട്ടെ …!!
ലാൽ ബാഗ് മറക്കരുതേ …..”
അർജുൻ മെല്ലെ ചിരിച്ചു ….
അടുത്ത ഏഴുദിവസത്തേക്കുള്ള റൂട്ടിൻ തയ്യാറാക്കയാണ് …
ചാരുലത അതിലൊന്നും താല്പര്യമില്ലാതെ പിറകിൽ കാഴ്ചകളിലേക്ക് നോട്ടമയച്ചിരുന്നു …
എയർപോർട്ടിൽ വച്ച് സിദ്ധാർഥ് അർജുന് കൈകൊടുത്തുപിരിഞ്ഞു ….
അർജുന്റെ പദ്ധതിപ്രകാരം തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്രാക്രമം …
രാത്രിയേറെ വൈകിയെങ്കിലും നേരത്തെ ബുക്ക് ചെയ്തതിനാൽ ഹോട്ടൽ റൂംഒഴിവുണ്ടായിരുന്നു …
കയ്യിൽ വെളുത്ത ലില്ലിയുടെ രണ്ടു ബൊക്കകൾ സമ്മാനിച്ചുകൊണ്ട് റൂംബോയ് അവരെ സ്വാഗതം ചെയ്തു …
തുറന്ന കിടന്ന വാതിലിലൂടെ അലങ്കരിച്ചൊരുക്കിയ അതിമനോഹരമായ ഹണിമൂൺ സ്യൂട്ട് ….!!
“ചാരു …!!
യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ അല്പം വിശ്രമിക്കൂ ….
ഇന്നത്തേക്ക് മാത്രമേയുള്ളൂ ഇവിടെ സ്റ്റേ …
നാളെ നമ്മൾ തിരിയ്ക്കും …!!”
അവൾ അതിനുത്തരം നൽകാതെ വാഷ്റൂമിലേക്ക് കയറി …
അവൾ കുളി കഴിഞ്ഞു വരുന്നതിന് മുൻപേ തന്നെ സിദ്ധാർഥ് സോഫയിൽ ഇടംപിടിച്ചു മയങ്ങുന്നതുപോലെ കണ്ണടച്ചുകിടന്നു …!!
ടേബിളിനു പുറത്തായി അടച്ചുവച്ചിരുന്ന ഭക്ഷണം ചാരു അടപ്പ് തുറന്നുനോക്കി …
യാത്രാഷീണവും ഉറക്കമില്ലായ്മയും കൊണ്ട് കൺപോളകൾ ഭാരം തൂങ്ങുന്നുണ്ടായിരുന്നു ….
തുറന്ന പടി ഭക്ഷണത്തിലൊന്ന് തൊട്ടുപോലും നോക്കാതെ അവിടെത്തന്നെ വച്ച് ചാരു കിടക്കയിലേക്കമർന്നു …
പിറ്റേന്ന് സിദ്ധാർഥ് വിളിച്ചുണർത്തിയാണ് ചാരു എഴുന്നേറ്റത് …
ഉറക്കം ശരിയാവാത്തതുകൊണ്ട് തന്നെ വല്ലാതെ വിമ്മിഷ്ടപെടുന്നുണ്ടായിരുന്നു അവൾ ..
സിദ്ധാർഥ് എത്ര തടഞ്ഞിട്ടും കഴിച്ചുകൊണ്ടിരുന്ന ഭക്ഷ്ണം പകുതിയിലെത്തുന്നതിനു മുൻപേ അവൾ നിർത്തി …
ഒരു ഗൈഡിന്റെ സഹായത്തോടെ ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് അവർ നടന്നു …
മൂന്നു സീറ്റുകളായി ക്രമീകരിച്ചിരുന്നു ..
“മാഡം വേണമെങ്കിൽ പിറകിലേക്കിരുന്നോട്ടെ….
സാറിന് മുന്പിലിരിക്കാല്ലോ ….!!”
ആശയവിനിമയത്തിന് വേണ്ടിയുള്ള എളുപ്പത്തിനായി പറഞ്ഞൊപ്പിക്കുന്ന രീതിയിലുള്ള ആംഗലേയഭാഷയിൽ ഡ്രൈവർ സിദ്ധാർഥിനോട് അഭിപ്രായമാരാഞ്ഞു ….!!
തങ്ങളെ കൂടാതെ കുറച്ചു ചെറുപ്പക്കാർ കൂടി ജീപ്പിലേക്ക് കയറാനൊരുങ്ങുന്നത് കണ്ട സിദ്ധാർഥ് തന്നെ ക്ഷണം നിരസിച്ച് ചാരുവിനടുത്തായി ഇരുന്നു …!!
വളഞ്ഞും പുളഞ്ഞും വീതികുറഞ്ഞുകൊണ്ടിരിക്കുന്ന ചെങ്കുത്തായ വഴികളിൽകൂടി ജീപ്പ് കുതിച്ചുപാഞ്ഞു …
ഇരുവശങ്ങളിലും നെഞ്ചുവിരിച്ചുകിടക്കുന്ന കൊക്കയിലേക്ക് തള്ളിവീഴാൻ പോകുകയാണോന്ന് ചാരുവിന് പലവട്ടം തോന്നിപ്പോയി ….
ദൂരം കൂടുംതോറും തണുപ്പേറി വരുന്നു …!!
ഇടക്ക് പലവട്ടം ചാരുലതക്കായി സിദ്ധു ഷാൾ നീട്ടിയെങ്കിലും അവളതു സ്വീകരിക്കുന്നതിൽ നിന്നും വിസമ്മതിച്ചു …
ഒരുവിധം ഏതോ മലമുകളിലെന്നു തോന്നിപ്പിക്കുന്നതുപോലെയുള്ള സ്ഥലത്തെത്തിയപ്പോഴായിരുന്നു ജീപ്പ് നിന്നത് ….
ദൂരെനിന്നേ കാണാം കുത്തനെയുള്ള എണ്ണമെടുക്കാൻ കഴിയാത്തത്ര പടികൾ മലയുടെ മുകളിലേക്ക് നേർത്ത നദി പോലെ ഒഴുകിപോയിരിക്കുന്നത് …
“ആ പടികൾ എങ്ങോട്ടാണ് പോകുന്നത് …??”
സിദ്ധാർഥ് ഡ്രൈവറോട് ചോദിച്ചു …
അയാളുടെ ഭാഷ മനസ്സിലാക്കാൻ പ്രയാസമായിരുന്നെങ്കിലും ചില കാര്യങ്ങൾ ചാരുലതക്ക് വ്യക്തമായി …
പടികൾ കയറി ചെല്ലുന്നത് ഒരു ക്ഷേത്രമാണ് ..
മഹാദേവനാണ് പ്രതിഷ്ഠ …!!
ഒരുപാട് ആൾക്കാർ പടികൾകയറി പോകുന്നതും ക്ഷീണിതരായി തിരിച്ചുവരുന്നതും ചാരു കണ്ടു …
ഏകദേശം നാന്നൂറ് പടികളാണ് …
ഒരുവിധം പിടിച്ചുനിൽക്കുന്നവർക്ക് കയറാം ….!!
കാരണം മുകളിലേക്ക് കയറുംതോറുംതണുപ്പും മഞ്ഞും കൂടിക്കൂടി വരും …
ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ കയറാതിരിക്കുന്നതാണ് ഉചിതം ….
സിദ്ധാർഥ് ചാരുവിനെയൊന്നു നോക്കി …
അവൾ അപ്പോഴും മലമുകളിലേക്ക് തന്നെ ദൃഷ്ടിയൂന്നി നിൽക്കെയാണ് ….
ജീപ്പ് കൊണ്ടുനിർത്തിയ ഭാഗത്തിനിരുവശത്തും ചെറിയ കടകളിൽ ചോളവും ബജിയും മൊരിയുന്നുണ്ട് ….
“തനിക്ക് കഴിക്കാനെന്തെങ്കിലും വേണോ …??
ഇന്നലെ മുതൽ ശരിക്കൊന്നും കഴിച്ചില്ലല്ലോ …!!”
ചാരു നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് മുൻപോട്ട് നടന്നു …
ഡ്രൈവറോട് എന്തോ സംസാരിച്ച ശേഷം തിരിഞ്ഞപ്പോഴാണ് ചാരു അവിടെയില്ലെന്നത് സിദ്ധാർഥ് ശ്രദ്ധിച്ചത് …
പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടിനടന്നിട്ടും സിദ്ദുവിന് അവളെ കണ്ടെത്താനായില്ല ….
“ചാരു …ചാരൂ …!!!”
നീട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും കേൾക്കാതായപ്പോൾ മലമുകളിലേക്ക് അവളെപ്പോലൊരാൾ കയറിപ്പോകുന്നത് സിദ്ധു ഒരുമാത്ര കണ്ടു …!!
“ചാരു …!!
അവിടെ നിൽക്കൂ….
ഞാൻ കൂടി വരാം ….!!”
സിദ്ധുവിന്റെ വിളികേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ തന്നെ ചാരു മുൻപോട്ടുള്ള പടികൾ കയറി …
ഒറ്റക്കിതുപോലെ കുറച്ചുനിമിഷങ്ങൾ ….!!
കഴിഞ്ഞ രണ്ടുദിവസങ്ങളായി ഏറ്റവും കൂടുതൽ അനുഭവിക്കണമെന്ന് തോന്നിയത് …
കൂട്ടിലിട്ട കിളിയെ പോലെ അയാളുടെ സംരക്ഷണത്തിൽ ശ്വാസം മുട്ടിപിടയുകയായിരുന്നു ….
കുട്ടിക്കാലം മുതൽക്കേ അധികമായുള്ള മഞ്ഞും തണുപ്പും തന്റെ ശ്വാസഗതിയ്ക്ക് പ്രശനമുണ്ടാക്കാറുണ്ട് …
അതുകൊണ്ട് തന്നെ ഇവിടേക്ക് കയറില്ലെന്ന് സിദ്ധു വിചാരിക്കില്ലെന്ന പ്രതീക്ഷയോടെയാണ് പടി കയറിയത് …
നിർഭാഗ്യം കൊണ്ട് അതും കണ്ടെത്തിയെന്ന് തോന്നുന്നു …!!
ചാരുലത സ്വയം ശപിച്ചുകൊണ്ട് സിദ്ധാർത്ഥിന്റെ വിളികൾക്ക് മറുപടി നൽകാതെ വീണ്ടും വീണ്ടും മുകളിലേക്ക് കയറി …
ഒത്തിരി പടികൾ കയറിയപ്പോഴേക്കും ദേഹം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു …
സഹിക്കാൻ പറ്റാത്ത തണുപ്പും കാറ്റും സാരിക്ക് മുകളിൽ കൂടി ചുറ്റിയിരുന്ന ചെറിയ ടവ്വലിനെ പറതിയകറ്റി …..
സിദ്ധുവച്ചു നീട്ടിയ ഷാൾ മേടിക്കേണ്ടതായിരുന്നു ….!!
അവൾഒരുനിമിഷം ചിന്തിച്ചുപോയി …
വേണ്ട ….
അയാളുടെ ഒരൗദര്യവും വേണ്ട …!!
സിദ്ധാർഥിനോടുള്ള ദേഷ്യം മേനിയിൽ ചൂട് പിടിപ്പിച്ചുകൊണ്ട് അവൾ വീണ്ടും നടന്നു …
വല്ലാത്ത ആയ്പ്പും കിതപ്പും …
രണ്ടുദിവസമായി ശരിക്കാഹാരമില്ലാത്തതും ദേഹത്തിനെ തളർത്തുന്നുണ്ടായിരുന്നു …
ചെവിയിൽക്കൂടി ശക്തമായ കാറ്റിന്റെ വീശലും ശബ്ദവും …!!
മുന്നിലേക്കുള്ള കാഴ്ചകളൊന്നും വ്യക്തമാകാത്തതുപോലെ …
ഇനിയെത്രയുണ്ട് ക്ഷേത്രത്തിലേക്ക് ….??
കണ്ണുതുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ….
ആകെ കുഴഞ്ഞുപോയി …!!
വാടിത്തളർന്നു വീണുപോകാനൊരുങ്ങിയ ചാരുവിനെ കണ്ട സിദ്ധു പടികൾ ഓടിക്കടന്നു …
മയങ്ങിവീണുപോയ അവളെ ദേഹത്തോട് ചേർത്തുപിടിച്ചുകൊണ്ട് സിദ്ധാർഥ് പടികൾ കയറി ….
പടികൾക്കവസാനം തളർന്നുപോയ ചാരുവിനെ മടിയിൽക്കിടത്തി കയ്യിലിരുന്ന വെള്ളം അവളുടെ മുഖത്തു കുടഞ്ഞു …
ഇറ്റുവെള്ളം ചുണ്ടിൽ തളിച്ചപ്പോഴായിരുന്നു ബോധം വന്നത് …!!
“ഞാൻ …ക്ഷേത്രത്തിലേക്ക് ….!!”
എന്തൊക്കെയോ പറഞ്ഞൊപ്പിക്കുവാൻ ശ്രമിക്കുമ്പോഴേക്കും സിദ്ധാർഥ് അവളെ പിടിച്ചെഴുന്നേല്പിച്ചു …
“വാ എന്റെ കൂടെ ….!!”
അവളെ അടക്കിപ്പിടിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോഴും സിദ്ധാർഥ് മനസ്സുരുകി പ്രാർത്ഥിച്ചു …
“ഈശ്വരാ …!!
ഈ പാവം പെണ്ണിനെ …അവളുടെ വെറുപ്പെല്ലാം തുടച്ചുനീക്കി എനിക്ക് തന്നെ തന്നേക്കണേ …!!”
—————————
“ചാരുലത …ചാരുലത …!!”
കൺസൾട്ടിങ് റൂമിനു പുറത്തേക്ക് വന്ന നഴ്സിന്റെ ശബ്ദം ചാരുലതയെ ഓർമ്മകളിൽ നിന്നുണർത്തി …
“വരൂ മോളെ ….
അടുത്തത് മോളാണ് …!!”
രാച്ചിയമ്മ ചാരുലതയുടെ ചുമലിൽ പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു ….
തുടരും…