എഴുത്ത്: മിത്ര വിന്ദ
==================
അച്ഛാ….എന്റെ ഈ കുപ്പായം കണ്ടുകൊണ്ട് മിഥുൻ പറയുവാ നിന്റെ അച്ഛന് ചെരുപ്പ് കുത്താൻ മാത്രമേ അറിയൂ, ഈ കീറിയ കുപ്പായം കൂടി തുന്നാൻ അച്ഛനോട് രാത്രിയിൽ വരുമ്പോൾ പറയാൻ….
കണ്ണൻ വിങ്ങി പൊട്ടി കൊണ്ട് രാഘവനോട് പറഞ്ഞു…
ചെരുപ്പുകുത്തിയായ രാഘവന്റെ മൂത്ത മകൻ ആണ് കണ്ണൻ എന്ന രാഹുൽ രാഘവ്…അവന്റെ യൂണിഫോം ഷർട്ടിന്റെ തുന്നൽ വിട്ടു പോയിട്ട് ‘അമ്മ പലതവണ തുന്നി കൊടുത്തതാണ്…പക്ഷെ മൂന്നു വര്ഷം പഴക്കം ഉള്ള ഷർട്ട് പിഞ്ചി പോകാൻ തുടങ്ങിരുന്നു…കൂട്ടുകാരൻ കളിയാക്കിയത് ഇന്ന് കണ്ണന് ഭയങ്കര വിഷമമായി…രാത്രിയിൽ അച്ഛൻ വരുന്നതുവരെ ആ കാര്യം പറയുവാൻ അവൻ കാത്തിരുന്നതാണ്…
ഉസ്കൂൾ അടക്കാൻ ഇനി അധിക ദിവസം ഇല്ലാലോ മോനെ, ഈ വര്ഷം കൂടി ഇത് ഇടൂ, അടുത്ത ആണ്ടിൽ അച്ഛൻ ഉറപ്പായിട്ടും എന്റെ കണ്ണന് മേടിച്ചുതരാം കെട്ടോ….രാഘവൻ മകന്റെ തലയിൽ തഴുകി….
അച്ഛൻ കളിവാക്കു പറയുന്നത് എനിക്കറിയാം, അവൻ രാഘവനോട് പിണങ്ങികൊണ്ട് അയാളുടെ മടിയിൽ നിന്നും ഇറങ്ങി പോയി….
ഇന്ന് കൂട്ടുകാരൻ കളിയാക്കിയത് അവനു വിഷമമായി ചേട്ടാ, അയാളുടെ ഭാര്യ ശോഭ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു… ഇതാ കട്ടൻ ആണ്. പഞ്ചാര തീർന്നിട്ട് എത്ര ദിവസമായിന്നു അറിയുമോ, ഇന്ന് മക്കൾക്ക് ഭരണി കഴുകിയാണ് ഒരിറ്റു കാപ്പി വെള്ളം കൊടുത്തത്…അവൾ കാപ്പി അയാളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു…
നാളെ മേടിക്കാടി പഞ്ചാര, ഇന്ന് ആണെങ്കി മൂന്നു പേരാണ് ആകെ ചെരിപ്പ് തയ്യ്ക്കാൻ വന്നത്, അയാൾ പോക്കറ്റിൽ കിടന്ന 35രൂപ എടുത്തു ഭാര്യയെ കാണിച്ചു…
കിങ്ങിണി ഉറങ്ങിയല്ലേ നേരത്തെ, നിലത്തു തഴപ്പായിൽ ഉറങ്ങുന്ന മകളെ നോക്കി അയാൾ ചോദിച്ചു,
കണ്ണാ മതി പഠിച്ചത്, മണ്ണെണ്ണ തീരാറായി ശോഭ മകനെ കിടക്കനായി വന്നു വിളിച്ചു…
മോൻ എല്ലാം പേടിച്ചോടാ, അയാൾ വാത്സല്യത്തോടെ മകനെ മടിയിൽ ഇരുത്തി..
അവൻ ഉവ്വെന്നു തലയാട്ടി…
എന്റെ മക്കൾ നല്ലോണം പഠിക്കണമ് കെട്ടോ…എന്നിട്ട് ജോലി ഒക്കെ മേടിച്ചു, കോട്ടും സൂട്ടും ഇട്ടു എന്റെ മോൻ വലിയ കാറിൽ വന്നു ഇറങ്ങണം….എന്നിട്ട് വേണം അച്ഛന് കണ്ണടയ്ക്കാൻ കെട്ടോ….അയാൾ വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്നു പറഞ്ഞു…
ഓഹ് തൊടങ്ങി നിങ്ങടെ പുരാണം…കണ്ണാ പോയി കിടക്ക്…ശോഭ മകനോട് പറഞ്ഞു..
അച്ഛാ ഞാൻ ഡോക്ടർ ആയാൽ മതിയോ, അപ്പോൾ അച്ഛമ്മക്ക് ചുമയുടെ മരുന്നു ഫ്രീ ആയിട്ട് കൊടുക്കുകയും ചെയ്യാമല്ലോ എനിക്ക്, കണ്ണൻ രാഘവനോട് വീണ്ടും ചോദിച്ചു….
രാഘവന്റെ അമ്മക്ക് എന്നും അസുഖം ആണ്, അതുകൊണ്ട് ആണ് മകൻ ഇങ്ങനെ ചോദിച്ചത്…
എന്റെ മോൻ ഇഷ്ടമുള്ളതായിക്കോ കെട്ടോ, എല്ലാ ക്ലാസിലും ഒന്നാമനായി പഠിച്ഛ് ജയിക്കണം, അത്രയും ഒള്ളു….അയാൾ മകനെ മടിയിൽ നിന്നെഴുനേൽപ്പിച്ചു കൊണ്ട് പറഞ്ഞു…
ഞാൻ ആറ്റിൽ പോയി കുളിച്ചിട്ട് വരാം, നീ കഞ്ഞി വിളമ്പി വെയ്ക്ക് എന്നും പറഞ്ഞു, അയാൾ തോർത്തുമെടുത്തു പോയി…
ചക്കക്കുരു മാങ്ങാ ഇട്ടു ചാറു വെച്ച കൂട്ടാൻ ചട്ടിയിൽ ചാക്കരിയുടെ ചോറ് വെച്ച കുറച്ചു വറ്റിട്ടു വെച്ചിട്ടുണ്ട് ശോഭ…കഞ്ഞിവെള്ളം ആണ് അതിൽ കൂടുതലായുള്ളത്..അവളും ഭർത്താവും കൂടി സന്തോഷത്തോടെ അത് കുടിച്ചു…
മേലേടത്തു വീട്ടിൽ ശേഖരൻ മുതലാളിയുടെ കൊച്ചു പ്രസവിച്ചു കിടക്കുകയാണ്, കൊച്ചിനെ നോക്കാൻ മൂന്നു മാസത്തേക്ക് ആളെ വേണം, ഗീത ആണ് പറഞ്ഞത്, ഞാൻ പോകട്ടെ ചേട്ടാ കുറച്ചു പൈസ കിട്ടുകയും ചെയ്യും, ശോഭ ഭർത്താവിന്റെ കണ്ണുകളിലേക്ക് ആശയോടെ നോക്കി…
വേണ്ട ശോഭേ, നീ ഒരു വീട്ടിലും ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം വേലക്ക് പോകണ്ട…അത് കഴിഞ്ഞാൽ നീ എന്താന്ന് വെച്ചാൽ ആയിക്കോ…രാഘവൻ കപ്പിൽ നിന്നും വെള്ളം എടുത്തു കൈ കഴുകി കൊണ്ട് പറഞ്ഞു..
അവൾക്കറിയാം എത്ര ഇല്ലായ്മ ആണെങ്കിലും അയാൾ അവളെ ഒരു ജോലിക്ക് പോലും വിടില്ലെന്ന്…
എടാ രാഘവാ നിന്നോട് ഞാൻ പറഞ്ഞിട്ടുളളതല്ലേ ഈ കടയുടെ മുൻപിൽ ഇരിക്കേണ്ടന്നു പിന്നെയും അവൻ ഇവിടെ വന്നിരിക്കുകയാണോ എന്ന് ചോദിച്ചു കൊണ്ട് പോലീസ് ഏമാൻ അവന്റെ അടിവയറ്റിൽ ഒരു താങ് താങ്ങി….
അമ്മേ….അയാൾ വേദന കൊണ്ട് പുളഞ്ഞു…
നിന്റെ ഈ കോ* പ്പെല്ലാം എടുത്തോണ്ട് പൊയ്ക്കോണം എന്നും പറഞ്ഞു കടയുടമ വന്നു അവന്റെ സൂചിയും മറ്റു സാധനങ്ങളും എടുത്തു വഴിയിലേക്കെറിഞ്ഞു…
അയ്യോ എന്റെ അന്നം മുട്ടിക്കരുതേ എന്നും പറഞ്ഞു രാഘവൻ ഓടിച്ചെന്നു അതെല്ലാം പെറുക്കി എടുത്തു….
രാഘവൻ പതിവായി ഇരിക്കുന്ന സ്ഥലത്തു ആണെങ്കിൽ ആളുകൾ തീരെ കുറവായിരുന്നു, ആളുകൾ ഒരുപാട് വരുന്ന സ്ഥലത്തു അയാൾ മാറി ഇരുന്നതാണ്, അവൻ ഇരുന്ന കടയുടെ ഉടമ അത് ഇഷ്ടപ്പെടാതെ അപ്പോൾ മുതൽ ബഹളം ആയിരുന്നു…
ഇന്ന് ഒരേ ഒരു ദിവസമേ ഞാൻ ഇരിക്കുവോള്ളൂ എന്ന് അയാളുടെ കാൽ പിടിച്ചു പറഞ്ഞതാ, അയാൾ അത് കേട്ടിലാരുന്നു, ചൂട് വെള്ളം തോർത്തിൽ മുക്കി രാഘവന്റെ പുറത്തു വെയ്ക്കുകകയാണ് ശോഭ….
പാവങ്ങളോട് ഇങ്ങനെ പെരുമാറിയ അവനൊക്കെ നശിച്ചു പോകണെ ഭഗവാനെ ശോഭ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു…
സന്ധ്യക്ക് പ്രാകാതെ ശോഭേ നീ…അത് നമ്മൾക്ക് തന്നെ തിരിച്ചു കിട്ടും, അയാൾ ഭാര്യയെ ശാസിച്ചു.
കണ്ണന്റെ കുഞ്ഞു മനസും വിങ്ങി….എന്റെ അച്ഛനെ അടിച്ച ആ പോലീസിനെ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കമായിരുന്നു ഇപ്പോൾ…ഏഴാം ക്ലാസിൽ പഠിക്കുന്ന അവൻ കുഞ്ഞിപെങ്ങളോട് പറഞ്ഞു…
മോനെ അത് പുതിയതായി വന്ന എസ്ഐ ആണ്, നമ്മുടെ അമ്മദിക്ക ആണ് പറഞ്ഞത്, രാഘവൻ എല്ലാവരോടുമായി പറഞ്ഞു…
“ഞാനും പഠിച്ചു വലുതാകുമ്പോൾ പോലീസ് ആകും” കണ്ണൻ രാഘവന്റെ അടുത്തിരുന്നു പറഞ്ഞു……..
അന്ന് രാത്രിയിൽ രാഘവന് നല്ല പനിയായിരുന്നു, അതുകൊണ്ട് മൂന്നു ദിവസം അയാൾ ചരുപ്പ് തുന്നാൻ പോയില്ല…
നാലാം ദിവസം രാവിലെ അയാൾ പണിക്ക് പോകാനിറങ്ങി,
അച്ഛാ മുട്ടായി മേടിക്കണേ….കിങ്ങിണി വിളിച്ചു പറഞ്ഞു…
പിറകിൽ നിന്ന് വിളിക്കരുതെന്ന് നിന്നോട് പറഞ്ഞതല്ലെടി…ശോഭ കിങ്ങിണിയെ തല്ലാനായി കൈ ഓങ്ങി…
അച്ഛൻ മേടിച്ചോണ്ട് വരാം കെട്ടോ മുത്തേ…അയാൾ തിരിച്ചു വന്നു മക്കൾക്ക് രണ്ടുപേർക്കും ഉമ്മ കൊടുത്തിട്ട് പോയി…
എടാ രാഘവ ഈ ലോട്ടറി എടുക്കെടാ,, ഉറപ്പായിട്ടും അടിക്കും…..ലോട്ടറി മത്തായി രാഘവന്റെ അടുത്ത് വന്നു പറഞ്ഞു..ഒടുവിൽ ആകെ കൈയിൽ ഉണ്ടായിരുന്ന പൈസക്ക് അയാൾ ഒരു ലോട്ടറി എടുത്തു..
ശോഭ അറിഞ്ഞാൽ വഴക്ക് ഉണ്ടാക്കും എന്നും അയാൾ ഓർത്തു…
പതിവിനു വിപരീതമായി അയാൾക്ക് അന്ന് കുറെ ജോലി കിട്ടി….എന്തായാലും കണ്ണന് ഒരു കുപ്പായം മേടിക്കണം എന്ന് അയാൾ ഓർത്തു..
പതിവിലും നേരത്തെ രാഘവൻ പണി നിർത്തി, കിട്ടിയ പൈസ എല്ലാം സ്വരുക്കൂട്ടി ഒരു ചെറിയ തുണികടയിൽ കയറി, കണ്ണന് ഒരു ഷർട്ട് മേടിച്ചു, കിങ്ങിണിക്കൊരു ഉടുപ്പും, വില ഏറ്റവും കുറഞ്ഞത് മേടിക്കാൻ അയാൾ നന്നേ പാടുപെട്ടു. ഇത് കാണുമ്പോൾ ഉള്ള മക്കളുടെ സന്തോഷത്തോടെ ഉള്ള മുഖം കാണുവാൻ രാഘവന്റെ മനസ് വെമ്പി….വേഗം പൈസ കൊടുത്തു അയാൾ കടയിൽ നിന്നിറങ്ങി, കുറച്ചു പച്ചക്കറിയും മേടിച്ചു വരുമ്പോൾ കണ്ടു, പതിവായി പോകുന്ന ബസ് ബെൽ അടിച്ചത്…ആ ബസിൽ തന്നെ പോകാൻ മുന്നോട്ട് കുതിച്ച രാഘവനെ എതിരെ വന്ന ഒരു കാർ ഇടിച്ചു തെറുപ്പിച്ചത് ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞു…
രാഘവൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, അയാൾ ജീവിച്ചിരുന്നപ്പോൾ കൂലിവേലക്ക് പോകാതിരുന്ന ശോഭ പതിയെ പതിയെ കുടുംബം പുലർത്താൻ വേണ്ടി പണിക്കു പോയി തുടങ്ങി, മക്കൾ രണ്ടുപേരും നന്നായി പഠിക്കും എന്നതായിരുന്നു അവരുടെ ഒരേ ഒരു സന്തോഷം….
***********************
ഇതാണ് എന്റെ അച്ഛൻ എനിക്കവസാനമായി തരാൻ വേണ്ടി മേടിച്ച ഷർട്ട് എന്നും പറഞ്ഞു രാഹുൽ രാഘവ് എന്ന സിറ്റി പോലീസ് കമ്മീഷ്ണർ സ്റ്റേജ് ഇൽ നിന്ന് കൊണ്ട് ഒരു ഷർട്ട് ഉയർത്തി എല്ലാവരെയും കാണിച്ചു….
താൻ പഠിച്ച സർക്കാർസ്കൂളിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ പങ്കെടുക്കുവാൻ വന്നതാണ് പുതിയതായി ചാർജ് എടുത്ത സിറ്റി പോലീസ് കമ്മീഷ്ണർ….
അവിടെ കൂടിയ ഓരോരുത്തരും കണ്ണ് നിറഞ്ഞു കേട്ട് കൊണ്ടിരിക്കുകയാണ് രാഹുൽ രാഘവ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ കഥ……
ഇതേ സ്കൂളിൽ പഠിച്ച എന്റെ അനുജത്തി ഡോക്ടർ ആണ്, എന്റെ ആദ്യത്തെ ആഗ്രഹം ഒരു ഡോക്ടർ ആകുക എന്നതായിരുന്നു, അത് അവൾ സാധിച്ചു…ഇന്ന് അവൾക്കും എന്റെ അമ്മയ്ക്കും ഇവിടെ വരാൻ സാധിച്ചില്ല എന്ന ഒരേ ഒരു വിഷമം മാത്രം ഒള്ളു….
എന്നെ ചെരുപ്പുകുത്തിയുടെ മകൻ എന്ന് വിളിച്ചവർ ഇപ്പോൾ സാർ എന്ന് വിളിക്കുന്നത് കേൾക്കുവാൻ എന്തൊരു സുഖമാണെന്ന് അറിയുമോ എന്റെ അനുജന്മാര്കും അനുജത്തിമാർക്കും….എന്റെ അച്ഛന് കൊടുത്ത വാക്ക് ഞാൻ പാലിച്ചു, അതുപോലെ നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ മാതാപിതാക്കൾ ഏൽപ്പിച്ചു വിടുന്ന ഒരേ ഒരു ചുമതല നിങ്ങൾ നന്നായി പഠിക്കുക എന്നത് മാത്രമാണ്…..എന്നെപോലെ നിങ്ങൾക്ക് ഓരോരുത്തർക്കും ആ വാക്ക് പാലിക്കുവാൻ കഴിയണം എന്ന് പറഞ്ഞു രാഹുൽ രാഘവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ പ്രഭാഷണം അവസാനിപ്പിച്ചു….