ഇതിന് ഒരു പരിഹാരം കണ്ടേ നിവൃത്തി ഉള്ളൂ എന്ന് എനിക്ക് മനസിലായി… അങ്ങനെ അടുത്ത തവണ ഒരു കല്യാണത്തിന് പോയി…

എഴുത്ത്: Diju AK

================

…സ്വന്തം പേര് എൻ്റെ അത്രയും തവണ repeat ചെയ്യേണ്ടി വന്ന വേറെ ഒരാള് ഉണ്ടാകുമോ എന്ന് എനിക്ക് സംശയം ആണ്….🤔🤔

എന്താ പേര്…?
DIJU

ബിജു ??
അല്ല DIJU

ജിജു ??
അല്ല.. DIJU

സിജു ??
അല്ല… DIJU

മനസ്സിലായില്ല… സ്പെല്ലിംഗ് പറയാമോ… D.I.J.U

ഓ… ദിജു…

ഇംഗ്ലീഷിൽ DIJU എന്നാണെങ്കിലും മലയാളത്തിൽ ഡിജു എന്ന് പേരുള്ള എന്നെ ദിജു എന്നാണ് ഭൂരിപക്ഷം ആൾക്കാരും വിളിക്കുന്നത്… ഏറെക്കുറെ ശരിയായത് കൊണ്ട് ഞാൻ തിരുത്താൻ നിൽക്കാറില്ല…

D.I J.U എന്ന സ്പെല്ലിംഗ് കണ്ട് എന്നെ പോളിയിലെ പ്രിൻസിപ്പൽ വിളിക്കുന്നത് ഡൈജു എന്നായിരുന്നു… ആ കണക്കിന് ദിജു എന്ന് വിളിക്കുന്നത് ലാഭം എന്ന് കരുതി സമാധാനിക്കും ഞാൻ…

ആശുപത്രിയിലും ഓഫീസുകളിലും പോലീസ് പെറ്റിക്ക് പിടിക്കുംപോഴും അങ്ങനെ സകല ഇടങ്ങളിലും എനിക്ക് പേര് മിനിമം മൂന്ന് തവണ repeat ചെയ്യേണ്ടി വന്നിട്ടുണ്ട്… മൂന്ന് തവണ പറഞ്ഞിട്ടും ശരിയായില്ല എങ്കിൽ പിന്നെ അവര് പറയുന്നത് ഞാൻ സമ്മതിക്കാറാണ് പതിവ്… അങ്ങനെ പലയിടത്തും ഞാൻ ബിജു ആയും ജിജു ആയും സിജു ആയും ജീവിച്ചു പോരുന്നു…

പക്ഷേ ഇതൊന്നും എനിക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഉണ്ടാക്കാത്തതിനാൽ ഞാൻ അത്ര കാര്യമാക്കിയില്ല…

പക്ഷേ കല്യാണ വീടുകളിലും പാല് കാച്ച് വീടുകളിലും സംഭാവന കാശായിട്ട് കൊടുക്കുമ്പോൾ അവരുടെ ബുക്കിൽ എഴുതാൻ പേര് പറഞ്ഞു കൊടുക്കേണ്ടി വന്നപ്പോൾ മൂന്ന് തവണ പറഞ്ഞിട്ടും മനസ്സിലായില്ല എങ്കിൽ അവർക്ക് ഇഷ്ടം ഉള്ളത് എഴുതട്ടെ എന്ന് കരുതി പോരാൻ പറ്റില്ലല്ലോ… പിന്നീട് ബുക്ക് എടുത്ത് വീട്ടുകാര് വായിച്ചു നോക്കുമ്പോൾ എൻ്റെ പേര് കണ്ടില്ലെങ്കിൽ കാ” ലമാടൻ വന്ന് മൂക്ക് മുട്ടെ കേറ്റിയിട്ട് ഒരു രൂപ പോലും തന്നില്ലല്ലോ എന്ന് പ്രാകിയാലോ എന്ന് ഒരു ഭയം ഉടലെടുത്തു തുടങ്ങി… തന്നെയുമല്ല കൊടുത്ത കാശും പോകും…🤣

ഇതിന് ഒരു പരിഹാരം കണ്ടേ നിവൃത്തി ഉള്ളൂ എന്ന് എനിക്ക് മനസിലായി… അങ്ങനെ അടുത്ത തവണ ഒരു കല്യാണത്തിന് പോയി… ആ കല്യാണത്തിന് പോകേണ്ട അത്യാവശ്യം ഇല്ല… എങ്കിലും ഞാൻ കരുതി പോയേക്കാം… ഒഴിയണ്ട… ചെന്നപ്പോ ഊണ് ടൈം… ബിരിയാണി ആണ്… ഉണ്ണാൻ കയറാൻ തിരക്ക് എന്ന് പറഞ്ഞാ എജ്ജാതി തിരക്ക്… ബോംബെ railway സ്റ്റേഷനിൽ ട്രെയിനിൽ കേറാൻ ഇത്രയും തിരക്ക് കാണില്ല… എൻ്റെ ഉള്ളിലെ ദുരഭിമാനം ഉണർന്നു… “വേണ്ട… വീട്ടിൽ പോയി കഴിക്കാം… തൽക്കാലം കാശ് കൊടുത്തിട്ട് പോകാം…”

ഊണിന് കയറുക എന്ന യുദ്ധത്തിൽ നിന്ന് നിരുപാധികം പിന്മാറി സംഭാവന കൊടുക്കുന്ന മേശക്കരികിലേക്ക്… അവിടെ അതിനേക്കാൾ തിരക്ക്… കുത്തി കേറി ഞാൻ അയാളെ കണ്ടു… കാശ് മേടിക്കുന്ന ആളെ… എന്നെ നോക്കി പേര് പറ എന്നർത്ഥത്തിൽ പുരികം ഉയർത്തി…

എനിക്ക് തൊട്ട് മുമ്പിൽ നിന്ന ആള് ബാബു എന്ന് പറഞ്ഞപ്പോ “ബാവു” എന്ന് എഴുതിയ ഇവനോട് ഞാൻ എങ്ങനെ പറയും എൻ്റെ പേര്… ഈശ്വരാ…🙏

ഞാൻ പറഞ്ഞു ചേട്ടാ ആ പേന ഒന്ന് തരാമോ… പേര് എഴുതി അങ്ങ് കാണിക്കാം എന്ന ഗൂഢ ലക്ഷ്യവുമായി ഞാൻ പേന ചോദിച്ചു…

ങ്ങെ… പേന തരാനോ… ഇവിടെ എഴുതി കൊണ്ടിരിക്കുന്നത് തനിക്ക് കണ്ടൂടെ…

ചേട്ടാ എൻ്റെ പേര് എഴുതാനാ…

തൻ്റെ പേര് എഴുതാനാ ഞാനും ഇരിക്കുന്നത്…

അതല്ല ചേട്ടാ ഞാൻ എഴുതി കാണിക്കാം…

എന്തിന്… എനിക്ക് എഴുതാനും വായിക്കാനും ഒക്കെ അറിയാം… ഞാൻ ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല…

അപ്പോഴും രജിസ്റ്ററിൽ എഴുതിയെക്കുന്ന “ബാവു” എന്നെ നോക്കി കൊഞ്ഞനം കാണിക്കുന്നുണ്ട്…🙄

അതല്ല ചേട്ടാ… ഒരു പ്രശ്നം ഉണ്ട്…👹

ഇവിടെ ഈ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് പ്രശ്നങ്ങൾ ഉള്ളതാ ഇയാള് പേര് പറയുന്നെങ്കിൽ പറ…😡

പെട്ടെന്ന് എനിക്ക് ഈഗോ കയറി… ഇനി കൊന്നാലും ഞാൻ പേര് പറയില്ല എന്ന തീരുമാനത്തിൽ എത്തി… കാശ് കൊടുക്കുന്നില്ല…!! ഏതായാലും ഭാഗ്യത്തിന് ആഹാരം കഴിച്ചതും ഇല്ലല്ലോ…!! കേറിയതിനേക്കാൾ കഷ്ടപ്പെട്ട് ഞാൻ തിരക്കിൽ നിന്ന് വെളിയിൽ ഇറങ്ങി തിരിച്ച് വീട്ടിലേക്ക് പോരുന്നു… 500 രൂപ ലാഭം എന്ന് ചിന്തിച്ച് സമാധാനിച്ചു…🤔

ശെടാ… ഇതൊരു പ്രശ്നം ആണല്ലോ… ഇങ്ങനെ ആയാൽ ശരിയാകില്ല… പരിഹാരം കണ്ടേ പറ്റൂ… എൻ്റെ പോളി ടെക്നിക് ബുദ്ധിയിൽ ആലോചിച്ചു… ഒരു പരിഹാരം മനസ്സിൽ ഉയർന്നു വന്നു… എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി… ഹമ്പട ഞാൻ…😎

അടുത്ത അവസരത്തിൽ പ്രയോഗത്തിൽ വരുത്തണം…

കാത്തിരുന്ന് അടുത്ത കല്യാണം വന്നു… അമിത ഉത്സാഹത്തിൽ ഞാനും മോൾ ദിയയും കൂടി പോയി വയറ് നിറച്ച് കഴിച്ചു… കൈ കഴുകി ഞങ്ങൾ മേശക്ക് അരികിലേക്ക്…🧑‍🤝‍🧑

ഒരു പയ്യൻ ആണ് എഴുതാൻ ഇരിക്കുന്നത്… അവൻ ഏതാണ്ട് ഡിഗ്രീ കഴിഞ്ഞ് നിൽക്കുന്ന പ്രായം… സുമുഖൻ… അവൻ എന്നെ നോക്കി നല്ല ഒരു പുഞ്ചിരി… ഞാൻ confident ആയി… 500 കൊടുക്കാൻ ചെന്ന ഞാൻ 1000 കൊടുക്കാം എന്ന് തൽക്ഷണം തീരുമാനിച്ചു… പോക്കറ്റിൽ നിന്ന് 1000 എടുത്ത് പയ്യൻ്റെ കൈയിൽ കൊടുത്തു… അവൻ വാങ്ങി മേശയിൽ ഇട്ടിട്ട് രജിസ്റ്ററിൽ വലത്തേ അറ്റം 1000 എന്ന് രേഖപ്പെടുത്തി… എൻ്റെ പേരിനായി അവൻ മുഖം ഉയർത്തി എന്നെ നോക്കി… എൻ്റെ ഐഡിയ ഞാൻ പുറത്തെടുത്തു…
മോനേ… A, B, C, D DIJU

അവൻ്റെ ചിരി കണ്ടപ്പോഴേ എനിക്ക് തൃപ്തി ആയി… മിടുക്കൻ…👍👍

അവൻ രജിസ്റ്ററിൽ എഴുതി… “എബിസിഡി ബിജു”

വീട്ടു പേര് പറ ചേട്ടാ…🙄

എൻ്റെ തള്ള വിരലിൽ നിന്ന് കേറിയ പെരുപ്പ് തലച്ചോറിൽ വന്ന് റിപ്പോർട്ട് ചെയ്തു… പക്ഷേ സംസ്കാര സമ്പന്നൻ ആയ ഞാൻ അവൻ്റെ ചെവിയിൽ പറഞ്ഞു “വീട്ടു പേര് ഇല്ലെടാ കോ* പ്പെ…”😡😡

ദിയയെയും വലിച്ച് വണ്ടിയിൽ കേറ്റി വരുമ്പോൾ എൻ്റെ ഉള്ള് കരയുക ആയിരുന്നു…😱😱

വീട്ടിൽ എത്തിയ എനിക്ക് കലിയും വിഷമവും കാരണം ഇരിക്കാനും വയ്യ നിൽക്കാനും വയ്യ… എൻ്റെ ബുദ്ധിയുടെ ആവനാഴിയിലെ അമ്പ് തീർന്നത് കൊണ്ട് ഞാൻ കാര്യം ഭാര്യ ജ്യോതിയോട് അവതരിപ്പിച്ചു… എടീ എന്താ ഒരു പരിഹാരം…🥺

എന്തിനാ ഇത്രയും ദേഷ്യം നമുക്ക് പരിഹാരം ഉണ്ടാക്കാം… ഞാൻ ഏറ്റു എന്ന് അവള്…👍

ഓകെ നീ ആലോചിക്കൂ ഒരു ശാശ്വത പരിഹാരം…👍

നാളുകൾ കഴിഞ്ഞ്… അങ്ങനെ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു കല്യാണത്തിന് പോകണം… രൂപ 5000 കൊടുക്കണം… ഞാൻ റെഡി ആയി ഇറങ്ങിയപ്പോൾ ജ്യോതി എൻ്റെ കൈയിൽ 5000 രൂപയും ഒരു തുണ്ട് പേപ്പറും തന്നു… ഞാൻ നോക്കിയപ്പോ അതാ എഴുതി വച്ചിരിക്കുന്നു…🤭

ഡിജു. എ. കെ
ദിയാസ്

ഹമ്പടി ജ്യോതി… നിൻ്റെ ഒരു ബുദ്ധി…👍👍

ദാ… അവിടെ ചെന്ന് പൈസയോടൊപ്പം ഈ പേപ്പറും കൊടുത്താൽ മതി… ഒരക്ഷരം പോലും പറയാൻ നിൽക്കണ്ട… ദേഷ്യപ്പെടാനും നിൽക്കണ്ട…👍👍

ഓകെ… ഞാൻ ചെയ്തൊളാം… ഈ paper കൊടുത്തിട്ട് പിന്നെ മിണ്ടേണ്ട കാര്യവും ഇല്ലല്ലോ…👍👍

അങ്ങനെ നേരെ ഓഡിറ്റോറിയം… ആദ്യമേ കാശ് കൊടുത്ത് ആ ജോലി അങ്ങ് തീർക്കാം എന്നിട്ട് കല്യാണവും കണ്ട് സദ്യയും കഴിഞ്ഞ് അങ്ങ് പോവാം… നേരെ മേശയെ ലക്ഷ്യമാക്കി നടന്നു…🏃

പതിവിന് വിപരീതമായി മേശ കൈകാര്യം ചെയ്യുന്നത് രണ്ട് പെൺകുട്ടികൾ ആണ്… രണ്ടും സുന്ദരിമാർ… ഞാൻ സ്വാഭാവികമായി എൻ്റെ muscle പിടുത്തം തുടങ്ങി… ശ്വാസം പിടിച്ച് വയർ കുറച്ചു…😄

അടുത്ത് ചെന്ന എന്നെ നോക്കി അവർ പുഞ്ചിരിച്ചു… ഇത്തരം പുഞ്ചിരി കഴിഞ്ഞ തവണ കിട്ടിയത് ഓർമ ഉള്ളതിനാൽ ഞാൻ ഈ ചിരിയിൽ വീഴുന്നില്ല എന്ന് തീരുമാനിച്ചു… Muscle വിടാതെ ഞാൻ പോക്കറ്റിൽ നിന്ന് കാശും തുണ്ട് പേപ്പറും എടുത്ത് കൊടുത്തു… വായിച്ചു നോക്കിയ അവള് എന്നെ ഒന്ന് നോക്കി എന്തോ പറയാൻ ആയി ആഞ്ഞിട്ട് പിന്നെ അങ്ങ് മടിച്ചു…

ഒന്നും ഇങ്ങോട്ട് ചോദിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന ഭാവത്തിൽ ഞാനും നിന്നു… തന്നെയുമല്ല ഒന്നും പറയണ്ട എന്നാണല്ലോ ജ്യോതി പറഞ്ഞു വിട്ടേക്കുന്നത്…💪💪

ആ പെൺകുട്ടി, കൂടെ ഇരുന്ന് രജിസ്റ്ററിൽ എഴുതുന്ന പെൺകുട്ടിക്ക് തുണ്ട് കടലാസ് കാണിച്ചു കൊടുത്തു… അവള് അത് നോക്കി രജിസ്റ്ററിൽ എഴുതി…✍️

ഡിജു. എ. കെ, ദിയാസ്-5000/-

അങ്ങനെ ജീവിതത്തിൽ ആദ്യമായി എൻ്റെ പേര് എഴുതപ്പെട്ട ആത്മ നിർവൃതിയിൽ മനസ്സിൽ ജ്യോതിക്ക് നന്ദി പറഞ്ഞു തിരിഞ്ഞു നടന്ന ഞാൻ കേട്ടു…

“പാവം നല്ല ഒരു അണ്ണൻ… ഊമ ആണെന്ന് തോന്നുന്നു… ചിലപ്പോ ചെവിയും കേൾക്കില്ലായിരിക്കും അതാ ഞാൻ ചോദിക്കാൻ പോയത് ചോദിക്കാഞ്ഞത്…”

തിരിഞ്ഞു നോക്കിയില്ല ഞാൻ… തിരിഞ്ഞു നോക്കിയാലും എനിക്ക് അവരെ കാണാൻ പറ്റില്ല… കണ്ണിൽ ഇരുട്ട് കേറി ഞാൻ അന്ധനും ആയി കഴിഞ്ഞിരുന്നു… ഒരാള് ഒരേ സമയം മൂകനും ബധിരനും അന്ധനും ആവുക…പാവം ഞാൻ…

നന്ദി ജ്യോതി… നന്ദി…🙏

കല്യാണത്തിന് സംഭാവന കൊടുക്കുന്നത് നിർത്തി…🙏🙏