സൈറ…
Story written by Uma S Narayanan
===============
“എടാ ഹാഷിമേ, ബ്രോക്കർ അബ്ദു വിളിച്ചിരുന്നു, അവർക്ക് നമ്മുടെ നബീസൂനെ ഇഷ്ട്ടമായെന്ന്, കൂടെ ഷംസുന്റെ പെങ്ങൾ നാഫിയെ ഇജ്ജും കെട്ടണം..
“എന്താ ഉമ്മ, ഒന്നും അറിയാത്ത പോലെ, എനിക്കു സൈറയെ ഇഷ്ടമാണെന്ന് ഉമ്മാക്ക് അറിയില്ലേ”
“അതൊക്കെ വിട്ടുകള, എനിക്കിപ്പോ കണ്ണടയും മുന്നേ നബീസുന്റെ നിക്കാഹ് നടക്കണം, അത് കൊണ്ട് നീ ഇത് സമ്മതിച്ചേ പറ്റു “
“ഉമ്മാ അവളെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിട്ടു കൊല്ലം മൂന്നു കഴിഞ്ഞു, അവളെത്തന്നെ എനിക്ക് നിക്കാഹ് കഴിക്കണം “”
“”ഹാഷിമേ, നീ ആ കണ്ണുപ്പൊട്ടിയെ ഇവിടേക്ക് കൊണ്ടു വന്നാൽ അന്നിവിടെ ഈ ആയിശുന്റെ ശ* വം നീ കാണും, ഓർത്തോ “”
ആയിശുമ്മാന്റെ ഉയർന്നു പൊങ്ങിയ ആ ശബ്‌ദം പുറത്ത് എല്ലാം കേട്ടു നിന്ന സൈറയുടെ കാതിൽ തീമഴയായ് പതിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് സ്വന്തം വീടിലേക്ക് തിരിഞ്ഞോടി,,
സൈറ…അതായിരുന്നു അവളുടെ പേര്, ഉപ്പക്കും ഉമ്മക്കും ഒരേഒരു മോൾ, ആളൊരു മൊഞ്ചത്തിപെണ്ണ്, പക്ഷെ അവൾക്കു കണ്ണ് കാണില്ല എന്നാരും പറയില്ല അത്രയും സുന്ദരമായിരുന്നു അവളുടെ കണ്ണുകൾ,
അവൾ ഹാഷിമുമായി പ്രണയം തുടങ്ങി മൂന്നു വർഷം കഴിഞ്ഞു..
ഹാഷിമും അവളും അടുത്ത വീട്ടുകാരാണ്, സൈറക്ക് ഒരു കണ്ണിനു കാഴ്ച്ച കുറവ് ജന്മനാ ഉണ്ടായിരുന്നു, എന്നാലും ഹാഷിമിന് അവളെ ജീവന് തുല്യം ഇഷ്ടമാണ്, ഒന്നിച്ചു കളിച്ചു വളർന്ന അവർ ഒരുമിച്ചുള്ള ജീവിതവും സ്വപ്നം കണ്ടു.
ഉമ്മയുടെ സംഭാഷണം കേട്ട് അവളുടെ ആ തിരിച്ചുള്ള ഓട്ടം ഹാഷിം കാണുന്നുണ്ടായിരുന്നു,
“ഉമ്മാ അവൾ എല്ലാം കേട്ടു, ഉമ്മയെന്തിനായിങ്ങനെ ബഹളം വയ്ക്കുന്നത് ഇനി ഞാനെങ്ങനെ അവളുടെ മുഖത്തു നോക്കും
“ഓ, കേൾക്കേണ്ടതൊക്കെ കേട്ടോ, ങാ, അതാ ഒരു കണക്കിന് നല്ലത്, ഇനിയവളോട് നേരിട്ട് പറയണ്ടല്ലോ “”
“”ഉമ്മാ ഒന്ന് പതുക്കെ, ഏതായാലും ഞാൻ അവളെതന്നെ കെട്ടും “”
“ഇല്ല മോനെ നടക്കില്ല,.ഞാൻ ജീവിച്ചിരിക്കുമ്പോൾ അന്റെ ആ പൂതി അങ്ങ് മനസ്സിൽ വച്ചേക്ക്, നിന്റെ താഴെ ഒരു പെണ്ണുണ്ട്, അവൾക്ക് വന്ന ആലോചന, ഈ മാറ്റക്കല്ല്യാണം, അതു ഞാൻ നടത്തും “
അവൻ കലിതുള്ളി വീട്ടിൽ നിന്നിറങ്ങി..
വൈകുന്നേരം വായനശാലയിൽ അവളെയും കാത്തു അവനിരുന്നു. ഹാഷിമിനെ കണ്ടിട്ടും മിണ്ടാതെ സൈറ നടന്നു
“”ഹേയ്,,സൈറ,, അവിടെ നില്ക്കു,,എന്താ ഒന്നും മിണ്ടാതെ “”
“”എന്ത് മിണ്ടാൻ,,ഞാൻ കണ്ണു കാണാത്തോള,,ഇതൊക്കെ അറിഞ്ഞല്ലെ കഴിഞ്ഞ മൂന്നു വർഷവും എന്നെ ഇഷ്ടപ്പെട്ടെ “”
“”സൈറ കാര്യമെല്ലാം ശരി തന്നെ,,ഉമ്മ ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കിണില്ല, ഉമ്മാനെ വെറുപ്പിച്ചു ഒന്നും ചെയ്യാനും പറ്റണില്ല, ഉപ്പയുടെ മരണ ശേഷം അങ്ങാടിൽ മീൻ വിറ്റ് കിട്ടുന്ന വരുമാനം കൊണ്ട് എന്നെയൊക്കെ ഇത്രേം വളർത്തി വലുതാക്കിയത് അറിയാലോ “”
“”ഇതു പറയാനാണോ ഇക്ക കാത്തു നിന്നെ, പിന്നെന്തിന് എനിക്ക് ആശ തന്നു, എനിക്കിനി ഒന്നും കേൾക്കണ്ട, ഇങ്ങളെ കാണണ്ട “,,
“”സൈറ നില്ക്കു “”
അവൾ കരഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു.
അന്ന് രാത്രിയിൽ അവൾ ഒരു തീരുമാനമെടുത്തു, ജിവിതം അവസാനിപ്പിക്കാൻ, കണ്ണു കാണാതെ ഇനി ആർക്കും ബാധ്യതയായി ജിവിക്കണ്ട. പക്ഷെ, അവിടെയും ദൈവം അവളെ കൈവിട്ടു, അവളുടെ ഉമ്മ അതു കാണാൻ ഇടയായി, കുരുക്കിടുന്ന അവളെ ഓടിവന്നു താഴെ ഇറക്കി…
“”മോളെ,, നീ എന്തിനാ ഇങ്ങനെ ചെയ്തത്,, ഉപ്പാക്കും ഉമ്മാക്കും മോൾ മാത്രമല്ലെ ഉള്ളു “”
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞു
“സാരമില്ല മോളെ, ആരുമിത് അറിയണ്ട””
അവർ അവളെ ആശ്വസിപ്പിച്ചു, അവളും ഉമ്മയും ഉപ്പയും താമസിയാതെ ആ നാടുവിട്ടു ഉമ്മാന്റെ നാടായ തൃശൂരിൽ താമസമാക്കി..
വർഷങ്ങൾക്ക് ശേഷം….
കൊച്ചി നഗരത്തിലെ ഹോട്ടൽ മാരിയറ്റിന്റെ പോർച്ചിൽ ജമാൽ കാർ നിർത്തുമ്പോൾ സൈറയുടെ കണ്ണുകൾ അതിശയം കൊണ്ടു വിടർന്നു.
ബിസിനസുക്കാരനായ ജമാൽ അവളെ കണ്ടു ഇഷ്ടമായി വിവാഹം കഴിച്ചു വിദേശത്ത് കൊണ്ടു പോയി ഓപറേഷൻ ചെയ്തു അവൾക്കു കണ്ണിനു കാഴ്ച തിരിച്ചു കിട്ടിയിരുന്നു.
ഡോർ തുറന്നു പിടിച്ചു കൈയിൽ മനോഹരമായി അലങ്കരിച്ച ഒരു കെട്ട് ചുവന്ന റോസാപ്പൂക്കളുമായി ജമാൽ വിളിച്ചു
“”സൈറ ഇറങ്ങു,.ഇതാണ് നിനക്കുള്ള സസ്പെൻസ് “
“”ഉമ്മച്ചി, എന്താ മിഴിച്ചു നില്ക്കുന്നെ, ഇറങ്ങു…”
മോൾ രഹ്‌ന അവളുടെ കൈ പിടിച്ചു വലിച്ചു
“ഉപ്പാ, ദേ, ഉമ്മച്ചി ശരിക്കു ഞെട്ടി പോയിട്ടോ “”
അപ്പോ ഉപ്പയും മോളും കൂടെ ഉള്ള കളിയായിരുന്നു, ല്ലേ “”
“”അതേല്ലോ, ഉമ്മച്ചിക്ക് സസ്പെൻസ് കൊടുക്കണമെന്നു ഉപ്പാക്ക് ഒരേ നിർബന്ധം “”
അവളിറങ്ങി ജമാലിന്റ കൈയിൽ നിന്നാ റോസാ പൂക്കൾ വാങ്ങി..,
ഇന്നവരുടെ പത്താം വിവാഹവാർഷികമാണ്. ഇന്നത്തെ ഭക്ഷണം ഹോട്ടലിൽ നിന്ന് ആകാം എന്ന് പറഞ്ഞു ഉപ്പയും മോളും കൂടെ കൊണ്ടുവന്നതാണ് സൈറയെ…
അവർ അകത്തു കയറി റിസർവ് ചെയ്ത സീറ്റിലേക്ക് അവളെ ആനയിച്ചു,,
“”സൈറ നീ എന്താ പകച്ചിരിക്കുന്നത് “”
“”ഒന്നുമില്ല ഇക്കാ “”
“”അപ്പൊ ഒന്ന് കണ്ണടച്ചേ ഒരു സമ്മാനം തരാം “”
അവൾ പതിയെ കണ്ണടച്ചു
ജമാൽ പോക്കറ്റിൽ ഒളിപ്പിച്ചു വച്ച ബോക്സ് എടുത്ത്, അതിൽ നിന്നും ഒരു ഡയമണ്ട് മോതിരം അവളുടെ കൈയിൽ അണിയിച്ചു, അതേ നിമിഷം അവളുടെ കവിളിൽ രഹ്‌നമോൾ ഒരു മുത്തവും കൊടുത്തു,,
കണ്ണു തുറന്ന സൈറയുടെ കണ്ണിൽ നിന്ന് സന്തോഷ കണ്ണീർ പൊഴിഞ്ഞു.
“”സൈറ നീ കരയുന്നോ,ഛെ,,എന്താ ഇത് കുട്ടികളെ പോലെ””
“”സന്തോഷം കൊണ്ടാ,,ന്റിക്കാ എന്നെ ഇത്ര അധികം സ്നേഹിച്ചു കൊ ല്ലല്ലേ.. “”
“”അപ്പൊ ഉപ്പാ,,,ചടങ്ങൊക്കെ കഴിഞ്ഞു,, ഇനി കഴിക്കാൻ നോക്കാം,,
എനിക്ക് വിശക്കുന്നു ”
“”ശ്ശോ,,ഇതിനു എപ്പോഴും തിന്നണം എന്നെല്ലേ ഉള്ളൂ “”
ജമാൽ രഹ്‌നയുടെ മൂക്കിൽ പിടിച്ചു തിരുമ്മി.,,
“”ഉപ്പാ പിന്നെ ഇവിടേക്ക് എന്തിനാ കൊണ്ടുവന്നത്,,തിന്നാനല്ലേ,, എനിക്ക് അമേരിക്കൻ ചോപ്‌സി വേണം..നിങ്ങളുടെ ബാക്കി സെന്റിയും കെട്ടിപ്പിടുത്തവുമെല്ലാം വീട്ടിൽ ചെന്നിട്ട് “”
അതുകേട്ടു രണ്ടാളും പൊട്ടിച്ചിരിച്ചു….
“സർ ഓർഡർ “”
ആ ശബ്ദം,,,വർഷങ്ങൾക്ക് മുന്നേ കേട്ട ശബ്ദം,,
തിരിഞ്ഞു നോക്കിയ അവൾ കണ്ടു അവനെ,,തങ്ങൾക്കുള്ള ഭക്ഷണത്തിനു ഓർഡർ എടുക്കാൻ വെയ്റ്റർ വേഷത്തിൽ നിൽക്കുന്ന ഹാഷിമിനെ..
അവളുടെ കാതിൽ അപ്പോഴും മുഴങ്ങി..അവന്റെ ഉമ്മയുടെ ശബ്ദം..
“ഹാഷിമേ നീ ആ കണ്ണുപ്പൊട്ടിയെ ഇവിടേക്ക് കൊണ്ടു വന്ന അന്ന് നീ ഇവിടെ ഈ ആയിശുന്റെ ശവം കാണും ഓർത്തോ….”
അവളുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു,, അവളെ കണ്ടു പകച്ചുപോയ ഹാഷിം എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു,, പിന്നെ പതുക്കെ തലയും താഴ്ത്തി തിരിഞ്ഞു നടന്നു….
ഒരാശ്വാസത്തിനായി അവൾ ജമാലിന്റ തോളിൽ പതിയെ തല ചായ്ച്ചു..
എല്ലാം അറിയാവുന്ന ജമാൽ അവളെ ചേർത്തു പിടിച്ചു വിളിച്ചു..
“സൈറ…നീ എന്റെയാണ്, എന്റെ മാത്രം സൈറയാണ്…”.
അയ്യേ…ഈ ഉമ്മച്ചിക്കും ഉപ്പക്കും ഇത് വരെയും തീർന്നില്ലേ റൊമാന്റിക്ക്..ബാക്കി വീട്ടിലെത്തി മതിട്ടോ,,ഇതൊക്കെ കാണുമ്പോൾ നിക്ക് നണാവും..
രഹ്‌നയുടെ കളിയാക്കൽ കേട്ടു രണ്ടു പേരും പൊട്ടിച്ചിരിച്ചു..
അനര്‍വചനീയവും അതീവസുന്ദരവുമായ ആ സ്നേഹപ്രകടനങ്ങൾ കണ്ടു ഏറെ സങ്കടത്തോടെ അവരെ തന്നെ ഹാഷിം നോക്കി നിൽക്കുന്നുണ്ടായിരിന്നു….
ഒരിക്കൽ താൻ നഷ്ടപെടുത്തിയ ആ പ്രണയവസന്തത്തെയോർത്ത് സ്വയം ശപിച്ചു കൊണ്ട് ….
~Uma S Narayanan