“ഒറ്റയ്ക്കായി അല്ലെ?” വല്ലപ്പോഴും ചിരി മാത്രം സമ്മാനിക്കുന്ന ബസിലെ ചേട്ടൻ ചോദിച്ചപ്പോൾ അലീന ഒന്ന് മൂളി…

ഡിവോഴ്സ് ചെയ്ത പെണ്ണ്…

Written by Ammu Santhosh

=================

ബസിൽ….

“ഒറ്റയ്ക്കായി അല്ലെ?” വല്ലപ്പോഴും ചിരി മാത്രം സമ്മാനിക്കുന്ന ബസിലെ ചേട്ടൻ ചോദിച്ചപ്പോൾ അലീന ഒന്ന് മൂളി

“ഫോൺ നമ്പർ ഒന്ന് തരുമോ?”

“ഭാ “

ഒറ്റ ആട്ടിൽ കഥ തീർന്നു

ഓഫീസിൽ….

“വിജി എന്താവശ്യമുണ്ടെങ്കിലും മടിക്കേണ്ട . ഏത് പാതിരാത്രിയിൽ വേണേൽ വിളിച്ചോ “

“വൈഫിനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്. ഈ സാറിന്റെ ഒരു തമാശ “

മേലുദ്യോഗസ്ഥന്റെ മുഖം പേപ്പർ വൈറ്റ്.

റോഡിൽ….

സ്കൂൾ ബസിലേക്ക് മകനെ കയറ്റുന്നതിനിടെ അറിയാത്ത പോലെ കൈക്ക് തലോടുന്ന കണ്ടക്ടറുടെ  മുഖത്ത് ഒന്ന് കൊടുത്തിട്ട് മകനുമായി ഓട്ടോയിൽ സ്കൂളിലേക്ക് പോകുന്ന ശ്രീജ

വീട്ടിൽ….

“കൊച്ചിന് എന്താവശ്യമുണ്ടെങ്കിലും പറഞ്ഞാ മതി കേട്ടോ. എന്താവശ്യമുണ്ടെങ്കിലും..” പുറം പണിക്ക് വർഷങ്ങളായി നിൽക്കുന്ന അമ്മാവന്റെ  മുഖത്ത് അശ്ലീലചിരി

സരിതയുടെ  പാത്രത്തിലെ തിളച്ച വെള്ളം വീണു വെന്ത മുഖവുമായി അയാൾ ഓടുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു..

ജാഗ്രത…

ഡിവോഴ്സ് ചെയ്ത പെണ്ണുങ്ങൾക്ക് ഒരെല്ല് കൂടുതലാണ്. ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ആവുമെന്ന് അറിഞ്ഞ് ക* ത്തിയേക്കാൾ മൂർച്ച കൂട്ടി വെച്ചിട്ടുണ്ടതവർ.

ഒറ്റയ്ക്കാവുന്ന പെണ്ണുങ്ങൾ അഗ്നിയെ ചുമക്കുന്നവരാണ്. തൊട്ടാൽ ഭസ്മം ആയി പോകുന്ന അഗ്നിയെ ചുമക്കുന്നവർ

ഉള്ളിലിങ്ങനെ വെന്ത് വെന്ത് പാകമായവരാണ്

ഇനിയങ്ങോട്ട് എങ്ങനെ എന്നൊരു ചോദ്യവുമായി ഉലഞ്ഞു നടക്കുന്നവരാണ്

കൈ താങ്ങു കൊടുത്തില്ലെങ്കിലും കൈ കൊണ്ട് തൊടരുത് എന്ന് പറയാതെ പറയുന്നുണ്ടവർ