അക്കരപച്ച
എഴുത്ത്: ദേവാംശി ദേവ
=================
“എനിക്ക് ഇതാളെയും വേണ്ട ഇയാളുടെ കുട്ടികളെയും വേണ്ട.”
കുടുംബക്കോടതിയിലെ ജഡ്ജിയുടെ മുന്നിൽ നിന്ന് കാവേരി വിളിച്ചു പറയുമ്പോൾ അനൂപിന്റെ കണ്ണുകൾ നിറഞ്ഞു..ആ കണ്ണുനീർ കണ്ട് ചങ്ക് പൊട്ടുന്നുണ്ടായിരുന്നൂ കാവേരിയുടെ അച്ഛന്റെയും അമ്മയുടെയും. അവർ തങ്ങളുടെ കൈയ്യിൽ ഇരുന്ന് ഉറങ്ങുകയായുരുന്ന മൂന്നു വയസുകാരി കുഞ്ഞാറ്റമോളേയും പത്ത് മാസം മാത്രം പായമുള്ള കിച്ചുമൊനെയും ഒന്നുകൂടി ചേർത്തു പിടിച്ചു.
“കാവേരിയുടെയും അനൂപിന്റെയും പ്രണയ വിവാഹം അല്ലേ..” ജെഡ്ജ് കാവേരിയോട് ചോദിച്ചു.
“അതേ..”
“വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി..ഇത്രയും നാളും നിങ്ങൾ ഒരുമിച്ച് തന്നെയല്ലേ ജീവിച്ചത്..പിന്നെന്താ പെട്ടെന്ന് അയാളോടൊത്ത് ജീവിക്കില്ലാ എന്നു പറയാൻ കാരണം. അയാളിൽ നിന്നും എന്ത് ഗുണമാണ് വിജീഷിൽ നിങ്ങൽ കണ്ടത്.”
“അനൂപ് തികഞ്ഞൊരു മ* ദ്യപാനിയാണ് സർ..മ* ദ്യപിച്ചുകഴിഞ്ഞാൽ എന്നെ ക്രൂ രമായി മ ർദ്ധിക്കും..ബെഡ്‌റൂമിൽ പോലും അയാൾ സ്വന്തം താല്പര്യങ്ങൾ മാത്രമേ പരിഗണിക്കു..അതിന്റെ ഫലമായാണ് എനിക്ക് രണ്ട് കുഞ്ഞുങ്ങൾ പിറന്നതും.ഒരിക്കൽ എന്നെ മർദ്ധിച്ചതിന്റെ പേരിൽ ഞാനും എന്റെ അച്ഛനും ചേർന്ന് അയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷെ അതിനുശേഷം അയാൾ എന്റെ അച്ഛനോടും അമ്മയോടും എന്നെ കുറിച്ച് മോശമായി പലതും പറഞ്ഞു കൊടുത്ത് അവരെ എനിക്കെതിരെ തിരിച്ചു..അന്നുമുതൽ എന്റെ കൂടെ താങ്ങായും തണലായും നിൽക്കുന്നത് വിജേഷേട്ടനാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള ജീവിതം ഞാൻ അദ്ദേഹത്തോടൊപ്പം ജീവിക്കും.”
“അനൂപിന് എന്താണ് പറയാനുള്ളത്.” ജഡ്ജ് ചോദിച്ചിട്ടും അനൂപ് ഒന്നും മിണ്ടാത് മുഖം കുനിച്ചു നിന്നു.
“സർ..എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. ഞാൻ കാവേരിയുടെ അച്ഛനാണ്.” അനൂപിന്റെ മൗനം കണ്ട് കാവേരിയുടെ അച്ഛൻ എഴുന്നേറ്റുനിന്ന് പറഞ്ഞു.
“പറഞ്ഞോളൂ..” ജഡ്ജിന്റെ അനുമതി കിട്ടിയതും അയാൾ സംസാരിച്ചു തുടങ്ങി.
“സാറെ ഞാനൊരു കൂലിപണിക്കാരനാണ്..എനിക്ക് രണ്ട് പെൺകുട്ടികളാ..അതിൽ ഇളയവളാണ് ഇത്. രണ്ട് മക്കൾക്കും ഞാൻ നല്ല വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ഇവൾക്കൊരു സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന വന്നൊപ്പോ ഞങ്ങളത് ഉറപ്പിച്ചതാണ്. എന്നാൽ ഇവൾ അനൂപിനോടൊപ്പം ഇറങ്ങി പോയി..ആദ്യമൊക്കെ ഞങ്ങൾക്ക് ദേഷ്യമായിരുന്നെങ്കിലും ഇവൾ ഗർഭിണി ആയതോടെ ഞങ്ങൾ സഹകരിച്ചു തുടങ്ങി..ഏഴാം മാസം വിളിച്ചുകൊണ്ട് വന്നു, പ്രസവം കഴിഞ്ഞ് മൂന്നാം മാസം അവൾ തിരികെ പോകുമ്പോൾ അവൾക്കും കുഞ്ഞിനുമുള്ള സ്വർണാഭരണങ്ങൾ മുഴുവൻ ഞങ്ങൾ കൊടുത്തയച്ചു..പക്ഷെ ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും അവളുടെ ഒരോ ആഭരണങ്ങൾ കാണാതാകും. ചോദിക്കുമ്പോൾ അനൂപ് പണയം വെച്ച് കുടിച്ചെന്നും കുടിച്ചിട്ട് വന്ന് അവളെ ഉപദ്രവിക്കുന്നുമെന്നൊക്കേ പറഞ്ഞപ്പോൾ ഞങ്ങളും വിശ്വസിച്ചു.
എങ്കിലും അതൊന്നും ഞങ്ങൾ അനൂപിനോട് ചോദിച്ചില്ല…
രണ്ടാമതൊരു കുഞ്ഞ് ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം…അന്ന് ഇവരുടെ വീടിനടുത്തായിട്ടായിരുന്നു എനിക്ക് ജോലി..പണി കഴിഞ്ഞ് കുഞ്ഞുങ്ങൾക്കുള്ള പലഹാരങ്ങളുമായി ഇവരുടെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ ഞാൻ കണ്ടത് അനൂപ് ഇവളെ തല്ലുന്നതാണ്..അവൻ മ* ദ്യപിച്ചിട്ടും ഉണ്ടായിരുന്നു. അപ്പോ തന്നെ ഞാനെന്റെ മോളെയും കുഞ്ഞുങ്ങളെയും എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയും അനൂപിനെതിരെ പോലീസിൽ കേസ് കൊടുക്കുകയും ചെയ്തു.
അതിനു ശേഷം പലപ്രാവശ്യം അനൂപ് എന്നെ കണ്ട് സംസാരിക്കാൻ ശ്രെമിച്ചെങ്കിലും ഞാൻ നിന്നില്ല..എന്നാൽ കുറച്ചു നാൾ മുൻപ് രാത്രി ഇവളുടെ റൂമിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഇവളെയും ഈ നിൽക്കുന്ന വിജേഷ് എന്നവനെയും കൂടി കണ്ടപ്പോളാണ് സാറെ അനൂപിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്ന് എനിക്ക് മനസിലായത്.” അത്രയും പറഞ്ഞപ്പോൾ തന്നെ അയാൾ വിതുമ്പി പോയി.
“അനൂപ്..താങ്കൾ ഇങ്ങനെ മിണ്ടാതെ നിന്നിട്ട് കാര്യമില്ല..താങ്കൾക്ക് പറയാനുള്ളത് പറയാം.”
“എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല സർ..ഞാൻ മ* ദ്യപിക്കുന്ന ആളാണ്..പക്ഷെ അമിതമായി മ* ദ്യപിച്ചുവന്ന് ഇവളെ ഉപദ്രവിക്കുകയോ കുടുംബം നോക്കാതിരിക്കുകയോ ചെയ്തിട്ടില്ല..ഇവളും എന്റെ അയൽക്കാരനായ ഇവനുമായുള്ള ബന്ധം അറിഞ്ഞെങ്കിലും ഞാനായി ആരോടും പറഞ്ഞില്ല..പകരം ഇവളുടെ തെറ്റുകൾ തിരുത്താനെ ശ്രെമിച്ചിട്ടുള്ളു..കാരണം എന്റെ കുഞ്ഞുങ്ങൾ അമ്മയില്ലാതെ വളരരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഇവളുടെ സ്വർണമൊന്നും ഞാൻ എടുത്തിട്ടില്ല..എല്ലാം ഇവൾ ഇവന് കൊടുത്തതാണ്..കെട്ടുതാലി വരെ ഊരി കൊടുത്തു എന്നറിഞ്ഞപ്പോഴാണ് ഞാൻ ഇവളെ തല്ലിയത്. എനിക്കിനി ഇവളെ വേണ്ട സാറെ..എന്റെ കുഞ്ഞുങ്ങളെ ഞാൻ നോക്കിക്കോളാം.”
ജഡ്ജ് പുച്ഛത്തോടെ കാവേരിയെ നോക്കിയെങ്കിലും അഹങ്കാരത്തോടെ വിജീഷിനോടൊപ്പം അവൾ തലയുയർത്തി തന്നെ നിന്നു.
അനൂപും ഡിവോഴ്സിന് സമ്മതിച്ചതുകൊണ്ട് ജഡ്ജിനും മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു. കുഞ്ഞുങ്ങളിൽ യാതൊരു അവകാശവും കാവേരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോടതിയവർക്ക് വിവാഹമോചനം നൽകി.
അനൂപിന് സ്വന്തമായ് വിവാഹം കഴിഞ്ഞൊരു സഹോദരി മാത്രമേയുണ്ടായിരുന്നുളളു..അതുകൊണ്ടുതന്നെ അനൂപ് കുഞ്ഞുങ്ങളെയും കൊണ്ട് കാവേരിയുടെ അച്ഛനമ്മമാരുടെ നിർബന്ധപ്രകാരം അവരുടെ വീട്ടിൽ താമസമാക്കി..കാവേരിയുടെ അച്ഛനും അമ്മയും അയാളെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചെങ്കിലും അയാളത് നിരസിച്ചു..
വർഷങ്ങൾ കഴിഞ്ഞു പോയി..
ഗവർമെന്റ് മാനസികാരോഗ്യാശുപത്രിക്ക് മുൻപിൽ അനൂപിന്റെ കാർ നിന്നു.
“ഡോക്ടർ ദേവിക..” അവിടുത്തെ ഒരു സെക്യൂരിറ്റിയോട് അയാൾ ചോദിച്ചു.
“നേരെ ചെന്നിട്ട് ഇടത്തോട്ട്..അവിടെയാ മേഡത്തിന്റെ ക്യാബിൻ..മേഡമിപ്പോ ഷോക്ക് റൂമിലാണ്. കുറച്ചു കഴിഞ്ഞു വരും..അവിടെ വെയ്റ്റ് ചെയ്താൽ മതി.”
അനൂപ് ഡോക്ടർ ദേവികയുടെ റൂമിന് മുന്നിലെ കസേരകളിലൊന്നിലിരുന്നു.
“അച്ഛാ..” വിളികേട്ടതും അയാൾ തിരിഞ്ഞു നോക്കി….ഡോക്ടർ ദേവിക അനൂപ്…അനൂപിന്റെ കുഞ്ഞാറ്റമോൾ.
അവളിന്ന് അവിടുത്തെ പേരുകേട്ട ഡോക്ടർ ആണ്..വീട്ടിൽ നിന്നും ദൂരകൂടുതലായതുകൊണ്ട് ഹോസ്റ്റലിലാണ് താമസം..മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അവളുടെ വിവാഹമാണ്. അതിനുവേണ്ടി അവളെ കൂട്ടികൊണ്ടുപോകാൻ വന്നതാണ് അയാൾ.”
“അച്ഛൻ വന്നിട്ട് ഒരുപാട് നേരമായോ..”
“ഇല്ല..ഇപ്പോ എത്തിയതേയുള്ളു..മോളുടെ ഡ്യൂട്ടി കഴിഞ്ഞില്ലേ..”
“കഴിഞ്ഞു..നമുക്ക് ഇറങ്ങാം. പോകുന്ന വഴി ഹോസ്റ്റലിൽ ചെന്ന് ബാഗുകൂടി എടുത്താൽ മതി.”
“മോള് ഷോക്ക് റൂമിൽ ആയിരുന്നെന്ന് സെക്യൂരിറ്റി പറഞ്ഞു.”
“അതെ…കുറേ നാളായി ഇവിടെയുള്ള പേഷ്യന്റാ..ഇടക്ക് വയലന്റ് ആകും..മാക്സിമം ഞാൻ ഷോക്ക് കൊടുക്കാതെ നോക്കും..ചിലപ്പോ അതില്ലാതെ പറ്റില്ല.” അവർ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോളാണ് ബോധമില്ലാതെ സ്ട്രെച്ചറിൽ കിടക്കുന്നൊരു സ്ത്രീയെ രണ്ട് അറ്റന്റർമാർ അവർക്ക് മുന്നിലൂടെ തളളികൊണ്ടുപോയത്..
“ഇതാ അച്ഛാ ആ പെഷ്യന്റ്.” കുഞ്ഞാറ്റ പറഞ്ഞതും അനൂപ് അവരുടെ മുഖത്തേക്ക് നോക്കി..നന്നായി ശോഷിച്ച് എല്ലിച്ച ആ രൂപം കാവേരിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അയാൾ തിരിച്ചറിഞ്ഞു..
“ഇവർക്ക്…ഇവർക്ക് എന്തുപറ്റിയതാ.”
“വളരെ കഷ്ടമാ അച്ഛാ ഇവരുടെ കഥ. മ* ദ്യപിച്ചു വന്ന് സ്ഥിരമായി ഉപദ്രവുക്കുന്ന ഭർത്താവ്..ഒരേയൊരു മകളെയുളളു. അവൾക്ക് വേണ്ടി എല്ലാം സഹിച്ചു. ഒടുവിൽ മ *ദ്യപിച്ച് ബോധമില്ലാതെ വന്ന ഭർത്താവ് മകളെ റേ* പ്പ് ചെയ്യുന്നത് കണ്ട് ഒരു മരക്കഷ്ണം കൊണ്ട് അയാളയുടെ തലക്കടിച്ചു കൊ* ന്നു..ഇവർ ജയിലിലേക്ക് പോകുമ്പോ ആരും ഇല്ലാത്ത ആ കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തൊരു അനാഥാലയത്തിലാക്കി. ജയിൽ വെച്ചാണ് ഇവരുടെ മാനസിക നില തെറ്റി തുടങ്ങിയത്…ഉപദ്രവം തുടങ്ങിയപ്പോൾ ഇങ്ങോട്ടേക്ക് കൊണ്ടുവന്നു..മോളിപ്പോ പഠിച്ച് നല്ല നിലയിലൊക്കെയായി..പക്ഷെ ഭ്രാന്തിയായ അമ്മയെ ഏറ്റെടുക്കാൻ അവൾ തയാറല്ല.
അച്ഛൻ എന്താ ആലോചിക്കുന്നത്.”
“എയ് ഒന്നുമില്ല. മോള് വാ..നമുക്ക് ഇറങ്ങാം. അവിടെ മുത്തശ്ശനും മുത്തശ്ശിയും കിച്ചുവും മോളെ കാത്തിരിക്കുവാ..”
അവളെയും ചേർത്തുപിടിച് മുന്നോട്ട് നടക്കുമ്പോൾ കാവേരിയുടെ മുഖം ഓർക്കാതിരിക്കാൻ അനൂപ് ശ്രെമിക്കുകയായിരുന്നു.