അവനോളം….
എഴുത്ത്: അമ്മു സന്തോഷ്
====================
“കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ അപ്പുവേട്ട ഞാൻ മോന്റെ തുണി ഒന്ന് നനച്ചിട്ട് വരട്ടെ “
അവൾ ഒരു ബക്കറ്റിൽ കുഞ്ഞിന്റെ തുണികൾ എടുത്തു പോകുന്നത് കണ്ട് അവൻ വേഗം ചെന്നത് വാങ്ങിച്ചു
“ഓപ്പറേഷൻ കഴിഞ്ഞു ഒരു മാസം ആയതേയുള്ളു. നീ ഇത് തൂക്കി നടക്കേണ്ട. ഞാൻ കൊണ്ട് പോയി നനച്ചിടാം ” അവൻ അത് വാങ്ങി അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നു
ആദ്യത്തത് നോർമൽ ഡെലിവറി ആയിരുന്നു
രണ്ടാമത്തെ സിസ്സേറിയൻ ആയി. അതിന്റെ വേദന ഒന്നും പൂർണമായി മാറിയിട്ടുമില്ല
“സ്വന്തം തുണി അലക്കാതിരുന്ന ചെറുക്കനാ ഇപ്പൊ അവളുടെ കൂടി അലക്കിക്കൊടുക്കും. പെണ്ണ് മിടുക്കിയാണെങ്കിൽ ചെറുക്കൻമാര് അടിവസ്ത്രം വരെ നനച്ചു കൊടുക്കും. നാണമില്ലാതെ അവന്റെ കയ്യിൽ കൊടുത്തു വിടുന്നവളെ പറഞ്ഞ മതിയല്ലോ “
അവന്റെ അമ്മ പിറുപിറുത്തു
അനുപമ അത് കേട്ടു
അവൾ കുഞ്ഞിനേയും എടുത്തു പാല് കൊടുക്കാനായി കട്ടിലിന്റെ ഓരം ചേർന്ന് ഇരുന്നു
അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
ആദ്യത്തെ പ്രസവം വീട്ടിൽ ആയിരുന്നു. അമ്മയ്ക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. മൂന്ന് മാസം തികച്ചും കഴിഞ്ഞിട്ടേ വീട്ടിൽ വിട്ടുള്ളു
തന്റെ പ്രസവത്തിനു മുൻപ് അമ്മയോന്ന് വീണു. കാല് ഒടിഞ്ഞു
അച്ഛൻ വേണം അമ്മയെ നോക്കാൻ. അതിന്റെ ഇടയിൽ തന്നെ കൂടി ബുദ്ധിമുട്ട് ആണെന്നറിഞ്ഞ് അപ്പുവേട്ടൻ തന്നെയാണ് പ്രസവം കഴിഞ്ഞു വീട്ടിലോട്ട് കൊണ്ട് വന്നത്
അന്ന് തുടങ്ങി മുറുമുറുപ്പ് ആണ്
ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഒരു വിധം ജോലികൾ എല്ലാം ചെയ്തു തുടങ്ങി
അപ്പുവേട്ടൻ ജോലിക്ക് പോയി കഴിഞ്ഞു എന്നുറപ്പാക്കുമ്പോൾ അമ്മ വിളിക്കാൻ തുടങ്ങും
“അനു ഇതൊന്ന് അരിഞ്ഞു തന്നെ “
“അനു ഈ മീൻ ഒന്ന് വെട്ടിക്കെ “
“ആ മുറിയൊന്ന് അടിച്ച് വാരിക്കെ “
കുഞ്ഞ് കരയുമ്പോൾ മാത്രം പറയും
“നിലവിളി തുടങ്ങി വേഗം ചെന്നു പാല് കൊടുക്ക് അല്ലെങ്കിൽ സ്വൈര്യം തരില്ല “
ആദ്യത്തെ കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയതിന്റെ വേദന ഇവള് വന്നപ്പോഴാണ് മാറിയത്
ആദ്യത്തേത് മോളായിരുന്നു. ഒരു നോട്ടം കണ്ടു
ഓർക്കുമ്പോൾ ഇപ്പോഴും ചങ്ക് പിടയും. പത്തു മാസം വയറ്റിലിട്ട് എന്തെല്ലാം സ്വപ്നങ്ങൾ കണ്ടിട്ടാ ഒരു കുഞ്ഞ് പുറത്തേക്ക് വരുന്നത്.. ജീവനില്ല എന്ന് അറിയുമ്പോൾ തകർന്ന് പോകും. കാത്തിരിപ്പ്, സ്വപ്നം ഒക്കെ വെറുതെ. ആ കുഞ്ഞിനെ ഓർത്താണ് പിന്നെ വേദന മുഴുവൻ. രണ്ടാമത്തെയും മോളായപ്പോ അപ്പുവേട്ടന്റെ അമ്മയുടെ മുഖം കറുത്ത് പോയി.
“ആദ്യത്തെയും രണ്ടാമത്തെയും പെണ്ണ്. ഞാൻ കരുതി ഇതെങ്കിലും ആണ് ആവുമെന്ന്. ആൺകുഞ്ഞിനെ കിട്ടാനും യോഗം വേണം “
കീറിമുറിക്കുന്ന വാക്കുകൾ കേട്ടെങ്കിലും ഉള്ളിൽ ഒതുക്കി
തന്നെ ജീവനാണ് അപ്പുവേട്ടന്. ഇതൊക്കെ പറഞ്ഞു എന്നറിഞ്ഞാൽ അത് മതി ഒരു വഴക്ക്
താൻ കാരണം വേണ്ട
ഒരു കുഞ്ഞ് ഉണ്ടായി ഒരു വർഷം കഴിഞ്ഞു ഉടനെ ഇപ്പോഴത്തെ കുഞ്ഞ് ജനിച്ചപ്പോൾ അതിനും പരാതി
“ആദ്യത്തെ മരിച്ചു പോയിട്ടും കൂസലില്ല. രണ്ടു മൂന്ന് വർഷം കഴിഞ്ഞു പോരാരുന്നോ. അതെങ്ങനെ എപ്പോഴും അവനെയൊട്ടി നടന്നോണം. പെണ്ണുങ്ങൾ ആണ് നിയന്ത്രിക്കേണ്ടത് ആണുങ്ങൾ പലതും പറഞ്ഞു വരും. അടുപ്പിച്ചു പ്രസവം വന്നാൽ ആരോഗ്യമൊക്കെ പോകും. ഇപ്പൊ തന്നെ കണ്ടില്ലേ. പ്രസവിച്ചു കിടക്കുന്ന പെണ്ണാണെന്ന് പറയുമോ. മെലിഞ്ഞു കറുത്ത്.. ആൾക്കാർ ചോദിക്കുമ്പോ ഞാൻ സമാധാനം പറയണം “
കുത്തുവാക്കുകൾ
പാല് കുറവായ കൊണ്ട് മോള് കരച്ചിൽ നിർത്തുന്നില്ല
അവൾ കുഞ്ഞിനെ എടുത്തു നടന്നു
“എന്താ അനു മോള് കരയുന്നത്?”
അപ്പു അടുത്ത് വന്നു
“പാലില്ല “
അവൾ കണ്ണീരോടെ പറഞ്ഞു
“ലാക്ടോജൻ കൊടുക്ക് “
“അതൊന്നും വേണ്ട. കൊച്ച് കുടിച്ചു കുടിച്ചാ പാല് ഉണ്ടാകുന്നത്..പൊടി കലക്കി കൊടുക്കണ്ട.”
അമ്മ
“അതൊന്നും സാരമില്ല. അമ്മ അങ്ങോട്ട് മാറിക്കെ.. ഞാൻ കലക്കി കൊണ്ട് വരാം നീ പൊയ്ക്കോ “
അമ്മയുടെ രൂക്ഷമായ നോട്ടം കണ്ടില്ലന്ന് നടിച്ച് അവൾ അകത്തോട്ടു പോയി
“എടാ നീ ഇങ്ങനെ ഒരു പെങ്കോന്തൻ ആയി പോയല്ലോ. ഇതൊക്ക അവള് ചെയ്തോളും. പെണ്ണിന് പെണ്ണിന്റെ പണി. ആണിന് ആണിന്റെ പണി “
“അമ്മ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്. പെൺപിള്ളേർ ഇവിടെ ലോറി ഓടിക്കുന്നു അപ്പോഴാ. കാലം മാറി. അമ്മ അവളെ കാണുന്നില്ലേ? ഇപ്പോഴും വേദന ഉണ്ട്. സ്റ്റിച്ച് ഉള്ളു ഉണങ്ങിയിട്ടുണ്ടോ ആവോ?”
“ഓ പിന്നെ. നാലു പ്രസവിച്ച എന്നോടാ രണ്ടെണ്ണത്തിന്റ വേദന പറയുന്നത്. നീ അവളുടെ പ്രസവം നിർത്തിക്കാനുള്ള പരിപാടി നോക്ക് അല്ലെങ്കിൽ ഉടനെ വരും അടുത്തത് “
അവൻ വല്ലാതായി
അമ്മ പോകുകയും ചെയ്തു
ഈ വേദനകൾക്കിടയിൽ അതും കൂടിയോ?
അവൾ ഒരു പാട് ക്ഷീണിച്ചു പോയി
താൻ ഉള്ളപ്പോൾ നന്നായി ആഹാരം കഴിപ്പിക്കുന്നുണ്ട്
ഉറക്കം ഇല്ല. രാത്രി മുഴുവൻ കുഞ്ഞ് കരയും. ചിലപ്പോൾ ഒക്കെ അവളും കിടന്നു കരയുന്നത് കാണാം. ചോദിച്ചാൽ പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾക്ക് ഒക്കെ ഇതുണ്ടെന്ന് പറയും ഒരു ഡിപ്രെഷൻ പോലെ. ചിലപ്പോൾ ദൂരെയെങ്ങോ നോക്കി ശൂന്യമായ കണ്ണുകളോടെ ഇരിക്കുന്നത് കാണാം
താൻ അല്ലെങ്കിൽ ആരാണ് അവളെ മനസിലാക്കുക?
അവൻ പാലുമായി ചെന്നു. ചൂട് പാകത്തിന് ആയപ്പോൾ കുപ്പിയിൽ ഒഴിച്ചു മോൾക്ക് കൊടുത്തു
“ഏട്ടന്റെ ഓഫീസിനടുത്ത് ചെറിയ ഒരു വീട് വാടകക്ക് കിട്ടുമോ? ഞാൻ ഓഫീസിൽ പോയി തുടങ്ങിയാൽ വാടകക്ക് ബുദ്ധിമുട്ട് ഒന്നും വരില്ല. മോളെ നോക്കാൻ അമ്മയിങ് വരും. കാല് ഇപ്പൊ ഒരു വിധം ആയിട്ടുണ്ട് “
അവനറിയാം അവൾ എന്ത് കൊണ്ടാണ് പറയുന്നതെന്ന്
അത്രയ്ക്ക് അനുഭവിക്കുന്നുണ്ട്
ഓപ്പറേഷന്റെ വേദന നിസാരമല്ല
ഒരു മാസം കഴിഞ്ഞു എങ്കിലും നല്ല വേദന ഉണ്ട്. നടുവേദന വേറെ. ശരീരം മൊത്തം വേദനയാ എന്നവൾ ചിലപ്പോൾ പറയും
യൂ ട്യൂബിൽ പ്രസവം കഴിഞ്ഞു ഉടനെ ചിലർ വളരെ ആക്റ്റീവ് ആയിട്ട് നടക്കുന്നതും ഡാൻസ് കളിക്കുന്നത് ഒക്കെ കാണുമ്പോൾ അവൾക്ക് അതിശയം തോന്നും
തനിക്ക് മാത്രം ആണോ ഇങ്ങനെ?
“അമ്മ പ്രസവം നിർത്താൻ പറഞ്ഞു വലിയ വഴക്കാണ് “
അവൾ ഗത്യന്തരമില്ലാതെ പറഞ്ഞു പോയതായിരുന്നു അത്
അവൻ ഒന്ന് മൂളി
“നമുക്ക് മോള് മാത്രം മതി അപ്പുവേട്ടാ. ഇവളെ നന്നായി വളർത്താം. ഇനിയൊരു ഓപ്പറേഷൻ കൂടി എനിക്ക് താങ്ങാൻ വയ്യ “
അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു
പിറ്റേന്ന് ഓഫീസിൽ പോകും വഴി അവൻ താലൂക് ആശുപത്രിയിൽ ഒന്ന് കയറി
ഡോക്ടറെ കണ്ടു.
പ്രസവം നിർത്തുന്നതിനെ കുറിച്ച് സംസാരിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ ഭാര്യ എവിടെ എന്നവർ
“ഞാനാണ് ചെയ്യുക. വാസക്ട്മി ചെയ്യാനാണ് “
അവർ കുറച്ചു നേരം നോക്കിയിരുന്നിട്ടു പുഞ്ചിരിച്ചു
“എന്താ അങ്ങനെ തീരുമാനിച്ചത്?”
“അവള് ഒത്തിരി വേദന സഹിച്ചവളാണ് ഡോക്ടർ “
ഡോക്ടർക്ക് സന്തോഷം തോന്നി. ആദ്യമായാണ് ഒരു പുരുഷൻ തന്റെ ഭാര്യ ഒരു പാട് വേദന സഹിച്ചതാണ്. ഇനി ഇതിന്റെ പേരില് അവളൊന്നും കൂടി വേദനിക്കരുത് എന്ന് പറഞ്ഞു ഇത് ചെയ്യുന്നത്.
“your wife is lucky “
അവർ മെല്ലെ പറഞ്ഞു
അന്ന് വൈകുന്നേരം വീട്ടിൽ ചെന്നിട്ട് അവൻ ഒന്ന് കിടന്നു
പതിവില്ലാതെ കിടക്കുന്നത് കണ്ട് അവൾക്ക് പേടിയായി
“ഒന്നുമില്ലഡി ഞാൻ പ്രസവം അങ്ങ് നിർത്തി “
അവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിന്നു
“ആണിനും പറ്റുമെടി അതൊക്കെ..നീ എത്ര വേദനിച്ചതാ അതിന്റെ കുറച്ചു ഞാൻ കൂടി അറിയട്ടെ “
അവൾ വിങ്ങി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു
“പെണ്ണിന്റെ സുഖം അറിഞ്ഞ മാത്രം പോരല്ലോ പുരുഷൻ. അവൾ അനുഭവിക്കുന്ന വേദനയും അറിയണ്ടെ?”
അവൾ ആ മുഖത്ത് തെരുതെരെ ചുംബിച്ചു
അമ്മയറിഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായി
നാണമില്ലാത്തവൻ അങ്ങനെ പല വിളിപ്പേരും കിട്ടി
അതൊന്നും അവനെ ബാധിച്ചില്ല
അവൻ അവൾ പറഞ്ഞത് പോലെ ഒരു വീട് നോക്കുകയായിരുന്നു
അവൾക്ക് സമാധാനം ആയി ഉറങ്ങാനുള്ള വീട്
അവളെ ചേർത്ത് പിടിച്ചു തനിക്കു ഉറങ്ങാനുള്ള വീട്
അവനോളം അവളെയറിഞ്ഞവരാരുണ്ട്?
~അമ്മു സന്തോഷ്