പദ്മപ്രിയ – ഭാഗം 12, എഴുത്ത്: മിത്ര വിന്ദ

അമ്പലത്തിൽ എത്തിയപ്പോൾ മിത്രൻ തിരുമേനി ഉണ്ട്..

രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ ആൾടെ മുഖത്ത് ഇത്തിരി തെളിച്ചം കൂടിയോ എന്ന് ദേവൂന് സംശയം ആയി.

“ആഹ്.. ദേവു ഇന്നലെ എത്തി അല്ലേ “

“ഉവ്വ് തിരുമേനി…..”

“ഹ്മ്മ്.. സുഖം ആയിരിക്കുന്നു ല്ലേ “

“സുഖം “

“ആഹ് കാർത്തി, നിനക്ക് ഇന്ന് പോണ്ടേ “

“പോണം മിത്ര…. ഇവള് വന്നപ്പോൾ ഞാൻ ജസ്റ്റ് അമ്പലത്തിൽ ഒന്നു പോരാം എന്ന് കരുതി “

“മ്മ്… നല്ലത് തന്നെ…. എങ്കിൽ തൊഴുതോളു “

രണ്ടാളും ശ്രീകോവിലിലേക്ക് തൊഴാനായി കയറി..

ഭഗവാന്റെ മുന്നിൽ കണ്ണുകൾ അടച്ചു ഒരേ നിമിഷം ഇരുവരും പ്രാർത്ഥിച്ചത് ഒരൊറ്റ കാര്യം മാത്രം ആയിരുന്നു.

തങ്ങളെ രണ്ടാളെയും വേർപ്പിരിക്കരുതേ എന്ന്..

തൊഴുതു പ്രസാദം മേടിച്ചു ഇറങ്ങിയപ്പോൾ കാർത്തിയെ പോലെ തന്നെ ദേവൂട്ടിക്കും ഒരു ആശ്വാസം ആണ് തോന്നിയത്..

ഈശ്വരൻ കൈ വെടിയില്ല എന്നൊരു പ്രതീക്ഷ.. ആ വിശ്വാസത്തോടെ ഇരുവരും മിത്രനോട് യാത്ര പറഞ്ഞു ഇറങ്ങി.

തിരികെ വരുമ്പോൾ കാർത്തി അല്പം വേഗത്തിൽ ആണ് നടന്നേ…

“സമയം പോയോ ഏട്ടാ “

“ലേശം വൈകി.. “

“ശോ…. കഷ്ടം ആയില്ലോ “

“ഹേയ്… അത് ഒന്നും സാരമില്ല.. ഇനി ചെന്നിട്ട് കാപ്പി കുടിച്ചു നേരെ പോയാൽ മതി “

“ഹ്മ്മ്… “

“നീ വൈകുന്നേരം വരോ “

“നോക്കട്ടെ.. അമ്മോട് ചോദിച്ചിട്ട് ഞാൻ മെസ്സേജ് അയക്കാം “

“ഹാ… എക്സാം ആണ് വരുന്നേ.. എന്തെങ്കിലും ഒക്കെ പഠിക്ക് കേട്ടോ “

“പഠിക്കുന്നുണ്ട് ഏട്ടാ…. ഇനി ഏട്ടനും കൂടി തുടങ്ങിക്കോ.. അമ്മയ്ക്ക് ആണേൽ വായ തുറന്നാൽ ഇതേ ഒള്ളൂ… “

“പറയണത് കുറ്റാ.. നീ പഠിച്ചു ഒരു ജോലി ഒക്കെ മേടിക്കാൻ അല്ലേ അമ്മ എപ്പോളും വായിട്ട് അലക്കണത് “

“ഹ ശരി ശരി”

“മ്മ്.. എന്നാൽ പറ്റുമെങ്കിൽ വൈകുന്നേരം വാ കെട്ടോ.. “

അവൻ ദേവൂട്ടിയോട് യാത്ര പറഞ്ഞു വീട്ടിലേക്കുള്ള വഴിയേ പോയി.

ഉമ്മറത്തെ ചാരുകസേരയിൽ അച്ഛൻ ഇരിപ്പുണ്ട്.. പത്രം വായന ആണ്.. അച്ഛമ്മ ആണെങ്കിൽ കുളി ഒക്കെ കഴിഞ്ഞു രാമായണം ചൊല്ലുക ആണ്.. പൂജമുറിയിൽ നിന്നും അച്ഛമ്മേടെ വായന കേൾക്കാം.

അവൻ കോവണി പടികൾ കയറി മുകളിലേക്ക് പോയി.

. ഡ്രസ്സ്‌ മാറി വേഗത്തിൽ ഇറങ്ങിവന്നു.

അപ്പോഴേക്കും അമ്മ അവനുള്ള ബ്രേക്ഫാസ്റ്റ് എടുത്ത് ടേബിളിൽ വച്ചിട്ടുണ്ട്..

പുട്ടും കടലയും ആയിരുന്നു അന്ന് കഴിക്കുവാനുള്ളത്.

അവൻ അല്പം പുട്ടെടുത്ത് പൊടിച്ച് അതിന്മേൽ കടലക്കറി ഒഴിച്ചു.. എന്നിട്ട് വേഗം കഴിക്കുവാൻ തുടങ്ങി.

” മീനൂട്ടി നീ റെഡിയായോ”

സീത അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു.

അപ്പോഴേക്കും അവൾ തന്റെ ബാഗ് എടുത്ത് ഇറങ്ങി വരുന്നുണ്ടായിരുന്നു.

” നീ എന്തെങ്കിലും കഴിച്ചോ”?

” ഞാനൊരു ഏത്തപ്പഴം പുഴുങ്ങിയത് കഴിച്ചു ഏട്ടാ “

അതുമാത്രം കഴിച്ചാൽ വിശപ്പ് പോകുമോ… എന്ന് ചോദിച്ചു കൊണ്ട് അവൻ തന്റെ പാത്രത്തിൽ നിന്നും കുറച്ചു പുട്ടെടുത്ത് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു.

” കെട്ടിക്കാറായ പെണ്ണാ ഇപ്പോഴും വാരി ആണോ ഊട്ടുന്നത് “

സീത മകനെ വഴക്കു പറഞ്ഞു.

അവൻ പക്ഷേ അതൊന്നും കാര്യമാക്കി എടുത്തില്ല.

” ഈ അമ്മയ്ക്ക് ഇപ്പോഴും അസൂയയാണ്.. എന്റെ കാർത്തിയേട്ടന് ഞാനും തമ്മിലുള്ള സ്നേഹം കണ്ടിട്ട്.. അല്ലേ അച്ഛമ്മേ ” പൂജാമുറിയിൽ നിന്നും ഇറങ്ങി വന്ന അച്ഛമ്മയെ നോക്കി മീനൂട്ടി ചോദിച്ചു.

” പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്റെ മീനൂട്ടി “

സീത കൊടുത്ത ചായയും മേടിച്ച് അവരും ഒരു കസേരയിൽ പോയി ഇരുപ്പുറപ്പിച്ചു.

” ഞായറാഴ്ച എപ്പോഴാണ് സീത ഇവിടെ നിന്നും പെൺകുട്ടിയുടെ വീട്ടിലേക്ക് ഇറങ്ങുന്നത് “

“അത് അമ്മേ… രാമേട്ടൻ പറഞ്ഞത് ഒമ്പതര ഒക്കെ കഴിയുമ്പോൾ ഇറങ്ങാം എന്നാണ്..അങ്ങനെ ആണേൽ 11മണി ആകുമ്പോഴേക്കും അവിടെ എത്താം..”

“ഹ്മ്മ്…. എല്ലാവരെയും വിളിച്ചുപറഞ്ഞുല്ലോ അല്ലേ “

” ഉവ്വ് അമ്മേ “

“അതിനു ആര് എവിടേയ്ക്ക് പോകുന്ന കാര്യം ആണ് ഇവിടെ പറയുന്നേ “

കൈ കഴുകി വന്ന കാർത്തി അമ്മയെ നോക്കി..

“നീ പോയി കണ്ട പെൺകുട്ടിയെ ഞങ്ങൾ വേണ്ടപ്പെട്ട ആളുകൾ ഒക്കെ പോയി കാണുന്ന കാര്യം അച്ഛൻ നിന്നോട് പറഞ്ഞില്ലേ… ആ കാര്യം ആണ് ഇവിടെ ഞാനും സീതയും തമ്മിൽ പറഞ്ഞെ “

അച്ഛമ്മ ആണ് അവനു മറുപടി കൊടുത്തേ

“എന്തിനാ ആ പെണ്ണിനെ കാണാൻ പോകുന്നെ… നിങ്ങൾക്ക് ആർക്കും വേറെ ജോലി ഒന്നും ഇല്ലേ…. “

അവന്റ ശബ്ദം അല്പം ഉയർന്നു.

“എല്ലാവർക്കും ഇഷ്ടം ആയെങ്കിൽ അവരോട് ഇങ്ങട് വരാൻ പറയും.. നിങ്ങടെ വിവാഹവും ഉറപ്പിക്കും “

അച്ചൻ എഴുന്നേറ്റു അകത്തേക്ക് വന്നു

“എന്റെ വിവാഹം, അത് ദേവൂട്ടിയും ആയിട്ട് ആണ്.. അല്ലാതെ വേറെ ആരെയും ഞാൻ താലി ചാർത്തില്ല “

കാർത്തി അച്ഛന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“ഞാൻ പറയുന്നത് നീ അനുസരിക്കില്ല അല്ലേ കാർത്തി “

“ഈ ഒരു കാര്യത്തിൽ…. അച്ഛന്റെ വാക്കുകൾ കേൾക്കാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് “

“കാർത്തി “

സീത അവന്റെ നേർക്ക് ഓടി വന്നു.

“നീ ഇതു ആരോടാണ് ഇങ്ങനെ സംസാരിക്കുന്നെ..എന്ത് വിവരക്കേടാ കാർത്തി… എന്തെടാ “

“അമ്മേ…ഞാൻ പറഞ്ഞതിൽ എന്തെങ്കിലും വിവരക്കേട് അമ്മ ഒന്നു പറഞ്ഞു തരു “

“സീതേ… നീ മിണ്ടാതെ അകത്തു പോകൂ “

“രാമേട്ടാ.. ഞാൻ…”അവരുട വാക്കുകൾ മുറിഞ്ഞു

“അച്ഛാ.. ഇതേവരെ ഞാൻ ആരോടും എതിർത്തു ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല… എല്ലാവരെയും ബഹുമാനിച്ചും ആദരിച്ച ഒക്കെ ആണ് വളർന്നു വന്നേ…അച്ചനും അമ്മയും പറയുന്നത് ഇന്നോളം അനുസരിച്ചു മാത്ര എന്റെ ശീലം… പക്ഷെ ഈ ഒരു കാര്യത്തിൽ.. എന്റെ വിവാഹ കാര്യത്തിൽ, എനിക്ക് എന്റേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ട്… അത് എല്ലാവരുടെയും അറിവോടെ ആണ് താനും.. അതുകൊണ്ട് ദേവൂട്ടിയെ അല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്യില്ല… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എന്റെ തീരുമാനത്തിന് മാറ്റം ഇല്ല..”

അതും പറഞ്ഞു കൊണ്ട് കാറിന്റെ ചാവി എടുത്തു കൊണ്ട് അവൻ വേഗത്തിൽ വെളിയിലേക്ക് ഇറങ്ങി പോയി.

തുടരും