“അച്ഛൻ എന്നേ വിളിച്ചോ “
കാർത്തി അച്ഛന്റെ അടുത്തേക്ക് വന്നു.
“ഉവ്വ് “
“നീ കാര്യങ്ങൾ ഒക്കെ അറിഞ്ഞുല്ലോ ല്ലേ. മറ്റന്നാൾ ഇവിടെ നിന്നും കുറച്ചു ആളുകൾ ആ കുട്ടിയേ കാണാൻ പോകുവാ “
അവൻ അലക്ഷ്യമായി പുറത്തേക്ക് നോക്കി നിൽപ്പാണ്.
“കാർത്തി “
അച്ഛൻ അവനെ വിളിച്ചു.
അവൻ അയാളുടെ മുഖത്തേക്ക് നോക്കി.
“നിനക്ക് വിഷമം ഉണ്ടന്ന് അച്ഛന് അറിയാം… പക്ഷെ ഇതൊക്കെ പ്രായത്തിന്റെ ഓരോരോ ചപാല്യങ്ങൾ ആണെന്ന് കരുതുക… മുന്നേ ഞാൻ നിന്നോട് ഈ കാര്യം പറഞ്ഞത് ആണ്.. അത് തന്നെ ആണ് ഇപ്പോളും പറയാൻ ഉള്ളത്..”…
“ശരി… ഞാൻ അവളെ വിവാഹം കഴിക്കാം… അച്ഛന്റെ ഇഷ്ടം അതാണ് എങ്കിൽ അത് തന്നെ നടക്കട്ടെ.. പക്ഷെ ഒരു കാര്യം ഉണ്ട്…അച്ഛൻ എന്ത് കാരണത്താൽ ആണ് ദേവൂട്ടിയെ ഒഴിവാക്കുന്നത്… അത് പറയണം.. തക്കതായ കാരണം ഉണ്ടെങ്കിൽ, അച്ഛന്റെ ഭാഗത്തു ന്യായം ഉണ്ടെങ്കിൽ ഞാൻ ഈ ബന്ധത്തിൽ നിന്നും പിന്മാറും…”
വാശിയോട് പറയുന്ന മകനെ നോക്കി അയാൾ കസേരയിൽ ഒന്നുടെ അമർന്നു ഇരുന്നു.
“എന്തായാലും ഞാൻ നിന്നോട് എല്ലാ കാര്യങ്ങളും പറയാം… നിന്നോട് മാത്രം അല്ല…ഇവിടെ നിന്റ അമ്മയോടും കൂടി.. പക്ഷെ ആ കുട്ടീടെ വീട്ടിൽ പോയിട്ട് വരട്ടെ… എന്നിട്ട് ആവാം ബാക്കി “
അയാൾ പറഞ്ഞു നിറുത്തി.
“അച്ഛ…. അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ “
അവൻ ദയനീയമായി അച്ഛനെ നോക്കി.
“ഞാൻ നിന്നോട് എല്ലാ കാര്യങ്ങളും പറയാം മോനേ… ഒന്നും ഒളിച്ചു വെയ്ക്കുന്നില്ല… അതിന്റ കാര്യം ഇല്ലെന്ന് തന്നെ എനിക്ക് ഇപ്പോൾ തോന്നുന്നു. എന്തായാലും ആ കുട്ടീടെ വീട്ടിൽ പോയി വരട്ടെ…എന്നിട്ട് ആവാം ബാക്കി “
അയാളുടെ ഫോൺ ശബ്ധിച്ചു.
“അച്ഛാ….”
മീനുട്ടി ഫോൺ എടുത്തു കൊണ്ട് അച്ഛന്റെ അടുത്തേക്ക് വന്നു.
“ആരാ മോളെ “…
“ഗോപിനാഥൻ “
“ആഹ്… വേഗം കൊണ്ട് വാ… പദ്മ പ്രിയേടെ അച്ഛൻ ആണ്..”
അവൾ ഫോൺ കൊണ്ട് വന്നുഅച്ഛനെ ഏൽപ്പിച്ചു.
കാർത്തി അപ്പോൾ അവിടെ നിന്നും തന്റെ മുറിയിലേക്ക് പോയി.
അച്ഛൻ ആണെങ്കിൽ അയാളോട് വളരെ കാര്യമായി തന്നെ കുശലം ചോദിക്കുന്നത് അവൻ കേട്ടു….
അടുത്ത ദിവസം കോളേജിൽ പോകണം… അതുകൊണ്ട് അവൻ നോട്സ് ഒക്കെ തയ്യാറാക്കുക ആണ്..
8മണി കഴിഞ്ഞപ്പോൾ മീനു താഴെ നിന്നും അവനെ ഉറക്കെ വിളിച്ചു.
ഏട്ടാ…. ഭക്ഷണം കഴിക്കാൻ വായോ….. “
“ഏട്ടാ… കോളേജിൽ ആർട്സ് ഡേ വരുവല്ലേ…. ആരാണ് ഈ തവണ ഗസ്റ്റ് “
“വേണു മാഷും ജയ ടീച്ചറും ഒക്കെ ടോവിനോയുടെ പേര് ആണ് പറഞ്ഞെ “…
“എന്റെ ഈശ്വരാ നേരാണോ ഏട്ടാ “
“മ്മ്…..”
അവൻ ഒരു കഷ്ണം ചപ്പാത്തി മുറിച്ചു എടുത്തു കൊണ്ട് അവളോട് പറഞ്ഞു.
“ഉറപ്പാണോ ഏട്ടാ… ടോവിനോ വരുമോ “
“നൂറു ശതമാനം ഉറപ്പ് ആയിട്ടില്ല…. അതുകൊണ്ട് നീ ഇപ്പോൾ ഇത് നിന്റെ കൂട്ടുകാരികളോടൊന്നും പറയണ്ട കേട്ടോ… “
“ഹേയ് ഇല്ല….. ഞാൻ ഈ കാര്യം എന്റെ മനസിന്റെ കോണിൽ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി വച്ചേക്കാം “
അവൾ അത് പറയുകയും അച്ഛമ്മ അവളെ നോക്കി കളിയാക്കി ചിരിച്ചു.
എല്ലാവരും കൂടി ഒരുമിച്ചു ഇരുന്ന് ആണ് ഭക്ഷണം കഴിക്കുന്നത്..അത്താഴം അങ്ങനെ ആവണം എന്ന് അച്ഛമ്മക്ക് നിർബന്ധം ഉണ്ട്.. ഇടയ്ക്ക് അവർക്ക് എന്തെങ്കിലും ക്ഷീണം വന്നാൽ മാത്രെ നേരത്തെ കഴിച്ചു കിടക്കൂ….
രാത്രിയിൽ അവൻ ദേവൂന്റെ ഫോണിൽ വിളിച്ചു എങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ല.. കുറച്ചു കഴിഞ്ഞു അവള് തിരിച്ചു വിളിക്കുമായിരിക്കും… അവൻ ഓർത്തു.
ഞായറാഴ്ച ഇവിടെ നിന്നും എല്ലാവരും പോകുന്ന കാര്യം ദേവൂട്ടിയോട് പറയണം…അവൻ തീരുമാനിച്ചു..
എന്തായാലും അച്ഛന്റെ നാവിൽ നിന്നും കാര്യങ്ങൾ ഒക്കെ അറിയണം..എന്തോ വലിയ ഒരു രഹസ്യം അച്ഛൻ ഒളിപ്പിക്കുന്നുണ്ട്… അത് പുറത്തു കൊണ്ട് വരണം….പല വിചാരങ്ങളാൽ അവൻ ഉറങ്ങാതെ കിടന്നു.
****************
ശ്രീഹരി യുടെ കാർ ഗേറ്റ് കടന്നു വരുന്നതും കാത്തു ഇരിക്കുക ആണ് തമ്പി യും ശ്യാമളയും..
ഏകദേശം 11മണി കഴിഞ്ഞു അവൻ എത്തിയപ്പോൾ…
“ഇതെന്താ…ഇവിടെ രണ്ടാൾക്കും ഉറക്കം ഒന്നും ഇല്ലേ…”
അവൻ കൈകൾ രണ്ടും മേല്പോട്ട് ഉയർത്തി ഒന്ന് മൂരി നിവർന്നു..
“നിന്നെ കാത്ത് ഇരിക്കുവായിരുന്നു മോനെ… പിന്നേ സമയം അധികം ഒന്നും ആയിട്ടില്ലലോ…”
ശ്യാമള പറഞ്ഞു.
അവൻ അമ്മയെ കെട്ടിപിടിച്ചു. എന്നിട്ട് ആ കവിളിൽ ഒരു മുത്തം കൊടുത്തു. അവർ തിരിച്ചും..
“എവിടെ നമ്മുടെ സർക്കാര് ജോലി ക്കാരി “
. “അവള് കിടന്ന് മോനേ… ചെറിയ തലവേദന ആണെന്ന് പറഞ്ഞു “
“അതെന്താ പറ്റിയെ… ഹോസ്പിറ്റലിൽ പോയില്ലേ അമ്മേ “
“ഇല്ല… അത്രത്തോളം കുഴപ്പമില്ല എന്ന് ആണ് അവള് പറഞ്ഞെ “
മൂവരും കൂടി അകത്തേക്ക് പ്രവേശിച്ചു.
“മോനെന്നാൽ പോയി കുളിച്ചിട്ട് വാ… അമ്മ എന്തെങ്കിലും കഴിക്കാൻ എടുത്തു വെയ്ക്കും “
“ഇനി ഒന്നും വേണ്ട അച്ഛ….. ഞാൻ പോരുന്ന വഴിക്ക് കഴിച്ചിരുന്നു….. ഇനി ഒരു നല്ല കുളി പാസ്സ് ആക്കണം… എന്നിട്ട് ഒറ്റ ഉറക്കം… നാളെ കാണാം “
“ഹ്മ്…. എന്നാൽ മോൻ പോയി കിടക്കു “
“ഒക്കെ അച്ഛ… ഗുഡ് നൈറ്റ്…അമ്മേ… പോയി കിടന്നോ… നാളെ സംസാരിക്കാം കേട്ടോ”
അവൻ തന്റെ മുറിയിലേക്ക് കയറി പോയി..
“നാളെ നേരം വെളുക്കട്ടെ.. എന്നിട്ട് പറയാം അവനോട് എല്ലാ കാര്യങ്ങളും “
“ഹ്മ്… അത് മതി…മോൻ ആകെ മടുത്തല്ലേ വന്നത്… അവൻ കിടന്ന് ഉറങ്ങട്ടെ “
ശ്യാമളയും അത് ശരി വെച്ച്..
****************
അടുത്ത ദിവസം കാലത്തെ ശ്രീഹരി ഉണർന്നപ്പോൾ മേഘ ജോലിക്ക് പോകാൻ തയ്യാറാകുക ആയിരുന്നു..
“ആഹ്… ഗുഡ് മോർണിംഗ് ഏട്ടാ “
തന്റെ മുറിയിലേക്ക് കയറി വന്ന അവനെ നോക്കി മേഘ..
“പോവാറായോ മോളെ “
“ഉവ്വ്… “
“നിനക്ക് എന്ത് പറ്റി തലവേദന…”
“അത് ഈ കാലത്തെ മഞ്ഞു കൊണ്ട് ഉള്ള യാത്ര അല്ലേ… അതാണ്… കുഴപ്പമില്ല ഏട്ടാ.. കുറഞ്ഞു “
“മ്മ്….”
അവൻ അവളെ വാത്സല്യത്തോട് നോക്കി.
കാലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിരുന്നപ്പോഴാണ് തമ്പിയും ശ്യാമളയും കൂടി മകന്റെ അടുത്തേക്ക് വന്നത്..
” ഇന്നലെ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് എന്തെങ്കിലും അച്ഛനുമമ്മയും എന്നോട് ഒളിക്കുന്നുണ്ടോ “
അവൻ ചോദിച്ചു.
” നിന്നോട് അങ്ങനെ ഒരു കാര്യങ്ങളും ഞങ്ങൾ ഒഴിച്ചു വയ്ക്കാറില്ലല്ലോ മോനേ”
” പിന്നെന്താണ് രണ്ടാളുടെ മുഖത്ത് വല്ലാത്തൊരു വിമ്മിഷ്ടം “
” ഇന്നലെ നമ്മുടെ മേഘമോളെ കാണാനായി ഒരു ചെക്കന്റെ കൂട്ടർ വന്നിരുന്നു”
തമ്പി മുഖവുര ഇല്ലാതെ പറഞ്ഞു.
” എന്നിട്ടെന്തേ എന്നോട് ഈ കാര്യം ഇതുവരെ നിങ്ങളാരും പറഞ്ഞില്ല”
” മോൻ വന്നുകഴിഞ്ഞ് എല്ലാ കാര്യവും പറയാം എന്ന് വച്ചു… പിന്നെ ഇന്നലെ നീ വന്നപ്പോൾ ലേറ്റ് ആയി ല്ലേ…അത്കൊണ്ട് ആണ് ഞങ്ങൾ ഈ കാര്യം പറയാഞ്ഞത് “
“ഹ്മ്… ഓ ക്കെ ഓക്കെ….എവിടെ ആണ് പയ്യന്റെ വീട്.. ജോലി ഉണ്ടോ “
അവൻ ചോദിച്ചു.
“പയ്യനെ നീ അറിയും….”
അച്ഛൻ പറഞ്ഞപോളവന്റെ നെറ്റി ചുളിഞ്ഞു.
“അത് ആരാണ് “
“നീ ഇഷ്ടപ്പെട്ട ദേവിക എന്നാ കുട്ടിയുടെ ബ്രദർ “
“ങ്ങേ….”
അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.
“മ്മ്… അതേ മോനേ…. പയ്യൻ പാവം ആണ്.. കുഴപ്പമില്ല… എന്തൊക്കെയോ ജാതകദോഷം കാരണം എല്ലാ ആലോചനയും മാറി പോകുക ആയിരുന്നു… ഇതു മേഘ മോളും ആയി അവന്റ ജാതകം ചേരും.. പൊരുത്തം ഒക്കെ ഉണ്ട്….”..
” കാര്യങ്ങൾ ഇത്രത്തോളം ആയിട്ട് അച്ഛൻ എന്നോട് എന്തേ ഇതുവരെ പറഞ്ഞില്ല”
ശ്രീഹരി അവരെ രണ്ടാളെയും നോക്കി ചോദിച്ചു..
തുടരും….