എനിക്ക് ഇതാണ് ഇഷ്ടം, ഇങ്ങനെ നിന്നെ കാണുമ്പോൾ തന്നെ എന്ന ഫീൽ ആണ് പൊന്നോ….

Story written by Sumayya Beegum TA

===================

അലമാരയിൽ നിന്നും സ്ഥിരം മാറിമാറി ഉപയോഗിക്കുന്ന നൈറ്റികൾ എല്ലാം എടുത്തുമാറ്റി. അല്പം മങ്ങിയ എന്നാൽ നല്ല ഭംഗിയുള്ള ചുരിദാറുകൾ അടുക്കിവെച്ചു. ഇനി വീട്ടിൽ നന്നായി തന്നെ നടക്കുന്നുള്ളു. അല്ലെങ്കിൽ തന്നെ നിറം മങ്ങിയ ഡ്രെസ്സിട്ട് പാറി പറക്കുന്ന മുടിയുമായി നടക്കുന്ന തന്നെ പകല് കണ്ടാൽ പറക്കും തളികയിലെ നായിക തോറ്റു പോകും.

ഉച്ചയ്ക്ക് എന്റെ തൂലികയിലെ കഥ വായിച്ചപ്പോൾ തുടങ്ങിയ ചിന്തകൾ ആയിരുന്നു അവൾക്ക്….

ഭർത്താവ് മരിച്ചുപോയാൽ ഭാര്യ കല്യാണം കഴിക്കില്ല ഇനി വിവാഹിത ആയാൽ തന്നെ അതിനൊക്കെ ഒരുപാട് കാലതാമസം ഉണ്ടാകും പക്ഷേ നേരെ തിരിച്ചാണെങ്കിലോ? എത്രയും പെട്ടന്ന് നമുക്ക് പകരം മറ്റൊരാൾ. നമ്മുടെ എല്ലാം സ്വന്തമാക്കാൻ വന്നെത്തും. നമ്മുടെ വീടിന്റെ നാഥയായി പ്രാണന്റെ നല്ല പാതിയായി മക്കളുടെ അമ്മയായി നമ്മുടെ വീട്ടിൽ റൂമിൽ, കിടക്കയിൽ പോലും വേറൊരാൾ.

അങ്ങനെ ഉള്ള ജീവിതത്തിൽ എന്തിന് നരച്ചു ജീവിക്കണം. ഉള്ള സമയം നല്ല കളറായി അടിച്ചു പൊളിക്കരുതോ.

കുളികഴിഞ്ഞു വന്നു ഇഷ്ടം ഉള്ള ചുരിദാറുമിട്ടു മുടിയും കെട്ടി നിൽക്കുന്ന അവളെ കണ്ടപ്പോൾ കെട്യോന് ആകെ സംശയം.

നീ എവിടെ പോകുന്നു?

ഒരിടത്തും പോകുന്നില്ല, എനിക്കെന്താ ഇങ്ങനെ നടന്നു കൂടെ…എപ്പോഴും അവിഞ്ഞു നടക്കണോ?

ഹഹഹ ഇത് തന്നെ അല്ലേ ഞാൻ എപ്പോഴും നിന്നോട് ചോദിക്കുന്നത്. എനിക്ക് ഇതാണ് ഇഷ്ടം, ഇങ്ങനെ നിന്നെ കാണുമ്പോൾ തന്നെ എന്ന ഫീൽ ആണ് പൊന്നോ.

ബെസ്റ്റ്..നിങ്ങൾക്ക് ഫീലിന് വേണ്ടിയല്ല എന്റെ സന്തോഷം അതാണ്. അതുമാത്രം ആണ് എനിക്ക് പ്രധാനം.

ആയിക്കോട്ടെ ചോറെടുത്തു തന്നാൽ കഴിക്കാമായിരുന്നു.

ഊണൊക്കെ കഴിഞ്ഞു കിടക്കാൻ കേറിയപ്പോൾ വീണ്ടും വായിച്ച കഥ മനസ്സിനെ തോണ്ടി.

അതോണ്ട് അതോണ്ട് മാത്രമാണ് അവൾ അവനോട് പറഞ്ഞത്

അതേ ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമ്പോൾ…

അത്രേം പറഞ്ഞതേയുള്ളു പൊന്നീച്ച പാറിയത് പെട്ടന്ന് ആണ്.

ഒറ്റ ഒരെണ്ണം കെട്യോന്റെ വക.

നിന്നോട് ഞാൻ കെട്ടിയ അന്ന് തൊട്ട് പറയുന്നതാണ് വേറെ കെട്ടുന്ന കാര്യം എന്നോട് പറയരുതെന്ന്. വർഷം ഇത്രേം കഴിഞ്ഞിട്ടും നിന്റെ സൂക്കേട് മാറുന്നില്ലെങ്കിൽ അടിക്കാതെ നിവർത്തി ഇല്ല.

അതും പറഞ്ഞു അതിയാൻ തിരിഞ്ഞു കിടന്നപ്പോൾ അടി കിട്ടിയതിന്റെ ഷോക്കിൽ നിന്നും തിരിച്ചു വന്നവൾ..

ദുഷ്ട…ഞാൻ മരിച്ചാൽ നിങ്ങൾ നാൽപതിന്റെ പിറ്റേന്നു കെട്ടും. നാണമില്ലല്ലോ മനുഷ്യ പെണ്ണുങ്ങളെ ഉപദ്രവിക്കാൻ..എനിക്ക് തിരിച്ചു അടിക്കാൻ ശക്തി ഇല്ലാത്തത് കൊണ്ടല്ലേ…ഇനി എങ്ങാനും നിങ്ങൾ എന്നെ തൊട്ടാൽ ഞാൻ ഈ വീട് കത്തിക്കും നോക്കിക്കോ. എന്റെ മൂന്ന് മക്കളാണേ സത്യം.

അവൾ ഓരോന്നും പറഞ്ഞു മോങ്ങിക്കൊണ്ടിരുന്നപ്പോൾ ഓൻ ഉറക്കം പിടിച്ചു.

നല്ല മഴയത്തു അങ്ങേരേം കെട്ടിപിടിച്ചു ഉറങ്ങേണ്ട ടൈം മോങ്ങി തീർക്കേണ്ടി വന്ന എന്റെ തൂലികേ നിന്റെ ഒരു കഥ…

എന്നിരുന്നാലും പിറ്റേന്നു ഉച്ചയ്ക്ക് മൂപ്പര് നല്ല മൂഡിൽ വന്ന നേരം നോക്കി ആ കൈകൾ രണ്ടും കൂട്ടിപിടിച്ചു പറയാൻ വന്നതവൾ പൂരിപ്പിച്ചു.

എങ്ങാനും ഞാൻ മരിച്ചാൽ മക്കളെ നിങ്ങൾ അച്ചിയെ കൊണ്ടു എന്നേക്കാൾ സൗന്ദര്യം കുറഞ്ഞ പെണ്ണിനെ കെട്ടിക്കാവു കേട്ടോ..

ആഹാ അത് കേട്ടപ്പോൾ കെട്ട്യോനും ഒരു ചിരി അവൾക്കും സമാധാനം.

എന്താണേലും പെണ്ണ് പെണ്ണ് തന്നെ അല്ലേ.

കഥ ഇങ്ങനെ ഒക്കെയാണെങ്കിലും എന്റെ പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കണം.

മുപ്പതുകളിൽ നാൽപതുകളിൽ ഏറ്റവും മനോഹരി ആവണം.

പ്രണയിക്കണം…

സ്വപ്നങ്ങൾ കാണണം…

നിങ്ങളുടെ പ്രത്യാശ തുളുമ്പുന്ന കണ്ണുകൾ ദാമ്പത്യത്തിന്റെ പ്രഭ ആവണം ♥️