എന്തൊരു കോലമാട ഇത്, എത്ര നാളായി നിന്നേ കണ്ടിട്ട്, ഒരു വിവരവും ഇല്ല, ആരുമായി ഒരു കോണ്ടാക്റ്റും ഇല്ല…

തോറ്റുപോയവന്റെ കഥ

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

================

ബാറിലെ അരണ്ട വെളിച്ചത്തിലും എനിക്ക് ആ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു, എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ തല കുമ്പിട്ട് ഇരുന്നത്…

” അളിയാ ശ്യാമേ,, നീ എന്താ ഇവിടെ… “

അത് ചോദിച്ചു കൊണ്ട് സിയാദ് എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാത്ത ദൈവങ്ങളെ ഞാൻ വീണ്ടും മനസ്സ് കൊണ്ട് കുറ്റപ്പെടുത്തി…

” ഇവിടെ കുറച്ച് അമൃത് കിട്ടുന്നെന്ന് അറിഞ്ഞിട്ട് വന്നതാ അളിയാ… “

” ആണോ, ഞാൻ രണ്ട് കുപ്പി അമൃത് പാഴ്സലാക്കി.. “

ചിരിച്ചുകൊണ്ട് അതും പറഞ്ഞവൻ എന്റെ അരികിലേക്ക് ഇരുന്നു…

” എന്തൊരു കോലമാട ഇത്, എത്ര നാളായി നിന്നേ കണ്ടിട്ട്, ഒരു വിവരവും ഇല്ല, ആരുമായി ഒരു കോണ്ടാക്റ്റും ഇല്ല, എവിടെയായിരുന്നു നീ… “

അവന്റെ നിർത്തതേയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ഇരുന്നതെയുള്ളൂ…

” ഇരുന്ന് ചിരിക്കാതെ പറയടാ വിശേഷങ്ങൾ, ഇവിടെന്താ പരുപാടി, ഇവിടെയാണോ ഇപ്പൊ ജോലി… “

അവൻ പിന്നേയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

” അങ്ങനെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല,… ജോലി, അതിപ്പോ നമ്മൾ എല്ലാത്തിനും പോകുന്നത് കൊണ്ട് കുറച്ചീസം ഇവിടെ ആയിരുന്നു… “

അത് പറഞ്ഞ് മുന്നിൽ ഉണ്ടായിരുന്ന മദ്യ ഗ്ലാസ്സ് കൂടി കാലിയാക്കി ചിറി തുടച്ചവനെ നോക്കുമ്പോൾ അവൻ ഇഷ്ടമാകാത്ത രീതിയിൽ ചുണ്ടുകൾ മലർത്തി ഇരിക്കുക ആയിരുന്നു…

” അല്ല നീയെന്താ ഇവിടെ… “

അവൻ അടുത്ത ചോദ്യം ചോദിക്കും മുന്നേ ഞാൻ കയറി ചോദിച്ചു…

“അതൊക്കെ പറയാം നീ ആദ്യം ഇവിടെ നിന്ന് വെളിച്ചത്തേക്ക് ഇറങ്ങിയേ… “

അത് പറഞ്ഞവൻ എന്റെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി…

” എന്റെ പൊന്നളിയ നിന്നെ കണ്ടിട്ട് എത്ര നാളായി, നീ വല്ലാണ്ടങ്ങ് മാറിപ്പോയി, എനിക്ക് ആദ്യം കണ്ടിട്ട് ആളിനെ തിരിച്ചറിഞ്ഞില്ല…. “

എന്നെ കണ്ടതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്ത് തെളിയുമ്പോൾ, ഞാൻ സന്തോഷം ഉണ്ടെന്ന് അഭിനയിയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

” നീ കയറി വന്നപ്പോഴേ എനിക്ക് ആളിനെ പിടികിട്ടി… “

” എന്നിട്ടാണോ ചെറ്റേ നീ കാണാത്ത രീതിയിൽ തല കുമ്പിട്ട് ഇരുന്നത്… “

പെട്ടെന്ന് എന്റെ വായിൽ നിന്ന് സത്യം പുറത്തേക്ക് വന്നതിന്റെ പരിഭവം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു..

” അതൊക്കെ പോട്ടെ നീ എന്താ ഇവിടെ… “

വിഷയം മാറ്റാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്.

” ഞാൻ കല്യാണം കഴിഞ്ഞ് ഇവിടേക്ക് മാറി, ഇവിടെ ഇപ്പോൾ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്…. നീ വാ, ഇന്ന് വീട്ടിൽ കൂടിയിട്ട് നാളെ പോകാം…”

” ഏയ് അതൊന്നും പറ്റില്ല, പോയിട്ട് ഒരുപാട് പണികൾ ഉള്ളതാ… “

ഞാൻ പിന്മാറാൻ ശ്രമിച്ചിട്ടും അവൻ വിടുന്ന ലക്ഷണമില്ല…

” നീ ഇവിടെ നിന്ന് പോയാൽ പിന്നെ ഈ ജന്മത്ത് കണ്ട് കിട്ടില്ല, അതുകൊണ്ട് എന്തയാലും കയറിക്കോ, വേണേ രാത്രി മിനുങ്ങാൻ എന്തേലും വാങ്ങാം… “

” ഏയ് അതൊന്നും വേണ്ട, നീ വിട്ടോ ഞാൻ മറ്റൊരു ദിവസം വീട്ടിലേക്ക് വരാം… “

ഞാൻ പിന്നേയും ഒഴിഞ്ഞു മാറുമ്പോ അവൻ കാറിന്റെ ഡോർ തുറന്ന് എന്നെ ഉള്ളിലേക്ക് തള്ളി കയറ്റി…

വണ്ടി മുന്നോട്ട് പോകുമ്പോഴും അവൻ എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു, ഞാൻ അതൊക്കെ മൂളി കേട്ട് കൊണ്ടിരിക്കുകയും ചെയ്തു.

വല്യ ഗേറ്റുകൾ ഉള്ള വീടിന്റെ മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ഗേറ്റ് താനെ തുറന്നു..

” ഇത് ഇറങ്ങി തുറക്കാനും, അടയ്ക്കാനും വല്യ പാടാണ്. ഇതാകുമ്പോ പ്രശ്നം ഇല്ലല്ലോ…”

ഞാൻ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടേന്നോണം അവൻ പറഞ്ഞു, അത് കേട്ട് ഞാനും മുഖത്ത് ഒരു ചിരി വരുത്തി..

” ഉപ്പി…. “

വണ്ടി കാർ പോർച്ചിൽ നിൽക്കുമ്പോൾ അത് വിളിച്ചു കൊണ്ട് ഒരു കുഞ്ഞു സുന്ദരിക്കുട്ടി ഓടി അവന്റെ അരികിലേക്ക് വന്നു…

അവളെ വാരിയെടുത്തു കൊണ്ട് പോക്കറ്റിൽ നിന്ന് ഒരു ചോക്ലേറ്റ് കൊടുക്കുമ്പോൾ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ടവൾ തിരികെ വീട്ടിലേക്ക് ഓടി…

” ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ഇവൾക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്കരുതെന്ന്…. “

അതും പറഞ്ഞ് ഉമ്മറത്തേക്ക് വന്നയാൾ പെട്ടെന്ന് എന്നെ കണ്ടത് കൊണ്ടാകും പറയാൻ വന്നത് എന്തൊക്കെയോ വിഴുങ്ങി, തോളിൽ കിടന്ന ഷാൾ തലയിൽ ഇട്ടുകൊണ്ട് വാതിലും ചാരി നിന്നത്…

” ജാസ്മി, നിനക്ക് ആളിനെ മനസ്സിലായോ… “

കയ്യിൽ ഉണ്ടായിരുന്ന ബാഗ് അവളെ ഏൽപ്പിച്ച് സിയാദ് ചോദിക്കുമ്പോൾ അവൾ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി…

” അളിയാ നിനക്ക് മനസ്സിലായോ.. “

അവൻ എന്നോട് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ട് തലയാട്ടി…

” ഉം പിന്നെ,,, ജാസ്മിനെ കാണിക്കാൻ അല്ലേടാ അന്നൊക്കെ നീ ബസ്സിന്റെ ഫുഡ്‌ബോഡിൽ തൂങ്ങി നിന്ന് പോകുന്നത്, പിന്നെ ഇന്റർവെൽ സമയത്ത് അവളുടെ ക്ലാസ്സിന്റെ ജന്നലിന്റെ മുന്നിലൂടെയുള്ള നടത്തവും… “

ഞാനത് പറയുമ്പോൾ അവൻ പൊട്ടിച്ചിരിക്കുകയും, അവൾ നാണത്താൽ തല കുമ്പിടുകയും ചെയ്തു..

” എടി എന്റെ കൂടെ എപ്പോഴും ഉണ്ടാകില്ലേ വെളുത്തു, മെലിഞ്ഞു… “

” അയ്യോ ശ്യാം…. “

സിയാദ് പറഞ്ഞു തീരും മുന്നേ ജാസ്മിൻ ഓർമ്മകളിൽ നിന്ന് എന്നെ പുറത്തേക്ക് എടുത്തു…

” അയ്യോ ആളാകെമാറിപ്പോയി, കണ്ടാൽ മനസ്സിലാകുന്നെയില്ല… “

“അതേ വിശേഷം പിന്നെ പറയാം, നീ പോയി ഒരു മുണ്ടും ഷർട്ടും എടുത്ത് കൊടുത്തേ, അളിയാ നീ ഒന്ന് ഫ്രഷ് ആക് ആദ്യം എന്നിട്ട് കഴിക്കാം…”

അവൻ അത് പറഞ്ഞ് കഴിയുമ്പോഴേക്കും ജാസ്മിൻ എനിക്കുള്ള മുണ്ടും ഷർട്ടും കൊണ്ട് വന്നു, അവൻ കാണിച്ച മുറിയിലേക്ക് നടക്കുമ്പോൾ, അവിടേക്ക് വരേണ്ടിയിരുന്നില്ല എന്ന് വീണ്ടും മനസ്സിൽ തോന്നി, ഒരുപക്ഷെ ജീവിതത്തിൽ ഒന്നുമാകാൻ കഴിയാത്തവന്റെ അപകർഷാദബോധം കൊണ്ടാകും…

ഷവറിന് മുന്നിൽ നിൽക്കുമ്പോഴും, ഇനിയവൻ ചോദിക്കാൻ പോകുന്നു ഒരായിരം ചോദ്യങ്ങൾ ആയിരുന്നു മനസ്സിൽ, വീട്, കുടുംബം, ജോലി… അങ്ങനെ നീണ്ട് പോകും ചോദ്യങ്ങൾ…

കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും അവനും കുളിച്ച് വന്നിരുന്നു, ഡൈനിങ്ങ് ടേബിളിൽ നിന്ന് പത്തിരിയുടേയും , കോഴി കറിയുടെയും മണം മൂക്കിലേക്ക് അടിക്കുമ്പോൾ വയറ്റിൽ വിശപ്പിന്റെ വിളിയും കൂടി …

” അളിയാ ബിയർ ഉണ്ട് അടിക്കുന്നോ… “

അവൻ അരികിൽ വന്ന് ചെവിയിൽ മെല്ലെ ചോദിച്ചപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു… നീ ഇരിക്ക് ഞാനിപ്പോ വരാമെന്നും പറഞ്ഞവൻ പോയപ്പോൾ ജാസ്മിൻ എനിക്ക് ആഹാരം എടുത്ത് വച്ചിരുന്നു….

” അളിയാ കഴിക്ക്… “

ആഹാരത്തിന് മുന്നിൽ കഴിക്കാൻ മടിച്ചിരിക്കുമ്പോഴേക്കും അതും പറഞ്ഞവൻ വന്നിരുന്നു…

” പണ്ടുണ്ടല്ലോടി, ഉപ്പ ഗൾഫിൽ ആണെങ്കിലും, മാസാവസാനം ആകുമ്പോ ഉപ്പ അയക്കുന്ന പൈസയൊക്കെ തീരും, പിന്നെ എന്നും ചോറും ചമ്മന്തിയും ആകും സ്കൂളിൽ കൊണ്ട് പോകാൻ, അന്നൊക്കെ ഉച്ചയ്ക്ക് കഴിക്കാൻ എന്നും ഇവന്റെ വീട്ടിൽ ആകും പോകുക, ഇവന്റെ വീട് സ്കൂളിന്റെ അടുത്താണ്..

ചെല്ലുമ്പോ ഇവന്റെ അമ്മ മീൻ കറിയും, മീൻ വറുത്തതും, തോരനും ഓക്കെ തരും, ചില ദിവസങ്ങളിൽ ചോറ് കൊണ്ട് വന്നില്ലെങ്കിലും ഇവന്റെ വീട്ടിൽ ആകും പോകുക, എത്ര നാൾ ആണെന്നറിയോ അമ്മയുടെ കയ്യിൽ നിന്ന് ചോറും കറിയും വാങ്ങി കഴിച്ചത്…. “

അവനത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ അടുത്ത ചോദ്യം എന്താകും എന്നറിയാവുന്നത് കൊണ്ടുതന്നെയാണ് മുഖം ഉയർത്തി നോക്കാതെ പാത്രത്തിലേക്ക് തലകുമ്പിട്ടിരുന്നത്…

” അതൊക്കെ ഒരു കാലം അല്ലേ അളിയാ,,, അമ്മയ്ക്ക് സുഖം തന്നെയല്ലേഡാ… “

ആ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ അൽപ്പനേരം, നുള്ളിയെടുത്ത് വായിൽ വച്ച പത്തിരി ഇറങ്ങാതെ തൊണ്ടയിൽ കുടുങ്ങി…

” അമ്മ… അമ്മയൊക്കെ മരിച്ചെടാ… “

അത് പറയുമ്പോഴും തല കുമ്പിട്ട് തന്നെ ഇരിക്കുക ആയിരുന്നു…

” സത്യമായിട്ടും അറിഞ്ഞില്ലളിയാ, മൊബൈലിൽ ഒന്നും കണ്ടതും ഇല്ലല്ലോ… “

” അങ്ങനെ എല്ലാമൊന്നും നമുക്ക് നാട്ടുകാരെ മൊത്തം അറിയിക്കാൻ പറ്റില്ലല്ലോ, ചിലതൊക്കെ എന്നും നോവായി മനസ്സിൽ തന്നെ ഇരിക്കുന്നതാണ് അതിനൊരു സുഖം… “

ഞാനത് പറഞ്ഞ് കഴിഞ്ഞ് ഏറെ നേരം അവിടെ നിശബ്ദത തളം കെട്ടി നിന്നു. ആഹാരം തൊണ്ടയിൽ നിന്ന് ഇറക്കാൻ കഴിയാതെ ഞാനും അവനും ഒരുപോലെ ബുദ്ധിമുട്ടുന്നത് കണ്ടാകും, ജാസ്മിൻ എന്തൊക്കെയോ സംസാരിച്ചത്.

” നമുക്ക് കുറച്ച് നേരം ടെറസ്സിൽ ഇരിക്കാം..”

ഭക്ഷണം മതിയാക്കി കൈ കഴുകുമ്പോഴാണ് സിയാദ് അത് പറഞ്ഞത്, കൈകൾ കഴുകി അവന്റെ പിന്നാലെ ഞാനും നടന്നു, റൂഫ് അടിച്ചിരിക്കുന്ന ടെറസ്സിന് താഴെ ഇട്ടിരിക്കുന്ന കസേരകളിൽ ഒന്നിൽ അവനിരുന്നു മറ്റൊന്നിൽ ഞാനും…

കഴിഞ്ഞ ആഴ്ച്ച അവരുടെ ആനിവേഴ്സറി ആഘോഷത്തിന്റെ ലൈവ് വീഡിയോ കണ്ടിരുന്നപ്പോൾ ആഗ്രഹിച്ചിരുന്നു സ്വന്തം വീട്ടിലും ഇതുപോലെ ഒരു സ്ഥലം, സ്വന്തമായി വീട് പോലും ഇല്ലാത്തവന്റെ ഓരേ ആഗ്രഹങ്ങൾ…

” കഴിഞ്ഞ ആഴ്ച്ച ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു, ഇവിടെ വച്ചായിരുന്നു ആഘോഷം, ലൈവ് പോയിരുന്നു ഫേസ്ബുക്കിലൊക്കെ നീ കണ്ടിരുന്നോ… “

ചിലപ്പോൾ ഞങ്ങളുടെ മൈൻഡ് ഓകെ ആകാൻ ആയിരിക്കും അവൻ സന്തോഷത്തോടെ അത് പറഞ്ഞത്..

” കണ്ടിരുന്നു, നമ്മുടെ സന്തോഷങ്ങളും, ആഘോഷങ്ങളും പത്ത് ആൾക്കാരെ അറിയിച്ചില്ലെങ്കിൽ പിന്നെ അതിനൊരു സുഖമില്ല അല്ലേടാ …. “

” നീ എന്ത അങ്ങനെ പറഞ്ഞത്, അല്ലെങ്കിലും നീ ഒരു ഫോട്ടോ പോലും ഇടാറില്ലല്ലോ… “

ഞാൻ പറഞ്ഞതിന്റെ പരിഭങ്ങൾ ആയിരുന്നു അവന്റെ വാക്കുകളിൽ…

” അങ്ങനെ സന്തോഷിക്കാൻ എന്തെങ്കിലും വേണ്ടേ ജീവിതത്തിൽ എന്നാലല്ലേ അതൊക്കെ എല്ലാവരോടും വിളിച്ചു പറയാൻ പറ്റുള്ളൂ, സങ്കടങ്ങൾ അറിയാനോ, കേൾക്കാനോ, അതിനൊന്നും ആരും മെനക്കേടാറില്ലല്ലോ അളിയാ… “

ഞാനത് പറയുമ്പോൾ അവൻ ഒന്നും മിണ്ടിയിരുന്നില്ല…

” ഓരോരുത്തരുടെയും ആഘോഷങ്ങളും, യാത്രകളുമൊക്കെ ഇങ്ങനെ നാട്ടുകാരെ കാണിക്കുമ്പോൾ, കാണുന്നവർക്ക് സന്തോഷം ഉണ്ടായിരിക്കും, എന്നാലും ഒരു നിമിഷം അവരും ചിന്തിക്കും നമുക്കൊന്നും ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ലല്ലോ എന്ന്…

അതും പ്രത്യേകിച്ച് സുഹൃത്തുക്കളുടെ ആകുമ്പോൾ, അത് കുശുമ്പ് കൊണ്ടൊന്നും അല്ല കുറെ സ്വപ്‌നങ്ങൾ കണ്ടിട്ടും ഒന്നുമാകാൻ പറ്റാതപോയവരുടെ ഒരുതരം വേദനയാണ് അത്, ഒരുമിച്ചു നടന്നവർ, പഠിച്ചവർ, കളിച്ചവർ ചിലോരൊക്കെ ജീവിതത്തിൽ രക്ഷപ്പെട്ടു പോകും മറ്റ് ചിലർ ഒന്നും ആകാൻ കഴിയാതെയും….”

ഞാനത് പറയുമ്പോഴേക്കും ജാസ്മിനും വന്നിരുന്നു അവിടേക്ക്…

” എപ്പോഴെങ്കിലും അങ്ങനെ തോറ്റു പോയവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, ഒരു പക്ഷേ അവർക്കും പറയാൻ ഉണ്ടാകും ഒരുപാട് കഥകൾ, സങ്കടങ്ങൾ, കുഞ്ഞു സന്തോഷങ്ങൾ, ഒരുപാട് ഒന്നും വേണ്ട നമ്മുടെ കൂടെ പഠിച്ചവരുടെ കൂട്ടത്തിലും ഉണ്ടാകും അതുപോലെ ഒന്നും ആകാൻ കഴിയാതെ, സ്വന്തം സൗഹൃദങ്ങൾക്ക് മുന്നിൽ മുഖം കാണിക്കാൻ പോലും മടിക്കുന്ന ചിലർ…. “

” അളിയാ…. “

അത് പറഞ്ഞു കഴിയുമ്പോഴേക്കും അവൻ വന്നേനെ ചേർത്ത് പിടിച്ചിരുന്നു. ഒന്നും മിണ്ടാതെ ആ ആലിംഗനത്തിൽ നമ്മൾ ആ പഴയ കളികൂട്ടുകാർ ആയി, പരസ്പരം സ്നേഹവും കരുതലും കൈ മാറുന്ന ആ പഴയ സൗഹൃദം…

” അതേ ഇന്നിനി ഉറക്കമൊന്നും ഇല്ലേ… “

ജാസ്മിന്റെ ചോദ്യത്തിൽ ഞങ്ങൾ പരസ്പരം നോക്കി…

” അതേ നീ പോയി കിടന്നോ, ഞങ്ങൾ ഇന്ന് ഇവിടെ കിടക്കും അല്ലേ അളിയാ… “

അവൻ അത് പറയുമ്പോൾ ഞാനും തലകുലുക്കി..

അൽപ്പം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കുള്ള പായും, തലയിണയും ആയി ജാസ്മിൻ വന്നു. അത് തറയിൽ വിരിച്ച് ഞങ്ങൾ കിടന്നു, ഏറെ നേരം പഴയ കുറെ ഓർമ്മകളും, കളികളും, കുസൃതികളുമൊക്കെ പങ്ക് വച്ച് ഉള്ളുതുറന്ന് സന്തോഷിച്ച് ആ രാത്രി സമാധാനത്തോടെ ഉറങ്ങി…

രാവിലെ എല്ലാവർക്കും മുന്നേ എഴുന്നേറ്റ് കുളിച്ച് ഞാൻ പോകാൻ റെഡിയായി കഴിഞ്ഞിരുന്നു..

” കുറച്ച് കഴിഞ്ഞു പോയാൽ പോരെഡാ… “

“ഇല്ലളിയാ ഒരുപാട് പരുപാടി ഉണ്ട് പോയില്ലെങ്കിൽ അതൊക്കെ മുടങ്ങും, അതുമല്ല ഇനിയും നിന്നാൽ നിങ്ങളുടെ സന്തോഷവും ഞാൻ കെടുത്തും, ഇനിയൊരിക്കൽ ഞാൻ ഇറങ്ങാം…”

അത് പറഞ്ഞു ഇറങ്ങുമ്പോൾ അവന്റെ മോളും ഉമ്മറത്തേക്ക് വന്നിരുന്നു…

” മോൾക്ക് തരാൻ ഒന്നും എന്റെ കയ്യിൽ ഇല്ല, ഇത് വച്ചോളു, ഇത് വായിക്കുമ്പോൾ ഇപ്പോൾ മോൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പതിയെ മനസ്സിലായിക്കോളും കേട്ടോ, അത് മനസ്സിലാകുമ്പോൾ എല്ലാവരെയും സ്നേഹിക്കാനും, മനസ്സിലാക്കാനുമൊക്കെ കഴിയും… “

ബാഗിൽ നിന്ന് ഒരു ബുക്ക് എടുത്ത് അവളുടെ കയ്യിൽ കൊടുത്ത് തലമുടിയിൽ തഴുകി, ഞാൻ നടന്നു…

” തോറ്റുപോയാവന്റെ കഥ, ശ്യാം… “

ജാസ്മിനും, സിയാദും ആ ബുക്ക് നോക്കി മെല്ലെ വായിക്കുന്നത് കല്ല് പാകിയ ആ വല്യ മുറ്റത്തിലൂടെ നടക്കുമ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു…..

✍️ശ്യാം.