എന്നും അവളെന്നെ നോക്കാറുണ്ടെങ്കിലും ഒരിക്കൽ പോലും ഞാനവൾക്ക് ഒരു പുഞ്ചിരിയോ മിഴികളുടെ സ്നേഹ മൊഴികളൊ നൽകീട്ടില്ല..

എഴുത്ത്: മനു തൃശ്ശൂർ

===============

കവലയിലെ ചായക്കടയിൽ ചായ കുടിച്ചിരിക്കുമ്പോഴ കവലയിലേക്കുള്ള ലാസ്റ്റ് ബസ്സ് സ്റ്റോപ്പിൽ വന്നു നിന്നത്….

അതിൽ നിന്നും ഇറങ്ങിയ ആൾക്കൂട്ടത്തിൽ നിന്നും പതിവ് പോലെ എന്നിലേക്ക് ആ മിഴികളിലെ നോട്ടം വന്നു പതിച്ചു..

ഒരിതൾ അടരുമ്പാലെ ആർദ്രവുമായൊരു നോട്ടം.

അവൾക്കറിയാമായിരുന്നു വൈകുന്നേരങ്ങളിൽ ഞാൻ അവിടെ ഉണ്ടാവുമെന്ന്

പക്ഷെ എന്തിനാണ് അവളെപ്പോഴും എന്നെ നോക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു…

ചെറു ചിരി നിറഞ്ഞു നിൽക്കുന്ന ആ മുഖം. വിടർന്ന കണ്ണുകളിൽ നാണം തങ്ങി നിൽക്കുന്ന ഒരു നോട്ടം..അതവളെ കൂടുതൽ മനോഹരിയാക്കുന്നു.

അല്ലെങ്കിൽ തന്നെ അവളെപ്പോഴും സുന്ദരിയാണെന്ന് എനിക്ക് തോന്നും..

വൈകുന്നേരം ആ ബസ്സ് വന്നു നിൽക്കുമ്പോൾ കൈയ്യിലെ ചായ ഗ്ലാസ് മറന്നു എൻ്റെ കണ്ണും മനസ്സും ആ റോഡിലേക്ക് ഞാൻ പോലും അറിയാതെ പാളി വീണിട്ടുണ്ടാവും..

ഒരുപക്ഷെ മനസ്സ് അവളിൽ പറ്റി ചേർന്നത് കൊണ്ടാണൊ ?? അതോ മനസ്സിൻ്റെ പൊള്ളുന്ന വേദനയിൽ വന്നു പോവുന്നതാണോ എന്നറിയില്ല..എനിക്ക് ആ ചായക്കടയും അവളുമായുള്ള കണ്ടുമുട്ടൽ…

വീട്ടിലേക്ക് ഒരുപാട് ദൂരം ഉണ്ടെങ്കിലും മനസ്സ് പിടി വിടുമ്പോൾ വണ്ടിയും എടുത്തു ഇവിടെ വന്നിരിക്കും..

ഇപ്പോഴത് സ്ഥിരം ഒരു യാത്ര പോലെ ആയിരിക്കുന്നു..എന്തോ ഒന്ന് കൊത്തി വലിക്കുംപോലെ മനസ്സിനെ തൊട്ടുണർത്തും പോലെ..

മഴയിലും വേനലിലും മഞ്ഞുക്കാലത്തും മനസ്സ് ഋതുക്കളെ പോലെ മാറി മാറിയുകയും ഒരോ കാലത്തോടും ഇടപഴകുകയും ചെയ്യുമ്പോഴും..

ഹൃദയത്തിൽ ഒരു കോണിൽ ഒരു പുഷ്പം എന്നും പൂവിടും പോലെ..

എന്നും അവളെന്നെ നോക്കാറുണ്ടെങ്കിലും ഒരിക്കൽ പോലും ഞാനവൾക്ക് ഒരു പുഞ്ചിരിയോ മിഴികളുടെ സ്നേഹ മൊഴികളൊ നൽകീട്ടില്ല..

അന്നൊരു ഡിസംബർ മാസം വൈകുന്നേരം ആയിരുന്നു..

മഞ്ഞു പൊടിഞ്ഞു ചൂടതിൽ അലിഞ്ഞു തുടങ്ങിയിരുന്നു ആകാശം മഞ്ഞയിൽ നിന്നും ചുവന്നു തുടങ്ങി കാറ്റ് മെല്ലെ പടരുന്നുണ്ട്..

ബസ്സിറങ്ങി തോളിൽ കിടന്ന ബാഗ് ഒതുക്കി ഒരിക്കൽ കൂടെ അവളെന്നെ നോക്കി മെല്ലെ തിരിഞ്ഞു നടന്നു.

ആ നോട്ടത്തിൽ അന്നെ വരെ ഇല്ലാത്തൊരു ഭാരമുണ്ടായിരുന്നു..

ഒരുപക്ഷെ അവളുടെ മനസ്സിൽ കൂട്ടിവച്ച എന്തൊ ഒരു വികരത്തിൻ്റെ ആവാം അല്ലേൽ  പ്രതീക്ഷയുടെയൊ സ്വപ്നങ്ങളുടെയൊ തിളക്കമാവാം..

ഞാൻ അവൾ നടന്നു നീങ്ങുന്നു നോക്കി പിറകിൽ ആളുകൾ ഒരോന്നായ് പലവഴിക്ക് മറഞ്ഞു തുടങ്ങി ഒടുവിൽ അവൾ തനിച്ചായ്..

വയലോലകളിൽ തൊട്ടു തഴുകുന്ന കാറ്റ് ആ ചായക്കടയുടെ പനയോലകളിൽ സല്ലപിക്കും നേരം പകുതി കുടിച്ച ചായ ഗ്ലാസ് ഞാൻ ബഞ്ചിൽ വച്ച് പുറത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു നീങ്ങി..

വയലുകൾക്ക് നടുവിലൂടെ ഉള്ള റോഡിലൂടെ നീങ്ങുമ്പോൾ അകലെ അവൾ നടന്നു നീങ്ങുന്നുണ്ടായിരുന്നു..

ഒരു പാലത്തിന്റെ അവിടെ എത്തിയതും അവൾ നിന്നു ആരോടൊ കുശലം പറയുന്നു കണ്ടു..ഞാനും അവൾക്ക് അടുത്തായി വണ്ടി ഒതുക്കി നോക്കുമ്പോൾ താഴെ തോട്ടിലെ വെള്ളത്തിൽ ചാടുന്ന പിള്ളേര്..

അപ്രതീക്ഷിതമായി എന്നെ അടുത്ത് കണ്ടതും അവളൊന്നു ഇടറി മാറി നിന്നെങ്കിലും അവളൊന്നു ചിരിച്ചു..

ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ ഇവിടുത്തുകാരൻ ആണോ എന്നൊരു ചോദ്യം അവളിൽ നിന്നും ഉണ്ടായി വളരെ സന്തോഷത്തോടെയും ആവേശത്തോടെയും..

അല്ലെന്ന് ഞാൻ പറഞ്ഞു ചെറിയൊരു പുഞ്ചിരി നൽകി തോട്ടിൽ ചാടി മറയുന്ന കുട്ടികളെ നോക്കി ഞാനവളോട് ചോദിച്ചു..

ജോലിക്ക് പോയി വരുന്നവഴിയാണൊ..??

അതെ അവൾ നിന്നും ചെറു ചമ്മലോടെ ഒരു മറുപടി ഉണ്ടായി…

ഇയാൾക്ക് ജോലിയില്ലെ എന്നും വൈകുന്നേരം അവിടെ കടയിൽ കാണാറുണ്ട് ഇവിടെ അടുത്ത് എന്തെങ്കിലും ജോലിക്ക് വരുന്നതാവും അല്ലെ??

അല്ലെന്ന് ഞാൻ പറഞ്ഞു…

ഏറെ വർഷങ്ങൾ ആയി ഗൾഫിൽ ആയിരുന്നു. ഉമ്മയും രണ്ടു പെങ്ങൾ അടങ്ങുന്ന കുടുംബം. ഉപ്പ നേരത്തെ മരിച്ചു പോയിരുന്നു അതിനാൽ കഷ്ടപ്പെട്ട് തുടങ്ങിയ നാൾ മുതലേ അറബ് നാട്ടിൽ ആയിരുന്നു..

ഇപ്പോൾ പെങ്ങൻ മാരെ രണ്ടു പേരയും കെട്ടിച്ചു വിട്ടു അവർക്ക് വേണ്ടത് ഒക്കെ കൊടുത്തു ഇനി നാട്ടിൽ തന്നെ നിൽക്കാന്നു കരുതി ഉപ്പ ഉണ്ടാക്കി വച്ച ഒരോ ചെറിയ പുരയും ഉമ്മയും ഉണ്ട്..

ഇനിപ്പോൾ നാട്ടിൽ തന്നെ ഒരു ജോലി നോക്കാന്ന് കരുതി ഒന്നും ശരിയാകുന്നില്ല കണ്ടു ഒരു സമാധാനത്തിന് ഇവിടെ വരുന്നു..

ഇവിടെ ഒരു പ്രത്യേക പ്രകൃതി ആണ് ഈ വൈകുന്നേരം മനസ്സ് ശാന്തമായി ഇരിക്കാൻ ഇവിടെ നല്ലത് എന്ന് തോന്നി..

എൻ്റെ വാക്കുകൾ കേട്ട് പരന്നു കിടക്കുന്ന ഉണങ്ങിയ വയലുകൾക്ക് മീതെ അസ്തമയം നോക്കി അവൾ പറഞ്ഞു..

അതെ ഇവിടെ ഒരു നല്ല സ്ഥലമാണ് എനിക്ക് ഇവിടെ ഇഷ്ടം ആണ്  ജോലി ചെയ്തു മടങ്ങി വരുമ്പോൾ ഈ കുഞ്ഞുങ്ങളുടെ കളിയും ചിരിയും ബഹളവും ഞാൻ ഇടയ്ക്കിടെ നോക്കി നിൽക്കാറുണ്ട്..

അത്രയും പറഞ്ഞു അവൾ മുന്നോട്ട് നടന്നു ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി മെല്ലെ  പറഞ്ഞു..

ശരി ഞാൻ പോവട്ടെ വീട്ടിൽ ഉമ്മ തനിച്ച് ആണ് വൈകിയ അതിനു ചോദ്യങ്ങൾ ഉണ്ടാവും..

അത്രയും പറഞ്ഞു ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി കൊണ്ട് അവൾ നടന്നു പോവുന്നത് നോക്കി നിൽക്കുമ്പോൾ മനസ്സിൽ പുഞ്ചിരിച്ചു ..

അന്നേവരെ ഇല്ലാത്തൊരു സന്തോഷം ഹൃദയത്തെ കിഴടക്കിയ പോലെ തോന്നി..

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പെങ്ങളും ഭർത്താവും വീട്ടിൽ വന്നിരുന്നു ഉമ്മ വച്ച് കൊടുത്ത ചായ ഒന്നും അവർ കഴിച്ചിരുന്നില്ല…

ഞാൻ ഹാളിലേക്ക് കയറി വന്നപ്പോഴെ അവൾ എഴുന്നേറ്റു നിന്നു..

ഞാനവരെ നോക്കി ഇരിക്കാൻ പറഞ്ഞതും അവൾ അതിനു മറുപടി ആയി പറഞ്ഞു..

“ഞാൻ കയറി ഇരിക്കാൻ വന്നതല്ല. എനിക്ക് തിരികെ പോണം ഞാൻ വന്ന കാര്യങ്ങൾ ഒക്കെ ഉമ്മയോട് പറഞ്ഞു ഉണ്ട് എനിക്ക് അതിനു ഒരു തീരുമാനം ഇക്കയിൽ നിന്നും ഉണ്ടാവണം അല്ലാത്ത പക്ഷം ഞാൻ കേസ് കൊടുത്തെന്ന് വരും..

അത്രയും പറഞ്ഞു അവൾ വെട്ടി തിരിഞ്ഞു പോവുമ്പോൾ..

ആ നിമിഷം വീടൊരു കല്ല്യാണ വീടിന്റെ ഭംഗി ആയിരുന്നു പുതിയ കല്ല്യാണ വസ്ത്രം അണിഞ്ഞ് നിറയെ ആഭരണങ്ങൾ അണിഞ്ഞ് നിറ ചിരിയോടെ എന്നോട് ചേർന്ന് നിന്നവൾ..

ഒരുനിമിഷം കൊണ്ട് എല്ലാം തകർത്തു കളഞ്ഞു നെഞ്ചിൽ മുറിവേൽപ്പിച്ചു ഇറങ്ങി പോയത്..

അവൾ പോയ ശേഷം ഉമ്മ പറഞ്ഞത് അവൾക്ക് ഈ വീടും സ്ഥലവും വീതിച്ചു വേണമെന്ന്..ഒരുനിമിഷം ഞാൻ മരിച്ചു പോയെങ്കിലും എനിക്ക് ഉമ്മ മാത്രം ഉള്ളെന്ന് ഓർത്തു ഞാൻ ഒന്നും മിണ്ടീല..

ഒടുവിൽ അവളെ വിളിച്ചു സമ്മതം പറഞ്ഞു. വീട് ഒഴികെ സ്ഥലം എല്ലാം വിറ്റ് അവൾ ചോദിച്ച പണം കൊടുത്തു. അവളുമായി ബന്ധം ഞാൻ അവിടെ ഉപേക്ഷിച്ചു. ബാക്കി വന്ന അതെ തുക രണ്ടാമത്തെവൾക്ക് കൊടുത്തു..

നെഞ്ചിൽ വലിയ ഭാരമായി വീട്ടിലേക്ക് കയറി വന്നപ്പോഴേക്കും ശരീരം തളർന്നു ഞാനാകെ കുഴഞ്ഞു പോയിരുന്നു. ഇനി ആകെ ഉള്ളത് ഈ വീടും ഇത്തിരി സ്ഥലവും മാത്രം

അന്ന് കിടന്നു ഉറക്കം വന്നില്ല. വീണ്ടും ഒരു പ്രവാസ ജീവിതത്തിലേക്ക് കടന്നു പോക്ക് ആഗ്രഹിച്ചു. തിരിച്ചു വരാതെ ആ ചൂടു മണ്ണിൽ മരിച്ചു വീണു പോയാലും മതിയെന്ന് തോന്നി്..

പക്ഷെ ഉമ്മയെ തനിച്ചാക്കി പോവുന്നത് ഓർത്തു മനസ്സ് വന്നില്ല..

രാവിലെ പതിവ് പോലെ പഴയ സഹായിക്കു ഒപ്പം പണിക്ക് ഇറങ്ങി. വൈകുന്നേരം വണ്ടിയും കൊണ്ട് ചായക്കടയിൽ പോയിരുന്നു ..

അവളെ വീണ്ടും ഒന്ന് കാണണം ഒരുക്കൂട്ടം ചോദിക്കണം എന്ന് മനസ്സിൽ പറഞ്ഞു അവിടെ ഇരുന്നു..

പിന്നെ ശരിയെല്ല തോന്നി. അവൾ വരുമുന്നെ വണ്ടി എടുത്തു നീങ്ങി..

ഒരുപാട് നേരം കാത്തിരിപ്പ് ഒടുവിൽ പാലത്തിൽ ഇരിക്കുമ്പോഴ അവൾ വരുന്നത് കണ്ടു. എന്നെ കണ്ടതും കണ്ണുകൾ തുടച്ചു തല താഴ്ത്തി അവൾ മുന്നോട്ടു നടന്നു നീങ്ങി..

എന്നെ അവൾ നോക്കി ഇല്ല, എന്നെ കണ്ടെന്ന് ഭാവിച്ചില്ല എന്നറിഞ്ഞപ്പോൾ ഞാൻ അവളെ വിളിച്ച്

ഒന്ന് നിൽക്കുമൊ ഒരു കാര്യം പറയാൻ ഉണ്ട്..

എൻ്റെ ചോദ്യം കേട്ട് ഒരൽപ്പം നടന്നു അവൾ നിന്നു. അന്ന് തോട്ടിൽ കുട്ടികളുടെ കളിയും ചിരിയും ഉണ്ടായിരുന്നില്ല. വയലോലകളിൽ നിശബ്ദതയുടെ ചെറിയ തേങ്ങലോടെ ഒരു കാറ്റ് വീശി കൊണ്ടിരുന്നു..

എന്തിന കരയുന്നു..എൻറെ ചോദ്യത്തിന് ഒന്നും ഇല്ല ചെറിയ തലവേദന ഞാൻ പോവട്ടെ ഉമ്മ തനിച്ച് ആണ്..

പക്ഷെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് അത്‌ കേൾക്കാൻ മനസ്സ് ഉണ്ടാവണം എന്ന് ഞാൻ പറഞ്ഞു..

പതിയെ അവൾ എൻ്റെ വണ്ടിയുടെ അടുത്ത് വന്നു നിന്നു ..ഹും എന്താണ് പറഞ്ഞോളു..??

ഞാൻ പതിയെ പറഞ്ഞു എനിക്ക് എൻ്റെ വീട്ടിൽ ഉമ്മ മാത്രം ഉള്ളു അതുകൊണ്ട് എനിക്കും എൻ്റെ ഉമ്മക്കും ഒരു കൂട്ട് വേണം എന്നുണ്ട് നീ എൻ്റെ പെണ്ണായി വരുമോ ഞാൻ കല്ല്യാണം കഴിച്ചോട്ടെ..

ഒരുനിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു നിറമിഴികളിൽ തലയുയർത്തി അവൾ പറഞ്ഞു, എനിക്ക് ഉമ്മമാത്രം ഉള്ളൂ. ചെറുപ്പത്തിൽ ഉപ്പ മരിച്ചു ബന്ധുക്കൾ ആരും കൂടെ ഉണ്ടായിരുന്നു ഇല്ല. നന്നായി പഠിപ്പിക്കുക ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്ന് മാത്രം ഉമ്മയ്ക്ക് ഉണ്ടായിരുന്നു ഉള്ളു ആഗ്രഹം അതുപോലെ ഇപ്പോൾ നടന്നു

പക്ഷെ ഒരു കല്ല്യാണത്തിന് ഉള്ള സമ്പാദ്യം ഒന്നും ഇല്ല. ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിൽ അല്ലെങ്കിൽ ഉമ്മയെ ഓർത്തു എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. ഉമ്മയുടെ കാലം വരെ അങ്ങനെ തന്നെ ഇരിക്കണം എന്ന് മാത്രം..

പതിയെ അവൾ എൻറെ മുഖത്തേക്ക് നോക്കി, ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല  !! ഇഷ്ടം എനിക്ക് കണ്ടനാൾ തൊട്ടു ഉണ്ട് പക്ഷെ..

അത്രയും പറഞ്ഞു നിർത്തി അവൾ പോട്ടെന്ന് പറഞ്ഞു നടന്നു നീങ്ങി..

ഞാൻ അവളെ വിളിച്ചു നിർത്താതെ തെല്ലുറക്കെ പറഞ്ഞു, ഒന്നും തരേണ്ട എനിക്ക് നീമാത്രം ഉണ്ടായ മതി ഞാൻ ഒരുദിവസം നിൻ്റെ ഉമ്മയോട് വന്നു ചോദിക്കും. നിന്നെയും നിൻ്റെ ഉമ്മയെയും ഞാൻ കൂടെ കൂട്ടും. എൻ്റെ ഉമ്മയ്ക്ക് കൂട്ടായ് എൻ്റെ ഉമ്മയായ് തന്നെ ഞാൻ നോക്കും..

അത്രയും പറഞ്ഞു കേട്ട് അവൾ അവിടെ നിന്നു പതിയെ ഒന്നും പറയാതെ നടന്നു നീങ്ങി..

മാസങ്ങൾക്ക് ശേഷം എൻറെ മണിയറയുടെ വാതിൽ തുറന്ന് അവൾ കയറി വരുമ്പോൾ നിറ ചിരിയുടെ മനോഹരമായ മുഖം ആയിരുന്നു അവളുടേത്. വാതിൽ അടച്ചു അവൾ എൻ്റെ അടുത്ത് വന്നിരുന്നു ശേഷം ഞാൻ അവളോട് ചോദിച്ചു..

ഉമ്മ ഒക്കെ എവിടെ..

അവര് രണ്ടു പേരും ഹാളിൽ ഇരിക്കുന്നുണ്ട് പറഞ്ഞു ഞാൻ സന്തോഷത്തോടെ അവളെ നോക്കി ചിരിച്ചു.

ഇനി എന്താണ് എന്ന് വെറുതെ ചോദിച്ചപ്പോൾ  ചിരിയോടെ നാണാത്തോടെ

“ഒന്ന് പോ ഇക്ക ഇതെന്ത് ചോദ്യായണ് പറഞ്ഞു ഒളെന്നെ പിച്ചി..

ആദ്യം ആയിട്ടായിരുന്നു ഒരു നുള്ളു നോവിൻ്റെ സുഖം ശരിക്കും അറിയുന്നെന്ന് എനിക്ക് തോന്നി..

മെല്ലെ അവൾ എൻ്റെ അടുത്തേക്ക് ഇരുന്നു. എൻ്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, അന്നൊരു ദിവസം ഞാൻ കരഞ്ഞു കൊണ്ട് വന്നില്ലെ…എന്താണ് അറിയാമൊ..??

ഇല്ല എന്ന ഭാവത്തോടെ ഞാനവളെ നോക്കി മറുപടി ചോദിച്ചു..

അന്ന് ഞാൻ ബസ്സിൽ വന്നിറങ്ങിയപ്പോൾ നിങ്ങളെ ചായക്കടയിൽ കണ്ടില്ല. ആനിമിഷം ഹൃദയം നിലച്ചു പോയ നിമിഷം ആയിരുന്നു ഒരുപാട് നോക്കി എങ്ങും കണ്ടില്ല

പിന്നീട് നടന്നു വരുമ്പോൾ നിങ്ങൾ വഴിയിൽ നിൽക്കുന്നു കണ്ടപ്പോൾ  നിലച്ചു പോയ ഹൃദയം ഒന്ന് പിടഞ്ഞു. ആ നിമിഷം എനിക്ക് കരച്ചിൽ വന്നത്  നിങ്ങളെ കണ്ടത് കൊണ്ടായിരുന്നു ഇക്ക..

നിങ്ങൾക്ക് അറിയൊ എൻ്റെ ജനനത്തിനു മുൻപ് ഉപ്പ മരിച്ചിരുന്നു. വളർന്നപ്പോൾ ഉപ്പയെ ഒരുപാട് ആഗ്രഹിച്ചു ഇരുന്നു കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന്..

എന്തുകൊണ്ട് !! ഒരു പെണ്ണിൻ്റേ ഏറ്റവും വലിയ ഭാഗ്യം അവൾക്ക് എന്തിനും ഏതിനും ചോദിക്കാനും പറയാനും ഒരാൾ ഉണ്ടുവുന്നതാ..!!

~മനു തൃശ്ശൂർ