അന്ന് താൻ മനസിൽ വിചാരിച്ചു മേഴ്സിക്ക് അസൂയയാണ്. അവൾ പറഞ്ഞതിൽ ശരിയുമുണ്ട്….

ഇനിയെന്നും…

Story written by Mary Milret

===============

ഇടത് കൈയ്യിലെ കൈപ്പത്തി ക്ളാസിലേക്ക് താഴെ ചോര കുടിച്ചു വീർത്ത അട്ടയെപ്പോലുളള; ഇനിയും ഉണങ്ങാത്ത മുറിപ്പാടിൽ വിരലോടിക്കവേ അവരോർത്തു, എന്തിനായിരുന്നു താനീ വിഡ്ഢിത്തം കാട്ടിയത്…

സമപ്രായക്കാരായിരുന്നു…ഒന്നിച്ച് കളിച്ചുവളർന്നവർ…അയൽക്കാർ…

മുതിർന്നപ്പോൾ അത് പ്രണയമായി. വലിയ ജന്മിമാരായിരുന്ന തന്റെ വീട്ടുകാരുമായൊരു ബന്ധം ഈ നാട്ടിലേക്ക് വന്ന് കയറിയ അവർക്ക് അന്ന് അഭിമാനം ആയിരുന്നു.

അന്ന് കൂട്ടുകാരിയും അയൽക്കാരിയുമായിരുന്ന മേഴ്സി പറയുമായിരുന്നു…എടി നിങ്ങള് തമ്മില് ചേരില്ല…അവന് മുടിഞ്ഞ ഗ്ലാമർ…ഹിന്ദി സിനിമയിലെ ചോക്ലേറ്റ് നായകനെ പോലെ…കൂടാതെ നിങ്ങൾ സമപ്രായക്കാരായവർ…പെണ്ണങ്ങൾ ഒന്ന് രണ്ട് പെറ്റ് കഴിയുബോൾ പിന്നെ ഇടിഞ്ഞ് തൂങ്ങിയ നെഞ്ചും ചാടിയ വയറും…തൊലി സ്ട്രെച്ച് ചെയ്തപാടും…പിന്നെ പിള്ളേരെ നോട്ടം വീട്ട് പണികഴിഞ്ഞ് കിടക്കാൻ ചെല്ലുമ്പോൾ വഴിപാട് പോലെ ഒരു സെ ക്സും… പത്ത് മുപ്പത്തഞ്ച് നാല്പതു വയസാകുബോൾ പെണ്ണുങ്ങൾ കിളവികളെ പോലെ…ആ പ്രായം ആണുങ്ങൾക്ക് ഏറ്റവും ആരോഗ്യകരമായ പ്രായം…”

അന്ന് താൻ മനസിൽ വിചാരിച്ചു മേഴ്സിക്ക് അസൂയയാണ്. അവൾ പറഞ്ഞതിൽ ശരിയുമുണ്ട് താൻ ഒട്ടും സുന്ദരിയല്ല…ജയ്മോൻ ചോക്ലേറ്റ് നായകനെ പോലെ തന്നെ.

എങ്കിലും കല്യാണം കഴിഞ്ഞു ഇരുപത്തിയഞ്ച് വർഷം…രണ്ടു പേർക്കും നാല്പത്തിയെട്ട് വയസ്… മൂത്ത മകന് ഇരുപത്തിനാല് ഇളയവന് ഇരുപത്തിരണ്ട്…

ഇപ്പോഴാണ് മേഴ്സി പറഞ്ഞത് മുഴുവൻ മനസിലാകുന്നത്…

കമ്പനിയിലെ ഒരു ജോലിക്കാരി…ഒരുവയസും മൂന്ന് വയസുമുള്ള രണ്ട് കുഞ്ഞുങ്ങളുടെ അമ്മ…അവളോടൊപ്പം ആണ് ജയ്മോൻ ഇപ്പോൾ താമസമത്രേ…ഇടയ്ക്കിടെ വീട്ടിൽ വരാറില്ലായിരുന്നു…ബിസിനസ് ആവശ്യങ്ങളെന്നാണ് പറഞ്ഞിരുന്നത്…വിശ്വസിച്ചു…അല്ല അമിത വിശ്വാസം മുതലെടുത്തു…

ഇപ്പോഴറിയുന്നു ജയ്മോന് പുതിയ കുഞ്ഞുണ്ടായി…അവൾക്ക് വലിയ വീട് വച്ച് കൊടുത്ത് താമസിപ്പിച്ചിരിക്കുന്നു..വിവരങ്ങൾ അറിഞ്ഞയുടൻ അമ്മയും സഹോദരങ്ങളും പണിതീർത്തിട്ടിരുന്ന വീട്ടിലേക്ക് താമസം മാറി. മക്കൾ രണ്ടു ജോലിക്ക് പോകും. താൻ മാത്രം ദിവസം മുഴുവൻ തനിച്ച്…നാണക്കേടാണോ വഞ്ചിക്കപ്പെട്ട ദു:ഖമാണോ അതോ ജയ്മോനെ തൃപ്തിപ്പെടുത്താനുള്ള തന്റെ കഴിവില്ലായ്മ യിൽ തോന്നിയ തന്നോട് തന്നെയുള്ള പുച്ഛമാണോ…ഒന്നും അറിയില്ല. ഒരു അസഹനീയമായ ഒറ്റപ്പെടലിൽ തോന്നിയ ദുർബുദ്ധി…ബ്ളേഡ് കൊണ്ട് കൈമുറിച്ച് ഞങ്ങളുടെ ബെഡ്റൂമിലെ കട്ടിലിൽ കയറി കിടന്നു…

എന്തോ പതിവില്ലാത്ത അസ്വസ്ഥത തോന്നി മൂത്തമകൻ തിരിച്ചു വന്നു.

ഇന്ന് അഞ്ചു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി.

ഞങ്ങളുടെ ബെഡ്റൂമിലേക്കാണ് മക്കൾ തന്നെ കൊണ്ട് പോകാൻ തുടങ്ങിയത്…

ഇനി ആ ബെഡ്റൂം തനിക്ക് വേണ്ട…ഇനിയെന്നും തനിയെ മതി…

മക്കൾ രണ്ടുപേരും മാറി മാറി വാതിലിന് പുറത്ത് വന്നു നോക്കുന്നുണ്ട്…താൻ വീണ്ടും ബുദ്ധി മോശം ചെയ്യുമെന്നോർത്താകും…അവരോട് പറയണം പറ്റിപ്പോയി…ഇനിയില്ല…എനിക്ക് നിങ്ങളുണ്ടല്ലോ…അത് മാത്രം മതി…

മേഴ്സി വന്നിരുന്നു… “വിഷമിക്കേണ്ട…തിരിച്ചുവരും… “ഞെട്ടറ്റാൽ ചോട്ടിൽ ” വൈകില്ല ഞെട്ടറ്റുവീഴുകതന്നെചെയ്യും “

താനൊന്നും പറഞ്ഞില്ല.അല്ലെങ്കിൽ തന്നെ എന്ത് പറയാൻ…ഞെട്ടറ്റാലെന്ത്? ഇല്ലെങ്കിലെന്ത്? തന്നെ സംബന്ധിച്ച് ജയ്മോൻ ഒരു അടഞ്ഞ അധ്യായം…

“ഇനിയെന്നും തനിയെ “