അയാൾ ഓരോ തവണ എന്നെ തൊടുമ്പോഴും എന്റെ മനസ്സിൽ അജിയേട്ടൻ മാത്രമാ, ജാതക പ്രകാരം ആദ്യത്തെ…

നിഷ്കളങ്കത

എഴുത്ത്: ദേവാംശി ദേവ

===================

മനോഹരമായ കാഞ്ചീപുരം പാട്ടുസാരിയും നിറയെ അഭരണങ്ങളും അണിഞ്ഞ് കവിത അടുത്ത് വന്നിരുന്നെങ്കിലും അനന്ദിന്റെ കണ്ണുകൾ വേദിയുടെ മുൻപിൽ തന്നെ ഇരിക്കുന്ന കാർത്തികയിൽ ആയിരുന്നു..

പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഇല്ലാതെ ചെറിയൊരു പുഞ്ചിരിയോടെ കാർത്തിക കവിതയേയും ആനന്ദിനെയും നോക്കി ഇരുന്നു..

എന്നാൽ അനന്ദിന്റെ മനസ്സിൽ കാർത്തികയോടുള്ള ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു….

പത്തിനെട്ടമാത്തെ വയസ്സുമുതൽ കൂടെ കൂടിയവൾ..തന്റെ ആദ്യ പ്രണയം..
ഇവളെ സ്വന്തമാക്കാനായി എന്തൊക്കെ പ്രശ്നമാണ് താൻ വീട്ടിൽ ഉണ്ടാക്കിയത്..നിരാഹാരം, മൗനവൃതം,ആ*ത്മ*ഹത്യ ഭീക്ഷണി..എന്നിട്ടും എത്ര നിസാരമായാണ് അവൾ തന്നെ വേണ്ടെന്ന് പറഞ്ഞത്..എന്നിട്ടും ഒരു കൂസലുമില്ലാതെ തന്റെ വിവാഹത്തിന് വന്ന് മുൻപന്തിയിൽ ഇരിക്കുന്നു..

“ആനന്ദ് താലി കെട്ടിക്കോളൂ..” താലി കൈയ്യിൽ കൊടുത്തുകൊണ്ടുള്ള  അവന്റെ അച്ഛന്റെ ശബ്ദമാണ് അവനെ ഓർമകളിൽ നിന്ന് ഉണർത്തിയത്..

അച്ഛന്റെ കൈയ്യിൽ നിന്നും താലി വാങ്ങി അവൻ അടുത്തിരുന്ന കവിതയെ ഒന്ന് നോക്കി..സ്വർണത്തിന്റെ നിറം, മനോഹരമായ ചിരി, മുട്ടോളം മുടി, ആവശ്യത്തിന് പണം, സ്വത്ത്..എന്തുകൊണ്ടും കാർത്തികയേക്കാൾ തനിക്ക് ചേരുന്നത് ഈ നാട്ടും പുറത്തുകാരി പെണ്ണ് തന്നെന്ന് ആനന്ദിന് തോന്നി. ആകെയുള്ള കുറവ്‌ കാർത്തിക ബിടെക്കും കവിത ഡിഗ്രിയും ആണെന്നുള്ളതാണ്..

വിവാഹം കഴിഞ്ഞ് തിരികെ പോകുമ്പോൾ കാർത്തികയുടെമനസ്സിലും ആനന്ദ് ആയിരുന്നു..ബിടെക്കിന് ചേരുമ്പോളാണ് അവനെ ആദ്യമായി കാണുന്നത്. ആദ്യം നല്ല സുഹൃത്ത് ആയിരുന്നു..പിന്നീട് ഇഷ്ടമാണെന്ന് പറഞ്ഞ് പുറകെ നടക്കാൻ തുടങ്ങി..

കോടീശ്വരനായ അവനും ഓട്ടോ ഡ്രൈവറിന്റെയും ഹോസ്പിറ്റലിലെ ക്‌ളീനിംഗ് സ്റ്റ്റാഫിന്റെയും മകളായ ഞാനും തമ്മിൽ ചേരില്ലെന്ന് എത്ര പറഞ്ഞിട്ടും അവൻ കേട്ടില്ല..എന്നെ വേണമെന്നുള്ളത് ഒരു തരം വാശി പോലെ ആയിരുന്നു അവൻ..പിന്നീട്‌ എപ്പോഴോ താനും അവനെ തിരികെ സ്നേഹിച്ചു തുടങ്ങി..

ബിടെക് കഴിഞ്ഞും തുടർന്ന് പഠിക്കാനായിരുന്നു അവന് താല്പര്യം..എന്നെയും അവൻ തന്നെ പഠിപ്പിച്ചോളാമെന്ന് പറഞ്ഞു..പ്രേമിച്ചു നടക്കാനുള്ള അവന്റെ അടവായിരുന്നു അത്..പക്ഷെ വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടയിൽ എനിക്കൊരു ജോലി അത്യാവശ്യമായിരുന്നു..പ്ലേസ് മെന്റിലൂടെ ബാംഗ്ലൂരിൽ ജോലി ശരിയായി..

പോകും മുൻപ് ഒട്ടും പ്രതീക്ഷിക്കാതെ, എന്നോടൊരു വക്കുപോലും ചോദിക്കാതെ ആനന്ദ് അച്ഛനെയും അമ്മയെയും അമ്മാവനെയും കൂട്ടി പെണ്ണ് ചോദിച്ച് വീട്ടീൽ വന്നു.

“പെണ്ണിന് നിങ്ങൾ എന്ത് കൊടുക്കും.” അമ്മാവനാണ് ചോദിച്ചത്. എന്ത് പറയും എന്നാതിയാതെ അച്ഛൻ എന്നെ നോക്കി..

“തരാൻ ഇവിടെ പ്രേത്യേകിച്ചൊന്നും ഇല്ല അങ്കിൾ..എനിക്ക് വിദ്യാഭ്യാസമുണ്ട്..ഇപ്പോ നല്ലൊരു ജോലിയും ഉണ്ട്.”

“ജോലിയോ….ഞങ്ങളുടെ കുടുംബത്തിൽ സ്ത്രീകൽ ആരും ജോലിക്ക് പോകില്ല..അതിന്റെ ആവശ്യവും ഇല്ല.”

“ഞാൻ ജോലിക്ക് പോകുന്നത് എനിക്ക് വേണ്ടിയാണ്..പ്രായമായ  എന്റെ അച്ഛനെയും അമ്മയെയും നോക്കാനാണ്.”

ഒന്നും മിണ്ടാതെ ആനന്ദിന്റെ അമ്മ ഇറങ്ങി പോയി..പുറകെ അച്ഛനും അമ്മാവനും ആനന്ദും.

“ആനന്ദ്..അവളുടെ സ്വത്തോ സ്വർണമോ എനിക്ക് വേണ്ട..പക്ഷെ അവൾ ജോലിക്ക് പോകാൻ പാടില്ല..നീ ജോലികഴിഞ്ഞു വരുമ്പോൾ നിന്റെയും നിന്റെ മക്കളുടെയും കാര്യം നോക്കി വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്ന പെണ്ണാണ് മോനെ നിനക്ക് വേണ്ടത്..അവൾ അവളുടെ ജോലിയും നോക്കി പോയാൽ കുടുംബം എന്താകും..നീ ആലോചിച്ച് തീരുമാനിക്ക്..അവൾ മതി എന്നാണെങ്കിൽ നിനക്ക് ഇവിടുന്ന് ഇറങ്ങാം.”

അമ്മയുടെ വാക്കുകൾ..അത് ശരിയാണോ എന്ന് ചിന്തിക്കാൻ കൂടി നിൽക്കാതെ അവൻ എന്നെ തേടി വന്നു.

“നീ ജോലിക്ക് പോകണ്ട..നിന്റെ അച്ഛനെയും അമ്മയെയും ഞാൻ നോക്കിക്കോളാം.”

“അത് പറ്റില്ല ആനന്ദ്..എന്റെ അച്ഛനും അമ്മയും എന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചത് ഒരു ജോലിക്ക് വേണ്ടിയാണ്..”

“എന്നെകാളും വലുതാണോ നിനക്ക് ജോലി..”

“അങ്ങനെയൊന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല..”

“ജോലിക്ക് പോകാനാണെങ്കിൽ നമ്മുടെ വിവാഹം നടക്കില്ല..”

“സാരമില്ല..ആനന്ദ് അമ്മ പറയുന്നത് കേൾക്കു..”

ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയതേയില്ല..കാരണം അതായിരുന്നു ശരി.

****************

കവിത ആനന്ദിന്റെ വീട്ടുകാർ ആഗ്രഹിച്ചത് പോലെയുള്ള പെണ്ണായിരുന്നു അവൾ.

രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് പൂജമുറിയിൽ വിളക്ക് വെക്കും..വീട്ടിലെ ജോലി മുഴുവൻ ചെയ്യും…വൈകുന്നേരം അമ്പലത്തിൽ പോകും. ആനന്ദ് വരുന്ന നേരം അവനെയും കാത്ത് ഉമ്മറത്തു തന്നെ ഉണ്ടാകും.

വീട്ടുകാർക്കും നാട്ടുകാർക്കും അവൾ പ്രിയങ്കരി ആയിരുന്നു..ആനന്ദിന്റെ ഭാഗ്യമാണെന്ന് ബന്ധുക്കൾ പ്രശംസിച്ചു..

വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ കവിത ഗർഭിണിയായി..ആനന്ദിന്റെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു..

കാർത്തിക, ആനന്ദിനെ അവളുടെ വിവാഹം ക്ഷണിച്ചിരുന്നു..ബാങ്ക് ഉദ്യോഫഗസ്ഥാനാണ് വരൻ.

കവിതയെയും ചേർത്തുപിടിച്ചാണ് ആനന്ദ് കാർത്തികയുടെ വിവാഹത്തിന് പോയത്..സന്തോഷത്തോടെ തന്നെ അവൾ അവരെ വരവേറ്റു..

ദിവസങ്ങൾ അതി വേഗം കഴിഞ്ഞുപോയി..ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയ അമ്മ അവിടെ വെച്ച് തലകറങ്ങി വീണു എന്നറിഞ്ഞാണ് ആനന്ദ് ഹോസ്പിറ്റലിൽ എത്തുന്നത്..ഗർഭിണിയായതുകൊണ്ട് തന്നെ കവിതയെ ഒന്നും അറിയിച്ചില്ല..അല്ലെങ്കിലും ആനന്ദിന്റെ അമ്മക്ക് എന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ അവൾക്ക് സഹിക്കാൻ കഴിയില്ല..

അമ്മയെയും കൊണ്ട് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മുറ്റത്തിരിക്കുന്ന ബൈക്ക് കണ്ടത്..വീടിനകത്ത് ആളുണ്ടെന്ന് മനസ്സിലായപ്പോൾ ആനന്ദിനും അമ്മക്കും എന്തോ സംശയം തോന്നി..അവർ കോളിംഗ് ബെൽ അടിക്കാതെ ആനന്ദിന്റെ ബെഡ്‌റൂമിന്റെ ജനലിനടുത്തേക്ക് നടന്നു…

“ആ കിളവി എങ്ങാനും ഇപ്പോ വരോ കവി..”

“ഇല്ല അജിയേട്ടാ..അവരിനി കല്യാണവും കഴിഞ്ഞ് അതിന്റെ കുറ്റങ്ങളുമൊക്കെ കണ്ടുപിടിച്ച് ഇങ്ങെത്തുമ്പോൾ ഉച്ച കഴിയും.”

“നിന്റെ ഭർത്താവോ..”

“വോ..അയാൾ വരാൻ നേരം വിളിക്കും..എനിക്ക് എന്തെങ്കിലും വാങ്ങണോ എന്ന് ചോദിക്കാൻ.”

“എനിക്ക് മടുത്തു കേട്ടോ കവി ഇങ്ങനെ ഒളിച്ചും പാത്തും..എന്താ നിന്റെ തീരുമാനം…”

“എന്റെ ജാതകത്തേക്കുറിച്ച് ജ്യോത്സ്യൻ പറഞ്ഞത് പ്രകാരം വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ഇനി രണ്ട് മാസം കൂടിയേയുള്ളൂ..അതിനകത്ത് അയാൾ തട്ടിപ്പോകും..ആ ടെൻഷനിൽ ഒന്നൊന്നര മാസം നേരത്തെ ഞാൻ പ്രസവിച്ചാലും ആരും സംശയിക്കില്ല..പിന്നെ കുറച്ചു നാൾ കഴിഞ്ഞാൽ എന്റെ വീട്ടുകാര് തന്നെ എന്നെ വേറെ കെട്ടിക്കാൻ തീരുമാനിക്കും. നമ്മുടെ കുഞ്ഞ് ആനന്ദിന്റെ ആണെന്ന് ഇവിടുള്ളവർ വിശ്വസിക്കുന്ന കാലത്തോളം ആനന്ദിന്റെ സ്വത്ത് മുഴുവൻ കുഞ്ഞിലൂടെ നമുക്ക് കിട്ടും.”

“നിന്റെ ബുദ്ധി കൊള്ളാം. പക്ഷെ നീ അവന്റെകൂടെ ജീവിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല കേട്ടോ”

“അയാൾ ഓരോ തവണ എന്നെ തൊടുമ്പോഴും എന്റെ മനസ്സിൽ അജിയേട്ടൻ മാത്രമാ..ജാതക പ്രകാരം ആദ്യത്തെ ഭർത്താവ് മരിക്കും എന്നുള്ളതുകൊണ്ടാ..ഇല്ലെങ്കിൽ അജിയേട്ടനല്ലാതെ മറ്റൊരാൾ എന്റെ കഴുത്തിൽ താലി കെട്ടുമായിരുന്നോ..”

കവിതയുടെയും അവളുടെ കമുകൻ അജിയുടെയും സംസാരം കേട്ട് തറഞ്ഞു നിൽക്കാൻ മാത്രമെ ആനന്ദിനും അവന്റെ അമ്മക്കും കഴിഞ്ഞുള്ളു..

കുടുംബത്തിന്റെ അഭിമാനവും സ്വസ്ഥമായ ജീവിതവും ആഗ്രഹിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന നിഷ്കളങ്കയായ മരുമകൾക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് മറ്റുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് അപ്പോഴും അവർക്ക് അറിയില്ലായിരുന്നു…