ഏത് ഇഷ്ടത്തിന്റെയും ദൃഡത കൂട്ടുന്നത് കാഴ്ചകൾ ആണ്. തമ്മിൽ കൈമാറുന്ന കൊച്ചു വാക്കുകളാണ്. ഇതൊന്നുമില്ലെങ്കിൽ സ്നേഹത്തിന്റെ ഉറവ ചിലപ്പോളെങ്കിലും വറ്റിപ്പോകും…

Story written by Ammu Santhosh

=================

“എനിക്ക് പറ്റില്ല ഇങ്ങനെ. എപ്പോ നോക്കിയാലും തിരക്ക്. നാട്ടുകാരുടെ മുഴുവൻ കാര്യം അന്വേഷിക്കാൻ സമയം ഉണ്ട്. എന്റെ ഒരു കാര്യം വന്നാൽ ഒരെ പല്ലവി തന്നെ ” അപർണ ദേഷ്യത്തോടെ പറഞ്ഞു…അഖിൽ ചിരിച്ചു

“ആര് പറഞ്ഞു? കഴിഞ്ഞ ആഴ്ചയിൽ അല്ലെ നമ്മൾ സിനിമക്കു പോയത്? അന്ന് വേറെ ഒരു ഫോൺ കാൾ പോലും ഞാൻ അറ്റൻഡ് ചെയ്തില്ലല്ലോ. നിന്റെ ഒപ്പം മാത്രം ആയിരുന്നില്ലേ ഞാൻ?”

“അതീ ആറു മാസത്തിനിടയിലെ ഒരേയൊരു ഔട്ടിങ് ആയിരുന്നു എന്നതും എനിക്കൊർമയുണ്ട്..എന്റെ സംശയം നിനക്ക് പുതിയ ആരെങ്കിലും ഉണ്ടോന്നാ. എന്നോടുള്ള ഇഷ്ടം ഒക്കെ കുറവാ ഇപ്പൊ “

“ആ അത് കൂടി ഉള്ളു ഇനി നിന്റെ വായിൽ നിന്ന് കേൾക്കാൻ..കല്യാണം നിശ്ചയം കഴിഞ്ഞതാ നമ്മുടെ. അത് മറക്കണ്ട നീ. കൊച്ചേ ഞാൻ ഒരു ജർണലിസ്റ്റാ..പോരെങ്കിൽ പൊതുപ്രവർത്തനത്തിന്റെ കുറച്ചു അസുഖം കൂടി ഉണ്ട്. തോന്ന്യാസം കണ്ടാ ഇടപെട്ടു പോകും..അല്ല നമ്മൾ മനുഷ്യർ പിന്നെ എന്നാത്തിനാ..ഇന്നലെ തന്നെ നിനക്ക് കേൾക്കണോ പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. Dr സിന വിളിച്ചു പറഞ്ഞതാ. ആ കൊച്ചിനെ നി ഒന്ന് കാണണം..കഷ്ടം..സ്വന്തം അമ്മാവൻ ഉപദ്രവിച്ചതാ. അങ്ങേരു ഭരിക്കുന്ന പാർട്ടിയുടെ എന്തൊ ഒരു സംഭവമാ. കേസ് ഇപ്പൊ ഒതുക്കി തീർക്കും..ആ കൊച്ച് മരിച്ചു പോകുമോ ആവോ..ഇതൊന്നും ഒരു ചാനലിലും വരില്ല. പത്രത്തിലും വരില്ല. എന്റെ പിന്നെ ഫ്രീ ലാൻഡ് ജേർണലിസം ആയത് കൊണ്ട് എനിക്ക് പേടിക്കണ്ട ഞാൻ ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതിന്റെ പിന്നാലെയാ ഇപ്പൊ.”

“അതൊക്കെ വേണ്ടത് തന്നെ. പക്ഷെ എനിക്കുമുണ്ടാവും ആഗ്രഹം സ്വന്തം ആയി കുറച്ചു സമയം..കുറച്ചു നേരം സംസാരിക്കാൻ ഉള്ള സമയം..അത് ഇപ്പൊ കിട്ടുന്നില്ല. കല്യാണം കഴിഞ്ഞാലും ഇങ്ങനെ ആണെങ്കിൽ നമ്മൾ പൊരുത്തപ്പെട്ടു പോവില്ല അഖിൽ..പരസ്പരം വെറുത്തു പോകും ഒടുവിൽ രണ്ടു പേരുടെയും ലൈഫ് വേസ്റ്റ് ആകും. എനിക്ക് മടുത്തു സത്യം “

അപർണ ആത്മാർത്ഥമായി പറഞ്ഞതായിരുന്നു അത്. അവൾക്ക് അവനോട് ഇഷ്ടമുണ്ടായിരുന്നു പക്ഷെ ഏത് ഇഷ്ടത്തിന്റെയും ദൃഡത കൂട്ടുന്നത് കാഴ്ചകൾ ആണ്..തമ്മിൽ കൈമാറുന്ന കൊച്ചു വാക്കുകളാണ്. ഇതൊന്നുമില്ലെങ്കിൽ സ്നേഹത്തിന്റെ ഉറവ ചിലപ്പോളെങ്കിലും വറ്റിപ്പോകും. കാണാതെ, മിണ്ടാതെ വീർപ്പുമുട്ടി സ്നേഹം അങ്ങ് മരിച്ചു പോകും.

അഖിൽ അൽപ നേരം അവളെ നോക്കി നിന്നു. അവനവളെ മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അവളില്ലാത്ത ജീവിതം എങ്ങനെയെന്നു ഊഹിക്കാൻ പോലുമാകുമായിരുന്നില്ല എന്ന് മാത്രം.

“ഞാൻ എന്താ വേണ്ടത്?”

“നമുക്ക് ഇത് അവസാനിപ്പിക്കാം..ഒത്തിരി ആലോചിച്ചു നോക്കി…പറ്റുന്നില്ല “

അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു

അതേ സമയം അവന്റെ മുഖത്ത് വാത്സല്യം നിറഞ്ഞ ഒരു ചിരി വന്നു

പാവം..

“നിന്റെ ഏതാഗ്രഹത്തിനും സമ്മതം..പക്ഷെ ഒന്ന് ഓർക്കുക. ഞാൻ ഇവിടെ തന്നെ ഉണ്ടാവും..നി അല്ലാതെ ഒരാൾ എന്റെ ലൈഫിൽ ഉണ്ടാവില്ല..കുറച്ചു നാൾ കഴിയുമ്പോൾ എന്നെ ഓർമ വരുന്നെങ്കിൽ..എന്റെ സ്നേഹം മതി എന്ന് തോന്നുന്നെങ്കിൽ എന്നെ വിളിക്ക്..അല്ലെങ്കിൽ മെസ്സേജ് ഇട്ടാലും മതി..ഈ ലോകത്തിലെവിടെയാണെങ്കിലും ഞാൻ വരും. കാരണം എനിക്ക് നിന്നേ അറിയാം. നിനക്ക് വേറെ ഒരാളെ സ്നേഹിക്കാൻ കഴിയില്ല. ഇതിപ്പോ എന്നോടുള്ള വാശിയാ. കുറച്ചു കഴിയുമ്പോൾ മാറും.”

അപർണ മറുപടി ഒന്നും പറഞ്ഞില്ല. അവൾ അവനെ നോക്കാതെ നടന്നു പോയി

അവൾക്ക് വാശി തന്നെ ആയിരുന്നു. അവളെ കാണാതിരിക്കുമ്പോൾ അവൻ വേദനിക്കട്ടെ എന്നവൾ വാശിയോടെ ചിന്തിച്ചു.

എനിക്ക് വേണ്ടി ചിലവാക്കി കളയണ്ട ഒരു സമയവും, അത് കൂടി ബാക്കി ആർക്കെങ്കിലും കൊടുക്കട്ടെ എന്ന് ഓർത്തു

“ഈ ന്യൂസിന് ഇനി അപ്ഡേറ്റസ് ഉണ്ടാകരുത്. ഞാൻ പറഞ്ഞത് അഖിലിന് മനസിലാകുന്നുണ്ടോ?”

അഖിൽ മുന്നിലിരിക്കുന്ന എം എൽ എ യേ നോക്കി

“അഖിലിന് നല്ല ഒരു ചാനലിൽ നല്ല ഒരു ഓഫർ ഞാൻ വെയ്ക്കുന്നു. കുറച്ചു കൂടി സാലറി…പോരെ?”

അഖിൽ ഒന്ന് ചിരിച്ചു

“അതെന്റെ കുടുംബത്തേക്കുറിച്ച് ശരിക്കും അറിയാത്തത് കൊണ്ട് നിങ്ങൾ വെയ്ക്കുന്ന ഓഫറാ…ഒന്ന് അന്വേഷിച്ചു നോക്കിട്ട് പോരാരുന്നോ..ഒന്ന് പറഞ്ഞു കൊടുക്ക് ഷാനവാസ് എം എൽ എയ്ക്ക് “

എം എൽ എ സഹായി ഷാനവാസിനെ ഒന്ന് നോക്കി

“അപ്പൊ ശരി “

അവൻ എഴുനേറ്റു പോയി

“കാശ് വെച്ച് പൂട്ടാനൊന്നും പറ്റത്തില്ല സാറെ..തിമിംഗലമാ..വേറെ വഴി നോക്കണം “

“എന്നാ പിന്നെ ഇവൻ വേണ്ട ഭൂമിയിൽ അല്ലെ?” അയാൾ ഒന്ന് ചിരിച്ചു. പി-ശാ-ചിന്റെ ചിരി

ആശുപത്രിയിൽ അഖിൽ ബോധത്തിലേക്ക് വരുമ്പോൾ അരികിൽ അച്ഛനും അമ്മയും ഏട്ടനും അനിയനും ഉണ്ടായിരുന്നു. അവർക്ക് പുറകിലായി വാതിലിൽ ചാരി അവളും…അവൻ മുഖം തിരിച്ചു കളഞ്ഞു

“ഏട്ടൻ മാത്രം മതി…ബാക്കിയെല്ലാരും പ്ലീസ്..” അവന്റെ മുഖം മുറുകിയിരുന്നു

എല്ലാവരും പുറത്തിറങ്ങി

“ജീപ്പ് ആയിരുന്നു. നമ്പർ എനിക്ക് ഓർമയുണ്ട്. കൊട്ടേഷൻ ആണ്. പക്ഷെ ആൾക്കാരെയറിയാമെനിക്ക് “

“Done ” അയാൾ അവന്റെ നെറ്റിയിൽ ചുംബിച്ചു

അപർണയ്ക്ക് അവൻ മുഖം കൊടുത്തില്ല

അവളെന്നും വരും കുറച്ചു നേരം ഉണ്ടാവും തിരിച്ചു പോകും

ഡിസ്ചാർജ് ആകുന്ന ദിവസം വന്നു

“നീയെന്താ അവളെ ഒഴിവാക്കുന്നത്?” ഏട്ടൻ ചോദിച്ചു

“അവന്മാരുടെ കാര്യം എന്തായി?” അവൻ തിരിച്ചു ചോദിച്ചു

“ആശുപത്രിയിൽ കാണും..ഇതിലും മോശം കണ്ടീഷനിൽ..ചെയ്തവനിട്ടും പണി കൊടുത്തിട്ടുണ്ട്…എം എൽ എ ആണെന്ന് കരുതി നമുക്ക് ഒഴിവാക്കാൻ വയ്യല്ലോ”

ഏട്ടൻ ചിരിച്ചു…

ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നിട്ടും അപർണ വന്നാൽ അവൻ സംസാരിക്കില്ല

ഒടുവിൽ അവൾ ആരുമില്ലാതിരുന്ന ഒരു ദിവസം അവന്റെ അരികിൽ ചെന്നു

“എന്താ എന്നോട് മിണ്ടാത്തെ?”

“ഉപേക്ഷിച്ചു പോയതല്ലേ? അന്നത്തെ ഞാൻ തന്നെയാ ഇന്നും…ഇനിം വയ്യ വേദനിക്കാൻ..”

അപർണ ഞെട്ടലോടെ ഒന്ന് നോക്കി..പിന്നെ നടന്നു.

ഇക്കുറി വാശി അഖിലിനായിരുന്നു. അവൻ അവളെ പൂർണമായി അവഗണിച്ചു കളഞ്ഞു

ബെഡിൽ ആയിരുന്നു അവൻ…

അവൾ വന്നാൽ വാതിൽ ചാരാൻ അവൻ ഏട്ടനോട് പറയും. വാതിലിനു പുറത്ത് അവൾ ഉണ്ടാകും. വൈകുന്നേരം തിരിച്ചു പോകും. അവനില്ലെങ്കിൽ ജീവിക്കാൻ കഴിയില്ലെന്ന് പതിയെ അവൾ അറിഞ്ഞു തുടങ്ങി

എന്നാലും അവൻ തന്നെ വെറുക്കുന്നെങ്കിൽ ഇനി കാണണ്ട എന്ന് അവൾ തീരുമാനിച്ചു

അസുഖം മാറി അവൻ ജോലിക്ക്. പോയി തുടങ്ങിയപ്പോൾ അവൾ പിന്നെ വീട്ടിലേക്ക് വന്നില്ല

അവൾക്കും ജോലിക്ക് പോകണമായിരുന്നു

സ്കൂളിൽ ഇരിക്കുമ്പോൾ അവൾക്ക് ഒരു ഫോൺ വന്നു

അഖിൽ

“ഞാൻ പുറത്തുണ്ട്…സ്കൂൾ ടൈം തീരുമ്പോ പതിവ് സ്ഥലത്ത് വരണം “

അവളുടെ കണ്ണ് നിറഞ്ഞൊഴുകി

അപർണ മുന്നിൽ നിൽക്കുമ്പോൾ അഖിൽ എന്നെത്തെയും പോലെ അവളുടെ ബാഗ് വാങ്ങി തോളിലിട്ട് നടന്നു

അമ്പരന്ന് പോയ അവൾ അത് ബലമായി തിരിച്ചു വാങ്ങിക്കാൻ ശ്രമിച്ചു

“കല്യാണത്തിന് മുൻപ് ഒരു ഹണിമൂൺ പോകുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ?”

ഒഴിഞ്ഞ സ്ഥലത്തു വെച്ച് അവൻ അവളോട് ചോദിച്ചു

ഒറ്റ അടി കൊടുത്തു അപർണ…മുഖം പൊത്തിപ്പോയി അഖിൽ

“wow കിടു. ഇപ്പുറത്ത് കൂടെ അടിച്ചോ. ഞാൻ ജീസസ് ഫാൻ ആണ് “

അപർണ തീ പോലെ കത്തുന്ന മിഴികൾ അവന്റെ മുഖത്ത് അർപ്പിച്ചു

“എടി ആക്ച്വലി ഒരാൾ മറ്റൊരാളെ അവഗണിച്ചാൽ കിട്ടുന്ന സുഖം എന്താന്ന് ഇപ്പൊ നിനക്ക് മനസിലായില്ലേ…പക്ഷെ ഞാൻ ചെയ്തത് കൂടി പോയി. സോറി. പിന്നെ എന്റെ ബുള്ളറ്റ് ഉണ്ട്. ഇനി ഓണത്തിന്റെ അവധി തുടങ്ങുകയല്ലേ. സ്കൂൾ അവധി ആണ്. ഒരു യാത്ര പോയി വരാം. നിന്റെ വീട്ടിൽ ഞാൻ ചെന്നു പറഞ്ഞിട്ടുണ്ട്. വരുന്നോ?”

“ഇല്ല “

“ശേ.. കളഞ്ഞു..എടി വാടി പോയിട്ട് വരാമെന്ന് “

“പോടാ പ-*ട്ടി “

“താങ്ക്സ്..നിനക്ക് ഞാൻ ഏറ്റവും സുന്ദരമായ ഒരു പ്രണയകാലം വാഗ്ദാനം ചെയ്യുന്നു. നമുക്ക് കശ്മീർ താഴ്‌വാരകളിൽ എന്തെങ്കിലും പൂത്തോ കായ്ച്ചോ എന്നൊക്കെ നോക്കാമെടി. മിനിമം ഒരു ആപ്പിൾ എങ്കിലും കിട്ടും..അവിടെ വെച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും..പ്രേമം എന്ന് വെച്ചാ…എന്നേ തരും “

അവൻ കണ്ണിറുക്കി

അവൾ കുറച്ചു നേരം ആ കുസൃതി നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നു

“എനിക്ക് വിശ്വാസം ഇല്ല “

“എന്നെയോ?”

“ഉം.”

“കാര്യം കഴിഞ്ഞു കയ്യൊഴിയുമോ എന്നാണെങ്കിൽ നീ പേടിക്കണ്ട. എനിക്കാ പേടി. നിയാണല്ലോ അതിന് മിടുക്കി “

“ദേ ഞാൻ വല്ലോം പറഞ്ഞാൽ കൂടി പോകും..”

അഖിൽ അവൾക്ക് അരികിൽ വന്നു നിന്നു

കാറ്റിൽ പറക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊടുത്തു

“അപർണ…നീ നോ പറഞ്ഞാൽ ഇത് സാധാരണ ഒരു ദിവസം പോലെ അങ്ങ് പോകും. അതല്ല നീ yes പറഞ്ഞാൽ അത് ചരിത്രമാ..നമ്മുടെ പിള്ളാർക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരു ചരിത്രം…yes പറയടി പ്ലീസ് ഡി “

അപർണ പൊട്ടിച്ചിരിച്ചു പോയി

ആ നടുറോഡിൽ വെച്ച് അപർണ അവനെ കെട്ടിപ്പുണർന്നു. അഖിൽ ഒരു പുഞ്ചിരിയോട് കൂടെ അവളെ ചേർത്ത് പിടിച്ചു നടന്നു

ചിലരെ അങ്ങനെ വിട്ട് കളയാൻ നമുക്ക് പറ്റില്ലന്നെ…അസ്ഥിയിൽ പിടിച്ചു പോയി എന്നൊക്കെ പറയില്ലേ…

അതാണ്

~അമ്മു