തനിയെ ~ ഭാഗം 05, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“അമ്മ പറഞ്ഞത് സത്യമാണോ എന്നറിയണമെന്നൊരു തോന്നൽ. അവനുമായുള്ള എല്ലാ റിലേഷനും അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചവളാ ഞാൻ. പക്ഷേ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറഞ്ഞതുപോലെ, ഒരു നിമിഷത്തിന്റെ തോന്നലിൽ ഞാൻ ഇറങ്ങി പുറപ്പെട്ടു.”

ഗീതു ഓർമ്മകളെ വീണ്ടും ചിക്കിപെറുക്കിയെടുത്തു. വേണി അവളുടെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കിയിരുന്നു.

“ഞാൻ കയറിച്ചെല്ലുമ്പോൾ അവൻ കൂട്ടുകാർക്കൊപ്പം വട്ടമിട്ടിരുന്നു മദ്യപിക്കുകയായിരുന്നു.

എന്നെക്കണ്ടതും എന്താവോ ഈ വഴിക്കൊക്കെ എന്നവൻ കുറെ പുച്ഛം വാരി വിതറി.

“എനിക്കു പകരം വേറൊരുത്തി ഇവിടെ വന്നിട്ടുണ്ടെന്നറിഞ്ഞു. അതൊന്ന് അറിഞ്ഞിട്ട് പോകാമെന്നു കരുതി.”

ഞാൻ കൂസലില്ലാതെ പറഞ്ഞു.

“ഒന്നല്ല ഒന്നിലധികം പേരെ ഞാൻ കൊണ്ട് വരും എന്റെയിഷ്ടം പോലെ. അതിന് നിന്നെ പേടിക്കണോ.. ഒന്ന് തൊട്ടാൽ അപ്പൊ വയറ് വീർപ്പിക്കാനല്ലാതെ നിന്നെയെന്തിനു കൊള്ളാം. എനിക്ക് എന്റെയാവശ്യങ്ങൾ നടന്നു പോണ്ടേ.

“ഇതുവരെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തന്ന, നിങ്ങളുടെ മൂന്നു കുഞ്ഞുങ്ങളെ നൊന്തുപെറ്റ എനിക്ക് നിങ്ങളുടെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ലേ. ഞാനും എന്റെ മക്കളും എങ്ങനെ കഴിഞ്ഞു പോകണം എന്ന് കൂടി പറഞ്ഞു തന്നിട്ട് നിങ്ങൾ ആരുടെ കൂടെ വേണേലും പൊയ്ക്കോ. എന്റെ കുഞ്ഞുങ്ങൾക്ക് അവകാശപ്പെട്ടത് നേടിയെടുക്കാൻ ഇവിടെ നീതിയും നിയമവും ഉണ്ടോന്ന് ഞാനൊന്നു നോക്കട്ടെ.

“നീയെന്താടി പുല്ലേ എന്നെയങ്ങു പേടിപ്പിക്കുവാണോ. നിന്നെ ഞാൻ കല്യാണം കഴിച്ചതിനു തെളിവുണ്ടോ. നിന്റെ മക്കൾ എന്റെതന്നെയാണോ ന്ന് എന്താ ഉറപ്പ്.ഞാനൊന്ന് കൈഞൊടിച്ചു വിളിച്ചപ്പോഴേക്കും ഇറങ്ങി പോന്നവളല്ലേ നീ. അതുപോലെ ആരുടെയൊക്കെകൂടെ പോയെന്ന് ആർക്കറിയാം…

പിന്നെയവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല തലയിൽ ഒരു സ്ഫോടനം നടക്കുകയായിരുന്നു.വാക്കുകൾ കൊണ്ട് അവനെയ്തു വിട്ട ബോംബുകൾ ചിതറി തെറിക്കുന്നു.

ഒരു പാവം പെണ്ണിനേ സ്നേഹം അഭിനയിച്ചു കൂടെ കൂട്ടി ദ്രോഹിക്കാവുന്നതിന്റെ പരമാവധിയും ദ്രോഹിച്ച്, കടുത്ത പീ* ഡനങ്ങൾക്കൊടുവിൽ മൂന്ന് കുഞ്ഞുങ്ങളെയും തന്നിട്ട് അവൻ ചോദിക്കുന്നു കല്യാണം കഴിച്ചു എന്നതിന് തെളിവുണ്ടോയെന്ന്.തലച്ചോറ് ചൂട് പിടിച്ചപ്പോൾ അലറിക്കൊണ്ട് ഞാനെന്റെ കൈകൾ അവന്റെ മുഖത്തിന് നേരെ വീശി.

ആദ്യത്തെയടി അവന് കൊണ്ടു. വീണ്ടും ഓങ്ങിയകയ്യിൽ അവൻ പിടുത്തമിട്ടു. പിന്നെ തിരിച്ചടിച്ചു. എന്റെ ബോധം മറയുവോളം. അവന്റെ കൂട്ടുകാർ എന്നെ ബലമായി പിടിച്ചു വെച്ചു.കണ്ണുകളിൽ ഇരുൾ മൂടുന്നതും നിലത്തേക്ക് തളർന്നു വീഴുന്നതും ഞാനറിഞ്ഞു. പിന്നെയൊന്നും എനിക്കോർമ്മയില്ല. ഇടക്ക് അടിവയറ്റിലേക്കു കത്തി കയറിയിറങ്ങുന്നപോലൊരു വേദന ഒരു തവണയല്ല പലവട്ടം അപ്പോഴൊക്കെ ഞാൻ അലറി കരഞ്ഞു.

കണ്ണ് തുറക്കുമ്പോ, ദേഹത്ത് നാണം മറക്കാൻ ഒരു നൂലിഴപോലുമില്ല. ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദന.അടുപ്പിച്ചടുപ്പിച്ചു മൂന്ന് സിസേറിയൻ കഴിഞ്ഞവളാ.വല്ല പാടും എഴുന്നേറ്റിരുന്നു ഞാനെവിടെയാണെന്ന് കണ്ണുകൾ കൊണ്ട് പരതി.

സ്ഥലകാലബോധം തിരിച്ചു കിട്ടിയപ്പോ എനിക്കൊരു കാര്യം മനസ്സിലായി. അവനും അവന്റെ കൂട്ടുകാരും കൂടി എന്നെ പിച്ചിചീന്തിയിരിക്കുന്നു.എന്നിട്ടും ഞാൻ മരിച്ചു പോകാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.

പരീക്ഷിച്ചു മതിവന്നിട്ടില്ലായിരുന്നു ദൈവത്തിന്‌.

കുടിച്ച് മയങ്ങിക്കിടക്കുന്ന അവനെ നോക്കിയിരിക്കെ, അവൻ എന്നിലേൽപ്പിച്ചഓരോ മുറിവുകളും പൊട്ടിയടർന്ന് ചോരയൊഴുകാൻ തുടങ്ങി. ആ ചോരയെന്നെ ഉന്മത്തയാക്കി. കരുണവറ്റിപ്പോയ അവന്റെ ഹൃദയം തോണ്ടിയെടുത്ത് അതിലേക്ക് കാർക്കിച്ചുതുപ്പാൻ മനസ്സ് വെമ്പൽ കൊണ്ടു.

മദ്യമൊഴിഞ്ഞകുപ്പികൾ നാലുപാടും ചിതറിക്കിടന്ന് എന്നെ നോക്കി വശ്യമായി ചിരിച്ചു. ഞാനതിലൊന്നിനെ കയ്യിലെടുത്തു തലോടി. പിന്നെ ക്രൂരമായ ചിരിയോടെ അതിന്റെ തല തല്ലിയുടച്ചു.

പിന്നെ ഭ്രാന്തമായ വേഗത്തോടെ എന്റെ ശക്തിയെല്ലാം കൈകളിലേക്കാവാഹിച്ച് ആ കുപ്പിക്കഷ്ണം ഞാനവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. അലറിക്കൊണ്ടവൻ ചാടിയെണീക്കും മുന്നേ ഒന്നൂടെ കുത്തി. ചീറ്റിത്തെറിച്ച ചോര എന്റെ കാഴ്ചയെ മറച്ചു എന്റെ കണ്ണുകൾ അടഞ്ഞു പോയി. പിന്നെ എന്റെയോർമ്മകൾമിഴി തുറക്കുന്നത് മാനസികാരോഗ്യകേന്ദ്രത്തിലെ ഇരുട്ടുനിറഞ്ഞ സെല്ലിലാണ്.

അതിനും മുന്നേ, കോടതി, വിചാരണ, ജയിൽ അങ്ങനെ കുറെ ദിനങ്ങൾ കടന്നു പോയി. പക്ഷേ ഞാനതൊന്നും അറിഞ്ഞില്ല.

അവൻ ചത്തില്ല. കോടതി എന്നെ വെറുതെ വിട്ടു. കാരണം അതെന്റെ ജീവന്മരണ പോരാട്ടമായിരുന്നെന്ന് അവർക്ക് മനസ്സിലായി.

മെന്റൽ ഹോസ്പിറ്റലിൽ നിന്ന് പടിയിറങ്ങിപ്പോരുമ്പോൾ എന്റെ കയ്യിൽ റിമിമോളുണ്ടായിരുന്നു. ഞാൻ കടന്നുപോയ ഏറ്റവും വലിയ വേദനകളുടെ ഓർമ്മപ്പെടുത്തൽ പോലെ.

പിന്നെയും ഒരുപാട് നാളുകളെടുത്തു ഞാൻ പഴയ ഗീതുവാകാൻ. അപ്പൊഴും വയസ്സ് വെറും ഇരുപത്തിയഞ്ച്.

ഞാൻ തിരിച്ചു വരുമ്പോൾ എന്റെ മക്കൾ എനിക്കു ചുറ്റിലും നിന്ന് വാവിട്ട് കരയുകയായിരുന്നു. പാച്ചുമോന് എന്നെക്കണ്ട ഓർമ്മപോലുമില്ല. എനിക്കും.അവന് രണ്ടു വയസ്സായിരിക്കുന്നു.മുലകുടി മാറുംമുൻപ് അവന് അമ്മയെ നഷ്ടമായല്ലോ. താത്കാലികമായിട്ടാണെങ്കിലും.

പിന്നെയങ്ങോട്ട് എന്റെ മക്കൾക്കുവേണ്ടി ജീവിക്കാനുള്ള വാശിയായിരുന്നു. അവർക്ക് ഞാനേയുള്ളു എന്ന തിരിച്ചറിവ് തന്ന വാശി.

അതെന്നെ ഇവിടെവരെകൊണ്ടെത്തിച്ചു. കൂനിന്മേൽ കുരു എന്ന് പറഞ്ഞമാതിരി, ആയിടെ പണ്ടെന്നോ വീടുവിട്ടിറങ്ങിപ്പോയ ഏട്ടൻ ഒരു പെണ്ണിനേം കൊച്ചിനേം കൊണ്ട് കയറി വന്നു. അപ്പൊപ്പിന്നെ ആ വീട്ടിൽ എനിക്ക് സ്ഥാനമില്ലാതായി.

വാക്കുകൾ കൊണ്ടുള്ള പോര് കയ്യോണ്ടായി തുടങ്ങിയപ്പോ ഞാൻ മക്കളേം കൂട്ടി അവിടുന്നിറങ്ങി.

ഞാൻ ജോലിക്ക് പോകുമ്പോൾ മൂത്തവർ രണ്ടുപേരും ഇളയതുങ്ങളെ നോക്കും. അവരുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്യാൻ അവർ സ്വയം പ്രാപ്തി നേടി. അവർ സ്കൂളിൽ പോയി തുടങ്ങിയപ്പോ വീണ്ടും പണിക്ക് പോക്ക് മുടങ്ങി. ആ സമയത്തു എന്തോ ഭാഗ്യം പോലെ അമ്മ എന്റെ കൂടെ വന്നു നിന്നു.

സ്കൂൾ വിട്ടു വന്നാൽ എന്റെ മക്കൾ മുഷിഞ്ഞ തുണികളെല്ലാം കഴുകിയിടും. തീ പൂട്ടി അരി അടുപ്പത്തിടും. കറി വെക്കാനുള്ളതെല്ലാം ഒരുക്കി വെക്കും. ഞാൻ വരുന്ന സമയം ആകുമ്പോഴേക്കും ചായയും ഉണ്ടാക്കി വെക്കും.

ഇപ്പൊ ശ്രുതിമോൾ അവരെ തടയുന്നുണ്ട്. അതാ അവരിപ്പോ ഇങ്ങോട്ടു കയറാത്തെ. എങ്കിലും അവരുടെ ഡ്രസ്സ്‌ അവർ തന്നെ കഴുകിയിടുന്നുണ്ട് ഇപ്പോഴും.

ഞാനെപ്പോഴും പറയും ഒരിക്കലും ഒരു പെണ്ണിന്റെ കണ്ണീര് വീഴാൻ നിങ്ങളായിട്ട് ഇടവരുത്തരുതെന്ന്..

“അമ്മേ, വിശക്കുന്നു.

റിമി മോൾ വീണ്ടും അടുക്കളയിലേക്ക് കയറിവന്നപ്പോൾ, ഒരു നെടുവീർപ്പോടെ ഗീതു ഇരുന്നിടത്തുനിന്നെണീറ്റു.

“എന്തായിവിടെ ഒരു ഗൂഡാലോചന. വന്നു കയറിയപ്പോ തുടങ്ങിയതാണല്ലോ രണ്ടും കൂടി. വിശന്നിട്ട് കുടല് കരിയുന്നു. സമയം എത്രയായെന്നറിയോ.”

ശ്രുതിയും അകത്തേക്ക് വന്നു.

“നിനക്കൊരു കല്യാണം ആലോചിക്കുവാടി. നിന്നെ ഇവിടുന്ന് പറഞ്ഞു വിട്ടിട്ട് വേണം അമ്മക്കു കാശിക്കു പോകാനെന്ന്.”

ഗീതു ചിരിച്ചുകൊണ്ട് രണ്ടുപേരെയും മാറി മാറി നോക്കി.

“അതിനിപ്പോ കാശിയിൽ ആരോ ഇരിക്കുന്നു അമ്മയേം കാത്ത്.”

“അതൊക്കെ ഉണ്ട്‌. നീ വേഗം കല്യാണം കഴിക്കാൻ ഒരുങ്ങിക്കോ.”

“ഉവ്വ്.. നടന്നത് തന്നെ.കോളേജിൽ എന്റെ പിന്നാലെ നടന്നു വായിനോക്കുന്ന ആരെയെങ്കിലും വളച്ചെടുത്ത് ലവന്റെ കൂടെ ഒളിച്ചോടണമെന്നാ എന്റെ ആഗ്രഹം. അതാകുമ്പോ പത്തു പൈസ ചിലവില്ല.സ്ത്രീധനവും കൊടുക്കണ്ട. അമ്മയും ഹാപ്പി, ഞാനും ഹാപ്പി. എങ്ങനെയുണ്ട് ഗീതുവാന്റി എന്റെ ഐഡിയ.”

ശ്രുതി പറഞ്ഞു തീർന്നതും വേണി ചാടിയെഴുന്നേറ്റ് അവളുടെ കവിളിൽ ആഞ്ഞടിച്ചു.

“അതിനും മുന്നേ നിന്നെ ഞാൻ കൊ* ല്ലും.”

അലറിക്കൊണ്ടവൾ പിന്നെയും കയ്യോങ്ങി.

അടിയേറ്റ കവിൾ പൊത്തിപ്പിടിച്ച് താഴെക്കിരുന്ന് പോയ ശ്രുതി, ചവിട്ടാനാഞ്ഞു തന്റെ നേരെ ഉയർന്നു വരുന്ന കാലുകൾ കണ്ട് ഭയത്തോടെ മുഖമുയർത്തി ദീനമായി അവളെ നോക്കി.

വേണിയുടെ കണ്ണുകളിൽ നിന്നും തീ പാറുകയാണെന്ന് തോന്നി അവൾക്ക്.

റിയമോൾക്ക് വിളമ്പിയെടുത്ത ചോറുമായി പകച്ചു നിൽക്കുകയായിരുന്നു ഗീതു.

വേണിയുടെ ഭ്രാന്തമായചേഷ്ടകൾ കണ്ട് അവൾ കയ്യിലിരുന്ന പാത്രം താഴെയിട്ട് ഓടിച്ചെന്ന് വേണിയുടെ മുന്നിൽ കയറി നിന്നു.

ചേച്ചി….എന്തായിത്… അവളൊരു തമാശ പറഞ്ഞതിന് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്.

തമാശയോ..? ഇതോ… ഇതോ… തമാശ

വേണി ശ്വാസമെടുക്കാൻ കഴിയാതെ നിന്ന് കിതച്ചു.

കൊല്ലും ഞാനിവളെ..എന്നിട്ട് ഞാനും ചാവും.നോക്കിക്കോ നീ.ജീവിതത്തേക്കുറിച്ച് എന്തറിയാമിവൾക്ക്. എന്റെ അനുഭവങ്ങൾ കണ്മുന്നിൽ കണ്ട് വളർന്നവളാ എന്നിട്ടും പറഞ്ഞത് കേട്ടോ.

വേണി മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

തകർന്നുപോയൊരു മനസ്സിന്റെ രോദനമാണതെന്ന് തിരിച്ചറിഞ്ഞ ഗീതു രണ്ടു കൈകൊണ്ടും അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിറഞ്ഞു തൂവുന്ന മിഴികളോടെ

തുടരും..