ശ്രീഹരി ~ അധ്യായം 19, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഹരി വീട്ടിലേക്കാണ് നേരേ പോയത് അവൻ എത്തിയപ്പോ രാത്രി ആയി. തോമസ് ചേട്ടനെയും മേരി ചേച്ചിയെയും വിളിച്ചു ബുദ്ധിമുട്ടിക്കണ്ടായെന്ന് കരുതി അവൻ വിളിച്ചില്ല

വീട്ടിൽ എത്തി ലൈറ്റ് ഇട്ട് കണ്ടപ്പോൾ അവന് അതിശയം തോന്നി. എല്ലാം തൂത്തു തുടച്ചു വൃത്തിയാക്കിയിട്ടിരിക്കുന്നു. ഇന്ന് വരുന്നത് അവന് വലിയ ഉറപ്പില്ലാഞ്ഞത് കൊണ്ട് വിളിച്ചു പറഞ്ഞില്ലായിരുന്നു.

അവൻ പശുക്കളെ നോക്കാനായി പിൻവാതിൽ തുറന്നപ്പോഴേക്കും തോമസ് ചേട്ടൻ എത്തിക്കഴിഞ്ഞു

“അതെന്നാ പരിപാടി ആയിപ്പോയെടാ നീ എന്താ വിളിച്ചു പറയാഞ്ഞേ?”

“ഇന്ന് വരും എന്ന് ഉറപ്പില്ലായിരുന്നു. ഉറങ്ങിയില്ലേ? മണി പതിനൊന്നു കഴിഞ്ഞല്ലോ?”

“നീ പോയെ പിന്നെ ഉറക്കം ശരിയാവുന്നില്ലന്നെ..”അയാൾ അവന്റെ മുഖത്ത് തലോടി

“ഈ പശുക്കളും ആടുകളും എല്ലാത്തിനെയും നോക്കണ്ടെയല്ലേ? ഞാൻ ഒരു വലിയ ജോലിയാ ഏൽപ്പിച്ചു പോയെ “

അവൻ വിഷമത്തിൽ പറഞ്ഞു

“പോടാ ചെക്കാ ഇതൊക്കെ ഒരു ജോലിയാ?അത് മാത്രം അല്ല ഇതൊന്നും ഞാൻ തനിച്ചു ചെയ്തില്ലല്ലോ. എല്ലാത്തിനും നമ്മുടെ വിഷ്ണുവും മാണിയും മനോജും പുഷ്പയും ഒക്കെ വരുന്നുണ്ടാരുന്നു. നീ ഇല്ലാന്ന് വെച്ച് ഇവിടെ വൃത്തികേടാവാൻ പാടില്ലല്ലോ. നിന്റെ ഈ കുഞ്ഞുങ്ങൾ ഞങ്ങൾക്കും പാലും മുട്ടയും ഒക്കെ തരുന്നവർ അല്ലെ? ഞാൻ പറഞ്ഞത് അതല്ല നിന്നേ കാണാതെ ഞാൻ ഇത് വരെ ഇത്രയും ദിവസം അങ്ങനെ…. അതിന്റെ ഒരു..” അയാൾ  അവന്റെ തോളിൽ പിടിച്ചു

ഹരിയുടെ കണ്ണ് നിറഞ്ഞു പോയി. അവൻ അയാളെ നെഞ്ചിൽ ചേർത്ത് പിടിച്ചൊരു ഉമ്മ കൊടുത്തു

“മേരി ചേട്ടത്തി ഉറങ്ങിയോ?”

“അവൾ പിണങ്ങിയ…”

“അയ്യോ അത് എന്തിനാ?”

“നീ അവളെ ഫോൺ വിളിച്ചില്ലാന്ന് “

“ഞാൻ വിളിച്ചല്ലോ ഇടക്ക് ” അവൻ ആലോചിച്ചു. വിളിച്ചില്ലേ? വിളിച്ചു വിളിച്ചു “

“ആ എനിക്ക് അറിയില്ല.. നീ വല്ലോം കഴിച്ചോ?’

“ഉം “

“എന്നാ കിടന്നോ ക്ഷീണം കാണും “

തോമസ് ചേട്ടൻ പോയപ്പോൾ അവൻ വാതിൽ അടച്ചു. കഴിക്കാൻ പൊതി കെട്ടി തന്ന് വിട്ടത് അഞ്‌ജലിയാണ്. വാഴയിലയിൽ പൊതിഞ്ഞ ചോറും കറികളും

രാത്രി ചോറ് വേണ്ട എന്ന് പറഞ്ഞു നോക്കി..ആര് കേൾക്കാൻ

“ഇനിയെന്നാ ശ്രീ?” എന്ന് ചോദിച്ചു കണ്ണ് നിറച്ചു

അവൻ അവളുടെ നമ്പർ ഡയൽ ചെയ്തു

“എത്തിയൊ?”ആദ്യ ബെല്ലിന് ഫോൺ എടുത്തു

“ഉം “അവൻ ഒന്ന് മൂളി

“കഴിച്ചോ?”

“ഉം “

“ശ്രീ?”

അവൾക്ക് മനസിലായി അവന്റ മനസ്സ്

“മനസ്സൊക്കെ ശൂന്യമായ അവസ്ഥയിലാ അഞ്ജലി.. ഒന്നും പറയാൻ വയ്യ ഞാൻ കിടന്നോട്ടെ “

“ഉം ഗുഡ് നൈറ്റ്‌ ” അവൻ ഫോൺ കട്ട്‌ ചെയ്തു കട്ടിലിലേക്ക് വീണു

മേരി ചേട്ടത്തി രാവിലെ അപ്പവും മുട്ട റോസ്‌റ്റുമുണ്ടാക്കി

“എന്റെ കൊച്ചേവിടെ?”

വാതിൽക്കൽ ഹരി..മേരി ഒന്നും പറയാതെ അവനെ കടന്നു പോകാനൊരുങ്ങി

“അങ്ങനെയങ്ങ് പോയാലോ? ” അവൻ ബലമായി പിടിച്ചു നിർത്തി

“നീ വിട്ടേ എനിക്ക് നിന്നേ ശരിക്കും മനസിലായി”

“ശൊ എന്താ എന്റെ ചക്കരക്ക് മനസിലായത്?” അവൻ കവിളിൽ പിടിച്ചു വലിച്ചു

“എടാ നീ എന്നെ എത്ര ദിവസം വിളിച്ചു?”

“കണക്ക് വെച്ചില്ല എന്റെ പൊന്നേ “

“എന്നാ ഞാൻ പറയാം 6ദിവസം ബാക്കി ദിവസവും ഞാൻ ആയിരുന്നു വിളിച്ചേ “

“അത് എന്റെ പൊന്ന് വിളിച്ചത് കൊണ്ടല്ലേ ഞാൻ വിളിക്കാഞ്ഞത്. ദേ ഞാൻ ഇങ്ങ് വന്നില്ലേ?നല്ല വിശപ്പ് എന്താ കഴിക്കാൻ?”

അവൻ ചെന്നു പാത്രം പോക്കി നോക്കി

“ആഹാ ഞാൻ ഇന്ന് വരും ന്ന് എങ്ങനെ അറിഞ്ഞു… അപ്പം തന്നെ ഉണ്ടാക്കിയല്ലോ?”

“അതാടാ അമ്മ. അമ്മമാർക്ക് അറിയാം മക്കൾ എപ്പോ വരും,എപ്പോ പോകും,അവർക്ക് വിശക്കുന്നോ? സന്തോഷം ആണോ? സങ്കടം ആണോ?എന്നൊക്കെ. മക്കൾ മറന്നാലും അമ്മയ്ക്ക് മറക്കാൻ വയ്യല്ലോ കുഞ്ഞുങ്ങളെ “

“ഹോ എന്റെ മേരി നീ സുവിശേഷം നിർത്തി അവന് തിന്നാൻ കൊടുക്ക് “

തോമസ് ചേട്ടൻ ഉറക്കെ പറഞ്ഞു “വാ “

അവർ അവന്റെ കയ്യും പിടിച്ചു കസേരയിൽ ഇരുത്തി

“എന്റെ കുഞ്ഞു കഴിക്കേ…”

പിന്നെ തോർത്തിന്റ അറ്റം കൊണ്ട് കണ്ണ് തുടച്ചു

“ഇനി ഇങ്ങനെ എങ്ങും പോകണ്ട കേട്ടോ കാര്യം നമ്മുടെ അന്ന മോളുടെ ഓപ്പറേഷന്റെ കാശ് ഒക്കെ കൊടുത്തു നമ്മളെ സഹായിച്ചു ശരി തന്നെ. ആ കാശ് നമുക്ക് തിരിച്ചു കൊടുക്കുകയും വേണം. എന്ന് കരുതി നീ ഇനി അവിടെ പോയി നിൽക്കണ്ട “

ഹരി ഊറിച്ചിരിച്ചു

“അങ്ങേർക്ക് ഇപ്പൊ എങ്ങനെ ഉണ്ട്?

“കുറഞ്ഞു “

“ഒരു ദിവസം വരണം എന്നൊക്കെ വിചാരിച്ചു കേട്ടോ..പിന്നെ വിചാരിച്ചു വലിയ പണക്കാരല്ലേ? നമ്മൾ ഒക്കെ ചെല്ലുമ്പോൾ ഇഷ്ടമാകുമോ? അത് കൊണ്ടാ വരാഞ്ഞത്? ജെന്നിയും ജെസ്സിയും നൂറു വട്ടം പറഞ്ഞു പോകാൻ.. എനിക്ക് ഭയങ്കര മടിയാണെന്നെ..പുള്ളി വിചാരിച്ചു കാണുമോ നന്ദിയില്ലാത്ത മനുഷ്യരാണെന്ന് “”

“ഹേയ് പുള്ളി പാവാ.”

അവൻ ഭക്ഷണം കഴിച്ചു തീർത്തു.പിന്നെ ഓരോ പാക്കറ്റ് എടുത്തു കൊടുത്തു

“ഇത് ഒരു ഷർട്ടാ എന്റെ തോമച്ഛന്… ഇത് കൊച്ചിന് പള്ളിയിൽ പോകുമ്പോൾ ഉടുക്കാം “

ഇളം റോസ് നിറത്തിലെ ഒരു ഷർട്ടും ഇളം വയലറ്റ് നിറത്തിൽ മഞ്ഞ പൂക്കൾ തുന്നിയ ഒരു സാരിയും…ആ പാവങ്ങൾ അത് നെഞ്ചിൽ ചേർത്ത് പിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു

“അതിനെന്നതിനാ കണ്ണ് നിറയ്ക്കുന്നെ? ഞായറാഴ്ച ഉടുത്തു അടിച്ചു പൊളിച്ചു പോകണം രണ്ടും കൂടെ…”

അവർ തലയിളക്കി..മേരി അവന്റെ മുഖം പിടിച്ചു താഴ്ത്തി കവിളിൽ ഉമ്മ വെച്ചു

“കർത്താവ് എനിക്ക് തന്ന നിധിയാ…”

തോമസ് ചേട്ടൻ ഷർട്ട്‌ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് ഇരുന്നു. മനോഹരമായ ഒന്നായിരുന്നു അത്..അയാൾ അത് ദേഹത്ത് വെച്ച് കണ്ണാടിയിൽ നോക്കി

“നല്ല ഭംഗിയുണ്ട്.” അവൻ പിന്നിൽ കൂടി ഒന്ന് കെട്ടിപിടിച്ചു

“നീയെന്തിനാ മോനെ കാശ് കളഞ്ഞത്?”

“ഓ എന്നെ നിങ്ങൾ വളർത്തിയത്തിന്റെ ആയിരത്തിലോരംശം പോലുമില്ല ഇതിന്. ഞാൻ ഒന്ന് ടൗണിൽ പോയേച്ചും വരാം. വീട്ട് സാധനം ഒക്കെ തീർന്നു. പിന്നെ ഇവിടെ എന്തെങ്കിലും വേണോ? അത് പറ അത് കൂടി വാങ്ങിക്കാം “

“ആ നീ നിൽക്ക് ” അയാൾ കുറച്ചു നോട്ടുകൾ അവന്റെ കയ്യിൽ കൊടുത്തു

“ഇത് മുട്ടയുടെയും പാലിന്റെയും പൈസ. മൂന്ന് പേര് തരാനുണ്ട്. അത് ഞാൻ ആ കൂട്ടത്തിൽ കണക്ക് എഴുതിയ പേപ്പർ വെച്ചിട്ടുണ്ട് അതിലുണ്ട് കേട്ടോ “

“ശേ ഇത് എന്തിനാ എനിക്ക്.. ഇവിടെ വെച്ചോ? ആവശ്യം വരും “

“ഇല്ലടാ നിന്റെ കയ്യിൽ ഒന്നും കാണുകേല എന്ന് എനിക്ക് അറിയാം. വേറെ ഒരു വീട്ടിൽ നാട്ടിൽ ഒക്കെ പോയി നിൽക്കുമ്പോൾ ചിലവ് ഇല്ലെ? നീ അവരുടെ കയ്യിൽ നിന്ന് മേടിക്കില്ല എന്നൊക്കെ എനിക്ക് അറിയാം. നിന്റെ പൈസ തന്നെയാ അത്..”

ഹരി ഒന്ന് ചിരിച്ചു. പിന്നെ അത് പോക്കറ്റിൽ വെച്ചു

“അപ്പൊ പോയിട്ട് വരാം “

“ആ പിന്നെ ജെന്നിയുടെ പരീക്ഷ ഒക്കെ തീർന്നു. നാളെ വരും. റെയിൽവേ സ്റ്റേഷനിൽ ഒന്ന് പോകണം. കുറെ സാധനം ഒക്കെ കാണും കുറെ പുസ്തകമൊക്കെ “

“അതിനെന്താ? പോയേക്കാം ” അവൻ ചിരിച്ചു കൊണ്ട് കൈ വീശി യാത്രയാകും വരെ അയാൾ അവിടെ നിന്നു.

കൃഷിഓഫീസിൽ ചെല്ലുമ്പോൾ തീരെ തിരക്കില്ല

അവൻ സ്റ്റാഫിനോട് സംസാരിച്ചു കൊണ്ട് കുറച്ചു നേരം നിന്നപ്പോൾ അകത്തു വിളിപ്പിച്ചു

“ഹരിയെ ഇങ്ങോട്ട് കാണാനേ ഇല്ല ” മൈഥിലി ചോദിച്ചു

“കുറച്ചു നാൾ ഇവിടെയില്ലായിരുന്നു ” ഹരി പറഞ്ഞു

“ഹരിയെ മിസ്സ് ചെയ്തു കേട്ടോ ” ഹരി ശൂന്യമായ കണ്ണുകളോടെ വെറുതെ അവരെ ഒന്ന് നോക്കി

അവരെ ഇപ്പൊ അവന് മനസിലാകുന്നുണ്ടാകിരുന്നു. കാരണം അവന് അത്ര മേൽ പ്രിയപ്പെട്ടവളെ മിസ്സ് ചെയ്തു തുടങ്ങിയിരുന്നു. അവിടെ നിന്ന് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങി പലചരക്കു കടയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി വീട് എത്തുമ്പോൾ വൈകുന്നേരം ആയി. പശുക്കൾക്കുള്ള ആഹാരം കൊടുത്തു കോഴികളെ കൂട്ടിലടച്ച് എല്ലാ ജോലിയും തീർത്തു കുളിച്ചു വന്നപ്പോൾ രാത്രി എട്ട് മണി

പിന്നെ ഒട്ടും വിശപ്പ് തോന്നിയില്ല..കിടന്നു..അവൾ കൊടുത്ത ഫോൺ എടുത്തു

ഐ ഫോൺ ഉപയോഗിക്കുന്നത് അതിന്റെ രീതികൾ ഒക്കെ അവൾ പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു. അവൻ ഗാലറിയിലെ ഫോട്ടോ സ് നോക്കി

തന്റെ പെണ്ണ്

ഈ ദിവസങ്ങളിൽ പ്രണയത്തിന്റെ ചൂടും ചൂരും അറിഞ്ഞ നിമിഷങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ. അവളുടെ ഫോണിൽ എടുക്കുന്നതാണ്. ഒക്കെയും പോരുന്ന ദിവസം അയച്ചിട്ടതാണ്

എന്നും നോക്കണം ട്ടോ

ഇങ്ങനെ ഒരു പെണ്ണ് ഓർത്തിരിക്കുന്നുണ്ടെന്ന് മറക്കാതിരിക്കാൻ എന്നും നോക്കണേ…ഒരു പാട് തവണ പറഞ്ഞു

അവൻ ആ ഫോട്ടോസ് ഓരോന്നായി കണ്ടു കൊണ്ടിരുന്നു

താൻ വാങ്ങി കൊടുത്ത മാല അണിഞ്ഞു തന്റെ നെഞ്ചിൽ ചാരി എടുത്ത ഒരു ഫോട്ടോ കണ്ട് ഹരി അൽപനേരം നോക്കിയിരുന്നു

തന്റെ കൈകൾ അവളുടെ ഉടലിനെ ചുറ്റി വരിഞ്ഞ് മുഖം അവളുടെ പിൻകഴുത്തിൽ അമർന്ന്.. അവളാകട്ടെ മാലയിലെ ലോക്കറ്റ് ഇങ്ങനെ ഉയർത്തി ചിരിക്കുന്നു

അവളുടെ ഫോണിലേക്ക് അവൻ വിളിച്ചു

“ശ്രീ… തിരക്കാവുമെന്ന് കരുതിയാ വിളിക്കാഞ്ഞേ “

“ഇപ്പൊ വന്നു കിടന്നേയുള്ളു ” അവൻ പറഞ്ഞു

“ശ്രീ… ഇന്ന് ഞാൻ ഓഫീസിൽ പോയി വരും വഴി നാട്യാലയിൽ ചേർന്നു. അവിടെ സുധമൂർത്തി എന്ന ടീച്ചർ ആണ് ഭാരതനാട്യം പഠിപ്പിക്കുന്നത്. നാളെ മുതൽ വൈകുന്നേരം ക്ലാസ്സിൽ പോകണം. രണ്ടു മണിക്കൂർ “

“നല്ല കുട്ടി “

“എനിക്ക് ശ്രീയുടെ പാട്ടിനു ചുവട് വെയ്ക്കണം. ശ്രീയുടെ കൂടെ ജീവിക്കണം..ശ്രീയുടെ കുഞ്ഞുങ്ങളെ പ്രസവിക്കണം. എന്റെ ശ്രീ ഒരു വലിയ പാട്ടുകാരനാകണം അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ ഉണ്ടിപ്പോ.”

ഹരിയുടെ കണ്ണ് നിറഞ്ഞു

“ശ്രീക്ക് അങ്ങനെ ഒന്നൂല്ലേ?”

“എനിക്ക് ഒരു പാട് ആഗ്രഹങ്ങൾ ഒന്നുല്ല മോളെ…. നീ വേണം ഒപ്പം.. കൂടുതൽ ഒന്നുല്ല..”

“ഞാനുണ്ടല്ലോ.. എപ്പോഴും..” ഹരി കണ്ണുകൾ അടച്ചു

“ഒരു പാട്ട് പാടി താ”അവൻ പറഞ്ഞു

“ഞാനോ? ഇത്രയും വലിയ പാട്ടുകാരന് പാടിത്തരാനോ?”

“പാട് പ്ലീസ് “

അവൾ ഒന്ന്ചുമച്ചു ശബ്ദം ക്ലിയർ ആക്കി

“അകലെയെന്നാൽ അരികിൽ നാം
അരികിലെന്നാൽ അകലെ നാം
ഇളനിലാവിൻ കുളിരുമായി യാമക്കിളികൾ രഹസ്യ രാവിൽ കുറുകുന്നതെന്താണോ ഉണരൂ…..

…………………….അത്രമേൽ ഇഷ്ടമായി
അത്രമേൽ സ്വന്തമായി
എത്ര നാളിങ്ങനെ
എത്ര രാവിങ്ങനെ……

ഹരി അതിശയത്തോടെ ആ സ്വരമാധുരി കേട്ടിരുന്നു

അസാധ്യമായി അവളത് പാടിതീർത്തു

“എന്റെ പൊന്നേ… ഗംഭീരം എന്താ പറയുക.ഞാൻ അറിഞ്ഞില്ലല്ലോ എന്റെ പൊന്ന് ഇത്രയും നന്നായി പാടുമെന്ന്..”

“വെറുതെ ഇരിക്ക് ശ്രീ “

“സത്യം.. അഞ്ജലി എന്റെ കാരക്കൽ ദേവിയാണ് സത്യം” അഞ്ജലി ചിരിച്ചു

“ശ്രീ…”

“ഉം “

“എന്നെ മാത്രമേ ഓർക്കാവുള്ളു ട്ടോ “

“ഉം “

“ഉമ്മ്മ്മ്മ്മ്മ ” അവൾ കട്ട്‌ ചെയ്തിട്ടും അവൻ ഏറെ നേരം ആ പാട്ട് ഓർത്തു കിടന്നു

എത്ര നാളിങ്ങനെ…

എത്ര രാവിങ്ങനെ…

തുടരും..