ശ്രീഹരി ~ അധ്യായം 2, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“സാറെ പാല് “

ഹരി നകുലന്റെ വീട്ടിലെ കാളിംഗ് ബെൽ അടിക്കുന്നില്ല എന്ന് കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു

അപരിചിതനായ ഒരാൾ വാതിൽ തുറന്നു

“നകുലൻ കുളിക്കുകയാണ് “

“പാൽ വേണമെന്ന് പറഞ്ഞിരുന്നു “.അവൻ പാല് കുപ്പി നീട്ടി

“ആരാണെന്നു പറയണം?”

“ശ്രീഹരി “

“ശരി..”

“സാറിന്റെ പേരെന്താ?”ഹരി പുഞ്ചിരിയോടെ ചോദിച്ചു

“ബാലചന്ദ്രൻ ” അയാളും ചിരിച്ചു

“ശരി സാർ ഞാൻ പോട്ടെ “ഹരി യാത്ര പറഞ്ഞു

ബാലചന്ദ്രൻ അൽപനേരം അവൻ പോകുന്നത് നോക്കി

“ആഹാ പാല് കൊണ്ട് വന്നോ?”

നല്ല കടുപ്പത്തിൽ പാൽ ചായ മുന്നിൽ കിട്ടിയപ്പോൾ നകുലൻ ചിരിച്ചു കൊണ്ട് ചോദിച്ചു

“ഒരു പയ്യൻ കൊണ്ട് തന്നു. അപ്പൊ ഞാൻ നമ്മുടെ പഴയ മുംബൈ ജീവിതം ഓർത്തു. നമ്മുടെ ഫ്ലാറ്റിന്റെ താഴെ ഇത് പോലെ ഒരു പയ്യൻ ഉണ്ടായിരുന്നു..പേര് ഞാൻ മറന്നു”

“മനീഷ് “

നകുലൻ ഓർമിപ്പിച്ചു

“അതെ മനീഷ് ഇത് പോലെ ഇരിക്കും. അല്ലെ? അവനല്ലേ നമുക്ക് പാല് കൊണ്ട് തന്നു കൊണ്ടിരുന്നത്? അന്നും നി ഇത് പോലെ കുളിച്ചു ജപിച്ചങ്ങനെ നേരം കളയും. ഞാൻ ചായ ഇട്ടു കൊണ്ട് തരും. ഇന്നും ഒരു മാറ്റൊമില്ല “

നകുലൻ ചായ മൊത്തി

“ഉഗ്രൻ “

“ആ പയ്യന്റെ വീടെവിടെയാ?”

“ആരുടെ? ശ്രീഹരിയുടെയോ?”

“ആ “

“അടുത്താ…നല്ല പയ്യനാ. അച്ഛനും അമ്മയുമൊക്കെ മരിച്ചു പോയി
ഒറ്റയ്ക്കാ. പക്ഷെ ആള് മിടുക്കനാ. സ്വന്തമായുള്ള സ്ഥലത്ത് ആടും പശുവും കോഴിയും താറാവും..പിന്നെ ഈ നാട്ടിൽ എന്ത് ആവശ്യത്തിനും ഹരീ എന്നൊന്ന് നീട്ടി വിളിച്ചാ മതി. ആള് റെഡി. കുഞ്ഞിലേ തൊട്ട് അവനിവിടെയല്ലാരുന്നോ? ഇവിടെ ഉള്ളവരാ അവനെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ. പ്ലസ് ടൂ ന് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. എന്റെ കോളേജിൽ ഞാൻ അഡ്മിഷൻ ശരിയാക്കിയതുമാ. അവന് വേണ്ട..ആൾക്ക് ബിസിനസ് വലിയ ഇഷ്ടമാ. അതിലാ ശ്രദ്ധ. ഇവിടെ ഉണ്ടാകുന്ന പച്ചക്കറി, പാല്, മുട്ട ഒക്കെ അങ്ങ് ടൗണിൽ കൊണ്ട് വിൽക്കും. ആ കാശ് കൊണ്ട് പിന്നെയും കോഴികളെയും പശുക്കളെയും ഒക്കെ വാങ്ങും. ഒരു ഫാം തുടങ്ങണം എന്ന കക്ഷിക്ക്.. കുറച്ചു സ്ഥലം അടുത്തെവിടെയോ നോക്കി വെച്ചിട്ടുണ്ട്. അഡ്വാൻസ് കൊടുത്തു ന്നാ പറഞ്ഞെ. അവനെ കൊണ്ട് പറ്റും
ഇരുപത്തിയഞ്ചു വയസ്സ് തികഞ്ഞിട്ടില്ല. നമ്മൾ ഒക്കെ ഈ പ്രായത്തിൽ വെള്ളോം അടിച്ചു ജോലിക് തെണ്ടി നടപ്പാ..ഇവൻ പക്ഷെ..മാതൃക ആക്കേണ്ട പയ്യനാ..ഇവൻ ഇവിടെ ജനിച്ചു പോയി അല്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യത്തെ ഏറ്റവും മിടുക്കൻ ബിസിനസ്കാരൻ ആയേനെ “

നകുലന്റെ സുഹൃത്ത് ബാലചന്ദ്രൻ അത് കേട്ടിരുന്നു

ശ്രീഹരിയേ കണ്ട ആ നിമിഷം തന്നെ അയാൾക്ക് അത് തോന്നിയിരുന്നു

അവന്റെ കണ്ണിൽ ഒരു സ്പാർക് ഉണ്ട്…ഒരു തീപ്പൊരി…ആളി കത്തിക്കാൻ ആളുണ്ടെങ്കിൽ ജ്വാല ആയി മാറാൻ നിമിഷം മതി

തനിക്ക് ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്നയാൾ മോഹിച്ചു പോയി.

“നി എന്താ ആലോചിക്കുന്നത്?”
നകുലൻ അയാളുടെ തോളിൽ തട്ടി

“എന്റെ മക്കളെ കുറിച്ച് ആലോചിക്കുകയായിരുന്നു “

“എന്തെ?”

“ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എന്നോട് കൂടുതൽ ആത്മാർത്ഥത കാണിച്ചേനെ. ഇതിപ്പോ രണ്ടു മരുമക്കൾ. ആർത്തി മൂത്ത രണ്ടു മരുമക്കൾ. എന്റെ സ്വത്തുക്കൾ മാത്രം നോക്കി എന്നെ സ്നേഹിക്കുന്നവർ. ഞാൻ മരിക്കാൻ നോക്കിയിരിക്കുകയാ അവര്. പെണ്മക്കളും കണക്കാ. ഉള്ളതിൽ ഭേദം ഇളയവളാ. അവൾക്ക് പണവും വേണ്ട ബിസിനസ്സും വേണ്ട “

നകുലൻ എന്തോ ചോദിക്കാൻ ഭാവിച്ചിട്ട് നിർത്തി

“അവളുടെ ജീവിതം ഒരു ട്രാജെഡിയാ. ഒരു ചെക്കനെ സ്നേഹിച്ചു. ക്രിസ്ത്യാനിയായിരുന്നു. ഞാൻ അറിഞ്ഞില്ല. അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അറിഞ്ഞേനെ. സത്യത്തിൽ പെൺപിള്ളേർക്ക് അമ്മ വേണമെടോ. അതുങ്ങൾ അച്ഛനോട് എത്ര തുറന്നു പറയും. മൂത്ത രണ്ടിന്റെയും കാര്യങ്ങൾ നടത്താൻ അവളുണ്ടായിരുന്നു. ഒരു ഉറക്കത്തിൽ അവളങ്ങ് പോകുമ്പോൾ ഇവൾ സ്കൂളിൽ പഠിക്കുവാ. ഞാനും കുറേ നാൾ ആ ഷോക്കിൽ അങ്ങനെ അങ്ങ് പോയി..അന്ന് ഞങ്ങൾ മുംബൈയിലാ. പിന്നാ ഇങ്ങോട്ട് പോന്നത്. എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞില്ല. പിന്നെന്നാ സ്നേഹം കിട്ടുന്നിടത്തോട്ട് പിള്ളേർ ചായും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവള് സ്നേഹിച്ച ചെക്കന്റെ വീട്ടുകാർ ഇത് അറീഞ്ഞ് വലിയ പ്രശ്നം ആയപ്പോൾ ഇവൾ ചേച്ചിമാരുടെ അടുത്ത് പറഞ്ഞു ഞാനും അറിഞ്ഞു. അന്നത്തെ മാനസിക അവസ്ഥ അല്ലെ? ഞാനവളെ കുറെ തല്ലി. അന്ന് രാത്രി അവൾ ഇവന്റെ കൂടെ ഇറങ്ങി പോയി. പക്ഷെ എന്നേക്കാൾ കച്ചറ ആണ് അവന്റെ വീട്ടുകാർ. അവർ ഇവരെ റെയിൽവേ സ്റ്റേഷനിൽ ഇട്ടു പിടിച്ചു. ഇവളെ വീട്ടിൽ കൊണ്ടാക്കി. ചെക്കനെ കൊണ്ട് പോയി. അവനെ പുറം രാജ്യത്ത് ഏതോ സ്ഥലത്തേക്ക് നാടും കടത്തി. ഇവള് കുറെ നാൾ കരഞ്ഞോണ്ട് ഇരുന്നു. അന്ന് പതിനെട്ട് തികഞ്ഞിട്ടില്ല. പിന്നെ ഞങ്ങൾ നാട്ടിൽ വന്നു.ഒരു രണ്ടു വർഷം ഒക്കെ കഴിഞ്ഞു കയ്യും കാലും പിടിച്ച് ഒരു വിധം കല്യാണത്തിന് സമ്മതിപ്പിച്ചു. പാവം ഇഷ്ടം അല്ലായിരുന്നു. എന്റെ സങ്കടം കണ്ടു സമ്മതിച്ചതാ. ചെറുക്കൻ ഡോക്ടർ ആയിരുന്നു. പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? എന്റെ മോളുടെ വിധിയാവും. അവൻ ഒരു സൈക്കോ ആയിരുന്നു. ഇവളെ ഉപദ്രവിക്കും. ആദ്യമൊന്നും കൊച്ച് ഒന്നും പറഞ്ഞില്ല. പിന്നെ എന്റെ ഭാര്യയുടെ അനിയത്തി ലത നാട്ടിൽ വന്നപ്പോൾ കൊച്ചിനെ പോയി കണ്ടു. അവളോടാ എല്ലാം പറഞ്ഞത്. അവന് ഒരു ആണാകാനുള്ള കഴിവ് ഇല്ലായിരുന്നു. മ* യക്കു മരുന്ന് എല്ലാം കൂടി ഉപയോഗിച്ച് ഉപയോഗിച്ച് നഷ്ടപ്പെട്ടതാവാം. എന്തായാലും ആ വൈകല്യം മറയ്ക്കാൻ അവൻ ഇവളെ ഉപദ്രവിച്ചു കൊണ്ട് ഇരുന്നു. കൊച്ചിന്റെ ദേഹത്ത് മൊത്തം മുറിവും പൊള്ളലും… “

അയാൾ ശബ്ദം ഇടറിപ്പോയിട്ട് പാതിയിൽ നിർത്തി

പിന്നെ കുറച്ചു നേരം കരഞ്ഞു

നകുലൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു

“നിയമപരമായി ഡിവോഴ്സ് കഴിഞ്ഞു. എല്ലാം കഴിഞ്ഞു ഇപ്പൊ രണ്ടു വർഷവുമായി. പക്ഷെ എന്റെ കുഞ്ഞ് പിന്നെ മുറിക്ക് പുറത്ത് ഇറങ്ങിയിട്ടില്ല. എന്തെങ്കിലും ചോദിച്ചാ വല്ലോം പറയും. നി കണ്ടിട്ടില്ലേ എന്ത് സുന്ദരി ആയിരുന്നു കുഞ്ഞിലേ…ഇപ്പൊ കാണണം മെലിഞ്ഞു..വിളർത്ത്..എന്റെ മോൾ എന്റെ ഏറ്റവും വലിയ വേദന ആണെടാ. പറയുമ്പോൾ ബാലചന്ദ്രൻ നായർക്ക് നൂറു കോടിയുടെ മുകളിൽ സ്വത്ത്. ഉണ്ട്.ഇഷ്ടം പോലെ വ്യവസായ സ്ഥാപനങ്ങൾ, ഏത് തുടങ്ങിയാലും വിജയം…എത്ര നാൾ? എന്റെ കാലം കഴിയുമ്പോൾ മൂത്തവൾമാരും രണ്ടു പേരും കൂടി ഇതൊക്കെ പങ്കിട്ട് എടുക്കും. എന്റെ കൊച്ച് വല്ല ആശ്രമത്തിലും ആകും. സത്യത്തിൽ ഈ സ്വത്ത് മുഴുവൻ ഇളയവൾക്കുള്ളതാ. പാർട്ടീഷൻ ഞാൻ നേരെത്തെ ചെയ്തു. അവൾക്ക് വേണ്ടി ഇനി ഒരാളെ കണ്ടു പിടിക്കാൻ എനിക്ക് പക്ഷെ പേടിയാ.”

നകുലൻ ആ കയ്യിൽ വെറുതെ പിടിച്ചു

“മോളുടെ പേരെന്താ ഞാൻ പേര് മറന്നു പോയി.”

“അഞ്ജലി..അഞ്ജലി ബാലചന്ദ്രൻ “

“എല്ലാം ശരിയാകും ബാലു “

“ഒരു തരത്തിൽ നിന്നേ പോലെ ജീവിക്കുന്നതാ നല്ലത്. കുടുംബം വേണ്ട. സ്വസ്ഥത പോകും “

നകുലൻ ചിരിച്ചു

“ഞാൻ കുടുംബം വേണ്ട എന്ന് വെച്ചതല്ല ബാലു..ദൈവം എനിക്ക് അത് നിഷേധിച്ചതാ “

ബാലചന്ദ്രൻ ഒന്നും മനസിലാകാതെ അയാളെ നോക്കി

“എനിക്കൊരു പെണ്ണുണ്ടായിരുന്നു. ജയശ്രീ..ഒന്നിച്ചു വർക്ക്‌ ചെയ്യുന്നതാണ്. പരസ്പരം ഇഷ്ടം ആയി. വീട്ടിൽ പറഞ്ഞു. അവർക്കും എതിരില്ല. നി അന്ന് മുംബൈയിലാ നമ്മുടെ ഇടയ്ക്ക് കുറെ നാൾ ഒരു ഗ്യാപ് വന്നല്ലോ. അന്ന് മൊബൈലും ഒന്നുമില്ല
അല്ലെങ്കിൽ ഇതൊക്കെ പരസ്പരം അറിഞ്ഞേനെ “

“നി ബാക്കി പറ “

“കല്യാണത്തിന് രണ്ടു ദിവസം മുന്നേ ഒരു അപകടത്തിൽ അവൾ പോയി.”

അയാൾ നിറകണ്ണുകളോടെ കുറച്ചു നേരം മൗനമായി ഇരുന്നു

“പിന്നെ എന്ത് കുടുംബം? ബാലു മനുഷ്യന്മാർക്ക് മനസ്സിൽ തട്ടി ഒരാളെ പ്രണയിക്കാൻ പറ്റുവുള്ളു. ഒറ്റയാളെ…ബാക്കി ഒക്കെ വെറുതെ…പ്രഹസനം “

ബാലചന്ദ്രന് വാക്കുകളില്ലായിരുന്നു

സത്യമാണത്.

പ്രണയം അങ്ങനെയാണ് ഒറ്റയാളിൽ തുടങ്ങി അവരിൽ തന്നെ അവസാനിക്കുന്ന ഒന്ന്

എല്ലാവർക്കും എന്തെങ്കിലും ദുഃഖം

അതില്ലാത്ത മനുഷ്യന്മാരുണ്ടോ…

(തുടരും )