ശ്രീഹരി ~ അധ്യായം 25, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“മോള് എവിടെയ താമസിക്കുന്നത്?” മേരി ചേച്ചി ചോദ്യം ആവർത്തിച്ചു

“എന്റെ വീട്ടിൽ “

ഹരി പെട്ടെന്ന് പറഞ്ഞു..മേരിയുടെ വാ പൊളിഞ്ഞു

“ഞാൻ അവിടെ ചെന്നപ്പോൾ ഇവരുടെ വീട്ടിൽ അല്ലെ താമസിച്ചിരുന്നത്?അപ്പൊ ഈ നാട്ടിൽ വരുമ്പോൾ അഞ്ജലി എന്റെ വീട്ടിൽ അല്ലെ താമസിക്കേണ്ടത്?”

ചോദ്യം ന്യായം..പക്ഷെ എന്തോ ഒരു വശപിശക്

അതെങ്ങനെ പറ്റും ആൺകുട്ടികളെ പോലെയാണോ പെൺകുട്ടി? ഒരു ആണ് താമസിക്കുന്ന വീട്ടിൽ തനിച്ചു താമസിക്കുന്നത് ശരിയാണോ?

അങ്ങനെ പല ചോദ്യങ്ങൾ അവരുടെ ഉള്ളിൽ വന്നു. പക്ഷെ ചോദിച്ചില്ല

“അച്ഛൻ എന്ത് പറയുന്നു മോളെ സുഖമാണോ?”

“അച്ഛൻ നന്നായി ഇരിക്കുന്നു.യാത്ര തല്ക്കാലം വേണ്ട എന്ന് ഡോക്ടർമാർ പറഞ്ഞത് കൊണ്ടാണ്. അല്ലെങ്കിൽ എന്റെ ഒപ്പം വന്നേനെ “

അവൾ എഴുന്നേറ്റു കഴിച്ച പാത്രം കഴുകി വെച്ചു. അയ്യോ മോള് അത് അവിടെ വെച്ചേക്ക് എന്ന് മേരി പറഞ്ഞത് അവൾ അനുസരിച്ചില്ല

“ജെന്നിയുടെ പപ്പയെ കണ്ടില്ലല്ലോ?”അവൾ ജെന്നിയോട് ചോദിച്ചു

“പപ്പാ പള്ളിയിൽ പോയി “ജെന്നി പറഞ്ഞു. ജെന്നിക്ക് അവളെ കണ്ടിട്ട് മതിയാകുന്നില്ലായിരുന്നു

എന്ത് ഭംഗിയാണ് കാണാൻ? ഒരു സിനിമ നടിയെക്കാൾ സുന്ദരി

ഹരിയേട്ടൻ അഞ്ജലിയോട് സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു

ഒരു വാത്സല്യം ഉണ്ട്. തൊട്ടടുത്ത് നിന്നാണ് സംസാരിക്കുന്നത്. ശ്വാസം തട്ടുന്ന പോലെ അടുത്ത്

“അഞ്ജലിയെ നമ്മുടെ നാട് ഒന്ന് കാണിച്ചിട്ട് വരാം “

അവൻ യാത്ര പറഞ്ഞു. മേരി തലയാട്ടി

“പോട്ടെ അമ്മേ ” അവൾ ചോദിച്ചു

അവരുടെ ഉള്ള് നിറഞ്ഞു. അമ്മ ആ വിളിയൊച്ചയിൽ അവർ വെണ്ണ പോലെ അലിഞ്ഞു പോയി

“കണ്ട് പഠിക്ക്.. എത്ര എളിമ, വിനയം ” അവർ ജെന്നിയോട് പറഞ്ഞു

“അയ്യടാ ഞാൻ ഇങ്ങനെ ഒരു ചെറുക്കന്റെ വീട്ടിൽ പോകാൻ സമ്മതിക്കുമോ? അന്തസായി കല്യാണമാലോചിച്ചു വന്നിട്ട് സമ്മതിച്ചില്ല “

“ഹരിയെ പോലെ ഒരു ചെറുക്കൻ ആണെങ്കിൽ ഞാൻ ഒന്നല്ല ഒമ്പത് വട്ടം സമ്മതിക്കും അല്ലെ അവളുടെ ഒരു ന്യായം “

മേരി അടുക്കളയിലേക്ക് പോയി

ഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു

“ഞാൻ കയറിയിട്ടില്ല. പതിയെ കൊണ്ട് പോണേ ” പിന്നിൽ കേറി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു

“ഞാൻ നോക്കിക്കൊള്ളാം. ധൈര്യമായി ഇരിക്ക് ” ജെന്നി അത് ജനാലയിലൂടെ കാണുന്നുണ്ടായിരുന്നു

ഇത് വരെ തങ്ങളെയല്ലാതെ ആരെയും ബൈക്കിൽ കയറ്റി കണ്ടിട്ടില്ല കക്ഷി. പൂച്ച കണ്ണുമടച്ചു പാല് കുടിക്കുന്ന പോലെ.

അഞ്‌ജലിയവനെ ചുറ്റി ചേർന്നിരിക്കുന്നു. ഹരി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. അഞ്ജലി ആ തലമുടിയിലൂടെ കൈ ഓടിച്ചു എന്തോ തമാശ പറയുന്നു

ജെന്നിക്ക് അത് കൺഫേം ആയി

പ്രണയം തന്നെ..

ഒളിപ്പിച്ചു വെച്ചു കള്ളൻ. പക്ഷെ ചോദിക്കാൻ പറ്റില്ല

തിരിച്ചു ചോദ്യം വരും..എന്നാലും അറിയണം

നകുലന്റെ വീട്ടിലേക്കാണ് അവർ ആദ്യം പോയത്

“ഇതാര് അഞ്‌ജലിയോ?എപ്പോ വന്നു?”

“വന്നേയുള്ളു…”അവൾ പറഞ്ഞു

“അച്ഛൻ വന്നിട്ടുണ്ടോ?”

“ഇല്ല അങ്കിൾ. ഞാൻ ഒറ്റയ്ക്ക് ആണ് ” അവൾ ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു

“എന്ത് ഭംഗിയുള്ള സ്ഥലമാണ്!

ചെമ്മൺ പാതകളാണ് കൂടുതലും ടാറിട്ടത് പ്രധാന റോഡ് മാത്രം പുഴയും കുന്നും… കാവും എല്ലാം എത്ര ഭംഗി!

“ഇഷ്ടമായോ സ്ഥലം ഒക്കെ “

“പിന്നേ എന്ത് രസാണ് പൊല്യൂഷൻ ഇല്ല.. നല്ല വായു “

“അതല്ലേ ഞങ്ങളിവിടെ വിട്ട് പോകാതെ ഇങ്ങനെ ഇവിടെ തന്നെ. അല്ലെ ഹരി?” ഹരി ചിരിച്ചതേയുള്ളു

“പോട്ടെ ഞങ്ങൾ?” അവൻ യാത്ര ചോദിച്ചു

ശിവ പാർവതിമാരെ പോലെ. അങ്ങനെയാണ് നകുലന് തോന്നിയത്. നല്ല ചേർച്ച.

അയാൾ ബാലുവിനെ വിളിച്ചു

“മോളും മരുമകനും വന്നിട്ട് പോയി ” ബാലചന്ദ്രൻ പൊട്ടിച്ചിരിച്ചു പോയി

“നിന്റെ ആഗ്രഹം സാധിച്ചല്ലോ സന്തോഷമയില്ലേ?”

“റിയലി ഹാപ്പി.. പക്ഷെ ആ കള്ളച്ചെക്കൻ എന്നോട് പറഞ്ഞിട്ടില്ല ട്ടോ. അവനെ ഞാൻ നോക്കിക്കോ “

“ഹരിയോ… ഹരി എന്നോട് പറഞ്ഞല്ലോ “

“എന്ത് പറഞ്ഞു”അയാൾ അത്ഭുതം കൂറി

“അവളെ സ്നേഹിക്കുന്നെന്ന്..എന്റെ പെണ്ണ് കൂടെയുണ്ടെങ്കിൽ ഞാൻ ഏത് യുദ്ധവും ജയിക്കുമെന്നൊക്ക പറഞ്ഞു “

“ശൊ ഇവൻ ഇതെന്താ എന്നോട് പറയാത്തത്?”

“ഒരു മടി കാണും പറയും.”

“പറഞ്ഞാലും ഇല്ലെങ്കിലും എനിക്ക് അറിയാമല്ലോ എല്ലാം. എനിക്ക് അറിയാം എന്ന് അവനും അറിയാം “

അവർ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ഫോൺ വെച്ചു

ഹരി ഓരോ സ്ഥലങ്ങൾ കാട്ടി കൊടുത്തു

അവൻ വളർന്ന വഴികൾ, പഠിച്ച സ്കൂൾ, കളിച്ചു നടന്ന ഇടങ്ങൾ, അവന്റെ ദേവി ക്ഷേത്രം

“വൈകുന്നേരം നമുക്ക് ദീപാരാധന തൊഴാൻ വരണം ” അഞ്ജലി പറഞ്ഞു

ഹരി ഒന്ന് മൂളി

ആൾക്കാർ പലരും ചോദിക്കുന്നുണ്ടായിരുന്നു. ഹരി അവർക്കൊക്കെ പരിചയപ്പെടുത്തി കൊടുത്തു. എല്ലാവരും പാവങ്ങൾ..നൻമ നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ

ഉച്ചക്ക് ക്ഷേത്രത്തിൽ നിന്ന് ചോറുണ്ടു..നിവേദ്യവും തൈരും മുളകും..

മതി “നല്ല സ്വാദ് ശ്രീ “

അഞ്ജലി അത് രുചിയോടെ കഴിച്ചു

“എന്റെ ഒത്തിരി നാളെത്തെ വിശപ്പ് മാറ്റിയ ഭക്ഷണം ആണ് ” അവൻ പറഞ്ഞു

ക്ഷേത്രത്തിൽ തിരുമേനി ഉച്ച പൂജ കഴിഞ്ഞു പോയി. അവർ ആന കൊട്ടിലിൽ ഇരുന്നു

“നല്ല തണുത്ത കാറ്റ്.. ദേ മാങ്ങാ വീണു ” അവൾ ഓടി ചെന്നു താഴെ വീണ മാങ്ങാ എടുത്തു

“പഴുത്തു. ഹും നല്ല മണം ” മൂക്കിൽ ചേർത്ത് വെച്ചു മണം ആസ്വദിച്ചു അവൾ

“ശ്രീക്ക് വേണോ?”

ഹരി അവളെയിങ്ങനെ നോക്കിയിരിക്കുകയായിരുന്നു..ഒരു ചെറിയ കുട്ടി..അത് പോലെയാണ് പ്രവർത്തികൾ

“മോള് കഴിച്ചോ ” അങ്ങനെ പറഞ്ഞെങ്കിലും മുക്കാലും കഴിച്ചിട്ട് ബാക്കി അവൾ ഹരിക്ക് കൊടുത്തു

അവൻ തന്നെ മുഖം തുടച്ചു കൊടുത്തു

“ടവൽ എടുത്തില്ല “

“സാരോല്ല ” അവൻ ആ മുടി ഒന്ന് ഒതുക്കി വെച്ചു

“ഹരികുട്ടാ ഇതാരാ? നീ കെട്ടാൻ പോകുന്ന പെണ്ണാ?” പൊന്നമ്മ ചേച്ചി

പണ്ട് തുണിയലക്കലായിരുന്നു തൊഴിൽ. ഇപ്പൊ വയസ്സായി. അമ്പലത്തിൽ തന്നെ മിക്കവാറും കിടപ്പ്

“അതേ ” ഹരി പറഞ്ഞു

“നല്ല ചേർച്ച… ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ..” അവർ കൈകൂപ്പി പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു

“മോള് ഞങ്ങളുടെ കൊച്ചനെ നല്ലോണം നോക്കുമോ? ഇട്ടേച്ച് പൊയ്ക്കളയരുത് കേട്ടോ “

അഞ്ജലി ഹരിയുടെ കൈകൾ ചേർത്ത് പിടിച്ചു

“നോക്കിക്കൊള്ളാം ട്ടോ “

“അത് മാത്രം മതി… പാവം ചെക്കനാ.”

അവൾ തലയാട്ടി

അവിടെ നിന്ന് ഇറങ്ങുമ്പോൾ വൈകുന്നേരം ആയി. വീട്ടിൽ വന്ന് കട്ടിലിലേക്ക് വീണു അഞ്ജലി

“കുറെ നടന്ന കാല് വേദനിക്കും “

“അയ്യടാ. അപ്പൊ മോള് ഡാൻസ് ചെയ്യുമ്പോൾ വേദനിക്കില്ലേ?’

അവൾ ഒരു കള്ളച്ചിരി ചിരിച്ചു

പിന്നെ കാൽ അവന്റെ മടിയിൽ കയറ്റി വെച്ചു

“തടവി താ ശ്രീ “

അവൻ മെല്ലെ അമർത്തി തടവി. അവൾ കണ്ണുകൾ അടച്ചു

“ഉറക്കം വരുന്നുണ്ടോ?”

അവൾ മൂളി

“എന്നാ കുറച്ചു ഉറങ്ങിക്കോ എനിക്ക് വേറെ കുറച്ചു ജോലിയുണ്ട് “

അവൾ അതിന് മറുപടി പറഞ്ഞില്ല. നല്ല ഒരു ഉറക്കത്തിലേക്ക് വീണു പോയി. ഉണർന്നപ്പോൾ നേരം ഇരുട്ടി. അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു

അടുക്കളയിൽ ശബ്ദം കേൾക്കുന്നുണ്ട്

“എന്നെയൊന്നു വിളിച്ചൂടാരുന്നോ?” അവൾ പിന്നിൽ ചെന്നു തോളിൽ മുഖം അമർത്തി

“ആ ഉറക്കം കണ്ടാൽ പാവം തോന്നും.. സാരമില്ല ക്ഷീണം മാറിയില്ലേ? ഇനി വല്ലതും കഴിക്കാം. കുറച്ചു കപ്പ പുഴുങ്ങിയത്, പുഴ മീൻ കറി വറുത്തത്… പിന്നെ കുറച്ചു ചോറും മോരും. ഇത്രേയുള്ളൂ എന്റെ കൊച്ചിന് തരാൻ “

അവൾ അവനെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം വെച്ചു

“എന്റെ ശ്രീ…. എന്നും എന്നെ ഇങ്ങനെ സ്നേഹിക്കില്ലേ?”

“പിന്നെ സ്നേഹിക്കാതെ?”

“നമുക്ക് മക്കൾ ഉണ്ടായി കഴിഞ്ഞും?”

“ഇത് പോലെ തന്നെ..”

അവൻ ആ നെറ്റിയിൽ ഉമ്മ വെച്ചു

“വാ കഴിക്കാം “

“വാരി തരുമോ?”

ഹരി പുഞ്ചിരിച്ചു

ഭക്ഷണം കഴിഞ്ഞു കിടക്കുമ്പോൾ അവന് ഒരു ഫോൺ വന്നു.

മാധവ് കാളിംഗ്..

അവന് പെട്ടെന്ന് ഓർമ വന്നു എ ആർ റഹ്മാൻ സാറിന്റെ സ്റ്റാഫ്‌. അവൻ കാൾ എടുത്തു

“ശ്രീഹരി?”

“അതേ “

“ഞാൻ മാധവ്. മനസ്സിലായോ?”

“ഞാൻ സേവ് ചെയ്തിരുന്നു ” ഹരി പറഞ്ഞു

“ഉടനെ മുംബൈലെത്താൻ പറ്റുമോ?”

ഹരി ഒരു നിമിഷം സൈലന്റ് ആയി

“എടോ ഒരു പാട്ട്… താൻ പാടുന്നു. സാറിന്റെ മ്യൂസിക്.. ഹിന്ദി സിനിമയാണ്. ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ അയച്ചു തരാം. മാക്സിമം ഒരാഴ്ച അതിനുള്ളിൽ വേഗം കേറി പോരണം.. ഇക്കുറി മിസ്സ് ആക്കരുത് “

“ഞാൻ ഞാൻ വിളിക്കാം..exited ആയി ” മാധവ് ചിരിച്ചു പോയി

“ശരി ശരി ഒക്കെ “

ഫോൺ വെച്ചിട്ട് അവൻ അവളെ നോക്കി. അവളിങ്ങനെ നോക്കുന്നുണ്ട്

“മാധവ്?”

“ഉം മുംബൈ എത്താൻ പറഞ്ഞു “

അവൾ അവനെ കെട്ടിപിടിച്ചു “എന്റെ ഈശ്വര….. പോകു ശ്രീ…”

“നീയ്… നീയില്ലാതെ പോവില്ല ” ഹരി പെട്ടെന്ന് പറഞ്ഞു

“എന്ത് ഭ്രാന്ത് ആണ് ശ്രീ? ഞാൻ എങ്ങനെ വരും?”

“അറിയില്ല.. പക്ഷെ നീയില്ലാതെ ഞാൻ പോവില്ല. എനിക്ക് നീ കൂടെ ഇല്ലാതെ ഇനി ഒന്നും വേണ്ട “

“ശ്രീ?”

“സത്യം..എനിക്ക് പിരിഞ്ഞിരിക്കാൻ വയ്യ അഞ്ജലി. പാടാൻ പോയ നിന്റെ ഓർമ വരും. വേദന വരും. ശരിയാവില്ല. നീ കൂടെ വേണം “

“ശ്രീ…?”

“നമുക്ക് കല്യാണം കഴിക്കാം ” അവൾ നിറകണ്ണുകളോടെ തലയാട്ടി

അവൻ ഫോൺ എടുത്തു. ബാലചന്ദ്രൻ ഫോൺ റിങ് ചെയ്യുന്നത് കണ്ട് അതെടുത്തു

ഹരി

“സാർ…”

“പറ ഹരി “

“സാർ…എനിക്ക് അഞ്ജലിയെ തരാമോ?”

വല്ലാത്ത ഒരു നിമിഷമായിരുന്നു അത്

ബാലചന്ദ്രൻ ഒരു നിമിഷം നിശബ്ദനായി

“എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നറിഞ്ഞൂട. പക്ഷെ സാർ നോക്കുന്ന പോലെയല്ലങ്കിലും ഞാൻ അഞ്ജലിയെ നോക്കും. സ്നേഹിക്കും. എന്നും ഒപ്പം കൂട്ടും. അതേ എനിക്ക് അറിയാവൂ.എനിക്ക് കല്യാണം കഴിച്ചു തരുമോ അഞ്ജലിയെ?”

“അഞ്ജലി ശ്രീഹരിയുടേതാണ്… പോരെ?” ശ്രീഹരിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി

“എങ്കിൽ നാളെയോ മറ്റന്നാളോ കല്യാണം നടത്താൻ പറ്റുമോ? ഒരു അത്യാവശ്യം ഉണ്ടാരുന്നു “

“അതെന്താ അത്ര അത്യാവശ്യം?”ബാലചന്ദ്രൻ ചിരിയോടെ ചോദിച്ചു

അവൻ വിവരങ്ങൾ ചുരുക്കി പറഞ്ഞു

“ആഹാ ഗുഡ് ന്യൂസ്‌ ആണല്ലോ ഹരി..”

“അതേ പക്ഷെ..ഒറ്റയ്ക്ക് പോകാൻ വയ്യ സാർ…”

“നോക്കട്ടെ ഹരി. നാളെയോ മറ്റന്നാളോ കല്യാണം നടത്തിയില്ലെങ്കിലും അവൾ നിന്റെ ഒപ്പം വരും “

“അമ്പലത്തിൽ വെച്ചു താലി കെട്ടിയാലും മതി..എന്നിട്ട് വന്നാൽ മതി.. സാർ ഒന്ന് നോക്കുമോ പ്ലീസ് “

അയാളുടെ മനസ്സ് നിറഞ്ഞു

അവന്റെ ഗ്രാമീണതയുടെ നൻമ ആണത്..പാവം.

“ശരി നോക്കട്ട് കേട്ടോ.” അയാൾ ഫോൺ വെച്ചു

ശ്രീ അവളെ നോക്കി

“കല്യാണമോ സൊ ഫാസ്റ്റ്..ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിൽ എന്താ ശ്രീ?
ഞാൻ കൂടെ വന്നാൽ പോരെ?”

“എനിക്ക് പൊതുവെ ഗോസിപ്പുകൾ ഇഷ്ടമല്ല. കുട്ടി ശ്രദ്ധിക്കു.ഞാൻ വലിയ പാട്ടുകാരൻ ആയി എന്ന് വെയ്ക്കുക. ഒരു ഓസ്കാർ ഒക്കെ കിട്ടി എന്ന് വെയ്ക്കുക. അന്ന് ഇവന്മാർ കുത്തിപ്പൊക്കും എന്നിവന്റ കൂടെ ഒരു പെണ്ണുണ്ടായിരുന്നു. അവൻ ഇങ്ങനെ ആണ് അങ്ങനെ ആണ്… അത് വേണ്ട “

“എന്റെ ദൈവമേ എവിടെ വരെ ചിന്തിച്ചു കൂട്ടി?”

“പിന്നെ വേണ്ടേ? നല്ലോണം ചിന്തിച്ചു പ്രവർത്തിച്ച നല്ലതല്ലേ?”

അവൾ ചിരിച്ചു പോയി

ഹരി ആ മൂക്കിൽ ഒന്ന് മൂക്കുരസി. അഞ്ജലിയുടെ നനവാർന്ന അധരങ്ങൾ ഒന്ന് വിടർന്നു

“ഞാവൽ പഴത്തിന്റെ മണം ചുണ്ടിന് ” അവൻ അടക്കി പറഞ്ഞു കൊണ്ട് ചുണ്ടുകൾ നുകർന്നു

അഞ്ജലി കണ്ണുകൾ ഇറുക്കിയടച്ച് അവനിലേക്ക് ചേർന്നു

“എനിക്ക് ഭ്രാന്ത് പിടിക്കുന്നഞ്ജലി ” അവന്റെ ഒച്ച ഒന്നിടറി

അഞ്ജലിയുടെ ഉടലിലേക്ക് അവന്റെയുടൽ അമർന്നു. അവന്റെ കൈകൾ അവളുടെ ഉടലിലേക്ക് ഭ്രാന്തമായി വഴുതിയിറങ്ങി.

ശ്രീ.. എന്നൊരു അമർത്തിയ വിളിയുയർന്നു

“തടയരുത്… പ്ലീസ് “ശ്രീ ആ മുഖത്ത് ചുംബിച്ചു. അഞ്ജലി പിന്നെയെതിർത്തില്ല.

നിമിഷങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു

രാത്രി എപ്പോഴോ ഹരിയുടെ മൊബൈൽ ശബ്ദിച്ചു. ആദ്യത്തെ തവണ അവൻ അത് കേട്ടില്ല. രണ്ടാമത്തെ തവണ അവൻ അതെടുത്തു നോക്കി

അനന്തു

ഇവൻ എന്താ ഈ നേരത്ത്

അഞ്ജലി നല്ല ഉറക്കം. അവൻ എഴുന്നേറ്റു. അവളെയുണർത്താതെ പതിയെ  ഓൺ ചെയ്തു

“ഹരിയേട്ടാ എന്തെങ്കിലും ചെയ്യ് വേഗം..ഇവിടെ സാർ അപകടത്തിലാ. ഇവര് സാറിനെ കൊ ല്ലും വേഗം വാ “

ഒരു നിലവിളി

ശ്രീഹരി ഞെട്ടിപ്പോയി

“എന്താ ശ്രീ?”അഞ്ജലിയുണർന്നു

“ഒന്നുല്ല. ഞാൻ ഇപ്പൊ വരാം “

ശ്രീഹരി വാതിൽ തുറന്നു വെളിയിൽ ഇറങ്ങി. അനന്തുവിന്റ കാൾ കട്ട്‌ ആയിരിക്കുന്നു. അവൻ വിളിച്ചു നോക്കി സ്വിച്ച് ഓഫ്‌ ആയി ഇപ്പൊ അത്

അവന്റെ ഉള്ളിൽ ഭീതി നിറഞ്ഞു

എന്തോ ഒരാപത്തു വരാൻ പോകുന്നു..

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു

ഒന്നും മനസിലാകാതെ അഞ്ജലി നടുങ്ങി നിന്നു

(തുടരും )