ശ്രീഹരി ~ അധ്യായം 9, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഹോസ്പിറ്റലിൽ ഹരിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. അവന് ഒരു മുറി എടുത്തു കൊടുത്തിട്ടുണ്ടായിരുന്നു. സന്ദർശകർ ഇല്ലാതെ വരുന്ന സമയം ഹരി അടുത്ത് ഉണ്ടാവും. ചിലപ്പോൾ പാട്ട് പാടി കൊടുക്കും ചിലപ്പോൾ പഴയ കഥകൾ അങ്ങനെ നേരം പോകും

ഹോസ്പിറ്റലിൽ അദ്ദേഹത്തെ സഹായിക്കാൻ ആൾക്കാർ തമ്മിൽ ഒരു മത്സരം പോലുമുണ്ടെന്  ഹരിക്ക് തോന്നി. അദ്ദേഹം ഒരു vip ആയത് കൊണ്ട് മാത്രം അല്ലായിരുന്നു അത്. അദ്ദേഹം സ്നേഹം ഉള്ള മനുഷ്യൻ ആയിരുന്നു. എല്ലാവരോടും സമഭാവനെ പെരുമാറുന്ന ഒരാൾ

സന്ദർശകരുടെ എണ്ണം കൂടുമ്പോൾ ഹരി ചിലപ്പോൾ ഇറങ്ങി പുറത്ത് നിൽക്കും

അങ്ങനെ നില്ക്കുകയായിരുന്നു അപ്പൊ അവൻ.

“ശ്രീ….”ഒരു നീണ്ട വിളിയൊച്ച..

അഞ്ജലിയാണ് അതെന്ന് നോക്കാതെ തന്നെ അവനു അറിയാം. അവൾ മാത്രം ആണ് ശ്രീ എന്ന് വിളിക്കുക

ശ്രീഹരി എന്ന് നീട്ടി വിളിച്ചു വരുമ്പോഴേക്കും നേരം വൈകും അവൾ പറയും

എല്ലാവരും ഹരീ എന്നാണ് വിളിക്കുക എന്നവൻ പറഞ്ഞു

അപ്പൊ പിന്നെ ഞാൻ അത് വിളിക്കുന്നില്ല. ശ്രീ മതി. അത് നല്ല ഐശ്വര്യമുള്ള പേരാണല്ലോ..എന്ന് അവൾ

എന്തെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞു അവൻ

“ശ്രീ വിസിറ്റർസ് കൂടുന്നുണ്ട്. ഒന്ന് ലിമിറ്റ് ചെയ്യാൻ നോക്കണേ. ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കില്ല..ശ്രീ പറഞ്ഞാ എന്തും ഓകെ ആണവിടെ. ഇയാൾ വല്ല കൂടോത്രം ചെയ്തിട്ടുണ്ടോന്ന് എനിക്ക് ബലമായ സംശയം ഉണ്ട് ട്ട “

ഹരി പുഞ്ചിരിച്ചതേയുള്ളു

സാർ പറയുന്നത് അഞ്ജലി പൊതുവെ മൗനി ആണെന്നാണ്

തനിക്ക് തോന്നിയിട്ടില്ല

പക്ഷെ തന്നോട് മാത്രമാണ് ഇങ്ങനെ കൂടുതൽ സംസാരിക്കുന്നത് എന്ന് തോന്നിട്ടുണ്ട്. അത് ഒരു പക്ഷെ സാർ പറഞ്ഞിട്ട് വന്ന ഒരു സൗഹൃദം ആവുമെന്ന് അവന് അറിയാം .

“ഞാൻ ഓഫീസിൽ പോവാ… ഇന്ന് മീറ്റിംഗ് ഉള്ള ദിവസമാണ്. ഈശ്വര!അച്ഛൻ വേഗം ശരിയായാൽ മതിയാരുന്നു. എന്ത് ബോർ ആണെന്നോ ഈ പണി “

അവൾ മുഷിപ്പോടെ പറഞ്ഞു

“ജോലി ചെയ്തു ജീവിക്കുന്നതല്ലേ സുഖം?” അവൻ ചോദിച്ചു

“അത് ഇഷ്ടം ഉള്ള ജോലിയാണെങ്കിലല്ലേ?”

“അഞ്ജലിക്ക് എന്താ ഇഷ്ടം?”

“ജോലിയിലോ?”

“ഉം ” അവൾ മെല്ലെ നഖം ഒന്ന് കടിച്ചു

“പറ “

“പറഞ്ഞാൽ കളിയാക്കും “

“ഇല്ലാന്ന്..പറ “

“നേഴ്സറി സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യാൻ വലിയ ഇഷ്ടാ.. കുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടം ആണ്.”

“ആഹ നല്ല ജോലിയാണല്ലോ. സാറിനോട് പറഞ്ഞാൽ ഒരു സ്കൂൾ തുടങ്ങി തരും പിന്നെ എന്താ?”

അവൾ ചിരിച്ചു

ഹരി വെറുതെ അവളെ അടിമുടി ഒന്ന് നോക്കി

തീരെ നിറം ഇല്ലാത്ത ഒരു ചുരിദാർ ആണ് അവൾ അണിഞ്ഞിരുന്നത്

നെറ്റിയിൽ ഒരു പൊട്ടോ കണ്ണെഴുത്തോ ഇല്ല.മുടി വെറുതെ ക്ലിപ്പ് ഇട്ടിരിക്കുന്നു

“അഞ്‌ജലി…?”

അവൾ എന്താ എന്നുള്ള ഭാവത്തിൽ നോക്കി

“ഓഫീസിൽ പോകുമ്പോൾ കുറച്ചു കൂടി നന്നായി പൊയ്ക്കൂടേ.. നല്ല സ്റ്റൈൽ ആയിട്ട്?”

അവളുടെ മുഖത്ത് ഒരു വിഷാദം വന്നു നിറഞ്ഞ പോലെ

“അയ്യോ സോറി ട്ടോ. ഞാൻ വെറുതെ പറഞ്ഞതാ.. എനിക്ക് പൊതുവെ പെൺകുട്ടികൾ ഒരുങ്ങി നടക്കുന്നത് വലിയ ഇഷ്ടാ. എന്റെ വീടിനടുത്ത് രണ്ടു പേര് ഉണ്ട്. എന്റെ കൂടെ പിറന്നില്ല എന്നേയുള്ളു. സ്വന്തം തന്നെ. അതിൽ ഇളയവൾ ജെന്നി. അവൾ പത്താം ക്ലാസ്സിൽ പോകുന്ന വരെ ഞാനായിരുന്നു മുടി ചീകി രണ്ടായിട്ട് മെടഞ്ഞിട്ട്, കണ്ണെഴുതി,പോട്ട് തൊടീച് സ്കൂളിൽ വിടാറ്. എനിക്ക് അനിയത്തി ഇല്ലല്ലോ. അതോണ്ടാ..”

അവൾക്ക് അത് കൗതുകം ആയി

“ആഹാ കൊള്ളാല്ലോ..”

“ദൈവം നമുക്ക് തന്നത് നമ്മൾ നന്നായി നോക്കേണ്ടേ? ആരോഗ്യവും സൗന്ദര്യവുമെല്ലാം?”

“അപ്പൊ ഞാൻ സുന്ദരി ആണെന്നാണ് ശ്രീ പറയുന്നത്?” അവൾ കുസൃതിയിൽ ചോദിച്ചു

“അത്രയ്ക്ക് ഒന്നുല്ല. ആവറേജ് ആണ് ” അവൻ തിരിച്ചടിച്ചു

അവൾ പൊട്ടിച്ചിരിച്ചു പോയി

“ആള് കൊള്ളാല്ലോ. ഇങ്ങേരുടെ നാട്ടിൽ നല്ല സുന്ദരി പെൺപിള്ളേർ ഉണ്ടാവും അല്ലെ?”

“ഇഷ്ടം പോലെ…. നാട്ടിൻപുറമല്ലേ? ഈ പ്ലാസ്റ്റിക് സൗന്ദര്യം അല്ലല്ലോ അവിടെ?”അവൻ കണ്ണിറുക്കി

“ഈശ്വര ദേ ഞാൻ ഒന്ന് തരും ട്ടോ. ഞാൻ അതിന് ഒന്നും ചെയ്തിട്ടില്ലല്ലോ എന്റെ മുഖത്ത്?”

“എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ആയേനെ.. ചെറുതായി ഒന്ന് കണ്ണെഴുതി, ഒരു കൊച്ച് പൊട്ട് വെച്ച്,ഈ മുടി ഒക്കെ വൃത്തി ആയിട്ട് ചീകി,വല്ലപ്പോഴും എങ്കിലും ഒന്ന് കുളിച്ച്. അങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ….”

കയ്യിൽ ഇരുന്ന ബാഗ് വെച്ച് ഒരടി കൊടുത്തു അഞ്ജലി

“ഞാൻ ദിവസവും കുളിക്കും “അവൾ കുറുമ്പൊടെ പറഞ്ഞു

“എനിക്ക് വിശ്വാസമില്ല. എപ്പോ നോക്കിയാലും ഉറക്കത്തിൽ നിന്ന് എണീറ്റു വന്നപോലെ…”അടുത്ത അടിയിൽ നിന്ന് അവൻ നിമിഷം കൊണ്ട് ഒഴിഞ്ഞു മാറി.

“അയ്യോ സമയം പോയി. അപ്പൊ അച്ഛനോട് ഞാൻ പോയി എന്ന് പറഞ്ഞേക്ക്.. വിസിറ്റർസ് ലിമിറ്റ്… പ്ലീസ് “അവൾ വാച്ചിൽ നോക്കി

“ഏറ്റു ” അവൻ തലകുലുക്കി

അവൾ ഒന്ന് നടക്കാൻ തുടങ്ങിയിട്ട് തിരിച്ചു വന്നു

“ഞാൻ ദിവസവും കുളിക്കും കേട്ടോടാ കുരങ്ങാ. കുറച്ചു സൗന്ദര്യം ഉണ്ടെന്ന് വെച്ച് അഹങ്കരിക്കല്ലേ.. ബാക്കി വൈകുന്നേരം ഞാൻ വന്നിട്ട് “

ശ്രീഹരി പൊട്ടിച്ചിരിച്ചു പോയി

ചിരിച്ചു ചിരിച്ചു അവന്റ കണ്ണിൽ നിന്ന് വെള്ളം വന്നു

“സാർ വിളിക്കുന്നു ” നഴ്സ് വന്നു പറഞ്ഞപ്പോൾ അവൻ അകത്തേക്ക് ചെന്നു

അപ്പോഴേക്കും സന്ദർശകർ ഒക്കെ ഒഴിഞ്ഞു. ഹരിയുടെ മുഖത്ത് ബാക്കി നിന്ന ചിരിയിലേക്ക് ബാലചന്ദ്രൻ സൂക്ഷിച്ചു നോക്കി

“എന്താ വലിയ സന്തോഷം? ” ഹരി പെട്ടെന്ന് നോർമൽ ആയി

“ഹേയ് ഒന്നുല്ല “

“അഞ്ജലി വന്നില്ലേ?”

“വന്നു. അപ്പൊ ഇവിടെ നിറഞ്ഞ ആൾക്കൂട്ടം കണ്ടു പേടിച്ചു പോയതാ ” അവൻ ചിരിച്ചു

“വന്നിട്ട് പോയോ?”

“ആം. പോയി എന്ന് പറഞ്ഞേക്കാൻ പറഞ്ഞു ഏതോ മീറ്റിംഗ് ഉണ്ടത്രേ ” അയാൾ ഒന്ന് മൂളി

“സാർ.. ഒറ്റ കാര്യം “

“പറ “

“നമുക്ക് വേഗം വീട്ടിൽ പോണ്ടേ?”

“വേണം “അയാൾക്ക് ഒന്നും മനസിലായില്ല

” ഇങ്ങനെ ആണേ ഉടനെ നമ്മൾ പോവുമെന്ന് തോന്നുന്നില്ല “

“അതെന്താ?”

“അല്ല ദിവസവും ഇങ്ങനെ നുറു കണക്കിന് പേര് വരുമ്പോൾ, അവരിൽ ആർക്കെങ്കിലും വൈറൽ ഫീവർ പോലെ വല്ല അസുഖം ഉണ്ടെങ്കിൽ, അത് സാറിന് പകർന്നാൽ… പിന്നേം നമ്മൾ ഇവിടെ തന്നെ “

ബാലചന്ദ്രൻ ഉറക്കെയുറക്കെ പൊട്ടി ചിരിച്ചു

“you are so tricky “

“ഏറെക്കുറെ “

ഹരി കണ്ണിറുക്കി

“നീ ഇവിടെ വന്നിരിക്കു “

അയാൾ കസേര അടുത്തേക്ക് വലിച്ചിട്ട് പറഞ്ഞു. ഹരി ഇരുന്നു

“നിനക്ക് ബോർ ആകുന്നുണ്ടോ ഇവിടെ?”

“ഇല്ല എന്ന് പറഞ്ഞാൽ നുണയാകും. ആശുപത്രിയല്ലേ? മടുപ്പ് തോന്നും. ചുറ്റും അത്ര സന്തോഷം ഉള്ള കാര്യങ്ങൾ അല്ലല്ലോ കാണുന്നത്? വീട്ടിൽ പോയ കുറച്ചു കൂടി സന്തോഷം ആവും കാരണം അത് വീടാണല്ലോ. സാറിന്റെ ഫിസിയോ വീട്ടിൽ ഇരുന്നു ചെയ്യാമല്ലോ. same ആൾക്കാർ വീട്ടിൽ വരില്ലേ?”

അയാൾ ഒരു നിമിഷം ആലോചിച്ചു അവൻ പറയുന്നതിൽ കാര്യം ഉണ്ട്

“വീട്ടിൽ നമ്മൾ നിൽക്കുമ്പോഴേ ഏത് അസുഖവും പെട്ടെന്ന് സുഖമാകും. അതൊരു മാജിക്കാ. വീടിന്റെ മാജിക് “

“വീട്ടിൽ പോയ നീ തിരിച്ചു പോവില്ലേ?” അയാൾ വാടിയ മുഖത്തോടെ ചോദിച്ചു

“അത് ശരി അപ്പൊ അതിനാണോ ഇവിടെ കിടക്കുന്നത്?” ഹരി ചിരിച്ചു പോയി

“അല്ലടാ.. എന്നാലും?”

“സാർ ഓഫീസിൽ പോയി തുടങ്ങുന്നതിന്റെ അന്നേ ഞാൻ പോവു. അതായത് സാർ എണീറ്റു നടന്നു തുടങ്ങുന്ന അന്ന്.”

“പ്രോമിസ്?”

“പ്രോമിസ്. അപ്പോഴേക്കും എന്റെ പശുവും ആടും കോഴിയുമൊക്കെ കാലഹരണപ്പെട്ടു പോകാതെ ഇരുന്നാ മതിയാരുന്നു..” അവൻ മുകളിലേക്ക് കണ്ണുയർത്തി

“നിന്റെ തോമസ് ചേട്ടൻ നോക്കില്ലേ അതൊക്കെ?”

“ഞാൻ വെറുതെ പറഞ്ഞതാ അവർ നോക്കിക്കൊള്ളും.അതിനി എത്ര നാളാണെങ്കിൽ കൂടി “

“നീ ഭാഗ്യവാനാ ഹരി.സ്നേഹിക്കാൻ എത്ര പേരാ?’ അയാൾ അവന്റെ ശിരസിൽ തലോടി

“കൊടുത്തിട്ടാ… സ്നേഹം ഒരു പാട് കൊടുത്താ മാത്രേ കിട്ടു…”

“ശര്യാ…”

അയാൾ ദീർഘ നിശ്വാസത്തോടെ പറഞ്ഞു

“അഞ്ജലി ഇപ്പൊ കുറെ മാറി. ഞാൻ ഇപ്പോഴാ അവളോട് ഇത്രയും സംസാരിക്കുന്നത് തന്നെ “

ഹരി കേട്ട് കൊണ്ട് ഇരുന്നതേയുള്ളു

“എനിക്ക് എപ്പോഴും തിരക്കായിരുന്നു. പിള്ളേരോട് മിണ്ടാൻ പോലും സമയം ഇല്ല.മൂത്തവർ രണ്ടും ഇവളെക്കാൾ കുറച്ചു കൂടി പ്രായം ഉണ്ട്. അഞ്ജലി വൈകിയ ഉണ്ടായേ… മൂത്ത മക്കളുടെ കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു എന്റെ ഭാര്യ പോയി. അപ്പൊ അഞ്ജലി പത്തിലാ. പെട്ടെന്ന് അവൾ ഒറ്റയ്ക്കായി. ഇപ്പൊ ആലോചിച്ചു നോക്കുമ്പോൾ ഞാൻ എന്ത് വലിയ തെറ്റാ എന്റെ മോളോട് ചെയ്തേ എന്ന് തോന്നും കുറെ വേലക്കാരും എന്റെ മോളും തനിയെ വീട്ടിൽ.”

“അതൊന്നും ഇനി ആലോചിക്കേണ്ട സാർ.. ഭൂതകാലത്തിൽ ജീവിക്കുന്നത് ഈ മനുഷ്യൻ മാത്രേയുള്ളു. വർത്തമാനകാലം എത്ര സുഖം ഉള്ളതാണെങ്കിലും മനുഷ്യൻ പറയും അഞ്ചു വർഷം മുന്നേ എനിക്ക് ഒരു അപകടം പറ്റി, അല്ലെങ്കിൽ രണ്ടു വർഷം മുന്നേ എന്റെ അച്ഛൻ മരിച്ചു. അതെന്തിനാ എന്നാ എനിക്ക് മനസിലാകാത്തത്? ഇപ്പൊ എന്താ എന്ന് നോക്കിയാൽ പോരെ?, ഇപ്പൊ ഉള്ള കുറവ് നികത്തി അങ്ങ് ജീവിച്ചാൽ പോരെ? അതിന് പകരം അന്ത കാലത്ത് ഞാൻ ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഇരുന്നിട്ട് വല്ല കാര്യോം ഉണ്ടോ?”

ബാലചന്ദ്രൻ അതിശയത്തിൽ അവനെ നോക്കിയിരുന്നു പോയി

“നീ കൊള്ളാലോ മോനെ?”

അയാൾ നിറഞ്ഞ ചിരിയോടെ പറഞ്ഞു

“പിന്നേ ശ്രീഹരി എന്നാ സുമ്മാവാ?’ഹരി കോളർ ഒന്ന് പിടിച്ചുയർത്തി

ബാലചന്ദ്രൻ പൊട്ടിച്ചിരിച്ചു

(തുടരും )