ഇങ്ങനെ പോയാൽ ഇനി ഗണേശിൻ്റെ പുല്ലാങ്കുഴൽ കേൾക്കാതെ എനിക്ക് ഉറക്കം വരില്ല എന്ന അവസ്ഥ വരും…

സിന്ധു ഒരു ഫെയ്ക്കല്ല….

Story written by Suresh Menon

====================

ബാൽക്കണിയിലിരുന്ന് ഗണേശ് ആകാശത്തേക്ക് നോക്കി. നല്ല പൂർണ്ണ ചന്ദ്രൻ, ചുറ്റും താലം പിടിച്ച് നക്ഷത്രങ്ങൾ….മേലാപ്പ് വിരിച്ചു കൊണ്ട് പഞ്ഞിക്കീറുകൾ…

എന്ത് രസമാണ് കാണാൻ. കുറച്ച് നേരം നോക്കിയിരുന്നു. പൊടുന്നനെ ഒരാശയം മനസ്സിൽ ഉദിച്ചു. ഗണേശ് മൊബൈൽ ക്യാമറയിലൂടെ ആ മനോഹരമായ ദൃശ്യം പകർത്തി. ഇത് FB യിൽ പോസ്റ്റ് ചെയ്യാം. കൂടെ ഒരു നാലു വരി സ്റ്റാറ്റസ് ആയി എഴുതാം

എഫ് ബി തുറന്നു….

ആദ്യം ഫോട്ടൊ അപ് ലോഡ് ചെയ്യാം. പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. ഒരു ഫ്രണ്ട് റിക്വസ്റ്റ്.

സുശീല പോറ്റി…

ഇതാരാണപ്പാ ഈ സുശീല പോറ്റി…തനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ. കാണാൻ കൊള്ളാം. ഒരു നല്ല സുന്ദരി. ഇടതൂർന്ന മുടി. നെറ്റിയിൽ ഒരു വലിയ കുങ്കുമപൊട്ട്. കഴുത്തിൽ നല്ലൊരു മാല. ഒരു കുലസ്ത്രീ ലുക്കുണ്ട്.

സുശീല പോറ്റിയുടെ പ്രൊഫൈലിലേക്കൊന്ന് കയറി. ആകെ മുന്നൂറ്  ഫ്രണ്ട്സെയുള്ളു. പുതിയതായി FB യിൽ കയറിയതാണെന്ന് തോന്നുന്നു.

‘ഇഷ്ടപെട്ട വിഷയങ്ങൾ…ചിത്രരചന വായന സംഗീതം ഫുട്ബോൾ…

ഹോ തൻ്റെ പോലെ തന്നെ…

മ്യൂച്ചൽ ഫ്രണ്ട്സ് രണ്ടു മൂന്ന് പേരുണ്ട്

സുശീല പോറ്റിയുടെ സ്റ്റാറ്റസ് കളൊക്കെ ഒന്നു നോക്കി. സാമൂഹിക പ്രതിബന്ധതയുള്ള ഒന്നു രണ്ട് വിഷയങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒന്നു രണ്ടു കൊച്ചു കവിതകൾ.

ഇനി വല്ല ആക്റ്റിവിസ്റ്റുമാണൊ…?

എന്തായാലും ഇന്ന് ആക്സപ്റ്റ് ചെയ്യേണ്ട. നാളെ നോക്കാം.

“അതേയ് ഉറങ്ങാറായില്ലെ ഗണേശേട്ടാ”

അടുക്കളയിലെ പണി കഴിഞ്ഞ് സിന്ധു ബാൽക്കണിയിലേക്ക് വന്നു:

”ന്നാ ഉറങ്ങാം..മോള് ഉറങ്ങിയൊ “

“ഊം”

“അവൾക്ക് നേരിയ ഒരു പനിപോലെ”

“ഡോക്ടറെ കാണിക്കണൊ”

“അത്രയ്ക്കുള്ളതില്ല. എന്തായാലും നാളെ നോക്കാം “

സിന്ധുവും ഗണേശും ബെഡ് റൂമിലേക്ക് നടന്നു

****************

രാവിലെ കുളി കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ഗണേശ് വീണ്ടും ശ്രദ്ധിച്ചു. സുശീല പോറ്റിയുടെ ഫ്രണ്ട് റിക്വസ്റ്റ് തൻ്റെ അപ്രൂവലിനായി കാത്ത് കെട്ടിക്കിടക്കുന്നു. ഗണേശ് കൂടുതൽ ചിന്തിച്ചില്ല. ആറിക്വസ്റ്റ്  സ്വീകരിച്ചു. അങ്ങിനെ സുശീല പോറ്റി ഗണേശിൻ്റെ സുഹൃത്തായി

“അതേയ് സൺഡേ സ്പെഷ്യൽ ഉച്ചക്ക് ന്താ വേണ്ടത് “

അടുക്കളയിൽ നിന്ന് വന്ന സിന്ധു ഗണേശിൻ്റെ അടുത്തിരുന്നു ചോദിച്ചു

“നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കൊ, നീ എന്ത് തന്നാലും ഞാൻ കഴിച്ചോളാം”

”ഞാൻ വിഷം തന്നാലും കഴിക്കുമൊ”

സിന്ധു ഗണേശിനോട് ഒന്നൂടെ ചേർന്നിരുന്ന് മെല്ലെ ചോദിച്ചു

ഗണേശ് സിന്ധുവിൻ്റെ അരക്കെട്ടിലൂടെ കയ്യിട്ട് ആകവിളിൽ ചുണ്ടുകൾ കൊണ്ടുരുമ്മി

“ന്നാ പ്പൊ അങ്ങിനെ വിഷം കഴിക്കണ്ടാട്ടൊ ” ഗണേശിനെ തള്ളി മാറ്റി കൊണ്ട് സിന്ധു അടുക്കളയിലേക്ക് പോയി

ബെഡ് റൂമിൽ തലയണിപ്പുറത്ത് ചാരിയിരുന്നു കൊണ്ട് ഗണേശ് പത്രപാരായണം തുടങ്ങി. പെട്ടെന്നാണ് മൊബൈലിൽ മെസ്സേജ് വന്ന ബീപ്പ് ശബ്ദം കേട്ടത്. ഗണേശ് മൊബൈലിൽ നോക്കി: മെസഞ്ചറിൽ ഒരു സന്ദേശം സുശീല പോറ്റിയുടേതാണ്.

“എന്നെ ഒരു സുഹൃത്തായി സ്വീകരിച്ചതിന് നന്ദി”

ഗണേശ് ഒന്നു ശങ്കിച്ചു. മറുപടി കൊടുക്കണൊ. കൊടുത്തില്ലെങ്കിൽ മോശമല്ലെ,.

“ഹായ്” കൂടെ ഒരു സ്മൈലിയും.

“ഹായ് ഗണേശ് സുഖമല്ലെ “

“സുഖം”

“ഗണേശ് മനോഹരമായി ചിത്രം വരക്കും അല്ലെ, ഞാൻ കണ്ടു എഫ് ബി യിൽ. അഭിനന്ദനങ്ങൾ “

“നന്ദി. അത്ര വലിയൊരു ചിത്രകാരനൊന്നുമല്ല. പിന്നെ അതിനോടൊരു വല്ലാത്ത താൽപര്യമുണ്ട് “

“ഞാനും ചെറുതായിട്ടൊക്കെ വരക്കും ട്ടൊ. കോളേജിൽ പഠിക്കുമ്പോ ഒരു ആർട്ട് എക്സിബിഷനിലെല്ലാം പങ്കെടുത്തിട്ടുണ്ട് “

“ഹൊ ഗ്രേറ്റ്  അഭിനന്ദനങ്ങൾ “

“താങ്ക് യു “

“ഗണേശിൻ്റെ വൈഫ് എന്ത് ചെയ്യുന്നു. എത്ര കുട്ടികളാ ഗണേശിന് “

ഗണേശ് തൻ്റെ വിവരങ്ങൾ കൈമാറി.

“സുശീലയുടെ വിവരങ്ങൾ ഒന്നും പറഞ്ഞില്ല “

“എന്നെക്കുറിച്ച്  പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല. ഐ ആം എ ഡൈവോഴ്സി. ഞങ്ങൾക്കിടയിൽ വല്ലാത്ത ഒരു പൊരുത്തക്കേട് പോലെ. അത് കൊണ്ട് രണ്ടു പേരും സന്തോഷത്തോടെ പിരിഞ്ഞു. ഞങ്ങളിപ്പോൾ നല്ല സുഹൃത്തുക്കളാണ്”

ഗണേശ് ഒന്നും മിണ്ടിയില്ല.

“ഗണേശ് ഞാൻ പിന്നെ വരാം. ആരോ കാളിംഗ് ബൽ അടിക്കുന്നു”

വൈകുന്നേരം മുററത്ത് ഉലാത്തി കൊണ്ടിരുന്നപ്പോഴാണ് വീണ്ടും മെസ്സേജ് ടോൺ വന്നത്. അതെ സുശീല പോറ്റി, ഗണേശ് അകത്തേക്ക് നോക്കി, സിന്ധു ഇവിടെ അടുത്തെങ്ങാനുമുണ്ടൊ.

“സിന്ധു നീ എവിടെയാ “

“ഞാൻ സോഫയിൽ കിടക്കുകയാ ഗണേശേട്ടാ  ചെറിയൊരുതലവേദന “

“ന്തേ കാപ്പി വേണോ “

“ഏയ് ഒന്നും വേണ്ട നീ കിടന്നൊ ചുമ്മാ ചോദിച്ചതാ”

ഗണേശ് മൊബൈൽ കയ്യിലെടുത്തു.

“ഹായ് ഗണേശ് എന്ത് ചെയ്യുവാ ” സുശീലയുടെ മെസ്സേജ്

“ഞാൻ…ഞാൻ മുററത്ത് അങ്ങനെ ചുമ്മാ നടക്കുന്നു”

“ഞാനും വരട്ടെ എന്നെ കൂടെ കൂട്ടുമൊ” ഗണേശ് ഒന്നും മിണ്ടിയില്ല

“എന്താ വൈഫ് അടുത്തുണ്ടൊ. വൈഫിനെ പേടിയാണെന്ന് തോന്നുന്നു ഹ ഹ ഹ “

“ഏയ് അങ്ങിനെയൊന്നുമില്ല”

”ഞാൻ ചുമ്മാ പറഞ്ഞാ താട്ടൊ …

“അത് പോട്ടെ ഗണേശ് ഫ്ലൂട്ട് വായിക്കുമൊ ”

”അയ്യോ അതെങ്ങിനെ അറിഞ്ഞു “

“അതൊക്കെ ഞാൻ കണ്ടു പിടിച്ചു ഗണേശിൻ്റെ പ്രൊഫൈലിൽ കയറി ഞാനങ്ങ് നിരങ്ങി ”

“ഞാൻ അത്ര നന്നായിയൊന്നും വായിക്കില്ല. ഇപ്പഴും ഒരു സ്റ്റുഡൻ്റ് ആണ്”

“എനിക്കിഷ്ടമായി. എനിക്ക് വേണ്ടി ഒന്ന് വായിക്കാമൊ”

”അയ്യൊ ഇപ്പഴൊ “

“ദേ വീണ്ടും ഭാര്യയെ പേടി…ഹ ഹ ഹ “

“പേടിയൊന്നുമല്ല അവളൊരു പാവം പക്കാ ഹൗസ് വൈഫാ, ചിലപ്പൊ ഇതൊന്നും ഇഷ്ടപെട്ടു എന്ന് വരില്ല “

”ശരി ന്നാ വേണ്ട”

“അതല്ല ഞാൻ വായിച്ച് റിക്കോർഡ് ചെയ്ത് അയച്ചു തരാം”

”ന്നാൽ ഗണേശ് ഒരു പണി ചെയ്യാം രാത്രി ഉറങ്ങുന്നതിന് മുൻപ് ഞാൻ വരാം. ഗണേശിൻ്റെ ഫ്ലൂട്ട് വായനയും കേട്ട് അങ്ങിനെയങ്ങ് ഉറങ്ങാം “

“ശരി” ഗണേശ് മനസ്സില്ലാ മനസ്സോടെ പറഞ്ഞു

അത്താഴം കഴിഞ്ഞ് പതിവ് പോലെ ഗണേശ് ബാൽക്കണിയിൽ ചെന്നിരുന്നു. തൻ്റെ പുല്ലാങ്കുഴൽ എടുത്ത് മെല്ലെ ഒന്ന് ഊതി, മൊബൈലിൽ അത് റിക്കോർഡ് ചെയ്തു. ഒരാവർത്തി കേട്ടു. തരക്കേടില്ല. സുശീലക്ക് അയച്ചുകൊടുത്തു

പ്രതീക്ഷിച്ച പോലെ തന്നെ ഏതാനും നിമിഷങ്ങൾക്കകം സുശീലയുടെ മറുപടി വന്നു

“ഹോ ഗണേശ് സൊ ഹാപ്പി. നന്നായി വായിച്ചുട്ടൊ  മൈഹഗ്സ് റ്റു യു….ന്നാലും ന്നെ മറന്നില്ലല്ലൊ.’

“താങ്ക് യു “

“ഇങ്ങനെ പോയാൽ ഇനി ഗണേശിൻ്റെ പുല്ലാങ്കുഴൽ കേൾക്കാതെ എനിക്ക് ഉറക്കം വരില്ല എന്ന അവസ്ഥ വരും “

“ഉറങ്ങാറായില്ലെ” ഗണേശ് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു

“ഇല്ല കിടക്കുന്നു….ഇനിയിപ്പൊ ഗണേശൻ്റെ പുല്ലാങ്കുഴൽ ഉണ്ട്  ഇന്നെനിക്ക് കൂട്ടിന് “

“ശരി എന്നാൽ അത് കേട്ട് ഉറങ്ങിക്കോളു. നാളെ കാണാം “

“കാണണം നാളെയെനിക്ക് ഗണേശിനോട് ഒരു കാര്യം പറയാനുണ്ട് “

ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

സുശീല ഓഫ് ലൈനായി.

“ന്താണ് ബാൽക്കണിയിലിരുന്നൊരു പുല്ലാങ്കുഴൽ കച്ചേരി ” ഒരു പാത്രത്തിൽ അരിഞ്ഞു വെച്ച ആപ്പിളുമായി സിന്ധു ഗണേശിൻ്റെ അടുത്തെത്തി.

“ഏയ് ചുമ്മാ…. മോള് ഉറങ്ങിയൊ”?

“ഊം അവള് കിടന്നു “

ബെഡ് റും ലാംപിൻ്റെ അരണ്ട വെളിച്ചത്തിൽ ഗണേശ് കണ്ണടച്ചു കിടന്നു

”ന്നെന്താ ഗണേശേട്ടാ വികൃതിയൊന്നും കാണിക്കാത്തെ ” സിന്ധു ഗണേശിനോട് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു

“ഏയ് ഒന്നുമില്ല നിനക്ക് തലവേദനയല്ലെ…ഇന്ന് നമുക്ക് വേഗം ഉറങ്ങാം “

“ഗണേശേട്ടാ ഞാൻ ഒന്നു ചോദിച്ചോട്ടെ. ഇന്ന് ഗണേശേട്ടന് എന്താ  മൊത്തം ഒരു താളം തെറ്റല് പോലെ….എന്ത് പറ്റി, ഓഫീസിൽ എന്തെങ്കിലും പ്രശ്നമുണ്ടൊ”

“ഏയ് ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ”

“ഗണേശേട്ടാ. എന്തുണ്ടെങ്കിലും എന്നോട് പറയണം വിഷമിക്കരുത്”

“ഏയ് ഒന്നുമില്ല”

പറയാൻ പറ്റാത്ത എന്തോ ഒന്ന് വായുവിൽ വട്ടംചുഴിഞ്ഞ് പടർന്നപ്പോൾ ഗണേശും സിന്ധുവും കണ്ണുകൾ അടച്ചു

******************

“ഹായ് ഗണേശേട്ടാ ഞാൻ അടിപൊളിയായില്ലെ …. “

ഉടുത്തൊരുങ്ങി ഗണേശിൻ്റെ മുന്നിലെത്തിയ സിന്ധു ചോദിച്ചു

“വൊ….ഇന്ന് നീ തന്നെയായിരിക്കും ലേഡി ഓഫ് ദ ഡേ”

“ചുമ്മാ ആക്കല്ലെ വനിതാ വിഭാഗത്തിൻ്റെ ഫസ്റ്റ് ആനിവേഴ്സറിയല്ലെ…സിന്ധു ഗണേശ് മോശമാകരുതല്ലൊ”

“മോളെ കൊണ്ടു പോകുന്നുണ്ടൊ “

“പിന്നെ അവൾ വനിതയല്ലെ “

സിന്ധു ഗണേശിനോട് ചേർന്ന് നിന്നു

“ഗണേശേട്ടാ പോകുന്നതിന് മുൻപ് ഒരുമ്മ തന്നെ “

“ഇപ്പഴൊ “

“ഊം ,പരസ്യങ്ങളിൽ ഒക്കെ കണ്ടിട്ടില്ലെ, എക്സ്ട്രപവർ….ഇതെനിക്കൊരു എക്സ്ട്രാ പവർ തരും “

ഗണേശ് സിന്ധുവിനെ തന്നോട് ചേർത്ത് നിർത്തി ആ കവിളിൽ ഒരുമ്മ നൽകി,
യാത്ര പറഞ്ഞ് മകളെയും കൂട്ടി സിന്ധു ഇറങ്ങി

പതിവ് പോലെ ഗണേശ് ബാൽക്കണിയിൽ ഇരുന്ന് ചിന്തയിലാണ്ടു. ചിന്തക്ക് അധിക സമയം വേണ്ടി വന്നില്ല, ഇൻബോക്സിൽ ബീപ്പ് സൗണ്ട് വന്നു. ഗണേശ്  മൊബൈലിലേക്ക് നോക്കി. അതെ സുശീല പോറ്റി

ഹായ്

ഹായ്

“എന്ത് ചെയ്യുന്നു “

“ബാൽക്കണിയിൽ ഇരുന്നു. നക്ഷത്രങ്ങളെയെണ്ണുന്നു”

ഗണേശ് മറുപടി അയച്ചു

“നക്ഷത്രങ്ങളുടെ രാജകുമാരൻ അല്ലെ “

“ഇന്നലെയെന്തൊ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞിരുന്നല്ലൊ “

ഗണേശ് തൻ്റെ മറുപടിയിൽ എഴുതി ചോദിച്ചു

“ഊം പറയാം എൻ്റെ ജീവിതവുമായി ബന്ധപെട്ടതാണ് “

“അത്രയും വലിയ കാര്യമാണെങ്കി എന്നെ വിളിച്ചൂടെ ഞാനെൻ്റെ നമ്പർ തരാം”

”ഇപ്പൊ വേണ്ട ഗണേശ്…ഞാൻ പറയാം  വിളിച്ചുതുടങ്ങിയാൽ പിന്നെ  നിത്യം വിളിക്കാൻ തോന്നും…പിന്നെ അത്…. ”

”സുശീല യുടെ ഇഷ്ടം പോലെ “

“സത്യത്തിൽ ഞാൻ ഈ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് തന്നെ ഗണേശന് എൻ്റെ  അലക്സുമായുള്ള സാദൃശ്യം കണ്ടാണ് “

“അലക് സൊ”

”പഠിക്കുന്ന കാലത്ത് എൻ്റെ എല്ലാമായിരുന്നു അലക്സ്. വീട്ടുകാരിൽ നിന്ന് ഒരു പാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷെ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ഗണേശ്. അത് മാത്രമല്ല ഒരു ആക്സിഡൻ്റിൽ അലക്സിനെഷ്ടപ്പെട്ടപ്പോൾ എൻ്റെ സമനില തെറ്റി “

“വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ വിവാഹിതയാകുന്നത്. പക്ഷെ എനിക്ക് ഒരു തരത്തിലും പൊരുത്തപെടാൻ കഴിഞ്ഞില്ല ഗണേശ് “

”ഞാൻ അലക്സിൻ്റെ ഫോട്ടോ അയച്ചുതരാം.. ഗണേശിനെ പോലെയിരിക്കും. എൻ്റെ അലക്സിനെയാണ് ഞാൻ കാണുന്നത് ഗണേശിലൂടെ “

“എനിക്ക് തന്നെ അറിഞ്ഞൂട ചില സമയത്ത് ഓടി ഗണേശിൻ്റെ അടുത്ത് എത്താൻ തോന്നും….എൻ്റെ യാണ് എന്നൊരു തോന്നൽ “

കുറച്ചു നേരത്തേക്ക് ഗണേശ് മറുപടിയൊന്നും അയച്ചില്ല

“ഗണേശിന് ഞാൻ പറഞ്ഞത് ഇഷ്ടമായില്ല എന്നുണ്ടൊ “

“ഏയ് അങ്ങിനെയൊന്നുമില്ല”

“യു വോൺ ട് ബിലീവ് അലക്സ മനോഹരമായി ചിത്രം വരക്കുമായിരുന്നു. ഗണേശിനെപ്പോലെ “

‘അലക്സ് ൻ്റ ഫോട്ടോ കയ്യിലുണ്ടൊ എനിക്കൊന്ന് കാണാനാ  .”

ഗണേശ് ഒരു മെസ്സേജ് മറുപടിയായി അയച്ചു

“ഞാൻ അയച്ചുതരാം. കണ്ടാൽ ഗണേശിന് വിശ്വസിക്കാൻ പ്രയാസം തോന്നും. തെറ്റാണെങ്കിൽ ക്ഷമിക്കണം. ഞാനിപ്പൊ എൻ്റെ അലക്സിനെ ഗണേശനിലൂടെ കാണുന്നു “

“സുശീല എന്താ ഉദ്ദേശിക്കുന്നെ”

“എങ്ങിനെ പറയണമെന്നെനിക്കറിഞ്ഞുട.but I am afraid….ഐം ആം ഇൻ ലവ് വിത്ത് യു “

ഗണേശിൻ്റെ വിരൽ തുമ്പുകൾ ഒന്ന് വിറച്ചു, എങ്കിലും മനസ്സാന്നിദ്ധ്യം വിടാതെ
ഗണേശ് എഴുതി

“സുശീല ഐ ആം സോറി. എന്നെ ഒരിക്കലും അങ്ങിനെ കാണരുത്…എന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ എനിക്കുണ്ട്. സിന്ധു. അതിനപ്പുറത്ത്  മറ്റൊരു സ്ത്രീയെക്കുറിച്ച് എനിക്ക് ചിന്തിക്കാനെ കഴിയില്ല. ഒരു നല്ല സുഹൃത്ത്. കൂടുതലൊന്നുമില്ല. എന്നെ അങ്ങനെ മാത്രം കണ്ടാൽ മതി”

മെസ്സേജയച്ച ഗണേശ് കുറച്ചു നേരം കണ്ണടച്ചിരുന്നു. ബീപ്പ് സൗണ്ട് കേട്ടപ്പോൾ വീണ്ടും മൊബൈലിലേക്ക് നോക്കി, സുശീലയുടെ മെസ്സേജ്

”ഐ ആം സോറി. ഗണേശ്  ഞാനങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു. ഞാൻ നാളെ വരാം. ഇന്ന് ഞാൻ ഗണേശിൻ്റെ മൂഡ് സ്പോയിൽ ചെയ്തു, നാളെ കാണാം ബൈ “

സുശീല ഓഫ് ലൈനായി

****************

സിന്ധു കിടന്നെങ്കിലും ഗണേശ് കുറച്ച് നേരം കൂടി ബാൽക്കണിയിൽ കണ്ണടച്ചിരുന്നു’ പതിയെ എഴുന്നേറ്റ് ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ചു. ബെഡ് റൂമിൽ വന്നു കണ്ണടച്ച് കിടന്നു.

സിന്ധു പതിയെ തൻ്റെ മാറിൽ തല വെച്ച് കിടക്കുന്നത് ഗണേശ് അറിഞ്ഞു. ഒരു ചെറിയ തേങ്ങലിൻ്റെ സ്വരം ചെവിയിൽ വന്ന് തട്ടിയപ്പൊൾ ഗണേശിൻ്റെ നെറ്റി ചുളിഞ്ഞു. പതിയെ സിന്ധുവിൻ്റെ മുഖം പിടിച്ചുയർത്തി…

“ഹേയ് എന്തു പറ്റി…എന്തിനാ കരയുന്നെ”

അപ്രതീക്ഷിതമായിരുന്നു സിന്ധുവിൻ്റെ പ്രതികരണം. ഗണേശിൻ്റെ  കഴുത്തിലൂടെ കയ്യിട്ട് മുറുക്കെ പിടിച്ച്‌ അവൾ ഗണേശിൻ്റെ കവിളിൽ തെരുതെരാ ഉമ്മവെച്ചു

“ഐം ആം സോറി ഗണേശേട്ടാ .ഐ ആം സോറി “

ഗണേശ് ഒന്നും മനസ്സിലാകാത്തത് പോലെ സിന്ധുവിനെ നോക്കി

“ഞാൻ ഒരു കാര്യം പറഞ്ഞാ എന്നോട് ദേഷ്യപെടുമൊ”

കണ്ണ് തുടച്ചു കൊണ്ട് സിന്ധു വീണ്ടും ചോദിച്ചു

“നീ കാര്യം പറ പെണ്ണെ”

”രേശ്മയാണ് എനിക്കി ബുദ്ധി ഉപദേശിച്ചു തന്നെ….അവൾ അങ്ങനെ ചെയ്തപ്പോൾ പല സുഹൃത്തുക്കളുടെയും തനിനിറം പിടി കിട്ടിയത്രെ “

“ഏയ് സിന്ധു യു ആർ ബീറ്റിങ്ങ് എ റൗണ്ട് ദ ബുഷ്. നീ കാര്യത്തിലേക്ക് വാ”

സിന്ധു ഒന്നു പരുങ്ങി…പിന്നെ പതിയെ പതിയെ ഗണേശിനോട് ചേർന്നിരുന്ന് മന്ത്രിച്ചു

“ഗണേശേട്ടന് മെസഞ്ചർ ഇൻബോക്സിൽ മെസ്സേജ് അയക്കാറില്ലെ. ഒരു സുശീല പോറ്റി…അത് അത്…..ഞാൻ പറയട്ടെ……

“ഊം പറ”

“എന്നോട് ദേഷ്യപ്പെടരുത്”

” ഇല്ലെടി നീ കാര്യം പറ”

“അത് ഞാൻ ഉണ്ടാക്കിയ ഒരു…ഒരു…ഫേക്ക് ഐ ഡിയാണ്….രേശ്മ പറഞ്ഞിട്ടാ ഞാനത് ചെയ്തത്. സോറി ഗണേശേട്ടാ…. “

“സാരമില്ല പോട്ടെ. ഞാൻ രേശ്മയെ ഒന്ന് കാണട്ടെ. അവൾക്ക് ഞാൻ രണ്ടെണ്ണം കൊടുക്കുന്നുണ്ട് “

“ഗണേശേട്ടൻ എഴുതിയ ആവരികൾ വായിച്ച് ഞാൻ ഒരു പാട് കരഞ്ഞു. സിന്ധുവിനപ്പുറത്ത് മറ്റൊരു സ്ത്രീയെക്കുറിച്ച് എനിക്ക് ചിന്തിക്കാനെ കഴിയില്ല…ഞാൻ ഗണേശേട്ടനോട് അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു. സോറി

“സാരമില്ല പോട്ടെ…” സിന്ധുവിനെ ആശ്വസിപ്പിച്ചു,

സിന്ധു കൊച്ചു കുട്ടിയെ പോലെ കണ്ണു തുടച്ച് ആ മാറിൽ തല വെച്ച് കിടന്നു.

********************

”ഹ ഹ ഹ ഹ….അവളുടെ ഒരു സോറി പറച്ചിൽ ഒന്ന് കാണേണ്ടതായിരുന്നു “

ഹൈപ്പർ മാർക്കറ്റിനുള്ളിലെ ഗീതീകരിച്ച പി വി ആർ തിയേറ്ററിലിരുന്ന് രേശ്മയുടെ കൈവിരലുകൾ തൻ്റെ കൈക്കുള്ളിലാക്കി ഗണേശ് കുലുങ്ങിച്ചിരിച്ചു….

“ഹൊ ഭാര്യയുടെ മുന്നിൽ ഒരു മാതൃകാ ഭർത്താവ് ” രേശ്മ ഗണേശിൻ്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു

“എന്തായാലും ഇനി ഭാര്യക്ക് ഭർത്താവിൻ്റെ മേൽ ഒരു സംശയവും ഇല്ല. ഗ്രൗണ്ട് ക്ലിയറായി…..”

“അതേയ് ഇതൊക്കെ തക്കസമയത്ത് പറഞ്ഞു തന്നതിനെ എനിക്ക് എന്താ തരുന്നെ”

“നിനക്കൊ ദാ പ്പൊ തന്നെ തന്നേക്കാം”

ചോദ്യം കേട്ട ഗണേശ് രേശ്മയെ തന്നിലേക്കടുപ്പിച്ചു…മെല്ലെ ചുറ്റും നോക്കി. ആരുമില്ല. ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു……….

*****************

കുറച്ച്  വർഷങ്ങൾക്ക് ശേഷം ഷെപ്പേർഡ് ഓൾഡ് എയ്ജ് ഹോമിൻ്റെ മുന്നിൽ ഒരു  വലിയ കാർ വന്നു നിന്നു…

അതിൽ നിന്ന് പുറത്തേക്കിറങ്ങി  ഡോക്ടർ നന്ദിത ഗണേശ് കൂടെ നന്ദിതയുടെ അമ്മ സിന്ധു…

ഒരു വലിയ കണ്ണടയും മുടിയിൽ അവിടവിടെയായി കൊച്ചു വെള്ളി നരകളുമായി സിന്ധു കാറിന് പുറത്തേക്കിറങ്ങിയപ്പോൾ ആ മുഖത്ത് വല്ലാത്തൊരു  ഗൗരവം നിഴലിച്ചിരുന്നു……

റിസപ്ഷനിലെത്തിയപ്പോൾ നന്ദിത കൗണ്ടറിൽ ഇരിക്കുന്ന സ്ത്രീയോട് പറഞ്ഞു

“ഞങ്ങൾക്ക് ഗണേശിനെ ഒന്നു കാണണം.”

“ഇരിക്കു”

ഏതാനും നിമിഷങ്ങൾക്കകം മെല്ലെ മെല്ലെ നടന്ന് ഗണേശ് അവരുടെ മുന്നിലെത്തി…മുഖത്തെ ചുളിവുകളും മുക്കാലും നരകയറിയ മുടിയും മീശയുമായി  ഗണേശ് റിസപ്ഷനിലെത്തിയപ്പോൾ ആ മുഖം വല്ലാതെ ക്ഷീണിച്ചിരുന്നു

“അച്ഛാ ഞാൻ …..”

നന്ദിത ഓടി ചെന്ന് ഗണേശിൻ്റെ കൈ പിടിച്ചു. ഗണേശിൻ്റെ മുഖത്ത് നോക്കാതെ സിന്ധു കസേരയിൽ തന്നെയിരുന്നു

“അച്ഛാ ഞാൻ വന്നത്, നാളെ എൻ്റെ കല്യാണമാണ്…അച്ഛന് ദക്ഷിണ തന്ന് അനുഗ്രഹംമേടിക്കാൻ വന്നതാ “

നന്ദിത ഗണേശിൻ്റെ പാദങ്ങളിൽ തൊട്ട് നമസ്ക്കരിച്ചു. വിറയാർന്ന കൈകളാൽ ആ തലയിൽ തലോടി ഗണേശ് മന്ത്രിച്ചു

“നല്ലത് വരും മോൾക്ക് “

കുറച്ച് നേരം മൗനം മൂവരുടെയും ഇടയിൽ ഇടം പിടിച്ചു

“അച്ഛാ….അച്ഛന് വീട്ടിലേക്ക് വന്നൂടെ…..ഞാൻ അമ്മയോട് പറയാം”

ഗണേശ് ഒന്നും മിണ്ടിയില്ല….പിന്നെ പതിയെ ആ ചുണ്ടുകൾ മന്ത്രിച്ചു…..

“അച്ഛന് അതിനുള്ള യോഗ്യതയില്ല മോളെ ” കൂടുതലൊന്നും പറയാതെ വേച്ച് വേച്ച് ഗണേശ്  അകത്തേക്ക് നടന്നു….

കാറിൽ കയറുന്നതിന് മുമ്പായി നന്ദിത ഒരിക്കൽ കൂടി സിന്ധുവിനോടായി ചോദിച്ചു

“അമ്മെ അച്ഛനെ തിരിച്ചുവിളിച്ചൂടെ….”

സിന്ധു കാറിൻ്റെ ഡോറിൽ പിടിച്ചു കൊണ്ട് നന്ദിതയുടെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി

“നിൻ്റെ  അച്ഛൻ ഒരു പക്കാ ഫെയ്ക്കായിരുന്നു. അതറിഞ്ഞ ആ നിമിഷം ഞാനിറക്കിവിട്ടതാണാ മനുഷ്യനെ….എൻ്റെ മനസ്സിൽ ഞാനൊരു ശിക്ഷ വിധിച്ചിട്ടുണ്ട്. അതിൻ്റെ കാലാവധി തീരുമ്പോൾ ഞാൻ തന്നെ നിൻ്റെയച്ഛനെ കൂട്ടിക്കൊണ്ട് വരും. നീ വണ്ടിയെടുക്ക് “

അവരെയും കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ ഒരു കൊച്ചുമുറിയിലെ ജനലഴികളിൽ വിറയാർന്ന കൈവിരലുകളാൽ അള്ളി പിടിച്ച് ഒരു മനുഷ്യൻ അവരെയും നോക്കി നിൽപ്പുണ്ടായിരുന്നു….കർട്ടൻ പതിയെ നീക്കി….

അവസാനിച്ചു