ഇനിയൊരു ജന്മം നിനക്കായ്…
എഴുത്ത്: ശിവ എസ് നായർ
=====================
അപ്രതീക്ഷിതമായിട്ടാണ് പല്ലവിയെ ഗുരുവായൂരിൽ വച്ചു കാണാനിടയായത്.
അവളും എന്നെ കണ്ടു.അറിയാതെ തന്നെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
മോളുടെ ചോറൂണിന് ഗുരുവായൂരിൽ വന്നതായിരുന്നു അഖിലേഷ്.അപ്പോഴാണ് അവിടെ വച്ച് ആകസ്മികമായി ഒരു സമയം തന്റെ എല്ലാമായിരുന്ന പല്ലവിയെ കണ്ടു മുട്ടിയത്.
മോളെയും കയ്യിലെടുത്തു ഞാൻ അവൾക്കരികിലേക്ക് നടന്നു. ഒരു നിമിഷം എന്റെ മനസ്സ് ഏഴു വർഷം പിന്നിലേക്ക് സഞ്ചരിച്ചു.
അന്ന് പല്ലവിക്ക് വയസ്സ് പതിനെട്ട്. എനിക്ക് ഇരുപത്തിമൂന്നും. മാട്രിമോണിയൽ സൈറ്റിൽ കൂടിയാണ് ആലപ്പുഴയിൽ ഉള്ള അവളും വയനാട് താമസിക്കുന്ന ഞാനും പരിചയപ്പെടുന്നത്.
പല്ലവി ഡിഗ്രി പഠിക്കുന്നു. ഞാൻ ആർമിയിലും.വെറുതെ ഒരു കൗതുകം കൊണ്ടായിരുന്നു ഞങ്ങൾ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തത്. അത് ഞങ്ങളുടെ കണ്ടുമുട്ടലിനും പിന്നെ പ്രണയത്തിലേക്കും വഴിയൊരുക്കി.
എവിടെയോ ഉള്ള ഞങ്ങൾ പരസ്പരം കാണാതെ തന്നെ മനസ്സ് കൊണ്ട് ഒരുപാട് അടുത്തു. ജീവനേക്കാളേറെ സ്നേഹിച്ചു. ലീവിന് നാട്ടിൽ വരുമ്പോൾ അവളെ കാണാനായി പോകുമായിരുന്നു. പോകുമ്പോൾ ഒരുപാട് സമ്മാനങ്ങൾ, പുസ്തകങ്ങൾ ഒക്കെ ഞാൻ അവൾക്കായി കരുതി.
രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞാൻ എന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു. അവർക്ക് വല്യ താല്പര്യം തോന്നിയില്ലെങ്കിലും എന്റെ ഇഷ്ടം പോലെ നടന്നോട്ടെ എന്ന് പറഞ്ഞു.
പിന്നീട് അവളുടെ അമ്മയെ വിളിച്ചു ഞാൻ തന്നെ മകളെ ഇഷ്ടമാണെന്ന് അറിയിച്ചു. അവളുടെ പഠനം കഴിഞ്ഞിട്ട് കല്യാണം കഴിപ്പിച്ചു തരാം എന്ന് തീരുമാനമായി. അതുവരെ ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധം വേണ്ടെന്നും അവൾ ഇപ്പോൾ പഠിക്കട്ടെ ബാക്കി വിധി പോലെ വരട്ടെ എന്നായിരുന്നു അവളുടെ അമ്മയുടെ മറുപടി. ഒരുപാട് ആഗ്രഹിച്ചിട്ട് കിട്ടിയില്ലെങ്കിൽ രണ്ടുപേർക്കും അത് വല്യ വിഷമം ആയിരിക്കും അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത് എന്ന് അമ്മ പറഞ്ഞു.
ലീവ് വരുമ്പോൾ ഞാൻ അവളെ കണ്ടു മടങ്ങുമായിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടു. ഞങ്ങൾക്ക് ജനിക്കുന്ന മോൾക്ക് ഇടാൻ പേരൊക്കെ കണ്ടു വച്ചു.
പക്ഷെ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ഞങ്ങൾക്ക് പിരിയേണ്ടി വന്നു. അവളുടെ ഇരുപത്തിഒന്നാം പിറന്നാളിന് സമ്മാനമായി ഒരു താലി ഞാൻ അവളെ അണിയിച്ചു. അന്നാണ് അവളെ അവസാനമായി കണ്ടതും. മൂന്നു വർഷം സ്നേഹിച്ച പെണ്ണിനെ അമ്പലത്തിൽ കൊണ്ട് പോയി ദൈവത്തിന്റെ മുന്നിൽ വച്ചു ഒരു ഉറപ്പിനു വേണ്ടി താലി കെട്ടി സ്വന്തമാക്കി അത് പക്ഷെ പിരിയാൻ ആയിരുന്നു എന്ന് അറിയാൻ വൈകിപ്പോയി. ശരീരം കൊണ്ടും മനസ്സ് കൊണ്ടും അവൾ എന്റെ മാത്രം ആയി മാറി. ഈശ്വരനു മുന്നിൽ ഞങ്ങൾ ഭാര്യ ഭർത്താവ് ആയിരുന്നു. പക്ഷെ വിധി ഞങ്ങളെ അകറ്റി.
ഫാമിലി പ്രോബ്ലം കാരണം മറ്റൊരാളുമായി അവളുടെ വിവാഹം നടന്നു. രാഹുൽ എന്ന ചെറുപ്പക്കാരൻ പല്ലവിയുടെ ജീവിതത്തിലേക്കു വന്നു. അവളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എന്റെ നാട്ടിലേക്കായിരുന്നു. എന്നിട്ടും അവളെ ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല. ആ സമയം ലീവ് കഴിഞ്ഞു ഞാൻ തിരികെ പോയിരുന്നു. എല്ലാം വൈകി ആണ് അറിഞ്ഞത്. അതിനു ശേഷം ഞാൻ അവളെ കണ്ടില്ല…
നാളുകൾക്കു ശേഷം ശ്രീദേവി എന്ന പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
നാട്ടിൽ വരുമ്പോൾ സുഹൃത്തുക്കൾ വഴി അവളുടെ വിവരങ്ങൾ അറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഭർത്താവുമായി പിണങ്ങി പിരിഞ്ഞു കുറെ നാൾ അവൾ സ്വന്തം വീട്ടിൽ ആയിരുന്നു എന്നും കുറെ നാൾ കഴിഞ്ഞു ഒത്തു തീർപ്പായി തിരികെ വന്നു എന്നും രണ്ട് കൊല്ലം മുൻപ് നാട്ടിൽ വന്നപ്പോൾ ഞാൻ അറിഞ്ഞു. അവനോടൊപ്പം അവൾ സന്തോഷമായി കഴിയുകയാണെന്ന് ഞാൻ വിശ്വസിച്ചു.
അവളുടെ ഓർമ്മകൾ ഉള്ളിൽ കിടന്നത് കൊണ്ട് ഭാര്യയുമായി പൊരുത്തപ്പെടാനും മോൾ ഉണ്ടാവാനും കുറച്ചു വൈകി.
മോളുടെ ചോറൂണ് ഗുരുവായൂർ വച്ചു നടത്തണം എന്നത് എന്റെയും പല്ലവിയുടെയും ആഗ്രഹം ആയിരുന്നു. അത് നടന്നില്ല….എങ്കിലും ഞാൻ എന്റെ മോളെ ചോറൂണ് ഇവിടെ മതിയെന്ന് തീരുമാനിച്ചു.
ദൈവ നിയോഗം പോലെ ഈ ദിവസം അവളെ ഇവിടെ വച്ചു കണ്ടുമുട്ടുമെന്നു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല….
എന്റെ കയ്യിലിരുന്ന മോളെ അവൾ കൈനീട്ടി വാങ്ങി.
“മോളെ പേരെന്താ ഏട്ടാ?? ” പല്ലവി അഖിലേഷിനോട് ചോദിച്ചു.
“അവിക “
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
“നമ്മുടെ മോൾക്ക് കണ്ടു വച്ച പേരല്ലേ ഏട്ടാ… അപ്പൊ ഏട്ടൻ എന്നെ മറന്നില്ല അല്ലെ…?? “
“അങ്ങനെ പെട്ടന്ന് മറന്നു കളയാൻ പറ്റോ പല്ലവി എനിക്ക് നിന്നെ … നമ്മുടെ ബന്ധത്തിന്റെ ആഴം എത്രത്തോളം ഉണ്ടായിരുന്നു എന്ന് നിനക്കറിയുന്നതല്ലേ… ഞാൻ മരിക്കും വരെ എന്റെ ഉള്ളിൽ നീ ഉണ്ടാവും… “
“അഖിലേഷേട്ടൻ സന്തോഷായി ഇരിക്കുന്ന കണ്ടാൽ മതി എനിക്ക്… “
“പിന്നെ വേറെന്താ വിശേഷം. ഒറ്റയ്ക്കാണോ ഗുരുവായൂർ വന്നത്…?? ഭർത്താവ് കുട്ടികൾ ഒക്കെ എവിടെ സുഖല്ലേ എല്ലാർക്കും … “
“ഭർത്താവിന് സുഖമാണ്…. കുട്ടികൾ ആയിട്ടില്ല… “
അവളുടെ മറുപടി എന്നെ ഞെട്ടിച്ചു.
“അതെന്താ..? എന്തെങ്കിലും പ്രോബ്ലം…?? “
“മനസ്സും ശരീരവും പണ്ടേ ഞാൻ ഏട്ടന് തന്നതല്ലേ. അതിന് വേറൊരു അവകാശി ഇല്ല… അന്ന് എന്റെ കഴുത്തിൽ കെട്ടിയ താലി ഇപ്പോഴും ഒരു ഓർമയായി ഞാൻ കഴുത്തിൽ അണിഞ്ഞിട്ടുണ്ട്. നടന്നതൊന്നും മറന്നു മറ്റൊരു ജീവിതത്തെ സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയി…. “
അവളുടെ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി.
“അപ്പൊ ഭർത്താവ്….?? നിങ്ങൾ തമ്മിൽ പിണങ്ങി നീ നാട്ടിൽ പോയതും പിന്നെ ഒത്തുതീർപ്പായെന്നൊക്കെ കേട്ടിരുന്നു ഞാൻ… “
“അതൊക്കെ ശെരിയായിരുന്നു. ഹസ്ബൻഡ് പോലീസിൽ ആണ്. വിവാഹത്തിന് മുൻപ് തന്നെ അദ്ദേഹത്തോട് കാലുപിടിച്ചു ഞാൻ പറഞ്ഞതാ. പിന്മാറണം എന്ന് . ഈ ജന്മം നിങ്ങളുടെ സ്ഥാനത്തു അദ്ദേഹത്തെ കാണാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. എല്ലാം വെറുതെ ആയി.
ഞങ്ങളുടെ വിവാഹം നടന്നു. അതിന്റെ ദേഷ്യത്തിൽ പിണങ്ങി വീട്ടിൽ പോയി ഞാൻ. അദ്ദേഹം വന്നു കാലുപിടിച്ചു തിരികെ വരാൻ. മറ്റുള്ളവരുടെ മുന്നിൽ ഭാര്യ ആയിട്ട് ഉണ്ടായ മാത്രം മതി വേറൊന്നും വേണ്ട എന്ന് പറഞ്ഞു. എന്നെപോലെ ഒരു ഫ്ലാഷ് ബാക്ക് അദ്ദേഹത്തിനുമുണ്ടായിരുന്നു. മരിച്ചു പോയ അവളുടെ ഓർമ്മയിൽ ജീവിക്കാൻ ആണ് അദ്ദേഹത്തിന്റെ ഇഷ്ടം. വീട്ടുകാരെ നിർബന്ധം കൊണ്ടാണ് അദ്ദേഹം എന്നെ പെണ്ണുകാണാൻ വന്നത് എന്റെ കഥ കേട്ടപ്പോൾ എന്നെക്കാൾ ചേർന്ന മറ്റൊരു ബന്ധം കിട്ടില്ലെന്ന് തോന്നി. അതുകൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറാത്തത്. അദ്ദേഹം അദ്ദേഹത്തിന്റേതായ ലോകത്ത് ജീവിക്കുന്നു. ഞാൻ എന്റെ ലോകത്തും. ഞാൻ പിണങ്ങി പോയപ്പോൾ അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാവില്ല എന്നറിഞ്ഞിട്ടാണ് പോയത് എന്ന് പറഞ്ഞു എല്ലാരോടും. എല്ലാം അറിഞ്ഞു ഞാൻ ക്ഷമിച്ചു അദ്ദേഹത്തോടൊപ്പം നിൽക്കുകയാണെന്ന് കരുതി അവരുടെ വീട്ടുകാരും നല്ല സ്നേഹത്തിലാണ്. എല്ലാം കൊണ്ടും ഞാൻ സന്തോഷമായി ജീവിക്കുകയാണ്. ഈ ലൈഫിൽ ഞാൻ തൃപ്തയാണ്….ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുമ്പോൾ ഇവിടെ വരും… “
“എന്തിനാ പല്ലവി ഇങ്ങനെ… എത്ര നാൾ നിങ്ങൾ ഇങ്ങനെ ജീവിക്കും. ഒരു കുഞ്ഞൊക്കെ ഉണ്ടെങ്കിൽ അല്ലെ ജീവിതം പൂർണമാകൂ…”
“നല്ല രണ്ട് സുഹൃത്തുക്കളെ പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്ന് ഈ ജന്മം കരകയറാൻ ഞങ്ങൾക്ക് കഴിയില്ല. ഇങ്ങനെ മുന്നോട്ട് ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം…. “
അവളുടെ ഈ ജീവിതം ഉൾകൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല.
കുറച്ചു സമയം കൊണ്ട് തന്നെ അവികമോൾ പല്ലവിയുമായി അടുത്തു.
അവളോട് എന്താ പറയുക എന്ന് എനിക്കറിയില്ലായിരുന്നു.
“അടുത്ത ആഴ്ച ഞാൻ തിരിച്ചു പോകും. പിന്നെ അടുത്ത വർഷമേ ലീവിന് വരു. ഈ വർഷത്തെ ലീവ് കഴിഞ്ഞു… പോകും മുന്നേ ഒരിക്കൽ കൂടെ കാണാൻ പറ്റോ… “
“കാണാം… “
അവളുടെ ഫോൺ നമ്പർ ഞാൻ എന്റെ ഫോണിൽ സേവ് ആക്കി.
“ഇടക്ക് ഞാൻ വിളിക്കാം…. ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ…. “
“ഇല്ല ഏട്ടാ… ഏട്ടന് എപ്പോ വേണോ എന്നെ വിളിക്കാം. പിന്നെ ലീവ് വരുമ്പോൾ ഇടയ്ക്ക് മോളെ ഒന്ന് കൊണ്ട് കാണിക്കണേ… ഇവളെ വല്ലാതെയെനിക്ക് ഇഷ്ടപ്പെട്ടു…. “
“കൊണ്ടുവരാം… ” മറുപടി പറയുമ്പോൾ എന്റെ തൊണ്ട ഇടറിയിരുന്നു.
അപ്പോഴേക്കും അഖിലേഷിന്റെ ഭാര്യ അവിടേക്കു വന്നു. അഖിലേഷ് പല്ലവിയെ ഭാര്യ ശ്രീദേവിക്ക് പരിചയപ്പെടുത്തി കൊടുത്തു.
“എന്നാ ഞാൻ വരട്ടെ വീണ്ടും കാണാം… ” പല്ലവി യാത്ര ചോദിക്കും പോലെ പറഞ്ഞു.
അവളോട് കുറേനേരം കൂടെ സംസാരിക്കാൻ ഉള്ളു തുടിച്ചു. എങ്കിലും അവൾക്കു യാത്രാനുമതി നൽകി.
അവളുടെ കയ്യിൽ നിന്നും മോളെ വാങ്ങുമ്പോൾ അവൾ ഉറക്കെ കരഞ്ഞു.
അവികമോളുടെ കുഞ്ഞു കൈകൾ പല്ലവിയുടെ കഴുത്തിലെ താലിയിൽ കൊരുത്തി പിടിച്ചു വലിച്ചു. ഒരുവിധം മോളെ ഞാൻ പല്ലവിയുടെ കൈകളിൽ നിന്നും അടർത്തിയെടുത്തു.
കരഞ്ഞു കലങ്ങിയ കണ്ണുകൾ സാരിത്തുമ്പ് കൊണ്ട് തുടച്ചു അവൾ ആൾക്കൂട്ടത്തിൽ മറഞ്ഞു.
അവികമോൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.
നീല പട്ടുടുത്ത സാരി ആയിരുന്നു അവളുടെ വേഷം. കണ്ണിൽ നിന്നും മറയും വരെ നിറകണ്ണുകളോടെ അവളെ തന്നെ നോക്കി നിന്നു ഞാൻ.
“പോകാം… ” ഭാര്യ ചുമലിൽ തട്ടി വിളിച്ചു.
മോളെയും കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ നെഞ്ചു പൊട്ടുന്ന വേദന ഉണ്ടായിരുന്നു ഉള്ളിൽ.
ചില ഇഷ്ടങ്ങൾ അങ്ങനെയാണ് മരിക്കും വരെ അതുപോലെ ഉണ്ടാവും ഉള്ളിൽ.
അവളെ നഷ്ടപ്പെട്ടപ്പോഴാണ് ഞാൻ അവളെ എത്ര ഇഷ്ടപ്പെട്ടിരുന്നു എന്ന് അറിയുന്നത്. ആ വേദന ഇപ്പൊ അവളെ കണ്ടു കഴിഞ്ഞ ശേഷം കുറച്ചും കൂടെ കൂടിയതല്ലാതെ കുറഞ്ഞില്ല.
മടങ്ങും മുന്നേ ഗുരുവായൂരപ്പന്റെ മുന്നിൽ കരഞ്ഞു പ്രാർഥിച്ചത് അവൾക്ക് നല്ലൊരു കുടുംബം ഉണ്ടാവണേ എന്ന് മാത്രമായിരുന്നു.
പല്ലവിയുടെ ഈ ജീവിതം എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ അവൾ ഒരു കുടുംബമായി കഴിയുന്നത് കാണാൻ മറ്റാരേക്കാളും ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.
ആത്മാർത്ഥ സ്നേഹം മറന്നു തുടങ്ങിയ ന്യൂ ജനറേഷൻ കാലഘട്ടത്തിൽ പല്ലവിയെ പോലുള്ളവരെ കാണാൻ പോലും കിട്ടില്ല. പഴയത് എല്ലാം മറന്നു പുതിയ ജീവിതത്തിലേക്ക് കടക്കാൻ എനിക്ക് കഴിഞ്ഞത് പോലെ ഒരുപക്ഷെ അവൾക്കു കഴിയാതെപോയി. അടുത്ത ജന്മത്തിൽ എങ്കിലും അവൾ എന്റെ ഭാര്യ ആയെങ്കിൽ….. നാട്ടിൽ ലീവിന് വരുമ്പോൾ മോളെയും കൊണ്ട് അവളെ കാണാൻ ഞാൻ പോകും. ജീവിതത്തിലേക്ക് അവളെ മടക്കി കൊണ്ട് വരാൻ എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ ശ്രമിച്ചു. എന്റെ ഭാര്യയും അതിനു എന്നെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു.
പല്ലവിയുടെ ഹസ്ബന്റും ഞാനും നല്ല സുഹൃത്തുക്കൾ ആയി മാറി. പറ്റുന്ന പോലെ അയാളുടെ മനസ് മാറ്റാനും ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്നെങ്കിലും അവർ പരസ്പരം സ്നേഹിച്ചു ഒരുമിച്ചു സന്തോഷത്തോടെ കഴിയും എന്ന പ്രതീക്ഷയാണ് എനിക്ക്.
അടുത്തൊരു ജന്മം ഉണ്ടെങ്കിൽ അവൾ എന്റെ മാത്രം ആകണേ ഈശ്വരാ….
ഇനിയൊരു ജന്മം കൂടെ അവൾക്കു വേണ്ടി പുനർജനിക്കാൻ ഞാൻ ആഗ്രഹിച്ചു….
By ശിവ എസ് നായർ