തലേ ദിവസം രാത്രി നടന്ന സംഭവങ്ങൾ ആലോചിച്ചപ്പോൾ തന്നെ അവൻ നടുങ്ങി തരിച്ചു…

ശ്രീദേവി – ഭാഗം 01

എഴുത്ത്: ശിവ എസ് നായർ

====================

രാവിലെ പാലുമായി വന്ന കുമാരേട്ടനാണ് അമ്പലക്കുളത്തിൽ ശ്രീദേവിയുടെ ശ-വം പൊന്തിയ കാര്യം പറഞ്ഞത്.

ഉറക്കമെണീറ്റു വന്നു ഉമ്മറപ്പടിയിലിരിക്കുവായിരുന്ന ആദിത്യനിൽ ഒരു ഞെട്ടലുണ്ടായി.

കൂടെ കുമാരേട്ടൻ മറ്റൊരു കാര്യം കൂടെ പറഞ്ഞു അമ്പലത്തിലെ ദേവിയുടെ സ്വർണ വിഗ്രഹം കാണാനില്ലെന്നും.

കയ്യിൽ കിട്ടിയ ഒരു ഷർട്ട് എടുത്തിട്ട് മുണ്ടും മടക്കി കുത്തി ഒരോട്ടമായിരുന്നു ആദിത്യൻ അമ്പലകുളത്തിലേക്ക്.

“ദേവി അതെന്റെ ശ്രീദേവി ആയിരിക്കല്ലേ… ” എന്ന് മനസ്സിൽ മന്ത്രിച്ചു കൊണ്ടാണ് അവൻ കുളക്കടവിൽ എത്തിയത്.

ദേവിക്കര ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും അമ്പലകുളത്തിനു ചുറ്റും തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. ആളുകളെ വകഞ്ഞു മാറ്റി ആദിത്യൻ കുളത്തിലേക്ക് എത്തി നോക്കി. ഒന്നേ നോക്കിയുള്ളൂ ആ കാഴ്ച അധിക നേരം കണ്ടു നിൽക്കാനാവാതെ അവൻ മുഖം തിരിച്ചു കളഞ്ഞു.

ഉടുത്തിരുന്ന വസ്ത്രങ്ങൾ എല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. അർദ്ധ ന-ഗ്നമായ ശ്രീദേവിയുടെ ശരീരം കുളപ്പടവിലും വെള്ളത്തിലുമായി കിടക്കുകയാണ്.

അമ്പലത്തിലെ ശാന്തിക്കാരൻ വാസുദേവൻ നമ്പൂതിരിയുടെ മകളാണ് ശ്രീദേവി. ശ്രീദേവിയും ആദിത്യനും തമ്മിൽ അടുപ്പമുള്ളത് നാട്ടിൽ അവരെ പരിചയമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. കീറിപ്പറിഞ്ഞ അവളുടെ ഉടയാടകളും പൊട്ടിയൊലിച്ച കീഴ്ചു-ണ്ടും തുറിച്ചുന്തിയ കണ്ണുകളും ശരീരത്തിലെ മുറിവുകളുമൊക്കെ ആൾക്കാരിൽ സംശയം ജനിപ്പിച്ചു.

ആദിത്യനെ പരിചയമുള്ളവർ സംശയത്തിന്റെ കണ്ണിലൂടെ അവനെ നോക്കി. വാസുദേവൻ നമ്പൂതിരിയും ഭാര്യയും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. ക്ഷേത്ര ഭരണാധികാരികൾ ആരെയും കുളത്തിലേക്ക് ഇറങ്ങാൻ അനുവദിച്ചില്ല. അല്പ സമയം കഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് അവിടേക്കു വന്നു.

ശ്രീദേവിയുടെ ശരീരം കുളത്തിന്റെ പടവിലേക്ക് എടുത്തു കിടത്തി.

“ബോഡി ആരാ ആദ്യം കണ്ടത്… ” എസ് ഐ ഷാനവാസ്‌ ക്ഷേത്രത്തിലെ സെക്രട്ടറിയോട് ചോദിച്ചു.

“അമ്പലത്തിൽ വിളക്കിൽ തിരിയിടാനും അടിച്ചുവാരാനുമൊക്കെ വരുന്ന മീനാക്ഷി ആണ് കണ്ടത്… “

“അവരെ ഇങ്ങോട്ട് വിളിക്ക്… “

മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ പേടിച്ചു വിറച്ചു അവിടേക്കു വന്നു.

“നിങ്ങൾ എപ്പോഴാ ബോ-ഡി കാണുന്നത്…?? “

“രാവിലെ ഒരു അഞ്ചു മണിക്ക് കുളിക്കാൻ വന്നപ്പോഴാ കണ്ടത്.. ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി… അപ്പോഴാണ് ശ്രീകോവിലിൽ ദേവിയുടെ വിഗ്രഹം മോഷണം പോയത് ശാന്തിക്കാരൻ പറയുന്നത്… “

“ശ്രീദേവിയും അമ്പലക്കുളത്തിൽ ആണോ കുളിക്കാൻ വരുന്നത്… “

“മിക്കവാറും നിർമാല്യം തൊഴാൻ വരുന്ന ദിവസങ്ങളിൽ ഇവിടെയാണ് കുളിക്കാറ്‌…അമ്പലത്തിന്റെ തൊട്ടപ്പുറത്തു തന്നെയാ ശ്രീദേവിയുടെ വീട്…”

“ശരി… നിങ്ങൾ പൊയ്ക്കോളൂ… എന്തെങ്കിലും ആവശ്യം വന്നാൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം… “

“ശരി സർ… “

എസ് ഐ വാസുദേവൻ നമ്പൂതിരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

കരഞ്ഞു തളർന്നു ആകെ അവശനായി അയാൾ പോലീസിന് മുന്നിൽ വന്നു.
വാസുദേവൻ നമ്പൂതിരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അയാളുടെ ദയനീയാവസ്ഥ ആർക്കും സഹിക്കാൻ കഴിഞ്ഞില്ല.

“നിങ്ങൾ എപ്പോഴാ മകളുടെ മരണവിവരം അറിഞ്ഞത്… “

“അമ്പലത്തിലെ ഒച്ചപ്പാടും ബഹളവും കേട്ട് ഓടിവന്നപ്പോഴാ അറിയുന്നത്… “

“മകൾ വീട്ടിൽ ഇല്ലെന്ന കാര്യം നിങ്ങൾ അറിഞ്ഞില്ലേ… “

“ഇന്നലെ രാത്രി നല്ല മഴ കാരണം അവൾ അമ്മാവന്റെ വീട്ടിൽ തങ്ങിയെന്നു വിചാരിച്ചു… “

“അമ്മാവന്റെ വീട് എവിടെയാണ്…?? “

“അമ്പല കുളത്തിന്റെ മറുവശത്തു കാണുന്നതാണ്… “

“ശരി… മകളെ നിങ്ങൾ അവസാനമായി കാണുന്നത് എപ്പോഴാണ്… “

“ഇന്നലെ സന്ധ്യക്ക്‌ ദീപാരാധന തൊഴാൻ അവൾ അമ്പലത്തിൽ വന്നു. ചില ദിവസങ്ങളിൽ എന്റൊപ്പം അമ്പലം അടച്ച ശേഷം മടങ്ങി വരികയാണ് പതിവ്.

വരുന്ന വഴി നിവേദ്യം വച്ച പായസം അമ്മാവന്റെ വീട്ടിൽ കൊടുക്കുക്കാറുണ്ട് ഇടയ്ക്ക്… പതിവ് പോലെ ഇന്നലെ നട അടയ്ക്കാറായപ്പോൾ നല്ല മഴക്കോള് ഉണ്ടായിരുന്നു. ഞങ്ങൾ ഇറങ്ങിയപ്പോൾ മഴ ചാറി തുടങ്ങി… അവൾ പായസവും കൊണ്ട് അമ്മാവന്റെ വീട്ടിലേക്ക് ഓടി. മഴ തോർന്നിട്ടു വരാമെന്നു പറഞ്ഞു അമ്മായി വീട്ടിലെങ്കിൽ രാവിലെ വരാമെന്നു പറഞ്ഞു….

അവൾ അവിടെ തങ്ങിയെന്നു വിചാരിച്ചു ഞാനും അവളുടെ അമ്മ ലക്ഷിമിയും നോക്കി ഇരുന്നിട്ട് വാതിലടച്ചു ഉറങ്ങി. ഇടയ്ക്ക് ഇതൊക്കെ പതിവുള്ളതായത് കൊണ്ട് കാര്യമാക്കിയില്ല…. ” നെഞ്ച് പൊട്ടുന്ന വേദനയിലും അയാൾ നടന്ന കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.

“വിഗ്രഹം മോഷണം പോയത് നിങ്ങൾ അറിഞ്ഞില്ലേ…?? “

“ഇല്ല സർ… രാവിലെ നട തുറന്നു പൂജ നടത്തുന്നത് വേറൊരു പൂജാരിയാണ് വൈകിട്ടാണ് ഞാൻ പോകുന്നത്… എനിക്ക് ആധാരം എഴുത്താപ്പീസിൽ ജോലിയുണ്ട്…. രാത്രി ഭദ്രമായി ശ്രീകോവിലും അമ്പലവും അടച്ചു പൂട്ടിയിട്ടാണ് പോകാറുള്ളത്… “

“ഉം ശരി… “

അയാളെ കൂടുതൽ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കാതെ എസ് ഐ ശ്രീദേവിയുടെ അമ്മാവനെ ചോദ്യം ചെയ്യാൻ തുടങ്ങി.

“നിങ്ങളുടെ പേരെന്താ… “

“ഭാസ്കരൻ… “

“വീട്ടിൽ ആരൊക്കെ ഉണ്ട്… “

“ഭാര്യയും ശ്രീദേവിയുടെ പ്രായത്തിൽ ഒരു മോളും ഞാനും…”

“ഇന്നലെ രാത്രി പ്രസാദവുമായി ശ്രീദേവി നിങ്ങളുടെ വീട്ടിൽ വന്നിരുന്നോ…? “

“വന്നിരുന്നു… മഴ തോർന്നപ്പോൾ അവൾ തിരിച്ചു പോയി. ഞങ്ങൾ ഒരുപാട് നിർബന്ധിച്ചു രാത്രി പോണ്ട രാവിലെ പോകാമെന്നു… ഇടയ്ക്ക് പതിവുള്ളതിനാൽ നാളെ വരാമെന്നു പറഞ്ഞു അവൾ പോയി. ഞാൻ കൂട്ടുവരാമെന്നു പറഞ്ഞു ഇറങ്ങിയപ്പോഴേക്കും അവൾ വേണ്ടെന്നു പറഞ്ഞു അത്രതടം വരയല്ലേ ഉള്ളു അച്ഛൻ അവിടെ നിൽക്കാമെന്ന് പറഞ്ഞു എന്ന് പറഞ്ഞിട്ട് അവൾ വേഗം പോയി… “

“എത്ര മണിക്കാണ് അവൾ ഇറങ്ങിയത്… “

“പത്തുമണി ആകാറായിരുന്നു…. “

“രാത്രി ഒരു പെൺകുട്ടിയെ തനിച്ചു വിട്ടത് ശരിയായ കാര്യമാണോ…?? “

“അത് പിന്നെ സർ… അപ്പുറവും ഇപ്പുറവും ആണ് വീടുകൾ.പരിചയമുള്ള സ്ഥലം… ഇതുവരെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ശ്രീദേവി ഇടയ്ക്ക് ഇതുപോലെ വന്നു പോകുന്നതാണ്. എന്റെ മോളും അവിടെ പോയി വരുന്നതാണ്….ഇങ്ങനെ ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല…. “

“ശരി പൊയ്ക്കോളൂ…. ആവശ്യം വന്നാൽ വിളിപ്പിക്കാം…. “

“ശരി സർ… “

“സാറെ മീനാക്ഷിക്ക് എന്തോ പറയാനുണ്ടെന്ന്… ” സെക്രട്ടറി എസ് ഐ യോട് പറഞ്ഞു.

“എന്താ മീനാക്ഷി കാര്യം… “

“സാറെ അതുപിന്നെ…. “

“മടിക്കാതെ എന്താണെങ്കിലും പറയു… “

“രാത്രി മഴ കാരണം ടൗണിൽ പോയിട്ട് വരാൻ വൈകിയായിരുന്നു… അപ്പൊ ശ്രീദേവിയും വേറൊരു പയ്യനും ഇടവഴിയിൽ കെട്ടിപ്പുണർന്നു നിൽക്കുന്നത് കണ്ടായിരുന്നു ഞാൻ…”

“അതാരാ ആ പയ്യൻ…. “

“ആദിത്യൻ…. ശ്രീദേവിയും ആ കൊച്ചനും തമ്മിൽ പ്രേമത്തിലാ… “

“വേറെന്തെങ്കിലും പറയാൻ വിട്ട് പോയിട്ടുണ്ടോ… “

“ഇല്ല സാറെ… “

“ഉം ശരി… “

ആദിത്യനെ ഒന്ന് വിശദമായി ചോദ്യം ചെയ്യണമെന്ന് എസ് ഐ ഷാനവാസ്‌ തീരുമാനിച്ചു. എല്ലാവരുടെയും മൊഴി എടുത്ത ശേഷം പോലീസുകാർ ശ്രീദേവിയുടെ ശരീരവുമായി മടങ്ങി പോയി. ശ്രീദേവിയുടെ ശരീരം പോ-സ്റ്റുമോർട്ടത്തിനായി അയച്ചു.

വിഗ്രഹ മോഷണത്തെ പറ്റിയും ശ്രീദേവിയുടെ കൊലപാതകത്തിന്റെയും അന്വേഷണ ചുമതല പുതിയതായി ചാർജെടുത്ത സ്ഥലം എസ് ഐ ഷാനവാസിനായിരുന്നു. ട്രെയിനിങ് കഴിഞ്ഞു സർവീസിൽ കയറിയ ഷാനവാസിന് ആദ്യ പോസ്റ്റിങ്ങ്‌ കിട്ടിയത് ദേവിക്കരയിലാണ്.

ചാർജ് എടുത്ത ദിവസം തന്നെ കേസും വന്നു. അതും കൊ-ലപാ-തകവും മോഷണവും. രണ്ടും ഒരേ സ്ഥലത്തു നടന്നത്. കയ്യിൽ കിട്ടിയ ആദ്യത്തെ കേസ് ആയതിനാൽ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് കൊണ്ട് പോയി പ്രതികളെ ഒട്ടും വൈകാതെ തന്നെ പിടികൂടണം എന്ന് ഷാനവാസ്‌ ഉറപ്പിച്ചു.

ക്ഷേത്രത്തിൽ വിഗ്രഹം കവരാൻ വന്നവർ ശ്രീദേവിയെ ബ-ലാ-ത്സംഗം ചെയ്തു കുളത്തിൽ ഉപേക്ഷിച്ചു പോയതാകാമെന്നും ചിലർ ഊഹാപോഹം പറഞ്ഞു. മറ്റുചിലർ ആദിത്യനെയും സംശയിച്ചു. ചിലപ്പോൾ അവനെന്തെങ്കിലും കൈയബദ്ധം പറ്റിയതാകാം എന്നും ആളുകൾ അടക്കം പറഞ്ഞു.

അമ്പലത്തിലെ ദേവി വിഗ്രഹം കവർച്ച ചെയ്യാൻ മാത്രം ധൈര്യം ആർക്കുണ്ടായി എന്നത് എല്ലാവരെയും ആശയകുഴപ്പത്തിലാക്കി.

സമനില തെറ്റിയവനെ പോലെ മുന്നിൽ നടന്ന കാര്യങ്ങൾ ഒന്നും വിശ്വസിക്കാൻ കഴിയാതെ ആദിത്യൻ മുറിയിൽ തന്നെ അടച്ചിരുന്നു.

ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചാലോ എന്നുപോലും അവന് തോന്നി.

ഈ സാഹചര്യത്തിൽ താൻ എന്തെങ്കിലും ചെയ്താൽ എല്ലാവരും തന്നെ സംശയിക്കും എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

തലേ ദിവസം രാത്രി നടന്ന സംഭവങ്ങൾ ആലോചിച്ചപ്പോൾ തന്നെ അവൻ നടുങ്ങി തരിച്ചു. എരിതീയിൽ വീണ വണ്ടിനെ പോലെ അവൻ മുറിക്കുള്ളിൽ കിടന്നു വെന്തുരുകി.

തന്നെ ഇന്നലെ അവളോടൊപ്പം ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പായും പോലീസ് ഇവിടെയും എത്തുമെന്ന് അവൻ ഉറപ്പിച്ചു.

ബാക്കി ഭാഗം വായിക്കൻ ക്ലിക്ക് ചെയ്യൂ…