അതുകേട്ടപ്പോൾ ഒരു നിമിഷത്തേക്ക് മാത്രമായി ഞാൻ അനങ്ങാതെ നിന്നു. നാക്കിനെ തടഞ്ഞുവെച്ച് നെഞ്ച് പിടക്കുന്നത്

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

====================

‘ആരാണ്….?’

നങ്ങേലി പൂച്ചക്ക് ദോശയും ചമ്മന്തിയും കൊടുക്കുമ്പോഴാണ് കാളിംഗ് ബെല്ലടി കേട്ടത്.. കതക് തുറന്നപ്പോൾ എന്റെ മകന്റെ പ്രായത്തിലുള്ള ഒരുവൻ എന്നോട് ചിരിക്കുന്നു..

‘ഞാൻ സാഹിബിന്റെ മോനാണ്… സുബൈറ്…. ഉപ്പ മരിച്ചു….!’

അതുകേട്ടപ്പോൾ ഒരു നിമിഷത്തേക്ക് മാത്രമായി ഞാൻ അനങ്ങാതെ നിന്നു. നാക്കിനെ തടഞ്ഞുവെച്ച് നെഞ്ച് പിടക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

‘കിടപ്പിലായിരുന്നല്ലോ…! കഴിഞ്ഞ മാസമായിരുന്നു.. ഇനിമുതൽ വാടക വാങ്ങാൻ ഞാനാണ് വരുക… രണ്ട് മാസത്തെ കുടിശികയുണ്ട്… ഉണ്ടാകോ…?’

ഉണ്ടെന്നും ഇല്ലെന്നും ഞാൻ പറഞ്ഞില്ല. ഒന്നും മിണ്ടാതെ ഉമ്മറത്ത് ഞാൻ തറച്ചുനിൽക്കുന്നത് കണ്ടിട്ടാകണം സുബൈറ് തിരിച്ചുപോയത്…

‘മ്യാവൂ….’

നങ്ങേലിയുടെ ഇടപെടലിൽ അടുക്കളയിൽ നിന്ന് എന്തൊക്കെയോ പാത്രങ്ങൾ താഴേക്ക് വീണു. ആ ശബ്ദം കേട്ടപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടാകുന്നത്… എന്തൊക്കെയാണ് വീണ് പൊട്ടിയിരിക്കുന്നതെന്ന് നോക്കാനൊന്നും എനിക്ക് തോന്നിയില്ല. ഞാൻ നിന്ന ഇടത്തുതന്നെ ഇരുന്നു. പടിയിൽ അമർന്ന് കതകിലേക്ക് തല ചാരിയിരുന്നു…

സാഹിബ്‌ ആദ്യമായിട്ട് ഈ വീട്ടിലേക്ക് വരുന്നതും ഇതുപോലെ രണ്ടുമാസത്തെ വാടക കുടിശിക ആയപ്പോഴാണ്… അതുവരെ കാണാത്തത് കൊണ്ടും, എന്റെ ഭർത്താവിനോട് തട്ടിക്കയറിയത് കൊണ്ടും, അയാൾ ഒരു കണ്ണിൽ ചോരയില്ലാത്ത മനുഷ്യനാണെന്ന് എനിക്ക് തോന്നി..

ബഹളം കേട്ട് പുറത്തേക്ക് വന്ന എന്നെ കണ്ടപ്പോൾ സാഹിബ്‌ ഒന്ന് അടങ്ങി. സ്കൂളിൽ പഠിക്കുന്ന മോന്റെ തലകൂടി കണ്ടപ്പോൾ, വൈകാതെ തന്നേക്കണം ഗോപാലായെന്ന് പറഞ്ഞ് അയാൾ തിരിച്ചുപോകുകയും ചെയ്തു.

‘എങ്ങനെ കൊടുക്കും നമ്മൾ…?’

ഞാൻ ഭർത്താവിനോട് ചോദിച്ചു. അങ്ങേരാണെങ്കിൽ ഒന്നും പറയാതെ മോനേം കൂട്ടി അകത്തേക്ക് പോയി. മില്ലിലെ പണിക്കിടയിൽ അങ്ങേരുടെ കൈയ്യിൽ പരിക്ക് പറ്റിയതിന് ശേഷമാണ് എല്ലാം മുടങ്ങിയത്… സ്കൂളിൽ പോകുന്ന മോന് വയറുനിറച്ച് ആഹാരം കൊടുക്കാൻ പോലും നിവൃത്തിയില്ലാതായി..

മാസങ്ങൾ രണ്ടെണ്ണം കഴിഞ്ഞപ്പോൾ സാഹിബ്‌ വീണ്ടും വന്നു. അങ്ങേര് ജോലിക്ക് പോകാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ… തനിച്ചായത് കൊണ്ട് വൈകാതെ വാടകയെല്ലാം തരുമെന്ന് തുറന്ന ജനാലയിലൂടെ ഞാൻ പറഞ്ഞു.. എന്തുകൊണ്ടോ കതക് തുറക്കാൻ എനിക്ക് തോന്നിയില്ല. ഗോപാലനെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് പറഞ്ഞ് ഉമ്മറത്തുണ്ടായിരുന്ന പഴയൊരു മര കസേരയിൽ അയാൾ ഇരുന്നു…

‘ഗോപാലേട്ടൻ വരാൻ വൈകും…. ടൗണിലൊക്കെ പോയിറ്റേ വരൂ…’ ഞാൻ പറഞ്ഞു.

“സാരില്ല… ഓനെ കണ്ടിറ്റേ പോകൂ….” സാഹിബ്‌ ചിരിച്ചു.

പിന്നെ എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല. ഇനിമുതലെങ്കിലും കൃത്യമായി വാടക കൊടുത്ത് സാഹിബിനെ ഇങ്ങോട്ട് വരുത്തുന്നത് നിർത്തണമെന്ന് അങ്ങേരോട് പറയണം.. അയാളുടെ നോട്ടത്തിനും ചിരിക്കുമൊന്നും ഒരു പന്തിയില്ലാത്തത് പോലെ…. തക്കം കിട്ടിയാൽ സാഹിബ്‌ എന്നെ റാഞ്ചുമെന്ന് ഞാൻ ഭയന്നു..

‘അതേയ്… എനിക്കൊരു ഗ്ലാസ് ചൂടുവെള്ളം തരോ…?’

നീട്ടി പറഞ്ഞതുകൊണ്ട് അടുക്കളയിൽ ആയിരുന്നിട്ടും ഞാൻ അത് കൃത്യമായി കേട്ടൂ.. ചൂടുവെള്ളവുമായി ജനാലയുടെ അരികിൽ നിന്ന് ഞാൻ ചുമച്ചു. സാഹിബ്‌ അടുത്തേക്ക് വന്നു. ചുമരിന്റെ ഇപ്പുറം ആയിരുന്നിട്ടും ആ നേരം വല്ലാതെ ഞാൻ പരിഭ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ചൂടുവെള്ളം കൊണ്ടുവന്ന മൊന്ത അഴികളിലൂടെ പുറത്തേക്ക് എത്തിക്കാൻ എനിക്ക് പറ്റിയില്ല. സാഹിബ്‌ വീണ്ടും ചിരിച്ചു. ഞാൻ വിയർത്തൂ…

‘ഞാൻ നിന്നെ പിടിച്ച് തിന്നാനൊന്നും പോണില്ല…’

അതീവ ധൈര്യവതിയാണെന്ന ഭാവം മുഖത്ത് വരുത്തി ഞാൻ കതക് തുറന്നു. മൊന്ത കൊടുക്കുമ്പോൾ സാഹിബ്‌ എന്റെ കൈകളിൽ പിടിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. വിരലുകളിൽ പോലും മുട്ടാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…

‘എന്താന്ന് നിന്റെ പേര്…?’

“ജാനകി…. “

‘നിങ്ങക്ക് വേറെയാരുല്ലേ…?’

“ഇല്ല….”

സാഹിബ്‌ ചോദിച്ചുകൊണ്ടേയിരുന്നു. അനുസരണയുള്ള കുട്ടിയെ പോലെ എല്ലാത്തിനും ഞാൻ മറുപടിയും പറഞ്ഞു. എനിക്കും ഗോപലേട്ടനും സ്വന്തമെന്ന് പറയാൻ ഒരു മോൻ മാത്രമേയുള്ളൂവെന്ന് പറയുമ്പോഴാണ് അതുസംഭവിക്കുന്നത്…

‘ചേച്ചീ…. ഗോപലേട്ടൻ…!’

അയലത്തെ യാശോദയുടെ മോൻ കിതച്ചുകൊണ്ട് മുറ്റത്തുനിന്ന് പറഞ്ഞു. എന്തുപറ്റിയെടായെന്ന് ചോദിച്ചപ്പോൾ ടൗണിലെ തിരക്കിലേക്ക് ലോറി മറിഞ്ഞെന്നും, ആറേഴ് പേർ മരിച്ചെന്നും അവൻ പറഞ്ഞു. എന്റെ ഭർത്താവ് അതിൽ പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നതിന് മുമ്പേ എന്റെ ബോധം പോയിരുന്നു…

പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ എട്ടിൽ പഠിക്കുന്ന എന്റെ മോനും സാഹിബുമായിരുന്നു മുന്നിൽ.. അമ്മക്ക് കഴിക്കാൻ വല്ലതും വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് പ്രായത്തിലും കൂടുതൽ മോൻ മുതിർന്നു. അവന് ഇനി നീയേ ഉള്ളൂവെന്ന് പറഞ്ഞ് സാഹിബ് എന്റെ അടുത്തിരുന്നു.

ആശുപത്രി വിട്ട് വീട്ടിലേക്ക് ചെന്നപ്പോൾ തന്റെ സുഹൃത്തിന്റെ അടക്കാകമ്പിനിയിൽ തനിക്കൊരു ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് സാഹിബ്‌ പറഞ്ഞു. മോനേ ചേർത്ത് വെച്ച് ഞാൻ അയാളെ തൊഴുതു.. അന്നുപോയ സാഹിബ്‌ പിന്നീട് വന്നതേയില്ല.. കൂട്ടിവെച്ച വാടക കുടിശികയുടെ ഒരുപങ്ക് മോന്റെ കൈയ്യിൽകൊടുത്ത് വിട്ടപ്പോൾ അയാൾ വാങ്ങിച്ചതുമില്ല. നിനക്ക് ജോലിയാകുമ്പോൾ തന്നാൽ മതിയെന്ന് പറഞ്ഞ് അവനെ തലോടുകയായിരുന്നു പോലും…

സാഹിബ്‌ പിന്നീട് എന്റെ മനസ്സിലൊരു മനുഷ്യനേ ആയിരുന്നില്ല… വീണുപോകുമായിരുന്നിട്ടും, ആഗ്രഹം പോലെ മോനെ പഠിപ്പിക്കാനായി എന്നോട് കണ്ണുകൾ തുറന്ന ദൈവമായിരുന്നു. ആ ദൈവം മരിച്ചുപോയെന്ന് വിശ്വസിക്കാൻ എനിക്ക് സാധിച്ചതേയില്ല…

അന്നുരാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… വാടകയെന്ന ഭാരം തലയിൽ വീഴാത്തത് കൊണ്ടുമാത്രമാണ് എനിക്ക് മോനെ കോളേജിലേക്ക് അയക്കാൻ സാധിച്ചത്. അടക്കാകമ്പിനിയിലും ചിലവീടുകളിലുമായി ജോലി ചെയ്ത് ഉണ്ടാക്കുന്ന പണമാണ്. എല്ലാം ചേർത്തുവെച്ച് അവന് അയച്ചുകൊടുക്കുമ്പോഴെല്ലാം സാഹിബിനോട് ഉള്ളിൽ ഞാൻ നന്ദി പറയാറുണ്ടായിരുന്നു…

എന്തുചെയ്യാം..! എന്നായാലും ഈ വീട്ടിൽ നിന്ന് ഇറങ്ങണം….! പഠനം പാതിയിൽ നിർത്തേണ്ടി വരുന്ന എന്റെ മോന്റെ വിധിയിൽ മാത്രം ഞാൻ വിഷമിച്ചു….

‘മ്യാവൂ….’

പിറ്റേന്ന് കാളിംഗ് ബെല്ലടി കേട്ടപ്പോൾ ആദ്യം ഉണർന്നത് നങ്ങേലിയായിരുന്നു. ഞാൻ എഴുന്നേറ്റ് കണ്ണുകൾ തിരുമ്മി കതക് തുറന്നു.. സുബൈർ ആയിരുന്നു മുന്നിൽ.

‘എന്താ മോനേ….?’

“നിങ്ങ വാടകയൊന്നും തരണ്ട… ഉപ്പ ഡയറി എഴുതുമായിരുന്നു… ഇന്നലെയാണ് ഞാൻ അതൊക്കെ വായിച്ചത്… “

സ്വപ്നമാണോയെന്ന് ഞാൻ നുള്ളിനോക്കി. അല്ലെന്ന് വിധം തൊലിക്ക് നൊന്തു. ഒന്നും മിണ്ടാതെ നിന്ന ഇടത്തുതന്നെ ഞാൻ ഇരുന്നു. കൂടുതലൊന്നും പറയാതെ സുബൈർ പോകുകയും ചെയ്തു.

മറ്റൊരു രൂപത്തിലാണെങ്കിലും സാഹിബെന്ന ദൈവം തന്നെയാണ് അപ്പോഴും എന്നെ വീഴാതെ പിടിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അടച്ച കണ്ണുകളുമായി ഞാൻ ആ കതകിലേക്ക് ചാരുമ്പോൾ നങ്ങേലി എന്റെ മടിയിലേക്ക് ചാടി വീഴുകയായിരുന്നു…

‘മ്യാവൂ….!!!’

~ശ്രീജിത്ത് ഇരവിൽ