കടലെത്തും വരെ ~ ഭാഗം 08, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഹായ് പാർവതി “

അഖില പെട്ടെന്ന് മുന്നിലേക്ക് വന്നു പറഞ്ഞപ്പോൾ ആദ്യം അതാരാണെന്ന് പാർവതിക്ക് മനസിലായില്ല .അവൾ കുളക്കരയിലെ മാവിൽ നിന്ന് രണ്ടു മാങ്ങാ പൊട്ടിക്കുകയായിരുന്നു. അവൾക്കവളേ മനസിലായില്ലാ പക്ഷെ അവൾ തിരിച്ചു ഒരു ഹായ് കൊടുത്തു .

“പാർവതിക്ക് എന്നെ  മനസ്സിലായോ ?”

“ഇല്ല .സത്യത്തിൽ എന്നെ പാർവതി എന്നിവിടെയാരും വിളിക്കാറില്ല ” അവൾ പുഞ്ചിരിയോടെ പറഞ്ഞു

അഖിലയുടെ കണ്ണുകൾ അവളെ ഉഴിയുകയായിരുന്നു. എന്തൊരു ഭംഗിയാണിവൾക്കു. ഉടലളവുകൾ  കൃത്യം. ശരിക്കും കല്ലിൽകൊത്തിയ സാലഭഞ്ജിക പോലെ.

പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായ സ്ത്രീ എന്ന് പറയില്ല
ഒരു ഇരുപത്തിയഞ്ചു വയസ്സ്. അതിൽ താഴെയേ മതിക്കു

വെണ്ണ പോലെ മിനുത്ത മുഖത്ത് ഒരു ചെറിയ മറുകുണ്ട് ..കണ്ണ് തട്ടാതിരിക്കാൻ ദൈവം കരുതി വെച്ചതാവും

ഉയർന്ന മൂക്കിലാ വെള്ളക്കല്ലു മുക്കൂത്തി ജ്വലിക്കുന്നു. കഴുത്തിൽ നേർത്ത ഒരു മാലയിൽ താലി. കറുപ്പ് ചുരിദാറിൽ അവളുടെ യൗവനത്തിന് അഗ്നിയുടെ ചൂട്

തിരമാലകൾ പോലെ ഇളകി കിടക്കുന്ന തലമുടി അരക്കെട്ട് മറഞ്ഞങ്ങനെ കിടക്കുന്നു .നെറ്റിയിലേക്ക് വീണു കിടക്കുന്ന ചുരുൾ മുടികൾ

തന്നെ അവളെങ്ങനെ നോക്കി നിൽക്കുന്നത് കണ്ടു പാർവതിക്ക് ഒരു ജാള്യത തോന്നി

“ഹലോ..ആരാണ് ?എനിക്ക് മനസിലായില്ല ട്ടോ “

“ഒന്ന് ഊഹിച്ചു നോക്കിക്കേ “

“എന്റെ റിലേറ്റീവ് ആണെങ്കിൽ എനിക്കയറിയാതെയിരിക്കുമോ ?” പാർവതി ചിരിച്ചു

“റിലേറ്റീവ് ആണ് ..ഞാൻ അല്ല എന്റെ ഭർത്താവ് “

പാർവതി വീണ്ടും ആലോചിച്ചു  അതാരാണ് ?താൻ അറിയാത്ത ഒരാൾ ഒരു പാട് മുഖങ്ങൾ  ഓർമയിലേക്ക് വന്നെങ്കിലും വിനുവിന്റെ മുഖം പെട്ടെന്ന് അവളുട ഓർമയിലേക്ക് വന്നില്ല. സത്യതിൽ വിനു അവളുടെ ചിന്തകളിൽ  തന്നെ ഉണ്ടായിരുന്നില്ല

അഖിലയെ അവൾ വീണ്ടും സൂക്ഷിച്ചു നോക്കി

സ്ട്രൈറ്റൻ ചെയ്ത മുടി തോളൊപ്പം വെട്ടി നിർത്തിയിരിക്കുന്നു. വെളുത്തിട്ടാണ്. മെലിഞ്ഞിട്ട് നല്ല ഉയരമുണ്ട്

ജീൻസും ടോപുമാണ് വേഷം

കണ്ടാൽ ഒരു ചെറിയ കുട്ടിയെ കണക്ക് തോന്നിക്കും ഇതാരുടെ ഭാര്യയാണ് ?

“ആഹാ അഖില ഇവിടെ നിൽക്കുകയായിരുന്നു ഞാൻ എവിടെയൊക്കെ തിരക്കി ?”

വിനു അവിടെ വന്നപ്പോ പെട്ടെന്ന് പാർവതിക്ക് ആളെ പിടികിട്ടി

“അയ്യോ വിനുവേട്ടന്റെ ഭാര്യയായിരുന്നോ?എനിക്ക് മനസിലായില്ലാട്ടോ, നിങ്ങളുടെ കല്യാണത്തിന് ഞാൻ ഉണ്ടായിരുന്നില്ലലോ .പിന്നെ നിങ്ങൾ നാട്ടിലോട്ട് വന്നിട്ടുമില്ല .”

വിനു പുഞ്ചിരിച്ചു

“അത് കൊണ്ടല്ലേ ഇത്തവണ ഇവളെ കൂട്ടി തന്നെ വന്നത് .ഇവളും ഇവിടെ നിന്നിട്ടില്ല . ശരിക്കും തറവാട് കണ്ടിട്ടും കൂടിയില്ല .ഞാൻ ദേ അങ്ങോട്ട് ഏല്പിക്കുവാ ഇവളെ. എല്ലായിടവും ഒന്ന് കൊണ്ട് നടന്നു കാണിക്കണം എല്ലാവരെയും പരിചയപ്പെടുത്തണം ..മൊത്തത്തിൽ നമ്മുടെ തറവാടും അതിന്റെ മഹിമയുമൊക്കെ ഇവൾ ഒന്നറിയട്ടെന്ന് .ഞാൻ പറയുമ്പോൾ പൊങ്ങച്ചമായി പോകും ,വിശ്വസിക്കുകയുമില്ല .അല്ലെ അഖി ?” അയാൾ ഭാര്യയെ ചേർത്ത് പിടിച്ചു

അഖില അമ്പരന്നു നിൽക്കുകയായിരുന്നു .ഇയാൾക്ക് എത്ര മുഖമാണ് ?

ഇപ്പൊ കണ്ടില്ലേ എത്ര മാന്യൻ പാർവതി മന്ദഹസിച്ചു

“അതിനെന്താ വിനുവേട്ടാ അതൊക്കെ ഞാൻ ചെയ്തോളാം എനിക്ക് സന്തോഷമല്ലേ അതൊക്കെ ?നിങ്ങൾ കുറച്ചു ദിവസം ഉണ്ടാവില്ലേ ?”

“പിന്നെ ഒരു മാസത്തെ ലീവാണ് വിനുവേട്ടൻ എടുത്തിരിക്കുന്നെ ഈ ഉത്സവത്തിനും കല്യാണനിശ്ചയത്തിനും ..പിന്നെ വേറെ ഒന്ന് രണ്ടു കാര്യങ്ങൾക്കും വേണ്ടി മാത്രം …ആദ്യമായിട്ടാ ഇങ്ങനെ ലീവ് എടുത്തു നാട്ടിൽ ,,അല്ലെ വിനുവേട്ടാ ?”

വിനു കൺകോണിലൂടെ അവൾക്കൊരു സൂചന കൊടുത്തതു മിണ്ടരുത് എന്ന ആ സൂചന അഖിലേക്ക് വേഗം പിടികിട്ടുകയും ചെയ്തു .അവൾ നിശബ്ദയായി

“ആണോ വിനുവേട്ടാ ?”

അയാൾ ഒന്ന് മൂളി. പാർവതിയുടെ തൊട്ടടുത്തായിരുന്നു അപ്പോൾ അയാൾ.അവളുടെ ഉടലിൽ നിന്നുയർന്ന ചന്ദനഗന്ധം അയാളെ മത്തു പിടിപ്പിച്ചു .അവളെ ഒന്ന് ചേർത്ത് പിടിക്കാനുള്ള ഭ്രാന്തിനെ അയാൾ വളരെ പണിപ്പെട്ട്  നിയന്ത്രിച്ചു

അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു ”

പണ്ടത്തെ മെലിഞ്ഞ ചെറിയ പെണ്ണല്ല

വശ്യത നിറഞ്ഞ മാദകത്വം നിറഞ്ഞ ഒരു പ്രത്യേക തരം ഭംഗി. ചുവന്നു തുടുത്ത ചുണ്ടുകളിൽ നേർത്ത നനവ്

കണ്ണുകളിൽ ഒരു കടലിളകുന്ന പോലെ

കാറ്റിൽ പറക്കുന്ന മുടിയിഴകൾ അയാളുടെ ഷർട്ടിലേക്ക് പാറി വീണു കൊണ്ടിരുന്നു. ആ മുടിയിഴകൾക്ക് പോലും സുഗന്ധം

അഖിൽ അയാളുടെ മുഖം ചുവക്കുന്നതു ശ്രദ്ധിച്ചു

അവളിൽ ലയിച്ചു പരിസരം മറന്നു അയാൾ നിൽക്കുന്നത് കാണെ  അവളുടെ ഉള്ളിൽ വേദനയുടെയും ഭീതിയുടെയും തിരയിളകി

“പാർവതിക്ക് ഒരു മോൾ അല്ലെ ?” പെട്ടെന്ന് അഖില ചോദിച്ചപ്പോൾ വിനു മുഖം സാധാരണ ഗതിയിലാക്കി

“അതെ ..മോളിവിടെ എവിടെയോ ഉണ്ട് .ചിലപ്പോൾ കളി തുടങ്ങിയിട്ടുണ്ടാകും കസിന്സിനെയൊക്കെ എപ്പോഴും ഇത് പോലെ കിട്ടീല്ലലോ .വാ ഞാൻ പരിചയപ്പെടുത്താം .ഞങ്ങൾ അങ്ങോട്ടു പോട്ടെ വിനുവേട്ടാ “

വിനു യാന്ത്രികമെന്നോണം മനസില്ലാമനസോടെ തലയാട്ടി. ഒരു വസന്തം അകന്നു പോവും പോലെ

എത്ര വർഷത്തിന് ശേഷമാണു കാണുന്നത്. അവളുടെ കല്യാണം കഴിഞ്ഞിട്ട് കാണാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം

അതൊരു തകർച്ചയായിരുന്നു

പാറു വേറെയൊരാളുടേതാവുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അവൾ തന്റെയായിരുന്നു

പ്രത്യേകിച്ച് ഇഷ്ടമാണെന്നു പറയണം എന്ന് തോന്നിയിരുന്നില്ല

തന്റേതാണല്ലോ പിന്നെ പ്രത്യേകിച്ച് പറയുന്നതെന്തിന്. അതായിരുന്നു തന്റെ മനസ്സിൽ

തറവാട്ടിൽ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. പാറു വിനുവിനുളളതാണ്‌ എന്ന് തീരുമാനിക്കപ്പെട്ടിരുന്നു. എല്ലാവര്ക്കും അറിയാമായിരുന്നു തന്റെ ഇഷ്ടം അവൾക്കൊഴികെ

എല്ലാ കസിന്സിസിനെയും പോലെ തന്നെയും ഒരു സഹോദരൻ ആയിട്ടേ അവൾ കണ്ടിരുന്നുള്ളൂ എന്ന് കല്യാണം നിശ്ചയിക്കാൻ തീരുമാനിച്ചപ്പോൾ അവൾ തന്നോട് പറഞ്ഞു

“വിനുവേട്ടൻ ഇതിൽ നിന്ന് പിന്മാറണം .എനിക്ക് വിനുവേട്ടൻ എന്നും എന്റെ മൂത്ത ചേട്ടന്റെ സ്ഥാനത്താണ് ..ഞാൻ ആ ഒരു കണ്ണിലൂടെ വിനുവേട്ടൻ കണ്ടിട്ടില്ല ..” ഇന്നും ആ വൈകുന്നേരം തനിക്ക് ഓർമയുണ്ട് .അന്ന് നല്ല മഴയായിരുന്നു

സർപ്പക്കാവിൽ വിളക്ക് വെയ്ക്കാൻ വന്നതായിരുന്നു അവൾ .തന്നെ ഒന്ന് കാണണമെന്ന് പദ്മനാഭൻ ചേട്ടനോടാണ് പറഞ്ഞു വിട്ടത്  ഇതാണ് പറയുന്നതെന്ന് ഊഹിക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു

ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അവളുടെ കണ്ണീർ കാണെ ഒന്നിനും ശക്തിയില്ലതെ പിന്തിരിഞ്ഞു നടന്നു

അന്നുമിന്നും താൻ ദുര്ബലനായിട്ടുള്ളത് ആ മുന്നിൽ മാത്രമാണ്

എന്നിട്ടും അവസാനനിമിഷം വരെയും ശ്രമിച്ചു നോക്കി

അവനെ,അവളുടെ കാമുകനെ കണ്ടു ഭീഷണിപ്പെടുത്തി നോക്കി ..വിവാഹം കഴിഞ്ഞും അവനോടു പറഞ്ഞു

അവൾ എന്റെയാടാ … എന്ന് അലറുമ്പോൾ നന്ദൻ ഒന്ന് പുഞ്ചിരിച്ചതോർക്കുന്നു

അവന്റെ കണ്ണിൽ അപാരമായ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു

സ്വന്തം പെണ്ണ് ഒരിക്കലും വിട്ടു പോകില്ല എന്നുറപ്പുള്ളവന്റെ കോൺഫിഡൻസ്

സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കഴിയുന്ന പുരുഷൻ ചക്രവർത്തിയാണ്. അശ്വമേധം ജയിച്ച  ചക്രവർത്തി

ഒരു പെണ്ണിന്റെ ഹൃദയം കീഴടക്കാനാവുക അത് ഒരു ഭാഗ്യമാണ്. ഏറ്റവും ദുഷ്കരവും അത് തന്നെ. പെണ്ണിന്റ മനസ്സ് കണ്ടവർ തുലോം തുച്ഛം

അവളെടുക്കുന്ന തീരുമാനങ്ങൾ അവൾ കാണുന്ന കാഴ്ചകൾ അവളുടെ കണ്ണിലൂടെ ലോകം കാണുക വലിയ പ്രയാസമാണ്

പ്രണയിക്കുന്ന പുരുഷനോടവൾക്ക് ഭ്രാന്താണ്

ഇന്നലെ വരെ വളർത്തിയ മാതാപിതാക്കൾ പോലും പൊടുന്നനെ അവൾക്ക് അന്യരാകുന്നു. സ്നേഹിക്കുന്ന എല്ലതിനെയും വിട്ടു കളഞ്ഞിട്ട് അവനെന്ന ഭൂമിയിൽ അവനെന്നെ അകത്തസ്ഹറിൽ ഒരു കൂടൊരുക്കുകയാണ് അവൾ

പക്ഷെ അവളെ മറക്കാനാവുന്നില്ല

ശ്രമിച്ചു നോക്കി. ഒരു ദിവസമെങ്കിലും ഒരു ദിവസം. അവൾക്കൊപ്പം വേണം

അവളുടെ കണ്ണുകളിൽ നോക്കി കിടക്കണം. നീ എന്റെ ജീവനാണ് എന്നുറക്കെ പറയണം. ഞാൻ നിന്നെ മാത്രമേ പ്രണയിച്ചിരുന്നുള്ളു എന്ന് മന്ത്രിക്കണം

പക്ഷെ എങ്ങനെ ?

അവൾക്കെല്ലാം നഷ്ടമാകുമ്പോൾ അവൾ തന്റേതാവില്ലേ ?

അയാളൊരു സി-ഗരറ്റ് എടുത്തു തീ കൊളുത്തി

അതെ അവൾക്ക് എല്ലാം നഷ്ടം ആകണം. അവളുട ഭർത്താവ് മകൾ എല്ലാം  അവൾ ഒറ്റയ്ക്കാകണം ..അപ്പൊ അവൾ തന്റേതാവും

അഖിലയെ എപ്പോ വേണമെങ്കിൽ ഉപേക്ഷിച്ചു കളയാവുന്നതേയുള്ളു

അല്ലെങ്കിൽ തന്നെ ഇപ്പൊ ഭാര്യ ഭർത്താവു എന്ന ഒരു ലേബൽ മാത്രമേയുള്ളു

(തുടരും )