കഥ ഇനിയും തുടരും…
Story written by Rajesh Dhibu
====================
പൊടി പിടിച്ചു കിടന്ന ആ പുസ്തകത്താളുകൾ ഒന്നൊന്നായി മറിച്ചു നോക്കുമ്പോൾ ഇത്രയും നാളുകളായി ഇതെവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അവനെ ചിന്തിപ്പിക്കുന്നുണ്ടായിരുന്നു…ഓർമ്മകളിൽ ഓടിയെത്താതിരുന്ന അക്ഷരക്കൂട്ടുകൾ..ഒരിക്കൽ ഈ അക്ഷരങ്ങളെ ഒരുപാട്ഹൃദയത്തോട് ചേർത്തുവച്ചിരുന്നു.. ഇന്നിപ്പോൾ എല്ലാം മനസ്സിൽ കുറിച്ചിടുന്ന മാഞ്ഞുപോകുന്ന നിറങ്ങൾ മാത്രം.എത്ര മനോഹരമായിട്ടായിരുന്നു അന്ന് താൻ ഏഴുതി വെച്ചിരിക്കുന്നതെന്ന ആശ്ചര്യത്തെ കണ്ണിൽ നിന്നും അടർത്തി മാറ്റുവാൻ കഴിയുന്നില്ല..
ചിലതിൽ എവിടെയോ എഴുതുവാൻ ബാക്കി വെച്ച വരികൾ അവനെ നോക്കി പരിഭവം പറയുന്നുണ്ടായിരുന്നു..
മറന്നു പോയതോ അതോ മനപൂർവ്വം എഴുതുവാൻ മടിച്ചതോ.. അവൻ കണ്ണിൽ പടർന്ന മിഴിനീർ പതിയെ തുടച്ചു..മറന്നതല്ലെടി പെണ്ണെ ബാക്കി വെച്ചതെല്ലാം എന്റെ ഹൃദയത്തിലാണ് ഞാൻ ഏഴുതി വെച്ചത് എന്നും ഓർക്കുവാൻ ഒരിക്കലും മറക്കാതിരിക്കുവാൻ..സത്യമല്ലെങ്കിലും സ്വയം അങ്ങിനെ പറഞ്ഞുകൊണ്ടവൻ മനസ്സിനെ ആശ്വസിപ്പിച്ചു..
മഴ പെയ്തു കുതിർന്നതു കൊണ്ടാകും മണ്ണിനും മനസിനും വല്ലാത്ത ഒരു കുളിർമ്മ തോന്നുന്നു … അല്ലെങ്കിലും തുലാമാസത്തിലെ മഴക്ക് വല്ലാത്ത ഒരു സ്വാഭാവമാണ്.. ചിലപ്പോൾ സ്നേഹവും ചിലപ്പോൾ പിണക്കവും ചിലപ്പോൾ കോപവും.. നമ്മളെ ഓർമ്മപ്പെടുത്തുന്ന ഒരു നേർകാഴ്ചകൾ..ഹാങ്കറിൽ കിടന്ന കട്ടിയുള്ള ബനിയൻ എടുത്തിട്ട് കൊണ്ടു മുറിയുടെ പുറത്തേക്ക് ഇറങ്ങി..കടുപ്പത്തിൽ ഒരു കട്ടൻ കിട്ടിയിരുന്നെങ്കിൽ.. മനസ്സും ശരീരവും അല്പം ചൂട് ആഗ്രഹിക്കുന്നുണ്ട്..
അനു പോയതിൽ പിന്നെ അടുക്കളയിലേക്ക് എത്തി നോക്കിയിട്ടില്ല..
കടുപ്പത്തിൽ ഒരു കാപ്പി അതവളുടെ വകയാണ് തന്റെ ഇഷ്ട്ടം അറിഞ്ഞു അതാത് സമയങ്ങളിൽ കയ്യിൽ കൊണ്ടു തരും..പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുള്ള ഒരു കാര്യം…..
“ഏട്ടാ കാപ്പി..” അവൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി തന്നെ ആരെങ്കിലും വിളിച്ചോ.. ചിലപ്പോൾ തോന്നിയതാവും…അവളെ കുറിച്ചു ഓർത്തപ്പോഴേ കാപ്പിയുടെ രുചി നാവിൽ ഓടിയെത്തി.. മഴയുള്ളപ്പോൾ പറയാതെ തന്നെ അവൾ ഇട്ടു കൊണ്ടുവരുമായിരുന്ന ആവി പറക്കുന്ന ഗ്ലാസ്സ് ….ഓർമ്മകൾ എന്നും ഒരു നോവാണ്..
അവൻ പതിയെ അടുക്കളയിലേക്ക് നടന്നു.അലമാര തുറന്നു കാപ്പി പൊടിയും പഞ്ചസാരയു മെടുത്തു അടുപ്പിന്റെ തിണ്ണയിൽ വെച്ചു.. ഇനി എല്ലാം എന്റെ രുചികൾ മാത്രം .. സ്വയം തിരിച്ചറിഞ്ഞ മനസ്സിനെ പതിയെ പറഞ്ഞു പഠിപ്പിച്ചു..കടുപ്പത്തിൽ ഒരു കട്ടനും ഇട്ടുകൊണ്ട് മഴ ചാറൽ ചിത്രം വരച്ച ഉമ്മറത്തെ ചാരു പടിയിൽ പോയിരുന്നു…
അപ്പോഴേക്കും മഴ പെയ്തു തോർന്നിരിക്കുന്നു.. ചെടികളോട് മഴത്തുള്ളികൾ പ്രണയം പങ്കു വയ്ക്കുകയാണ്.. അവയും അടർന്നു പോകുവാൻ മടിക്കുന്നു.. ഒരു പക്ഷെ തന്നെ പോലെതന്നെ ആയിരിക്കും അവരുടെയും പ്രണയം.. അടർന്നു പോകുമെന്ന് അറിഞ്ഞിട്ടും മഴത്തുള്ളികളെ പ്രണയിച്ച മന്ദാര ചെടികൾ.. നേർത്ത കാറ്റടിച്ചിട്ടും പൂക്കൾ മൗനം പാലിച്ചു നിൽക്കുകയാണ്.. ആ കാഴ്ചകളെ നോക്കി കൊണ്ടവൻ ചാരുപടിയിലെ തൂണിലേക്ക് ചേർന്നിരുന്നു..
നിറം മങ്ങി തുടങ്ങിയെങ്കിലും അതിലെ ആദ്യ പേജ് തുറന്നു..2002ജനുവരി ഏഴാം തിയ്യതി സമയം 6.30…ആ പുസ്തകം അടച്ചു കൊണ്ടു നെഞ്ചോട് ചേർത്തു പിടിച്ചു.. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു…
അല്ലെങ്കിൽ അന്ന് ആ ബസ്സിൽ കയറാനും അവളെ കാണാനും…
“ചേട്ടാ ഓട്ടോ പിടിക്കുകയാണെങ്കിൽ എന്നെ ആലിന്റെ അവടെ ഇറക്കാമോ?”
പിറകിൽ നിന്ന് ആ കിളി ശബ്ദം കേട്ടയുടൻ അവൻ തിരിഞ്ഞു നോക്കി..വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി…. തന്നെ നോക്കി അപേക്ഷിക്കുകയാണ്.. ഇരുട്ടു വീണു തുടങ്ങിയതിനാലാവും അവളുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ടായിരുന്നു..
മറുപടി പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല വഴിവക്കിലെ ഇരുണ്ട വെളിച്ചത്തിൽ അവളുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയായിരുന്നു… വശ്യത യാർന്ന മുഖം.. ഒതുങ്ങിയ ശരീരം..ഇടതൂർന്ന മുടി കാറ്റിൽ പാറിപറക്കുകയാണ് തന്റെ മറുപടി കിട്ടാത്തതിനാലാവും അവൾ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയത്..
“ഏയ് ഒന്ന് നിന്നെ.. “അവൾ വീണ്ടും തിരിഞ്ഞു നോക്കി മുടി പാറികിടക്കുന്നുണ്ടായിരുന്നെങ്കിലും അതിനിടയിൽ ഒളിച്ചിരുന്ന ആ കണ്ണിനു ഒരു പ്രത്യേക തെളിച്ചമുണ്ടായിരുന്നു..
“താൻ എന്താ ചോദിച്ചേ?.”
“ചേട്ടൻ ഇരിഞ്ഞാലക്കുടയ്ക്ക് ആണെങ്കിൽ ഞാൻ പോകുന്ന വഴി ആലിന്റെ അവടെ ഇറങ്ങിക്കോളാം..”
തലയാട്ടി സമ്മതം നൽകി.. അവളുടെ മുഖത്ത് ഭയം നീങ്ങി ചെറു മന്ദസ്മിതം വിടർന്നു..അതിനു ശേഷമാണ് പോക്കറ്റിലേയ്ക്ക് കൈ ഇട്ടത്..പതിനേഴു രൂപ.. ഈ പൈസ കൊണ്ടു ഓട്ടോ വിളിച്ചാൽ ഇരിഞ്ഞാലക്കുടയിൽ നിന്ന് ഞാൻ എങ്ങനെ തിരിച്ചു പോകും..ആ യാത്ര ചെന്നു അവസാനിച്ചത് 150രൂപയിലാണ്.. കൊടുക്കുവാൻ കയ്യിൽ പൈസ ഇല്ലാത്തതു കൊണ്ടു ഓട്ടോക്കാരനെ വീടുവരെ എത്തിച്ചു… അമ്മയുടെ കയ്യും കാലും പിടിച്ചാണ് അന്ന് ആ ഓട്ടോക്കാരനെ പറഞ്ഞു വിട്ടത്..
പിന്നീടുള്ള എന്റെ ദിവസങ്ങൾ കാട്ടൂർ ബസ്റ്റാൻഡിൽ തന്നെ ആയിരുന്നു.. കാണണംഅവളെ കാണണം..
ആ കണ്ണുകളെ ഒരിക്കൽ കൂടി കാണുവാൻ.എന്തോ മനസ്സിൽ വല്ലാത്ത ഒരു ആഗ്രഹം . ഒന്നു രണ്ടു ദിനങ്ങൾ കാത്തിരുന്നിട്ടും കാണുവാൻ സാധിച്ചില്ലെങ്കിലും ആ കണ്ണുകൾ എന്നെയും തിരയുണ്ടെന്ന് എനിക്കു ബോധ്യമായത് അവൾ എന്റെ മുന്നിൽ വന്നു നിന്നപ്പോഴാണ്…
“എന്താ ഓട്ടോക്കാരാ ഇവിടെയൊരു ചുറ്റിക്കളി?”
“ഏയ്..”
“പിന്നെ ആരെയൊ അറിഞ്ഞു തേടുന്നുണ്ടല്ലോ..”
“അതെങ്ങിനെ മനസ്സിലായി..”
“അല്ലാതെ ഈ പരിസരത്തു ദിവസവും ആരെ തേടി വരുന്നതാ.. അന്ന് വന്നതിന്റെ ഓട്ടോ കാശു ചോദിക്കാൻ ആണോ?..”
പറയുവാൻ എന്തോ ഒരു മടി പോലെ.. എന്നാൽ പറയാതിരിക്കുവാനും കഴിയുന്നില്ല.. പറഞ്ഞില്ലെങ്കിൽ പിന്നെ ഒരു അവസരം കിട്ടിയില്ലെങ്കിലോ..ആ കണ്ണുകൾ തന്നെയൊന്ന് തറപ്പിച്ചു നോക്കിയതിനു ശേഷം തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ അവളെ തന്റെ വാക്കുകൾ വീണ്ടും പിടിച്ചു നിറുത്തി..
“താൻ ഒന്ന് നിന്നെ..”
“ഉം എന്ത് വേണം”.അല്പം ഗർവ്വോട് കൂടിയാണ് അവൾ മറുപടി നൽകിയത്..
“കുട്ടി ചോദിച്ചില്ലേ ആരെ കാണാൻ ആണ് ഇവിടെ ചുറ്റിത്തിരിയുന്നതെന്ന് . ശരിയാണ് തന്നെ കാണാൻ തന്നെയാ..ഒരു കാര്യം തന്നോട് മാത്രമായി പറയാൻ വന്നതാ..”
അതു കേട്ടവൾ പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമീപനം..
“തനിക്ക് വട്ടാണോ അതൊ വട്ടായതു പോലെ അഭിനയിക്കുന്നതാണോ?”
അവളുടെ മറുപടി കൂടി കേട്ടപ്പോൾ പറയുവാൻ വന്നത് തൊണ്ടയിൽ കുരുങ്ങിയതു പോലെ അവനു തോന്നി.. തന്റെ മൗനമാകണം അവളെ വീണ്ടും പ്രകോപനം കൊള്ളിച്ചത്..
ചിരിയുടെ അവസാനം അവളുടെ മറുപടി തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു..
“എന്നാൽ താൻ വിട്ടോ ഈ സ്ഥലം അല്പം പിശക..”
“ഏടോ … എനിക്കൊരു കാര്യം പറയാനുണ്ട്…എന്നിട്ടു ഞാൻ പൊയ്ക്കോളാം “
“അത് തന്നയല്ലേ ഞാനും ചോദിച്ചേ…ഇനി താലം പിടിച്ച പെണ്ണുങ്ങളും വാദ്യമേളങ്ങളും വേണമായിരിക്കും തന്റെ തിരുമൊഴി പുറത്തു വരാൻ എന്താണെന്നു വച്ചാൽ ഒന്ന് പറഞ്ഞു തൊലയ്ക്ക്… എനിക്ക് പോയിട്ട് വേറെ ജോലിയുള്ളതാ…”
എന്റെ ഭാഗത്തു നിന്നും വീണ്ടും മൗനം .. ഇത്തവണ അവൾ വിരൽ ചൂണ്ടിയാണു ചോദിച്ചത്.. “താൻ എന്താ ആളെ കളിയാക്കുകയാണോ.?.”
“എനിക്ക്…എനിക്ക് കുട്ടിയെ ഇഷ്ടാണ്. കണ്ട അന്ന് മുതൽ മനസ്സിൽ തോന്നിയ ഒരിഷ്ടം അതു തന്നോട് പറയുവാൻ വേണ്ടിയാണു കുറച്ചു ദിവസമായി ഇവിടെ കാത്തു നിന്നതു..”
“താൻ ആളു കൊള്ളാമല്ലോ ഒറ്റ തവണ കണ്ടാൽ അതെങ്ങനെയാടോ ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നുക? അപ്പോൾ താൻ ആദ്യമായിട്ടാണോ പെണ്ണുങ്ങളെ കാണുന്നെ.?. വൈശാലിയിലെ നായകനെ പോലെ കൊള്ളാം കേൾക്കാൻ രസമുണ്ട്..”
” എനിക്കു കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്..”
അവൾ വീണ്ടും പുഞ്ചിരിച്ചു..
“തന്റെയൊക്കെ നാട്ടിൽ വഴിവക്കിലാണോ പെണ്ണ് കാണുന്നത്..കൊള്ളാമല്ലോ ഏതാ തന്റെ നാട്.?.”
“കളിയാക്കാൻ പറഞ്ഞതല്ല സത്യമായിട്ടും ഇഷ്ട്ടമാണ്” അവൻ വീനീതമായി മറുപടി പറഞ്ഞു..
“എടോ ചേട്ടാ,”
“ചേട്ടൻ?”
“അതേ കാര്യങ്ങൾ ഇത്രത്തോളം ആയ നിലയ്ക്ക് ഇനികല്യാണം കഴിക്കുവാൻ പോകുന്ന ആളെ ചേട്ടാ എന്നല്ലേ വിളിക്കേണ്ടത്..”
അവൾ വീണ്ടും വീണ്ടും അവനെ കളിയാക്കി കൊണ്ടിരുന്നു എന്നിരുന്നാലും അവൻ തന്റെ ഇഷ്ട്ടത്തിൽ നിന്നും പിൻമാറിയിരുന്നില്ല.. ആകാംക്ഷയോടെ അവൾ പറയുന്നതിനു വേണ്ടി കാത്തിരുന്നു..
പിന്തിരിപ്പിക്കാനായി ഏറെ കാര്യങ്ങൾ പറഞ്ഞിട്ടു അവന്റെ മുഖത്തു പ്രതീക്ഷയുടെ തിളക്കം നഷ്ട്ടപെടുന്നില്ല എന്നറിഞ്ഞതിനാലാവും അവൾ കാര്യത്തിലേക്ക് കടന്നതു..
“ചേട്ടായി എനിക്കു ചേട്ടനോട് ഒരു ദേഷ്യവും ഇല്ല.. എന്റെ ജീവിതത്തിൽ ഇങ്ങിനെ ഒരു അനുഭവം ആദ്യമായിട്ടൊന്നും അല്ല. ചേട്ടനെ പോലെ ആഴ്ചയിൽ ഒരു ചെക്കൻ എന്നെ വഴിവക്കിൽ വന്നു പെണ്ണ് കാണുന്നുണ്ട്.. അതു സ്കൂൾ പിള്ളേർ മുതൽ കിഴവൻമാർ വരെ ഉൾപ്പെടും..ചേട്ടന് ഇപ്പോൾ തോന്നിയത്.. ഒരാണിനു പെൺകുട്ടികളെ കാണുമ്പോൾ ഇടക്ക് തോന്നുന്ന ഒരു വികാരത്തിന്റെ പുറത്തു തോന്നിയതാ.എന്തായാലും ചേട്ടൻ തുറന്നു പറഞ്ഞതിൽ സന്തോഷമുണ്ട്.. എനിക്കിപ്പോൾ കല്യാണത്തിനു ഒന്നും നേരവുമില്ല താൽപര്യവുമില്ല..”
“താൻ കരുതുന്ന പോലെ ഒരു വികാരതള്ളിച്ചയല്ല തന്നോട് എനിക്കു തോന്നിയത് മനസ്സിൽ തട്ടിയിട്ടു തന്നെയാ വന്നു ചോദിച്ചത്..”
“സമ്മതിച്ചു.. തനിക്ക് പ്രണയം എന്ന വാക്കിന്റെ അർത്ഥം അറിയുമോ.. അതു ഒരു ഭാഗത്തുനിന്നും വരണ്ടതല്ല.. രണ്ടു പേർക്കും മനസ്സിൽ തോന്നിയത് ഹൃദയത്തിൽ ചെന്നു അവസാനിക്കേണ്ടതാണ്..പരസ്പരം അറിയണം മനസിലാക്കണം..”
അതൊന്നും തന്നോട് പറഞ്ഞാൽ മനസ്സിലാവില്ല.. എന്റെ പേര് പോലും തനിക്കറിയില്ല എന്റെ വീടു ജാതി മതം കുടുംബം.. ഇതൊന്നും അറിയാതെ പ്രണയിച്ചാൽ ചേട്ടന്റെ വികാരം കെട്ടടങ്ങുമ്പോൾ ഞാൻ വെറും അന്യയായി പോകും..ഒരു കാര്യത്തിൽ എനിക്ക് ചേട്ടനോട് ബഹുമാനം ഉണ്ട് മറ്റുള്ളവരെ പോലെ ശരീരത്തിൽ നോക്കി ചോര കുടിക്കുന്നതിനു പകരം മുഖത്തു നോക്കി പറഞ്ഞല്ലോ ആ ധൈര്യമെനിക്കിഷ്ടമായി..”
“കുട്ടിക്ക് എന്നെ ഇഷ്ട്ടമാണോ ഇല്ലയോ എന്നറിഞ്ഞാൽ മതി..”
“ഇതെന്തു ചോദ്യമാണ് ചേട്ടാ.. ചേട്ടനെ ഇഷ്ട്ടപെടാതിരിക്കാൻ ഞാൻ അത്ര വലിയ സുന്ദരിയും അമ്പാനിയുടെ മകളൊന്നുമല്ലലോ..മറ്റു പെണ്ണുങ്ങളെ പോലെ തന്നെയാണ് ഞാനും. എനിക്കു മാത്രമായി ഒരു പ്രതേകതയും ഇല്ല..”
“മതി ഇത്രയും കേട്ടാൽ മതി..”
“ഒന്ന് നിൽക്കുന്നേ ഇത്രയും ആയ സ്ഥിതിക്കു ഇതും കൂടി അറിഞ്ഞിട്ടു ജാതകം നോക്കിയ മതി..”
അവൻ തലയാട്ടി..
“ചേട്ടാ ഇടിഞ്ഞു വീഴാറായ വീടു.. തളർന്നു കിടക്കുന്ന അച്ഛൻ അച്ഛന്റെ അടുത്ത് സദാ സമയം ഒരാൾ വേണം അതു കൊണ്ടു ഒരു ജോലിക്കും പോകാതെ കൂടെ നിൽക്കുന്ന അമ്മ..അപസ്മാര രോഗിയായ ചേച്ചി..10ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജത്തി അവരുടെയെല്ലാം അത്താണിയാണ് ഞാൻ.. പ്രണയിക്കാനും വിവാഹം കഴിക്കാനും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. കഷ്ടപെട്ടു പഠിച്ചു വാങ്ങിയ ജോലിയാണ്.. എനിക്കു വേണ്ടിയല്ല എന്റെ കുടുംബം പോറ്റുവാൻ.. ഞാൻ ഇല്ലാതായൽ എന്റെ കുടുംബവും നശിക്കും.. അങ്ങിനെയുള്ളവൾക്ക് എങ്ങിനെയാ ചേട്ടാ പ്രണയവും വിവാഹവും വന്നു ചേരുക.. അതുകൊണ്ട് ഞാൻ അതിനെ കുറിച്ചു ചിന്തിക്കാറു പോലുമില്ല….”
“ചേട്ടോ,എന്റെ പേര് രശ്മി.. ഇനി പേരറിയാതെ പ്രേമിക്കാതിരിക്കണ്ട..”അപ്പോൾ എവിടെയെങ്കിലും വച്ചു കാണാം.. അല്ല കാണാതിരിക്കാം…ചിരിച്ചു കൊണ്ടവൾ നടന്നകന്നപ്പോഴും.. അവൾ പറഞ്ഞ കാര്യങ്ങൾ കൂട്ടിയും കിഴിച്ചും നോക്കുകയായിരുന്നു അവൻ അന്നേരം..
മറുപടി പറയാൻ കഴിയാതെ അന്നവിടെ നിന്നും തിരിക്കുമ്പോൾ കണ്ണിൽ ഒരു പൊട്ടു കണ്ണുനീർ പൊടിഞ്ഞില്ല കാരണം അവൾ പറഞ്ഞതാണ് ശരി.. ആ വീടിന്റെ അത്താണിയായവളെ ഞാൻ സ്വന്തമാക്കിയാൽ അവരുടെ എല്ലാവരുടെയും ശാപം ഞാൻ ഏറ്റു വാങ്ങേണ്ടി വരും.. ഇനി തന്റെ വീട്ടുകാരെ ധിക്കരിച്ചു അവളെ വിവാഹം ചെയ്യാമെന്ന് വെച്ചാൽ മാന്യമായ ഒരു ജോലിയില്ല, എല്ലാവരും കരയുന്നതിനേക്കാളും നല്ലത് ഈ ആഗ്രഹം മുളയിലേ നുള്ളുന്നതാണ്..മിഴികൾ തുടച്ചു കൊണ്ടു അവൻ വീണ്ടും ആ പുസ്തകം തുറന്നു..
എന്തൊക്കെയോ ഭ്രാന്തമായി കുത്തി കുറിച്ചു വെച്ചിരിക്കുന്നു.. പിന്നീട് അങ്ങോട്ട് ഒന്നും എഴുതാത്ത താളുകൾ..സത്യത്തിൽ താൻ ചെയ്തത് ശരിയാണോ.. അറിവില്ലാത്ത സമയത്തു തോന്നിയ ഒരു ഇഷ്ട്ടം മാത്രമായിരുന്നോ തനിക്ക് അവളോട്.. അന്നവൾ അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും വല്ലപ്പോഴെങ്കിലും ഒന്നു തിരിഞ്ഞു നോക്കാമായിരുന്നു.. പട്ടണത്തിലെ ഉയർന്ന ഉദ്യോഗവും സമൂഹത്തിലെ ഉന്നതൻമാരുമായുള്ള സഹവാസവും എന്തോ തന്നിൽ നിന്ന് അവളെ അകറ്റുകയായിരുന്നു..തന്റെ കാഴ്ചപ്പാടുകൾ എന്നെ വേറെ ഒരു ലോകത്തു കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു..പണവും പ്രശസ്തിയും തന്നെ പഴയ മനുഷ്യനിൽ നിന്നും മാറ്റിയെടുത്തു…
വർഷങ്ങൾ ഒൻപതു പിന്നിട്ടിരിക്കുന്നു..ഇന്നിതാ ഞാനും അനാഥനായിരിക്കുന്നു ജന്മം നൽകിയ അമ്മയും പ്രിയ പത്നിയും തന്നെ തനിച്ചാക്കി പോയിരിക്കുന്നു.. പണത്തിന്റെ പിറകെ പോയപ്പോൾ സ്നേഹബന്ധങ്ങളെ താൻ മറന്നു പോയി..
ഈ പണം ഇനി എനിക്ക് എന്തിനാ.?.
പിന്നെ ഒന്നും ആലോചിച്ചില്ല അവൻ തിരക്കിട്ടു വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി..മനസ്സിൽ ഒറ്റ ലക്ഷ്യം മാത്രം അവളെ ഒന്ന് കാണണം മാപ്പ് പറയണം.. സഹായിക്കുവാൻ കഴിഞ്ഞാൽ ചെയ്യണം…
മനസ്സിൽ മായാതെ കിടക്കുന്ന ആ പഴയ ഇടത്തേക്ക് ചെന്നു..നാട് ഒരുപാട് മാറിയിരിക്കുന്നു. തോടുകളും തെങ്ങിൻ തോപ്പുകളും ഉണ്ടായിരുന്ന ഇടത്തെല്ലാം വലിയ വലിയ വീടുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.. അവൻ വാച്ചിലേയ്ക്ക് നോക്കി 6മണി ആകുന്നു..
അവൾ വന്നില്ലല്ലോ.. താൻ എന്തൊരു വിഡ്ഢിയാണ്.. അവൾ വിവാഹമെല്ലാം കഴിഞ്ഞ് എവിടെയോ പോയി കാണും.. തിരികെ കാറിന് അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അന്നവൾ പറഞ്ഞ വാക്കുകൾ വീണ്ടും ഓർത്തെടുത്തതു.. “വിവാഹമോ അതൊന്നും എന്റെ സ്വപ്നത്തിൽ പോലും ഇതുവരെ വന്നിട്ടില്ല ഇനിയൊട്ട് വരികയും ഇല്ല..”
എന്തോ തീരുമാനിച്ചിറപ്പിച്ചതുപോലെ ആൽത്തറ ലക്ഷ്യമാക്കി പാഞ്ഞു..കാർ വഴിയരികിൽ ഒതുക്കി നിറുത്തിയതിനു ശേഷം തൊട്ടടുത്തു കണ്ട ഒരു പെട്ടിക്കടയിൽ അവളെ കുറിച്ച് തിരക്കി..
“ചേട്ടാ ഇവിടെ അടുത്ത് രശ്മി എന്നൊരു കുട്ടിയുടെ വീടു എവിടെയാണെന്ന് അറിയുമോ.?.”
“ഏതു രശ്മി.. വീട്ടു പേര് അച്ഛന്റ്റെ പേര് വല്ലതും അറിയാമോ സാറെ ..”
ആയാൾ തല ചൊറിയുന്നത് കണ്ടാൽ മറുപടി ലഭിക്കുകയില്ല എന്ന് കരുതിയപ്പോഴാണ് ആയാൾ സഹതാപത്തോടെ പറഞ്ഞത് “നമ്മുടെ നാരായണിയമ്മയുടെ മോളാണോ? മരുന്ന് പീടികയിൽ ജോലിയുള്ള,..”
കൃത്യമായി അറിയില്ലെങ്കിലും അതേ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി..
“അങ്ങിനെ ആണെങ്കിൽ ദാ കാണുന്ന
മണ്ണിട്ട വഴി അവസാനിക്കുന്നതു അവരുടെ വീട്ടിലേക്കാ .. ” അയാൾ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ആ പേര് ഉരുവിട്ട് കൊണ്ടവൻ മുൻപോട്ട് നടന്നു..രശ്മി..
നേരം ഇരുട്ടി തുടങ്ങിരിക്കുന്നു.. ഈ അസമയത്തു ആ വീട്ടിൽ കയറി ചെല്ലുന്നത് ശരിയാണോ എന്നവൻ സ്വയം ചോദിക്കുന്നുണ്ടായിരുന്നു.. ചിന്തയിൽ ദുരുദ്ദേശം ഒന്നുമില്ലാത്തതുകൊണ്ട്.. ആ ചോദ്യത്തെ നിഷ്കരണം തള്ളിക്കളഞ്ഞു.
ആ വീടിനു മുൻവശത്തായി അവൻ ഒന്നു നിന്നു.. വർഷം ഒൻപതു കഴിഞ്ഞിട്ടും അന്ന് അവൾ പറഞ്ഞിരുന്നപോലെ ഒരു മാറ്റവുമില്ലാതെ നിലകൊണ്ട ഒരു പഴയ ഓലമേഞ്ഞ വീട്..ഉമ്മറത്ത് നിലവിളക്ക് കണ്ടപ്പോൾ അവിടെ ആളുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു..
മടിച്ചു മടിച്ചു നിന്നു കൊണ്ടു നീട്ടി വിളിച്ചു.. “രശ്മി..” അധികം താമസിയാതെ മുഷിഞ്ഞ വേഷം ധരിച്ച ഒരു സ്ത്രീ ഇറങ്ങി വന്നു..
“ആരാ എന്തു വേണം..”
ഒരു അപരിചിതനോട് ചോദിക്കുന്ന പോലെ ചോദിച്ചു കൊണ്ടവൾ മുറ്റത്തേക്ക് ഇറങ്ങി..നിലവിളക്കിന്റെ വെളിച്ചത്തിൽ അവൻ അവളെ തിരിച്ചറിഞ്ഞു.. അതേ കണ്ണുകൾ അതേ മുടി. കാലമിത്ര കഴിഞ്ഞിട്ടും അവൾക്കൊരു മാറ്റവുമില്ല..
” ആരാ എന്തു വേണം.?. “എന്റെ തുറിച്ചു നോട്ടം ഒരു പക്ഷെ അവൾ തെറ്റിദ്ധരിച്ചിരിക്കണം..
സ്വയം പരിചയം പുതുക്കുകയല്ലാതെവേറെ മാർഗമില്ല..ഒരു പക്ഷെ പ്രാരാബ്ധങ്ങൾക്കിടയിൽ അവൾ എന്നെ മറന്നു പോയിട്ടുണ്ടാവും..അല്ലെങ്കിൽ തന്നെ എന്നെ ഓർത്തിരിക്കാൻ മാത്രം ഞങ്ങൾ തമ്മിൽ ഒരു ബന്ധം ഇല്ലല്ലോ.
“എന്നെ മനസ്സിലായോ.?.”
“ഇല്ല അതുകൊണ്ടല്ലേ ചോദിച്ചത്..”
“ഒരു ചെറിയ കടം ഉണ്ടായിരുന്നു..”
അവളുടെ മുഖം വാടി.. കണ്ണുകൾ നിറഞ്ഞു.. ഗാംഭീര്യമുള്ള ആ വാക്കുകൾ..അയ്ഞ്ഞു.. അവൾ അവനു നേരെ കൈകൾ കൂപ്പി..
“നിവർത്തിയില്ലാത്തതു കൊണ്ടാ സാറെ..സ്ഥലവും വീടും നോക്കാൻ കഴിഞ്ഞ ആഴ്ച ഒരു കൂട്ടർ വന്നിരുന്നു.. ശരിയായാൽ എത്രയും പെട്ടന്ന് കടങ്ങൾ മുഴുവൻ വീട്ടിക്കോളാം ഒരു മാസത്തെ കൂടെ ഇളവ് നൽകണം…” അതു കേട്ടപ്പോൾ അവന്റെയും കണ്ണുകൾ നിറഞ്ഞു.. പാവം ഏതോ കടക്കാർ ആണെന്ന് കരുതി പറഞ്ഞതാവും…
അവൻ ആത്മസംയമനം പാലിച്ചു..
“ശരി എനിക്കു കുറച്ചു വിവരങ്ങൾ ശേഖരിക്കാൻ ഉണ്ട് പറയുന്നതിൽ വിരോധമുണ്ടോ..”
“ഇല്ല സാർ ചോദിച്ചോളൂ..”
“ഇപ്പോൾ ഈ വീട്ടിൽ ആരൊക്കെയുണ്ട്..”
” ഞാനും..” വിതുമ്പി കൊണ്ടുവൾ പറഞ്ഞു നിറുത്തി..
” പറയു കുട്ടി..”
“ഞാനും മരിച്ചു പോയ മൂന്നു ആത്മാക്കളും..
“അച്ഛനും അമ്മയും നേരത്തെ മരിച്ചു.. പിന്നെ കൂടെ ഉണ്ടായിരുന്നത് ചേച്ചി ആയിരുന്നു.. കഴിഞ്ഞ വർഷം ചേച്ചിയും പോയി..”
“അപ്പോൾ അനുജത്തി.?”
“അവൾ ഏതോ ഒരു ബസ് ഡ്രൈവറുടെ കൂടെ പോയ് ..എനിക്കും അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെ കൂടെ പോകണമെന്നുണ്ടായിരുന്നു.. മരിച്ചതിനു ശേഷം ആരും കടം കൊടുക്കാതെ ആത്മഹത്യ ചെയ്തു എന്ന പേരും കൂടി കേൾക്കണ്ട എന്ന് കരുതി…ഓരോരുത്തർക്കായി ഒരുപാട് പൈസ കടം ഉണ്ട്.. അതുവരെ ജീവിച്ചിരിക്കണമെന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു.. അഭിമാനം എന്നൊന്നില്ലേ..താമസിയാതെ എല്ലാം ശരിയാകും..വിശ്വാസമല്ലേ എല്ലാം അതുവരെ തനിച്ചു ജീവിക്കാൻ ആണ് യോഗം ..”
“ഇനി ഞാൻ ഒരു സത്യം പറയട്ടെ..രശ്മി എന്നെ ഓർക്കുന്നുണ്ടോ..”
അവൾ അല്പം കൂടി അവന്റെ അടുത്തേയ്ക്ക് ചേർന്നു നിന്നു.. ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..
ഇപ്പോൾ മനസ്സിലായി.. അവൾ തീച്ചൂളയുടെ അരികെ വീണു പോയ ഉറുമ്പിനെപോലെ പുറകോട്ട് മാറിനിന്നു കൊണ്ടു പറഞ്ഞു..
“ഒരിക്കലും കാണരുത് എന്നാഗ്രഹിച്ചതാ താങ്കൾക്ക് പോകാം.. ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടും..” അവൾ അവനു നേരെ വിരൽച്ചൂണ്ടി കൊണ്ടു ആക്രോശിച്ചു..
“പോകാൻ തന്നെയാ വന്നത് ..ആ പഴയ രശ്മിയെ ഒന്ന് കാണാൻ.. പ്രണയം ഒരിക്കലും സ്വപ്നം കാണാത്ത.. കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച തന്റേടം ഉള്ള ആ പെൺകുട്ടിയെ മരിക്കുന്നതിന് മുൻപായി ഒരിക്കൽ കൂടി കാണണം എന്ന് തോന്നി..”
“എന്തിനു.. ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനോ..? അതിനു താൻ എന്റെ ആരാ..? വഴിവക്കിൽ കണ്ട ഒരു അപരിചിതമുഖം മാത്രം..”
“രശ്മി പറയുന്നത് കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്…”
“എടോ തനിക്കു പെണ്ണുങ്ങളെ അറിയില്ലടോ..പെണ്ണുങ്ങൾ മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചാൽ മരണംവരെ അയാൾ ആയിരിക്കു അവളുടെ മനസ്സിൽ..എന്നെ വഞ്ചിച്ച ദ്രോഹിയാണ് താൻ..എനിക്കു തന്നെ കാണണ്ട..താൻ പറഞ്ഞില്ലേ പ്രണയം തോന്നാത്ത പെണ്ണെന്നു…പ്രണയം തോന്നാത്ത മനുഷ്യൻ ഉണ്ടോ..ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാനും ഒരാളെ പ്രണയിച്ചിരുന്നു.. സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ഒരാൾ…”
“മനസ്സിന്റെ ഉള്ളിൽ വർഷങ്ങളോളം.. എന്നെങ്കിലും ഒരു നാൾ എന്നെ തേടി വരും എന്ന് കരുതി കാത്തിരുന്ന ഒരാൾ .” ജന്മം നൽകിയ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും
തന്നെ വിട്ടകന്നപ്പോൾ..സ്വപ്നങ്ങൾ എല്ലാം വ്യാമോഹങ്ങൾ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു..ഇനി എനിക്കു ആരും വേണ്ട..”
അവളുടെ ഏറ്റുപറച്ചിലിൽ അവൻ നിന്നു ഉരുകയായിരുന്നു..
അവൾ മനസ്സിൽ സൂക്ഷിച്ചു വെച്ച തന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന പ്രണയത്തിന്റെ വേരുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക്ഇറങ്ങി പോയിരിക്കുന്നു.. സത്യത്തിൽ താൻ അവളെ ചതിക്കുകയായിരുന്നുവോ..അന്നും ഇന്നും എനിക്കു ഉത്തരം കിട്ടാത്ത സമസ്യയാണിതു..
എനിക്കു പ്രായശ്ചിത്തം ചെയ്യണം..എല്ലാം ഏറ്റു പറഞ്ഞു കൊണ്ടു അവളെ കൂടെ കൂട്ടണം.. അവൻ തീരുമാനിപ്പിച്ചുറപ്പിച്ചു…
“ശരിയാണ്.. തെറ്റുകൾ മുഴുവൻ എന്റെ ഭാഗത്താണ്.. നിനക്കു വെറുതെ ആശകൾ നൽകി.. തന്നെ ഞാൻ മനപൂർവ്വം മറന്നു.. പുതിയ ജീവിതം തുടങ്ങി..ഇന്ന് തന്നെ പോലെ ഞാനും ഒരു അനാഥനാണ്.. ഒന്നു മിണ്ടി പറയാൻ പോലും ആരും ഇല്ല.. അമ്മയും ഭാര്യയും ഒരു അപകടത്തിൽ മരിച്ചു.. ചിലപ്പോൾ ഞാൻ ചെയ്ത തെറ്റുകൾക്ക് ഈശ്വരൻ തന്ന ശിക്ഷയാവും.. അല്ലെങ്കിൽ… ആരുടെയോ “അവൻ വാക്കുകൾ മുറിച്ചു നിറുത്തി..
അപ്പോഴും രണ്ടു പേരുടെയും ശരികളും തെറ്റുകളും തമ്മിൽ ഒന്നു ചേരാതെ കണ്ണുനീരിനോട് കഥകൾ പറയുകയായിരുന്നു.. എല്ലാം കേട്ടു കൊണ്ടു മറുപടി പറയാതെ തല കുമ്പിട്ടു നിൽക്കുന്ന .. അവളുടെ വിതുമ്പലിന്റെ മുൻപിൽ അവസാനമെന്നോണം അവൻ യാത്ര പറഞ്ഞു പോകുവാൻ തീരുമാനിച്ചു ….
“പോകുന്നതിനു മുൻപായി ഒന്ന് ചോദിച്ചോട്ടെ ..ഇനിയും മനസ്സിൽ ആ ക്രൂരന്റെ മുഖം മായാതെ കിടക്കുന്നെങ്കിൽ.. ആ പഴയ ഓട്ടോ കാശിന്റെ കടം വീട്ടണെമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ കൂടെ വരാൻ സമ്മതമാണെങ്കിൽ….പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപായി അവൾ പൊട്ടികരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു..എനിക്ക് ആരും ഇല്ല.. എന്നെ തനിച്ചാക്കി പോകല്ലേ… ” അവളുടെ ചുടു കണ്ണുനീർ വീണതു അവന്റെ ഹൃദയത്തിലായിരുന്നു .. വറ്റി വരണ്ട മണ്ണിൽ വീണ മഴതുള്ളി പോലെയത് അവന്റെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നു…
മിഴികളിൽ ഒലിച്ചിറങ്ങുന്ന കണ്ണീർ ഒപ്പികൊണ്ട് അവളുടെ കൈ കോർത്തു പിടിച്ചു കൊണ്ടവൻ നടന്നു.. പുതിയ ഒരു ജീവിതത്തിലേക്ക്…
ശുഭം
എന്നു നിങ്ങളുടെ സ്വന്തം ദീപു…