ആകെ മുഖത്ത് എനിക്ക് പോലും ഇഷ്ടം തോന്നുന്നത് കണ്ണുകൾ മാത്രം ആണ്. വലിയ കണ്ണുകൾ…

Story written by Meenu M

==================

അതൊരു അഞ്ചുവർഷത്തെ പ്രണയം ആയിരുന്നു….

പ്ലസ് ടു കാലഘട്ടത്തിന്റെ അവസാനം ആണ് ഞാനും അവനും കണ്ടുമുട്ടിയത്…

എന്നോട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ എല്ലാ പെൺകുട്ടികളെപോലെയും എന്റെ മുഖം ചെന്താമര പോലെ വിടർന്നില്ല.സ്വതവേ മങ്ങിയ എന്റെ മുഖം ഒന്നും കൂടി മങ്ങിപോകുക ആണ് ചെയ്തത്…

മറുപടി ഏതും കൊടുക്കാതെ തിരിഞ്ഞു നടന്നു…

ഡീ…എന്തെങ്കിലും പറഞ്ഞിട്ട് പൊകൂ… പിൻവിളി കേട്ടില്ലെന്നു നടിച്ചു ഓടിയും നടന്നും ഞാൻ ബസ് സ്റ്റോപ്പിലെ തിരക്കിൽ മറഞ്ഞു..

കാലങ്ങൾ ആയി കൊണ്ടു നടക്കുന്ന അപകർഷതബോധം തന്നെ ആയിരുന്നു കാരണം.

ഞാൻ ഇരുനിറത്തിൽ ആണ്.ചുരുണ്ട, നീളം കുറഞ്ഞു തോളൊപ്പം മാത്രം മുടി ഉള്ളൂ…

ആകെ മുഖത്ത് എനിക്ക് പോലും ഇഷ്ടം തോന്നുന്നത് കണ്ണുകൾ മാത്രം ആണ്. വലിയ കണ്ണുകൾ…

ബാക്കി എല്ലാം എന്നിൽ നിരാശ ജനിപ്പിക്കുന്നതായിരുന്നു….

എന്റെ മാതാപിതാക്കൾ സാധാരണക്കാരായിരുന്നു. അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തുന്ന തീർത്തും പാവങ്ങൾ…

എനിക്ക് മൂത്തത് രണ്ടു സഹോദരന്മാരായിരുന്നു…

പൈസക്കു നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും ഞാൻ അവരുടെ രാജകുമാരി ആയിരുന്നു…

ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തി സ്നേഹത്തോടെ ജീവിക്കുന്ന കുടുംബം ആയിരുന്നു അത്.

ഏട്ടന്മാർ നാളെ നല്ല നിലയിൽ എത്തും എന്നും കഷ്ടപ്പാട് എല്ലാം മാറി നമ്മളും ഒരു കരയ്ക്കു എത്തും എന്നും എന്റെ അമ്മ എന്നും സ്വപ്നം കണ്ടു പോന്നു..

അങ്ങനെ ഉള്ള എന്നോട് ആണ് ഒരുവൻ വന്നു ഇഷ്ടം പറഞ്ഞിരിക്കുന്നത്.

എനിക്ക് സത്യമായും അന്ന് ചിരി ആണ് വന്നത്…

അവൻ ഞങ്ങളുടെ നാട്ടിലെ അത്യാവശ്യം നന്നായി ജീവിക്കുന്ന കുടുംബത്തിലെ അംഗം ആയിരുന്നു.

അവന്റെ അച്ഛൻ വിദേശത്തു ജോലി ചെയ്യുന്നു..

അമ്പലത്തിൽ ഉത്സവസമയത്ത് ഒക്കെ ഞാൻഅവന്റെ അമ്മയെയും ചേച്ചിയെയും കാണാറുണ്ട്…

നല്ല രീതിയിൽ വസ്ത്രം ധരിച്ചു ആവശ്യത്തിന് ആഭരണങ്ങൾ ഒക്കെ ധരിച്ചു ആഡ്യത്തം വിളിച്ചോതുന്ന അമ്മയും മകളും..

പക്ഷെ എത്ര വേണ്ടെന്നു വച്ചാലും നമ്മൾക്ക് ഒരു വിധി ഉണ്ട്.. അതിനെ മറികടക്കുവാൻ വയ്യല്ലോ…

ഞാനും അവനും സ്നേഹിച്ചു…എന്റെ ഉള്ളിൽ ഞാൻ തന്നെ കണ്ടെത്തിയ കുറേ കുറവുകൾ ഉണ്ടായിരുന്നു എനിക്ക്…

അങ്ങനെ ഉള്ള എന്നേ അവൻ ഇഷ്ടപെട്ടല്ലോ… അതുകൊണ്ട് തന്നെ ഞാൻ അവനേ തീവ്രമായി സ്നേഹിച്ചു…

ഞാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന തുച്ഛമായ പൈസ പോലും അവനു മൊബൈൽ റീചാർജ് ചെയ്യാനും മറ്റും ആയി നൽകി.

എനിക്ക് വേണ്ടി ഒരു രൂപ പോലും ഞങ്ങൾ ഒന്നിക്കുന്നതിനു മുൻപ് അവൻ ചിലവാക്കരുത് എന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…

ചിലപ്പോൾ എന്നിൽ ഉണ്ടായിരുന്ന കോംപ്ലക്സ് ന്റെ ഭാഗം ആയിരുന്നിരിക്കാം….

അതൊരു ആത്മാർത്ഥ പ്രണയം ഒന്നും ആയിരുന്നില്ല ന്നു ഞാൻ എപ്പോളോ തിരിച്ചറിഞ്ഞിരുന്നു…

കാരണം ചിലപ്പോൾ ഒക്കെ അവൻ സ്വാർത്ഥൻ ആയിരുന്നു…

അവന്റെ ചില സ്വഭാവങ്ങളിൽ.. രീതികളിൽ സ്വാർത്ഥത മുന്നിട്ട് നിന്നിരുന്നു…

ഒരുപക്ഷെ അവൻ വളർന്ന ചുറ്റുപാടിന്റെ ആയിരുന്നിരിക്കാം.. പോകെ പോകെ ശരിയാവും.. ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു..

എങ്കിലും എന്റെ സ്നേഹം അത് ഭ്രാന്തമായിരുന്നു അവനോട്…

അതുകൊണ്ടു തന്നെ അവനിൽ നിന്നൊരു തിരിച്ചു വരവ് എനിക്ക് അസാധ്യമായിരുന്നു..തമ്മിൽ പിരിയുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല…

പ്രണയം ഒരു വല്ലാത്ത ചുഴിയാണ്….ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ അതിൽ നിന്നും തിരിച്ചു കയറുന്നത് പ്രയാസമാണ്…ആ ചുഴിയിൽ പെട്ടു കറങ്ങിതിരിഞ്ഞു വീണ്ടും അതിലേക്കു തന്നെ വീണു…എന്നെങ്കിലും അതിന്റെ ആഴങ്ങളിൽ മുങ്ങി മരിച്ചു പോകുമെന്ന് തന്നെ ഞാൻ കരുതി..

കാരണം അവനിൽ നിന്നൊരു തിരിച്ചു വരവ് എന്റെ മരണത്തിനു തുല്യം ആയിരുന്നു..

പി ജി കഴിഞ്ഞതും എനിക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങി..

ഒരു ജോലി നേടുക എന്നതിനേക്കാൾ എങ്ങനെ എങ്കിലും കല്യാണം നടത്തി വലിയൊരു ചുമതല കഴിക്കുക എന്നതിന് ആയിരുന്നു സാധാരണക്കാരായ എന്റെ വീട്ടുകാർ മുൻഗണന കൊടുത്തത്…

പൊതുവെ ഒന്നിനും വേണ്ടിയും എന്റെ വീട്ടുകാരെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ആഗ്രഹിക്കാത്ത ഞാൻ ആദ്യം ആയി പറഞ്ഞ ആഗ്രഹം ആയിരുന്നു എന്റെ ഇഷ്ടം…

കേട്ടപ്പോൾ എല്ലാ മാതാപിതാക്കളെ പോലെ അവരും വിഷമിച്ചു…

സമൂഹത്തിൽ അത്യാവശ്യം നല്ല നിലയിൽ വളർന്നു വരുന്ന യുവാക്കൾ എന്ന നിലയിൽ അത് എന്റെ സഹോദരങ്ങളെയും വേദനിപ്പിച്ചു…

വീട്ടുകാരോടൊപ്പം കയറി വന്ന അവന്റെ സാനിധ്യത്തിൽ തന്നെ എന്റെ നിറവും…

ബാക്കി ഞാൻ വർഷങ്ങൾ ആയി അനുഭവിച്ചു പോന്ന അപകർഷതബോധത്തിന്റെ ഓരോ കുറവുകളും വില്പനച രക്ക് ആകുന്നതും ഓരോന്നിനും തൂക്കി നോക്കി വില ഇടുന്നതും ഞാനും കേട്ടു നിന്നു…

അവസാനം പറഞ്ഞ വില കേട്ട് ഞാനും എന്റെ വീട്ടുകാരും ഞെട്ടിപോയിരുന്നു…

അവര് ഇറങ്ങിയതോടെ എന്റെ വീട് മരണവീടിനു തുല്യം ആയി മാറിയത് ഞാൻ അറിഞ്ഞു…ആരും എന്നേ വഴക്ക് പോലും പറയുന്നില്ല…ഏട്ടന്മാർ തലയും കുമ്പിട്ട് ഇരിപ്പുണ്ട്.അച്ഛൻ ചാരുകസേരയിൽ നെഞ്ചും തടവി കണ്ണുകൾ അടച്ചു കിടക്കുന്നു…

ഈ വീട് വിൽക്കാം.. നമുക്ക് ചെറിയ ഒരു വീട് നോക്കാം. ആൺമക്കൾക്ക് നല്ല ജോലി ആയാ നമുക്ക് പിന്നെ എന്ത് പേടിക്കാൻ ആണ്… അമ്മ കണ്ണീരോടെ അപ്പോളും തന്റെ സ്വപ്നത്തിൽ മുറുകെ പിടിച്ചു…

ഏട്ടന്മാർക്ക് നല്ല സ്ഥിതി ആയാൽ കഷ്ടപ്പാട് എല്ലാം മാറും എന്നു അമ്മ വർഷങ്ങൾ ആയി ഒരു മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരിക്കുന്നു…

ഒരുപക്ഷെ ആ പ്രതീക്ഷ ആയിരിക്കും അവരെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നയിക്കുന്നത്…

എന്നേ സ്നേഹിക്കുന്ന എന്റെ വീട്ടുകാരുടെ മുന്നിൽ…..കണ്ണാടി നോക്കുമ്പോൾ പരിഹസിച്ചു ചിരിക്കുന്ന അവളുടെ മുന്നിൽ…..എല്ലാം ഒരു പുഴുവിനെക്കാൾ ചെറുതായി പോകുന്നത് ഞാൻ അറിഞ്ഞു…

എത്ര വലിയ അപമാനം ആണ് ഹൃദയം കൊടുത്തു സ്നേഹിച്ച ഒരുവനിൽ നിന്നും ഇങ്ങനെ ഒരു തിരസ്‌കാരം ഉണ്ടാകുമ്പോൾ ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വരുന്നത്…

ആ സ്നേഹത്തെ കുറിച്ച് അറിയാവുന്ന വീട്ടുകാരുടെ, നാട്ടുകാരുടെ, കൂട്ടുകാരുടെ എല്ലാം സഹതാപം പോലും എന്റെ സ്നേഹത്തിനു നേർക്കുള്ള പരിഹാസം ആയിട്ടാണ് എനിക്ക് തോന്നിയത്…

പിറ്റേന്ന് ഒരു സന്ധ്യയ്ക്ക് ഞാനും അവനും കണ്ടുമുട്ടി….

നിറം മങ്ങിയ എന്റെ കൈകളിൽ അവന്റെ വെളുത്ത കൈകൾ ചേർത്ത് അവൻ എന്നേ ആശ്വസിപ്പിക്കുന്നതായി നടിച്ചു…

നിനക്ക് സങ്കടം ആയോ? അച്ഛൻ സ്വർണവും പണവും ആവശ്യപ്പെട്ടത്?

നീയൊന്നു ഓർത്തു നോക്ക്… അത് എന്റെ അച്ഛനോ അമ്മയ്ക്കോ വേണ്ടി ആണോ? നാളെ നമ്മുടെ ജീവിതത്തിനു തന്നെ അതൊരു അസറ്റ് ആണ്…

നിനക്കറിയോ? ചേച്ചിക്ക് അച്ഛൻ കൊടുത്ത സ്വർണവും പണവും എടുത്താണ് അളിയൻ നാട്ടിൽ ബിസിനസ്‌ തുടങ്ങിയതും അവർ പുതിയ വീട് വച്ചു മാറിയതും…

അതുപോലെ ഇവിടെ എനിക്ക് പ്രത്യേകിച്ച് ഒരു ജോലി ആയിട്ടില്ല ല്ലോ? അപ്പൊ തീർച്ചയായും ഇത് നമുക്ക് ഒരു അസറ്റ് ആകും….നമ്മളും നന്നായി ജീവിക്കും. നമ്മൾ സ്വപ്നം കണ്ട ജീവിതം…

നീയും നിന്റെ വീട്ടുകാരോട് പ്രെഷർ ചെലുത്തണം. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ ഒരു ജീവിതം ഉണ്ടാകില്ല…

എനിക്ക് നിന്നെ എന്തിഷ്ടം ആണെന്നോ…

എന്റെ മങ്ങിയ കൈകൾ അവന്റെ ചുവന്ന ചുണ്ടോട് ചേരും മുൻപേ ഞാൻ എന്റെ കൈ വലിച്ചെടുത്തു പാടവരമ്പിലൂടെ ഇറങ്ങി ഓടി…

പറയെടുപ്പിന് ഇറങ്ങിയ വെളിച്ചപ്പാടും കൂട്ടരും അരികിൽ എത്തിയപ്പോൾ ഞാൻ പാടത്തേക്ക് ഇറങ്ങി നിന്നു…

അരമണി കിലുക്കവും വാളിന്റെ സ്വർണ്ണപ്രഭയും അകന്നു പോയിട്ടും ഞാൻ ദൂരേക്ക് നോക്കി നിന്നു….

കാളിയായി മാറണം എനിക്ക്….ദാരികശി-രസ്സ് അ-റുത്ത ദേവിയെപോൽ നിന്റെ തല അ-റുത്തെടുത്ത് ചുടുചോ-രയാൽ നീ;രാടണം…

കണ്ണകി ആയി മാറണം എനിക്ക്….

എന്നേ ചതിച്ച… എന്റെ സ്നേഹത്തിനും സ്വപ്നങ്ങൾക്കും വില ഇട്ട്… എന്നെയും എന്റെ കുടുംബത്തെയും ഈ വിധം സങ്കടക്കടലിൽ വലിച്ചെറിഞ്ഞ…

നിന്നെയും നിന്റെ കുലവും ശപിച്ചു ഭസ്‌മം ആക്കി കളയണം….

ഇനിയൊരു പെണ്ണിനും നീ മോഹങ്ങൾ കൊടുക്കരുത്…

സ്നേഹിക്കുന്നതായി ഭാവിച്ചു അവളുടെ ജീവനും മനസും തകർക്കരുത്…

നാളെ നിനക്കും പെണ്മക്കൾ ജനിക്കട്ടെ…

എന്റെ വീടിന്റെ ചെറിയ ഒറ്റമുറി ചായ്‌പ്പിൽ ഇരുട്ടിലേക്ക് നോക്കി പിറുപിറുക്കുമ്പോളും എന്റെ അമ്മയുടെ കരച്ചിൽ കാതിൽ വന്നണയുന്നുണ്ട്…

എന്റെ മോൾക്ക് എന്ത് പറ്റി.. എന്ന അച്ഛന്റെ ചിലമ്പിച്ച ചോദ്യം വിദൂരതയിൽ നിന്നെന്ന പോലെ കേൾക്കുന്നുണ്ട്…

ഡീ.. എന്തൊക്കെ ആണ് നീ പറയുന്നത്.. എല്ലാം ശരിയാകും.. ഏട്ടന്മാരുടെ കണ്ണുനീരും ഞാൻ കാണുന്നുണ്ട്…

പക്ഷെ തിരിച്ചു കയറാൻ ആവാത്ത വിധം ഈ ചുഴി എന്നേ ആഴങ്ങളിലേക്ക് വലിക്കുന്നു…

എനിക്ക് നിങ്ങളോട് കൂടി ചേരണം എന്നുണ്ട്..ആ.. പഴയ… വഴക്കാളി ആയ നിങ്ങളുടെ കുഞ്ഞനുജത്തി ആകാൻ…

അമ്മയുടെ പൊന്നു മോൾ ആവാൻ….

അച്ഛന്റെ സ്വത്ത് ആവാൻ….

പക്ഷെ… അത്രമേൽ ശക്തിയിൽ ഇതെന്നെ താഴോട്ട് വലിക്കുന്നല്ലോ….കൈകാലുകൾ കുഴയുന്നു…

തിരസ്കാരത്തിന്റെ… വഞ്ചനയുടെ….സ്നേഹത്തിന്റെ….അപമാനത്തിന്റെ…..കണ്ണീർ എന്നെ വിഴുങ്ങുന്നു…ഞാൻ നിലയില്ലാക്കയത്തിലേക്ക് താഴുന്നു….

❤️മീനു ❤️