ഇഷ്ടപെട്ട പെൺകുട്ടിയെ കല്ല്യാണം കഴിക്കണം എന്ന ഒരു ആഗ്രഹമേ അവൻ ഇക്കണ്ട കാലത്തിനിടയിൽ പറഞ്ഞിരുന്നുള്ളൂ.

ശിക്ഷ

Story written by Mini George

====================

മഞ്ഞുകാലം ആയതു കൊണ്ട് നേരത്തെ തന്നെ സന്ധ്യ ഇരുളും കൊണ്ട് വന്നു തുടങ്ങി. സൂര്യൻ ഒരു ഓറഞ്ച് പോലെ ചക്രവാള ചെരുവിലേക്ക് വീണു കിടക്കുന്നു

ഇന്നു ഏതായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. എത്ര നേരം വൈകിയാലും അവനെ ഒറ്റക്ക് കിട്ടട്ടെ. അതിനെങ്ങനാ, കൂടെ ആ ചെ-കുത്തന്മാരും ഉണ്ടാകുമല്ലോ.

എല്ലാവരും കൂടെ ഇപ്പൊ കുടിയും തീറ്റയും പുഴയോരത്ത് ആണെന്ന അവൻ്റെ അച്ഛൻ പറയുന്നത്. അവൻ നല്ലവനായിരുന്നേൽ ഈ വയസ്സാം കാലത്ത് അങ്ങേർക്ക് ഇങ്ങനെ പെടാപാട് പെടേണ്ടി വരുമോ?

ഒന്നിനും കൊള്ളാത്തവൻ,എൻ്റെ ഈ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ. നല്ലതൊന്നുള്ളതിനെ ദൈവം കൊണ്ട് പോകുവേം ചെയ്തു. ഇന്നേക്ക് നാലു മാസം ആയി. ഓർക്കുംതോറും സങ്കടം ഏറുകയാണ്.പാവമായിരുന്നു എൻ്റെ ദേവൻ, അച്ഛനും അമ്മയും അവനു പ്രാണനായിരുന്നു. ഇഷ്ടപെട്ട പെൺകുട്ടിയെ കല്ല്യാണം കഴിക്കണം എന്ന ഒരു ആഗ്രഹമേ അവൻ ഇക്കണ്ട കാലത്തിനിടയിൽ പറഞ്ഞിരുന്നുള്ളൂ.

കൊണ്ടു വന്ന പെൺകുട്ടിയോ.. പട്ടു പോലത്തെ സ്വഭാവം. അമ്മേ, അച്ഛാ എന്ന വിളിയിൽ തന്നെ എന്തൊരു സ്നേഹമായിരുന്നു.

പക്ഷേ ഇത്രയും സ്നേഹമുള്ള അവനെ വിട്ടു, പൂ പോലത്തെ ഒരു കൊച്ചിനെ ഇട്ടു, സ്വന്തം മോളെ പോലെ സ്നേഹിച്ച തങ്ങളെ ഇട്ടു അവൾകെങ്ങനെ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോകാൻ കഴിഞ്ഞു?. അവളെഴുതി വച്ച കത്തു കണ്ടു സങ്കടം സഹികാഞ്ഞ് എൻ്റെ മോൻ ആ രാത്രി തന്നെ തൂങ്ങി മരിക്കുവേം ചെയ്തു. അവനത് താങ്ങാൻ പറ്റി കാണില്ല.പാവം.

അവൻ്റെ മോളെ ഓർത്താണ് ജീവിതം ഇപ്പൊൾ മുന്നോട്ട് പോകുന്നത്. ഇനിയുള്ള പ്രതീക്ഷ അവളാണ്. ദേവൻ ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ അച്ഛനോട് ഇനി കഷ്ടപ്പെടേണ്ട എന്ന് പറഞ്ഞു ,വീട്ടിൽ പിടിച്ചിരുതിയതാണ്. ഇന്നിപ്പോൾ അവനില്ലല്ലോ. കുഞ്ഞിനെ വളർത്തേണ്ട.

തെണ്ടിത്തരങ്ങളും കൊണ്ട് നടക്കുന്ന താഴെയുള്ളവൻ ശ്രീ കുട്ടൻ വീട്ടിൽ കേറില്ല.കേറി വരുന്നത് അച്ഛൻ്റെയോ ചേട്ടൻ്റെയോ കാശു തപ്പി എടുക്കാനാണ്. എന്തേലും ചോദിച്ചാൽ മുഴപ്പിച്ചൊരു നോട്ടമാണ്. ഹും…അടക്കയായാൽ മടിയിൽ വയ്ക്കാം, അടക്കമരം പറ്റില്ലല്ലോ.

പക്ഷേ ഇയ്യിടെ ആയി അവൻ ദേവൻ്റെ കുട്ടിയെ ഇടക്കിടക്ക് വന്നു ഉപദ്രവിക്കുന്നു. ഒരിക്കൽ പേടിച്ച് കുട്ടി പനി പിടിച്ചു കിടന്നു. ഇന്നലെ താഴെ പറമ്പിൽ ജോലി ചെയ്തോണ്ടു നിന്ന വത്സലയാണ് പറഞ്ഞത്

“ചേച്ചി, ശ്രീ കുട്ടൻ ദേവൻറെ കുട്ടീടെ കഴുത്തിന് കുത്തിപിടികുന്ന കണ്ടല്ലോ. അതിനെ ഒറ്റകൊന്നും വിടല്ലെ.”

കേട്ടപ്പോൾ വിറച്ചു പോയി. കൊച്ചിൻ്റെ അടുക്കൽ എത്തി നോക്കിയപ്പോൾ കഴുത്തിൽ കൈവിരൽ പാട് വാടി കിടക്കുന്നു.

അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞാണ്.എപ്പോഴും ഇങ്ങനെ പേടിപ്പികുന്നതെന്തിന്? പാവം കുഞ്ഞിനെന്തറിയാം. പേടിച്ചോടി വരും. മൂന്നു വയസ്സല്ലേ ഉള്ളൂ.

ഇന്നു അറിഞ്ഞേ പറ്റൂ. പുഴക്കരയിൽ എങ്കിൽ അവിടെ ചെന്ന്. പക്ഷേ അവൻ്റെ അച്ഛൻ അറിയാതെ വേണം.അറിഞ്ഞാൽ അവനോടു വഴക്ക് ഉറപ്പാണ്.

ദേവൻ്റെ അച്ഛൻ ജോലി കഴിഞ്ഞ് എത്തിയതെ ഉള്ളൂ.

“ദേ നിങ്ങളു വേഗം കുളിയ്ക്ക് എന്നിട്ട് കുഞ്ഞിനേം കൊണ്ട് ഇരിക്ക്. ഞാനിപ്പോ വരാം .”

“എങ്ങോട്ടാ സന്ധ്യക്ക്”

“ഞാൻ എളേമേടെ വീട് വരെ പോയി വരാം.അവർകെന്തോ വയ്യായ്ക.”

“ആ വേഗം പോയി വാ ” കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുൻപ് ഇറങ്ങി നടന്നു.

പുഴക്കരയിൽ ചെല്ലുമ്പോൾ കുറെ മാറി ശ്രീകുട്ടനും കൂട്ടുകാരും ഇരിക്കുന്നതു കണ്ടു. ആ കൂട്ടുകാർ ഒന്നു മാറിയെങ്കിൽ ചോദിയ്കാമായിരുന്നു. അതു വരെ ഈ പൊന്ത കാട്ടിൽ മറഞ്ഞു നിൽക്കാം.

ആകാശം കറുപ്പു നിറമായി കഴിഞ്ഞു. മങ്ങിയ വെളിച്ചവുമായി അമ്പിളി കല എത്തി നോക്കുന്നുണ്ട്. പണ്ട് ഈ ഭാഗത്ത് പുഴയുടെ തീരം മുഴുവനും ശ-വം ദ-ഹിപ്പിക്കുമായിരുന്നു . ഇപ്പോൾ നാട്ടുകാരുടെ മുറവിളിയെ തുടർന്ന് പൊതു സ്മശാനം ഉണ്ടാക്കിയിട്ടുണ്ട്. ഇലക്ട്രിക് മെഷീൻ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല.

ഒരു മതിൽ കെട്ടി അതിനുള്ളിലാണ് ഇപ്പോൾ ദഹിപ്പിക്കുന്നത്. വൈകുന്നേരം ആയതു കൊണ്ട് അധികം ആളുകൾ ഇല്ല. മതിലിനുള്ളിൽ രണ്ടു മൂന്നിടത്ത് തീ കത്തുന്നുണ്ട്. ആകെ ഒരു മൂകത.

എത്ര നേരം എന്നു വച്ചാണ് ഈ പൊന്തക്കാട്ടിൽ മറഞ്ഞു നിൽക്കുക. പുഴ ശാന്തമാണ്. മണലിൽ നിന്നും ചൂട് വിട്ടു പോകുന്നതേ ഉള്ളൂ.

ശ്രീ കുട്ടൻറെ കൂടെ ഉള്ള മഞ്ഞ ഷർട്ടുകാരൻ മണലിൽ തോണ്ടി തോണ്ടി ഒരു പൊതിയെടുതു. ഒരുത്തൻ കുപ്പിയും ഗ്ലാസുകളും നിരത്താൻ തുടങ്ങി. പൊതി നടുവിൽ തുറന്നു വച്ചിരിക്കുന്നു. മണൽ ചൂടിൽ വേകാൻ പകൽ എപ്പോഴോ പുഴമീൻ മസാല പുരട്ടി തേക്കിലയിൽ പൊതിഞ്ഞു കുഴിച്ചിട്ടിരിക്കുകയായിരുന്നു.

“കണ്ടോടാ ,നല്ല രസം …ഞാൻ പറഞ്ഞില്ലേ മണലിൽ വെന്ത മീനിന് അസാധ്യ രുചിയായിരിക്കും” മഞ്ഞഷർട്ടുകാരൻ ഉറക്കെ പറഞ്ഞു.

എല്ലാവരും എന്തൊക്കെയോ പറഞ്ഞും, ചിരിച്ചും കുടി ആഘോഷമാക്കുകയാണ്. എൻ്റെ ദൈവമേ ഇങ്ങനെ ഒരുത്തനായി പോയല്ലോ ഇവൻ

“ഡാ,ഇത് കണ്ടപ്പോൾ എനിക്കവളെ ഓർമ വരുന്നു. കെടന്നു ബഹളം കൂട്ടിയില്ല എങ്കിൽ രാവിലെ കുഴിച്ചിട്ടാൽ മതിയാരുന്നു. അതിനെങ്ങനാ ഒരു പൊടിയ്ക് സമ്മതികണ്ടെ.” ശ്രീ കുട്ടനു വെളിവു വിട്ടു തുടങ്ങി.

“ആരെ കുഴിച്ചിട്ടു ഇവൻ??”ദൈവമേ….

“നീയാ സ്വർണം എന്തു ചെയ്തു.” കൂടെയുള്ള വേറെ ഒരുത്തൻ ചോദിച്ചു.

“അതൊക്കെ വിറ്റതിൻ്റെ പങ്കല്ലേടാ നിങ്ങളൊക്കെ കുടിച്ചു തീർത്തത്.”

“നിനക്കവനെ കൊ-ല്ലണ്ടാരുന്നല്ലോ. എങ്കിൽ ഇടക്കിടക്ക് പിടിച്ചു പറിക്കാരുന്നില്ലെ”….എല്ലാവരും കൂടി അട്ടഹസിച്ചു..

“അവനു മര്യാദക്ക് തന്നാൽ മതി. അപ്പൊ പറ്റില്ല. കെട്ടിയവളുടെ സ്വർണം തരാൻ പറ്റില്ല പോലും. പിന്നെന്തു ചെയ്യും .ഒരെണ്ണം കൊടുത്തു അപ്പോൾ തന്നെ വീണു, കാറ്റും പോയി.അവളു കരഞ്ഞപ്പോൾ എടുത്തു ജീപ്പിലിട്ടു.” അവനെ അവിടെ കെട്ടി തൂക്കി. അപ്പോഴേക്കും അ ചെറിയ പെണ്ണ് എണീറ്റ് കരഞ്ഞു. അതിനേം കൂടെ തട്ടണം എന്നു ഓർത്തതാ …അപ്പോഴേക്കും വീട്ടുകാരു ലൈറ്റ് ഇട്ടു. പിന്നെ ഒരു തരത്തിൽ “അമ്മെ , ഞാൻ ഒരാളുടെ കൂടെ പോകുന്നു സ്വർണം എടുക്കുന്നുണ്ട്”…ഇതെഴുതി താഴെ ഇട്ടു. അതിനെ നേരം കിട്ടിയുള്ളൂ.

പിന്നെ അവളേം കൊണ്ടിങ്ങ് പോന്നില്ലെ?. വെളിവെല്ലാം പോയ ശ്രീ കുട്ടൻ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.

ഉള്ളം കാലു മുതൽ ഉച്ചി വരെ ഒരു ചൂടിരച്ചെത്തി.. ….അപ്പോൾ? ? അപ്പോൾ….ദേവനെ ഇവൻ മനപ്പൂർവം കൊ-ന്നു?? . ആ പെൺകുട്ടിയെ ജീവനോടെ ഈ മണലിൽ കുഴിച്ചിട്ടു?

നിൽക്കുന്നിടം കുഴിഞ്ഞു ഭൂമിക്കടിയിൽ പോയെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തു.

“ആ നരുന്തു പെണ്ണ് ഒക്കെ കണ്ടു. അവളെ കൂടി തട്ടണം. രണ്ടു മൂന്നു വട്ടം പോയതാ നടന്നില്ല.” അവൻ വീണ്ടും പുലമ്പിതുടങ്ങി.

“അതിത്ര ആലോചിയ്ക്കാൻ ഉണ്ടോ പിടിച്ചാ ബക്കറ്റിൽ ഇടെട.കളിച്ചു വീണതാ എന്നു വിചാരിച്ചോളൂം . “

മഞ്ഞഷർട്ട് വഴി പറഞ്ഞു കൊടുത്തു.

ദൈവമേ ഇവൻ ഇവനെൻ്റെ കുഞ്ഞിനെ? കണ്ണിൽ നിന്നും കുടുകുടെ കണ്ണുനീർ ഒഴുകി തുടങ്ങി. നെഞ്ചു പൊട്ടുന്നു. എൻ്റെ മോനെ കൊന്നതു ക്ഷമിക്കും പക്ഷേ ആ മോളെ…….. നുണ എഴുതിവെച്ചു ഇവിടെ ഈ മണലിൽ ജീവനോടെ കുഴിച്ചിട്ട നിന്നെ വെറുതെ വിട്ടാൽ പറ്റില്ല. അങ്ങനെ വിട്ടാൽ അടുത്തത് കൊച്ചുമോൾ ആണ്.സമ്മതികില്ല ഞാൻ.

എല്ലവരും ഓരോ ഭാഗത്തേക്കു ചെരിഞ്ഞു വീണു ഉറങ്ങാൻ തുടങ്ങി. നേരം എത്ര ആയെന്നോ ദേവൻ്റെ അച്ഛൻ പേടിക്കുമെന്നോ ഓർത്തില്ല. ഉള്ളിൽ മുഴുവൻ ജീവനു വേണ്ടി പിടയുന്ന മോനും മരുമകളും ആണ്. പതുക്കെ കാട്ടിൽ നിന്നും പുറത്തിറങ്ങി .

പെട്ടെന്ന് ഒരു പാമ്പ് കുറ്റിക്കാട്ടിൽ നിന്നും ഇഴഞ്ഞ് പുറത്തേക്ക് പോയി. ഇതിവിടെ ഉണ്ടായിരുന്നോ? അതിനേക്കാൾ വിഷമുള്ള ഒരുത്തൻ പുറത്തിരിക്കുന്നതു ശ്രദ്ധിച്ച് അതെല്ലാം മറന്നു.

മനസ്സിൽ ഒരു തരം പക നിറഞ്ഞു. മകനാണ് എന്ന ചിന്ത മനഃപൂർവം കുടഞ്ഞെറിഞ്ഞു. ഇനിയൊരിയ്കലും അവൻ മറ്റൊരാൾക്ക് നാശം ഉണ്ടാക്കരുത്.

ബോധം മറഞ്ഞു കിടക്കുന്ന കൂട്ടുകാരുടെ ഇടയിൽ നിന്നും ശ്രീ കുട്ടൻറെ കാലു രണ്ടും കയ്യിൽ എടുത്തു. മെല്ലെ വലിച്ചു, അബോധത്തിൽ അവൻ എന്തോ പിറുപിറുകുന്നുണ്ട്. ഒന്നും ശ്രദ്ധിച്ചില്ല.വലിച്ചു മുകളിലേക്ക് കേറ്റി ശ്മശാനം ലക്ഷ്യമാക്കി നടന്നു. വയൽ ചുള്ളി കൊണ്ട് കാലിൽ ചോര പൊടിയുന്നുണ്ടായിരുന്നു. . മുള്ളുകൊണ്ടാകം അവൻ ഞരങ്ങുന്നുണ്ട്.

ശ്മശാനം സൂക്ഷിപ്പുകാരൻ ഉറക്കം തുടങ്ങിയിരിക്കുന്നു. പണി കഴിഞ്ഞപ്പോൾ ചാരായം കുടിച്ചു ഉറങ്ങുന്നതായിരിക്കും. മെല്ലെ അവനെ വലിച്ചു കത്തിക്കൊണ്ടിരിക്കുന്ന ചിതക്ക് മുകളിലേക്ക് വലിച്ചിട്ടു. കുടിച്ച മ-ദ്യത്തിൻ്റെ ആധിക്യം മൂലം ഒന്ന് ഞരങ്ങുവാനെ അവനിട കിട്ടിയുള്ളൂ.

ഒന്നും നോക്കിയില്ല തിരിഞ്ഞ് നടന്നു. കണ്ണിൽ വല്ലാത്ത ശൂന്യത.സ്വന്തം മകനെ ഒരമ്മ…..അല്ലാ ഭൂമിക്ക് ഭാരമായ ഒരു മകനെ, അവനുള്ള ശിക്ഷ കൊടുക്കാൻ അർഹത ഉള്ള അവൻ്റെ അമ്മ തന്നെ ഇല്ലാതാക്കി..

ചെന്നതും കുളിക്കാൻ കേറി “നീ എവിടേക്കാ പോയത്. ആകെ വിയർത്തിരികുന്നല്ലോ. ” ദേവൻ്റെ അച്ഛൻ ചോദിച്ചു.

“ഞാൻ വരും വഴി ഒരു വിഷപ്പാമ്പിനെ കണ്ടു, അതിനെ ത-ല്ലിക്കൊ-ന്നു.”

നീയോ???അയാൾക്ക് അത്ഭുതമായി. ഒരു ഉറുമ്പിനെ കൊ-ല്ലാൻ അറിയാത്ത ഇവളോ…

ജീവിതം എത്തിപിടിയ്കേണ്ടി വരുമ്പോൾ ധൈര്യം തനിയെ വരുമായിരിയ്കും. അയാൾ നെടുവീർപ്പിട്ടു. ദേവൻറെ കുഞ്ഞ് അയാൾക്കരുകിൽ സുഖമായി ഉറങ്ങി കിടന്നു.

മിനി ജോർജ്
11-11-23