നീ ഇന്നലെ ഒരേ പോലത്തെ രണ്ട് നീല സാരി വാങ്ങി. അതിൽ ഒരെണ്ണം നിമ്മിയുടെ റിസപ്ഷന് ഇന്നലെ തന്നെ ഉടുത്തു. പിന്നെ ഉള്ളത് എന്റെ അമ്മക്ക് കൊടുത്താലോ എന്ന് ചോദിച്ചു…

എഴുത്ത്: ദർശരാജ് ആർ സൂര്യ

===================

“എത്ര നേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ…”

രാജേഷ് കാർ എടുത്ത് പോകുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്. സാരി തേച്ചു വന്നപ്പോൾ വൈകിപ്പോയി. ഇനിയെന്ത് ചെയ്യും?

എന്നിരുന്നാലും നീലിമ രാജേഷിനെ വിളിച്ചു.

രാജേഷേട്ടാ, നമ്മൾ ഇന്ന് രാവിലെ എന്തിന്റെ പേരിലാ തർക്കിച്ചത്?

അത് നിനക്ക് അറിയില്ലേ? നീ ഇന്നലെ ഒരേ പോലത്തെ രണ്ട് നീല സാരി വാങ്ങി. അതിൽ ഒരെണ്ണം നിമ്മിയുടെ റിസപ്ഷന് ഇന്നലെ തന്നെ ഉടുത്തു. പിന്നെ ഉള്ളത് എന്റെ അമ്മക്ക് കൊടുത്താലോ എന്ന് ചോദിച്ചു. അന്നേരം മുതൽ നിന്റെ മുഖത്ത് കടന്നൽ കുത്തിയത് അല്ലേ?

എങ്കിൽ തിരിച്ചു വരൂ. ആ സാരി അമ്മക്ക് കൊടുക്കാൻ തന്നെയാണ് ഞാൻ വാങ്ങിയത്. ഞാൻ ഇവിടെ ഗേറ്റിന്റെ അടുത്ത് ആ സാരിയുമായി നിൽപ്പുണ്ട്. നല്ല ആളാട്ടോ? ഞാൻ ആ സാരി അമ്മക്ക് കൊടുക്കാൻ പാക്ക് ചെയ്തോണ്ട് നിന്ന സമയം കൊണ്ട് മുങ്ങി അല്ലേ?

അങ്ങനെ രാജേഷ് തിരിച്ചു വന്ന് നീലിമയേയും കൂട്ടി ഒരുമിച്ച് യാത്ര തുടർന്നു.

പെട്രോൾ അടിക്കാൻ രാജേഷ് പമ്പിൽ കയറിയതും, ഇന്നലെ നിമ്മിയുടെ റിസപ്ഷന് ഇട്ട സാരീയുടെ പ്രൈസ് ടാഗ് അതേ സാരിയിൽ ഒന്നൂടി ഒട്ടിച്ചിട്ട് നീലിമ പിറു പിറുത്തു.

ഒരമ്മ മോൻ വന്നേക്കുന്നു. ത-ള്ളയെ ഒറ്റക്ക് പോയി കാണുമ്പോൾ എന്റെ കുറ്റവും കുറവുമൊക്കെ തട്ടി വിടാലോ? കളി എന്റോടാ….

നീലു, പോവാം?

നീലിമയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തോണ്ട് രാജേഷ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. തിരിച്ച് നീലിമ രാജേഷിനെ, മറ്റെങ്ങും ശ്രദ്ധ പോവാത്ത വിധം ലിപ് ലോക്ക് കൊടുത്തോണ്ട് ഇന്നലെ ഉടുത്തിട്ട് അലക്കുക പോലും ചെയ്യാതെ അമ്മക്കായി പാക്ക് ചെയ്ത “അതേ സാരി” ഒന്നൂടി രാജേഷ് കാണാതെ കാറിന്റെ സീറ്റിന്റെ അടിയിൽ ഇട്ട് ചവിട്ടി അരച്ചു.

യാത്ര തുടർന്നു…

അമ്മക്ക് കഴിക്കാൻ എന്തെങ്കിലും  വാങ്ങാൻ വേണ്ടി നീലിമ കടയിൽ ഇറങ്ങിയതും തന്റെ സീറ്റിന്റെ അടിയിൽ സൂക്ഷിച്ച അതേ മോഡലിലെ “പുത്തൻ സാരി” രാജേഷ് പുറത്ത് എടുത്തു.

നീലിമ തിരിച്ച് വന്നതും ഇത്തവണ മറ്റൊന്നിലും ശ്രദ്ധ പോവാത്ത വിധം രാജേഷ് നീലിമയെ ലിപ് ലോക്ക് ചെയ്തോണ്ട്, ചവിട്ടി അരച്ച സാരി പതുക്കെ വെളിയിലോട്ട് എറിഞ്ഞു.

തിരിച്ച് വീട്ടിൽ എത്തിയിട്ട് ഒർജിനൽ സാരി നീലിമ കാണാതെ ആകുമ്പോൾ ഉള്ള സീൻ നിങ്ങൾ ഊഹിച്ചോളൂ.

✍️ ദർശരാജ് ആർ സൂര്യ