മീശ കിളിർക്കാത്ത ചെറുമോന്റെ കയ്യിലിരിപ്പ് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോയെന്ന് ഓർത്ത് ഞാൻ അവന്റെ അച്ഛനോട് കാര്യം പറയാൻ തീരുമാനിച്ചു.

എഴുത്ത്: ശ്രീജിത്ത് ഇരവിൽ
=====================

മോന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന  മോൻ മതിമറന്ന് സ്വ-യം-ഭോ*-ഗം ചെയ്യുന്നു. എന്നെ കണ്ടപാടേ ചെക്കൻ ചാടിയെഴുന്നേറ്റ്  മുഖം തിരിഞ്ഞുനിന്നു.

ഒരു ആവിശ്യവുമില്ലാതെ വെറുതേ അവന്റെ മുറിയുടെ ജനാലയൊന്ന് തുറന്നുനോക്കിയതാണ്…വേണ്ടായിരുന്നു…! കണ്ണുകൾ ശരിക്കും ഞെട്ടിപ്പോയി…!

അന്ന് ഉച്ചയൂണ് കഴിഞ്ഞപ്പോൾ പതിവുപോലെ ഒരു ബീ-ഡിയും കത്തിച്ച് വീടിനുചുറ്റും ഞാൻ നടക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു അശ്ലീല സംഭവത്തിന് യാദൃശ്ചികമായി സാക്ഷിയാകേണ്ടി വരുന്നത്…

അല്ലെങ്കിലും, ഒരു അപ്പൂപ്പൻ കാണേണ്ട കാഴ്ച്ചയായിരുന്നുവോ അത്..! എനിക്കുമങ്ങ് വല്ലാണ്ടായി. മീശ കിളിർക്കാത്ത ചെറുമോന്റെ കയ്യിലിരിപ്പ് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോയെന്ന് ഓർത്ത് ഞാൻ അവന്റെ അച്ഛനോട് കാര്യം പറയാൻ തീരുമാനിച്ചു.

‘പറഞ്ഞോ അച്ഛാ..അവനെന്തു പറ്റി…?’

എനിക്കത് പറയാൻ തോന്നിയില്ല. ഒരു അച്ഛൻ മോനോട് പറയേണ്ട കാര്യമാണോയിത്..! ചെക്കന്റെ കൈയ്യിലിരിപ്പ് ശരിയല്ലായെന്ന് മാത്രം പറഞ്ഞ് ഞാൻ പുറത്തേക്ക് പോയി ഒരു ബീ-ഡി കൂടി കത്തിച്ചു.

കാലം പോയൊരു പോക്കേ…കുഞ്ഞുങ്ങളൊക്കെ അങ്ങ് നശിച്ചുപോയി. വിവരമില്ലാതായിപ്പോയി…ഇതിനെല്ലാമൊരു പ്രായവും കാലവുമൊക്കെയില്ലേ..!

പണ്ട് എന്റെ  മൂത്ത സഹോദരൻ പത്ഭനാഭനെ പുളിമരത്തിൽ കെട്ടിയിട്ട് അച്ഛൻ തല്ലിയത് ഇതേ കാരണത്തിലാണ്…

രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് അതുവരെ എന്നെ കാണാതെ മുങ്ങി നടന്ന വിദ്യാനെ ഞാൻ വീണ്ടും കാണുന്നത്. അവൻ എന്റെ മുഖത്തേക്ക് നോക്കുന്നതേയില്ല. ചെക്കനെ പിടിച്ച് പെണ്ണ് കെട്ടിക്കാനായെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ ആകെ ചൂളിപ്പോയി. അച്ഛൻ എന്താണ് അങ്ങനെ പറഞ്ഞതെന്ന് മോൻ ചോദിച്ചപ്പോൾ ഹേയ്….ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ ഇടമൊഴിഞ്ഞു.

പിറ്റേന്ന് സ്കൂളിലേക്ക് പോകാൻ നേരം  ചെക്കനെ വിളിച്ച്, ഇനിമേലാൽ ഇങ്ങനെത്തെ തെറ്റുകളൊന്നും ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. അവൻ അതുംകേട്ട് തലകുനിച്ച് നിന്നു. തൽക്കാലം ആരോടും യാതൊന്നും പറയുന്നില്ലായെന്നും, എന്തായാലും നീയെന്റെ കൊച്ച് മോനല്ലേയെന്നും പറഞ്ഞ്, ഞാൻ അവനെ ആശ്വസിപ്പിക്കുകയും ചെയ്തു.

അതിനുശേഷം അപ്രതീക്ഷിതമായി അവന്റെ ജനാല തുറക്കുന്നതും, പഠിക്കേണ്ട നേരത്ത് കൃത്യമായി പഠിക്കാതെ മറ്റ് വല്ല കലാപരിപാടികൾ നടത്തുന്നുണ്ടോയെന്നും, എത്തിനോക്കുന്നത് എനിക്കൊരു ശീലമായി.

ചുരുക്കത്തിൽ നേർവഴി തെറ്റുന്നുണ്ടോയെന്ന് അറിയാൻ വേണ്ടി  കണ്ടും കാണാതേയും ഞാൻ അവനെ  വലം ചുറ്റി നടന്നു.

ഒരിക്കൽ അവന്റെ സ്കൂളിൽ നിന്ന് വിളിച്ച് രക്ഷിതാക്കളോട്  വരാൻ പറഞ്ഞു. പോയി വന്ന മോനോട് ഞാൻ കാര്യം തിരക്കി. ഈയിടമായി ചെക്കൻ ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ല പോലും..നന്നായി പഠിച്ച് കൊണ്ടിരുന്ന അവൻ വളരേ പിറകിലേക്ക് പോകുകയാണ് പോലും…ഇങ്ങനെ പോയാൽ ചെക്കൻ പത്തിൽ തോക്കുമെന്നും പറയാനാണ് വിളിപ്പിച്ചതെന്ന് മോൻ പറഞ്ഞു.

മോനും മരുമോളും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്. പിറ്റേന്ന് അവനേയും കൂട്ടി അവരുടെ പരിചയത്തിലുള്ള ഒരു മാനസികാരോഗ്യ വിദഗ്ധന്റെ വീട്ടിലേക്ക് മുൻകൂട്ടി വിളിച്ചറിയിച്ചിട്ട് ഞങ്ങൾ പോയി. ചെറുമോന്റെ കാര്യമായത് കൊണ്ട് ഞാനും ഇറങ്ങി പുറപ്പെടുകയായിരുന്നു…

അവനോട് മാത്രമായി  രണ്ടുമണിക്കൂർ നേരം മുറിക്കകത്ത് നിന്ന് ഡോക്റ്റർ സംസാരിച്ചു. പുറത്ത് മോനും മരുമോളും ഞാനും പരസ്പരമൊന്നും മിണ്ടാതെ അങ്ങനെ ഇരിക്കുവായിരുന്നു.

എനിക്കുമാത്രം അറിയുന്ന അവന്റെ ദുശീലമാണ് എല്ലാത്തിനും കാരണമെന്ന് എനിക്ക് ഡോക്റ്ററോട് പറയണമായിരുന്നു. അതാണ് വിളിക്കാതിരുന്നിട്ടും കാര്യം അറിഞ്ഞപ്പോൾ ഞാൻ കൂടെ കൂടിയത്…എന്തുചെയ്യാം ചെറുമോന്റെ ഭാവിയുടെ കാര്യം ആയിപ്പോയില്ലേ..!

വൈകാതെ അവനും ഡോക്റ്ററും  പുറത്തേക്ക് വന്നു. ചെറുമോനെ പുറത്തിരുത്തിയിട്ട്  എന്നേയും  വിളിച്ചുകൊണ്ട് ഡോക്റ്റർ അകത്തേക്ക് പോയി. അല്ലെങ്കിലും, കുടുംബത്തിലെ ഗൗരവ്വമായ പ്രശ്നങ്ങൾ എന്നെ പോലെ മുതിർന്നവരോട് തന്നെ ചർച്ച ചെയ്യണം..ഡോക്റ്റർ മിടുക്കൻ തന്നെ…

പക്ഷെ, നിങ്ങൾക്കൊക്കെ പത്തുപൈസയുടെ വിവരമുണ്ടോ മൂപ്പിന്നാരേയെന്ന്, അച്ഛന്റെ പ്രായമുള്ള എന്നോട് ആ ഡോക്റ്റർ ചോദിച്ചു. മിതമായ സ്വ-യംഭോ-ഗം ഒരു തെറ്റല്ലെന്നും, അതൊരു ജീവന്റെ ജനിതികാവശ്യം ആണെന്നും കേട്ടപ്പോൾ ഞാൻ കണ്ണുകൾ മിഴിച്ചങ്ങനെ നിന്നുപോയി.

ആ നേരം എന്റെയുള്ളിൽ മുഴുവൻ അച്ഛൻ പണ്ട് പുളിമരത്തിൽ കെട്ടിയിട്ട് തല്ലിയപ്പോൾ ഉയർന്ന പത്ഭനാഭന്റെ കരച്ചിലായിരുന്നു…

എല്ലാം അറിഞ്ഞപ്പോൾ മോനും മരുമോളും എന്നെ തുറിച്ചുനോക്കി. ഡോക്റ്റർ പറഞ്ഞ പ്രകാരം കുഴഞ്ഞിരിക്കുന്ന ചെറുമോനോട്‌ ഞാൻ മാപ്പ് പറഞ്ഞു. അതുകേട്ടപ്പോൾ എല്ലാവരും ചിരിച്ചു. എന്റെ കൊച്ചുമോന്റെ ചിറിയുടെ മൂലയിലും ചിരി വിടർന്നു. അന്നുമുഴവൻ അവർ തലങ്ങും വിലങ്ങും എന്നെ കളിയാക്കി. അതുതന്നെയായിരുന്നു ആ പത്താംക്ലാസുകാരന്റെ മാനസികമായ സുഖത്തിനുള്ള മരുന്ന്..

കാര്യം അയാതെ അവനെ തെറ്റുകാരൻ ആക്കിയപ്പോഴും, ഇടം വലം തിരിയാൻ വിടാത്ത വിധം വീടുമുഴുവൻ പിന്തുടർന്നപ്പോഴും, അവന്റെ ബോധം അസ്ഥിരമാകുമെന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റിയതേയില്ല…

ഒരു ജീവന്റെ അടിസ്ഥാന ഉണർവ്വുകളുടെ ബോധം പോലും ഇല്ലാതെയാണ് കഴിഞ്ഞ കാലമത്രയും ജീവിച്ചതെന്ന് ഓർത്തപ്പോൾ ഞാൻ പോലുമറിയാതെ എന്റെ തല കുനിഞ്ഞുപോയി.

ലൈം-ഗീ-ക-വിദ്യാഭ്യാസം ഇല്ലാത്ത പ്രായത്തിന്റെ പ്രാണന് ഇതിലും ആത്മാർത്ഥമായി സ്വയം സഹതപിക്കാൻ മറ്റെന്ത്‌ സന്ദർഭമാണല്ലേ വേണ്ടത്…..!!!

~ശ്രീജിത്ത് ഇരവിൽ