കടലെത്തും വരെ ~ ഭാഗം 05, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“ഹലോ..ദിവാസ്വപനം കണ്ടു നിക്കുവാണോ നമ്മളെ കൂടെ ഒന്ന് പരിഗണിക്കണേ” മതിലിന്റെ മുകളിൽ ഒരു തല

അപ്പുറത്തു പുതിയതായി താമസിക്കാൻ വന്ന കുറച്ചു പയ്യന്മാരിൽ ഒരാളാണ്.ഏതോ ടെസ്റ്റ് എഴുതാൻ പഠിക്കുന്ന പിളളരാണെന്നു ആരോ പറഞ്ഞു കേട്ടിരുന്നു അതിൽ ഈ ഒരെണ്ണം മാത്രം തല തിരിഞ്ഞതാ.കണ്ട കാലം മുതൽ തുടങ്ങിയ പുറകെ നടപ്പാ ..

“പോ കോഴി “അവൾ മുറ്റത്തു നിൽക്കുന്ന കോഴിയെ ഓടിക്കുന്നതായി ഭാവിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു

“അത് നമുക്കിട്ട …സാരമില്ല കോഴി എന്ന് വിളിച്ചോളൂ ..മുത്തിനിഷ്ടമുള്ള പേര് വിളിച്ചോളൂ ..” അവൾ ഒരു കല്ലെടുത്തു ഒറ്റ ഏറു കൊടുത്തു വീട്ടിലേക്ക് കയറി പോരുന്നു

“ഉന്നമില്ല പ്രാക്ടീസ്  വേണം ” ഉറക്കെ ഉള്ള പറച്ചിൽ കേട്ട് അവൾക്ക് ചിരി വന്നു

ഇവനൊക്കെ വട്ടാണോ ദൈവമേ

“നീ എന്താ തന്നെ നിന്ന് ചിരിക്കൂന്നേ ” ദേവിക ചേച്ചി

“അപ്പുറത്തെ വീട്ടിലെ താമസക്കാരൻ പയ്യന് ഒരേറു കൊടുത്തതാ ചേച്ചി.പക്ഷെ കൊണ്ടില്ല ..ഉന്നമില്ല എന്നവൻ അത് കേട്ട് ചിരിച്ചതാ.ഇവനൊക്കെ എത്ര ചീത്ത കേട്ടാലും പിന്നാലെ നടപ്പ് നിർത്തില്ല …”

“അതെന്താ ? നിനക്ക് ചൊറിയുമോ ?”

“ആത്മാർത്ഥ പ്രണയം വല്ലോം ആണോ കൊച്ചെ “ദേവിക കളി യാക്കി

“ഉവ്വേ ആത്മാർത്ഥ പ്രണയം .ടെസ്റ്റ് കഴിയുമ്പോൾ ഇവർ പോകും. അത് വരെ ഉള്ള ഒരു ടൈം പാസ് അല്ലെ എന്റെ ചേച്ചിക്കുട്ടി ഇതൊക്കെ .നമ്മൾ ഇതൊക്കെ എത്ര കണ്ടതാ ..എനിക്കി പ്രേമം എന്ന് കേൾക്കുമ്പോൾ അലെർജിയ “

ജിഷ പൊട്ടിച്ചിരിച്ചു

“എന്റെ ചേച്ചി അതൊക്കെ ഉടായിപ്പാ .അങ്ങനെ ഒരു സംഭവം ഇപ്പൊ ഇല്ല .ആത്മാർത്ഥ പ്രണയം ..എങ്ങാനും വല്ലവന്മാരുടെ കൂടെ ഒരു എസ് പറഞ്ഞുണ്ണിരികകട്ടെ കുറച്ചു കഴിയുമ്പോ തുടങ്ങും എഫ്ബിയിൽ പാസ് വേർഡ് എന്താ?ഫോണിലെ പാസ് വേർഡ്?എന്താ വാട്സ് ആപ്പ് കോൺടാക്ട് ആരൊക്കെയാ ..?ഫോൺ എന്താ ബിസി ? നീ എന്തിനാ ഷാളില്ലാത്ത ചുരിദാർ ഇടുന്നത്?..മുടി എന്താ പിന്നിക്കെട്ടി വെക്കാത്തത്?”

ദേവിക ചിരിച്ചു പോയി

“ഞാൻ എന്ത് ചെയ്യണമെന്നത് എന്റെ സൗകര്യമല്ലേ ചേച്ചി? അതിനെനിക്ക് ഒരു  ഗൈഡ് വേണോ ?എന്റെ ജീവിതമാ. എന്റെയ അത്.എന്റെ സൗകര്യത്തിനു സന്തോഷത്തിനു ഞാൻ ജീവിക്കും .അതിനു ഈ പൊട്ട പ്രേമങ്ങൾ ഒക്കെ തടസ്സമാ”

“കൊള്ളാമല്ലോ ആശയങ്ങളൊക്കെ .പക്ഷെ എന്നാണെങ്കിലും കാലിൽ പൂട്ട് വീഴും കേട്ടോ .ചിലപ്പോ ഈ കല്യാണം കഴിക്കുന്നവനാണ് ഇത്തരം ഡിമാന്റുകൾ ഒക്കെ വെയ്ക്കുന്നതെങ്കിൽ എന്ത് ചെയ്യും കളയാൻ പറ്റുമോ ?”

“എന്താ പറ്റാതെ ?കളയും ഡിവോഴ്സ് ചെയ്തു കളയും.ശ്വാസം മുട്ടില്ലേ ചേച്ചി ?അത് ചെയ്യരുത് ഇത് ചെയ്യരുത് ആരെയും ഫോൺ ചെയ്യരുത് അയ്യോ അതൊന്നും എനിക്ക് വയ്യ എന്റെ പൊന്നോ …”

“ഈശ്വര ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം ..എന്ത് പെട്ടെന്നാ ഡിവോഴ്സിൽ എത്തി നിക്കുന്നെ ..കുട്ടി ജീവിതം ഒരു അഡ്ജസ്റ്മെന്റാ ..കുറെ അഡ്ജസ്റ്റ് ചെയ്യുമ്പോ കുറച്ചു സന്തോഷം കിട്ടും അതിൽ പിടിച്ചങ്ങനെ ജീവിക്കണം ..” ജിഷ ചിരിച്ചു

“എന്റെ പൊന്നു ചേച്ചി എനിക്കതു പറ്റുകേല .അങ്ങനെ അഡ്ജസ്റ്റ് ചെയ്തു ചെയ്തു ആത്മഹത്യ ചെയ്ത ഒരു ചേച്ചി എനിക്കുണ്ടായിരുന്നു .അഡ്ജസ്റ്റ് ചെയ്തു  ഭ്രാന്ത് വന്നു മരിച്ചു പോയ ഒരമ്മയയും.ഇന്ന് എന്റെ വീട്ടിൽ ഞാനും എന്റെ അനിയനും തനിച്ച ,അവനോടും ഞാൻ പറയും പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കണം ബഹുമാനം കൊടുക്കണം എന്നൊക്കെ “

ദേവിക സ്തംഭിച്ചു നിന്നു പോയി

‘അമ്മ മരിച്ചു പോയി എന്നല്ലതെ കൂടുതൽ ഒന്നും അവർക്ൿറിയില്ലായിരുന്നു

ചേച്ചിയെ കുറിച്ച് അവളൊരിക്കലും പറഞ്ഞിട്ടുമില്ല

അവളുടെ കാഴ്ചപ്പാടുകൾ അവളുടെ അനുഭവങ്ങളിൽ നിന്നുള്ളതാണെന്നു അവർ തിരിച്ചറിഞ്ഞു

അതെപ്പോഴും അങ്ങനെയാണ് നമ്മൾ ജീവിക്കുന്ന ജീവിതമാണല്ലോ ഗുരു..എല്ലാ തീരുമാനങ്ങളും അതിൽ നിന്നാണ് ഉണ്ടാകുക

“ദേവി ..”

“ദേ വിളി വന്നു അടുത്ത ചായയ്ക്ക്  ഈശ്വര ഊണിനുള്ള സമയം ആയി എത്രാമത്തെ ചായ ആണ് ഇത് “

“ചായയ്ക്ക് വെള്ളം വെയ്കകട്ടെ ചേച്ചി ?’

“വേണ്ട ഞാൻ അങ്ങോട്ട് ചെല്ലട്ടെ നല്ല വഴക്ക് കൊടുക്കുന്നുണ്ട് “

“അവർ പോയപ്പോ ഒരു ചിരിയോടെ അവൾ ചായയ്ക്ക് വെള്ളം വെച്ച്

അതവൾക്ക് ഉറപ്പാണ്. അങ്ങനെയൊക്കെ പറഞ്ഞാലും സാർ പറയുന്നതേ ഇവിടെ നടക്കുകയുള്ളു.അത് ഒരു കമാൻഡ് ഒന്നുമല്ല. പറഞ്ഞത് അനുസരിക്കുന്നതാണ് ദേവിക ചേച്ചിക്ക്‌ ഇഷ്ടം. ഇവരുടെ ജീവിതം കാണുമ്പോൾ ഇടക്ക് ഒന്ന് പ്രേമിച്ചാലോ എന്നൊക്കെ അവൾക്ക് തോന്നാറുണ്ട്

കാരണം പ്രണയത്തിനു അത്ര ഭംഗിയാണ്. അത്രമേൽ തീവ്രമായി പ്രണയിക്കുന്നവരുടെ പ്രണയത്തിന്.

മാളികപുറം  തറവാടിന്റെ അതിരുകൾ ഗ്രാമത്തിന്റെ മുക്കാൽ ഭാഗത്തോളം നീണ്ടു കിടക്കുന്നു .ഇതിന്റെ അവകാശികളായി ഏകദേശമൊരു ഇരുന്നൂറു പേരുണ്ടാകും എന്നാണ് നാട്ടുവർത്തമാനം .പലരും പല ദിക്കിലൊക്കെയാണ് .പക്ഷേ ആരും തമ്മിൽ തർക്കങ്ങളൊന്നുമില്ല .തറവാട്ടിൽ രണ്ടു കുടുംബമേയുള്ളു ദേവകിയും ഭർത്താവും വേണുവും മകൾ പൗർണമിയും പിന്നെ പാർവതിയുടെ മാതാപിതാക്കളായ മനുവും ജാനകിയും.പാർവതിയുടെ അച്ഛനും വേണുവും സഹോദരങ്ങളാണ് .

അവരുടെ അച്ഛനും അമ്മയും അവർക്കൊപ്പം തന്നെ ഉണ്ട് .വേണുവാണ് തറവാട്ടിലെ എല്ലാ കാര്യവും നോക്കുന്നത്. കൃഷിയുണ്ട്. വാടക കെട്ടിടങ്ങൾ ഉണ്ട്. അതിന്റെയൊക്കെ വരുമാനം കൃത്യമായി എല്ലാവർക്കും ഓഡിറ്റ് ചെയ്തു അയച്ചു കൊടുക്കാറുണ്ട് .ആർക്കും അതൊന്നും വേണമെന്ന് ആഗ്രഹം കൂടിയില്ല .നാട്ടിൽ ഉള്ളവരല്ലേ അതൊക്കെ ചെയ്യുന്നത് അവർ തന്നെ അതിന്റെ ലാഭവും എടുത്തോട്ടെ എന്ന മട്ടാണ് എല്ലാവർക്കും. ആർക്കും പണത്തിനോട് ആർത്തിയുമില്ല .അത് തറവാട്ടിൽ ഉള്ളവർക്കുമില്ല വന്നു കയറിയവർക്കുമില്ല. സത്യത്തിൽ ആ നാട്ടിലെന്നല്ല ആ ദേശത്ത് തന്നെ അത് ഒരപൂർവ കാഴ്ചയാണ്.

വേണ്ട എന്ന് പറഞ്ഞാലും  വേണു എല്ലാം നോക്കിയും കണ്ടും ചെയ്യും നാളെ ഒരു കാലത്തു ആരും പരാതി പറയരുത് എന്നാണ് അയാളുടെ പക്ഷം .വേണുവാണ് അക്കാര്യത്തിൽ ൽ ഒക്കെ പാർവതിയുടെ അച്ഛൻ മനുവിനെക്കാൾ കാര്യപ്രാപ്തി ഉള്ളവൻ. മനു അധ്യാപകനാണ് .അതിലാണ് അയാളുടെ ശ്രദ്ധ .എന്നാലും അനിയനെ  സഹായിക്കാനും ഒപ്പം നിൽക്കാനും അയാൾ കഴിഞ്ഞേയുള്ളു .ഏറ്റവും ഇളയ ആളാണ് വേണു .ഇടയ്ക്കുള്ള രണ്ടും പെൺകുട്ടികൾ ആണ്. ഒന്ന് സുഭദ്ര അമേരിക്കയിൽ മകൻ വിനുവിന്റെ ഒപ്പം .പിന്നെയുളളത് രാജി അവർ ദുബായിലാണ് .രണ്ടു മക്കൾ ഡോക്ടർമാർ .ഭർത്താവും ഡോക്ടർമാർ തന്നെ .

മേലെപ്പാട്ടു ഗ്രാമം ഇന്നും ഗ്രാമത്തിന്റെ തനതു ഭംഗി നിലനിർത്തുന്നതിൽ മാളികപ്പുറം തറവാട്ടിന് വലിയ ഒരു പങ്കുണ്ട് .പാടത്തിന്റെയും പുഴയുടെയും ഒക്കെ ഭംഗി അങ്ങനെ തന്നേ ഇപ്പോഴും നിൽക്കുന്നുണ്ട് . കാവും മരങ്ങളും പച്ചപ്പും പലരും മോഹവില കൊടുക്കാമെന്നു പറഞ്ഞു നോക്കി .നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ .റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു അഞ്ചു മിനിറ്റുമാത്രം . ഫ്ലാറ്റ് കെട്ടാനും വ്യവസായങ്ങൾ തുടങ്ങാനും ഒക്കെ ഭൂമി ചോദിച്ചു വന്നവർ നിരവധിയാണ് .തറവാട്ടിൽ ആർക്കും സമ്മതമല്ലായിരുന്നു അത് .കാവിലെ ഭഗവതിയെയും നാഗദൈവങ്ങളെയും  അങ്ങനെ അന്യാധീനപ്പെടുത്താൻ ആരും തയ്യാറായില്ല എന്നതാണ് വാസ്തവം.

അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും ദുബായിലുമൊക്കെ  താമസിക്കുന്നവരാണെങ്കിലും അവർക്കറിയാം അവരുടെ നാഗദൈവങ്ങളുടെയും ഭഗവതിയുടെയും അനുഗ്രഹം കൊണ്ടാണ് അവർ സുഖമായി ജീവിക്കുന്നതെന്ന് .ശാസ്ത്രം എത്ര വളർന്നാലും വിശ്വാസം മാറുന്നില്ലലോ ചിലർക്കെങ്കിലും. അത് നെഞ്ചു തൊട്ടുള്ള പ്രാർത്ഥനയാണ്. അവർക്ക് അവരുടെ തറവാട്  ഒരു വികാരവും.

ഗ്രാമത്തിന്റെ ബസ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ രണ്ടു കിലോമീറ്റർ നടന്നാൽ തറവാട്ടിൽഎത്താം .മിക്കവരും വാഹനങ്ങൾ സ്വന്തമായി ഉള്ളവരാണ് .നന്ദനും പാർവതിയും പക്ഷെ ഇപ്പോഴും  ബസിലാണ് വരിക .നന്ദന് ഡ്രൈവിംഗ് പേടിയാണ് .അച്ഛന്റെ മരണം കണ്ട അന്ന് തുടങ്ങിയ പേടിയാണ് .പാർവതിക്ക് ഒരു ടുവീലർ  ഉണ്ട് .ജോലിക്ക് പോകാൻ അവളതു ഉപയോഗിക്കും .അല്ലതെ എവിടെ പോകാനും ബസിനെ ആണ് ആശ്രയിക്കുക .ശ്രീക്കുട്ടിക്ക് ഒരു കുട്ടി സൈക്കിൾ ഉണ്ട് അവൾ സ്കൂളിൽ അതിലാണ് പോകുക .അവർ മാത്രമാണ് ആ തറവാട്ടിൽ സാമ്പത്തിക സ്ഥിതിയിൽ കുറച്ചെങ്കിലും പിന്നിൽ നിൽക്കുന്നത്.

പക്ഷെ അത് കൊണ്ട് അവരെയാരും മാറ്റിനിർത്തുകയോ പരിഹസിക്കുകയോ ചെയ്യാറില്ല .കാരണം പാർവ്വതി ഇന്നും അവരുടെ ജീവനാണ് എന്നത് തന്നെ .ഏത് കാര്യത്തിനും തറവാട്ടിൽ ആദ്യത്തെ ക്ഷണം അവർക്കാണ് താനും.

തുടരും