സ്വന്തമെന്ന് പറയാൻ എനിയ്ക്ക് ഇവര് രണ്ട് പേരുമേ ഉള്ളു, അതിലൊന്നിനെ നിങ്ങള് കൊണ്ട് പോയാൽ…

Story written by Saji Thaiparambu

=========================

ആ സ്ത്രീയും അവരുടെ കുട്ടികളും അന്തിയുറങ്ങുന്ന തെരുവിലെ  കടത്തിണ്ണയുടെ അരികിലായി, അയാൾ വീണ്ടും തൻ്റെ കാറ് ഒതുക്കി നിർത്തി

ഡാഷ് ബോർഡിലിരുന്ന പൊതിക്കെട്ടുമെടുത്ത് അയാൾ ആ സ്ത്രീയുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ കാറിനുള്ളിൽ അയാളുടെ ഭാര്യ പ്രതീക്ഷയോടെ നോക്കിയിരുന്നു.

ദാ, ഇത് അൻപതിനായിരം രൂപയുണ്ട് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ചോദിച്ചാൽ മതി ഇനിയും ഞാൻ കാശ് തരാം. ഈ മോളേ ഞാൻ കൊണ്ട് പൊയ്ക്കോട്ടെ?

യാചനാരൂപത്തിലുള്ള അയാളുടെ ചോദ്യം കേട്ട് ആ സ്ത്രീ വിഷണ്ണയായി നിന്നു

സ്വന്തമെന്ന് പറയാൻ എനിയ്ക്ക് ഇവര് രണ്ട് പേരുമേ ഉള്ളു, അതിലൊന്നിനെ നിങ്ങള് കൊണ്ട് പോയാൽ…? വേണ്ട അത് ശരിയാവില്ല. നിങ്ങളെത്ര രൂപ തന്നാലും എനിക്കെൻ്റെ മോൾക്ക് പകരമാവില്ല. നിങ്ങള് പൊയ്ക്കോളു

അയാളുടെ അപേക്ഷ നിരാകരിച്ച് കൊണ്ട് അവർ കുട്ടികളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു.

കടുത്ത നിരാശയോടെ അയാൾ തിരിച്ച് പോയി.

എന്തിനാണമ്മേ അയാളോട് അങ്ങനെ പറഞ്ഞത്? കുഞ്ഞുമോളേ അയാള് കൊണ്ട് പോയിരുന്നെങ്കിൽ അവൾക്ക് എപ്പോഴും വയറ് നിറച്ച് ആഹാരം കഴിക്കാമായിരുന്നില്ലേ? എപ്പോഴും കാറിനുള്ളിൽ കറങ്ങി നടക്കാമായിരുന്നില്ലേ? പിന്നെ മഴ പെയ്താലും നനയാതെ കിടന്നുറങ്ങുകയും ചെയ്യാമായിരുന്നു
അവളെങ്കിലും സന്തോഷത്തോടെ ജീവിക്കുമായിരുന്നില്ലേ?

പന്ത്രണ്ട് വയസ്സുള്ള മൂത്ത മകൻ്റെ ചോദ്യം കേട്ട് അവർ കുറ്റബോധത്തോടെ നിന്നു

അവിടെ ചെന്നാൽ ബിരിയാണി കിട്ടുവോ ചേട്ടാ…?

എട്ടു വയസ്സുകാരി കുഞ്ഞുമോൾ ജിജ്ഞാസയോടെ ചോദിച്ചു

പിന്നേ, ബിരിയാണിയും നെയ്ച്ചോറും പത്തിരിയും ഇ-റച്ചിയുമൊക്കെ കിട്ടും

അത് കേട്ട് കുഞ്ഞുമോളുടെ വായിൽ വെള്ളം നിറഞ്ഞു

എങ്കിൽ എന്നെ അയാളോടൊപ്പം വിടാമായിരുന്നില്ലേ അമ്മേ..എനിയ്ക്ക് ബിരിയാണി തിന്നാൻ കൊതിയാവുന്നു

കുഞ്ഞുമോളുടെ ചോദ്യം കേട്ട് അവർ പതറിപ്പോയി

രണ്ട് നേരം തികച്ച് മക്കളുടെ വിശപ്പടക്കാൻ കഴിയാത്ത താൻ അവർക്കൊരു നല്ല ജീവിതം കൊടുക്കാൻ തയ്യാറായി വന്നവരെ തിരിച്ചയച്ചത് തെറ്റായിപ്പോയി

മോള് വിഷമിക്കേണ്ട, അയാളുടെ വീട് അമ്മയ്ക്കറിയാം, നാളെ ഞാൻ മോളെ അവിടെ കൊണ്ട് ചെന്നാക്കാം

അത് കേട്ട് സന്തോഷത്തോടെ അവൾ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു

പിറ്റേന്ന് അവർ മക്കളെയും കൂട്ടി അയാളുടെ വീട്ടിലേയ്ക്ക് ചെന്നെങ്കിലും അവര് ആശുപത്രിയിൽ പോയിരിക്കുവാണെന്ന് പറമ്പിലെ പണിക്കാരൻ പറഞ്ഞത് കേട്ട് ആ സ്ത്രീയും മക്കളും മടങ്ങിപ്പോയി

അടുത്ത ദിവസം വീണ്ടും അവരവിടെ ചെന്നു

അയാളുടെ ഭാര്യ കിടക്കുകയാണെന്ന്, അടുക്കളക്കാരി വന്ന് പറഞ്ഞു.

ഞങ്ങളൊന്ന് കയറി കണ്ടോട്ടെ. അവർക്ക് ഞങ്ങളെ അറിയാം

അവർ ദൈന്യതയോടെ ചോദിച്ചു

വേണ്ട, ഡോക്ടർ, മാഡത്തിന് ഫുൾ റെസ്റ്റ് പറഞ്ഞിരിക്കുവാണ്, സന്ദർശകരെ ഒന്നും അനുവദിക്കേണ്ടന്നാണ് സാറ് പറഞ്ഞിട്ട് പോയത്

എന്താ മാഡത്തിന് പറ്റിയത് ?

മാഡം ഗർഭിണിയാണ്, ഇരുപത് വർഷത്തെ അവരുടെ കാത്തിരിപ്പിന് ഫലം കണ്ടിരിക്കുവാണ്.

അത് കേട്ട് അവർ തകർന്ന് പോയി

അല്ല നിങ്ങളാരാ? എവിടുന്ന് വരുന്ന് ? സാറ് വരുമ്പോൾ ഞാൻ പറയാം

അതിന് മറുപടി പറയാതെ കുട്ടികളെയും കൊണ്ട് അവർ പുറത്തേയ്ക്കിറങ്ങി.

പെട്ടെന്നായിരുന്നു മാനം കറുത്തതും ഇടിമുഴക്കത്തോടെ മഴ പെയ്യാൻ തുടങ്ങിയതും…

എത്രയും വേഗം ആ കടത്തിണ്ണയിലെത്താൻ അവർ കുട്ടികളെയും വലിച്ചുകൊണ്ട് ധൃതിയിൽ നടന്നു

കുറച്ച് ദൂരം കഴിഞ്ഞപ്പോൾ അവരുടെ അരികിലായി ഒരു കാറ് വന്ന് നിന്നു

അത് അയാളായിരുന്നു

കുട്ടികളെ, മഴ നനയ്ക്കാതെ വേഗം കയറ്

പുറകിലെ ഡോറ് തുറന്ന് കൊടുത്തിട്ട് അയാള് പറഞ്ഞു.

മടിച്ച് മടിച്ച് അവർ കുട്ടികളുമായി കാറിൽ കയറി

ഇന്നലെയും ഇന്നും നിങ്ങള് വീട്ടിൽ വന്ന കാര്യം അറിഞ്ഞിട്ടാണ് ഞാൻ വന്നത്, സത്യം പറഞ്ഞാൽ നിങ്ങളെ കണ്ടതിന് ശേഷമാണ് ദൈവം ഞങ്ങൾക്ക് ഇങ്ങനൊരു ഭാഗ്യം തന്നത്. അത് കൊണ്ട് മോളെ മാത്രമല്ല, നിങ്ങള് മൂന്ന് പേരെയും കൂട്ടിക്കൊണ്ട് ചെല്ലാൻ എൻ്റെ ഭാര്യ പറഞ്ഞിട്ടാണ് ഞാൻ വന്നത്, ഇനി മുതൽ നിങ്ങൾ ഞങ്ങളുടെ വീട്ടിൽ കഴിയണമെന്നാണ് അവളുടെ ആഗ്രഹം…അതെങ്കിലും നിങ്ങള് സമ്മതിക്കുമോ?

ഒന്ന് സമ്മതിക്കമ്മേ, ഞങ്ങൾക്കിനി പട്ടിണി കിടക്കാൻ വയ്യമ്മേ. ചെല്ലാമെന്ന് പറയമ്മേ?

അയാൾ പറഞ്ഞത് കേട്ട് അവർ സ്തബ്ധയായി പോയിരുന്നു

കുട്ടികളുടെ നിർബന്ധം സഹിക്കാതെ ഒടുവിൽ, അവർ നിറകണ്ണുകളോടെ അയാളുടെ നേരെ കൈകൂപ്പി.

~Saji Thaiparambu