അടഞ്ഞു കിടന്ന വാതിൽ ചവിട്ടി തുറന്ന് കയറുമ്പോൾ കേശവൻ മുതലാളിയുടെ ബലിഷ്ടമായ കൈകൾക്കുള്ളിൽ….

joseph malayalam movie poster stills images

ഓർമ്മപ്പൂക്കൾ

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

=================

“ഇതിപ്പോ മൂന്നും പെൺകുട്ടികൾ അല്ലേ  മനോഹരന്, എന്തായാലും ഒരു പെണ്ണ് കെട്ടാതെ പറ്റില്ലയിനി….”

മൂന്നാമത്തെ മോളെ പ്രസവിച്ച് ഒരു മാസം തികയും മുന്നേ മരണത്തിന് കീഴടങ്ങിയ നാരായണിയുടെ ചിത കത്തിയമരും മുന്നേ മനോഹരൻ കേൾക്കയും, കേൾക്കാതെയും ഓരോരുത്തർ പറഞ്ഞു തുടങ്ങി.

ഉമ്മറത്തെ നീണ്ട തിണ്ണയിൽ തല കുമ്പിട്ട് കണ്ണീർ വാർക്കുന്ന മനോഹരന്റെ ചിന്തയിൽ അപ്പോഴും കേശവൻ മുതലാളിയുടെ വീട്ടിൽ വച്ച് നാരായണിയെ ആദ്യം കണ്ട നിമിഷങ്ങൾ ആയിരുന്നു…

അടുക്കളയ്ക്ക് പുറത്തുള്ള ചായ്പ്പിൽ നാരായണിയുടെ കയ്യിൽ  നിന്ന് സംഭാരം വാങ്ങി കുടിക്കുമ്പോഴും അവളുടെ ശരീരത്തേക്ക് കൊതിയോടെ നോക്കി മടക്കികുത്തിയ മുണ്ടിന്റെ അടിയിൽ കൂടി തുടയും തടവി നിൽക്കുന്ന കേശവൻ മുതലാളിയിലായിരുന്നു കണ്ണുകൾ…

പിന്നെയൊരു ദിവസം നാരായണിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് മനോഹരൻ അടുക്കള ഭാഗത്തേക്ക്‌ ഓടുന്നത്, അടഞ്ഞു കിടന്ന വാതിൽ ചവിട്ടി തുറന്ന് കയറുമ്പോൾ കേശവൻ മുതലാളിയുടെ ബലിഷ്ടമായ കൈകൾക്കുള്ളിൽ നിന്ന രക്ഷപെടാൻ ശ്രമിക്കുന്ന നാരായണിയുടെ ബ്ലൗസ് പകുതിയും കീറി പോയിരുന്നു. സർവ്വ ശക്തിയും എടുത്ത മനോഹരന്റെ ചവിട്ടിൽ കേശവൻ മുതലാളി നിലത്തേക്ക് വീഴുമ്പോൾ നാരായണി ഭയന്ന് മനോഹരന്റെ പിന്നിലേക്ക് ഒളിച്ചു…

തറയിൽ കിടക്കുന്ന മുതലാളിയ്ക്ക് നേരെ വിരൽ ചൂണ്ടി മനോഹരൻ  ദേഷ്യം കൊണ്ട് വിറയ്ക്കുമ്പോൾ,  കേശവൻ ഒന്നും മിണ്ടാൻ കഴിയതെ ആ കിടപ്പ് അങ്ങനെ കിടന്നു…

“മുതലാളിമാരാക്കുമ്പോൾ ഒന്ന് തൊട്ടെന്നും, തലോടിയെന്നുമിരിക്കും, അവിടെയൊക്കെ ഒന്ന് തഞ്ചത്തിൽ നിന്നാൽ നിനക്ക് തന്നെയാ നല്ലത്,  നിനക്കൊക്കെ ഇവിടെ പട്ടിണി കിടക്കാനേ  വിധിചിട്ടുള്ളു…. “

നാരായണിയെ വീട്ടിലാക്കി ഇറങ്ങും മുന്നേ അവളുടെ അമ്മയുടെ ഉച്ചത്തിലുള്ള വാക്കുകൾ മനോഹരൻ കേട്ടിരുന്നു…

“പട്ടിണി കിടക്കേണ്ടി വന്നാലും നിന്റെ മാനത്തിനാരും വില പറയില്ല, ഒന്നിച്ചു ജീവിക്കാൻ ഇഷ്ടം ആണെങ്കിൽ എന്റെ കൂടെ പോരാം… “

മനോഹരന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ നാരായണി മനോഹരനേയും, അമ്മയേയും മാറി മാറി നോക്കി. ഒരു നിമിഷം കൂടി അവിടെ നിന്ന ശേഷം തിരികെ നടന്ന മനോഹരന്റെ പിന്നാലെ നാരായണിയും നടന്നു തുടങ്ങിയിരുന്നു….

“അച്ഛാ കുഞ്ഞി കരച്ചിൽ നിർത്തുന്നില്ല…”

നിർത്താതെ കരയുന്ന കുഞ്ഞിനേയും എടുത്തു കൊണ്ട് മൂത്തമകൾ തട്ടി വിളിക്കുമ്പോഴാണ് കണ്ണുനീർ തുടച്ചു കൊണ്ട് മനോഹരൻ ചിന്തിയിൽ നിന്നുണരുന്നത്…

കുഞ്ഞിനെ നെഞ്ചോട് ചേർത്ത്, കരച്ചിൽ നിർത്താൻ ശ്രമിച്ചു കൊണ്ടയാൾ മുറ്റത്ത് കൂടി നടന്നു…

“കുഞ്ഞിനെ ഇങ്ങു താ, വിശന്നിട്ടാകും കരയുന്നെ… “

അത് പറഞ്ഞ് അയാളിൽ നിന്ന് കുഞ്ഞിനേയും എടുത്ത് മാജിദ വീട്ടിലേക്ക് കയറിപോകുമ്പോൾ മനോഹരൻ പിന്നേയും തിണ്ണയിൽ പോയിയിരുന്നു…

“കുഞ്ഞ് ഉറങ്ങി, പാവം വിശന്നിട്ടാ,, ഇനി കരയുമ്പോൾ അങ്ങോട്ട് കൊണ്ട് വന്നാൽ മതി, ഞാൻ പാല് കൊടുത്തോളം… “

ഏറെനേരം കഴിഞ്ഞതും പറഞ്ഞിറങ്ങി പോകുന്ന മാജിദയ്ക്ക് നന്ദി പറയാൻ പോലും കഴിയാതെ നാരായണിയുടെ ഓർമ്മകളിൽ കുടുങ്ങി അയാൾ ഇരുന്നു….

പാതിരാത്രി നിർത്താതെ പിന്നേയും കുഞ്ഞ് കരയുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മനോഹരൻ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് മുറിയിലൂടെ നടന്നു, ഇടയ്ക്ക് ഒരാശ്വാസം പോലെ അയാളുടെ കണ്ണുകൾ തുറന്നിട്ട ജന്നലിൽ കൂടി മാജിദയുടെ വീട്ടിലേക്ക് പോയിരുന്നു,…

രാത്രി വൈകിയത് കൊണ്ട് തന്നെ അവിടേക്ക് ചെല്ലാൻ അയാൾ മടിച്ചെങ്കിലും, മനസ്സ് കൊണ്ട് അവർ ഉണർന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നത് കൊണ്ട് തന്നെയാണ് വീടിന്റെ പുറത്തെ ലൈറ്റ് തെളിഞ്ഞപ്പോൾ മനോഹരൻ പെട്ടെന്ന് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയത്…

“കുഞ്ഞിന്നിനി ഇവിടെ കിടന്നോട്ടെ, നിങ്ങൾ പോയി കിടന്നോ .. “

അത് പറഞ്ഞാണ് മാജിദാ കുഞ്ഞിനേയും കൊണ്ട് പോയത്, തിരികെ നടക്കുമ്പോൾ മനോഹരന്റെ ചുവടുകൾ അപ്പോഴും കനൽ കെട്ടടങ്ങാത്ത നാരായണിയുടെ ചിതയ്‌ക്കരികിലേക്ക് പോയി….

“മരിച്ചവർ മരിച്ചു, ഇനി അതും ആലോചിച്ചിരുന്നിട്ട്…. “

ആ വാക്കുകൾ കേട്ടാണ് മനോഹരൻ കണ്ണ് തുറക്കുന്നത്, അപ്പോഴേക്കും നേരം വെളുത്ത് കഴിഞ്ഞിരുന്നു, അരികിൽ നിൽക്കുന്ന മാജിദയെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ടയാൾ എഴുന്നേറ്റു..

“മോള് നല്ല ഉറക്കമാണ്, ഞാൻ കൊണ്ട് കിടത്തിയിട്ടുണ്ട്… “

“മാജിദയ്ക്ക് ബുദ്ധിമുട്ടായല്ലേ….”

” എന്ത് ബുദ്ധിമുട്ട്, എന്റെ കുട്ടിക്കും ഇതേ പ്രായമല്ലേ, അവനെ പോലെ തന്നെയാണ് എനിക്ക് മോളും…. “

മാജിദ അത് പറയുമ്പോൾ മനോഹരൻ ഒരു ദീർഘനിശ്വാസത്തോടെ അവരെ നോക്കി..

“ഞാൻ അങ്ങോട്ട് ചെല്ലട്ടെ…. “

അത് പറഞ്ഞ് മാജിദ നടക്കുമ്പോൾ ചെല്ലമ്മ തള്ള അവിടേക്ക് എത്തിയിരുന്നു…

“അവളാണോ കുഞ്ഞിന് പാല് കൊടുക്കുന്നെ…”

അത് ചോദിച്ചവർ മനോഹരനൊപ്പം തിണ്ണയിൽ ഇരുന്നു….

“അടുത്തൊരുതി പ്രസവിച്ചു കിടക്കുന്നത് നന്നായി, കുഞ്ഞു കരയുമ്പോൾ അങ്ങോട്ട് കൊണ്ട് പോയാൽ മതിയല്ലോ, അവൾക്ക് ആണെങ്കി പാലും ഉണ്ട്…. “

ചെല്ലമ്മ ത-ള്ള നിർത്താതെ പറയുമ്പോൾ മനോഹരൻ ഒന്നും മിണ്ടാതെ മൂളി കേട്ടിരുന്നതേയുള്ളു….

പിറ്റേന്ന് കുഞ്ഞിനെ മാജിദയെ ഏൽപ്പിച്ച്  പുറത്ത് നിൽക്കുമ്പോഴാണ് പള്ളി കമ്മിറ്റിക്കാര് വന്ന് കയറുന്നത്…

“മാജിദാ…… “

വന്നവരിൽ മുതിർന്നയാൾ ഉച്ചത്തിൽ വിളിക്കുമ്പോൾ കുഞ്ഞിനേയും എടുത്ത് കൊണ്ട് മാജിദ പുറത്തേക്ക് വന്നു…

“നീയിത് എന്ത് ഭാവിച്ച നാട്ടിലെ ത-ള്ളയില്ലാതെ പിള്ളേർക്കൊക്കെ പാല് കൊടുക്കാൻ നീ ആരാ, അതും അന്യ മതത്തിൽ പെട്ടവർക്ക്…. “

അയാളുടെ ഉച്ചത്തിലുള്ള ശബ്ദം കെട്ട് കയ്യിലിരുന്ന കുഞ്ഞ് കരച്ചിൽ തുടങ്ങി, കുഞ്ഞിനെ വാങ്ങാൻ മനോഹരൻ അടുത്തേക്ക് ചെന്നെങ്കിലും മാജിദാ കുഞ്ഞിനെ കൊടുക്കാതെ മാറോട് ചേർത്ത് പിടിച്ചു..

“ഈ കുഞ്ഞിന് ഒരു മാസമേ പ്രായം ആയിട്ടുള്ളു, ഈ സമയത്ത് മുലപ്പാൽ കുടിച്ച് തന്നെയാണ് വളരേണ്ടത്, നിങ്ങളും അങ്ങനെയല്ലേ വളർന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കുഞ്ഞിന് ഞാൻ പാല് കൊടുക്കും…”

അത് പറഞ്ഞ് മാജിദ ഉമ്മറത്ത് ഇരുന്ന് കുഞ്ഞിന് പാല് കൊടുത്തു തുടങ്ങി…

“നിന്നെയും ഇവനെയും ചേർത്ത് നാട്ടിൽ ഓരോരുത്തർ പറയുന്നത് അപ്പോ സത്യം തന്നെയാണല്ലെ, ഇങ്ങനെ ആണെങ്കിൽ പള്ളി കമ്മിറ്റിക്ക് പല തീരുമാനങ്ങളും എടുക്കേണ്ടി വരും…. “

“ഓ നാട്ടുകാരുടെ കഥ കേട്ട് അന്വേക്ഷിക്കാൻ ഇറങ്ങിയതാണോ, എന്റെ കെട്ടിയോൻ ഗൾഫിൽ പോയിട്ട് ആറുമാസമായി ഒരു വിവരവും ഇല്ല, ഞാൻ നിറ വയറുമായി എത്ര തവണ നിങ്ങളുടെ മുന്നിൽ കയറി ഇറങ്ങി, നിങ്ങൾ എന്തേലും ചെയ്തോ, ഒരു കമ്മിറ്റിക്കാര് വന്നേക്കുന്നു, ആരും സഹായം ഇല്ലതെ ഇവിടെ കിടന്നപ്പോൾ ഒരു കമ്മിറ്റിക്കാരെയും കണ്ടില്ല, അപ്പോഴൊക്കെ ഈ കാണുന്ന മനുഷ്യനും, ഇങ്ങേരുടെ കെട്ടിയോളും മാത്രേ ഉണ്ടായിരുന്നുള്ളൂ, അപ്പോ ആർക്കും ജാതിയും ഇല്ല മതവും ഇല്ല, കഥയും ഇല്ല…. ഇപ്പോ ഇറങ്ങിയേക്കണം എന്റെ വീട്ടിൽ നിന്ന്….”

ഉച്ചത്തിൽ മാജിദ പറയുമ്പോൾ പിന്നെയൊന്നും മിണ്ടാതെ വന്നവർ തിരികെ നടന്നു…

“ഞാൻ കാരണം മാജിദയ്ക്കും ബുദ്ധിമുട്ട് ആയിയല്ലേ… ” മനോഹരൻ മെല്ലെ പറയുമ്പോൾ മാജിദാ ഒന്നും മിണ്ടാതെ കുഞ്ഞിനെ താരാട്ട് പാടി ഉറക്കാൻ ശ്രമിച്ചു…

“ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട്, കുഞ്ഞ് വിശന്നു കരയുമ്പോൾ  ഇങ്ങോട്ട് കൊണ്ട് വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും, അതിപ്പോ ഏത്  രാത്രി ആയാലും… “

ഉറങ്ങിയ കുഞ്ഞിനെ മനോഹരന്റെ കയ്യിലേക്ക് ഏൽപ്പിക്കുമ്പോഴാണ് മാജിദാ അത് പറഞ്ഞത്, മറുപടിയായി മനോഹരനൊന്ന് മൂളിയതേയുള്ളു….

*******************

“ഉമ്മാ ഞാൻ ഇറങ്ങട്ടെ… “

കല്യാണം കഴിഞ്ഞ് പോകാൻ നിൽക്കുന്ന കുഞ്ഞി യാത്ര ചോദിക്കുമ്പോൾ മാജിദ അവളെ ചേർത്ത് പിടിച്ച് കവിളിലൊരു ഉമ്മ നൽകി യാത്രയാക്കി… അവർ ഇറങ്ങി കഴിയുമ്പോൾ മാജിദയുടെ കണ്ണുകൾ മനോഹരനെ തിരയുകയായിരുന്നു…

“എല്ലാ ചുമതലകളും നിറവേറ്റി പോകുകയാണോ… “

വീട് പൂട്ടി ഇറങ്ങുമ്പോഴാണ് മനോഹരൻ ആ ചോദ്യം കേൾക്കുന്നത്, അതിനയാൾ ചിരിച്ചതേയുള്ളു.

“എന്നോട് യാത്ര പറയാതെ പോകുകയാണോ.. “

മാജിദ പിന്നേയും ചോദിക്കുമ്പോൾ അയാൾ ദീർഘനിശ്വാസത്തോടെ അവരെ നോക്കി…

“പോണം, പോകാതെ പറ്റില്ലല്ലോ… “

അൽപ്പനേരം ഒന്നും മിണ്ടാതെ രണ്ട് പേരും വീടിന്റെ മുറ്റത്ത് തന്നെ നിന്നു…

“കുഞ്ഞിയുടെ കല്യാണം നടത്താൻ വീട് വിറ്റു, മൂത്തവരെ കെട്ടിച്ചതിലും കുറച്ചു കടം ഉണ്ടായിരുന്നല്ലോ, അതെല്ലാം വീട്ടി, താക്കോൽ ആ ബ്രോക്കറേ ഏൽപ്പിക്കണം, എന്നിട്ട്……’

പറഞ്ഞ് പൂർത്തിയാക്കാതെ കയ്യിൽ ഇരുന്ന താക്കോലിൽ നോക്കി അയാൾ നിന്നു…

“ഇനി എങ്ങോട്ട പോകുക, അല്ലെങ്കിൽ തന്നെ എന്തിനാ പോകുന്നെ.. “

“പോണം, പതിയെ നാരായണിയുടെ അടുത്തേക്ക്…. “

അത് പറഞ്ഞ് മനോഹരൻ കയ്യിൽ പിടിച്ചിരുന്ന നാരായണിയുടെ മങ്ങിയ ഫോട്ടയിൽ നോക്കി നിന്നു …

മനസ്സിൽ ഉള്ളത് എന്തൊക്കെയോ പുറത്തേക്ക് പറയാൻ കഴിയാതെ മാജിദയും നിന്നു…

“ഞാൻ പറയുന്നത് ശരിയാണോ എന്നറിയില്ല, എന്നാലും…. “

മാജിദ അത് പറയുമ്പോൾ എന്തായെന്ന ഭാവത്തിൽ മനോഹരൻ അവരെ നോക്കി…

“എന്താ പറഞ്ഞോളൂ… “

തലയിൽ കിടന്ന ഷാൾ ഒന്നുകൂടി നേരെ ഇട്ടുകൊണ്ട്, അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ, സംസാരിക്കാൻ വാക്കുകൾ കിട്ടാതെ പരുങ്ങുന്ന മാജിദയോട്  മനോഹരൻ പറഞ്ഞു…

“അത് നിങ്ങൾക്ക്….. “

മാജിദ പറഞ്ഞു തുടങ്ങുമ്പോഴേക്കും മാജിദയുടെ വീടിന്റെ മുന്നിൽ കാർ വന്ന് നിന്നു. കാറിൽ നിന്ന ഇറങ്ങിയ ആളിനെ കണ്ട് ഒരു നിമിഷം മനോഹരനും, മാജിദയും മുഖത്തോട് മുഖം നോക്കി….

“ഹംസയല്ലേ അത്… “

അത് പറഞ്ഞുകൊണ്ട് മനോഹരൻ കാറിന്റെ അടുക്കലേക്ക് നടന്നു, അപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ മാജിദ ഒരു ചുവട് മുന്നോട്ട് വയ്ക്കാൻ കഴിയാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു…

“നോക്കി നിൽക്കാതെ വാ പെണ്ണെ ഇത് നിന്റെ പുത്യാപ്ല തന്നെയാണ്….”

കാറിൽ നിന്ന് ഇറങ്ങിയ ഹംസയുടെ കൂട്ടുകാരൻ പറയുമ്പോൾ മാജിദ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ പൊട്ടി കരഞ്ഞു തുടങ്ങി…

“ചെന്ന് ഇറങ്ങിയപ്പോഴാ അറിയുന്നത് കള്ള വിസ ആയിരുന്നു മനോഹരേട്ടാ, പോലീസിന്റെ പിടിയിൽ പെട്ടു, അങ്ങനെ പെട്ട് പോയതാ, ഇരുപതു കൊല്ലം… ഇവിടത്തെ കഥകളൊക്കെ ഓൻ പറഞ്ഞു, ഇങ്ങള് കൂടി ഇല്ലായിരുന്നേൽ ഇവള്….. “

പറഞ്ഞു പൂർത്തിയാക്കാതെ ഹംസ മാജിദയെ നോക്കി…

“നീ നിന്ന് കഥ പറയാതെ ഓളുടെ അടുത്തേക്ക് ചെല്ല്.. “

അത് പറഞ്ഞ് ഹംസയുടെ തോളിൽ തട്ടി മാജിദയുടെ അടുത്തേക്ക് തള്ളി വിട്ടു..

“അതേ ഇങ്ങള് ടൗണിലേക്കല്ലേ ഞാനും ഉണ്ട് അവിടെ വരെ… “

അത് പറഞ്ഞ് മനോഹരൻ കാറിൽ കയറുമ്പോൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി. നിറ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന മാജിദയുടെ മനസ്സ് മനസ്സിലാക്കിയെന്നോണം അയാൾ കണ്ണ് കൊണ്ട് അവരോട് യാത്ര പറഞ്ഞു, കയ്യിൽ  ഇരുന്ന നാരായണിയുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് കാറിൽ മലർന്നിരിക്കുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..

✍️ ശ്യാം…..