മാറ്റം
എഴുത്ത്: ദേവാംശി ദേവ
==================
രാത്രി പത്ത് മണി കഴിഞ്ഞാണ് താര ബെഡ്റൂമിലേക്ക് വന്നത്..രാവിലെ തുടങ്ങുന്ന വീട്ടുപണികൾ തീരുമ്പോൾ അത്രയും സമയമാകും.
താരയും ഭർത്താവ് വിനയനും രണ്ട് കുഞ്ഞുങ്ങളും വിനയന്റെ അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയതായിരുന്നു അവരുടെ കുടുംബം.
താര റൂമിലേക്ക് വരുമ്പോൾ വിനയൻ ഫോണും നോക്കി ഇരിപ്പുണ്ട്..
“വിനയേട്ടാ ഈ സാരി എങ്ങനെയുണ്ട്..അമ്മായിയുടെ മോളുടെ കല്യാണത്തിന് വാങ്ങിയതാ..കൊള്ളാമോ… “
“മ്മ്മ്..” വിനയനൊന്ന് മൂളി..
“നാളെ വിനയേട്ടന്റെ ബോസ്സിന്റെ മോളുടെ ബെർത്ത്ഡേ പാർടിക്ക് ഈ സാരി ഉടുത്താൽ പോരേ..”
“മ്മ്മ്..”
സന്തോഷത്തോടെ താര വിനയന്റെ അടുത്ത് പോയി കിടന്നു..അവളുടെ സാമിപ്യം അറിഞ്ഞതും അവൻ ഫോൺ മാറ്റിവെച്ച് ലൈറ്റ് ഓഫ് ചെയ്ത് അവളിലേക്ക് അമർന്നു..
പതിവ് പൊലെ പിറ്റേ ദിവസം രാവിലെ തന്നെ താര എഴുന്നേറ്റു..വിനയന് ജോലിക്ക് പോകണം കുട്ടികൾക്ക് സ്കൂളിലേക്കും വിനയന്റെ അനിയത്തിക്ക് കോളേജിലേക്കും പോകണം. വിനയന്റെ അമ്മക്കും അച്ഛനും ഷുഗറും ബിപിയും കൊളസ്ട്രോളുമൊക്കെ ഉള്ളതുകൊണ്ട് കൃത്യ സമയത്ത് ആഹാരം കഴിക്കണം..
കൃത്യം എട്ടുമണി ആകുമ്പോൾ തന്നെ അവൾ ആഹാരാമെല്ലാം റെഡിയാക്കും. എട്ടരയാകുമ്പോൾ മെയിൻ റോഡിൽ സ്കൂൾ ബസ്സ് വരും. അവൾ തന്നെയാണ് കുട്ടികളെ കൊണ്ടാക്കുന്നത്. അതുകഴിഞ്ഞ് വിനയനും വിനയന്റെ അനിയത്തിയും പോകും. പിന്നെയും ജോലി ബാക്കിയാണ്. അടുക്കള വൃത്തിയാക്കണം, പാത്രങ്ങളൊക്കെ കഴുകണം,വീട് അടിച്ചുവാരി തുടക്കണം.
തുണി അലക്കണം,മുറ്റമടിക്കണം. എല്ലാ ജോലിയും കഴിയുമ്പോൾ ഒരു നേരമാകും..
പഠിക്കുന്നതിന്റെ പേര് പറഞ്ഞ് വിനയന്റെ അനിയത്തി വിദ്യ ,താരയെ സഹായിക്കാറില്ല..ആദ്യമൊക്ക വിനയന്റെ അമ്മ എന്തെങ്കിലും സഹായം ചെയ്യുമായിരുന്നു എങ്കിലും പതിയെ പതിയെ അതും നിന്നു.
എങ്കിലും താരക്ക് അതൊന്നും പ്രശ്നമായിരുന്നില്ല..ആ കുടുംബമായിരുന്നു അവളുടെ ജീവനും ജീവിതവും.
വൈകുന്നേരം നേരത്തെ തന്നെ അവൾ ഒരുങ്ങി നിന്നു..വിനയന്റെ കൂടെ അവന്റെ ബോസ്സിന്റെ മകളയടെ ബെർത്ഡേ പാർടിക്ക് പോകാൻ..കുറേ നാളായി വിനയനോടൊപ്പം പുറത്തേക്ക് പോയിട്ട്..അതിന്റെയൊരു സന്തോഷവും അവൾക്ക് ഉണ്ടായിരുന്നു..
എന്നാൽ എന്നും ആറുമണിക്ക് എത്തുന്ന വിനയൻ അന്ന് എട്ടുമണി ആയിട്ടും എത്തിയില്ല..താര പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല..ഇടക്ക് വാട്സ് ആപ്പ് നോക്കിയപ്പോളാണ് വിനയന്റെ സ്റ്റാറ്റസുകൾ അവൾ കണ്ടത്. ബെർത്ഡേ പാർടിയിൽ പങ്കെടുത്ത ഫോട്ടോകൾ..അവന്റെ കൂടെ ജോലി ചെയ്യുന്നുവരും അവരുടെ കുടുംബവും മുഴുവൻ ഉണ്ട്..അതിൽ താൻ മാത്രം ഇല്ലെന്നറിഞ്ഞപ്പോൾ താരക്ക് സഹിക്കാൻ കഴിഞ്ഞില്ല..എന്തായാലും വിനയനോട് അതിനെ പറ്റി ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
“നിന്നെ കൊണ്ടുപോകാമെന്ന് ഞാൻ പറഞ്ഞോ..അല്ലെങ്കിൽ തന്നെ നിന്നെ എങ്ങനെ കൊണ്ടുപോകും..എന്റെ കൂടെ ജോലി ചെയ്യുന്നുവരുടെ ഭാര്യമാരൊക്കെ ഉദ്യോഗസ്ഥരാ..നീയോ..നിനക്കെന്താ ജോലിയെന്ന് അവരൊക്കെ ചോദിച്ചാൽ ഞാൻ എന്തുപറയും..
അതുപോട്ടെ..എവിടെപോയാലും ഒരു സാരിയും എടുത്ത് ചുറ്റി വരും..അവരൊക്കെ എന്ത് മോഡേണായാണ് ഡ്രെസ്സ് ചെയ്യുന്നതെന്ന് അറിയോ..”
വിനയന്റെ മറുപടി കേട്ടപ്പോൾ അവൾക്ക് പുച്ഛമാണ് തോന്നിയത്…
വിവാഹം കഴിഞ്ഞു വന്ന സമയത്ത് ”നീ സാരിയുടുക്കുന്നതാ എനിക്ക് കൂടുതൽ ഇഷ്ടം ” എന്നുള്ള വിനയന്റെ വാക്ക് കേട്ടാണ് സാരി ഉടുക്കാൻ അറിയാഞ്ഞിട്ടുകൂടി അവൾ സാരികൾ മാത്രം വാങ്ങിയത്…അന്നൊക്കെ ഏത് സാരിയുടുത്തു വന്നാലും ”ഈ സാരിയിൽ നീ കൂടുതൽ സുന്ദരിയായിട്ടുണ്ട്” എന്ന് വിനയൻ പറയുമായിരുന്നു.
ഡിഗ്രി വരെ പഠിച്ചിട്ടും നല്ല മാർക്കോടെ പാസായിട്ടും അവൾ ജോലിക്ക് പോകാത്തത് ആ കുടുംബത്തിന് വേണ്ടിയായിരുന്നു.
“നീ എന്താ ഒന്നും മിണ്ടാത്തത്..ഒന്നും മിണ്ടാൻ ഇല്ലല്ലേ..”
അവനവളെയൊന്ന് പുച്ഛിച്ച് നോക്കിയിട്ട് അവൻ അകത്തേക്ക് പോയി..
മറുപടിയല്ല..മാറ്റമാണ് ആവശ്യമെന്ന് ആ നിമിഷം താര ഉറപ്പിച്ചു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം…
“താര എവിടെ അമ്മേ..”ഓഫീസിൽ നിന്ന് നേരത്തെ വന്ന വിനയൻ അവളെ കാണാത്തതുകൊണ്ട് അന്വേഷിച്ചു.
“അവളിവിടെ ഇല്ലെടാ..ഇപ്പോ മിക്ക ദിവസങ്ങളിലും നീ പോയുടനെ അവളും എങ്ങോട്ടോ പോകും..ഞാൻ കരുതി നിന്നോട് ചോദിച്ചിട്ടാകുമെന്ന്..എന്നും നീ വരുന്നതിനുമുൻപ് എത്തുന്നതാ..ഇന്ന് ഇതുവരെ എത്തിയില്ല..”
വിനയൻ ദേഷ്യത്തോടെ അവളെ കാത്തിരുന്നു..സന്ധ്യയായപ്പോഴാണ് താര തിരികെ എത്തിയത്..
അവളുടെ വേഷം കണ്ട് അത്ഭുതത്തോടെ വിനയൻ അവളെ നോക്കി..സാരിയിൽ നിന്നും ജീൻസിലും ടോപ്പിലോട്ടും മാറിയിരിക്കുന്നു..കാച്ചിയ എണ്ണ മണക്കുന്ന നീണ്ട തലമുടി പകുതിയോളം,ഫാഷനിൽ മുറിച്ചു മാറ്റിയിരിക്കുന്നു.
“നീ ഇത് എവിടെ പോയതാടി..”
“വിനയേട്ടൻ എത്തിയായിരുന്നോ..ഞാനൊരു ഇന്റർവ്യൂന് പോയതാ..ഇന്നല്ല കുറേ ദിവസമായി പലയിടത്തും ഇന്റവ്യൂന് പോകുന്നുണ്ട്..ഇന്നാ ജോലി ശരിയായത്..തിങ്കളാഴ്ച ജോയിൻ ചെയ്യണം..അതുകൊണ്ട് ചെറിയൊരു ഷോപ്പിങൊക്കെയുണ്ടായിരുന്നു..പിന്നെ ബ്യൂട്ടിപാർലറിലും ഒന്ന് കയറി..അതാ താമസിച്ചത്.”
“ജോലിക്ക് പോകാനോ..നീ ജോലിക്ക് പോയാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ ആര് നോക്കും.” വിനയന്റെ അമ്മയാണ് ചോദിച്ചത്.
“അതൊക്കെ നടന്നോളും അമ്മേ..” കൂടുതൽ സംസാരത്തിന് നിൽക്കാതെ താര അകത്തേക്ക് പോയി..
തിങ്കളാഴ്ച രാവിലെ അവൾ ജോലിക്ക് പോകാനായി ഇറങ്ങി..
“നീ പോകുവാണോ..ഇവിടുത്തെ ജോലികളൊന്നും തീർന്നില്ലല്ലോ..വീടൊക്കെ ഇങ്ങനെ ഇട്ടിട്ട് പോയാൽ എങ്ങനാ..” വിനയന്റെ അമ്മ അവളൊട് ചോദിച്ചു..
“ആഹാരമൊക്കെ ഞാൻ ഉണ്ടാക്കിയല്ലോ അമ്മേ..”
അമ്മയുടെ ശബ്ദം കേട്ട് റൂമിൽ നിന്നും ഇറങ്ങിവന്ന വിനയൻ അവളുടെ കൂസലന്യേയുള്ള ഭാവം കണ്ട് അവളെ തന്നെ നോക്കി നിന്നു.
“ആഹാരം ഉണ്ടാക്കിയാൽ മാത്രം മതിയോ..ബാക്കി ജോലിയൊക്കെ ആര് ചെയ്യും..കേട്ടില്ലേ മോനെ നീ നിന്റെ ഭാര്യ പറയുന്നത്..ഇവളിങ്ങനെയായാൽ എങ്ങനെയാ..നിന്റെ കുട്ടികളുടെ കാര്യമാ അവതാളത്തിൽ ആകുന്നത്.”
“നീ എന്ത് ഉദ്യേശിച്ചാ താരെ..”
“ഞാനെന്ത് ഉദ്യേശിക്കാനാ വിനയേട്ടാ.”
“നിന്നോട് ജോലിക്ക് പോകണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല..എന്നുകരുതി വീട്ടുജോലി ഒന്നും ചെയ്യാതെ പോകാൻ പറ്റില്ല.”
“അതിന് ഞാൻ വീട്ടുജോലി ചെയ്യാതെ പോകുന്നില്ലല്ലോ..ആഹാരാമെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇനി പാത്രം കഴുകണം..അത് അമ്മക്ക് ചെയ്യാവുന്നതല്ലേയുളളു. പിന്നെ വീടും മുറ്റവും അടിച്ചു വാരുന്നത്..അത് വിദ്യക്ക് ചെയ്യാലോ..”
“അവൾ പഠിക്കുകയല്ലേ..” വിനയന്റെ അമ്മയാണ് ചോദിച്ചത്.
“അവളിപ്പോ എഴുന്നേൽക്കുന്നത് എട്ടു മണിക്കല്ലേ ആമ്മേ..എഴുന്നേറ്റാൽ ഉടനെ കുളിച്ച് റെഡിയായി ആഹാരവും കഴിച്ച് കോളേജിലേക്ക് പോകും..അല്ലാതെ രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കുന്നൊന്നും ഇല്ലല്ലോ..അപ്പോ ഒരു ഏഴു മണിക്ക് എഴുന്നേറ്റാൽ അവൾക്ക് ചെയ്യാവുന്നതേയുള്ളു അടിച്ചുവാരൽ.
ഇനി തുണി അലക്കുന്നത്. എന്റെയും വിനയേട്ടന്റെയും മക്കളുടെയും ഡ്രെസ്സ് ഞാൻ അലക്കിയിട്ടുണ്ട്. അമ്മയുടെയും അച്ഛന്റെയും വിദ്യയുടെയും ഡ്രെസ്സ് നിങ്ങളിൽ ആരെങ്കിലും അലക്കണം. ഇല്ലെങ്കിൽ വിനയേട്ടനൊരു വാഷിങ് മെഷീൻ വാങ്ങി കൊടുക്കണം.
പിന്നെയുളളത് മക്കളെ കൊണ്ടുപോയി സ്കൂൾ ബസ്സിൽ കയറ്റി വിടുകയും വൈകുന്നേരം വിളിച്ചിട്ട് വരുകയും ചെയ്യുന്നതാണ്. അത് അച്ഛൻ ചെയ്താൽ മതി..അച്ഛനിവിടെ വെറുതെ ഇരിക്കുവല്ലേ..രാവിലെയും വൈകുന്നേരവും കുറച്ച് നടക്കുന്നതും നല്ലതാ.”
“വിനയാ..ഇതൊന്നും ഇവിടെ നടക്കില്ല..ഇതുവരെ എങ്ങനെയാണോ അതുപോലെ മതി ഇനിയും. ഇവൾക്കുകൂടി ജോലിയുണ്ടെങ്കിലേ ജീവിക്കാൻ പറ്റു എന്നൊന്നും ഇല്ലല്ലോ. അതുകൊണ്ട് ഇവളോട് മര്യാദക്ക് വീട്ടിലിരിക്കാൻ പറ.”
“വിനയേട്ടൻ അങ്ങനെ പറയില്ല. പറഞ്ഞാലും ഞാൻ അനുസരിക്കാൻ പോകുന്നില്ല..ഇനി എന്നെ വീട്ടിലിരുത്തിയെ പറ്റു എന്ന് വിനയേട്ടൻ നിർബന്ധം പിടിച്ചാൽ വിനയേട്ടനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ പറ്റി എനിക്ക് ചിന്തിക്കേണ്ടി വരും.”
“ബന്ധം പിരിഞ്ഞ് നീയും കുഞ്ഞുങ്ങളും എങ്ങനെ ജീവിക്കുമെന്ന നിന്റെ വിചാരം…ഒരു ജോലി കിട്ടിയതിന്റെ അഹങ്കാരമാണോ നിനക്ക്. ഈ കുഞ്ഞുങ്ങൾ ഇപ്പോ വളരും പോലെ വളർത്താൻ പറ്റോ നിനക്ക്.” വിനയന്റെ അമ്മ അഹങ്കാരത്തോടെ അവളെ നോക്കി.
“അതിന് ആര് കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നു..ഞാൻ വന്നപ്പോൾ കൊണ്ട് വന്നതൊന്നും അല്ലല്ലോ..നിങ്ങളുടെ മകന്റെ കുഞ്ഞുങ്ങൾ അല്ലേ..നിങ്ങളുടെ മകൻ തന്നെ വളർത്തട്ടെ..ഞാൻ ഹോസ്റ്റലിലേക്ക് മാറും..എനിക്ക് ജീവിക്കാൻ ഈ വരുമാനം മതി.”
ആദ്യമായാണ് താര ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..അതുകൊണ്ട് തന്നെ എല്ലാവരും അത്ഭുതത്തോടെയാണ് കേട്ടുനിന്നത്.
എന്താ വേണ്ടതെന്ന് പെട്ടെന്ന് തീരുമാനിക്കണം വിനയേട്ടാ….എനിക്ക് ഓഫീസിൽ പോകാൻ സമയമായി..”
“അത്…നീ പൊയ്ക്കോ..ബാക്കിയൊക്കെ….അച്ഛനും അമ്മയും നോക്കിക്കോളും.”
അവൾ രണ്ടും കൽപ്പിച്ചാണെന്ന് മനസിലായപ്പോൾ കൂടുതലൊന്നും പറയാൻ നിൽക്കാതെ വിനയൻ വേഗം ഓഫീസിലേക്ക് പോകാനിറങ്ങി..
“ചിലപ്പോഴൊക്കെ മാറ്റം അനിവാര്യമാണ് അമ്മേ..അപ്പോഴൊക്കെ മാറുക തന്നെ വേണം. അല്ലെങ്കിൽ കൈ വിട്ടു പോകുന്നത് ജീവിതം തന്നെയാകും.”
ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുന്ന അച്ഛനെയും അമ്മയെയും നോക്കി പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് ബാഗുമെടുത്ത് താര പുറത്തേക്ക് നടന്നു..