എഴുത്ത്: ഷാഭാസൻ
===============
ചെറുതായൊന്നു പനിച്ചു. രാവിലെ എഴുന്നേൽക്കുമ്പോ വല്യ കൊയപ്പം ഒന്നുണ്ടാരുന്നില്ല. തൊണ്ടയിൽ ഒരു കിച് കിച്. അത് താനേ പൊയ്ക്കോളും എന്ന് കരുതി മൈൻഡ് ആക്കീല്ല.
പക്ഷെ വിരുന്ന്കാര് വരുന്നയിന് മുന്നോടിയായി കാക്ക കരയുന്ന പോലെ പനിക്ക് മുന്നോടിയായുള്ള സൂചനയാണ് ആ കിച് കിച് ന്ന് മനസിലാക്കാൻ ള്ള ബുദ്ധി മ്മക്കില്ലാതെ പോയതാരുന്നു.
ഉച്ച ആയപ്പളേക്കും ഒരു തളർച്ച പോലെ. അപ്പത്തന്നെ കെട്യോളോട് കാര്യം പറഞ്.
കേട്ടപ്പം ഓള് പറയാണ് ലേശം ഉപ്പിട്ട കഞ്ഞിവെള്ളം കുടിച്ചാ മതീന്ന്. എന്നിട്ടും മാറീല്ലെങ്കിൽ തുളസി പനിക്കൂർക്ക ഒക്കെ ഇട്ട് തിളപ്പിച്ചോണ്ട് ആവി പിടിച്ചാ മതീന്നും.
ഓൾടെ വർത്താനം കേട്ടപ്പം ങ്ങക്ക് തോന്നീട്ടുണ്ടാവും ന്തൊരു ഭാര്യയാണ് ന്ന് ല്ലേ. മ്മക്കും തോന്നീന്.
പക്ഷെങ്കില് ഓളെ കുറ്റം പറയാൻ പറ്റൂല. മുമ്പിതേപോലെ ഓൾക്കും പനി വന്നിന്. അന്ന് മ്മള് പറഞ്ഞത് കാലാവസ്ഥ വ്യതിയാനം കൊണ്ട് ണ്ടാവുന്നതാ കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാ മാറൂന്നായിരുന്നു. അന്നാ പറഞ്ഞത് മ്മക്കന്നെ തിരിച്ചു കൊത്തിയതാ. പണ്ടൊക്കെ പടച്ചോൻ പിന്നേ പിന്നേ ന്നായിരുന്നു. ഇപ്പം സ്പോട്ടിലാണ് പണി തരുന്നത്.
എന്താന്നേലും ങ്ങനെ തോറ്റ് കൊടുക്കാൻ പറ്റൂല്ലാലോ. അതോണ്ടന്നെ ഉപ്പിട്ട കഞ്ഞിവെള്ളവും കുടിച്ചോണ്ട് കിടന്ന്. കിടക്കേണ്ട താമസം കണ്ണൊക്കെ താനേ അടഞ്ഞു പോവുന്ന പോലെ. കണ്ണോറന്നപ്പം ചുറ്റിനുണ്ട് കുടുമ്മക്കാര് നിക്ക് ന്ന്.
കിടന്ന കിടപ്പില് പിച്ചും പേയും പറയുന്ന കേട്ട് കെട്യോള് ബന്ധുക്കളെയൊക്കെ വിളിച്ചു കൂട്ടുകയും അവര് അവൈലബിൾ കമ്മറ്റി വിളിച്ചു ചേർത്ത് ആശൂത്രീല്ക്ക് കൊണ്ടോവാൻ തീരുമാനിക്കേം ചെയ്തതെനും പോലും.
കാര്യറിഞ്ഞപ്പം ഞാൻ ചുറ്റിനും നോക്കി. ന്റെ കണ്ണിന്റെ ചലനം അനുസരിച്ചോണ്ട് കെട്യോള് കൂടി നിക്കുന്നൊരുടെ കൂട്ടത്തിൽ നിന്ന് ങ്ങളെയാ നോക്കുന്നെ ന്നും പറഞ്ഞോണ്ട് തിരിച്ചറിയൽ പരെഡ് പോലെ ഓരോരുത്തരെയായി മുന്നിലോട്ട് നീക്കി നിർത്തി. അവരൊന്നല്ല തിരയുന്നത് മ്മളെ മൊബൈൽ ആണെന്ന് പറഞ്ഞത് ആർക്കും ഇഷ്ടപ്പെട്ടില്ലാന്ന് തോന്നുന്നു. പക്ഷെ ഏതവസ്ഥയിലും നമ്മളാദ്യം തിരയുന്നത് മൊബൈൽ ആവൂന്നുള്ളത് ഒരു ന-ഗ്ന സത്യല്ലേ. അതിനേക്കാൾ പ്രിയപ്പെട്ടത് മറ്റെന്തുണ്ട്.
ങ്ങനെ മൊബൈൽ നോക്കി ഇരുന്നിട്ടാ പനി വന്നെന്ന് ള്ള ഉമ്മാന്റെ ഡയലോഗ് ശരി വെച്ചന്ന പോലെ തലയാട്ടിക്കൊണ്ട്മൊ ബൈൽ ഉപയോഗിച്ച് അസുഖം വന്നോരുടെ ലിസ്റ്റ് നിരത്താൻ തൊടങ്ങി ഉമ്മാന്റെ പുന്നാര ആങ്ങള അതായത് മ്മളെ അമ്മാവൻ.
അയ്‌ന്റെടെല് പനി വന്ന് മരിച്ചു പോയ ആരുടേക്കെയോ ലിസ്റ്റും കൊണ്ട് അമ്മായിയും വന്ന്. നല്ല ബെസ്റ്റ് പെയറാണ്. രോഗിന്റടുത്ത് ങ്ങനെ കൂട്ടം കൂടി നിക്കാതെ മാറി നിക്കെന്നും പറഞ്ഞോണ്ട് നേഴ്സ് വന്നതോടെ വല്ലാത്തൊരു ആശ്വാസം തോന്നി. വെറുതെയല്ല അവരെ മാലാഖമാരെന്ന് വിളിക്കുന്നത്.
ങ്ങനെ ബന്ധുക്കളൊക്കെ കൂടി കൊല്ലാതെ കൊല്ലുമ്പം ഓടി വന്ന് രക്ഷിക്കുന്നതൊണ്ടാവും.
കുറച്ച് കഴിഞ്ഞു ഡോക്ടർ വന്ന്. ങ്ങിനുണ്ടെന്ന് ചോയ്ച്ചോണ്ട് കൊയല് വെചോക്കി. കൈമ്മല് പിടിച്ചോക്കി. പേടിക്കാൻ ഒന്നുല്ല രണ്ടീസം കൈഞ്ഞാ പോവാന്ന് പറഞ്ഞോണ്ട് പുറത്ത് തട്ടി ആശ്വസിപ്പിച്ച്.
പനിക്കൊപ്പം വന്നോരെല്ലാം പടി ഇറങ്ങിപ്പോയിട്ടും കൊ-ന്നാലും പോവൂലന്നുള്ള മട്ടിൽ ചുമ ഒരു നാണവുമില്ലാതെ കടിച്ചു തൂങ്ങി നിന്ന്.
രാത്രിയാവുമ്പം നീട്ടി നീട്ടി ചുമച്ച്. ന്റെ ചുമക്ക് മറുപടിയെന്നോണം എവിടുന്നൊക്കെയോ ചാവാലിപ്പ-ട്ടികൾ കൂട്ടത്തോടെ കുരച്ചു തൊടങ്ങി.
ഇങ്ങളിങ്ങനെ ചുമച്ച് വാശി പിടിപ്പിക്കുന്നതോണ്ടാ നായ്ക്കള് കൊരച്ചോണ്ട് വെറുപ്പിക്കുന്നെന്നായി കെട്യോള്.
ഓളെ വർത്താനം കേട്ടാൽ തോന്നും ഞാൻ നായ്ക്കളെ പ്രകോപിക്കാൻ മനഃപൂർവം ചുമക്കുന്നതാന്നാ.
ചുമ കൂടുമ്പോഴൊക്കെ കെട്യോള് കിടന്നിടത്തൂന്ന് എഴുന്നേറ്റ് ചൂട് വെള്ളം കൊണ്ടത്തന്ന്. പുറത്ത് തടവി തന്ന്. ഒക്കെ കണ്ടപ്പം മ്മളെ കണ്ണ് നിറഞ്ഞൊയി. ഓൾക്കും ഇതെ പോലെ ചുമ വന്നപ്പം അത് കേട്ട് മ്മളെ ഉറക്കം നഷ്ടപ്പെടാണ്ടിരിക്കാൻ ഹെഡ്‌ഫോൺ വെച് പാട്ട് കേട്ട് കണ്ണടച്ച് കിടന്നതോർത്ത് പോയി.
ഞാനാ കണ്ണിലേക്ക് നോക്കി ഓളോട് ചോയ്ച്ച്. അനക്ക് മ്മളോട് ഇത്രേം സ്നേഹണ്ടാർന്നു ല്ലേ. അതോണ്ടല്ലേ ചുമച്ചപ്പോ ഓടി വന്ന് വെള്ളൊക്കെ കൊണ്ടത്തന്നതെന്ന്.
അന്നേരം ഓള് പറയാണ് അതോണ്ടൊന്നല്ല മനുഷ്യാ പണ്ടാരടങ്ങാൻ ഈ വൃത്തികെട്ട ചുമ കേട്ടോണ്ട് ഒറങ്ങാൻ കഴിയുന്നില്ല. വെള്ളം കുടിച്ചാലെങ്കിലും അതൊന്ന് നിക്കൂലോന്നോർത്ത് കൊണ്ടത്തന്നതാന്ന്.
ഹൗ എന്താന്നെലും മ്മളെ പോലെ ഹെഡ്ഫോൺ വെക്കാൻ തോന്നീല്ലാലോ ഭാഗ്യം.
ഒരു കണക്കിന് ചിന്തിച്ചാ മ്മളെ ഭാഗത്തും തെറ്റ് ണ്ട്.കിട്യേത് കുടിച്ച് മിണ്ടാതെ കിടന്നാ മതിയെനും. അയ്‌ന്റെടേൽ പോയി സിംപതി കുത്തിക്കേറ്റണ്ട യാതൊരു കാര്യോം ണ്ടാരുന്നില്ല.
✍️ ഷാഭാസൻ