താന്‍എങ്ങനെയാടോ എന്നെ ഇത്ര കംഫര്‍ട്ടാക്കുന്നത്..എന്റെ വേദന പോലും ഞാന്‍ മറന്നു…

മനില

Story written by Sabitha Aavani

==================

മൂ-ഡ് സ്വിങ്സും പീരി-യഡ്സിന്റെ വേദനയും കൊണ്ട് കട്ടിലില്‍ തളർന്നു കിടക്കുകയായിരുന്നു മനില. കുറേനേരമായി ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്.

എഴുന്നേറ്റ് എടുക്കാൻ മടിയായിട്ടല്ല. എഴുന്നേൽക്കാൻ തീരെ വയ്യെന്ന് ഉറച്ച് അങ്ങനെ കിടന്നു.

വയ്യാത്ത സമയങ്ങളിലൊക്കെ ഇഷ്ടമുള്ള പാട്ടുകളൊക്കെ ഉറക്കെ വച്ച് അങ്ങനെ കിടക്കുക പതിവാണ്.

ചിലപ്പാട്ടുകൾക്കൊക്കെ തന്റെ വേദനയെ ശമിപ്പിക്കാൻ കഴിയുമെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതിലൊരു  പാട്ടാണ് ചാരുലത ആൽബത്തിലെ
അതിരെഴാമുകിലെ…

അതിനിടയിലെ ഒരുവരിയുണ്ട്.

“അറിയില്ല ഞാനെത്ര നീയായി മാറി എന്നരികിൽ ഏകാംകിയാം ഗ്രീഷ്മം…”

പ്രണയത്തിലാകുന്ന രണ്ട്പേര്‍ക്ക് ഇതിലും മനോഹരമായൊരു വരി എഴുതിവെയ്ക്കാന്‍ ആവുമോ ?

തുടര്‍ച്ചയായി വീണ്ടും ഫോൺ അടിക്കുന്നു.

രോഹനാണ്.

ഈ സമയത്ത് വിളി പതിവില്ലാത്തത് ആണെല്ലൊ. എന്തിവലിഞ്ഞ് ഫോൺ എടുത്തു.

” മനീ…എവിടെടോ താന്‍ ?”

” വയ്യ കിടന്നതാ.”

” എന്ത് പറ്റി ?”

” മൂ-ഡ് സ്വിങ്‌സ്, പീരി-യഡ്‌സ്, അതിന്റെ വേദന ഒക്കെ ഉണ്ട്. “

” മ്മ്…മോള് ക്യാമറ ഒന്ന് ഓൺ ആക്കിയേ. നോക്കട്ടെ.”

മനസ്സില്ലാ മനസ്സോടെ ക്യാമറ ഓൺ ചെയ്ത് നോക്കുമ്പോഴേക്കും രോഹന്റെ അടുത്ത ഡയലോഗ് വന്നിരുന്നു.

“ഹാ ഒറ്റദിവസം കൊണ്ട് വാടിയ താമരത്തണ്ട് പോലെ ആയല്ലോ പെണ്ണെ നീ…”

ചിരിക്കാൻ ശ്രമിച്ച് ഒന്നുകൂടി ചുരുണ്ട് കിടന്നു.

” വയ്യടോ …”

മനിലയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.

“താൻ എണീറ്റേ…ആ കണ്ണട എടുത്തൊന്ന് വെച്ചേ.”

“കണ്ണടയോ? ” അവൾ നെറ്റി  ചുളിച്ചു.

“ആഹ് ടോ. എന്നിട്ട് ഒരു വലിയ വട്ടപ്പൊട്ടും അങ്ങോട്ട് വെച്ചേ.”

” നിനക്കെന്താ. എന്നെകൊണ്ട് വയ്യ.”

” എഴുന്നേൽക്കടോ…”

മനില കട്ടിലിൽ നിന്നെഴുന്നേറ്റു.

“എന്റെ കണ്ണാടി എവിടെ ഊരിവെച്ച സ്ഥലം മറന്നൂലോ…”

“ബാത്റൂമിലാവും നോക്ക്.” രോഹന്‍ ചിരിച്ചു.

“ശരിയാ അവിടെ തന്നെയാ ഊരി വെച്ചേ.” അവളൊരു ചമ്മിയ ചിരി ചിരിച്ചു.

“ദാ കണ്ണാടി വെച്ചിട്ടുണ്ട്. വലിയ പൊട്ട്…ദാ…നോക്കിയേ ചുവപ്പ് വേണോ കറുപ്പ് വേണോ?”

“ചുവപ്പ് …”

“നോക്ക് സുന്ദരി…”

അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.

“ഇനിയാ തലയിലെ കുത്തബ്മിനാർ അഴിച്ചിട്.”

“എന്താടാ നിനക്ക് ?” അവളുറക്കെ ചിരിച്ചു.

“ചിണുങ്ങാതെ മുടിയഴിച്ചിട് പെണ്ണെ…”

ഉച്ചിയില്‍ വാരിപ്പിടിച്ച് കെട്ടിയിരുന്ന മുടി അവള്‍ അഴിച്ചിട്ടു.

“പെണ്ണേ…എന്ത്  ഭംഗിയാന്ന് നോക്കിക്കേ നിന്നെ. കട്ടിലില്‍ കയറി പുതച്ച് മൂടി കിടന്നാല്‍ ഇതൊക്കെ ആസ്വദിക്കാന്‍ പറ്റുവോ ?”

കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് അവള്‍ അവളിലേക്ക് നോക്കി.

ശരിയാ എന്ത് ഭംഗിയാ …

ഇതുവരെ ഉണ്ടായിരുന്ന ശരീരം കൊളുത്തി വലിയക്കുന്ന വേദന എവിടെയൊ പോയ പോലെ.

“താന്‍എങ്ങനെയാടോ എന്നെ ഇത്ര കംഫര്‍ട്ടാക്കുന്നത് ? എന്റെ വേദന പോലും ഞാന്‍ മറന്നു.”

അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച് രോഹന്‍ കാള്‍ കട്ട് ചെയ്തു.

കണ്ണാടിയില്‍ തന്നെ നോക്കി നില്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി  ഒരു സ്ത്രീയുടെ ഭംഗി അവളെ പൂര്‍ണ്ണമാക്കുന്ന പുരുഷന്റെ മനസ്സിലാ.

ഈ സമയത്ത് മര്യാധയ്ക്ക് ഒന്ന് സംസാരിക്കാന്‍ പോലും ഇഷ്ടമല്ലാത്ത ആളാണ് താന. എന്നിട്ടും അവനെങ്ങനെ തന്നേ? എന്നാലും അവന്റെ മുന്നില് മാത്രം ഒരു മടിയും കൂടാതെ താന്‍ നിന്നുകൊടുക്കുന്നത് എന്തുകൊണ്ടാവും ?

“നമ്മുക്കും നമ്മുടെ പ്രണയത്തിനും എന്ത് ഭംഗിയാ രോഹാ …”

കണ്ണാടിയില്‍ നോക്കി നിന്നുകൊണ്ട് തന്നെ അത് പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു.

-Sabitha🦋