മുംബൈയിൽ നിന്ന് ആദ്യമായി പത്തു വയസ്സുകാരി ദക്ഷിണയെ ചേർത്തുപിടിച്ച് ഈ പടി കയറിയപ്പോൾ….

Story written by Meenu M

====================

സേതു…

ആരോ വിളിക്കുന്നത് കേട്ടാണ് സേതുലക്ഷ്മി കണ്ണുകൾ തുറന്നത്.

അമ്മയാണ്…

ഇതെന്തൊരു ഉറക്കാ സേതു..സമയം എത്രയായി എന്ന് അറിയോ?

ഇന്നലെ രാത്രി ഉറക്കം ശരിയായില്ല അമ്മേ.. പുലർച്ച എപ്പോഴോ ആണ് ഉറങ്ങിപ്പോയത്. അമ്മ എന്തിനേ ഇങ്ങട് കയറി വന്നേ ഈ വയ്യാത്ത കാലും വെച്ച്..

സേതുലക്ഷ്മി എണീറ്റിരുന്നു ഉലഞ്ഞുപോയ കോട്ടൺ സാരി ഒതുക്കി വെച്ചു. ടേബിളിലിരുന്ന കണ്ണടയെടുത്ത് സാരി തുമ്പ് കൊണ്ട് തന്നെ ഒന്ന് തുടച്ചു മുഖത്തുറപ്പിച്ചു.

വിദ്യ എങ്ങാനും വിളിച്ചിരുന്നോ നിന്നെ.. അമ്മയുടെ സ്വരം നേർത്തു.

സേതുവിന്റെ ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.ഇപ്പോ ഇടയ്ക്കിടെ ആയി ഈ ചോദ്യം വരുന്നുണ്ട്.

എന്നെ അങ്ങനെ വിളിയില്ലെന്ന് അമ്മയ്ക്ക് അറിഞ്ഞുകൂടെ.

അമ്മയെ നോക്കാതെ അലസമായി പറഞ്ഞുകൊണ്ട് സേതു ജനവാതിൽ തുറന്നു. മുറ്റത്തിന്റെ ഒരു ഭാഗവും പടിപ്പുരയും തറകെട്ടി ഭംഗിയാക്കി പ്രൗഢിയോടെ നിൽക്കുന്ന മുത്തശ്ശിമാവും കാണായി.

ഈ ജനൽ പഴുതിലൂടെയുള്ള കാഴ്ച സേതുവിന് ഒത്തിരി ഇഷ്ടമാണ്. ഏതൊരു ചിന്തയുമില്ലാതെ ശൂന്യമായ മനസ്സോടെ ഈ കാഴ്ച സേതു എത്രയോ നോക്കി നിന്നിരിക്കുന്നു.

ദക്ഷു മോൾ എവിടെ? പെട്ടെന്ന് എന്തോ ഓർത്ത പോലെ സേതു തിരിഞ്ഞു നോക്കി ചോദിച്ചു.

അമ്മയെ കണ്ടില്ല. പോയി എന്നു തോന്നുന്നു. മരത്തിന്റെ ഗോവണി ഇറങ്ങി ചെല്ലുമ്പോൾ കണ്ടു ദക്ഷിണ അപ്പോൾ പറിച്ചെടുത്ത മുല്ലപ്പൂ കൊണ്ടു മാലകെട്ടാൻ ശ്രമിക്കുകയാണ്.

ഇതൊന്നു കെട്ടിത്തരോ സേതുമാ…ദക്ഷിണ കൊഞ്ചി.

എന്തൊരു ചന്തമാണ് ദക്ഷിണയെ കാണാൻ.ചുരുണ്ട മുടിയും പീലി നിറഞ്ഞ വിടർന്ന കണ്ണുകളും തുടുത്ത കവിളുകളും എപ്പോഴും ആരെയോ ഓർമ്മിപ്പിക്കുന്നു.

സേതുവിന്റെ അതേ മുഖം അങ്ങട് പകർത്തി വെച്ചേക്കുവല്ലേ… നോക്ക്.. ആ തിങ്ങിയ ചുരുണ്ട മുടിയും നിറവും … ആ ചുണ്ട് പോലും അതേപടി പകർത്തി വച്ചിരിക്കുന്നു വേറൊരു തെളിവു വേണോ നാത്തൂനേ…

മുംബൈയിൽ നിന്ന് ആദ്യമായി പത്തു വയസ്സുകാരി ദക്ഷിണയെ ചേർത്തുപിടിച്ച് ഈ പടി കയറിയപ്പോൾ വലിയമ്മായി അവജ്ഞയോടെ…അതിലേറെ പുച്ഛത്തോടെ അമ്മയോട് പറഞ്ഞത് സേതു ഓർത്തു.

പിന്നീട് പലരും അടക്കം പറഞ്ഞു സേതുവിന്റെ ഛായ തന്നെ.

പരമേശ്വരൻ അദ്ധ്യേത്തിന്റെ മോള് സേതു കുഞ്ഞ് ഒരു കൊച്ചിനെ കൊണ്ടുവന്നിരിക്കുന്നു കുട്ടിയാണെങ്കിൽ സേതു കുഞ്ഞിനെ മുറിച്ച് വെച്ച പോലെയാണ്.ഇതൊന്നും കാണാൻ അദ്യേം ജീവിച്ചിരിക്കാഞ്ഞത് നന്നായി.

വന്നപ്പോൾ മുതൽ മുറിവാതിൽ പൂട്ടിയിരിക്കുകയായിരുന്നു സേതു.ആരോടും മിണ്ടാതെ.

തൊണ്ട വരണ്ടപ്പോൾ കുറച്ചു വെള്ളം എടുക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോഴാണ് പുറം പണിക്ക് നിൽക്കുന്ന നാണിയമ്മ പറമ്പിൽ തേങ്ങയിടാൻ വന്ന ശങ്കരനോട് അടക്കം പറയുന്നത് കേട്ടത്.

പാത്രം അനങ്ങുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവരെ കനപ്പിച്ച് ഒന്നു നോക്കി തിരിഞ്ഞു നടന്നു.

മേശപ്പുറത്തിരുന്ന ഫോൺ ബെല്ലടിച്ചു. എടുത്തുനോക്കി.ഭാമിനി ആന്റിയാണ്. വേഗം എടുത്തു.

സേതൂ..അവിടെ കുഴപ്പമൊന്നുമില്ലല്ലോ ആന്റിയുടെ ഉത്കണ്ഠ നിറഞ്ഞ സ്വരം.

ഇല്ല.അമ്മ കരഞ്ഞ് ഒരേ കിടപ്പാണ്.വലിയമ്മായി എന്നെ പ്രാകികൊണ്ടു
പോയി.പതിയെ ശരിയായിക്കോളും.എല്ലാവരും ഉൾക്കൊള്ളും.എനിക്ക് ഉറപ്പുണ്ട്.

സങ്കടംകൊണ്ട് ഒച്ചയടഞ്ഞു പോയി.

വിദ്യ….വിദ്യ അറിഞ്ഞുവോ? നീയൊരു കുഞ്ഞിനെയും കൊണ്ട് കേറി ചെന്നത് അറിഞ്ഞു അവൾ എങ്ങനെ പ്രതികരിക്കും?

ആ കുട്ടി അനാഥാലയത്തിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു. ഭാമിനി ആന്റിയുടെ സ്വരത്തിൽ പോലും ഉണ്ട് നീരസം.

മറുപടി ഏതും പറയാതെ ഫോൺ കട്ട് ചെയ്തു.

ഏതൊരു വികാരത്തിന്റെ പുറത്തായാലും അവരോട് കയർത്തു സംസാരിക്കാൻ സേതുലക്ഷ്മി ഇഷ്ടപ്പെട്ടില്ല.

എന്തുചെയ്യണമെന്ന് അറിയാതെ….. കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയി ആടിയുലഞ്ഞു വീഴാൻ പോയപ്പോൾ താങ്ങായി നിന്നത് അവർമാത്രമായിരുന്നു.

കുഞ്ഞുനാൾ മുതൽ അറിയുന്നതാണ് ആന്റിയെ. അച്ഛനും അമ്മയും സേതുലക്ഷ്മിയും വിദ്യാലക്ഷ്മിയും മുംബൈയിലായിരുന്ന സമയം തൊട്ടേ അടുപ്പമുള്ള കുടുംബം.

ഭാമിനി ആന്റിയും നടേശൻ അങ്കിളും. നാട്ടിൽ പറയത്തക്ക വേരുകൾ ഒന്നുമില്ലാത്ത, മുംബൈയിൽ ഉറച്ചു പോയ കുടുംബം.

മക്കൾ ഇല്ലാത്തതുകൊണ്ട് തങ്ങളെ രണ്ടുപേരെയും വലിയ കാര്യമായിരുന്നു.

വിദ്യയോട് ഉള്ളതിനേക്കാൾ തന്നോട് ആയിരുന്നു കൂടുതൽ ഇഷ്ടം. കാരണം വിദ്യ ചെറുപ്പത്തിലെ തന്നെ സ്വാർത്ഥത നിറഞ്ഞ കാരക്ടർ ആയിരുന്നു. ആരോടും പ്രത്യേകിച്ച് സ്നേഹം ഒന്നും ഇല്ല…എത്ര വലിയ സങ്കടമായാലും അതൊന്നും അവളെ അത്രമേൽ ബാധിക്കുകയില്ല.എല്ലാത്തിൽ നിന്നും എളുപ്പം പുറത്തു കടക്കാനും ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി പാറി പറന്നു നടക്കാനും കഴിയുന്ന പ്രകൃതം.

താനും വിദ്യയും അച്ഛമ്മയെ പോലെയാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

അമ്മ ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായിരുന്നു. അതുകൊണ്ടുതന്നെ മുംബൈയിലെ ജീവിതം അമ്മയെ വെറുപ്പിച്ചു കൊണ്ടിരുന്നു.

ആ സമയത്താണ് തറവാടിന്റെ ജപ്തി ഭീഷണിയും അമ്മായിമാരുടെ സ്വത്ത് ചോദിച്ചുള്ള തർക്കവുമായി നാട്ടിലെ സ്ഥിതി വഷളാകുന്നത്.

അച്ഛൻ മുത്തച്ഛന്റെ ആഗ്രഹ പ്രകാരം ഇവിടുത്തെ ജോലി മതിയാക്കി അമ്മയെയും കൊണ്ട് നാട്ടിലേക്ക് മടങ്ങി. നാട്ടിലെ സ്ഥിതി മോശമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളെ ഭാമിനി ആന്റിയുടെയും നടേശൻ അങ്കിളിന്റെയും കൂടെ നിർത്തി.

ആണായാലും പെണ്ണായാലും ഉയർന്ന വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും വേണമെന്ന് അച്ഛന് നിർബന്ധമായിരുന്നു.

അതുകൊണ്ടുതന്നെ സേതുവും വിദ്യയും മുംബൈയിൽ പഠനം പൂർത്തിയാക്കി. വെക്കേഷന് നാട്ടിൽ വരും.

വല്യമ്മായിയുടെ മകൻ ജയശങ്കറുമായി സേതുവിന് കല്യാണം പറഞ്ഞു വെച്ചതായിരുന്നു. കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ് സേതു പറയുന്നത് എനിക്ക് ഒരു വിവാഹം വേണ്ട.

എല്ലാവരിലും ഞെട്ടൽ ആയിരുന്നു ആ വാർത്ത. അമ്മ പറയാറുണ്ട് സേതുവിനെ ഓർത്ത് ഹൃദയം പൊട്ടിയാണ് അച്ഛൻ മരിച്ചത് എന്ന്. കുറേക്കാലം ആ നീരസം അമ്മയ്ക്ക് ഉണ്ടായിരുന്നു.

ദക്ഷിണയെ കൊണ്ടുവന്നിട്ടും വിദ്യയുടെ വിളിയൊന്നും വരാത്തതിൽ അത്ഭുതം തോന്നിയിരുന്നു.

പക്ഷേ പിറ്റയാഴ്ച അപ്രതീക്ഷിതമായിട്ടാണ് വിദ്യയും കുടുംബവും നാട്ടിലെത്തിയത്.

വിദ്യയും ഗണേശും നാലുവയസ്സുകാരി ഗൗരി ലക്ഷ്മിയും അടങ്ങുന്ന സന്തുഷ്ടകുടുംബം ദുബായിൽ സെറ്റിൽഡാണ്. വിദ്യ ആഗ്രഹിച്ചതുപോലെ തന്നെ ഒരു സുഖ ജീവിതം.

എനിക്കൊരു വിവാഹം വേണ്ട അമ്മേ…വിദ്യയുടെ നടത്തണം എന്നു പറഞ്ഞു സേതുവാണ് ആ വിവാഹം നടത്തിക്കൊടുത്തത്.

വീടിരിക്കുന്നത് കൂടാതെ ആകെ ഉണ്ടായിരുന്ന വടക്കേ പറമ്പ് വിറ്റു.സേതുവിന് അച്ഛൻ കരുതി വെച്ചിരുന്ന പൊന്നും പണ്ടവും എടുത്തു.

പൊന്നിൽ നിന്ന് പാതി വിറ്റാണ് നാട്ടിൽ വന്നപ്പോൾ നാട്ടിലെ തന്നെ സ്കൂളിൽ സേതുലക്ഷ്മി ടീച്ചറായി കയറിയത്.

ബാക്കി പണ്ടങ്ങൾ വിദ്യയ്ക്ക് കൊടുത്തു.

ഇന്നിപ്പോ സ്വന്തം എന്നു പറയാൻ ഈ വീടും തൊടിയും മാത്രം.

സേതു വിവാഹം കഴിക്കാതെ നിൽക്കുന്നതിനാൽ അമ്മയുടെയും സേതുവിന്റെയും കാലശേഷം ഇതെല്ലാം തന്നിലേക്ക് തന്നെ വന്നു ചേരുമെന്നുവരെ വിദ്യാലക്ഷ്മി കണക്കുകൂട്ടി വെച്ചിരുന്നത് ദക്ഷിണമോൾ വന്നതിനുശേഷം ഉള്ള സംസാരത്തിലാണ് സേതു മനസ്സിലാക്കിയത്….

വിദ്യാലക്ഷ്മി… സ്വാർത്ഥതയുടെ അങ്ങേ അറ്റം…

ഏതാ ഇവൾ?

മുഖവുര ഏതും കൂടാതെ അമർഷത്തോടെ വിദ്യ ചോദിച്ചപ്പോൾ സേതു മുഖമുയർത്തി അവളെ നോക്കി.

എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ്.ആരുമില്ല.. അതുകൊണ്ട് ഞാൻ കൊണ്ടുവന്നു…സേതു എങ്ങും തൊടാതെ പറഞ്ഞു.

തൊണ്ട സങ്കടം കൊണ്ട് കനക്കുന്നുണ്ട്.

എന്നിട്ട് ഇത്രനാളും ഈ ‘വേണ്ടപ്പെട്ട കുട്ടി’ എവിടെയായിരുന്നു?നാട്ടിൽ മൊത്തം പാട്ടാണ്.ഇത് നിങ്ങടെ മോളാണെന്ന്. ഇതിനു വേണ്ടിയാണോ കല്യാണം പോലും വേണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ നന്മ മരമായത്. എന്തൊരു അഭിനയം ആയിരുന്നു എല്ലാം നൽകി അനിയത്തിയെ വിവാഹം ചെയ്തു അയക്കുന്നു….

ഇവിടെ ഈ ഇട്ടാവട്ടത്ത്… ഒരു കോട്ടൺ സാരിയുമുടുത്ത് പുതിയ രൂപം…. സേതുലക്ഷ്മി ടീച്ചറിന്റെ മാലാഖ രൂപം… വിദ്യയുടെ സംസാരത്തിൽ പരിഹാസം തുടിച്ചു നിന്നു..

ഇപ്പോൾ എന്തായി? നാണക്കേട് കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്നു…ഇതിന്റെ അച്ഛൻ എവിടെ?

ഭയന്ന് വിറച്ച് സേതുവിന്റെ പിന്നിൽ ഒളിച്ച ദക്ഷിണയെ വേദനിപ്പിക്കും വിധം കയ്യിൽ അമർത്തി മുന്നിലോട്ട് വലിച്ചു നീക്കി നിർത്തി കൊണ്ടാണ് വിദ്യ ചോദിച്ചത്.

നീ മോളെ വിടൂ…കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്.. ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കേം ചെയ്യരുത്… ഞങ്ങൾ ഈ മൂന്നു ജന്മങ്ങൾ എങ്ങനെ എങ്കിലും ഇവിടെ കഴിഞ്ഞുപോട്ടെ.

സേതുവിന്റെ മുഖത്ത് കല്ലിച്ച ഭാവം.വിദ്യ ഒന്ന് പതറിപ്പോയി

അങ്ങനെ തീരുമാനിക്കുന്നത് എങ്ങനെ? ഇത് എനിക്കും കൂടെ അവകാശപ്പെട്ട വീടാണ്…

വിദ്യ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി. സേതു ദക്ഷിണയെ ചേർത്തുപിടിച്ചു.

ഉണ്ടക്കണ്ണും തുടുത്ത കവിളുമായി കുഞ്ഞു ഗൗരി അവരെ തുറിച്ചുനോക്കി നിൽപ്പുണ്ട്. സേതു അവളുടെ ഇടതിങ്ങിയ ചുരുണ്ട മുടി മാടിയൊതുക്കി വെച്ചു. ഗൗരി അത് ഇഷ്ടപ്പെടാത്ത മട്ടിൽ ആ കൈ തട്ടിമാറ്റി വിദ്യ പോയ വഴിയേ ഓടി.

മുത്തശ്ശി മാവിന്റെ കൊമ്പിൽ തൂങ്ങിയ ഊഞ്ഞാലിൽ വന്നിരിക്കുമ്പോൾ സേതുവിന് കണ്ണുനിറഞ്ഞു.

നെഞ്ചിൽ ആകെ കത്തിപ്പടരുന്ന വേദന.

എന്നെ അങ്ങ് കൊ-ന്നു കളഞ്ഞേക്ക് സേതുവേച്ചി എനിക്ക് ജീവിക്കണ്ട….ഞാൻ മരിച്ചോളാം.

തന്നെയും ഭാമിനി ആന്റിയേയും കെട്ടിപ്പിടിച്ചു കരഞ്ഞ…. അഹങ്കാരവും ഗർവ്വും എല്ലാം നശിച്ച ഒരു വിദ്യാലക്ഷ്മിയെ സേതുവിന് ഓർമ്മ വന്നു.

അ-ബോ-ർഷന് പോലും സാധിക്കാത്ത വിധം വിദ്യയുടെ ഉള്ളിൽ ഒരു ജീവൻ വളരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ നാൾ.

കോളേജിലെ വഴിപിഴച്ച ഒരു കൂട്ടുകെട്ടിന്റെ ഫലം.

എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിന്നപ്പോൾ ചേർത്തുപിടിച്ച ഭാമിനി ആന്റി..

നടേശനങ്കിളിന്റെ മരണത്തോടെ തളർന്നുപോയ ആന്റി വീണ്ടും ഉയർത്തെഴുന്നേറ്റത് തങ്ങൾക്ക് വേണ്ടിയായിരുന്നു.

ഡെലിവറിക്ക് ശേഷം കുഞ്ഞു മരിച്ചുപോയി എന്നു പറഞ്ഞപ്പോൾ വിദ്യയുടെ മുഖത്ത് വേർതിരിച്ചറിയാനാവാത്ത എന്തോ ഭാവം…

വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ ഭാമിനി ആന്റിയുടെ സുഹൃത്തായ ആൻമേരി സിസ്റ്ററിനെ ഏൽപ്പിച്ച് ഒരു മടക്കം.

ആൻമേരി സിസ്റ്ററിന്റെ മരണശേഷം അവളെ ആ ഓർഫനേജിൽ നിർത്താൻ തോന്നിയില്ല.

അതിലും മേലെയായിരുന്നു ഒരു പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞു കളഞ്ഞു നാട്ടിൽ മാന്യമായി കഴിയുന്നതിലുള്ള കുറ്റബോധം.മടുപ്പിക്കുന്ന ഏകാന്തത…

വിവാഹശേഷം വിദ്യ ഹാപ്പിയാണ്.ആരുമില്ലാതെ ഒറ്റപെട്ടുപോയത് സേതു മാത്രം.

അന്നത്തെ സംഭവത്തിനുശേഷം കുറച്ചുനാളുകൾ കൊണ്ടുതന്നെ വിദ്യ പഴയ വിദ്യാലക്ഷ്മിയായി തിരിച്ചുവന്നു. അഹങ്കാരവും കുശുമ്പും എല്ലാം നിറഞ്ഞ സ്വാർത്ഥയായ വിദ്യാലക്ഷ്മിയിലേക്ക് അവൾ എളുപ്പം മാറി.

മാറാൻ കഴിയാത്തത് ഇന്നും സേതുവിന് മാത്രം.

ഇനി ഈ വീട്ടിലേക്ക് ഇല്ലെന്നു പറഞ്ഞു അന്ന് വഴക്കുണ്ടാക്കി മടങ്ങിയതാണ് വിദ്യ. വർഷങ്ങൾ കടന്നുപോയിരിക്കുന്നു. അമ്മയെ കാണാൻ പോലും അവൾക്ക് തോന്നുന്നുണ്ടാവില്ലേ..

സേതുമാ…സ്വപ്നം കാണാതെ ഒന്നിങ്ങോട്ട് വരോ..ഇതൊന്നു കെട്ടി താ…

ദക്ഷു ഒച്ച എടുത്തപ്പോഴാണ് സേതു ഓർമ്മയിൽ നിന്ന് മടങ്ങിയെത്തിയത്.

ദക്ഷു ഇന്ന് ആ പത്ത് വയസ്സുകാരി അല്ല 16 കഴിഞ്ഞു പതിനേഴിലേക്ക് കാലെടുത്തുവയ്ക്കുന്ന പ്രായം.

വിടർന്ന ചിരിയാണ് ദക്ഷുവിന്റെ… അവളുടെ അമ്മയെപ്പോലെ…

മറ്റുള്ളവർക്ക് കഥകൾ മെനയാനും പറഞ്ഞു നടക്കാനും ഇങ്ങനെയൊരു സേതുലക്ഷ്മി ഉള്ളതുകൊണ്ടാവാം ആരും അവളിൽ വിദ്യയുടെ കണ്ണുകൾ കണ്ടില്ല…. ആ ചുരുണ്ട മുടി ശ്രദ്ധിക്കപ്പെട്ടില്ല….. വിദൂര ഛായ മാത്രമുള്ള സേതുവിന്റെ തനി പകർപ്പാണെന്ന് കണ്ടവർ…. കേട്ടവർ വിധിയെഴുതി.

സേതു മുഖം കഴുകി ഫ്രഷായി ദക്ഷുവിന്റെ അരികിൽ ചെന്നിരുന്നു.

നിനക്കിത് ഇന്നലെ പറിച്ചു വയ്ക്കാമായിരുന്നില്ലേ ദക്ഷു… വിരിഞ്ഞ പൂക്കളെക്കാളും ഭംഗി പാതി വിരിഞ്ഞ പൂവിനു തന്നെയാണ് കുട്ടി…

ഈ പൂവിനും നല്ല ഭംഗിയുണ്ട് എന്റെ സേതുമ്മയെ പോലെ… സേതുവിന്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ദക്ഷിണ കുളിക്കാൻ ഓടി.

സേതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങിനിന്നു.ഇവൾ എപ്പോഴും പഴയ വിദ്യാലക്ഷ്മിയെ ഓർമ്മിപ്പിക്കുന്നു. ആ തുള്ളി ചാടിയുള്ള പ്രകൃതം

പക്ഷേ അത് സേതുവിന്റെ മുന്നിൽ മാത്രമേ ഉള്ളൂ പുറമേക്ക് സേതുവിനെ പോലെ ശാന്ത സ്വഭാവമാണ്.

അമ്മയ്ക്ക് പോലും ദക്ഷിണ പ്രിയപ്പെട്ടവൾ ആയത് അതുകൊണ്ടുതന്നെയാകും..

അവൾ എന്നും എന്റെ മകൾ ആയിരുന്നാൽ മതി. ഈ സേതുലക്ഷ്മിയുടെ മകൾ……

❤️മീനു ❤️