മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അഞ്ജലി പിന്നെ വിളിച്ചില്ല. ശ്രീഹരി പാട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ മൊബൈൽ ഓഫ് ചെയ്തു വെയ്ക്കും. അത് സാറിന്റെ റൂളാണ്. പ്രാക്ടീസ് കഴിഞ്ഞു ഉടനെ അവൻ പോയി നോക്കും. അവളുടെ മെസ്സേജ് ഉണ്ടൊ, കാൾ ഉണ്ടൊ എന്നൊക്കെ. ഇല്ലെങ്കിലും പഴയ പോലെ ഒത്തിരി മൂഡ് ഓഫ് ആവില്ല. ഒരു പ്രതീക്ഷയുണ്ട് വിളിക്കും.. വീഡിയോ അവൻ മെയിൽ ചെയ്തു കൊടുത്തു. അത് കണ്ടോ എന്നും അറിയില്ല.അവൻ തോമസ് ചേട്ടനെ ഒന്ന് വിളിച്ചു നോക്കി. കാൾ കണക്ട് ആവുന്നില്ല.വീണ്ടും ശ്രമിച്ചു
“ശ്രീഹരി?”
ശില്പ
അവൻ എഴുന്നേറ്റു.മുറിയിൽ വേറെയാരുമില്ല. അവൻ ഇറങ്ങി പോകാൻ തുടങ്ങി.
അവൾ വാതിലിനു കുറുകെ നിന്നു
“ഇയാൾ എന്താ ഇങ്ങനെ?”
“വഴി മാറ് “
അവന്റെ ശബ്ദം ഉയർന്നു
“ശൊ ഒന്ന് പതുക്കെ.. ഇതൊക്കെ ഒരു ഫൺ ആയിട്ട് നമുക്ക് എൻജോയ് ചെയ്തൂടെ? നോക്ക് വേറെ കൺട്രി… വേറെ ആൾക്കാർ…ആരുമൊന്നും അറിയില്ല.ജസ്റ്റ് ഫൺ “
അവന്റെ തോളിൽ കൈ വെച്ചു അവൾ
“കൈ എടുക്ക് ” അവന്റെ മുഖം ചുവന്നു
“എന്റെ ഹരി താൻ ഒരു മണ്ടനാണോ.? അതോ താൻ മാരീഡ് ആയത് കൊണ്ടാണോ? തന്റെ വൈഫ് ഇതൊന്നും അറിയാൻ പോണില്ല..” അവൾ അവനോട് ചേർന്ന് നെഞ്ചിൽ നെഞ്ചമർത്തി കഴുത്തിൽ കൈ ഇട്ടതും മുഖമടച്ച് ഒന്ന് കൊടുത്തു ശ്രീഹരി പിടിച്ചു തള്ളുകയും ചെയ്തു
“നീ നീ.. ഒക്കെ എന്ത് തരം പെണ്ണാണെടി നിന്നേ ക്കാൾ സ്റ്റാൻഡേർഡ് ഉണ്ടല്ലോ വേ-ശ്യ-കൾക്ക്? ഇത് ആൾ വേറെയാണ്. മേലിൽ ഇങ്ങനെ അടുത്ത് വന്നാലുണ്ടല്ലോ..”
അവളെ തള്ളി മാറ്റി അവൻ വാതിൽ കടന്നു പോയി. ദഹിപ്പിക്കുന്ന നോട്ടവുമായി അവൾ ആ പോക്ക് നോക്കി നിന്നു
ഹരിക്ക് ദേഹത്ത് പുഴു ഇഴയും പോലെ തോന്നി. അവൻ മുറിയിൽ വന്നു കുളിച്ചു
ശേ…ഈ പ്രോഗ്രാം ഒന്ന് തീർന്നിരുന്നെങ്കിൽ
അവൻ വെറുതെ ഒന്ന് പുറത്ത് പോകാൻ തീരുമാനിച്ചു. ഒറ്റയ്ക്ക് കുറച്ചു നേരം നടക്കണം. അവൻ വെറുതെ ഇറങ്ങി നടന്നു
ശ്രീ ഒരു വിളിയൊച്ച കേട്ട പോലെ. മൊബൈൽ ശബ്ദിക്കുന്നത് കേട്ട് അവൻ അതെടുത്തു നോക്കി
അഞ്ജലി. അവൻ ഒരു ബെഞ്ചിൽ ഇരുന്നു
“ശ്രീ…” പൊടുന്നനെ എന്തിനെന്നറിയാതെ അവന്റെ കണ്ണ് നിറഞ്ഞു
“സുഖമാണോ ശ്രീ?”
“അല്ല ” അവൻ മെല്ലെ പറഞ്ഞു
“എന്താ ശ്രീ ഇങ്ങനെ?”
“നീ ചോദിച്ചത് എനിക്ക് സുഖമാണോ എന്നല്ലേ.. അല്ല എന്നാണ് ഉത്തരം “
അവൾ മിണ്ടാതെ നിന്നു. അവന് എന്തോ ഒരു അസ്വസ്ഥത ഉണ്ട്
“എന്താ പറ്റിയെ?” അവനത് പറയണോ വേണ്ടയോ എന്ന് ആലോചിച്ചു
“പറ എന്താ ഡിസ്റ്റർബ് ആയത്?”
അവൻ അത് ചുരുക്കി പറഞ്ഞു
“ഇത്രേം ഉള്ളു? “
“നിനക്ക് പിന്നെ എല്ലാം നിസാരമാണല്ലോ “
അഞ്ജലി ചിരിച്ചത് പോലെ അവന് തോന്നി
“നിനക്ക് എന്നെ വേണ്ടല്ലോ.. ഞാൻ വിളിക്കരുത് മെസ്സേജ് അയയ്ക്കരുത്. പണ്ട് ഒരു ദിവസം ഞാൻ വിളിക്കാതിരിക്കാൻ നീ സമ്മതിക്കില്ല ഇപ്പൊ നിനക്ക് എന്നോട് സ്നേഹം ഇല്ല. ഉള്ളത് സഹതാപം… പിന്നാലെ കെഞ്ചി നടക്കുന്നവനോട് തോന്നുന്ന സഹതാപം.”
അവന്റെ ദേഷ്യം കേട്ട് അവൾക്ക് ചിരി വന്നു
“ഞാൻ ഒരു വീഡിയോ അയച്ചു കണ്ടിരുന്നോ?”
“ഉം “
“എന്നിട്ട് ഒന്ന് വിളിക്കുക… പോട്ടെ ഒരു മെസ്സേജ്.. “
“ഉമ്മ്മ്മ്മ്മ്മ “
ശ്രീ പെട്ടന്ന് നിർത്തി
അവന്റെ നെഞ്ചിൽ ആ നേരം ഒരു മഴ പെയ്തു തുടങ്ങി
“ആ കണ്ണിൽ… മൂക്കിന് തുമ്പിൽ… പിന്നെ പിന്നെ… ചുണ്ടില്.. ചേർത്ത് പിടിച്ചുമ്മ..”
ഹരിയുടെ ഉടൽ പൊട്ടിത്തരിച്ചു
“ദേഷ്യം പോയോ?” അവൻ മിണ്ടിയില്ല
“എന്താ പറഞ്ഞത്? എനിക്ക് സഹതാപം ആണെന്ന് അല്ലെ? ഇനി പറയുമോ അങ്ങനെ?”
“എനിക്ക് മതിയായില്ല ” അവന്റെ ശബ്ദം അടഞ്ഞു
“ഉമ്മ്മ്മ്മ്മ്മ ശ്രീ “
“അഞ്ജലി…ഞാൻ ഇതൊക്കെ മതിയാക്കി വരട്ടെടി. എനിക്ക് വയ്യ ഇങ്ങനെ.. ഭ്രാന്ത് പിടിക്കും.. കാണാതെ തൊടാതെ.. ഒന്ന് ചേർത്ത് പിടിച്ചുമ്മ വെയ്ക്കാതെ..”
“ഇനീപ്പോ കഷ്ടിച്ച് ഒരു മാസമല്ലേയുള്ളു.. ക്ഷമ വേണെ..”
“കു-ന്തം.. നിനക്ക് എന്നെ കാണണ്ടേ?”
“വേണ്ടല്ലോ “
“അതെന്താ? കാണാൻ വേറെ ആളുണ്ടോ?”
“പിന്നല്ല..ഇവിടെ കേരളത്തിൽ ആണോ മോനെ സുന്ദരന്മാർക്ക് ക്ഷാമം?”
“കൊ-ല്ലും ഞാൻ നിന്നേ… നോക്കിക്കോ..”
അഞ്ജലി പൊട്ടിച്ചിരിച്ചു
“എന്റെ തെറ്റാ ” ഹരി പറഞ്ഞു
“എന്ത്?”
“കുറച്ചു കൂടി ശ്രമിച്ചിരുന്നെങ്കിൽ… നീ ഇതൊന്നും പറയില്ല.. കൊച്ചിന്റെ അപ്പനെ ഒഴിവാക്കാൻ പറ്റില്ലല്ലോ “
“ഓ പിന്നെ അങ്ങനെ ആണെങ്കിലും ഞാൻ കളഞ്ഞിട്ട് പോകും…”
“ദു-ഷ്ടേ… മനസാക്ഷി ഇല്ലാത്തവൾ. കൊല്ലേടി എന്നെ അതാണ് ഇതിലും ഭേദം “
“കൊ-ല്ലും… നേരിട്ട് കാണുന്ന ദിവസം…”
“ആ അതാണ് നല്ലത് ” ഹരി പറഞ്ഞു
” അച്ഛനെ വിളിച്ചോ?”
“ഇല്ല “
“എന്തെ?”
“സാറിനെ ഫേസ് ചെയ്യാൻ വയ്യ “
“ഫോണിൽ എന്ത് ഫേസ്?അച്ഛൻ ചോദിച്ചു വലിയ പാട്ടുകാരൻ ആയപ്പോൾ മറന്നൊന്ന് “
“ങ്ങേ അങ്ങനെ ചോദിച്ചോ?”
“yes “
“ഞാൻ വിളിക്കാം..”
“വെയ്ക്കട്ടെ ഞാൻ “
“അഞ്ജലി..?”
“ഉം “
“വെറുപ്പുണ്ടോ എന്നോട്?”
“ഉണ്ടെങ്കിൽ?”
“പാവമല്ലേ മോളെ നിന്റെ ചെക്കൻ?”
“അത്ര പാവമൊന്നുമല്ല “
“നിന്നേ പിരിഞ്ഞു നിൽക്കുമ്പോൾ എന്റെ നിയന്ത്രണം പോകും. അത് നീ ഒന്നോർത്തു നോക്കിയാൽ മനസിലാകും. നമ്മൾ വീട്ടിൽ ഒന്നിച്ചുണ്ടാരുന്നപ്പോ. ഹോസ്പിറ്റലിൽ ഉണ്ടായിരുന്നപ്പോൾ. ഒക്കെ… പിന്നെ ഞാൻ എന്റെ വീട്ടിൽ പോരുന്നു കഴിഞ്ഞു ഞാൻ എങ്ങനെ ആയിരുന്നു നീ ഓർത്തു നോക്ക്..ഹോസ്പിറ്റലിൽ വെച്ചു നീ പെട്ടെന്ന് ഞാൻ ബാധ്യത ആണെന്നൊക്കെ പറഞ്ഞപ്പോൾ..എന്റെ കണ്ട്രോൾ പോയി.. നിന്നേ പിരിഞ്ഞിരിക്കാൻ വയ്യ മോളെ “
“അപ്പൊ ഞാൻ ഒരു ദിവസം മരിച്ചു പോയാലോ ശ്രീ?”
“അഞ്ജലീ ” അത് ഒരു അലർച്ചയായിരുന്നു
“നിർത്തടി മതി ഫോൺ വെച്ചോ ” അവൻ കാൾ കട്ട് ചെയ്തു
അവന്റെ ഹൃദയം ശക്തിയായി മിടിച്ചു തുടങ്ങി. നെഞ്ച് പൊട്ടിപ്പോകും പോലെ. എന്താ അവൾ പറഞ്ഞത്?
ഈശ്വര!
അവൻ നെറ്റി കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞു. മനസ്സ് ശാന്തമായപ്പോ അവളെ വിളിച്ചു
“മോളെ… എടാ അങ്ങനെ പറയരുത് ട്ടോ ” അഞ്ജലി മിണ്ടിയില്ല
“എന്റെ പൊന്ന് അങ്ങനെ ഒന്നും പറയരുത്.. ഈ ആറു മാസങ്ങളായി ഞാൻ അനുഭവിക്കുന്നത് ദൈവത്തിനും എനിക്കും മാത്രേ അറിയൂ.. ശ്രീഹരി ജീവിക്കണമെങ്കിൽ അഞ്ജലി ഈ ഭൂമിയിൽ ഉണ്ടാവണം. എന്നോട് പിണങ്ങിക്കോ, ദേഷ്യപ്പെട്ടു തല്ലിക്കൊ എന്നെ, എന്ത് വേണേൽ ചെയ്തോ..ഇങ്ങനെ ഒന്നും ചിന്തിക്കരുത്.. തമാശക്ക് പോലും പറയരുത് “
“സോറി ” അഞ്ജലി മെല്ലെ പറഞ്ഞു
“ഇനി പറയരുത് “
“ഉം. പിന്നെ ശ്രീ… വീഡിയോ അസ്സലായി “
“അതൊന്നു നേരെത്തെ പറഞ്ഞിരുന്നെങ്കിൽ… അതെങ്ങനാ ഈഗോ ” അവൾ കിലുക്കിലെ ചിരിച്ചു
“എനിക്ക് പാടി തരുമൊ?എനിക്ക് മാത്രം ആയിട്ട്?” അവൻ ചുറ്റും ഒന്ന് നോക്കി
വിജനമാം വഴികൾ. ഒന്നോ രണ്ടോ പേര് ഇടയ്ക്ക് നടന്നു പോകുന്നുണ്ട്
“വഴിയേ പോകുന്നവർ പാട്ട് കേട്ട് എന്തെങ്കിലും തന്നാ മതിയാരുന്നു ” അഞ്ജലി പൊട്ടിച്ചിരിച്ചു
“ഉയിരേ….. ഉയിരേ…” പാട്ട് തീരും വരെ അവൾ കണ്ണടച്ചിരുന്നു
“മതിയായില്ല ശ്രീ… എന്ത് രസാണ്.. ഹോ ഭയങ്കര ഫീൽ.. എനിക്ക് കാണാൻ തോന്നുന്നു ശ്രീ…”
അവന്റെ ഹൃദയത്തിൽ ആനന്ദം നിറഞ്ഞു. തന്റെ പഴയ അഞ്ജലിയായി അവൾ മാറിക്കഴിഞ്ഞു. പൂർണമായും തന്റെ പെണ്ണായി
“വീഡിയോ കാൾ വിളിക്കട്ടെ?”ആവേശത്തോടെ അവൻ ചോദിച്ചു
പെട്ടെന്ന് അവൾക്ക് അബദ്ധം മനസിലായി. താൻ ശ്രീയുടെ വീട്ടിലാണ്
“ഇപ്പോഴോ?”
“ഉം “
“ഇപ്പൊ ഞാൻ….”
“ഇപ്പൊ നീ എവിടെയാ ?”
“അതേയ് ഇപ്പൊ വീഡിയോ വേണ്ട “
“അതെന്താ?”
“ഇപ്പൊ പറ്റില്ല “
കാൾ കട്ട് ആയി. വീഡിയോ കാൾ വന്നു. എടുക്കാതെ വയ്യ
അവൾ കാൾ എടുത്തു
പെട്ടെന്ന് അവന് മനസിലാകാത്ത പോലെ നിന്നു അവൾ. പക്ഷെ ആരെയാ ഒളിക്കുന്നത്? അവന് മനസിലായി.
“അഞ്ജലി ഇത് എന്റെ വീടല്ലേ? നീ എന്റെ വീട്ടിലാണോ?”
അവൾ പുഞ്ചിരിച്ചു. ഹരിയുടെ മുഖത്ത് പകപ്പ് നിറഞ്ഞു
“എന്റെ വീട്ടിലാണോ മോളെ നീ?” അവൾ തലയാട്ടി
“എത്ര നാളായി?”
“മൂന്നാല് മാസമായി “
അവൻ കണ്ണ് നിറഞ്ഞു പോയിട്ട് മുഖം തിരിച്ചു
“ഞാൻ… എന്റെ..”അവൻ മുഖം തുടച്ചു
“ഒറ്റയ്ക്ക് അവിടെ?”
“രാത്രി ചിലപ്പോൾ ജെന്നിയുടെ വീട്ടിൽ പോകും ഇല്ലെ ജെന്നി ഇങ്ങോട്ട് വരും,. ഇവിടെ എല്ലാം ഞാൻ വൃത്തിയാക്കി.നോക്ക് “
അവൾ ഓരോ സ്ഥലവും കൊണ്ട് നടന്നു കാണിച്ചു
അവന്റെ കാഴ്ചയിൽ അതൊന്നും പെടുന്നുണ്ടായിരുന്നില്ല. ഹൃദയത്തിൽ വീണ്ടും ഒരു കടൽ അലയടിച്ചു തുടങ്ങി
“എന്തിനാ നീ?”
“എന്റെ ശ്രീയുടെ വീട് ഞാനല്ലേ നോക്കണ്ടത്? ശ്രീ വരുമ്പോൾ ഭംഗിയായി കിടക്കണ്ടേ.. ഇനിം സർപ്രൈസ് ഉണ്ട്. അത് വന്നിട്ട് “
അവൻ കണ്ണുനീർ തുടച്ചു കൊണ്ടിരുന്നു
“ഞാൻ പിന്നെ വിളിക്കട്ടെ. മനസ്സൊക്കെ വല്ലാതെ…”
അവൻ വിക്കി
അവൾ ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു
ഫോൺ കട്ട് ചെയ്തു ഹരി പൊട്ടിക്കരഞ്ഞു. ഇതെന്തു തരം സ്നേഹമാണ്?ഇങ്ങനെ സ്നേഹിക്കാൻ മാത്രം തനിക്കെന്തു യോഗ്യതയുണ്ട്? ഈ നിധിയെ ആണല്ലോ ദൈവമേ ഞാൻ നഷ്ടപ്പെടുത്താൻ തുനിഞ്ഞത്? ഏത് ഗംഗയിൽ മുങ്ങിയാൽ അവളെ കരയിച്ചതിനുള്ള പാപം തീരും? അവൾക്ക് വേണ്ടി എന്ത് ചെയ്തലാണ് ഇതിനൊക്കെ പകരമാകുക?
(തുടരും )