ശ്രീഹരി ~ അധ്യായം 35, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ബാലചന്ദ്രൻ ഒരു മീറ്റിംഗ് കഴിഞ്ഞു കാറിലേക്ക് കയറുകയായിരുന്നു. പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ആദ്യമയാൾ എടുത്തില്ല. വീണ്ടും വന്നപ്പോൾ അറ്റൻഡ് ചെയ്തു.

“സാർ ഹരിയാണ് ” ബാലചന്ദ്രൻ ഒരു നിമിഷം മിണ്ടാതെയിരുന്നു

“സാർ എന്നെ വഴക്ക് പറഞ്ഞോളൂ. ദേഷ്യം തീരും വരെ പറഞ്ഞോളൂ. പക്ഷെ എന്നോട് മിണ്ടാതെയിരിക്കരുത്.”

ബാലചന്ദ്രന്റെ ഉള്ളിൽ വാത്സല്യം നിറഞ്ഞു

“എനിക്ക് ഒരു പിണക്കൊമില്ല ഹരി. അഞ്ജലി എല്ലാം എന്നോട് പറഞ്ഞു.. അവൾക്ക് ചിലപ്പോൾ സംസാരിക്കാൻ അറിയില്ല. എന്ത് എപ്പോ എങ്ങനെ ആരോട്.. പോട്ടെ സാരമില്ല..”

ശ്രീഹരിക്ക് കുറ്റബോധം തോന്നി. ഇത് വരെ വിളിച്ചു പോലും അന്വേഷിച്ചില്ല

“സാർ എന്റെ മനസാകെ കലങ്ങി പോയിരുന്നു. ആരോടും മിണ്ടാൻ തോന്നിയില്ല. എവിടെ എങ്കിലും പോയി ച-ത്തു കളയാനാ ആദ്യം തോന്നിയത്. പിന്നെ തോന്നി അത് ഏറെ പ്പേരെ വേദനിപ്പിക്കും. അഞ്ജലി ഇല്ലാതെ ഇവിടെ എനിക്ക് നിൽക്കാൻ പറ്റില്ലന്ന് തോന്നി. അതാണ്‌ പോയത്. പിന്നെ ഏകാന്തവാസം. ഒരു പാട്ട് പാടിയത് എല്ലാർക്കും ഇഷ്ടമായി പിന്നെ ചെറിയ ആൽബങ്ങളിൽ പാടി ഒരു കോഫീ ഷോപ്പിൽ ജോലി ചെയ്തു.. പിന്നെ റഹ്മാൻ സാർ ഈ ടൂർ പറഞ്ഞപ്പോൾ വേറെ ഒന്നുമാലോചിച്ചില്ല. പോരുന്നു. എന്റെ കയ്യിൽ തോമസ് ചേട്ടന്റെ നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു. അഞ്ജലിയുടെ നമ്പർ എനിക്ക് കാണാതെ അറിയാമായിരുന്നു എങ്കിലും വിളിച്ചില്ല. വാശി.. പക്ഷെ പിന്നെ എപ്പോഴോ അതൊക്കെ പോയി. വിളിച്ചു അഞ്ജലി റെസ്പോണ്ട് ചെയ്തില്ല. ഒടുവിൽ തോമസ് ചേട്ടനോട് പറഞ്ഞു കാല് പിടിച്ചു എന്നിട്ടാ ഇപ്പൊ സംസാരിച്ചത്. അഞ്ജലിയുടെ പക്കൽ ഒരു തെറ്റുമില്ല സാർ. ഞാൻ… ഞാൻ ശരിയല്ല “

അവന്റെ ശബ്ദം ഇടറി

ബാലചന്ദ്രൻ വിഷമത്തോടെ അത് കേട്ടു

“സാറിന്റെ കാര്യങ്ങൾ ഞാൻ തോമസ് ചേട്ടനെ വിളിച്ചു ചോദിച്ചു അറിഞ്ഞു കൊണ്ടിരുന്നു അത് ഒരു സമാധാനം. സാർ എന്നോട് ക്ഷമിക്കണം. അത്ര വിവരം ഇല്ലാത്ത ഒരു മനുഷ്യനോട്‌ പൊറുക്കുന്നു എന്ന് കരുതിയ മാത്രം മതി “

“ഹരീ… മോൻ അതൊക്കെ മറന്നേക്ക്..ഒരു ദോഷകാലം കഴിഞ്ഞു. അത് അങ്ങനെ തീർന്നു.. എന്ന വരിക?”

“രണ്ടാഴ്ച കൂടി..സത്യത്തിൽ എനിക്ക് ഇപ്പൊ ഇത്  ക്യാൻസൽ ചെയ്തു വരണം എന്നുണ്ട് പക്ഷെ എന്നെയവൾ കൊ-ന്നു കളയും. പേടിച്ച വരാത്തത് “

ബാലചന്ദ്രൻ പൊട്ടിച്ചിരിച്ചു

“സാർ അന്ന് ഞാൻ ചോദിച്ചില്ലേ ഞങ്ങളുടെ കല്യാണം? അത് എന്റെ നാട്ടിൽ എന്റെ ക്ഷേത്രത്തിൽ വെച്ചു നടത്താമോ?”

ബാലചന്ദ്രന്റെ ഹൃദയത്തിൽ ആനന്ദം നിറഞ്ഞു

“എനിക്കും സന്തോഷം അല്ലെ ഹരിയത്?”

“താങ്ക്യൂ “അവൻ ദീർഘ ശ്വാസം വിട്ടു

“വെയ്ക്കട്ടെ സാർ പ്രാക്ടീസ് ടൈം ആയി “

“ശരി മോനെ. ഇടക്ക് ഈ വൃദ്ധനെ വിളിക്ക് ട്ടോ “

“തീർച്ചയായും “

അവൻ ഫോൺ കട്ട്‌ ചെയ്തു. അവൻ മുറിയിൽ വന്നപ്പോൾ മാധവ് മുറിയിലുണ്ട്

“ഹരീ നീയും ശില്പയും തമ്മിൽ എന്താ? ഞാൻ നിന്നേ എവിടെയൊക്കെ അന്വേഷിച്ചു? അവൾ പറയുന്നത് നീ കേറി പിടിച്ചു എന്നൊക്കെ “

“ആഹ ബെസ്റ്റ് അവളെന്നെ കേറിയാ പിടിച്ചത്. ഞാൻ മാനനഷ്ടത്തിന് കേസ് കൊടുത്താലോന്ന് ആലോചിച്ചു നടക്കുവാ “

“വെറുതെ ഇരിക്ക് ഹരി. തമാശയല്ല. അവള് നിയമപരമായി നേരിടാൻ പോവാ എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്.. “

അവൻ മൊബൈൽ എടുത്തു കൊടുത്തു

“ദേ ഇതിലുണ്ട് സംഭവം.. വീഡിയോ ഇല്ല ഓഡിയോ.. കേട്ട് നോക്ക് “

“ഞാൻ ശില്പ വരുന്നതിന് തൊട്ട് മുൻപ് തോമസ് ചേട്ടനെ വിളിച്ചു. കാൾ കിട്ടാത്ത കൊണ്ട് ശ്രമിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഇവളുടെ ഷോ”

ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരു പ്രികോഷൻ എടുക്കുന്നത് എപ്പോഴും നല്ലതാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ഇതിപ്പോ പെണ്ണിന്റെ കാലമായല്ലോ. അത് കൊണ്ട് മിക്കവാറും അത് ശ്രദ്ധിക്കാറുമുണ്ട്.”

“അയ്യേ.. ഇവൾ ഇത്രയും ചീപ് ആയിരുന്നോ?”

“ഇത് ഒന്ന് കേൾപ്പിച്ചു കൊടുത്തേക്ക്. ഞാൻ വാട്സാപ്പ് തരാം “

മാധവ് അന്തം വിട്ട് അവനെ നോക്കി നിൽക്കുകയായിരുന്നു

“എന്റെ ഹരി നിന്നേ നമിച്ചു ട്ടോ. ഇവളുടെ പിന്നാലെ നമ്മുടെ ട്രൂപ്പിൽ തന്നെ എത്ര പേരാണെന്നോ? അഞ്ജലി അറിയുകയൊന്നുമില്ലായിരുന്നു.. വേണേൽ ഒന്ന്..”

ഹരി ഒരു ഇടി വെച്ചു കൊടുത്തു

“അയ്യോ… നോവുന്നു “

“കൃഷി ചെയ്തു തഴമ്പിച്ചു പോയ കയ്യാണ് മോനെ. ഇത് വെച്ചാ അവളുടെ മുഖത്ത് ഒന്ന് കൊടുത്തത്. പല്ല് മിനിമം രണ്ടെണ്ണം ഇളകി കാണും. “

“ങ്ങേ നീ തല്ലിയോ?”

“പിന്നെ എന്റെ നെഞ്ചത്തോട്ട് വലിഞ്ഞു കേറിയ പിന്നെ തല്ലി പോവൂലെ? എന്നാ നാറ്റമാ ഈ ജന്തുവിനൊക്കെ. ഇതൊന്നും കുളിക്കില്ലേ? എനിക്ക് കുളിക്കേണ്ടി വന്നു ഹോ “

മാധവ് പൊട്ടിപൊട്ടിചിരിച്ചു കൊണ്ടിരുന്നു

“എന്റെ ഹരി ഇനി നീ ഒരക്ഷരം മിണ്ടരുത് ഞാൻ ചിരിച്ചു ച-ത്തു പോകും “

ഹരി പുഞ്ചിരിച്ചു

പിന്നെ വാട്സാപ്പ് വഴി ഓഡിയോ അയച്ചു കൊടുത്തു

“നിനക്ക് ഇങ്ങനെ ഒറ്റ പെണ്ണിൽ മാത്രം കോൺസെൻട്രേഷൻ… എങ്ങനെ സാധിക്കുന്നു ഹരി?”

ഹരി അവനെയൊന്ന് നോക്കി

“എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട് കേട്ടോ അതാണ് വൈഫ് ക്ഷമിക്കാത്തത്. പിന്നെ ചിലപ്പോൾ എനിക്ക് തോന്നും അത് ഒരു ബയോളജിക്കൽ പ്രോസസ്സ് അല്ലെ? ഇത്രയും പ്രാധാന്യം കൊടുക്കണോ?”

“ഭാര്യയുടെ കാര്യത്തിലും അങ്ങനെ തോന്നുമോ? പുള്ളിക്കാരി വേറെ ഒരാൾക്കൊപ്പം സെ-ക്സ് ചെയ്താലും ഇതേ മൈൻഡ് ആണോ “

മാധവ് ഉത്തരം ഇല്ലാതെ നിന്ന് പോയി

“അല്ലല്ലോ.. എന്താ വാചകം.. അതിനൊരു കുറവുമില്ല.എടോ ചുമ്മാ ബയോളജിയേ കൂട്ട് പിടിക്കേണ്ട.. ഒരു പെണ്ണിനെ നമ്മൾ അങ്ങനെ അന്തം വിട്ട് സ്നേഹിച്ചു കഴിഞ്ഞ അവള് അത്രേം നമ്മളേം സ്നേഹിച്ചു കഴിഞ്ഞാ പിന്നെ വിശ്വസുന്ദരി മുന്നിൽ വന്നു നിന്നാലും നോ ഫീലിംഗ്സ് “

“ആ അത് നിനക്ക് നല്ല മനക്കട്ടി ഉള്ള കൊണ്ടാ ഞാൻ ദുർബലൻ… ചിലപ്പോൾ ബയോളജിയേ കൂട്ട് പിടിക്കും “

“അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല “

“നീ അഞ്ജലിയോട് പിണങ്ങി ഇരുന്നപ്പോൾ പോലും..നഹി?”

മാധവ് കണ്ണിറുക്കി

“പിണങ്ങിന്ന് പറഞ്ഞ്…?” അവന്റെ കണ്ണ് മിഴിഞ്ഞു

“അല്ല അവളോടുള്ള വാശിക്ക്…?”

“ഒലക്ക… എന്റെ പെണ്ണ് തൊട്ടതൊന്നും വേറെ ഒരുത്തിക്കും ഞാൻ കൊടുക്കില്ല “

“നീയെന്താ പെണ്ണുങ്ങൾ പറയും പോലെ?”

“അതെന്താ പെണ്ണിന് മാത്രേ ഇതൊക്കെ പാടുള്ളു? ആണിനും അങ്ങനെ തന്നെയാ. സ്നേഹം ഇല്ലാതെന്തോന്ന് സെ-ക്സ്?”

“ഞാൻ തോറ്റു ” മാധവ് തൊഴുതു

“എന്നുമൊരെ ഭക്ഷണം കഴിക്കുമ്പോൾ ബോറടിക്കില്ലേ അതോണ്ട് പറഞ്ഞതാ “

“ഇച്ചിരി എരിയും പുളിയും കൂട്ട്.അല്ലെങ്കിൽ കുറയ്ക്ക് . എന്നും ഒരെ കൂട്ട് ആകുമ്പോഴാ ബോർ ആവുന്നേ “

“എന്റെ പൊന്നോ എന്ത് പറഞ്ഞാലും ഉത്തരം ഉണ്ട്. എന്റെ പൊന്നോ സമ്മതിച്ചു ട്ടോ “

ഹരി ചിരിച്ചു

“ആ നമുക്ക് കാണാമല്ലോ ഓരോരുത്തരും മാറുന്നുണ്ടോ ഇല്ലിയോ എന്നൊക്കെ”

“കാണാം.. ഇത് ശ്രീഹരിയാ. ശ്രീഹരി അഞ്ജലിയെ കാണും മുന്നേ കണ്ടിട്ടുള്ള സുന്ദരികളുടെ മുന്നിൽ വീണില്ല പിന്നെയാ ഇപ്പോ..”

“പിന്നെ എങ്ങനെ അഞ്ജലി?”

“അഞ്ജലി…. അത് അവളുടെ മാജിക് ” ഹരി ചിരിച്ചു

“ശരി ഞാൻ പോവാ ട്ടോ നീ ഫുഡ് കഴിച്ചിട്ട് ഉറങ്ങ്. നാളെ പ്രോഗ്രാം ഉണ്ട് “

ഹരി തല കുലുക്കി. മാധവ് പോയി

അങ്ങനെ കിടക്കുമ്പോൾ അവൻ അഞ്ജലിയെ വിളിച്ചു. അവിടെ നേരം പുലർച്ചെ മുന്ന് മണി ആയിക്കാണും. ഒരു തവണ മുഴുവൻ അടിച്ച് തീർന്നിട്ട് രണ്ടാമത്തെ തവണയാണ് ഫോൺ എടുത്തത്

അഴിഞ്ഞുലഞ്ഞ മുടി. ഉറക്കം തീർന്നിട്ടില്ല

“എന്താ ശ്രീ?”

“നല്ല ഭംഗി നിന്നേ കാണാൻ “

“ങ്ങേ?”

“സത്യം.. “

“ഇത് പറയാൻ ആണോ വിളിച്ചേ? എനിക്കുറക്കം വരുന്നു “

“ഇനി ഉറങ്ങണ്ട.. ഇങ്ങോട്ട് നോക്ക് “

അവൾ പാതിയടഞ്ഞ മിഴികൾ പാട് പെട്ട് തുറന്നു

“എന്റെ പൊന്ന് ” അവൻ മന്ത്രിച്ചു

അവൾ ചെറുചിരി തൂകി. ആ കണ്ണുകൾ അടഞ്ഞു

അവന് ചിരി വന്നു. അവളുറങ്ങി പോയി. ഫോൺ ഓഫ്‌ ചെയ്തില്ല

അവനാ ഉറക്കം നോക്കിക്കിടന്നു

(തുടരും )