എഴുത്ത്: ശ്രീജിത്ത് ഇരവിൽ
=====================
ഭർത്താവുമായി അകന്ന് വർഷങ്ങൾ രണ്ടായെങ്കിലും തമ്മിൽ പിരിഞ്ഞെന്ന കോടതി കടലാസ് കൈയ്യിൽ കിട്ടിയപ്പോൾ എനിക്ക് വല്ലാത്തയൊരു ആശ്വാസം തോന്നി. ഇനി വേണം മനസമാധാനത്തോടെ ഗോകർണ്ണത്തിലേക്ക് പോകാൻ…
സാക്ഷികളോട് കൂടി ഒപ്പിട്ട് കൂട്ടികെട്ടിയ വിവാഹമൊരു ധാരണാപത്രമാണ്. ആയതുകൊണ്ട് മോചനവും അങ്ങനെ തന്നെയാകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കുടുംബ കോടതി കയറിയിറങ്ങി നിയമപരമായി തന്നെ ഞാൻ ആ കെട്ടഴിച്ചത്…
“ഇനിയെന്താ നിന്റെ പ്ലാൻ…?”
കാര്യം അറിഞ്ഞപ്പോൾ കൂടെ താമസിക്കുന്ന കൂട്ടുകാരിയായ ശാലിനി എന്നോട് ചോദിച്ചു.
എങ്ങോട്ടെന്നില്ലാതെ തനിയേ ഒരു യാത്ര പോകണമെന്ന് ഞാൻ അവളോട് പറഞ്ഞു.
‘ഗോകർണ്ണത്തിലേക്ക് ആയിരിക്കും…’
“ഉം….”
ഞാൻ പതിയേ മൂളി..ഒരു ബന്ധനങ്ങളുമില്ലാതെ വേണം അങ്ങോട്ടേക്ക് യാത്ര തിരിക്കണമെന്നത് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നിന്റെ ഇഷ്ടം പോലെ നടക്കട്ടേയെന്നും പറഞ്ഞ് ശാലിനി അടുക്കളയിലേക്ക് പോയി…
നാലുവർഷം മാത്രം ആയുസ്സുണ്ടായിരുന്ന ഒരു ദാമ്പത്യത്തിൽ നിന്നാണ് എനിക്ക് ഇപ്പോൾ മോചനം കിട്ടിയിരിക്കുന്നത്. എന്തായിരുന്നു പിരിയുനുണ്ടായിരുന്ന കാരണമെന്ന് ചോദിച്ചാൽ മൂന്നാമത്തെ വിവാഹവാർഷിക ദിനത്തിലേക്ക് പോകേണ്ടി വരും..
അന്ന് ഞങ്ങൾ ചിരിച്ചുകൊണ്ട് കേക്ക് മുറിച്ചു. തെളിയിച്ച മൂന്ന് മെഴുകുതിരി ഊതി കെടുത്തുമ്പോൾ ഗോകർണ്ണത്തിലേക്ക് ഒരു യാത്ര പോയാലോയെന്ന് ഞാൻ ഭർത്താവിനോട് ചോദിച്ചു. പോകാമെന്ന് പറഞ്ഞ് എന്റെ നാക്കിലേക്ക് അയാൾ മധുരം തൊട്ടുതന്നു…
ആദ്യരാത്രിയിലെ അതേ ആവേശത്തോടെ ഞങ്ങൾ അന്ന് പരസ്പരം വിയർത്തിരുന്നു. പിറ്റേന്ന് കാലത്ത് ഒരു പുതപ്പിനുള്ളിൽ നിന്ന് ന-* ഗ്നരായി രണ്ടുപേരും ഉണർന്നപ്പോൾ ഗോകർണ്ണത്തിലേക്ക് എന്നുപോകുമെന്ന് ഞാൻ വീണ്ടും ചോദിച്ചു. അപ്പോഴും പോകാമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഭർത്താവ് എഴുന്നേറ്റു.
ജോലി തിരക്കുകളിലെ ഒഴിവുകേടുകൾ പറഞ്ഞ് ആ യാത്ര നീണ്ടുനീണ്ട് പോയി. എന്റെ ആ സ്വപ്നം ഒരിക്കലും നടക്കാൻ പോകില്ലെന്ന് പതിയേ ഞാൻ അറിയുകയായിരുന്നു.
എന്റെ ഒരു കുഞ്ഞ് ആഗ്രഹം പോലും സാധിച്ച് തരാത്ത നിങ്ങളൊക്കെ എന്ത് ഭർത്താവാണെന്ന് ഞാൻ ഒരിക്കൽ അയാളോട് ചോദിച്ചു.
മൂന്നര വർഷമായിട്ടും ഒരു കുഞ്ഞിനെ പെറാൻ പറ്റാത്ത നീയൊക്കെ എന്ത് ഭാര്യയാണെന്ന് അയാളും ചോദിച്ചു..
അതുകേട്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി….
വിവാഹം കഴിഞ്ഞുള്ള ആറാമത്തെ മാസത്തിൽ ഞാൻ ഗർഭിണി ആയതായിരുന്നു. പിന്നീടൊരു ആറുമാസങ്ങൾക്കുള്ളിൽ അത് അലസ്സിപ്പോകുകയും ചെയ്തു. വീർക്കും മുമ്പേ ഒഴിഞ്ഞുപോയ വയറും പിടിച്ച് ഞാനൊരു കുഞ്ഞിനെ പോലെ കരഞ്ഞു. അന്ന് കൈയ്യിൽ പിടിച്ച് ആശ്വസിപ്പിച്ച ഭർത്താവിന്റെ വായിൽ നിന്ന് തന്നെ കുഞ്ഞെന്ന വാക്ക് കേൾക്കുമ്പോൾ എങ്ങനെ ഞാൻ ഇല്ലാതായി പോകാതിരിക്കും..
മാനസികമായിട്ടുള്ള പൊരുത്തക്കേടുകൾ അന്നുതൊട്ട് തുടങ്ങി. തുടർന്ന് പോകാൻ പറ്റില്ലെന്ന് കണ്ടപ്പോൾ എന്റെ കുടുംബത്ത് ഞാൻ വിവരം അറിയിച്ചതാണ്…
അതുപോലെയൊരു തങ്കപ്പെട്ട ചെറുക്കനെ നിനക്ക് തപസ്സിരുന്നാൽ കിട്ടില്ലെന്ന് പറഞ്ഞ് അവർ എന്നെ അവഗണിച്ചു.
ഞങ്ങളുടെ നാലാം വിവാഹ വാർഷികത്തിന് ഒരാഴ്ച്ചമുമ്പ് കൂട്ടുകാരികളോടൊപ്പം ഗോകർണ്ണത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ പോകുകയാണെങ്കിൽ പിന്നെ ഇങ്ങോട്ട് വരണ്ടായെന്ന് ഭർത്താവ് പറഞ്ഞു.
ആരും വേണ്ടായെന്ന തീരുമാനത്തോടെ അന്ന് ഞാൻ ശാലിനിയുടെ ഫ്ലാറ്റിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. അവൾ എനിക്കൊരു ജോലി സംഘടിപ്പിച്ച് തന്നു. വിവാഹ മോചനം നേടണമെന്നും തുടർന്ന് ഗോകർണ്ണത്തിലേക്ക് പോകണമെന്നും അങ്ങനെയാണ് ഞാൻ തീരുമാനിക്കുന്നത്…
എന്തുകൊണ്ടാണ് കർണ്ണാടകയുടേയും ഗോവയുടേയും ഇടയിലുള്ള ഗോകർണ്ണമെന്ന ആ കടൽ തീരത്തേക്ക് പോകാൻ ഞാൻ വെമ്പി നിൽക്കുന്നതെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല..ഇന്ന കാരണം കൊണ്ടാണെന്ന് കൃത്യമായി പറയാൻ പറ്റാത്ത എത്രയെത്ര മാനസിക താല്പര്യങ്ങളാണ് മനുഷ്യരിൽ..അതുപോലെ ഒന്നായിരുന്നു കേട്ടറിവിൽ ബഹളങ്ങൾ തീരേ കുറഞ്ഞ ആ സഞ്ചാര കേന്ദ്രം എന്റെയുള്ളിൽ…
ഭർത്താവിന്റെ തോൾ ചാഞ്ഞ് നടക്കാൻ കൊതിച്ച ആ തീരം തേടി ഞാൻ പുറപ്പെട്ടു. മംഗലാപുരത്ത് നിന്ന് ഷിമോഗയിലേക്കും, അവിടെ നിന്ന് ഗോകർണ്ണത്തിലേക്കും ഓർമ്മകളുടെ വടംവലിയിൽ ഞാൻ സഞ്ചരിച്ചു. സ്വതന്ത്രയായി ദൂരം പിന്നിടുമ്പോഴെല്ലാം ഞാൻ സുരക്ഷിതമാണോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു.
മുൻകൂർ ബുക്ക് ചെയ്ത ഗോകർണ്ണത്തിലെ റിസോർട്ടിലേക്ക് എത്തുമ്പോഴേക്കും രാത്രി ആയിരുന്നു…ക്ഷീണം കൊണ്ട് കുളിക്കുക പോലും ചെയ്യാതെ ഞാൻ വീണുറങ്ങി..ഉറക്കത്തിൽ ഒരു തണുത്ത തിര വന്ന് എന്റെ കാലിൽ തൊടുന്നതായി ഞാൻ സ്വപ്നം കണ്ടു. അതിന്റെ നിർവൃതിയിൽ ഉണരുമ്പോഴേക്കും സൂര്യൻ ഉദിച്ചിരുന്നു…
റിസോർട്ടിൽ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. ഇടയിൽ കണ്ട വഴിയോര കച്ചവടക്കാരിൽ നിന്ന് വട്ടത്തിലുള്ള തൊപ്പിയും ചതുരത്തിലുള്ള കറുത്ത കണ്ണടയും ഞാൻ വാങ്ങി..ആരുകണ്ടാലും ആകുലതകൾ തീരെയില്ലാത്ത സഞ്ചാരിയായി ഞാൻ മാറുകയായിരുന്നു…
പാറകെട്ടുകളിൽ തല്ലി ചിതറുന്ന തിരകളേയും കണ്ട് ഞാൻ ആ കുത്തനെയുള്ള പടികൾ ഇറങ്ങി. ആ നേരം മനസ്സൊരു കടൽ ആകുകയായിരുന്നു..ഇട്ടിരുന്ന ക്യാൻവാസ് ഷൂസ് ഊരിപ്പിടിച്ച് ന–ഗ്ന–മായ പാദങ്ങളോടെ ഞാൻ നടന്നു. ഒരു വിദേശ കുട്ടി അവന്റെ തലയോളം വലിപ്പമുള്ള ബോളുമായി അരികിൽ വന്നപ്പോൾ കൂടെ ഞാനും കൂടി..
കിതച്ച് തളർന്നപ്പോൾ രാവിലെ കണ്ട സ്വപ്നം ഞാൻ ഓർത്തുപോയി..കാലിൽ തിര തൊടാൻ പാകത്തിൽ എനിക്ക് ആ പൂഴിമണലിൽ ഇരിക്കാൻ തോന്നുന്നത് അങ്ങനെയാണ്..എത്ര നേരം ആ കടൽ പരപ്പിലേക്ക് നോക്കി അങ്ങനെ ഇരുന്നുവെന്ന് എനിക്ക് അറിയില്ല..
ആഗ്രഹം പോലെ ഭർത്താവ് പണ്ട് എന്നെ ഇവിടേക്ക് കൊണ്ടുവന്നിരുന്നുവെങ്കിൽ എത്ര സന്തോഷമാകുമായിരുന്നു എന്റെ ജീവിതം. കണക്കില്ലാത്ത കുഞ്ഞുങ്ങളെ പെറ്റുകൂട്ടി അലറുന്ന കടലമ്മയോട് എനിക്ക് അസൂയ തോന്നി..
കുഞ്ഞുങ്ങൾ ഇല്ലെങ്കിലും ഉള്ളിൽ തിരയിളകുന്ന ഞാനും ഒരു കടലാണെന്ന് എനിക്ക് ആ നേരം അനുഭവപ്പെട്ടു. മുന്നിലെ നീല വിസ്തൃതിയിലേക്ക് നോക്കികൊണ്ട് ഞാൻ അതുപറയുകയും ചെയ്തു..
സൂര്യന്റെ സ്ഥാനം മാറി ഉച്ചിയിൽ വെയിൽ വീണപ്പോൾ എനിക്ക് എഴുന്നേൽക്കണമെന്ന് തോന്നി…അതിന് തുനിയും മുമ്പേ എനിക്ക് മാത്രം കൊള്ളാൻ പാകം വട്ടത്തിലൊരു തണൽ തെളിഞ്ഞു. ഞാൻ മേലോട്ടേക്ക് നോക്കി..എന്നോട് ക്ഷമിക്കൂവെന്ന് പറഞ്ഞ് ഒരാൾ എന്നോട് വിതുമ്പുന്നു. അയാൾക്ക് എന്റെ ഭർത്താവിന്റെ മുഖമായിരുന്നു…!
തോന്നലാണെന്ന് കരുതി ആസനത്തിലെ മണലും തട്ടി ഞാൻ എഴുന്നേറ്റ് നടന്നു…അല്ല..! തോന്നൽ അല്ല…! എന്റെ ഭർത്താവ് തന്നെ…! ദേഷ്യപ്പെടണോ, സങ്കടപ്പെടണോ, സന്തോഷിക്കണമോയെന്ന് അറിയാതെ എന്റെ ഹൃദയം വെപ്രാളപ്പെട്ടു..
ഞാൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ കൊടുംദുഃഖം ഓർത്തപ്പോൾ ഞാൻ ധൃതിയിൽ നടന്നു..വലിയയൊരു കുടയും പിടിച്ച് അയാളും എന്നോടൊപ്പം നടന്നു. പുറത്തെന്ന പോലെ എന്റെ കണ്ണുകളുടെ അകത്തും തിരയിളക്കം രൂപപ്പെട്ടു. അത് കവിളിലേക്ക് ഇറങ്ങാൻ തുടങ്ങി..എനിക്ക് സഹിക്കാൻ പറ്റിയില്ല..വെയിലും കടലും ഒരുപോലെ എന്നെ വിഴുങ്ങാൻ തയ്യാറാകുന്നത് പോലെ….
വീണുപോകുമെന്ന് തോന്നിയപ്പോൾ, മോചനത്തിന്റെ കോടതി കടലാസ്സിനെ കാറ്റിൽ പറത്തി കൂടെ നടന്ന ആ നിഴലിലേക്ക് പതിയേ ഞാൻ ചേരുകയായിരുന്നു…
ആ തണൽ പിടിച്ച തോളിൽ ചായുകയായിരുന്നു….!!!
~ശ്രീജിത്ത് ഇരവിൽ