മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“സ്വന്തം കുഞ്ഞിന്റെ ജീവിതം വെച്ച് കളിച്ചോടാ നാണം കെട്ടവനെ .ജാതകം സത്യമാണെടാ ..നിനക്കിത്രയേ ഉള്ളോ മക്കളോടുള്ള ഉത്തരാവാദിത്തം ?അതോ അവളെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചു ഭാരം ഒഴിവാക്കണമെന്നായിരുന്നോ? ” ആഅലർച്ചയ്ക്ക് മുന്നിൽ വേണു മുഖം താഴ്ത്തി
“നിശ്ചയിച്ച ഒരു കല്യാണം. അപകടം നടന്നു എന്നതിന്റെ പേരിൽ മാത്രം വേണ്ട എന്ന് വെയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല .അപകടം കല്യാണം കഴിഞ്ഞായിരുന്നു നടന്നിരുന്നെങ്കിലോ ?പൗർണമിയെ വിളിച്ചു കൊണ്ട് പോരുമായിരുന്നോ നമ്മൾ ?വാക്ക് മാറ്റുന്നത് അന്തസ്സുള്ള ഒന്നല്ല “
നന്ദൻ ക്ഷോഭിച്ചു തന്നെയാണ് സംസാരിച്ചത്
“എന്നെ അന്തസ്സ് നീ പേടിപ്പിക്കേണ്ട .അല്ല അത് പറയാൻ നിനക്കെന്താ യോഗ്യത ? അമ്മാവനും വിട്ടു കൊടുത്തില്ല
“ഇത് ഈ തറവാടിന്റെ കാര്യമാ .ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങൾ ഉണ്ട് .പുറമേക്ക് നിന്നുള്ള ഒരുത്തന്റെയും ആവശ്യം ഇവിടില്ല “.ബാക്കിയുള്ളവർ ഒരു നിമിഷം സ്തബ്ധരായി
നന്ദനെ ആരും അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല . അവരൊക്കെ ആ വാചകങ്ങളുടെ കയ്പ്പിൽ നന്ദനെ വല്ലായ്മയോടെ നോക്കി.
നന്ദൻ കൈ ഒന്ന് പുറകിൽ കെട്ടി
“അമ്മാവന് വയസ്സായപ്പോൾ ബുദ്ധിയും കുറച്ചു മങ്ങി പോയി എന്ന് തോന്നുന്നു .എന്റെ യോഗ്യത അളക്കാനുള്ള അളവുപാത്രം തല്ക്കാലം ഞാൻ ആരെയും ഏല്പിച്ചിട്ടില്ല.പിന്നെ ഈ തറവാട്ടിലെ കാര്യങ്ങൾ നോക്കാൻ ഈ തറവാട്ടുകാർ മതി എങ്കിൽ ഈ തറവാട് എന്റെ ഭാര്യ പാർവതിക്ക് കൂടി അവകാശപ്പെട്ടതാണ് .അമ്മാവന് ഇവിടെ നിലവിൽ ഒരു അവകാശവും ഇല്ല എന്നുള്ളത് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ .അപ്പൊ ഞാൻ എന്ത് കൊണ്ടാണ് ഇവിടെ നിൽക്ക്ന്നതെന്ന് വെച്ചാൽ ഞാൻ ഇവിടുത്തെ കൊച്ചിന്റെ ഭർത്താവായത് കൊണ്ട് എന്നാണ് .എന്റെ സംസ്‍കാരം എന്താണെന്നു വെച്ചാൽ നമ്മൾ വിവാഹം കഴിക്കുന്ന ആളിന്റെ വീടും നമ്മുടെ വീടായി കണ്ടു പെരുമാറുക എന്നതാണ് .എനിക്ക് എന്റെ വീടും വീട്ടുകാരും എത്ര പ്രിയപ്പെട്ടതാണോ അത്രയും പ്രിയമുള്ളതാണ് ഇവിടെയുള്ളവരും .അത് മനസിലാക്കാൻ ശന്തനു അമ്മാവൻ ഇനിയും പല ജന്മങ്ങൾ ജനിക്കണം .കാരണം അമ്മാവന്റെ ഭാര്യ വീട്ടുകാർ എവിടെയാണെന്ന് പോലും അമ്മാവന് അറിഞ്ഞു കൂടാ ..അമ്മായി സ്വന്തം വീട്ടിൽ പോയ കാലവും മറന്നു. ശരിയല്ലേ അമ്മായി ?”
സീതാമ്മായി നിറകണ്ണുകളോടെ തല താഴ്ത്തി
“അമ്മാവൻ ഇതിൽ ഇങ്ങനെ ഇടപെടാതിരിക്കുന്നത് നല്ലതല്ലെ വേണുമാമ? “
വേണു അവന്റെ അരികിൽ വന്നു അവനെ ഒന്ന് ചേർത്ത് പിടിച്ചു
“നന്ദൻ പറയുന്നത് കേൾക്കാം അല്ലെ ?” എല്ലാവരുടെയും മുഖം അവർക്കതു സമ്മതമാണെന്ന് വിളിച്ചു പറഞ്ഞു.
“വാടി ഇനിയൊരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല “ശന്തനു അമ്മാവൻ എഴുനേറ്റു
“ഞാൻ വരുന്നില്ല “സീത ഉറച്ച സ്വരത്തിൽ പറഞ്ഞു
“എന്ന നീ ഇവിടെ താമസിച്ചു കൊള്ളുക.മേലിൽ അങ്ങോട്ട് വന്നേക്കരുത് “.അയാൾ ചീറി കൊണ്ട് അവിടെ നിന്നിറങ്ങി പോയി
“പോണാൾ പോകട്ടും പോടാ എന്ന് പാടിക്കോ വലിയമ്മായി “ശ്രീക്കുട്ടി അവരുടെ കാതിൽ പറഞ്ഞു
അമ്മായി മെല്ലെ ചിരിച്ചു
“അപ്പൊ ഞാൻ പറഞ്ഞു വന്നത് ..ഈ കല്യാണം വേണ്ട എന്ന് വെയ്ക്കണ്ട കാര്യമില്ലെന്നാണ് ..കല്യാണം നമ്മൾ നിശ്ചയിച്ചതാണ് .അവൾ കണ്ടു പിടിച്ചതല്ലാ.പക്ഷെ ഈ ചുരുങ്ങിയ കാലയളവിൽ അവർ ഒരു പാട് അടുത്ത് കാണും .ഇനി പിരിക്കുന്നത് ദൈവദോഷമാണ് “നന്ദൻ പറഞ്ഞു നിർത്തി.
പൗർണമി അടുത്ത മുറിയിലിരുന്ന് എല്ലാം കേൾക്കുന്നുണ്ടയിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു
നന്ദൻ ഇല്ലായിരുന്നെകിൽ ആരും ശന്തനു അമ്മാവന് എതിര് പറയില്ലായിരുന്നു. ഈ കല്യാണം നടക്കാതെ പോയേനെ ..അവൾക്ക് നന്ദന്റെ കാലിൽ വീണു കരയണം എന്ന് തോന്നി.
കിച്ചു എത്രത്തോളം തന്നെ സ്നേഹിക്കുന്നുവെന്ന് ഇവർക്കെങ്ങനെ താൻ മനസിലാക്കി കൊടുക്കും?
ആദ്യമായി കണ്ടത് പോലും ഔപചാരികമായി ഈ മുറിയിൽ വെച്ചാണ്. ഒരു വർഷം മുന്നെയായിരുന്നു അത്..ഡിഗ്രിക് പഠിച്ചു കൊണ്ടിരിക്കുന്നതേയുള്ളു, കല്യാണം വേണ്ട എന്ന വാശിയായിരുന്നു തനിക്ക്.
അപ്പോഴും വില്ലൻ ആയതു ജാതകമാണ്. ഇപ്പൊ നടന്നില്ലെങ്കിൽ പിന്നെ നടക്കില്ലത്രേ.
ഒടുവിൽ വരുന്ന ആളോട് ഇഷ്ടമല്ല, കല്യാണം വേണ്ട എന്ന് പറയാൻ തന്നെ തീരുമാനിച്ചിരുന്നതാണ്.
ആ മുഖം കണ്ടതും തീരുമാനങ്ങളൊക്കെ കാറ്റിൽ പറന്നു പോയി
“ഞാൻ ഇപ്പൊ എന്താ ഇയാളെ വിളിക്കുക ?പയർമണി എന്നോ ?”തന്റെ പേരിനെ കളിയാക്കിയതാണ്.
ചിരിയെ വന്നുള്ളൂ. അത്ര സ്നേഹം തുളുമ്പുന്ന മുഖമാണ്. ആരെയും ആകർഷിക്കുന്ന കണ്ണുകളും ചിരിയും.
“ഞാൻ തന്നെ മിട്ടു എന്ന് വിളിക്കട്ടെ ?”
“അതെന്താ ?”താൻ ചിരിച്ചു പോയി
“എന്റെ വീട്ടിലെ മുയലിന്റെ പേരാ.തന്റെ കണ്ടാൽ ഏകദേശം അത് പോലെയാ ഒരു വെള്ള മുയൽ “
“ദേ വേണ്ടാട്ടോ “താൻ കുറുമ്പ് കാണിച്ചു
പിന്നെ ഓരോ ദിവസവുമുള്ള ഫോൺ വിളി .കോളേജിൽ ഇടക്ക് വരും ഒന്നിച്ചിരുന്നു ഒരു കാപ്പി .ഒരു ഐസ്ക്രീം .ബൈക്കിൽ നഗരം ഒന്ന് ചുറ്റും ..അത്രേയൊക്കെയുള്ളൂ സാധാരണ ആൺകുട്ടികൾ കാണിക്കുന്ന വികൃതികളൊന്നും കാണിച്ചിട്ടില്ല ഒരു നല്ല കൂട്ടുകാരനെ പോലെ ..ദൈവേ എന്റെ കിച്ചുവിന് ഒന്നും വരുത്തരുതേ ..അവൾ കൈ കൂപ്പി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു
നന്ദൻ ഇനിയെന്താണ് പറയുക എന്നവൾ ചെവിയോർത്തു
“ഞാൻ എന്തായാലും ഹോസ്പിറ്റലിൽ ഒന്ന് പോകാൻ തീരുമാനിച്ചു .നമ്മുടെ ഉത്തരവാദിത്തമാ അത് .നമ്മുടെ കൊച്ചിന്റെ ചെക്കനല്ലേ അവിടെ കിടക്കുന്നത്?”
എല്ലാവരുടെയും ഉള്ളിൽ തട്ടി ആ വാക്കുകൾ. കണ്ണുകൾ ഈറനായി പലരുടെയും.
“ആരൊക്കെ എന്റെ കൂടെ വരുന്നുണ്ട് ?”
മിക്കവരും തയ്യാറായി. ഒടുവിൽ നകുലനും നന്ദനും പാർവതിയും കൂടി പോകാമെന്നു തീരുമാനിച്ചു
“നന്ദേട്ടാ ” പൗർണമി
“എന്താ മോളെ ?”
“ഞാൻ കൂടി വന്നോട്ടെ ?”
ഇപ്പൊ പൊട്ടിപ്പോകുന്ന മുഖം.
“നീ ഇപ്പൊ പോകണ്ട മോളെ .കല്യാണം കഴിയാതെ അങ്ങനെ ഒന്നും പാടില്ല ..അവിടെ അവരുടെ ആൾക്കാർ ഒക്കെ കാണില്ലേ ?അവരെന്തു കരുതും ?വേണ്ട”
ആരോ പറഞ്ഞു
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തിരുന്നു
“എനിക്കൊന്നു കാണണം ..ഒന്ന് കണ്ടാ മതി .ഒന്ന് കണ്ടിട്ട് വന്നോളാം.എന്നെ കൂടി കൊണ്ടോ “.
“മോളെ നീ എന്താ ഈ കാണിക്കുന്നത് ?” നന്ദൻ അവളെ ചേർത്ത് പിടിച്ചെഴുനേൽപ്പിച്ചു
“എന്നെ കല്യാണം കഴിച്ചിരുന്നെകിൽ കിച്ചു എന്റെ ഭർത്താവു ആവില്ലായിരുന്നോ ഇപ്പൊ?ഒരു വർഷം കഴിഞ്ഞു മതി ഞാൻ വാശി പിടിച്ചിട്ടല്ലേ ഇത് നീണ്ടത് ?എനിക്ക് കാണണം നന്ദേട്ടാ ..ബോധം വരുമ്പോ കിച്ചു എന്നെ തിരക്കും ..സത്യം “
നന്ദൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു
“മോൾ വാ ഏട്ടൻ കൊണ്ട് പോകാമല്ലോ കരയണ്ട ട്ടോ ..”
“ആചാരങ്ങളൊക്കെ മാറട്ടെ ..സ്നേഹിക്കുന്നവർ തമ്മിൽ എന്തിനാ ഇങ്ങെനയൊക്കെ? ഞങ്ങൾ പോയിട്ട് വരം “
അവൻ എല്ലാവരെയും നോക്കി പറഞ്ഞു. പിന്നെയാരും ഒന്നും പറഞ്ഞില്ല.
ആശുപത്രിയിൽ എല്ലാവരുമുണ്ടായിരുന്നു .എല്ലാവരുടെയും മുഖങ്ങൾ കരഞ്ഞു തളർന്നിരുന്നു. അവളെ കണ്ടതും കിഷോറിന്റെ അമ്മ വന്നു ചേർത്ത് പിടിച്ചു
“മോള് വാ.ഇടയ്ക്കൊരു തവണ ബോധം വന്നപ്പോൾ മോളെ അന്വേഷിച്ചു “
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഞാൻ പറഞ്ഞില്ലേ എന്ന ഭാവത്തിൽ അവൾ നന്ദനെയും പാർവതിയെയും നോക്കി.
“സർജറിക്കായി റെഡിയാക്കുവാ ..മോൾക്ക് കാണണോ ?” അവൾ കണ്ണീരോടെ തലയാട്ടി
പച്ച വസ്ത്രത്തിൽ അവൻ ഒരു കുഞ്ഞിനെ പോലെ ശാന്തനായി ഉറങ്ങി കിടന്നു .അവൾ മെല്ലെ ആ നെറ്റിയിൽ ഉമ്മ വെച്ചു.പിന്നെ ശിരസ്സിൽ ഒന്ന് തലോടി.
“വേഗം വന്നേക്കണേ കിച്ചു ..എനിക്ക് നിയെ ഉള്ളു ട്ടോ ” അടക്കി പറഞ്ഞു
സഹതാപത്തോടെ നോക്കിയ നഴ്സിനെ നോക്കി ചിരിക്കാൻ ശ്രമിച്ച് അവൾ വാതിൽ കടന്നു പുറത്തേക്ക് വന്നു.
തറവാട്ടിൽ കളിചിരികളെല്ലാം അവസാനിച്ചിരുന്നു.
കുട്ടികളെല്ലാം ഓരോരോ മൂലയ്ക്ക് ഇരിപ്പായി. ആരുമൊന്നും പറയുന്നില്ല. ആർക്കും വെള്ളവും ഭക്ഷണവും വേണ്ട. എന്തെങ്കിലും കഴിക്കാൻ പറഞ്ഞിട്ട് പോലും വേണ്ട.
വിനു ഭക്ഷണം കഴിക്കാൻ മുറിയിൽ വന്നപ്പോൾ ആരുമില്ല .ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവനവിടെ ഉണ്ടായിരുന്നില്ല .അവന്റെ ലാപ്ടോപ്പ് പണിമുടക്കിയതിനാൽ നന്നാക്കാനായി പുറത്തു പോയിരുന്നു
“എവിടെ എല്ലാവരും ?” അവൻ ജാനകിയോട് ചോദിച്ചു. അവർ ഇടറുന്ന വാക്കുകളിൽ കാര്യങ്ങൾ വിവരിച്ചു
“എന്നെ എന്താ വിളിച്ചു പറയാതിരുന്നത് ?ഞാൻ കൂടി ചെല്ലുമായിരുന്നില്ലേ ആശുപത്രിയിൽ ?ഏതു ഹോസ്പിറ്റലിൽ ആണ് ?” അവൻ വേദനയോടെ ചോദിച്ചു
ഭക്ഷണം കഴിക്കാതെ എഴുനേറ്റു പോകുകയും ചെയ്തു
തന്റെ കൈകളിൽ കിടന്നു വളർന്ന കുഞ്ഞാണ്. അമ്മയും അച്ഛനും കൂടപ്പിറപ്പുകളുമില്ലാതിരുന്ന തനിക്ക് ആകെയുണ്ടായിരുന്നത് ഇവരൊക്കെയായിരുന്നു.വിനു വേദനയോടെ ഓർത്തു. അവൻ കാറിന്റെ കീ എടുത്തു നടന്നു
ആശുപത്രിയിലെത്തുമ്പോൾ വൈകുന്നേരമായി.
ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ എല്ലാവരും ഉണ്ടായിരുന്നു
നന്ദൻ അവനെ കണ്ടു. പാർവതിയും. അവൻ പക്ഷെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ പൗർണമിയെ ചേർത്ത് പിടിച്ചു.
“വിനുവേട്ടാ കിച്ചു “അവൾ അകത്തേക്ക് കൈ ചൂണ്ടി കണ്ണീരോടെ പറഞ്ഞു.
“ഒന്നുല്ലടാ ..”വിനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നന്ദൻ അവിശ്വസനീയതയോടെ നോക്കി നിന്ന് പോയി.
അവനവളെ ആശ്വസിപ്പിക്കുന്നു. കരയല്ലേ മോളെ എന്ന് കെഞ്ചുന്നു. അവൻ വേറെയൊന്നും കാണുന്നില്ല. ഒന്നും കേൾക്കുന്നുമില്ല. പൗർണമിയും പാർവതിയും അവനു ഒരേ ബന്ധമാണ് എന്ന് നന്ദൻ ഓർത്തു .പക്ഷെ പൗർണമിയോടെന്നും അനിയത്തി വാത്സല്യമായിരുന്നു അവന്.അവളുടെ ഏതു വാശിയും അവൻ സാധിച്ചു കൊടുക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്ന് അവൾക്കയയ്ക്കുന്ന സമ്മാനങ്ങൾ ഒക്കെ അവൾ കാട്ടി തന്നിട്ടുണ്ട് .അവളുടെ വിവാഹമായത് കൊണ്ട് മാത്രമാവും അവൻ ഇപ്പൊ വന്നതും .
മനുഷ്യന്റെ മനസ്സിന്റെ ആഴവും ചുഴികളും ആർക്കറിയാം ?
ഓപ്പറേഷൻ തീയറ്റർ തുറക്കുന്ന ശബ്ദം
ഡോക്ടർ പുറത്തേക്ക് വന്നു.
ഒട്ടും മുഖപ്രസാദമില്ലാതെ…
തുടരും