കടലെത്തും വരെ ~ ഭാഗം 31, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“അറിയില്ല “അവൻ ഇടറിയ ഉച്ചയോടെ പറഞ്ഞു.

“ആ സമയം അവിടെ വേറാരുമില്ലായിരുന്നോ ?”

വിനു ഇല്ല എന്ന് തലയാട്ടി..അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ചേച്ചി ഒരു പാട് വേദന സഹിച്ചു കാണും വിനുവേട്ടാ “മനോജിന്റെ ശബ്ദം അടച്ചു

“വീഴ്ചയിൽ ഇടുപ്പെല്ല് പൊട്ടിയിട്ടുണ്ട് ..റിബ്സ് ….”

“മതി ..കേൾക്കണ്ട എനിക്ക് ..”അവൻ ചെവി പൊത്തി “എനിക്ക് ഒന്നും കേൾക്കാൻ വയ്യട “അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് മനോജിന്റെ കൈ വെള്ളയിൽ മുഖമമർത്തി

മനോജും കരയുകയായിരുന്നു.

മനുകുട്ടാ എന്നാണ് പാറു വിളിക്കുക. പാറുവിനെല്ലാവരോടും സ്നേഹമാണ്. അവളോടാർക്കാണ് ഇത്രയും ദേഷ്യം? അവൻ മുഖം കൈകളിൽ താങ്ങി

ഒരു രാത്രി കടന്നു പോയി. പകല് വന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പാർവതിക്ക് ബോധം തെളിഞ്ഞില്ല.

നന്ദൻ എപ്പോഴോ എഴുനേറ്റു. കിടക്കാൻ കഴിയുന്നില്ല. അവൾക്ക് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്നൊരു ആധി അവനെ ചൂഴ്ന്നു നിന്നു .അവളില്ലാത്ത തന്റെ ജീവിതം എന്തായി തീരുമെന്ന് ഊഹിക്കാൻ പോലുമവന് കഴിയുന്നുണ്ടായിരുന്നില്ല.

അവളുടെ വിളിയൊച്ചകളില്ലാതെ ,സ്നേഹചുംബനങ്ങളില്ലാതെ ..ആ മുഖം കാണാതെ,ഒരു നിമിഷം വയ്യ

അവളില്ലാതെ ഒരു ദിവസം പോലും ജീവിച്ചിട്ടില്ല.

നന്ദാ..എന്ന വിളി കേൾക്കാതെ ഒരു ദിവസവും കടന്നു പോയിട്ടുമില്ല.

ആദ്യമായിട്ടാണ്.

അവൻ ഐസിയുവിന്റെ കണ്ണാടിജാലകത്തിലൂടെ നോക്കി

ട്യൂബുകൾ ഘടിപ്പിച്ച് അവൾ.

കണ്ണീരിന്റെ കനത്ത മറയിൽ ആ കാഴ്ച മങ്ങി “വേഗം തിരിച്ചു വന്നേക്കണേ മോളെ “എന്നൊരു കരച്ചിൽ അവന്റെ തൊണ്ടയിൽ തടഞ്ഞു.” നന്ദനാരുമില്ല മോളെ.. ആരൂല്ല “അവൻ ഗ്ലാസിൽ മുഖം അമർത്തി.

അവൻ അവളെ നോക്കി പിന്നെയും കുറെ നേരം ആ നിൽപ് തുടർന്നു.

പിന്നീട് അവൻ നടന്നു ആശുപത്രിയുടെ വെളിയിൽ എത്തി. അവനെന്തിനോ വേണ്ടി നടന്നു കൊണ്ടിരുന്നു

ഒടുവിൽ തളർന്നു. അടുത്തൊരു ക്ഷേത്രം കണ്ടു. എവിടെയെങ്കിലും ഒന്നിരിക്കണം
പ്രധാന വാതിൽ അടച്ചിട്ടില്ല. നട അടച്ചിരിക്കുന്നു.

അവനതിനു മുന്നിൽ ചെന്നു് നിന്ന് കൈ കൂപ്പി. എന്നെ ഒരിക്കൽ കൂടി അനാഥനാക്കി കളയല്ലേ .അവനാദ്യമായി ദൈവത്തോട് പ്രാർഥിക്കുകയായിരുന്നു.

“എന്റെ പെണ്ണിനെ എനിക്ക് തന്നേക്കണേ ..പകരം എന്റെ ജീവൻ വേണെങ്കിൽ എടുത്തോളൂ .എന്നെയല്ലേ ഇഷ്ടമല്ലാത്തത് ?ഞാൻ അല്ലെ നിങ്ങളെ വണങ്ങാത്തത് ? ശിക്ഷ എനിക്കല്ലേ വേണ്ടത് ?എന്റെ പെണ്ണിനെയെന്തിനാ ?”

അവൻ പൊട്ടിപ്പൊട്ടി കരഞ്ഞു

ഒടുവിൽ ആ നടയിൽ മുട്ട് കുത്തി കുമ്പിട്ട് കിടന്നു.

എത്ര നേരമെന്നറിയില്ല.

“മോനെ ..”ആരോ വിളിക്കുന്നത് പോലെ

മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു വൃദ്ധ

“വിശക്കുന്നു എന്തെങ്കിലും തിന്നാൻ മേടിച്ചു തരാമോ ?”

അവൻ പെട്ടെന്ന് എഴുനേറ്റു പോക്കറ്റിലുണ്ടായിരുന്ന കുറച്ചു പൈസ എടുത്തു കൊടുത്തു.

“അയ്യോ അമ്മയ്ക്ക് പൈസയൊന്നും വേണ്ട മോനെ ..എന്നെ കടക്കാര് പറ്റിക്കും. മോൻ എനിക്ക് രണ്ടു ഇഡലി മേടിച്ചു തന്ന മതി .രണ്ടു ദിവസമായി വല്ലോം കഴിച്ചിട്ട് ” അവർ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു

തൊണ്ണൂറു വയസ്സ് എങ്കിലുമുണ്ടാകും അവർക്കെന്നവൻ ഓർത്തു .പാവം ..അവൻ അവരെ കൂട്ടി മെല്ലെ നടന്നു

അടുത്തുള്ള  കടയിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു.

“മോനെന്താ വലയ സങ്കടം ?”

അവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു

“അമ്മയോട് പറ ..ആരോടെങ്കിലും പറഞ്ഞാൽ  കുറച്ചു മാറിക്കിട്ടും ” അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.

“എന്റെ ഭാര്യക്ക് വയ്യ ആശുപതിയിലാ “അവൻ ഇടറി പറഞ്ഞു

“മോൻ നിന്ന് പ്രാർഥിച്ചില്ലിയോ ഇപ്പൊ ..അത് ഒരു ദേവി ക്ഷേത്രമാ .വിളിച്ച വിളി കേൾക്കുന്ന ദേവിയാ.മോൻ കിടന്നു കരഞ്ഞതൊക്കെ ഞാൻ കണ്ടു .ദേവിയും കണ്ടു കാണും ..മോൻ തിരിച്ചു ചെല്ലുമ്പോ ഭാര്യ സംസാരിക്കും. പോരെ ?”

അവർ വെറുതെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവനറിയാം.
അവൾക്ക് ബോധം വീഴാൻ പോലും ഇനിയെത്ര മണിക്കൂറുകൾ കഴിയണം .അവൾക്കെന്താ സംഭവിച്ചതെന്ന് ഇവർക്കറിയില്ലല്ലോ.

“അമ്മയുടെ മക്കൾ ഒക്കെ എവിട്യ ?’അമ്മ എവിടെയാ താമസിക്കുന്നത് ?”അവൻ എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്ത് ചോദിച്ചു

“എനിക്ക് അങ്ങനെ കുടുംബമൊന്നുമില്ല മോനെ .എല്ലാവരും മക്കളാ.ഇത് പോലെ വിശക്കുമ്പോൾ ഏതെങ്കിലും മക്കളോട് ചോദിക്കും. അവർ ആഹാരം മേടിച്ചു തരും .ദേ ആ ആൽത്തറയിൽ കിടക്കും “അവർ ക്ഷേത്രത്തിനകത്തുള്ള ആൽ ചുവട് ചൂണ്ടി പറഞ്ഞു. അവൻ മെല്ലെ തലയാട്ടി

“എന്ന മോൻ പൊയ്ക്കോ ..ഞാൻ പോയി കിടക്കട്ടെ ..?”

“അപ്പൊ ഉച്ചക്ക് എങ്ങനെയാ ഭക്ഷണം ?”അവൻ ചോദിച്ചു

അവന്റെ കരുതലും സ്നേഹവും  ആ സ്ത്രീയുടെ കണ്ണ് നിറച്ചു

“ഉച്ചക്ക് അമ്പലത്തിൽ അന്നദാനം ഉണ്ട് മോനെ ..മോൻ പൊയ്ക്കോ ..ഞാനും പ്രാർത്ഥിക്കാം കേട്ടോ “അവർ ആ ശിരസ്സിൽ കൈ വെച്ചു

അവൻ ഒന്ന് തലയാട്ടി. മനസ്സ് ഒന്ന് തണുത്ത് പോലെ. അവൻ തിരിച്ചു ആശുപത്രിയിലേക്ക് നടന്നു. അവൾ ആശുപത്രിയിൽ ആയിട്ട് ഒരു ദിവസം കടന്നു പോയിരിക്കുന്നു .കൃത്യം ഇരുപത്തിനാലു മണിക്കൂർ ..

ആ ശബ്ദം കേൾക്കാത്ത ഇരുപത്തിനാലു മണിക്കൂർ.

അവൻ കാഴ്ചകളെ മറയ്ക്കുന്ന കണ്ണീരിനെ തൂത്തു ആശുപത്രിയിലേക്ക് നടന്നു കൊണ്ടിരുന്നു.

🍁🍁🍁

നന്ദൻ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു ശ്രീക്കുട്ടി.

“അച്ഛൻ എവിടെ പോയിരുന്നു .ഞാൻ പേടിച്ചു പോയി “

“അച്ഛനൊന്നു വെറുതെ …”അവൻ മെല്ലെ പറഞ്ഞു

“അമ്മയ്ക്ക് ബോധം വന്നു അച്ഛനെ അന്വേഷിച്ചു ” അവൾ സമാധാനത്തോടെ പറഞ്ഞു

നന്ദന്റെ കണ്ണ് നിറഞ്ഞു. അവൻ അതിവേഗതയിൽ ഐസിയുവിന്റെ മുന്നിലേക്ക് ചെന്നു.

“മനോജേ ..എനിക്കൊന്നു കാണണം “അവൻ ഡോക്ടർ മനോജിന്റെ കൈകളിൽ പിടിച്ചു

“വരൂ “അവൻ അയാളെ കൂട്ടികൊണ്ടു പോയി

പാർവതിയുടെ കണ്ണുകൾ അടഞ്ഞിരുന്നു

“ഇടയ്ക്കിടെ ബോധം വീഴുന്നുണ്ട് അപ്പൊ നന്ദേട്ടനെ തിരക്കുന്നുണ്ടായിരുന്നു .ഏട്ടനെവിടെ പോയിരുന്നു “

“പ്രാർത്ഥിക്കാൻ “അവന്റെ തൊണ്ടയടച്ചു

“എനിക്ക് ഇവളല്ലേ ഉള്ളു ?ഞാൻ ആരോട് പറയും മനോജേ ..” മനോജ്‌ അവനെ ചേർത്ത് പിടിച്ചു

പാർവതി മെല്ലെ കണ്ണ് തുറന്നു

“നന്ദൻ ..”

“ഇവിടെയുണ്ട് “മനോജ് അവനെ നീക്കി നിർത്തി.

അവൾ ആ കഠിനമായ വേദനയ്ക്കിടയിലും ചിരിക്കാൻ ശ്രമിക്കുന്നത് നന്ദൻ കണ്ടു

മനോജ് പുറത്തേക്ക് പോയി. നന്ദൻ അവൾക്കരികിൽ ഇരുന്നു

“ഞാൻ മരിച്ചു പോകും മോളെ “

നന്ദൻ കരഞ്ഞു പോയി.

“ഒന്നൂല്യ എനിക്ക് ..വേഗം മാറും ഇതൊക്കെ.ശ്രീക്കുട്ടിക്കും അച്ഛനുമമ്മയ്ക്കും ധൈര്യം കൊടുക്കണം “അവൾ വിക്കി വിക്കി പറഞ്ഞു

“എനിക്കറിയില്ല ഒന്നും ..എനിക്ക് ഒന്നിനും വയ്യ .ഭ്രാന്ത് പിടിക്കുകയാ “അവൻ വേദനയോടെ പറഞ്ഞു

“എന്റെ പൊന്നല്ലെ ?” അവൾ ഈറൻ ശബ്ദത്തിൽ ചോദിച്ചു

നന്ദൻ ആ സ്നേഹാധിക്യത്തിലേക്ക് നോക്കിയിരുന്നു പോയി അവളുടെ വേദനയുടെ ആഴം തനിക്ക് ഊഹിക്കാൻ കഴിയുന്നതിലൂം അപ്പുറമാണെന്നു അവനറിയാമായിരുന്നു . ഈ കടുത്ത വേദനയിലും അവൾ തന്നെ കരുതുന്നു ..സ്നേഹിക്കുന്നു അവളെ ഒന്ന് തൊഴണമെന്നവനു തോന്നി. എന്റെ ആകാശവും  ഭൂമിയും നീ മാത്രമാണ് പ്രാണനെ എന്ന് പറയണമെന്ന് തോന്നി. നീ ഇല്ലെങ്കിൽ ജീവിച്ചിരിക്കെ തന്നെ മരിച്ചു പോകുന്ന ഒരുവനായി പോകുമെന്നും.

പാർവതി വീണ്ടും ഒരു മയക്കത്തിലേക്ക് വഴുതി വീണപ്പോൾ അവനവിടെ നിന്നിറങ്ങി

അവൻ മനോജിന്റെ മുറിയിലേക്ക് ചെന്നു.

അവിടെ വിനുവുണ്ട്.

അവനോടു മനോജ് ഇരിക്കാൻ പറഞ്ഞു.

“നന്ദേട്ടനാണ് രോഗി എന്നെ തോന്നുവുള്ളു അല്ലെ വിനുവേട്ടാ ?” മനോജ് വെറുതെ എന്തെങ്കിലും പറയാൻ ശ്രമിച്ചു

“എങ്ങനെയാണ് വീണതെന്ന് ഞാൻ അവളോട് ചോദിച്ചില്ല ” നന്ദൻ എന്തോ ഓർത്തത് പോലെ പറഞ്ഞു

“ഞാൻ ചോദിച്ചു ” മനോജ് പറഞ്ഞു

“എങ്ങനെയാണ് ?”നന്ദന്റെ ശബ്ദം തെല്ല് ഉച്ചതിലായി

“തലകറങ്ങിയതാണെന്നാ പറഞ്ഞത് ..” നന്ദൻ മെല്ലെ  തലയാട്ടി

“അവൾക്ക് ഹീമോഗ്ലോബിൻ കുറച്ചു കുറവാണ് ഇടക്ക് തലകറക്കം വരാറുണ്ട് .എന്റെ തെറ്റാണു ഞാൻ അവളെ ഒറ്റയ്ക്ക് വിട്ടു  വരാൻ പാടില്ലായിരുന്നൂ .”അവൻ സങ്കടത്തോടെ പറഞ്ഞു

“സാരമില്ല ഏട്ടാ ഇത്രയല്ലേ ഉള്ളു എന്ന് സമാധാനിക്കാം.ശരിക്കും ഇഞ്ചുറി കണ്ടപ്പോ ചീഫ് ഡോക്ടർ പറഞ്ഞത് ഇതൊന്നുമല്ല .മെഡിക്കൽ മിറക്കിൾ ആണെന്ന അദ്ദേഹം പറഞ്ഞത് .ഇത്ര പെട്ടെന്ന് ബോധം വീണുവല്ലോ .ശരീരം മരുന്നുകളോട്  പ്രതികരിക്കുന്നുമുണ്ട് .പിന്നെ അരക്കെട്ടിനു ചെറിയ ഒരു പൊട്ടൽ ഉണ്ട്. വീണതല്ലേ ? ഒരു മൂന്നു മാസം കൊണ്ട് ശരിയാകും ..”
നന്ദൻ ആശ്വാസത്തോടെ എഴുനേറ്റു

“ഞാൻ മോളുടെ അടുത്തേക്ക് പോട്ടെ .ഇത് വരെ അവളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല ..ഇത് പോലെ ഒരു അവസ്ഥ ഞാൻ വർഷങ്ങൾക്ക് മുൻപ് അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഇത്ര ഭയങ്കരമല്ലായിരുന്നു .ഇത് ..ഞാൻ …”അവൻ കൂടുതലൊന്നും പറയാതെ മുറി വിട്ടു പോയി

“പാറു ചേച്ചി ഭാഗ്യവതിയ അല്ലെ വിനുവേട്ടാ .നന്ദേട്ടനെ പോലെയൊരാളെ കിട്ടാൻ പുണ്യം ചെയ്യണം .നമ്മുടെ തറവാട്ടിലുണ്ടോ ഇത്രയും സ്നേഹമുള്ള ഒരാൾ .എനിക്ക് തോന്നുന്നില്ല .ചേച്ചിക്കും അതെ. ബോധം വന്നപ്പോ ആദ്യം ചോദിച്ചത് നന്ദൻ എവിടെ മനു എന്നാ ..അവർ തമ്മിലുള്ള സ്നേഹം ദൈവങ്ങൾക്ക് പോലും കണ്ടില്ലന്നു നടിക്കാൻ കഴിയില്ല .അല്ലെങ്കിൽ ചേച്ചി …” അവൻ പാതിയിൽ നിർത്തി

വിനു അപ്പോഴും എന്തോ ആലോചിക്കുകയായിരുന്നു

“വിനുവേട്ടനെന്താ ആലോചിക്കുന്നേ ?”

“എനിക്ക്  ഒന്ന് കാണണം ..ഞാൻ കണ്ടില്ലല്ലോ അവളെ “

തുടരും…