പുനർജ്ജനി ~ ഭാഗം – 18, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവനോടുള്ള കലിപ്പിൽ ജോലിചെയ്തു രാത്രി ഏറെ വൈകിയത് അവൾ അറിഞ്ഞില്ല..എല്ലാം തീർത്തു കഴിഞ്ഞു അവൾ ഫയലും എടുത്തു അവന്റെ അടുത്തേക് ചെന്നു. ഫയലുകൾ ദേഷ്യത്തിൽ  ടേബിളിൽ ശക്തിയായി വെച്ചു കൊണ്ട് അവനെ നോക്കി ലാപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്ന അവൻശബ്ദം കേട്ട് തലയുയർത്തി അവളെ നോക്കി. അവൾ നല്ല കലിപ്പിൽ ആണ്.

ദേ ഇരിക്കുന്നു തന്റെ ഫയലുകൾ. എല്ലാം കംപ്ലീറ്റ് ആണ്. നിങ്ങടെ പ്രതികാരം തീർന്നോ?അതോ ഇനിയും ഉണ്ടോ? അറിഞ്ഞാൽ എനിക്ക് പോകാരുന്നു ?

മുഖമൊക്കെ കടുപ്പിച്ചു മൂക്കും ചുവപ്പിച്ചു ദേഷ്യത്തിൽ നിൽക്കുന്ന അവളെ കണ്ട് അവൻ പതിയെ ചെയറിൽ നിന്നും എഴുനേറ്റ് അവൾക്കാടുത്തേക്ക് നടന്നു.

അവൻ അവളുടെ തൊട്ടു മുന്നിൽ വന്നു നിന്നു അവളെ നോക്കി..അവൾ ഒരു കൂസലും ഇല്ലാതെ അവനെ നോക്കി. അവൻ പതിയെ താടി ഉഴിഞ്ഞു കൊണ്ട് അവളെ നോക്കി.

എങ്ങനെ ഉണ്ട് എന്റെ സമ്മാനം നിനക്ക് ഇഷ്ടം ആയോ?

അവൾ അവനെ തുറിച്ചു നോക്കി കൊണ്ട്  തന്റെ ബാഗും എടുത്തു  തിരിഞ്ഞു നടന്നതും അവൻ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു.

“ഇനി കളിക്കുമ്പോൾ നിന്റെ തരത്തിൽ പോയി കളിക്കണം അല്ലാതെ നിന്നെക്കാളും കുറെ ഓണം ഉണ്ട എന്നോട് കളിക്കാൻ വന്നാൽ ഇതുപോലെ പണി ഇരന്നു വാങ്ങി  കൂട്ടും.

“എത്ര ഓണം ഉണ്ട് എന്നതിൽ അല്ല  ബോസ്സ് കാര്യം അത് എങ്ങനെ ഉണ്ടു എന്നതിൽ ആണ് കാര്യം.. “എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് പോട്ടെ ബോസ്സേ…”

തനിക്കുള്ള പണി ഞാൻ തരുന്നുണ്ടടോ പ-രട്ട കടുവേ?

ഇതെന്തു സാധനം ആണ്. ഉരുളക്ക് ഉപ്പേരി പോലെയാ അവളുടെ മറുപടി. ഇത് ഒരു  നടയ്ക്ക് പോകുമെന്ന്  തോന്നുന്നില്ല. അവൻ മീശ പിരിച്ചുകൊണ്ട് കലിപ്പിൽ പോകുന്ന അവളെ നോക്കി  നിന്നു.

ദൈവമേ ഇത്രയും ഇരുട്ടിയായിരുന്നോ?

അവൾ വേഗം ഫോൺ എടുത്തു  നോക്കി പത്തിരുപതു വെട്ടം എല്ലാരും മാറി മാറി വിളിച്ചിട്ടുണ്ട്. അങ്ങേരുമായി ഉടക്കിയത് കൊണ്ട് മനഃപൂർവം ഫോൺ സൈലന്റ് ചെയ്തതാണ്.

ഇനി അത് റിങ് ചെയ്തിട്ട് അങ്ങേരുടെ വായിൽ ഇരിക്കുന്ന കേൾക്കണ്ടാന്ന് കരുതി. അവൾ വേഗം വീട്ടിലേക്ക് വിളിച്ചു കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാംഗ്ലൂർ നഗരത്തിൽ തിരക്കേറിയിരുന്നു. അവളുടെ ബസ് വരുന്നത് കണ്ടതും വേഗം ബസ്സിലേക്ക് ചാടി കയറി..

അവൾ പോകുന്നതു നോക്കി ദേവ് കുറച്ചു അപ്പുറത് നിൽപുണ്ടായിരുന്നു. അവളുടെ ബസ് നീങ്ങിയതും അതിനു  പുറകെ അവന്റെ കാറും പിന്തുടർന്നു..ഇടക്കവൻ പ്രണവിനെ വിളിച്ചു. പക്ഷെ നോട്ട് റീചാബിൾ എന്നാണ് പറയുന്നത്. അവൾ സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു. അവൾ ചുറ്റും നോക്കി സ്ഥലം വിജനം ആണ്.

ശോ അച്ഛനോട് വരാൻ പറഞ്ഞാൽ മതിയായിരുന്നു..അന്നേരം അങ്ങനെ പറയാൻ തോന്നിയില്ല..അവൾ സ്വയം പറഞ്ഞ മണ്ടത്തരം ഓർത്തു തലയിൽ ഒന്ന് കൊട്ടി കൊണ്ടു നടത്ത തുടർന്നു..

എത്രയൊക്കെ ധൈര്യം ഉണ്ടെന്നു പറഞ്ഞിട്ടും അവൾക്കെന്തോ അകാരണമായ ഭയം തോന്നി. തന്നെ ആരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. അന്ന് മഴയിൽ കണ്ട കാൽപാടുകളും ഒരിക്കൽ സ്വർണ നാഗത്തെ കണ്ടതും  ഓർത്തപ്പോൾ അവളിലെ ഭയം ഒന്ന് കൂടി വർധിച്ചു.

തിരിഞ്ഞു നോക്കാൻ ആഗ്രഹം തോന്നിയിട്ടും എന്തുകൊണ്ടോ അവളുടെ മനസ്സ് അതിനെ വിസമ്മതിച്ചു..അതിന്റെ കൂടെ ഇരുട്ടും ചീവിടുകളുടെ കലപില ശബ്ദവും അവളെ വല്ലാതെ ഭയപ്പെടുത്തി..

പ്രിയ ഉണ്ടായിരുന്നെങ്കിൽ എന്ന്  ഒരുവേള അവൾ ആഗ്രഹിച്ചു  പോയി. തന്റെ സ്ലിംഗ് ബാഗിൽ   തെരുപ്പിടിച്ചു കൊണ്ട് അവൾ നടന്നു.അവളുടെ ഉള്ളം കയ്യിൽ ഒളിച്ചിരുന്ന ചന്ദ്രബിബം പതിയെ തെളിഞ്ഞു പ്രകാശിക്കാൻ തുടങ്ങി. പേടിയും ഭയവും കാരണം അവൾ അത് ശ്രെദ്ധിചില്ല..ഈ വഴിവിളക്കുകൾക്ക് കുറച്ചുകൂടി കാന്തി ഉണ്ടായിരുന്നെങ്കിൽ ഈ ഇരുട്ടു കുറച്ചു കുറഞ്ഞേനെ എന്ന് അവൾക്കു തോന്നി. അവൾ ആകാശത്തേക്ക് നോക്കി. അവിടെ താരകൾ നിറഞ്ഞു നിന്നു. പക്ഷെ അമ്പിളിമാമന്റെ മുഖം മങ്ങി നിൽക്കുകയാണ്..

അവൾ കുറച്ചു കൂടി മുന്നോട്ടു നടന്നു.  10 മിനിറ്റ് കൊണ്ട് വീട് എത്തുന്നതാണ്  പക്ഷെ ഇന്ന് എത്ര നടന്നിട്ടും എത്താത് പോലെ ഒരു തോന്നൽ. ചന്ദ്രൻ ഉദിച്ചുയർന്നു ,പെട്ടന്ന് അവിടെ പാൽ നിലാവ് തെളിഞ്ഞു ആ വെള്ളിവെളിച്ചത്തിൽ അവിടമാകെ കുളിച്ചുനിന്നു. തേങ്ങപൂള് പോലെ കണ്ട ചന്ദ്രൻ പപ്പടവട്ടത്തിൽ തെളിഞ്ഞു  കാണപ്പെട്ടു അവൾക്ക് അത് കണ്ടു ആശ്ചര്യം തോന്നി.

പെട്ടെന്ന് അന്തരീക്ഷത്തിൽ എന്തൊക്കെയോ സൂക്ഷ്മമായ വ്യതിയാനം ഉണ്ടായി..സന്ദർശകരുടെ വരവിനെ അടയാളപ്പെടുത്തിയത് പോലെ ആകാശത്തു രണ്ടു തീഗോളങ്ങൾ കൂട്ടി മുട്ടി.

പെട്ടന്ന് ആകാശത്തു തൂവെള്ള മേഘങ്ങളിൽ നിന്നും ഒരു സ്വർണ്ണ പാമ്പും ഉരുകിയ സ്വർണ്ണം പോലെ തിളങ്ങുന്ന അതിന്റെ ചെതുമ്പലും വളരെ ഭംഗി ഏറിയ ചിറകുകളും പ്രേത്യക്ഷ പെട്ടു. അടുത്ത നിമിഷം ആ സ്വർണ നാഗത്തിന്റെ പ്രഭായെ പോലും  മറച്ചു കൊണ്ട് ഒരു കറുത്തിരുണ്ട മേഘത്തിൽ നിന്നും ഇരുണ്ട ചിറകുകളുള്ള ഒരു കറുത്ത കൂറ്റൻ ചിത്രശലഭവും ഉയർന്നു വന്നു..

അവ തമ്മിൽ ഘോരമായി ഏറ്റു മുട്ടി കൊണ്ടിരുന്നു.. കണ്ട കാഴ്ചകൾ വിശ്വസിക്കാനാവാതെ അവൾ ശ്വസിക്കാൻ പോലും മറന്നു ആകാശത്തേക്ക് നോക്കി നിന്നു..

അവളുടെ ആ നിൽപ്പു കണ്ടാണ്  വീടിനു പുറത്തു മകളെ നോക്കി നിന്ന രഘു ഗേറ്റിനു അടുത്തേക്ക് വന്നത്..അയാൾ അവളെ വിളിച്ചുകൊണ്ടു ആകാശത്തേക്ക് നോക്കി.. ചന്ദ്രൻ തെളിഞ്ഞു വരുന്നതേയുള്ളു അവിടവിടെയായി പേരിനു കുറച്ചു താരകങ്ങളും മാത്രം.

മോളെ..എന്താ..നീ  ഈ നോക്കുന്നെ…

അച്ഛന്റെ ശബ്ദം കേട്ടവൾ ഞെട്ടി മിഴികൾ മാറ്റി. വീണ്ടും ഒന്ന് കൂടി ആകാശത്തേക്  മിഴികൾ പായിച്ചതും  ഒന്നും കാണാൻ സാധിച്ചില്ല. നിരാശയോടെ അതിലേറെ സംശയത്തോടെ അവൾ അച്ഛനോടൊപ്പം അകത്തേക്ക് കയറി. അകത്തേക്ക് കയറുമ്പോൾ  അവൾ ഇടക്കിടെ തെളിഞ്ഞു വന്ന ആകാശത്തേക് നോക്കി.അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവളുടെ ശ്രെദ്ധ മറ്റെന്തിലോ ആയിരുന്നു..

ഇതേ സമയം മറ്റൊരിടത്തു…

മഹാദേവന്റെ ശിലാരൂപത്തിന് അടിയിൽ നിന്നും ഇറങ്ങി വന്ന ആ കൂറ്റൻ സ്വർണ നാഗവും കറുത്ത ഭീമകരമായ ചിത്രശലഭവുമായി ഏറ്റുമുട്ടൽ തുടർന്നു.ആരും ആരും തോൽക്കാതെ ആ രണ്ടു ശക്തികളും ഏറ്റുമുട്ടി കൊണ്ടിരുന്നു അതിന്റെ ഫലമായി ആ കാവിലെ കാൽവിളക്കുകൾ കുലുങ്ങി, വൃക്ഷാലാതതികൾ പോലും വിറ കൊണ്ടു. വൃക്ഷങ്ങളിൽ ചേക്കേറിയ കിളികൾ ഭയന്ന് കരഞ്ഞുകൊണ്ട് ചിറകടിച്ചു പറന്നുയർന്നു.

പെട്ടെന്ന് വലിയ ശബ്ദത്തോടെ മഹാദേവ ശീലയിൽ നിന്നും ആ  തൃശൂലം നിലത്തേക്ക് പതിച്ചു..തൃശൂലത്തിൽ നിന്നും പ്രഭാ കിരണങ്ങൾ പുറത്തേക്കു വന്നു. ആ ത്രിശൂലത്തിന്റെ തേജസ്സ് സ്വർണ്ണ പാമ്പിന്റെ പ്രഭാവലയവുമായി ഇഴചേർന്നു, അവിടമാകെ നിറഞ്ഞു നിന്ന ഇരുട്ടിന്റെ വലയത്തെ ഭേദിച്ചു കൊണ്ട് ഒരു സ്വർണ്ണ വെളിച്ചം പരന്നു. ആ കാവും പരിസരവും സ്വർണ പ്രഭയാൽ ശോഭിച്ചു.അതിനിടയിൽ, കറുത്ത കൂറ്റൻ ചിത്രശലഭത്തിന്റെ ചിറകുകളിലേക്ക് ചന്ദ്രന്റെ വെള്ളിവെളിച്ചതിൽ നിന്നും ഒരു കിരണം വന്നു പതിച്ചു. പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ ആ കൂറ്റൻ ശലഭം പൊട്ടിച്ചിതറി തെറിച്ചു..

“മഹാദേവ..അങ്ങ് എനിക്ക് തന്ന വാക്ക് മറന്നോ? അശരീരി പോലെ ഘന ഗാഭീര്യ ശബ്ദം മുഴങ്ങി..

ഞാൻ എന്റെ വാക്ക് പാലിച്ചിരിക്കും മഹാദേവ. അങ്ങ് എനിക്ക് തന്ന വരദാനം അത് മാത്രം മതി അങ്ങയെ എതിർത്തയാലും ഞാൻ എന്റെ ലക്ഷ്യം നേടാൻ

“സൂര്യാക്ഷ “

“നീ എത്ര ശ്രെമിച്ചാലും അവരെ രക്ഷിക്കാൻ കഴിയില്ല..ആ അശരീരി അവിടെ പ്രതിദ്വാനിച്ചു കൊണ്ടിരുന്നു.”

സൂര്യാക്ഷ മനോഹരമായി തെന്നിമാറി  അതിന്റെ സ്വർണ ശലകങ്ങൾ തിളങ്ങി. പെട്ടന്ന് അതിന്റെ ശരീരം ചെറുതായി. അത് ഈഴഞ്ഞു ശിവ പാദങ്ങളിൽ  ശരണം പ്രാപിച്ചു. അതിന്റെ സാന്നിദ്ധ്യം ഭക്തിനിർഭരമായി.

പെട്ടന്ന് ഒരു അശരീരി മുഴങ്ങി. വളരെ നേർത്തതും മനോഹരവുമായ ശബ്ദം. അന്തരീക്ഷത്തിൽ അലയടിച്ചു..

“ശ്യാമലി “

“നീ നീന്റെ ശാപം മറന്നിരിക്കുന്നു. നിന്റെ ശക്തികൾ ദുർവിനിയോഗം നടത്തിയിരിക്കുന്നു. നീ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല. നിനക്ക് നൽകിയ വരദാനം തിരിച്ചെടുത്തിരിക്കുന്നു. നിനക്കുള്ള മറുപടി കാലം നൽകും..അന്ന് നീ ദയക്കായി കേഴും.

പെട്ടന്ന് ത്രിശൂലം തിളങ്ങാനും സ്പന്ദിക്കാനും തുടങ്ങി ഒരു പ്രേത്യക പ്രകാശം അതിൽ നിന്നും പുറത്തേക്കു വന്നു. നശ്വരവും മാന്ത്രികവും തമ്മിലുള്ള രേഖ തെളിഞ്ഞത് പോലെ പോലെ ചന്ദ്രൻ പുഞ്ചിരി തൂകി, സൂര്യാക്ഷയുടെ കണ്ണുകൾ ഉരുക്കിയ സ്വർണ്ണത്തിന്റെ ഇരട്ട ഗോളങ്ങൾ പോലെ തിളങ്ങി, ത്രിശൂലം വിറച്ചു, സൂര്യക്ഷയുടെ കണ്ണിൽ നിന്നും ഒരു പ്രകാശം പുറത്തേക്ക് വന്നു. ആ പ്രകാശത്തിൽ അതിന്റെ ഞരമ്പുകൾ വായുവിൽ പ്രകമ്പനം കൊള്ളുന്ന അനുരണനത്താൽ വിറച്ചു. അത് വെളിപാടിന്റെ കൊടുമുടിയിൽ മുങ്ങിയ നിമിഷമായിരുന്നു, അനാവരണം ചെയ്യാൻ കാത്തിരിക്കുന്ന ഒരു രഹസ്യം പോലെ ആ നാഗം തന്റെ ഒളിപ്പിച്ചു വെച്ച 5 തലകളും ഉയർത്തി പിടിച്ചു നിന്നു. പെട്ടന്ന് ആ തൃസൂലത്തിൽ നിന്നും ഉയർന്ന പ്രഭയിൽ ആ  കറുത്ത ചിത്രശലഭം പതിയെ നിഴലിലേക്ക് പിൻവാങ്ങി.

അഞ്ജു കുറെ നേരമായി റൂമിൽ നടക്കാൻ തുടങ്ങിയിട്ട്. അവളുടെ നടത്തം കണ്ടു പ്രിയ അടുത്തേക്ക് ചെന്നു.

ടി പെണ്ണെ കുറെ നേരം ആയല്ലോ ഈ നടത്തം തുടങ്ങിയിട്ട്. നിനക്ക് എന്താ പ്രാന്ത് ആയോ?

പ്രാന്തല്ല.. നിന്റെ…എന്റെ നാവു ചൊറിഞ്ഞു വരുന്നുണ്ട്. നീ മിണ്ടാതെ ഒന്നിരിയ്ക്കമോ?

പ്രിയ മുഖവും വീർപ്പിച്ചു കയറി കിടന്നു. അഞ്ജു അതൊന്നും ആ നേരം ശ്രദ്ധിച്ചില്ല..

അവൾ വീണ്ടും ആലോചനയോടെ  താൻ കണ്ട കാഴ്ച ഓർത്തു.. താൻ ഇതരോടെങ്കിലും പറഞ്ഞാൽ തനിക് പ്രാന്ത് ആണെന്ന് എല്ലാവരും പറയും. പക്ഷെ കണ്ട കാഴ്ചകൾ ഒരിക്കലും മിഥ്യ അല്ല. അത് സത്യം ആണ്.

താൻ മാത്രം എന്തുകൊണ്ട് ആണ് ഇത്തരം കാഴ്ചകൾ കാണുന്നത്. ഒരിക്കലും ഒന്നും വിശ്വസിക്കാൻ ആവുന്നില്ല.. പ്രിയയോട് കാര്യങ്ങൾ പറഞ്ഞാലോ? അവൾ തന്നെ വിശ്വസിക്കുമോ?

അല്ലെങ്കിൽ അവളോട് പറഞ്ഞു അവളെ പേടിപ്പികണ്ടാ…ആദ്യം താൻ കാണുന്ന കാഴ്ചകളുടെ സത്യം കണ്ടെത്തണം..കുറച്ചു നേരം നടത്തം തുടർന്നിട്ട് അവൾ വന്നു കിടന്നു, അപ്പോഴേക്കും പ്രിയ ഉറങ്ങി കഴിഞ്ഞിരുന്നു. അവൾ പതിയെ ഉറക്കത്തിലേക്ക് വീണു.

ദേവ് ലേറ്റ് ആയിട്ടാണ് ഫ്ലാറ്റിൽ എത്തിയത്. എത്രയൊക്കെ ആലോചിച്ചിട്ടും അവളെ വീട് വരെ പിന്തുടർന്നത് എന്താണെന്നു അറിയില്ല. അവൾ സേഫ് ആയി വീട്ടിൽ എത്തിയപ്പോൾ ആണ് ശ്വാസം നേരെ വീണത്. അവൻ ഡോറിന്റെ ലോക്കിൽ പിടിച്ചതും അത്  മലർക്കേ തുറന്നു വന്നു. അവൻ അകത്തേക്ക് കയറി കൊണ്ട് പ്രണവിനെ വിളിച്ചു.പ്രണവ് താടിക്ക് കയ്യും കൊടുത്തു ബാൽക്കണിയിൽ നിൽക്കുകയാണ്. അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു. പ്രിയയെ കണ്ടത് മുതൽ ഉണ്ടായ കാര്യങ്ങൾ അവന്റെ മനസ്സിലേക്ക് ഓടി വന്നു. താൻ കാരണം അവൾ ഇത്രയും വലിയ പ്രശ്നത്തിൽ പെട്ടത് അവൾ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. അവളെ രക്ഷിക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു.

അപ്പോഴാണ് ദേവ് വന്നു. പ്രണവിന്റെ  പുറത്തു പാടൊന്ന്‌ ഒരു ഇടി കൊടുത്തത്. അവൻ തല ചരിച്ചു അവനെ നോക്കി കൊണ്ട്  മങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചു.

അവന്റെ മുഖത്തെ വ്യത്യാസം കണ്ട് നെറ്റി ചുളിച്ചു കൊണ്ട് ദേവ് അവനെ നോക്കി നിന്നു..

തുടരും…