എഴുത്ത്: അംബിക ശിവശങ്കരൻ
========================
“ആഞ്ജനേയ…ഇത് എന്റെ നാൽപത്തി രണ്ടാമത്തെ പെണ്ണ് കാണലാണ്. ഇരുപത്തി ഏഴാം വയസ്സിൽ തുടങ്ങിയ ഈ പരിപാടി ദാ ഈ മുപ്പത്തി നാലാം വയസ്സിൽ എത്തിനിൽക്കുന്നു.
ആദ്യമൊക്കെ ചൊവ്വയും വ്യാഴവും ശനിയും ഞായറും ഒക്കെയായിരുന്നു പാരകൾ പിന്നീട് അത് കുടുംബവും ജാതിയും മതവും ഒക്കെയായി…ഒടുക്കം പെണ്ണ് കണ്ടു പെണ്ണ് കണ്ടു എന്നെക്കാൾ നാണക്കേട് വീട്ടുകാർക്ക് തോന്നിയത് കൊണ്ടാവണം പെണ്ണ് രണ്ടാംകെട്ട് ആയാലും സാരമില്ല ഏതെങ്കിലും ഒന്നിനെ കിട്ടിയാൽ മതിയെന്ന് പറഞ്ഞു വീട്ടുകാർ കയ്യൊഴിഞ്ഞത്.
കൂടെ പഠിച്ചവന്മാർക്കൊക്കെ കുട്ടികൾ രണ്ടെണ്ണം ആയി..ഞാൻ ഇപ്പോഴും പാടത്തെ പിള്ളേരുടെ കൂടെ ക്രിക്കറ്റും കളിച്ചു നടക്കുകയാണ്. ഒടുക്കം ഇപ്പോൾ ഏജ് ഓവർ ആയെന്ന് പറഞ്ഞ് അവൻമാരും ടീമിൽ ചേർക്കുന്നില്ല.”
ഷിജു ഒന്ന് ദീർഘമായി നിശ്വസിച്ച ശേഷം പ്രാർത്ഥന തുടർന്നു….
“ചെറുപ്പം മുതലേ ഞാൻ അങ്ങയുടെ കടുത്ത ആരാധകനാണ് എന്നറിയാമല്ലോ..ബാച്ചിലർ ആയ അങ്ങ് എന്നെയും ഒരു ക്രോണിക് ബാച്ചിലർ ആക്കി തുടരുവാനാണ് തീരുമാനമെങ്കിൽ അങ്ങയുടെ ഫോട്ടോ എടുത്തുമാറ്റി പകരം കൃഷ്ണന്റെ ഫോട്ടോ എടുത്ത് ഇവിടെ സ്ഥാപിക്കേണ്ട തീരുമാനത്തിൽ ഞാൻ എത്തും. അത് എനിക്ക് പതിനായിരത്തി എട്ടു ഭാര്യമാരെ കിട്ടുവാനുള്ള അതിമോഹം കൊണ്ട് ഒന്നുമല്ല. ഒരെണ്ണം…ഒരൊറ്റ ഒരെണ്ണത്തിനെ മാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ..?അതെങ്കിലും എനിക്ക് ശരിയാക്കി തന്നു കൂടെ? ഇതും കൂടി ശരിയായില്ലെങ്കിൽ പിന്നെ…”
“നീ എന്താടാ ഈ ഒറ്റയ്ക്ക് നിന്ന് പിറുപിറുത്തു കൊണ്ട് നിൽക്കുന്നത്? സമയമായി…ഇനി പറഞ്ഞ സമയത്ത് എത്താതിരുന്നിട്ട് വേണം ഇതും കൂടി മുടങ്ങാൻ. ബാക്കിയുള്ളവർക്ക് നാട്ടുകാരോട് ഉത്തരം പറഞ്ഞു ഉത്തരം പറഞ്ഞു മടുത്തു.”
അമ്മയുടെ അശരീരി കേട്ടതും അവൻ പല്ല് കടിച്ചു. “ഓഹ് ത-ള്ളയുടെ നാവിൽ നല്ലതൊന്നും വരില്ല.”
അങ്ങനെ നാൽപത്തി രണ്ടാമത്തെ പെണ്ണുകാണലിന് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോഴും നെഞ്ച് പടപട മിടിക്കുന്നുണ്ടായിരുന്നു. എന്നത്തേയും പോലെയുള്ള കലാപരിപാടികൾ അഥവാ ചായ സൽക്കാരമെല്ലാം മുറയ്ക്ക് നടന്നു. എല്ലാം ഗംഭീരം. ഇനി പെണ്ണിനോട് സംസാരിക്കുന്ന ചടങ്ങാണ്. ഒരുപക്ഷേ പെണ്ണുകാണലിൽ ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള ചെറുപ്പക്കാരൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെ തനിക്ക് ആയിരിക്കും. എന്നാലും പിന്നെയും ഒരു പെൺകുട്ടിയുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ മുട്ടു വിറക്കുന്നത് എന്ത് തരം രോഗമാണ് എന്നാണ് മനസ്സിലാകാത്തത്.
“എന്താ കുട്ടിയുടെ പേര്?”
ആ ചോദ്യം മാത്രം ഇമ്പോസിഷൻ കിട്ടിയത് പോലെ ആവർത്തിച്ചു ചോദിക്കാറുള്ളത് കൊണ്ട് പെണ്ണിനെ കണ്ട ഉടനെ ഇവിടെയും അത് ആവർത്തിച്ചു.
“ചിത്ര.”
“അപ്പോൾ പാട്ടൊക്കെ പാടുമായിരിക്കും അല്ലേ?”
തന്റെ പ്രായമുള്ള കോമഡി കേട്ടതിനാലാകണം അവൾ അവനെ ഒന്ന് ഇരുത്തി നോക്കി.
“എന്നെ ഇഷ്ടമായോ?”
“എനിക്ക് അമ്മയോട് ചോദിക്കണം.”
അത് ശരി അപ്പോ അമ്മയെയാണോ മകളെയാണോ കെട്ടേണ്ടത് എന്ന് മനസ്സിൽ ചോദിച്ചെങ്കിലും അത് പ്രകടമാക്കിയില്ല. ഇതും പാളിപ്പോയെന്ന് മനസ്സിൽ ഉറപ്പിച്ചു പുതിയൊരു കൃഷ്ണവിഗ്രഹം വാങ്ങാൻ പ്ലാൻ ഇട്ടുകൊണ്ട് തിരികെ വരുമ്പോഴാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ഫോൺ കോൾ വന്നത്. അവർക്ക് ഈ വിവാഹത്തിന് സമ്മതമാണത്രേ!.
കാറിലിരുന്ന് ആ വാർത്ത കേട്ടതും സന്തോഷംകൊണ്ട് ഇറങ്ങിയോടി സിഗ്നലിൽ കിടന്നു തുള്ളിച്ചാടാൻ ആണ് തോന്നിയതെങ്കിലും പെണ്ണ് കെട്ടാനുള്ള ആക്രാന്തം ഇത്രത്തോളം ഉണ്ടെന്ന് വീട്ടുകാർ അറിയുമെന്ന് പേടിച് സംനയനം പാലിച്ചു. വീട്ടിലെത്തിയതും ഓടി ചെന്നത് ആഞ്ജനേയന്റെ മുന്നിലേക്കാണ്.
“എന്റെ ആഞ്ജനേയ ഞാൻ അങ്ങയെ ഒന്ന് പരീക്ഷിച്ചതല്ലേ. ഇനി ദേഷ്യം തോന്നി ഈ കല്യാണം ഒന്നും കുളമാക്കരുത് പ്ലീസ്..”
പറഞ്ഞു പോയ തെറ്റ് ഏറ്റുപറഞ്ഞു മുറിയിൽ എത്തുമ്പോൾ ഉറക്കെ കൂകി വിളിക്കാൻ തോന്നി. അമ്മയുടെ വായിലിരിക്കുന്നത് കേൾക്കണമല്ലോ എന്നോർത്തപ്പോൾ അതും വേണ്ടെന്ന് വച്ചു.
അങ്ങനെ ഓരോ ദിവസവും തന്റെ ആദ്യ രാത്രി സ്വപ്നം കണ്ടാണ് അവൻ കഴിഞ്ഞത്. അത് ഓർക്കുമ്പോൾ ദേഹമാസകലം എന്തെന്നില്ലാത്ത കുളിര് കോരുന്നത് പോലെ തോന്നി.
അവിടെയും ഇവിടെയും നിന്ന് ഒറ്റയ്ക്ക് എന്തൊക്കെയോ ചിന്തിച്ച് ഇളിച്ചുകൊണ്ട് നിൽക്കുന്നത് കാണുമ്പോൾ അമ്മ വന്നു തലക്കിട്ട് ഓരോ കിഴക്ക് കൊടുക്കും.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ആ സുദിനം വന്നെത്തി. അവന്റെ ആദ്യരാത്രി.
“ആഞ്ജനേയ ഈ വിഷയത്തിൽ അങ്ങേക്ക് യാതൊരു താൽപര്യവും ഇല്ലാത്തതുകൊണ്ട് തന്നെ ഇന്ന് ഒരൊറ്റ ദിവസത്തേക്ക് മാത്രം ഞാൻ ഒന്ന് മാറ്റി പിടിക്കുവാണ്..ക്ഷമിച്ചേക്കണേ…ഈഗോഅടിച്ചു എനിക്കിട്ട് പണി തന്നേക്കരുത് പ്ലീസ്…”
“എന്റെ കൃഷ്ണാ…വർഷങ്ങളായി ഞാൻ കാത്തിരുന്ന എന്റെ ആദ്യരാത്രി ഇതാ വന്നെത്തി. ജീവിതത്തിൽ പല രാത്രികളും കടന്നുപോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ആദ്യ രാത്രി. കൂടെയുണ്ടാകണേ…അല്ലേൽ അത് വേണ്ട കാത്തു രക്ഷിക്കണേ…”
കയ്യിൽ കരുതിയിരുന്ന മുല്ലപ്പൂവുകൾ കട്ടിലിൽ വിതറിക്കൊണ്ട് ആ നിമിഷങ്ങൾ ഓരോന്നും അവൻ മനസ്സിൽ കണ്ടുകൊണ്ടിരുന്നു. ദേഹമാസകലം രോമാഞ്ചം.
ആദ്യരാത്രി എന്ന് പറയുമ്പോൾ എല്ലാവർക്കും ഇതുപോലെ ആണോ എന്തോ..? സ്വന്തമായി മുൻ പരിചയം ഇല്ലാത്തതുകൊണ്ടാണല്ലോ ഇതിനെ ആദ്യരാത്രി എന്ന് പറയുന്നത്. ആകപ്പാടെ പരിചയം ടിവിയിലും സിനിമകളിലും കണ്ടത് മാത്രമാണ്. പിന്നെ കല്യാണം കഴിഞ്ഞ ഗുരുക്കന്മാരായ സുഹൃത്തുക്കൾ പകർന്നു തന്ന അറിവുകളും. അവളുടെ മനസ്സിൽ ഈ ഒരു ജീവിതം മുഴുവനും ഉള്ള തന്റെ ഇമേജ് കാത്തുസൂക്ഷിക്കാൻ പോകുന്നത് ഈ ഒരൊറ്റ രാത്രിയിലെ പെർഫോമൻസ് കൊണ്ടാണ്. ദൈവമേ കൺട്രോൾ തരണേ..
സ്വയം തന്നിൽ ഒരു വിശ്വാസമില്ലാത്തതിനാൽ ആകണം അവൻ രണ്ടു കണ്ണുകൾ അടച്ചിരുന്നു കുറച്ചു സമയം പ്രാർത്ഥിച്ചു. അപ്പോഴാണ് വാതിൽ തുറക്കുന്ന ആ വൃത്തികെട്ട ശബ്ദം കേട്ടത്. കണ്ണ് തുറന്നു നോക്കിയതും സാരിയുയുടുത്ത് മുല്ലപ്പൂവും ചൂടി കയ്യിൽ ഒരു ഗ്ലാസ് പാലുമായി നിൽക്കുന്ന തന്റെ ഭാര്യയേ കണ്ടത്.
വൈകി കല്യാണം കഴിഞ്ഞതുകൊണ്ടാണോ എന്ന് അറിയില്ല ആകപ്പാടെ ഒരു ആക്രാന്തം. ഇന്നെല്ലാം കയ്യിന്നു പോയത് തന്നെ…ആയകാലത്ത് ചൊവ്വയും വെള്ളിയും നോക്കി നിന്നു മനുഷ്യനെ പുര നിറച്ചു നിർത്തി. അവർക്ക് ഇതൊന്നും അറിയേണ്ടല്ലോ…എങ്കിൽ പിന്നെ ബാക്കിയുള്ളവൻ ഇങ്ങനെ ടെൻഷൻ അടിച്ചു മരിക്കേണ്ടി വരില്ലായിരുന്നു.
വീട്ടുകാരെ മനസ്സിൽ തെറിവിളിച്ചുകൊണ്ട് അവൻ പോയി വാതിലിന്റെ കൊളുത്തിട്ടു. ശേഷം അവളുടെ കയ്യിലെ പാൽ ഗ്ലാസ് വാങ്ങി വയ്ക്കുമ്പോഴും അവളുടെ നോട്ടം തറയിൽ ആയിരുന്നു.
“ഹ്മ്മ് നാണക്കാരി തന്നെ..നിന്നെ ഞാൻ ശരിയാക്കിത്തരാം കൊച്ചുകള്ളി.” മനസ്സിൽ ഓർത്തുകൊണ്ട് ഭാര്യയുടെ മുന്നിൽ ആള് ചമയാൻ അവൻ വേഗം കട്ടിലിന്റെ ഒരു ഭാഗത്ത് ചെന്നിരുന്ന് കാലിന്മേൽ കാലു കയറ്റിവെച്ച് ഒരു വീരശൂരപരാക്രമയെ പോലെ നെഞ്ചും വിരിച്ചിരുന്നു.
“കുട്ടിയുടെ വീട് എവിടെയാണ്?”
ആ ചോദ്യത്തോടെ വീരശൂരപരാക്രമിയല്ല വെറും കൃമി മാത്രമാണ് ആയതെന്ന് അവളുടെ ചിരി കണ്ടതും മനസ്സിലായി.
“എന്റെ ആഞ്ജനേയ ആ പണി തന്നു തുടങ്ങിയല്ലേ? ” മനസ്സിൽ ഓർത്തുകൊണ്ട് പുറമേ ഒരു ചമ്മിയെ ചിരി വരുത്താൻ അവൻ ശ്രമിച്ചു.
“ഞാൻ കുട്ടിയുടെ ടെൻഷൻ മാറ്റാൻ ഒരു തമാശ പറഞ്ഞതല്ലേ…”
ഇനി വീണിടത്ത് കിടന്ന് ഉരുളാതെ മറ്റു നിവർത്തിയില്ലെന്ന് അവനു അറിയാമായിരുന്നു. അല്ലേലും പണ്ടുമുതലേ ഉള്ളതാ പെണ്ണുങ്ങളോട് സംസാരിക്കുമ്പോൾ ഉള്ള ഈ വെള്ളിവീഴൽ. ആദ്യരാത്രി തന്നെ ഇങ്ങനെ കിടന്നു നാറിക്കൂടാ…വാക്കുകൾ സൂക്ഷിച്ചുവേണം പ്രയോഗിക്കാൻ. “
എന്തോ കാര്യമായി ആലോചിച്ചാണ് അടുത്ത ചോദ്യം ചോദിച്ചത്.
“പേടിയുണ്ടോ കുട്ടിക്ക്?”
അതിനവൾ മറുപടി പറയാതായപ്പോൾ അവൻ തന്നെ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി. അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു അതിലും ശക്തിയിൽ തന്റെ നെഞ്ച് ഉടുക്ക് കൊട്ടുന്നത് ആരറിയാൻ? ഇനിയും സമയം കളഞ്ഞുകൂടാ തന്റെ ആണത്തം തെളിയിച്ചേ പറ്റൂ അവൻ അവളെ ചേർത്തുപിടിച്ച് ചുംബിക്കാൻ ഒരുങ്ങിയതും അവൾ കുതിർമാറി കട്ടിലിന്റെ അറ്റത്തേക്ക് മാറിയിരുന്നു.
“ഏഹ് കിടക്കാൻ നേരം പല്ലു തേച്ചത് ആണല്ലോ.. “.അവൻ വീണ്ടും തന്റെ ഭാര്യയെ നോക്കി അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.
“എന്തോന്നിത് രണ്ടും രണ്ട് അറ്റത്ത് ഇരുന്നുകൊണ്ട് എന്ത് ആദ്യ രാത്രി ഉണ്ടാക്കാനാണ്?” അവൻ മനസ്സിൽ പറഞ്ഞു
“കുട്ടി ഇങ്ങനെ പേടിക്കാതെ ഇനി മുതൽ നമ്മൾ രണ്ടല്ല ഒന്നാണ്. ശരീരം കൊണ്ടും മനസ്സുകൊണ്ടും യാതൊരുവിധത്തിലുള്ള അകൽച്ചയും തമ്മിലുണ്ടാകരുത്.” പ്രഭാഷണം നടത്തിയിട്ടെങ്കിലും അവളെ അനുനയിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇത്രനേരം തൊണ്ടയിലെ വെള്ളം വറ്റിച്ചതിന് ഫലമുണ്ടായോ എന്ന് അറിയാൻ അവൻ അവളുടെ തോളിൽ പിടിച്ചു നോക്കി. പ്രതിഷേധം ഒന്നുമില്ല.
യെസ്..ഇനിയും മനസ്സ് മാറുന്നതിനു മുൻപ് ചടങ്ങിലേക്ക് കടന്നേ പറ്റൂ. അത്ര നേരം അടക്കിവെച്ച സകല കണ്ട്രോളും വിട്ടുകൊണ്ട് ടിപ്പറിലേക്ക് മണൽ തട്ടുന്നത് പോലെ അവൻ അവളെ ബഡ്ഡിലേക്ക് മറിച്ചിട്ടു. ശേഷം അവളുടെ മേലേക്ക് വീഴാൻ ഒരുങ്ങിയതും അവൾ ഒച്ചവച്ചു.
“അമ്മേ..” അവനെ തട്ടിമാറ്റിക്കൊണ്ട് അവൾ കുതറി മാറി.
ഇത്രനേരം വായിൽ നിന്ന് ഒരക്ഷരം വരാതെ നിന്ന ഈ സാധനത്തിന്റെ തൊണ്ടയിൽ നിന്നാണോ ഇത്ര വലിയ ശബ്ദം പുറത്തുവന്നതെന്ന് അവൻ അതിശയിച്ചു.
“എന്തിനാ കുട്ടി അമ്മയെ വിളിക്കുന്നത്? അവൻ അടക്കി പിടിച്ച ശബ്ദത്തിൽ ചോദിച്ചു.
“എനിക്ക് പേടിയാ എന്നെ ഉപദ്രവിക്കല്ലേ….” ഭൂതത്തെ കണ്ട കുഞ്ഞുങ്ങളെ പോലെ അവൾ പറഞ്ഞു.
“ദൈവമേ കൗതുകം ലേശം കൂടിപ്പോയോ? അതിന് താനൊന്നും ചെയ്തില്ലല്ലോ..”
“വാ കുട്ടി ഇവിടെ വന്നിരിക്ക്… ” ആശ്വസിപ്പിക്കാൻ വേണ്ടി അവളുടെ കയ്യിൽ പിടിച്ചതും അവൾ വീണ്ടും അലറി.
“ഇങ്ങനെ കിടന്നു കാറല്ലേ പെണ്ണെ ഒരു തേങ്ങയും ചെയ്യാതെ മറ്റുള്ളവരുടെ മുന്നിൽ വെറുതെ എന്നെ നാറ്റിക്കല്ലേ…അല്ലെങ്കലെ എല്ലാവരുടെയും കണ്ണിൽ എനിക്ക് ഇത്തിരി ആക്രാന്തം കൂടുതലാണ്. ” അവൻ വെപ്രാളത്തോടെ പറഞ്ഞു.
“അത് പിന്നെ എന്റെ കുഞ്ഞമ്മ ഓരോന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അന്നു മുതൽ കല്യാണം വേണ്ട എന്ന് ഞാൻ തീരുമാനിച്ചതാണ്. പക്ഷേ ചേട്ടന്റെ ആലോചന ചേർത്ത് പത്താമത്തെ ആലോചന വന്നിട്ടും ഞാൻ സമ്മതിക്കാതെ ആയപ്പോൾ എന്റെ വീട്ടുകാർ നിർബന്ധിച്ച് എന്നെ കെട്ടിച്ചതാ ” ഒരു കുട്ടിയെ പോലെ അവൾ വിതുമ്പി.
“കുഞ്ഞമ്മയുടെ നായര്… ” ശരീരമാകെ അരിച്ചുകയറിയെങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല. ആറ്റു നോറ്റു ഒരു കല്യാണം കഴിച്ചതാണ് അതിപ്പോൾ എന്നെ തൊടേണ്ടത് പറഞ്ഞു നിന്ന് മോങ്ങുന്നു. പിന്നെ ഞാനിതിനെ എന്തോന്നിനു കല്യാണം കഴിച്ചതാണ് ദൈവമേ അമ്പലം പണി കഴിപ്പിച്ച് പ്രതിഷ്ഠിക്കാനോ?”
“കരയേണ്ട ഞാൻ ഒന്നും ചെയ്യില്ല. ഞാൻ താഴെ കിടന്നോളാം കുട്ടി കട്ടിലിൽ കിടന്നോളൂ പേടിയൊക്കെ മാറിയിട്ട് മതി തൊടുന്നതൊക്കെ… “
“തെ–ണ്ടികൾ..ഓരോരുത്തർ ഇറങ്ങിക്കോളും മനുഷ്യന്റെ ആദ്യരാത്രി കുളം തോണ്ടാൻ..എന്റെ കൈയിലെങ്ങാനും ആ ത–ള്ളയെ കിട്ടിയാൽ ഞാൻ ഈ രാത്രി തന്നെ തീർത്തേനെ.”
താഴെ പായ വിരിച്ചു കിടക്കുമ്പോൾ മനസ്സിൽ അവൻ അവരെ പ്രാകിക്കൊണ്ടിരുന്നു.
“അല്ലേലും ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ. എന്റെ ആഞ്ജനേയ ഇതിലും ഭേദം ഞാൻ പുര നിറഞ്ഞു നിൽക്കുന്നത് തന്നെയായിരുന്നു “
അങ്ങനെ ആദ്യരാത്രി തന്നെ കുളമായതിന്റെ ദേഷ്യം അവൻ ആരോട് എന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും കട്ടിലിൽ കിടന്ന് അവൾ സുഖമായി ഉറങ്ങി.
~അംബിക ശിവശങ്കരൻ