Story written by Maaya Shenthil Kumar
==============================
അങ്ങേരോട് ഇറങ്ങി പോകാൻ പറയുന്നുണ്ടോ…ഇവിടെ വരെ എത്തിക്കാൻ കഴിയുമെങ്കിൽ ബാക്കിയും ഞാൻ തന്നെ ചെയ്യും…അവളുടെ കൈ പിടിച്ചു കൊടുക്കാൻ മാത്രമായിട്ട് ഒരു തന്തയുടെ ആവശ്യം ഞങ്ങൾക്കില്ല…
അവൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ട്. ഞാനെത്ര തടയാൻ ശ്രമിച്ചിട്ടും കിരണിന്റെ ശബ്ദം ഉയർന്നു…
ഒരല്പം കരുണ ആരുടെയെങ്കിലും കണ്ണിൽ ഉണ്ടോന്നറിയാൻ…ആരെങ്കിലും കൂടെ നിക്കുന്നുണ്ടോന്നറിയാൻ ചുറ്റിലും നോക്കി, ഇല്ല, തന്നെ സഹായിക്കാൻ ആരും ഇല്ല…
ഇരുപതു വർഷങ്ങൾക്കു ശേഷമാണ് ആ മനുഷ്യനെ വീണ്ടുമൊന്നു കാണുന്നത്…എത്ര കാലം കാത്തിരുന്നതാണ്…ഏതു ആൾക്കൂട്ടം കണ്ടാലും വെറുതെ ഒന്ന് ചെന്നു നോക്കും…എവിടെയെങ്കിലും വച്ചു ഒന്ന് കണ്ടാലോന്നു വിചാരിച്ച്…എന്നിട്ടിതാ ഒടുക്കം തന്റെ മനസ്സറിഞ്ഞെന്ന പോലെ മോൾടെ കല്യാണത്തിന് എത്തിയിരിക്കുന്നു…ഇറങ്ങിപോകാൻ ഞാനെങ്ങനെ പറയും ഈശ്വരാ…
കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ളതൊന്നും കാണാൻ വയ്യ…കൂടി നിന്നവർ അടക്കം പറയുന്നുണ്ട്…ഈയൊരു ദിവസം ആയതുകൊണ്ട് തന്നെ നിന്ന നിൽപ്പിൽ മരിച്ചുപോകണെന്ന് പോലും പ്രാർത്ഥിക്കാൻ വയ്യ…എന്തൊരു പരീക്ഷണമാണ്…
മനസ്സാനിധ്യം വീണ്ടെടുത്തു കണ്ണ് തുടച്ചു അദ്ദേഹത്തെ പറഞ്ഞയക്കാൻ പുറത്തേക്കിറങ്ങുമ്പോഴേക്കും ആള് പടിയിറങ്ങി നടന്നു തുടങ്ങിയിരുന്നു. കേട്ടുകാണും സ്വന്തം മകനും മകളും പറഞ്ഞതൊക്കെയും..എനിക്കറിയാം ചങ്കു പൊട്ടിയാരിക്കും തിരിച്ചതിറങ്ങിയത്..അല്ലെങ്കിലും തനിക്കെ മനസ്സിലാവൂ ആ മനുഷ്യനെ…തനിക്കു മാത്രം…
പിറകിൽ മക്കൾ നോക്കിനിക്കുന്നത് കാര്യമാക്കാതെ ഓടിച്ചെന്നു ആ മനുഷ്യന്റെ കൈ പിടിച്ചു, ചോദിക്കാനും പറയാനും ഏറെ ഉണ്ടായിരുന്നെങ്കിലും, വാക്കുകളെല്ലാം തൊണ്ടയിൽ കുരുങ്ങിപോയി…
ഞാൻ…ഞാൻ കാത്തിരിക്കും….എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു…
നിറഞ്ഞു കത്തുന്ന ലൈറ്റുകളും, അലങ്കാരങ്ങളും, ഒച്ചയും, ബഹളവും എല്ലാം മാറി താനേതോ ഇരുളിൽ പെട്ടുപോയതുപോലെ തപ്പി തടഞ്ഞു നടന്നു മുറിയിലെത്തി…
ചെറുക്കനും കൂട്ടരും എത്തി, ഏട്ടത്തി ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാതെ ഒന്ന് വന്നെ…
അതുകേട്ടുകൊണ്ടാണ് ചിന്തകളിൽ നിന്ന് ഉണർന്നത്..മാനസിക നില വീണ്ടെടുത്തു ചുണ്ടിൽ ഒരു ചിരി വരുത്തി വീണ്ടും തിരക്കുകളിലേക്കിറങ്ങി…
എല്ലാം കഴിഞ്ഞു…ഇഷ്ടപ്പെട്ട ആളുടെ കൂടെ മോളുടെ കല്യാണം നടന്നു…ആർഭാടമായിതന്നെ…കിരണും കിരണിന്റെ ഭാര്യയുമാണ് മുന്നിൽ നിന്ന് എല്ലാം ചെയ്തത് താനൊന്നും അറിയേണ്ടി വന്നിട്ടില്ല…
പിറ്റേന്നത്തേക്ക് ആൾക്കേരെല്ലാം ഒഴിഞ്ഞു വീണ്ടും എല്ലാം പഴയതുപോലെയായി…മോളും മരുമോനും വിരുന്നു വന്നു പോകുകേം ചെയ്തു. എന്നിട്ടും കിരൺ തന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതേയില്ല…എല്ലാ കാര്യത്തിനും അമ്മേ എന്നുള്ള വിളിയും ഇല്ല…
മനസ്സിന്റെ ഭാരം കൂടി കൂടി വരുന്നപോലെ…താങ്ങാവുന്നതിനും അപ്പുറം…താൻ വീണു പോയേക്കുമോ എന്ന തോന്നൽ ഇരട്ടിച്ചു…
കിരണേ അമ്മയ്ക്ക് കുറച്ചു സംസാരിക്കാനുണ്ട്…അവൻ മുഖം തിരിച്ചു ഫോണിലേക്കു തന്നെ നോക്കിയിരുന്നു…അവന്റെ മുടിയിഴകൾ തഴുകി, സോഫയിൽ അവന്റെ അടുത്തേക്ക് ചേർന്നിരുന്നപ്പോ, അഞ്ചുവയസ്സുള്ള എന്റെ കിച്ചു ആയി അവൻ…
മോനെ കിച്ചു…അവൻ എന്റെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.
അമ്മാ…അവന്റെ വാക്കുകൾ മുറിഞ്ഞുപോയി…
തല എന്റെ മടിയിലേക്ക് വച്ചു അവൻ കിടന്നു…
കിച്ചു മോനിന്ന് വലിയ ആളായി, ആരുടേം സഹായമില്ലാതെ മോൻ കീർത്തിയുടെ കല്യാണം നടത്തി….ഇത്രയും നാളും അമ്മയ്ക്ക് മോനെ പഴയതുപോലെ കുഞ്ഞായി കാണാനായിരുന്നു ഇഷ്ടം…ഇപ്പോഴും മോനോട് മാത്രയിട്ട് സംസാരിക്കുമ്പോ അമ്മയ്ക്ക് തോന്നും മോനിപ്പോഴും അഞ്ചുവയസ്സുള്ള…അമ്മയുടെ പിന്നിൽ നിന്ന് മാറാതെ…എപ്പോഴും സംസാരിച്ചോണ്ടിരിക്കുന്ന ആ പഴയ കിച്ചു ആണെന്ന്…അതുകൊണ്ടാ മോനെ കഴിഞ്ഞ ദിവസം പെട്ടന്ന് മോൻ അങ്ങനൊക്കെ പറഞ്ഞപ്പോ അമ്മയ്ക്ക് ഭയങ്കര വിഷമം ആയിപോയത്…
കിച്ചൂ….ഉറങ്ങിയോടാ നീയ്…
ഇല്ല…കേക്കുന്നുണ്ടമ്മേ…അമ്മ പറയ്…
അവൻ കരയുവാണല്ലോ…സാരമില്ല കരയട്ടെ…സങ്കടം മാറട്ടെ…
അമ്മ പറയുന്നത് മോൻ സമാധാനത്തോടെ കേക്കണം കേട്ടോ
മം…അവൻ പതുക്കെ മൂളി
ഒരു പെങ്ങളുടെ കല്യാണം നടത്താൻ മോൻ എത്ര ബുദ്ധിമുട്ടി. അമ്മ കണ്ടിട്ടുണ്ട് മോൻ ഉറങ്ങാതെ ഓരോ കാര്യങ്ങൾ ചെയ്തു തീർക്കുന്നത്…എല്ലാം ഒന്ന് കൂട്ടിമുട്ടിക്കാൻ ഓടി നടക്കണത്…പൈസയ്ക്ക് വേണ്ടി നെട്ടോട്ടം ഓടിയത്…
അങ്ങനെ നാല് പെങ്ങമാരുടെ കല്യാണമാ കിച്ചു നിന്റെ അച്ഛൻ ഒറ്റയ്ക്കു നടത്തിയത്…
നമുക്ക് കേറി കിടക്കാൻ പഴയതാണേലും ഒരു വീടുണ്ട്. അന്ന് വീടുപോലും ഇല്ലായിരുന്നു..എഴുത്തും വായനയും ഒക്കെയായി ഒരു സ്കൂൾ മാഷാവാൻ കൊതിച്ചിരുന്നതാ നിന്റച്ഛൻ…പക്ഷേ പ്രാരാബ്ധം കാരണം ഗൾഫിലേക്ക് പോകേണ്ടിവന്നു. അവിടെയും നല്ല ജോലിയൊന്നും കിട്ടിയില്ല…എന്നാലും കുടുംബത്തിന് വേണ്ടി പിടിച്ചു നിന്നതാ..വീടുവച്ചു…പെങ്ങന്മാരെ കെട്ടിച്ചു…പിന്നെ അവരുടെ പ്രസവം, വീടുവെക്കൽ അങ്ങനെ അങ്ങനെ അച്ഛനാവിടുന്ന് പോരാൻ പറ്റാതെയായി….
ഞാനെത്ര തവണ പറഞ്ഞിട്ടുണ്ടെന്നറിയുമോ എല്ലാം വിട്ടു തിരിച്ചുവരാൻ…ഇവിടാണെങ്കിലേ ആ മനുഷ്യന് സന്തോഷം ഉണ്ടാവുള്ളു എന്ന് അറിയുന്നതുകൊണ്ടാ…പക്ഷെ ഓരോ പ്രാവശ്യം തിരിച്ചുവരാൻ ഒരുങ്ങുമ്പോഴും കുടുംബത്തിൽ പുതിയ പുതിയ ആവശ്യങ്ങളുണ്ടാകും…
നിനക്ക് ആറു വയസ്സുള്ളപ്പോഴാ നിനക്കൊരു പനി വന്നത്…അത് തലച്ചോറിനെ ബാധിച്ചു…അന്ന് ഇവിടുള്ള ആശുപത്രിയിലൊക്കെ കൊണ്ടുപോയി. നിന്റെ നില കൂടുതൽ വഷളായി…തിരിച്ചു കിട്ടില്ലെന്ന് എല്ലാരും ഉറപ്പിച്ചു പറഞ്ഞതാ…ആദ്യമൊക്കെ എല്ലാരും കൂടെ ഉണ്ടാരുന്നു, പതുക്കെ പതുക്കെ ആരും കൂടെ ഇല്ലാണ്ടായി…
ഗൾഫുകാരന്റെ കുഞ്ഞല്ലേ ആരും പൈസ തന്നു സഹായിക്കാനും ഇല്ല.
നിന്റെ അച്ഛൻ അവിടെ തിന്നാതെയും കുടിക്കാതെയും ആണ് നിന്നെ ചികിത്സിക്കാനുള്ള പൈസ അയ്യക്കുന്നെന്നു എനിക്ക് പോലും അറിയില്ലാരുന്നു…
എത്ര വലിയ ആശുപത്രി പോയിട്ടായാലും നിന്നെ എങ്ങനെയെങ്കിലും തിരിച്ചു കിട്ടിയാ മതി എന്നാരുന്നു അച്ഛൻ പറഞ്ഞത്. കുടം കമഴ്ത്തി വെള്ളമൊഴിക്കുകയാണ് ഞങ്ങൾ എന്ന് പറഞ്ഞു അന്ന് ഈ പറഞ്ഞ നിന്റെ അപ്പച്ചിമാരൊക്കെ കൈയൊഴിഞ്ഞു…പക്ഷെ നിന്റെ അച്ഛൻ മാത്രം വിശ്വാസം കൈവിട്ടില്ല…
കൈയിലുള്ളതെല്ലാം തീർന്ന്…ഈ വീടും പണയത്തിലായി….അവസാനം നിന്നെ രക്ഷപ്പെടുത്താൻ ഒരു ഗതിയുമില്ലാതെ വന്നപ്പോഴാ അച്ഛൻ അച്ഛന്റെ കമ്പനിയിലെ അറബിയുടെ ഓഫീസ് മുറിയിൽ കയറി പൈസ മോഷ്ടിച്ചു, എനിക്കയച്ചു തന്നത്…പിടിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും തെറ്റാണെന്നറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തത് നിനക്ക് വേണ്ടിയാ കിച്ചു…അതുകൊണ്ടടാ ഇന്നിങ്ങനെ അച്ഛനെക്കാൾ ഏറെ ഉയരത്തിൽ നിന്ന് നിനക്കിങ്ങനെ സംസാരിക്കാൻ കഴിഞ്ഞത്…അന്ന് ഞാൻ അറിഞ്ഞാരുന്നെങ്കിൽ സമ്മതിക്കില്ലാരുന്നു ഇതൊന്നും…നീ നഷ്ടപ്പെട്ടാൽ നിന്റെ കൂടെ നമുക്കും പോകാന്നു പറഞ്ഞാ ഞാൻ സമാധാനം കണ്ടെത്തിയത്…പക്ഷെ ആ മനുഷ്യൻ സ്വന്തം ജീവിതം കൊടുത്തിട്ടാ നിന്നെ….
ഇനിയൊന്നും സംസാരിക്കാൻ കഴിയില്ലന്നെനിക്കറിയാരുന്നു….കരച്ചിലമർത്തി ശ്വാസം കിട്ടാതായിരിക്കുന്നു…
പതുക്കെ അവനെ പിടിച്ചു മാറ്റി മുറിയിലേക്ക് നടക്കുമ്പോൾ അവനു കൊടുക്കാൻ വേണ്ടി കൈയിൽ കരുതിയ കത്ത് എന്റെ കൈയിൽ ഞെരിഞ്ഞമ്മർന്നു….
*****************
പ്രിയപ്പെട്ട എന്റെ മാളൂന്…
ഞാനൊരു വലിയ തെറ്റ് ചെയ്തു. പക്ഷെ എന്റെ ഏറ്റവും വലിയ ശരിയാണത് എന്ന് മാത്രം നീ മനസ്സിലാക്കണം…
നിനക്കും മോൾക്കും കൂട്ടായി എന്നും കിച്ചു ഉണ്ടാവണം കൂടെ…നിനക്ക് വേണ്ടി മാത്രം ഒന്ന് ചെയ്യാൻ പറ്റിയില്ല.
ഈ കത്ത് കിട്ടുമ്പോഴേക്കും ഞാൻ ജയിലിൽ ആരിക്കും…എപ്പോ ഇറങ്ങാൻ പറ്റുമെന്നോ….അതോ ഇറങ്ങാൻ പറ്റുമോ എന്ന് തന്നെ അറിയില്ല…നിനക്കെന്നെ മനസ്സിലാവും…നിനക്ക് മാത്രമേ മനസ്സിലാവൂ…
ഒരിക്കലും മക്കളിതു അറിയരുത്…ഇതിന്റെ പേരിൽ അവർക്കൊരു സങ്കടം ഉണ്ടാവരുത്…
എന്ന് നിന്റ മാത്രം….
********************
പിന്നെയാരും ആ വിഷയം സംസാരിച്ചേയില്ല. പക്ഷെ എല്ലാരും അത് ചങ്കിൽ കൊണ്ട് നടക്കുകയാണെന്നു എനിക്ക് നല്ല ബോധ്യമുണ്ട്….
മാളൂ…മാളൂ…ക്ഷീണിച്ച ശബ്ദത്തിൽ ആരുന്നിട്ടും ഞാൻ എത്ര പെട്ടെന്നാണ് ആ ശബ്ദം തിരിച്ചറിഞ്ഞത്…വയ്യാത്ത കാലും വച്ചു ഉമ്മറത്തേക്ക് ഓടിയെത്തുമ്പോഴേക്കും മക്കളും മരുമക്കളും എല്ലാം നിശബ്ദരായി അവിടെ നിൽപുണ്ടാരുന്നു…
കീർത്തിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിപ്പുണ്ട്…കിച്ചുവിനാണെകിൽ നിസ്സംഗതയാണ്…ചോ-ര നീരാക്കി ഉണ്ടാക്കിയ വീട്ടുപടിയിൽ പോലും ചവിട്ടാതെ പുറത്തു മാറി നിക്കുകയാണ് അദ്ദേഹം…
നിശബ്ദതയെ ഭേദിച്ചു അദ്ദേഹമാണ് സംസാരിച്ചതു…
ആർക്കും നാണക്കേടാണ്ടാന്ന് കരുതിയാ ഇങ്ങോട്ട് വരാതിരുന്നത്…എന്റെ കുഞ്ഞിന്റെ കല്യാണന്നറിഞ്ഞപ്പോ വരാതിരിക്കാൻ കഴിഞ്ഞില്ല…മുറിഞ്ഞ വാക്കുകൾ കൊണ്ട് പറഞ്ഞൊപ്പിച്ചു…
പക്ഷെ ഇപ്പോ എനിക്ക് നിങ്ങളുടെ അമ്മയെ വേണം…എന്റെ മാളൂനെ…അവൾക്കും ദേഷ്യം ആയിരിക്കുമെന്നാ ഞാൻ…എന്നും തനിച്ചാക്കിയിട്ടല്ലേ ഉള്ളൂ….അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ഇനി ഞങ്ങൾക്ക് ഒന്ന് ജീവിക്കണം…ഇത്തവണ ഉറച്ചതാരുന്നു ആ ശബ്ദം..
ഇട്ട ഡ്രെസ്സാലെ ഒഴിഞ്ഞ കൈയും ആയി ഇറങ്ങുമ്പോ മനസ്സിലൊട്ടും ആകുലത ഇല്ലാരുന്നു…ജീവൻ കൊടുത്തായാലും കൂടെ നിക്കുന്ന ഒരാളല്ലേ കൂടെ…ഇത്രയും കാലം കാത്തിരുന്നതും ആ ഒരു വിശ്വാസം കൂടെയുള്ളതുകൊണ്ടാ..
അമ്മായിതെന്ത് ഭാവിച്ചാ…കീർത്തിയുടെ ശബ്ദം ഉയർന്നു….
കിച്ചു അവളെ തടഞ്ഞു…അമ്മ പൊയ്ക്കോട്ടേ എന്ന് അവൻ പറയാതെ പറഞ്ഞു…
ഇനി ഒരിക്കലും എവിടെയും തനിച്ചാക്കില്ലെന്നുറപ്പിച്ചു ഞാൻ ആ കൈയിൽ മുറുകെ പിടിച്ചു അദ്ദേഹത്തോടൊപ്പം നടന്നു…