കടലെത്തും വരെ ~ ഭാഗം 28, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“തന്നെ ആദ്യം കണ്ടപ്പോ മുതൽ മറ്റൊരു പെൺകുട്ടിയെയും കണ്ട പോലെ അല്ലടോ ..സത്യം .എന്റെ പെണ്ണാണ് ഇത് എന്ന് എനിക്ക് തോന്നിയിരുന്നു .പോകും മുന്നേ അത് സീരിയസ് ആയിട്ട് പറയാനാ അന്ന് വന്നു നിന്നത് ഞാൻ വീട്ടുകാരെ ഒക്കെ കൂട്ടി വന്നു ആലോചിച്ച താൻ ഒരു യെസ് പറയുമോ ?എനിക്ക് ഒരു ജോലി ഒക്കെ കിട്ടിയിട്ട് ?”

അവൻ ചിരി നിർത്തി അവളുടെ നേരെ മുന്നിൽ വന്നു ചോദിച്ചു

എത്ര അന്തസ്സായി അവനതു ചോദിക്കുന്നു എന്നവൾ ഓർത്തു

പാർവതി ചേച്ചി പറഞ്ഞ വാചകങ്ങളൂം ഓർത്തു

“സമ്മതിക്കും “അവൾ ഉറപ്പോടെ പറഞ്ഞു. അവന്റ കണ്ണിൽ ഒരു പൂത്തിരി കത്തുന്നതവൾ കണ്ടു

അത് മെല്ലെ നിറയുന്ന പോലെ ..അവൻ മുഖം പൊത്തി ഒന്ന് തിരിഞ്ഞു. ശ്വാസം ഒന്ന് മുകളിലേക്കെടുത്തു. വീണ്ടും തിരിഞ്ഞു

“സത്യം ?”

“സത്യം “അവൾ ഉറപ്പോടെ പറഞ്ഞു

എന്റെ കൂടെ ബസ് സ്റ്റോപ്പ് വരെ ഒന്ന് വരാമോ കുറച്ചു നേരം ഒന്നിച്ചു നടക്കാമല്ലോ ” അവൾ തലയാട്ടി.

“സത്യത്തിൽ എത്ര സമാധാനമായെന്നോ ഇപ്പൊ ..ഇല്ലെങ്കിൽ ഇനിയൊരു മാസം ഞാൻ വല്ലതുമൊക്കെ ആലോചിച്ചു കൂട്ടിയേനെ ..തന്നോടെനിക്ക് അത്ര ദേഷ്യമായിരുന്നു ..”

അവളൊന്നും മിണ്ടിയില്ല

“ഇപ്പൊ മനസിനകത്തു മഞ്ഞു പെയ്യുന്ന ഒരു ഫീലാ ..ഒരു സുഖം ..തന്റെ നമ്പർ ഒന്ന് തരാമോ ?”

അവൾ കൂർത്ത ഒരു നോട്ടം നോക്കി

“അയ്യോ എപ്പോഴും വിളിച്ചു ശല്യം ചെയ്യുകയൊന്നുമില്ല ..വല്ലപ്പോഴും ശബ്ദം ഒന്ന് കേൾക്കാമല്ലോ ..ഞാൻ പാവമല്ലേ ?”

അവൾ ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നു ഫോൺ വാങ്ങി നമ്പർ സേവ് ചെയ്തു  കൊടുത്തു

“ഇതിനു ലോക്ക് ഒന്നുമില്ലേ ?അവൾ ആ ഫോൺ തിരിച്ചു കൊടുക്കുമ്പോൾ ചോദിച്ചു

“എന്തിന് എനിക്ക് രഹസ്യങ്ങൾ ഒന്നുമില്ലല്ലോ ..ആര് നോക്കിയാലും ഒന്നുമില്ല ..ഇനി ലോക്ക് വയ്‌ക്കേണ്ടി വരുമായിരിക്കും “അവൾ പിന്നെയും ചിരിച്ചു

“അത് നല്ലതാ.തന്റെ സങ്കടങ്ങളൊക്കെ ഇപ്പൊ എന്നോട് പറഞ്ഞപ്പോ ഞാൻ തന്റെ ആരോ ആണെന്ന് എനിക്ക് തോന്നുവാ ..തന്റെ സ്വന്തമായ ആരോ “
അവൻ നേർത്ത മന്ദഹാസത്തോടെ അവളോട് പറഞ്ഞു

ജിഷ മറുപടിയൊന്നും പറഞ്ഞില്ല

“എനിക്ക് അങ്ങനെ വലിയ സങ്കടങ്ങൾ ഒന്നുമില്ല .വീട്ടിൽ ‘അമ്മ അച്ഛൻ  അനിയത്തി  .അമ്മയും അച്ഛനും ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്.ഞാൻ പഠിക്കാൻ ഒക്കെ ഉഴപ്പനായിരുന്നു .ഡിഗ്രി പാസ് ആയ ഉടനെ ഒരു വർഷത്തേക്ക് ഇവിടെ കൊണ്ട് ചേർത്തു..ആദ്യമൊക്കെ തമാശക്ക് ടെസ്റ്റ് ഒക്കെ എഴുതി. പറഞ്ഞില്ലേ ഞാൻ ഒരു ഉഴപ്പനാ .പക്ഷെ ഇനി ഞാൻ ശരിക്കും പഠിച്ചു എഴുതും. ..”

“അനിയത്തി എന്താ ചെയ്യുന്നത് ?”

“അവൾ എട്ടിൽ പഠിക്കുന്നു. ചെറുതാണെന്ന് ..പക്ഷെ ബോം-ബിനെന്തിനാ ഒരു പാട് വലിപ്പം .ആ-റ്റം ബോം–ബാണ് .” ജിഷ വീണ്ടുംചിരിച്ചു

“അവളെ എനിക്ക് മിസ് ചെയ്യുന്നുണ്ട് ഇവിടെ നിൽകുമ്പോൾ അതാ ഇടക്ക് ഓടി പോകുന്നത് “അവൻ മെല്ലെ പറഞ്ഞു

“ഫാമിലിയോട് വലിയ അറ്റാച്ച്മെന്റ്റ് ആണ്. അല്ലെ ?

“പിന്നല്ലേ ..ഫാമിലിയാണ് എന്റെ എല്ലാം ..”അവർ ബസ്‌സ്റ്റോപ്പിൽ എത്തി

“ബസ് ഇപ്പൊ വരും ..താൻ വേണെങ്കിൽ പൊയ്ക്കോ എനിക്കിങ്ങനെ താൻ നോക്കി നിൽക്കുമ്പോ കയറി പോകാൻ ഒരു വല്ലായ്മ “അവൻ വിഷാദത്തോടെ പറഞ്ഞു

“ഞാൻ ബസ് വന്നിട്ട് പോകാം “അവൾ മെല്ലെ പറഞ്ഞു

അവർക്കടിയിൽ മൗനം നിറഞ്ഞു. ഒരു വിരഹം തുടങ്ങുകയാണ്

ഇത് വരെ ആരുമല്ലാത്തിരുന്ന ഒരാൾ പൊടുന്നനെ ആത്മാവിന്റെ ഭാഗമായി മാറുകയാണ്.

അത് പറഞ്ഞറിയിക്കാനാവാത്ത ഒരു എഴുത്തിലും വിശ്വസാഹിത്യകാരന്മാർക്കു പോലും എഴുതി ഫലിപ്പിക്കാനാവാത്ത ഒരു അവസ്ഥയാണ്.

അറിയുന്നവൻ മാത്രം അനുഭവിക്കുന്ന അവസ്ഥ.

ബസ് വന്നു. അവൻ അവളുടെ വിരലുകളിൽ ഒന്നമർത്തി.

“പോയിട്ട് വരാം ..താങ്ക്സ് ഫോർ ഗിവിങ് മി ദിസ് ഈവെനിംഗ് “

അവൾ മെല്ലെ തലയാട്ടി

ബസിൽ തിരക്ക് കുറവായിരുന്നു. അവൻ വശത്തെ സീറ്റിലിരുന്നു

മനസിനെ ഒരു വേദന പൊതിയുന്നു. കണ്ണ് നിറയുന്നുമുണ്ട്. അത്രമേൽ പ്രിയമുള്ളതിനെ വഴിയിലുപേക്ഷിച്ചു പോകും പോലെ. അവളുടെ മുഖവും വാടിയിരിക്കുന്നതവൻ കണ്ടു. ബസ് സ്റ്റാർട്ട് ചെയ്തു

അവൻ കൈ വീശി

അവളും.

🍁🍁🍁🍁

വിനു മുറിയിലേക്ക് വന്നപ്പോൾ അഖില വസ്ത്രങ്ങൾ അലമാരയിൽ അടുക്കി വെയ്ക്കുന്നത് കണ്ടു

അവളെപ്പോൾ വന്നു എന്ന് അവനത്ഭുതപ്പെട്ടു. കണ്ടില്ല

“നീ എപ്പോ വന്നു ?”

“കുറച്ചു മുൻപ് “അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

“ആരും പറഞ്ഞില്ലല്ലോ?”

“ഞാൻ വരുമ്പോൾ ആരെയും പൂമുഖത്ത് കണ്ടില്ല “

അവനൊന്നു മൂളി. അവളെ അവൻ വെറുതെ ഒന്ന് നോക്കി

അങ്ങനെ ഇത് വരെ നോക്കിയിട്ടുണ്ടായിരുന്നില്ല. അവളെ അവനൊരിക്കലും സ്നേഹിച്ചിരുന്നില്ലഎന്നത്  തന്നെയായിരുന്നു അതിന്റെ കാരണം. സ്നേഹിക്കാൻ ശ്രമിച്ചിരുന്നുവോ?അവനവന്റെ മനസ്സിനോട് ചോദിച്ചു

തീർച്ചയായും ശ്രമിച്ചിരുന്നു. അവളെ വിവാഹം കഴിക്കുമ്പോൾ തന്നെ പാർവതിയെ മറക്കണം എന്ന് ആഗ്രഹിച്ചിരുന്നു .മറ്റൊരു പെണ്ണിന്റെ സ്നേഹം,അവളുടെ കരുതൽ ഒക്കെ താൻ വല്ലാതെ ആഗ്രഹിച്ചിരുന്നു .

പക്ഷെ വിവാഹത്തിന്റെ രാത്രിയിൽ തന്നെ അവൾ അവളുടെ കൂട്ടുകാരിയോട് സംസാരിക്കുന്നതറിയാതെ കേട്ട് പോയി.

ഒരു ദുർബല നിമിഷത്തിൽ അവളുടെ ഫോൺ പരിശോധിച്ച് പോയി.

ഇന്നാലോചിക്കുമ്പോൾ തോന്നുന്നു. വേണ്ടായിരുന്നു. ഒന്നും അറിയണ്ടായിരുന്നു

അവളുടെ ഫോണിൽ കണ്ട ഫോട്ടോസ് വീഡിയോസ് ..മറ്റൊരു പുരുഷനുമായി എല്ലാം പങ്കു വെച്ച ഒരു പെണ്ണായിരുന്നു അവളെന്നറിഞ്ഞപ്പോ തകർന്നു പോയി.

അതിപ്പോഴും ഫോണിൽ സൂക്ഷിച്ചു വെച്ചത് കണ്ടപ്പോൾ തളർന്നു പോയി ആദ്യം.

പിന്നെ അത് വെറുപ്പായി ..ഇത്തരമൊരു പെണ്ണിനെയായിരുന്നില്ല താൻ അർഹിച്ചതന്ന് ഉള്ളു പറഞ്ഞു കൊണ്ടേയിരുന്നു.

താൻ പാർവതിയെ സ്നേഹിക്കുക മാത്രമേ ചെയ്തുള്ളു. അത് പരിശുദ്ധമായിരുന്നു.

അവളെ ലഭിക്കാതെ വന്നപ്പോൾ ഭ്രാന്തനെ പോലെ താൻ പെരുമാറിയിരുന്നു.
നന്ദനെ കൊല്ലണമെന്ന് പലതവണ തോന്നിയിരുന്നു. പിന്നെ ചിന്തിച്ചു  അതവളെ ദുഖിപ്പിക്കുമല്ലോ.

അവൾ കരയും

അത് വേണ്ട  എന്നത് കൊണ്ടാണ് .

പാർവതിയെ കുറിച്ച് അഖിലയോട് പറയണമെന്ന് വിചാരിച്ചതല്ല.ആ അധ്യായം അടച്ചത് പോലെ ആയിരുന്നു. പക്ഷെ അവളെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ ഒരു വാശിയായി. താൻ ചതിക്കപ്പെട്ട പോലെ. പിന്നെ മനസ്സ് മുഴുവൻ പാർവതി ആയി. അവളെ കുറിച്ച് പറഞ്ഞ് അഖിലയെ വേദനിപ്പിക്കുന്നതിൽ ഒരു സുഖം തോന്നിയിരുന്നു .അവളും മോശമല്ല.തന്നെ വെറി പിടിപ്പിക്കാൻ ഓരോ തവണയും അവളുടെ പേര് പറഞ്ഞു കൊണ്ടിരുന്നു

അവളുടെ റിലേഷനെ കുറിച്ച് മിണ്ടിയതുമില്ല.

തന്നെ പൊട്ടനാക്കും പോലെ

ഒരു ദിവസം താൻ പൊട്ടിത്തെറിച്ചു എല്ലാം വിളിച്ചു പറഞ്ഞു

അവൾ സ്തംഭിച്ചു നിന്നു. അത് കണ്ടപ്പോൾ ക്രൂ-രമായ  ഒരു സന്തോഷം

പിന്നെ അത് ആവർത്തിച്ച് കൊണ്ടേയിരുന്നു

അവൾ വീണ്ടും അവനെ ബന്ധപ്പെടാൻ പലതവണ ശ്രമിക്കുന്നത് താൻ അറിയുന്നുണ്ടായിരുന്നു .അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു. ഒരിക്കൽ നിലവിട്ടു പറഞ്ഞു  നിനക്കിഷ്ടമുള്ളവന്റെ  കൂടെ പോ എന്ന് ..പോവില്ല .പോയില്ല.

ഒറ്റയ്ക്കായിരുന്നെങ്കിൽ ഇത്രയും ദുഷ്ടത തന്റെ മനസിലും വരില്ലായിരുന്നു. അല്ലെങ്കിൽ കുറച്ചു കൂടി നല്ല ഒരു പെണ്ണായിരുന്നെങ്കിൽ ഈ യാത്രയിൽ നന്ദനെ ഇല്ലാതാക്കണം എന്ന് താൻ ചിന്തിക്കില്ലായിരുന്നു

സത്യത്തിൽ താൻ എന്തൊരു മണ്ടനാണ്.അവനു ചിരി വന്നു.

നന്ദനെ കൊന്നിട്ട് തനിക്ക് ഇവിടെ നിൽക്കാനാവുമോ?

പാർവതി എന്തെങ്കിലും അവിവേകം കാണിച്ചാൽ പിന്നെ താൻ എന്തിനാ ജീവിക്കുന്നത്?

വിഡ്ഢി

ഇപ്പൊ ഇവിടെ വന്നപ്പോൾ എല്ലാവരോടും സംസാരിച്ചപ്പോൾ, എല്ലാവരുടെ സ്നേഹമൊക്കെയറിഞ്ഞപ്പോ …പൗർണമിയുടെയും കിച്ചുവിന്റെയുമൊക്കെ പ്രണയം കാണുമ്പോൾ ഓർക്കുന്നു എന്ത് രസമാണ് ജീവിതം .എത്ര ഭംഗിയുള്ളതാണ് .അഖിലയോട് ക്ഷമിക്കാമായിരുന്നു .

പക്ഷെ ഇന്നും തന്റെ മനസ്സ് പറയുന്നു അവളെ തനിക്ക് സ്നേഹിക്കാനാവില്ല

ഭൂമിയിൽ മറ്റേതു പെണ്ണിനേയും സ്നേഹിക്കാം.അവളെ വയ്യ

അഖില ഒന്ന് തിരിഞ്ഞു നോക്കി വിനു എന്തൊ ആലോചിച്ചു ബാൽക്കണിയിൽ നിൽക്കുന്നതവൾ കണ്ടു

“അഖില ..?” വിനു ശാന്തനായി വിളിച്ചു. അവൾ ഒന്ന് മൂളി

“നമുക്ക് പിരിയാം ” പെട്ടെന്ന് വിനു പറഞ്ഞു. അഖില നടുക്കത്തോടെ അവനെ നോക്കി

വിനു അവൾക്കരികിലേക്ക് വന്നു

അപ്പൊ ആ കണ്ണിൽ വാശിയോ, ദേഷ്യമോ,വെറുപ്പോ ഒന്നുമുണ്ടായിരുന്നില്ല.

“നമ്മൾ …നമ്മൾ ശരിയാവില്ല ..ഇപ്പൊ നിന്നോട് എനിക്ക് വെറുപ്പൊന്നുമില്ല ചിലപ്പോ നീ എന്നെ വെറുക്കുന്നുണ്ടാകും .കൊ–ല്ലാൻ പോലുമുള്ള പക ഉണ്ടാകും ..പക്ഷെ എന്റെ മനസ്സിപ്പോ ശാന്തമാണ് “

“ഓ പാർവതി ഓക്കേ പറഞ്ഞുവോ ?”അവൾ പരിഹാസത്തിൽ ചോദിച്ചു

“ഇഷ്ടം പോലെ കാശുള്ള ഒരുത്തനും കൂടി കസ്റ്റഡിയിൽ ഇരിക്കട്ടെ എന്നവൾ ചിന്തിക്കുന്നുണ്ടാകും.ഒരാളെ മാത്രം ചുമന്നു അവൾ മടുത്തിട്ടുണ്ടാകും…പ്രേമമൊക്കെ എളുപ്പം അങ്ങ് തീരുമല്ലോ “

വിനുവിന്റയൂള്ളിലൊരു ജ്വാല ആളി. പക്ഷെ അവൻ സംയമനം പാലിച്ചു.

“നീ എന്താണ് അഖില ഇങ്ങനെ ചിന്തിക്കുന്നത് ?പാറു ആരാണ് എന്നാണ്  നിന്റെ വിചാരം ?നോക്ക്,നിന്നെ പോലെയൊരു പെണ്ണല്ല അവൾ .നീ ഇപ്പോഴും അവസരം കിട്ടിയ  പഴയ കാമുകനെ തേടി പോയേക്കും .അവൾക്ക് പ്രണയം ഒന്നേയുള്ളു അവളുടെ മരണം വരെ. അത് നന്ദനാണ്. ഞാനല്ല “

“അതെ ഞാൻ അവസരം കിട്ടിയാൽ പഴയ കാമുകനെ തേടി പോകും .ഭർത്താവിനെ കൊണ്ട് പൊറുതി മുട്ടുന്ന പല ഭാര്യമാരും അത് തന്നെ ചെയ്യും അതാണ്‌ നമ്മുടെ ഈ നാട്ടിൽ അവിഹിതങ്ങളും ഒളിച്ചോട്ടങ്ങളൂം കൂടുന്നത്..എനിക്ക് ഇപ്പോഴും എന്റെ ഉള്ളിൽ ഗോവിന്ദ് തന്നെയാ .ഞാൻ അവൻ തേടി പോയതുമാണ് .ഇന്നലെ അവന്റെ അരികിലേക്ക് ആണ് ഞാൻ പോയത് “

വിനു ചിരിച്ചു…

തുടരും