അതവരായിരുന്നു. ഞങ്ങളുടെ ഓരോ ചലനവും കണ്ടുകൊണ്ട് പുറത്തെ വാതിലിനരികിൽ നീക്കിയിട്ടൊരു ബെഡിൽ…

ആ ത്മ ഹ ത്യ…
എഴുത്ത്: വിനീത അനിൽ
=====================

“രമേശിന്റെ അമ്മ തീകൊളുത്തിയിട്ടു സീരിയസായി ഹോസ്പിറ്റലിലാണ്”

രാവിലെ ഓഫീസിലേക്ക് കയറുമ്പോൾ കേൾക്കുന്ന ആദ്യത്തെ വാർത്തയാണ്.

മൂന്നാം ക്‌ളാസ് വിദ്യാർത്ഥി ആണ് രമേശ്. ഒന്നിൽ പഠിക്കുന്ന ഒരനിയനുമുണ്ട്. എപ്പോളും കൈകോർത്തുപിടിച്ചു നടക്കുന്ന എണ്ണമിനുപ്പുള്ള രണ്ടു ഗുണ്ടുമണികൾ.

ഇടയ്ക്കിടെ മക്കളെ കൊണ്ടുവിടാൻ വരുമ്പോൾ കണ്ടിട്ടുണ്ട് ആ സ്ത്രീയെയും ഭർത്താവിനെയും. മെലിഞ്ഞു നല്ല പ്രസരിപ്പുള്ളൊരു സ്ത്രീ. ഭർത്താവ് അധികം സംസാരിക്കാതെ ഒരു ചെറിയ ചിരിയുമായി ബൈക്കിൽ ഇരിക്കും. അവർ കുട്ടികളെ ക്‌ളാസിലിരുത്തി എല്ലാ ടീച്ചർമാരോടും സംസാരിച്ചിട്ടേ പോകാറുള്ളൂ.

രണ്ടുപേരും നല്ല സ്നേഹത്തിലാണെന്നു അവരുടെ രീതികൾ കണ്ടാലറിയാം…എന്നിട്ടും…?

“പിള്ളേരുറങ്ങും മുന്നേ പാല് തിളപ്പിച്ച് കൊടുക്കാത്തതിന് ഭർത്താവ് വഴക്ക് പറഞ്ഞതിനാണത്രെ…ഗ്യാസ് തുറന്നു വിട്ടിട്ടു തീപ്പെട്ടി ഉരയ്ക്കുകയായിരുന്നു. അയാൾ ഓടിയെത്തി തീയണച്ചപ്പോളേക്ക് നന്നായി പൊള്ളിക്കഴിഞ്ഞിരുന്നു.”

ദുർഗ മിസ് കാര്യങ്ങൾ വിവരിക്കുന്നതും കേട്ടിരിക്കയാണ് മറ്റുള്ളവർ. സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികളുടെ അമ്മ എന്ന നിലയിൽ തീർച്ചയായും സ്റ്റാഫ് പോകണം. ആരൊക്കെ പോകുമെന്ന ചർച്ചക്കൊടുവിൽ നാലുപേർ പോകാൻ തീരുമാനമായി.

ജനറൽ ഹോസ്പിറ്റലിൽ ആണുള്ളതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അവിടെ ചെന്നിറങ്ങിയപ്പോൾ തന്നെ തിരിച്ചോടാൻ തോന്നി. അത്രയേറെ വൃത്തിഹീനമായ അന്തരീക്ഷം.

ഓരോ വാർഡും കയറിയിറങ്ങി. എല്ലായിടത്തും ഒരു വ്യവസ്ഥയുമില്ലാതെ
രോഗികളെ കിടത്തിയിരിക്കുന്നു. ഒരു നഴ്സിനോട് ചോദിച്ചപ്പോൾ മൂന്നാമത്തെ നിലയിലാണ് തീപ്പൊള്ളലേറ്റവരുടെ വാർഡ് എന്നറിഞ്ഞു.

അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എല്ലാ ബെഡും സാരിയൊക്കെ വച്ച് മറച്ചിട്ടിരിക്കയാണ്. പൊള്ളിയടർന്ന ദേഹങ്ങൾ  മറ്റാരും കാണാതിരിക്കാനാവും. മനം മടുപ്പിക്കുന്നൊരു ഗന്ധവും. ബെഡിൽ കിടക്കുന്നത് ആരാണെന്നു അറിയണമെങ്കിൽ സാരിക്കർട്ടൻ മാറ്റിനോക്കണം. കാരണം പരിചയമുള്ള ഒരു മുഖം പോലുമില്ല പുറത്തു.

ആദ്യത്തെ ബെഡിലെ കർട്ടൻ മാറ്റിയതോടെ ഞെട്ടിത്തരിച്ചുപോയി എല്ലാവരും. മുഖവും കഴുത്തിന്റെ ഒരുവശവും പൊള്ളിയടർന്ന ഒരു സ്ത്രീ ആയിരുന്നു അത്.

അടുത്ത ബെഡിലേക്ക് നീങ്ങുന്ന മൂന്നുപേരുടെയും പുറകെ നടക്കാൻ തോന്നിയില്ല. കാലുകൾക്ക് വിറ തുടങ്ങിയിരുന്നു. വാതിൽക്കൽത്തന്നെ നിന്നുകൊണ്ട് അടുത്ത കർട്ടൻ മാറ്റുന്നത് കാണാതിരിക്കാൻ മുഖം തിരിച്ചുപിടിച്ചു. പെട്ടന്നാണ് കൈവിരലിൽ ആരോ പിടിച്ചത്.

“മിസ്സ്”… എന്നൊരുവിളിയും, നേർത്ത ശബ്ദത്തിൽ..

ഒറ്റനോട്ടത്തിൽ ഒരു കരിഞ്ഞ രൂപം. ശരീരത്തിലെ മാംസളമായ ഭാഗങ്ങൾ മാത്രം വല്ലാതെ വീർത്തിട്ടുണ്ട്. മാ- റിടങ്ങൾ വലിയ ബലൂൺ പോലെ. ചിലയിടങ്ങളില് ചുവന്ന മാം-സമൊഴികെ ബാക്കിയെല്ലാം കത്തിപോയ രൂപം.

അതവരായിരുന്നു. ഞങ്ങളുടെ ഓരോ ചലനവും കണ്ടുകൊണ്ട് പുറത്തെ വാതിലിനരികിൽ നീക്കിയിട്ടൊരു ബെഡിൽ ഒരു സാരിക്കർട്ടൻ പോലുമില്ലാതെ വെന്തടർന്ന ദേഹത്ത് അരയ്ക്ക് കീഴ്പ്പോട്ടു ഒരു തുണിക്കഷ്ണം മാത്രമിട്ട് ജീവച്ഛവമായി, ഒന്നലറിക്കരയാൻപോലുമാവാതെ…

നേരിയ ശബ്ദത്തിൽ അവർ കരഞ്ഞു കൊണ്ടേയിരുന്നു.

“അപ്പോളത്തെ ദേഷ്യത്തിൽ പറ്റിപ്പോയി..വേദന സഹിക്കാൻ വയ്യ..ജീവിക്കണമിനിയും..എന്നെ എവിടെങ്കിലും കൊണ്ടുപോകാൻ പറയൂ”‘..

അടുത്ത് നിൽക്കുന്ന സ്ത്രീ പറഞ്ഞാണ് ബാക്കി വിവരങ്ങൾ അറിഞ്ഞത്.

70 ശതമാനം പൊള്ളൽ ഏറ്റതിനാൽ വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറഞ്ഞു ഇവർ കയ്യൊഴിഞ്ഞു. എന്തായാലും മരിക്കുമെന്ന് ഉറപ്പായതിനാൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഭർത്താവോ മറ്റു ബന്ധുക്കളോ തയ്യാറല്ല.

ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവരുടെ നാടാണിത്. അതുകൊണ്ട് തന്നെ അതിശയം തോന്നിയില്ല.

കഴിഞ്ഞയാഴ്ചയാണ് കൂടെ ജോലി ചെയ്യുന്ന ടീച്ചറുടെ ചേട്ടൻ മരിച്ചത്. ഹൃദയത്തിനു ഒരു ഓപ്പറേഷൻ ചെയ്താൽ 50/ചാൻസുണ്ടെന്ന് ഡോക്ട്ടർ പറഞ്ഞപ്പോൾ “ഉറപ്പില്ലല്ലോ” എന്ന കാരണവും പറഞ്ഞു മൂന്ന് ദിവസം കൊണ്ട് അയാളെ മരണത്തിലേക്ക് തള്ളിയവർ. ആ നാട്ടിൽ ഇതേ സംഭവിക്കൂ..

അവരോട് ഞങ്ങൾ കാര്യം പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുമ്പോളൊക്കെ ആ സ്ത്രീ ഞരങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

കൃത്യം മൂന്നാം ദിവസം ആ ഹോസ്പിറ്റൽ വരാന്തയിൽ കിടന്നു അവർ മരിച്ചു. ആറു മാസം തികയുമ്പോളേക്ക് കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലെന്ന പേരുംപറഞ്ഞു അയാൾ അടുത്ത വിവാഹം ചെയ്തു. പിന്നീട് ഒന്നോ രണ്ടോ മാസമേ ആ കുട്ടികൾ സ്‌കൂളിൽ വന്നുള്ളൂ. കുട്ടികളെ നോക്കാനെത്തിയ പുതിയ അമ്മയ്ക്ക് അവരെ നോക്കാൻ വയ്യ. അതോടെ അവരുടെ മുത്തശ്ശന്റെ നാട്ടിലേക്ക് ആ കുഞ്ഞുങ്ങളെ കൊണ്ടുവിട്ടു അവർ.

പിന്നീട് മാസങ്ങൾക്ക് ശേഷം ടൗണിൽവച്ചു അവരെ രണ്ടുപേരെയും വീണ്ടും കാണുകയുണ്ടായി. മെലിഞ്ഞുണങ്ങി, പാറിപ്പറക്കുന്ന കോലന്മുടിയുമായി ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു അവർ. കൂടെയുള്ള മുത്തശ്ശൻ നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു വൃദ്ധനായിരുന്നു. അയാളിനി എത്രകാലം ?

“പുതിയ ഭാര്യ ഗർഭിണി കൂടിയായതോടെ”  അവരുടെ അച്ഛൻ അവരെ തീർത്തും മറന്നെന്നു ആ വൃദ്ധൻ നിർവികാരതയോടെ പറഞ്ഞു.

ഒറ്റനിമിഷം കൊണ്ട് ആ സ്ത്രീ ചെയ്ത വിഡ്ഢിത്തരത്തിന്റെ ഫലം ഇത്രയേറെ വലുതാവുമെന്നു അവരന്ന് അറിഞ്ഞിരിക്കില്ല. ഭർത്താവിനെ പേടിപ്പിക്കാനുള്ള അടവാണോ ആത്മഹത്യാശ്രമം? അതും തീ കൊണ്ട്..? ഒരുപക്ഷെ മറ്റൊരു മാർഗമായിരുന്നു അവർ പരീക്ഷിച്ചതെങ്കിൽ ഇന്നും ആ കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ഉണ്ടായിരുന്നേനെ.

ജീവിതം നമ്മുടേതാണ് അത് നശിപ്പിച്ചാൽ നഷ്ടവും നമുക്ക് മാത്രമാണ്. ബാക്കിയെല്ലാവരും നമ്മെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മറക്കും. നമ്മുടെ സ്ഥാനത്തു മറ്റൊരാൾ വരും. പക്ഷെ നമ്മുടെ മക്കൾക്ക് പെറ്റമ്മയാവാനുള്ള മനസ് ലക്ഷങ്ങളിൽ ഒരാൾക്കെയുണ്ടാവൂ. അവരെ നമ്മുടെ മക്കൾക്ക് കിട്ടണമെന്നുമില്ല.

അതുകൊണ്ടുതന്നെ വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകപൂർവ്വം ആവട്ടെ നമ്മുടെ മുന്നോട്ടുള്ള ജീവിതം.

-വിനീത അനിൽ